Thursday 2 December 2021

മാണ്ഡവി തീരത്തെ ചലച്ചിത്ര മാമാങ്കം. ശ്രീകുമാർ. ജി class="separator" style="clear: both;">
നമ്മുടെ ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയാണ് ഗോവയുടെ തലസ്ഥാനമായ മാണ്ഡവി നദീ തീരത്തെ പനജി. കൊറോണയുടെ താണ്ഡവം ഒന്ന് കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ വലിയ ഇളവ് വരുത്തിക്കൊണ്ട് ഏതാണ്ട് പൂർണ്ണ തോതിലുള്ള ഒരു ചലച്ചിത്ര മേളയാണ് ഇത്തവണ അരങ്ങേറിയത്. നവംബർ 20 ന് ആരംഭിച്ച 52-)മത് ചലച്ചിത്ര മേള 28 നാണ് അവസാനിച്ചത്. മാണ്ഡവി നദി കടലിൽ ചേരുന്ന മിരാമർ ബീച്ചിന് വളരെ അടുത്താണ് പനജി. നിരവധി പുഴകളും കണ്ടൽകാടുകളും സൗമ്യമായ തിരകൾ തഴുകുന്ന സ്വർണ്ണ മണൽ നിറഞ്ഞ തീരങ്ങളും ചേർന്ന മനോഹരമായ പ്രദേശമാണ് ഗോവ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കുടിക്കാനും ഇഷ്ടമുള്ള സമയത്ത് പുറത്തിറങ്ങി നടക്കാനും ആണിനും പെണ്ണിനും ഒരുപോലെ സ്വാതന്ത്ര്യം ഉള്ള ഒരു സമൂഹമാണ് ഗോവയിലുള്ളത്. കോവിഡ് കാലത്തിന്റെ ആലസ്യം എല്ലാ മേഖലകളിലെയും പോലെ ചലച്ചിത്ര മേളയിലും ഉണ്ടായിരുന്നു. മത്സര വിഭാഗത്തിൽ ഉൾപ്പെടെ എല്ലാ സിനിമകളിലും അതേ ആലസ്യം പ്രകടമായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ സിനിമാ നിർമാണ മേഖല സ്തംഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മാത്രമുണ്ടായ സിനിമകളാണല്ലോ മേളയിൽ പ്രധാനമായും പനോരമ, മത്സരവിഭാഗങ്ങളിൽ പങ്കെടുക്കുക. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളിലെ ചിത്രങ്ങൾക്ക് നിലവാരം വളരെ കുറവായിരുന്നു എന്ന് പ്രത്യേകമായി പറയേണ്ടിവരും. ഹോമേജ്, റിട്രോസ്പെക്റ്റീവ് പോലുള്ള വിഭാഗങ്ങളിൽ പേരെടുത്ത സംവിധായകരുടെ മുൻ ചിത്രങ്ങൾ ഉൾപെടുത്തിയിരുന്നത് മാത്രമാണ് ഒരുതരത്തിൽ ആശ്വാസം. ആന്ദ്രേ കൊഞ്ചലോസ്കിയുടെ1985 ലെ ഗോൾഡൻ ഗ്ലോബ് നേടിയ 'റൺ എവേ ട്രെയിൻ' എന്ന സ്വപ്നതുല്യ നിർമ്മിതി അനിമേഷൻ സാങ്കേതികത ഒന്നുമില്ലാതെ അസാധ്യമായ രംഗങ്ങൾ സാധ്യമാക്കിയ അത്ഭുത സൃഷ്ടിയാണ്. അദ്ദേഹത്തിന്റെ 1965 ലെ 'ഫസ്റ്റ് ടീച്ചർ', 1970 ലെ 'അങ്കിൾ വന്യ', 2014 ലെ 'പോസ്റ്റ്‌ മാൻസ് വൈറ്റ് നൈറ്റ്സ്', തുടങ്ങിയ അഞ്ചു സിനിമകൾ മേളയെ അവിസ്മരണീയമാക്കി. സത്യജിത് റേയുടെ നൂറാം ജന്മ ശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ 'അപരാജിതോ, ജൽസാഘർ, സീമാബദ്ധ' എന്നീ ചിത്രങ്ങളും ഉൾപെടുത്തിയിരുന്നു. ഇന്ത്യയിലെ പോലെ തന്നെ കലാ സാംസ്കാരിക ബന്ധങ്ങൾ തീവ്രമായി നിൽക്കുന്ന ലാറ്റിനമേരിക്കയിലെ മെക്സിക്കോയിൽ നിന്നുള്ള സിനിമയാണ് 'ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്'. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ആ ചിത്രം തികച്ചും ഒരു മനോഹരമായ ദൃശ്യാനുഭവമായിരുന്നു. മൂന്നു ഗോൾഡൻ ഗ്ലോബ് അവാർഡ് വാങ്ങിയിട്ടുള്ള അഭിനയ പ്രതിഭയായ വില്യം ഡാഫെ, അതുല്യ ചിത്രകലാ ചക്രവർത്തിയായിരുന്ന വിൻസന്റ് വാൻഗോഗിനെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ, 2018 ലെ വെനീസ് ഫിലിംഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ 'അറ്റ് ഏറ്റെർണിറ്റീസ് ഗേറ്റ്' എന്ന സിനിമ ഈ മേളയിൽ ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത് അഭിനന്ദന മർഹിക്കുന്നു. ചിത്രകാരന്മാർക്ക് എല്ലാകാലത്തും പ്രചോദനവും പ്രേരണയും ആയ ആ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. ജീവിച്ചിരുന്നപ്പോൾ എല്ലാവരാലും അവഗണിക്കപ്പെടുകയും ദരിദ്രനായി ജീവിച്ചു ദരിദ്രനായി തന്നെ മരിക്കുകയും മരണത്തിനുശേഷം ചിത്രങ്ങൾക്ക് കോടിക്കണക്കിനു വില ലഭിക്കുകയും ചെയ്ത, ലോക ചരിത്രത്തിൽ തന്നെ ഏറ്റവും അംഗീകരിക്കപ്പെട്ട ചിത്രകലാ പ്രതിഭയായ വാൻഗോഗിനെ പറ്റിയുള്ള ചലച്ചിത്രങ്ങൾ മുമ്പും ഇതേ മേളയിൽ തന്നെ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻറെ ജീവിതത്തോട് കൂടുതൽ ചേർന്നു നിൽക്കുന്ന സിനിമയായിട്ടാണ് ഇത് അനുഭവപ്പെട്ടത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ സുവർണ മയൂരം നേടിയ 'റിങ് വാൻഡറിങ്' എന്ന മസാക്കസു കേനീക്കോ സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം മികച്ച ഛായാഗ്രഹണത്തിനു പ്രേക്ഷക പ്രശംസ നേടിയിരുന്ന സിനിമയാണ്. മികച്ച നടനുള്ള രജത ചകോരം നേടിയ ‘ഗോദാവരി’ എന്ന മറാത്തി ചിത്രം നേരത്തെതന്നെ അവാർഡ് പ്രതീക്ഷ ഉള്ളതായിരുന്നു. നിഖിൽ മഹാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന നടനായ ജിതേന്ദ്ര ജോഷിക്കാണ് രജത ചകോരം ലഭിച്ചത്. നാസിക്കിൽ ഗോദാവരി തീരത്ത് താമസിക്കുന്ന, എപ്പോഴും പ്രശ്നത്തിലും പ്രതിസന്ധിയിലും ഉഴലുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗോദാവരി. അവർ മരിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ അതിനു സജ്ജരല്ല. ആ സിനിമയ്ക്ക് ലഭിച്ചത് അർഹിക്കുന്ന അംഗീകാരം തന്നെയാണ്. മത്സര വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ 'ഫസ്റ്റ് ഫാളൻ' റോഡ്രെഗോ ഡി ഒളിവേര സംവിധാനം ചെയ്ത, ട്രാൻസ്‌ജെന്റർ വിഭാഗത്തിനിടയിൽ പടർന്ന എയ്ഡ്‌സിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ബ്രസിലിയൻ ചിത്രമാണ്. മത്സര വിഭാഗത്തിൽ ‘വെൻ പോഗ്രനേറ്റസ് ഹൗൾ, ഇന്ററിഗിൽഡെ’, തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകപ്രശംസ നേടിയവയാണ്. ലോക പനോരമ വിഭാഗത്തിൽ ‘റഫേൽ’ എന്ന ഡൊമിനിക്കൻ സിനിമ മയക്കുമരുന്നിനടിപ്പെട്ട രക്ഷകർത്താക്കളുടെ മകളുടെ കഥയാണ്. കുട്ടിക്കാലത്തുതന്നെ അവൾ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. വളർന്നപ്പോൾ പിടിച്ചുപറിക്കാരുടെ ഒരു ഗ്യാങ് ലീഡർ ആയി. അവൾ ട്രാൻസ്‌ജെന്റർ ആണെന്ന പോലെ പെരുമാറിയിരുന്നെങ്കിലും ഒരു സാധാരണ പെണ്ണായിരുന്നു. അവളുടെ ഗ്യാങ് ചെയ്ത കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്ന സമയത്ത് കാമുകൻ ചതിച്ചതിലൂടെ ഗർഭിണി ആയിരുന്ന അവൾ ചവറു കൂനകൾക്കിടയിൽ പ്രസവിക്കുന്നതും രക്‌തമൊലിച്ചു കിടക്കുന്ന അവളെ അപ്പാടെ പോലീസുകാർ വണ്ടിയിലെടുത്തിട്ട് കൊണ്ടു പോകുന്നതുമായ വേദനിപ്പിക്കുന്ന ഒരു കഥയാണ്. ലോക പനോരമ വിഭാഗത്തിൽ 'ഹ്യൂമനൈസേഷൻ, ദ പ്രീച്ചർ, ബർഗ്മാൻ ഐലൻഡ്' തുടങ്ങിയവയും പ്രശംസ നേടിയ ചിത്രങ്ങളാണ്. കാലിഡോസ്കോപ്പിലെ 'ഫെദേഴ്സ്, സെൻസർ' തുടങ്ങിയ ചിത്രങ്ങളും മികച്ചതായിരുന്നു. തോട്ടങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നേരെ നടക്കുന്ന ചൂഷണവും പീഡനവും അവതരിപ്പിച്ച 'ബിറ്റർ സ്വീറ്റ്' എന്ന ആനന്ദ് മഹാദേവൻ ചിത്രം മേളയിൽ പ്രത്യേകമായ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 24 ചിത്രങ്ങളാണ് ഉൾപെടുത്തിയത്. അതിൽ ഉദ്ഘാടനചിത്രമായിരുന്നത് 'സെംഖോർ' എന്ന ഒരു ആസാമീസ് ചിത്രമാണ്. പ്രത്യേക ആചാരങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ അധികമാരും സംസാരിക്കാത്ത ഭാഷ പഠിച്ച് വളരെ ബുദ്ധിമുട്ടി ആ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ആസാം നടി കൂടിയായ ഐമീ ബറുവ ആണ്. ആസ്സാമിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെ ഒരു സമുദായത്തിൻറെ ആചാരങ്ങളും അനാചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ഒപ്പിയെടുത്ത ഒരു മനോഹര ചിത്രമാണിത്. ഒരു സ്ത്രീ തൻറെ പ്രസവത്തോടനുബന്ധിച്ച് മരിക്കുകയാണെങ്കിൽ കുട്ടിക്ക് ജീവനുണ്ടെങ്കിൽ പോലും ആ സ്ത്രീയെ അടക്കുന്നതോടൊപ്പം ജീവനുള്ള കുട്ടിയെയും അടക്കണമെന്ന ഒരു അനാചാരം അവിടെ നിലനിന്നിരുന്നു. ആ അനാചാരം ആദ്യമായി ലംഘിക്കപ്പെടുന്നതാണ് പ്രമേയം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാകാലത്തും എന്നപോലെ മലയാളികളുടെ പ്രാധാന്യം ഈ മേളയിലും ഉണ്ടായിരുന്നു. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി', ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' എന്നിവയാണ് ഇടംപിടിച്ചിരുന്നത്. ഓർമ്മ നഷ്ടപ്പെടുന്നവരോട് സമൂഹത്തിന്റെ പെരുമാറ്റമാണ് ജയരാജ്‌ ചിത്രത്തിന്റെ കാതൽ. യാതൊരു പ്രതിഫലവും ആശിക്കാതെ സ്നേഹവും കരുതലും നൽകുന്ന ചിലർ, എല്ലാം ഊറ്റിയെടുത്തിട്ട് ചണ്ടിയാക്കി ഉപേക്ഷിക്കുന്ന ചിലർ. സമൂഹത്തിൽ ഇപ്പോഴും നന്മ അവശേഷിക്കുന്നത് ദാരിദ്രന്റെ മനസിലാണെന്നും അതുകൊണ്ടാണ് അവന് ദാരിദ്രനായി തുടരേണ്ടി വരുന്നതെന്നും പറയാതെ പറയുന്നുണ്ട് ഈ സിനിമ. അഭിനയം തീരെ അറിയാത്ത പച്ചയായ മനുഷ്യരെ അഭിന യിപ്പിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. അവ രണ്ടും വളരെയധികം പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളാണ്. നെടുമുടിവേണുവിൻറെ സ്മരണയ്ക്ക് അദ്ദേഹത്തോടുള്ള ആദരവായി പ്രദർശിപ്പിച്ച, രാജീവ് വിജയരാഘവൻ സംവിധാനം ചെയ്ത 'മാർഗം' നല്ല അഭിപ്രായം നേടുകയുണ്ടായി. മലയാളികളായ സംവിധായകരായ രാജാ കൃഷ്ണമേനോൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'എയർ ലിഫ്റ്റ്', യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ‘ഭാഗവദജ്ജുകം’ എന്ന സംസ്‌കൃത ചിത്രം, പ്രശാന്ത് നായർ സംവിധാനം ചെയ്ത് ആശിഷ് വിദ്യാർഥി അഭിനയിച്ചു പൊലിപ്പിച്ച നാലു ഭാഗങ്ങൾ ഉള്ള 'ട്രസ്റ്റ്‌ വിത്ത്‌ ഡസ്റ്റിനി' തുടങ്ങിയവയും മേളയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും പ്രശസ്ത ചലച്ചിത്രകാരനുമായ ശ്രീ ഷാജി എൻ കരുൺ, മലയാളികളുടെ അഭിമാനമായ, നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ സംവിധായകൻ ജയരാജ്, ബിരിയാണിയുടെ സംവിധായകനായ സജിൻ ബാബു, തുടങ്ങി നിരവധി പ്രമുഖ സിനിമാ പ്രവർത്തകർ മേളയിൽ സജീവമായി പങ്കെടുത്തു. . ഒരു പേപ്പർലെസ് മേള എന്ന നിലയ്ക്കാണ് ഇത്തവണ മേള സംഘടിപ്പിച്ചത് അതുകൊണ്ടുതന്നെ ഫിലിം ഗൈഡ് കയ്യിൽ കരുതി ബുക്കിങ് സമയത്തിന് മുന്നേ തന്നെ നല്ല ചിത്രങ്ങൾ നോക്കി വച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യമില്ല. പനജി ഐനോക്സിനു പുറമെ പ്രദർശനം ഉള്ളത് എട്ടു കിലോമീറ്റർ ദൂരെ ഉള്ള പോർവരിം ഐനോക്സിലാണ്. സൗജന്യമായി വേണ്ടത്ര വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിൽ പോലും അത് പലർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇഷ്ടപ്പെട്ട സംവിധായകരുടെ ചിത്രങ്ങൾ കാണാൻ ആശിച്ചു വന്നെങ്കിലും അതൊന്നും ബുക്ക് ചെയ്തു കാണാൻ കഴിഞ്ഞില്ല എന്ന് വിദേശികൾ ഉൾപ്പെടെ നിരവധി പേർ ഈ മേളയിൽ പരാതിപ്പെടുന്നുണ്ടായിരുന്നു. മുഴുവൻ സീറ്റുകളും ഓൺലൈൻ ബുക്കിംഗ് ആയതിനാൽ ഓരോ ദിവസവും അർദ്ധരാത്രി ആരംഭിക്കുന്ന ബുക്കിംഗ് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ കഴിയും. അവസാന നാല് ദിവസം മുൻകൂട്ടി ലിസ്റ്റ് നൽകാൻപോലും സംഘാടകർക്ക് കഴിയാത്തതിനാൽ ഏതാണ് അടുത്ത ദിവസം പ്രദർശിപ്പിക്കുന്നതിൽ നല്ല ചിത്രങ്ങൾ എന്നു മനസ്സിലാക്കാൻ പോലും അവസരമുണ്ടായില്ല. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ ഉള്ളത് ബുക്ക് ചെയ്ത് കാണുക എന്ന നിലയിൽ മേളയുടെ നടത്തിപ്പ് പോയത് വലിയ അവമതിപ്പുണ്ടാക്കി. മിക്ക മികച്ച സിനിമകൾക്കും ഒറ്റ പ്രദർശനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പലർക്കും നല്ലതെന്ന് പറയുന്ന പല ചിത്രങ്ങളും കാണാനുള്ള അവസരം ലഭിച്ചിട്ടില്ല. ആദ്യത്തെ രണ്ടുദിവസം പകുതി എണ്ണം സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം നൽകിയിരുന്നുള്ളൂ. എന്നാൽ മുഴുവൻ സീറ്റിലും ഇരുത്തിയാലും അധികം വരുന്ന അത്രയ്ക്ക് പാസ്സ് നൽകിയിരുന്നു. അതോടെ പലരും മടങ്ങിപ്പോകാൻ ആലോചിച്ചു. പിന്നീട് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ചെയ്തുകൊണ്ട് മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താൻ തയ്യാറായതുകൊണ്ടാണ് ഈ മേളയിൽ വന്നവർ നിരാശരായി മടങ്ങാതിരുന്നത്. പക്ഷേ നിലവിലെ സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്ന ഒരാൾക്ക് ഈ മേളയെ കുറ്റപ്പെടുത്താൻ ആവില്ല. പ്രതികൂല സാഹചര്യത്തിലും ഇത്രയധികം സിനിമകൾ തെരഞ്ഞെടുത്ത് പ്രദർശിപ്പിച്ചതിന് സംഘാടകർ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. വളരെ മോശപ്പെട്ട ഈ കാലഘട്ടത്തിലും കഴിയുന്നത്ര നന്നാക്കാൻ ശ്രമിച്ചു എന്ന് പറയുന്നതാണ് ശരി. വിദേശ സിനിമകൾ കൂടുതലായി ഉൾപ്പെടുത്തി എന്നുള്ളതും ശരിയാണ്. എന്നാൽ അവയിൽ കുറെയെണ്ണം നിലവാരമില്ലാത്തതും എണ്ണം തികയ്ക്കാൻ വേണ്ടി ഉൾപ്പെടുത്തിയ ചവറുകളും ആയിരുന്നു. പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ള പല സിനിമകളും അങ്ങനെയായിരുന്നു. സിനിമാ മേഖലയിലും ചൈനീസ് അധിപത്യം നേടാനുള്ള മാർക്കറ്റിങ് തന്ത്രങ്ങളും അവിടെ കണ്ടു. . ഒരു അന്താരാഷ്ട്ര മേള കഴിയുമ്പോൾ അതിൽ ആദ്യാവസാനക്കാരനായി പങ്കെടുത്ത ഒരാൾക്ക് ലോകം മുഴുവൻ സഞ്ചരിച്ച പ്രതീതിയാണ് ലഭിക്കുക. ലോകത്തിലെ വിവിധ സംസ്കാരങ്ങളോടൊപ്പം ഇടപെടുകയും അവരുടെ സംഭാഷണങ്ങളിൽ ഒത്തുചേരുകയും അവരുടെ ജീവിതത്തിലും ജീവിതാനുഭവങ്ങളിലും പങ്കെടുക്കുകയും ചെയ്ത ഒരു പ്രതീതിയാണ് ഓരോ മേളയും സമ്മാനിക്കുന്നത്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ മേളയ്ക്കും ആ അനുഭവം നൽകാൻ കഴിഞ്ഞു എന്നുള്ളത് സമ്മതിക്കാതെ വയ്യ. അതാണെല്ലോ സിനിമ പ്രേമികളെ നവംബറിൽ വീണ്ടും ഇവിടെ എത്തിക്കുന്നത്. ……….

No comments:

Post a Comment