Thursday 27 July 2017

ഗിഫ്റ്റ് വൗച്ചര്‍                            (2015)

-ജി.ശ്രീകുമാര്‍

അന്ന് വീട്ടിലെത്തിയപ്പോള്‍ ശ്രീമതിയാകെ ത്രില്ലടിച്ച് നില്‍ക്കുകയാണ്. 

''ഞാനെപ്പോഴേ വിളിക്കുന്നു. നിങ്ങളെ കിട്ടണ്ടെ.  നിങ്ങളെവിടെയായിരുന്നു മനുഷ്യാ ; ഒരു മൊബൈലെടുത്തുവെയ്ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല '' 

ഉള്ള ലാന്‍ഡ് ഫോണിന്റെ കാശടയ്ക്കാനുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. 

'' എന്നാ കാര്യം.  അതു പറയ് '' ഞാന്‍ ചോദിച്ചു 

'' അതേയ്, എനിക്ക് ഭാഗ്യമുണ്ടോ, ഇല്ലയോ '' 

'' കൊള്ളാം, നീ ഭാഗ്യവതി അല്ലേ ; അതല്ലേ എന്നെപ്പോലെ സല്‍സ്വഭാവിയായ ഒരു ഭര്‍ത്താവിനെ കിട്ടിയത് '' 

'' ഓ, അതുമാത്രം പറയണ്ട ; എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കാതിരി ക്കുന്നതാ നല്ലത് '' 

'' നീ കാര്യം പറയ് '' എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

'' അച്ഛാ, അമ്മയ്ക്ക് ലോട്ടറിയടിച്ചു '' 

അച്ഛന്റെ ക്ഷമ പരിശോധിക്കുന്നത് സഹിക്കാതെ മൂന്നാം ക്ലാസുകാരന്‍ ഇളയമകന്‍ വിളിച്ചു പറഞ്ഞു. 

'' എത്ര രൂപയാ മോനേ '' ഞാന്‍ ഡി.എ പ്രഖ്യാപിച്ച വാര്‍ത്ത കേട്ടതു പോലെ സന്തോഷിച്ചു. 

'' അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് കൂപ്പണാ '' 

മൂത്തവന്‍ പ്ലസ് വണ്‍കാരന്‍ വിശദീകരിച്ചു.  അതോടെ ഞാന്‍ ഡി.എ കുടിശ്ശിഖ പി.എഫില്‍ ലയിപ്പിക്കുമെന്ന് കേട്ടതു പോലെ വിഷണ്ണനായി.  അമ്പതിനായിരം കാശായിട്ട് കിട്ടിയെങ്കില്‍ മുടങ്ങിക്കിടക്കുന്ന ഹൗസ് ലോണില്‍ അടയ്ക്കാമായിരുന്നു. 

'' ഇന്നാള് നമ്മള്‍ ഹെല്‍ത്ത് എക്‌സ്‌പോയ്ക്ക് പോയില്ലേ; അന്ന് ലക്കി കൂപ്പണ്‍ പൂരിപ്പിച്ചിട്ടു കൊടുക്കാന്‍ പറഞ്ഞിട്ട് നിങ്ങളിട്ടില്ലല്ലോ.  ഞാന്‍ കൂപ്പണ്‍ പൂരിപ്പിച്ച് ഇട്ടു.  എനിക്കാ സമ്മാനം ''  അവളുടെ സന്തോഷം അടക്കാനാവുന്നില്ല. 

'' ചേട്ടനും കൂപ്പണ്‍ പൂരിപ്പിച്ചിട്ടു '' ഇളയവന്‍ അറിയിച്ചു. 

'' അച്ഛാ, നമ്മളെവിടെയാ ടൂര്‍ പോകുന്നത് '' പരസ്യത്തിലെ ഭര്‍ത്താവിനോട് തൊണ്ടയിലെ കിച് കിച് മാറിയ ഭാര്യ ചോദിക്കുന്ന അതേ ആവേശത്തോടെ ഇളയവന്‍ ചോദിച്ചു. 

'' മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് ഒക്കെയുണ്ട്".  എവിടെ വേണമെങ്കിലും പോകാമത്രേ.  മൂത്തയാള്‍ ഇടപെട്ടു.  അവന് വിദേശമാണ് താല്‍പ്പര്യം.  അവന്റെ കൂട്ടുകാരന്‍ കഴിഞ്ഞയാഴ്ച സിംഗപ്പൂര് പോയി വന്നതേയുള്ളൂവത്രേ. അവന്റെയച്ഛന് ബാങ്കിലാ ജോലി. 

'' അതുമാത്രമല്ല, ഹൈദരാബാദ്, ഗോവ, കുളു, മണാലി ഇതൊക്കെയും കൂടിയുണ്ട് '' 

മുട്ടിയ പക്ഷം വൈക്കോലേ, എന്ന മട്ടില്‍ ശ്രീമതി പൂരിപ്പിച്ചു. 

    ഓഫീസില്‍ നിന്ന് വന്നു കയറിയിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തരാതെയാണ് എല്ലാവരും കൂടി വിനോദയാത്ര പ്ലാന്‍ ചെയ്യുന്നത്.  ഞാന്‍ മുറിയിലേക്ക് കയറി വേഷം മാറാന്‍ തുടങ്ങി. 

ശ്രീമതി പുറകേ എത്തി. 

'' അതേയ്, ഞാന്‍ വിശദമായി പറയാം.  ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസസൗകര്യം കിട്ടുക.  ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പോകാം. മലേഷ്യയിലോ സിംഗപ്പൂരിലോ ആണെങ്കില്‍ സെവന്‍ സ്റ്റാര്‍ സൗകര്യവും തരും.  നാളെ പതിനൊന്ന് മണിക്ക് നമ്മള്‍ രണ്ടുപേരുമായി ചെന്ന് ഗിഫ്റ്റ് വൗച്ചര്‍ വാങ്ങണമെന്ന് അവര്‍ വിളിച്ചു പറഞ്ഞു ''  

ഞാന്‍ ഒന്നും പറഞ്ഞില്ല. 

'' നിങ്ങളെന്താ ഒരു സന്തോഷമില്ലാതിരിക്കുന്നത് '' ശ്രീമതി തുടര്‍ന്നു. 

'' നമ്മുടെ ഭാഗ്യമല്ലേ, എത്രനാളായി  എവിടെയെങ്കിലും വിമാനത്തിലൊക്കെ കയറി ടൂര്‍ പോകണമെന്ന് ആശിക്കാന്‍ തുടങ്ങിയിട്ട്.  നിങ്ങളായിട്ട് ഒരിടത്തും കൊണ്ടു പോവില്ലല്ലോ; ഇപ്പോള്‍ ദൈവം സഹായിച്ച് ഒരു വഴി തെളിഞ്ഞിരിക്കുന്നു".  വിമാനയാത്ര എന്നൊക്കെ കേട്ടപ്പോള്‍ എന്റെ ദാഹം ഇരട്ടിച്ചു. 

'' നീ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരൂ''

ഓണത്തിന്റെ ഇടയിലാ പുട്ട് കച്ചവടം എന്ന മട്ടില്‍ ഒരു നോട്ടം സമ്മാനിച്ചിട്ട് അവള്‍ വെള്ളമെടുക്കാന്‍ പോയി.  വിമാനവേഗത്തില്‍ വെള്ളവുമായി എത്തുകയും ചെയ്തു.  

ഞാന്‍ വെള്ളം കുടിച്ചിട്ട് പൂമുഖത്തെ ചാരുകസേരയില്‍ ഇരുന്നു. 

അവള്‍ വിടുന്ന മട്ടില്ല.  

'' നമുക്ക് സിംഗപ്പൂരില്‍ പോയാലോ '' 

'' യാത്രയ്ക്കുള്ള എല്ലാ ചിലവും അവര്‍ വഹിക്കുമോ '' ഞാന്‍ ചോദിച്ചു. 

അവളുടെ മുഖം അല്‍പ്പം മങ്ങി. 

'' എന്തായാലും നാളെ നമുക്ക് അവരുടെ ഓഫീസില്‍ പോയി നോക്കാം.  അപ്പോള്‍ എല്ലാം വിശദമായി ചോദിക്കാമെല്ലോ'' 

പിറ്റേന്ന് ഉച്ചവരെ ലീവെടുത്ത് ശ്രീമതിയേയും കൂട്ടി അവരുടെ ഓഫീസിലെത്തി. 

വലിയ ബഹുമാനത്തോടെ സ്വീകരണ കമ്മിറ്റിക്കാര്‍ ഞങ്ങളെ സ്വീകരിച്ചാനയിച്ചു.  മങ്ങിയ വെളിച്ചമുള്ള തണുപ്പുള്ള  ഒരു ഹാളില്‍ ഒരു മേശയ്ക്ക് ചുറ്റുമായി ഇരുത്തി.  ആ ഹാളില്‍ അവിടവിടെ ഇതേമാതിരിയുള്ള ടൂര്‍ സ്വപ്നങ്ങളുമായി എത്തിയവര്‍ ഇരിക്കുന്നത് കണ്ടു. 

അതിലൊരാള്‍ ചോദിച്ചു.  

'' സര്‍, എവിടേക്കാണ് യാത്ര പോകാന്‍ ഉദ്ദേശിക്കുന്നത് ''

''ഞങ്ങള്‍ ഒന്നും ഉദ്ദേശിച്ചില്ല   ഗിഫ്റ്റ് വൗച്ചര്‍ തരുമെന്ന് പറഞ്ഞത് വാങ്ങാന്‍ വന്നതാ '' 

ഉച്ചയ്ക്ക് ശേഷമെങ്കിലും ഓഫീസിലെത്താനുള്ള വ്യഗ്രതയില്‍ ഞാന്‍ പറഞ്ഞു. 

'' അല്ല സാര്‍, പ്രത്യേകിച്ച് ഗിഫ്റ്റ് വൗച്ചറായി കൈയില്‍ തന്നയക്കില്ല .  നിങ്ങള്‍ എവിടേക്കാണോ യാത്രയ്ക്ക് തീരുമാനിക്കുന്നത് അവിടെ ഗിഫ്റ്റ് വൗച്ചറില്‍ പറഞ്ഞിട്ടുള്ള തുകയ്ക്കുള്ള സൗജന്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും '' 

ഞാന്‍ വാ പൊളിച്ചിരുന്നു. 

'' ഞങ്ങളിതെത്ര കണ്ടതാ ''  എന്ന മട്ടില്‍ അയാള്‍ തുടര്‍ന്നു.

'' താമസസൗകര്യവും ബ്രേക്ക് ഫാസ്റ്റും ഫ്രീ ആയിരിക്കും.  യാത്രാച്ചെലവ് നിങ്ങള്‍ മുടക്കണം'' 

'' അവിടെ സ്ഥലം കാണാനുള്ള ചെലവോ'' ശ്രീമതി ഇടപെട്ടു. 

'' അതെല്ലാം സ്വന്തം ചെലവില്‍, താമസം സെവന്‍ സ്റ്റാര്‍ സൗകര്യങ്ങളോടെയായിരിക്കും '' 

'' അപ്പോള്‍ താമസവും ഭക്ഷണവും മാത്രമേ ഫ്രീയുള്ളു അല്ലേ '' ഒന്നു കൂടി ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു. 

'' അല്ലാ സാര്‍ താമസവും ബ്രേക്ക് ഫാസ്റ്റും '' 

അതായത് ഉച്ചയ്ക്കും വൈകുന്നേരവും സെവന്‍സ്റ്റാര്‍ വായു ഭക്ഷിക്കാമെന്ന്. ഭാഗ്യം വരുന്ന വഴിയേ. അമ്പതിനായിരം രൂപ മുതലാക്കണമെങ്കില്‍ രണ്ടുലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടി വരുമെന്നര്‍ത്ഥം.  ഞാനൊന്നും മിണ്ടിയില്ല.  ഒരുവിധം എ സി തണുപ്പില്‍ നിന്ന് പുറത്തിറങ്ങി.  ഇടനാഴിയിലെത്തിയപ്പോള്‍ എന്റെ ഓഫീസിലെ മേലുദ്യോഗസ്ഥനും കുടുംബസമേതം നില്‍പ്പുണ്ട്.  എന്നെ കണ്ടതും അല്‍പ്പം ചമ്മലായി. 

'' എന്താ കുമാറേ,  അവിടെയും ഗിഫ്റ്റ് കൂപ്പണടിച്ചല്ലേ '' 

'' അടിച്ചില്ല, മിക്കവാറും അടി പറ്റിക്കേണ്ടി വരും ''ഞാന്‍ പറഞ്ഞു. 

''  ഇവന്മാര് പറ്റിപ്പാ '' അയാള്‍ പതിവ് ശൈലിയില്‍ വിശദീകരിക്കാന്‍ തുടങ്ങി. 

'' കൂപ്പണിട്ട എല്ലാവരെയും സമ്മാനമടിച്ചെന്ന് പറഞ്ഞ് വിളിപ്പിക്കും.  വലിയ ഹോട്ടലുകളില്‍ താമസത്തിനൊപ്പം ബ്രേക്ക്ഫാസ്റ്റ് ഫ്രീയാണ്.  അതൊരു പാക്കേജാണ്.  അതാണിവന്മാര്‍ നമുക്ക് ഫ്രീയായി തരാമെന്ന് പറയുന്നത്.  ഇതൊക്കെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ്.  യാത്രാച്ചെലവുകളും മറ്റ് ചെലവുകളുമൊക്കെയായി ഒരു വലിയ തുക നമ്മളില്‍ നിന്ന് ഈടാക്കും.  നമ്മള്‍ മറ്റൊരു ടൂര്‍ ഓപ്പറേറ്ററെ സമീപിച്ചാല്‍ ഈ സൗകര്യങ്ങള്‍ തരില്ലെന്നും പറയും.  നമ്മള്‍ കൊടുക്കുന്ന തുകയില്‍ നിന്ന് തന്നെ നമുക്ക് തന്ന സൗജന്യങ്ങളുടെ കാശും അവര്‍ ഈടാക്കും.  എന്റെ ഒരു സുഹൃത്തിന് ഈ അമളി പറ്റി.  അയാള്‍ 25,000 രൂപ മുതലാക്കാന്‍ ഒന്നരലക്ഷം രൂപ പി.എഫ് ലോണെടുത്താണ് യാത്ര പോയത് '' 

'' ഇതൊക്കെ അറിയാമായിരുന്നിട്ട് സാറെന്താ ഇവിടെ വന്നത് ''  ഞാന്‍ വിട്ടില്ല.  

'' ഭാര്യയുടെ ഒരു നിര്‍ബന്ധം.  നേരിട്ട് കേട്ടറിയട്ടെ എന്ന് വിചാരിച്ചു ''

ഞാന്‍ മാത്രമല്ല ഹെന്‍പെക്ഡ്; എനിക്ക് സമാധാനമായി. 

കാക്ക കോഴിക്കൂട്ടില്‍ ഉളിഞ്ഞു നോക്കുന്നത് പോലെ ശ്രീമതിയെ ഞാനൊന്നു നോക്കി.  കരി ഓയിലൊഴിച്ചതു പോലുണ്ട് മുഖം. 

വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയതും പിള്ളേര് രണ്ടും പറന്നെത്തി. 

''അച്ഛാ, സിംഗപ്പൂര്‍ തന്നെയാണോ തീരുമാനിച്ചത് '' 

മൂത്തയാള്‍ വിദേശത്ത് തന്നെ ഉറച്ചു നില്‍ക്കുകയാണ്. 

'' സിംഗപ്പൂര് പോണെങ്കി പോവാം.  പക്ഷേ ശിഷ്ടകാലം അവിടെ കഴിയേണ്ടി വരും '' 

'' അതെന്താ'' ഇളയവന് ഒന്നും മനസ്സിലായില്ല.  ഇനി അവിടെ കഴിയേണ്ടി വന്നാലും നല്ലതല്ലേ എന്നൊരു ഭാവവും. 

''നമുക്ക് വസ്തുവും വീടും വിറ്റാലല്ലേ അവിടെ പോകാനുള്ള കാശ് കിട്ടൂ.  മടങ്ങി വരാന്‍ കാശില്ലാതാകുമ്പോള്‍ അവര്‍ വല്ല ജയിലിലോ മറ്റോ പാര്‍പ്പിച്ചു കൊള്ളും '' 

മൂത്തവന് അത് അത്ര പിടിച്ചില്ല. 

'' അച്ഛന്റെ ഓഫീസിലെ സൊസൈറ്റിയില്‍ നിന്ന് ലോണെടുത്താല്‍ പോരെ.  അച്ഛന്  ബാങ്കിലിട്ട കാശ്  എടുക്കുന്ന വേഗത്തില്‍ അവിടെ ലോണ്‍ കിട്ടുമെന്ന് അമ്മ അപ്പുറത്തെ ആന്റിയോട് പറയുന്നത് കേട്ടല്ലോ'' 

''ലോണൊക്കെ കിട്ടും. പക്ഷേ മുമ്പ് എടുത്തത് അടച്ചുതീര്‍ക്കണമെന്നുമാത്രം"

'' അച്ഛന്റെ ലോണൊന്നും ഞാനടച്ചു തീര്‍ക്കില്ല കേട്ടോ '' ഇളയവന്‍ പെട്ടെന്ന് പറഞ്ഞു. അച്ഛന്‍ ഉണ്ടാക്കി വച്ച പ്രാരാബ്ദങ്ങള്‍ തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന മകന്റെ കഥയുള്ള സിനിമ വല്ലതും അവന്‍ ഈയിടെ കണ്ടു കാണും. 

'' മിണ്ടാതിരിയെടാ'' ശ്രീമതി രംഗപ്രവേശം ചെയ്തു .  നാഗവല്ലിയുടേത് മാതിരി രൂക്ഷമായി എന്നെയൊന്ന് നോക്കി. 

'' നിങ്ങളെടയച്ഛന്‍ ഒരിടത്തും കൊണ്ടുപോവില്ല.  ഈ കാട്ടൂമൂലയില്‍ കിടന്ന് നരകിച്ചു മരിക്കാനാണ് എന്റെ വിധി '' 

അവള്‍ ശകാരം തുടങ്ങി.

തുച്ഛ വരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥന്റെ പൊല്ലാപ്പ് ആരറിയാന്‍.         അപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു. 

'' ഹലോ, സാര്‍; അഭിഷേകിന്റെ വീടാണോ ''

'' അതെ ഞാന്‍ അവന്റെ അച്ഛനാണ് '' 

'' സര്‍ അഭിഷേക് ഒരു ലക്കി കൂപ്പണ്‍ ഇട്ടിരുന്നു.  അയാള്‍ക്കാണ് സമ്മാനം കിട്ടിയത്.  അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം.  നാളെ ഉച്ചയ്ക്ക് മുമ്പ് ഓഫീസില്‍ വന്ന് സമ്മാനം കൈപ്പറ്റാന്‍ പറയണം.''  

         ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു. 

ഈശ്വരാ, ഭഗവാനേ ആ ഗിഫ്റ്റ് വൗച്ചറുകാരന്മാര്‍ക്ക് നല്ലതു വരുത്തണേയെന്ന് ശ്രീനിവാസന്‍ സ്റ്റൈലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ചാരുകസേരയിലേക്ക് വീണു.

                                                 .....................

Sunday 23 July 2017

ചെറുതോണിയിലേക്കുള്ള വഴി 

-ജി.ശ്രീകുമാര്‍

പ്രൊമോഷനോടു കൂടിയാണ് ഇടുക്കിയിലേക്കുള്ള ട്രാന്‍സ്ഫര്‍ എന്നതുകൊണ്ട് ജോയിനിംഗ് ടൈമൊന്നും എടുക്കാന്‍ നില്‍ക്കാതെ ഓര്‍ഡര്‍ കിട്ടിയ ഉടനെ ഇടുക്കിക്ക് വണ്ടിപിടിച്ചു. ഇടുക്കി ഗസ്റ്റ് ഹൗസിലാണ് റൂം ബുക്ക് ചെയ്തിരുന്നത്.   വൈകുന്നേരം നാലുമണിയോടെയാണ് ഗസ്റ്റ് ഹൗസിലെത്തിയത്.  ഇടുക്കി, ചെറുതോണി ഡാമുകളുടെയും വിശാലമായ ജലാശയത്തിന്റെയും മനോഹരമായ കാഴ്ച ലഭിക്കുന്ന ഭാഗത്താണ് മുറി ലഭിച്ചത്.  ഘനഗാംഭീര്യമാര്‍ന്ന ആ നീല ജലസംഭരണിക്ക് എന്തെല്ലാം കഥകള്‍ പറയാനുണ്ടാവും. 

      നാളെ രാവിലെ മാത്രമേ ഇനി കളക്ടറേറ്റില്‍ പോയി ജോയിന്‍ ചെയ്യാന്‍ കഴിയൂ.  ഒരു ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ഇടയ്ക്ക് ഒരു ചായ കൊണ്ട് തന്നു.  പുറത്തിറങ്ങി പൂന്തോട്ടവും പരിസരങ്ങളുമൊക്കെ കുറെനേരം കണ്ടു.  കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ ഹില്‍വ്യൂ പോയിന്റ് എന്ന് എഴുതിയിരിക്കുന്നതു കണ്ടു. ചെറിയ തടാകവും ഉണ്ട്.  മനോഹരമായ കാഴ്ച ലഭിക്കുന്ന സ്ഥലമാണത്.  അതിന് ശേഷം മുറിയില്‍ പോയി അല്‍പ്പം വിശ്രമിക്കാമെന്ന് വിചാരിച്ച് കട്ടിലില്‍ കയറിക്കിടന്നു.  യാത്രാക്ഷീണം കാരണം ഉടന്‍ ഉറങ്ങിപ്പോയി.  ഒടുവില്‍ വിശപ്പ് വന്ന് തട്ടിയുണര്‍ത്തിയപ്പോഴാണ് എണീറ്റത്.  മണി ഏഴരകഴിഞ്ഞിരിക്കുന്നു.                       ഭക്ഷണമായോ എന്നന്വേഷിച്ചപ്പോഴാണ് അവിടെ ഇന്ന് രാത്രി ഭക്ഷണമില്ല എന്നറിയുന്നത്.  അതോടെ വിശപ്പ് ആളികത്താന്‍ തുടങ്ങി.  സാധാരണ എല്ലാ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും ഭക്ഷണം ഉണ്ടാവാറുണ്ട്.  അതുകൊണ്ടാണ് നേരത്തെ ചോദിച്ച് ഉറപ്പ് വരുത്താതിരുന്നത് .  എന്തായാലും വലിയ ചതിയായിപ്പോയി.  അവിടെ ഗസ്റ്റായി ഞാന്‍ മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്.  മുറികളൊക്കെ അടഞ്ഞ് കിടക്കുന്നു.  

''അടുത്തെവിടെയാ ഹോട്ടലുള്ളത് ''

'' പൈനാവിലുണ്ട് ; പക്ഷേ എട്ടുമണിയാകുമ്പോഴേക്കും അവരൊക്കെ അടയ്ക്കും.  പിന്നെ ചെറുതോണിക്ക് പോയാല്‍ രാത്രി വൈകിയാലും ഭക്ഷണം കിട്ടും '' ഗസ്റ്റ്ഹൗസ് ജീവനക്കാരന്‍ പറഞ്ഞു.

രാത്രി വൈകി, വഴിയും അറിയില്ല.  റോഡ് ഒഴികെ ഇരുവശവും കാടാണ്.  ചെറുതോണിയില്‍ നിന്ന് ഓട്ടോയിലാണ്  ഗസ്റ്റ് ഹൗസിലെത്തിയത്. 

'' ഓട്ടോ കിട്ടുമോ ''

'' ഇല്ല സര്‍, അവരൊക്കെ സന്ധ്യക്ക് തന്നെ ഒതുക്കും ''

പകല്‍ വന്നപ്പോള്‍ ഇരുവശത്തുമുള്ള കാടും മരങ്ങളുമൊക്കെ നല്ല രസമായി തോന്നി.    ഇപ്പോള്‍ അവയൊക്കെ ഭയപ്പെടുത്തുന്നു.  നിലാവുണ്ട് എന്നതു മാത്രമാണ് ഒരാശ്വാസം.  വിശപ്പൊഴികെ മറ്റെന്തും സഹിക്കുന്ന ഞാന്‍ എന്തും വരട്ടെ എന്നു കരുതി  ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി.  

''ചന്ദ്രനിപ്പോള്‍ ചെറുതോണിയിലേക്ക് പോയതേ ഉള്ളൂ.  സാറ് പോകുന്നുണ്ടെന്നറിഞ്ഞെങ്കില്‍  ഒരുമിച്ച് പോകാമായിരുന്നു '' അയാള്‍ പുറകെ വിളിച്ചു പറഞ്ഞു.  

എനിക്ക് ഭക്ഷണം വേണമെന്ന് പോലും അറിയാത്ത കശ്മലന്റെ സ്‌നേഹം.  ദേഷ്യം പുറത്ത് കാണിച്ചില്ല.  ഞാന്‍ തിരിഞ്ഞു നിന്ന് ചോദിച്ചു. 

''ചന്ദ്രനോ'' ഞാന്‍ മുകളിലേക്ക് സംശയത്തോടെ നോക്കി. 

'' നേരത്തെ സാറിന് ചായ കൊണ്ടു വന്നില്ലേ അയാളാണ് '' 

ചന്ദ്രന്റെ മുഖം ഓര്‍ത്തെടുത്തു.  ചെറുതോണിയില്‍ വച്ച് കണ്ടാല്‍ അയാളോടൊപ്പം മടങ്ങിവരുകയെങ്കിലും ചെയ്യാമല്ലോ.  

''എത്രദൂരമുണ്ട് ചെറുതോണിക്ക് '' 

'' കഷ്ടിച്ച് രണ്ട് കിലോമിറ്റര്‍ വരും '' 

ഇടുക്കിക്കാരന്റെ രണ്ട് കിലോമീറ്റര്‍ ശരിക്ക് നാല് കിലോമീറ്റര്‍ വരുമെന്ന് ഞാന്‍ ഊഹിച്ചു. 

വിശപ്പ് കൂടി വരുന്നു.  ഒരു ബിസ്‌ക്കറ്റ് പോലും കയ്യിലില്ല.  രാത്രി വിശന്ന് കിടന്നാല്‍ രാവിലെ മെത്തയുടെ വിലകൂടി നല്‍കേണ്ടി വരും.  ഉറക്കം വരാതെ മൊത്തം ചവിട്ടിക്കീറിയിരിക്കും. 

       വിശാലമായ റോഡാണ്.  മനുഷ്യജീവി പോയിട്ട് ഒരു കുരങ്ങ് പോലുമില്ല.  ചീവിടുകളുടെ ശബ്ദം മാത്രം.  താഴ്‌വാരത്തില്‍ നിലാവ് പ്രതിഫലിക്കുന്ന ജലാശയം അതിന്റെ മനോഹാരിത അപ്പോള്‍ ഭീകരതയായിട്ടാണ് തോന്നിയത്.  തെരുവു വിളക്കുകള്‍ പോലുമില്ല.  കേരളത്തിന് മൊത്തം കറണ്ട് കൊടുക്കുന്ന ഇടുക്കിക്ക് ഈ വഴിയിലോരോ ബള്‍ബ് കത്തിച്ചു കൂടേ എന്ന് ചിന്തിച്ച് ഞാന്‍ നടന്നു.  

       കുറച്ച് നടന്നു കഴിഞ്ഞപ്പോള്‍ റോഡ് രണ്ടായി പിരിയുന്നു.  ഏതാണ് ചെറുതോണിയിലേക്കുള്ള വഴി.  ആരോട് ചോദിക്കാന്‍ ; ചുറ്റും നോക്കി ; ആരുമില്ല.  

      പെട്ടെന്ന് അല്‍പ്പം മുമ്പിലായി ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ടു.  അവരുടെ വേഷവും നിലാവും ഒരേ നിറമാണ്.  അതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.  

'' ഹലോ,  ചെറുതോണിയിലേക്ക് ഏതാ വഴി '' അല്‍പ്പം ഉറക്കെതന്നെയാണ് ചോദിച്ചത്. 

അവര്‍ വലത്തേക്കുള്ള വഴി ചൂണ്ടിക്കാണിച്ചു. 

''ഇതാ വഴി,  പക്ഷേ ഇതിലെ മറ്റൊരു എളുപ്പവഴിയുണ്ട്.  ഞാനങ്ങോട്ടാ '' 

മറ്റൊരു ഭാഗത്തേക്ക് അവര്‍ ചൂണ്ടിയിട്ട് നടന്നു തുടങ്ങി.  തിരിഞ്ഞ് നോക്കാതെയാണവര്‍ സംസാരിച്ചത്. 

'' എന്നാല്‍ ഞാനും വരാം '' 

    ഒരു മനുഷ്യജീവിയെ കണ്ടുകിട്ടിയ  സന്തോഷത്തില്‍ അവരുടെ അല്‍പ്പം പുറകിലായി ഞാനും നടന്നു.    പിന്നെ ഒരു സ്ത്രീയും കൂടിയാണല്ലോ.  ടാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് ടാര്‍ ചെയ്യാത്ത മറ്റൊരു വഴിയിലൂടെയാണവര്‍ പോകുന്നത്. 

''ചെറുതോണിയിലാണോ വീട് '' അവര്‍ തലകുലുക്കിയെന്ന് തോന്നി. 

'' എവിടാ സ്വന്തം സ്ഥലം.  അവര്‍ തിരിഞ്ഞ് നോക്കാതെ ചോദിച്ചു. 

'' തിരുവനന്തപുരം '' പിന്നൊന്നും ചോദിച്ചില്ല. 

   പേടിച്ചു പോയിക്കാണും.   വടക്കോട്ടുള്ളവര്‍ക്ക് തിരുവനന്തപുരത്ത്കാരെ ഭയമാണത്രേ. നമ്മളൊക്കെ   തരികിടകളുടെ കേന്ദ്രമാണെന്നാണവര്‍ പറയുന്നത്.  എന്നാല്‍ അവയൊക്കെ പലദേശങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് ചേര്‍ന്നവരുടെ സംഭാവനയാണെന്നാണ് എന്റെ നാട്ടുകാര്‍ പറയുന്നത്. 

സാമാന്യം കുത്തനെ ഇറക്കമുള്ള  വഴിയാണ്.  മഴയില്ലാത്തതു കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടില്ല.  അല്‍പ്പം കൂടി നടന്ന് കഴിഞ്ഞപ്പോള്‍ ഡാമിന്റെ കാഴ്ച മറഞ്ഞു.  വീണ്ടും ഒരല്‍പ്പം കൂടി നടന്ന് കഴിഞ്ഞതും ഞങ്ങള്‍ നടന്ന വഴി മറ്റൊരു ടാര്‍ ചെയ്ത റോഡിലേക്ക് എത്തി.  വലത്തേക്ക് അവര്‍ ചൂണ്ടി. 

'' ദേ, അതാണ് ചെറുതോണി '' 

അല്‍പ്പം അകലെയായി ഒരു കൊച്ചു ടൗണ്‍.  ധാരാളം കടകളും വെളിച്ചവുമൊക്കെയുള്ള ഒരു പ്രദേശം.  രണ്ട് കിലോമീറ്റര്‍ എന്നൊക്കെ പറഞ്ഞിട്ട് ഇത്ര പെട്ടെന്ന് എത്തിയോ.   എന്തായാലും നല്ല കുറുക്കു വഴി തന്നെ.  

    അവര്‍ എതിര്‍ദിശയിലേയ്ക്കാണ് പോയത്.  അവരുടെ മുഖം അപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.  അവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ ചെറുതോണിയിലേക്ക് നടന്നു.  ആദ്യം കണ്ട റെസ്റ്റാറന്റില്‍ കയറി.  ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രന്‍ എണീറ്റ് കൈകഴുകാന്‍ പോകുന്നത് കണ്ടത്.  ഞാന്‍ അയാളെ വിളിച്ചു. 

'' ഹലോ ചന്ദ്രനല്ലേ ''

'' അതെ'' 

  അല്‍പ്പം സംശയത്തോടെ '' സാറ് ......'' 

സൂക്ഷിച്ച് നോക്കിയപ്പോള്‍ അയാള്‍ക്കെന്നെ മനസ്സിലായി.

'' ഇന്ന് ഗസ്റ്റ് ഹൗസില്‍ വന്ന..... ''

'' അതെ,  ഇനി നേരെ ഗസ്റ്റ ഹൗസിലേക്കല്ലേ".  അയാള്‍ തല കുലുക്കി.

'' ഞാനും കൂടെയുണ്ടേ , അല്‍പ്പം വെയിറ്റ് ചെയ്യണേ ''

'' സാര്‍ സാവധാനം കഴിച്ചുവന്നാല്‍ മതി. ഞാന്‍ ഒരു പുകവിട്ടിട്ട് ഇവിടെ നില്‍ക്കാം'' 

ഉടന്‍ തന്നെ ഭക്ഷണം കഴിച്ചു തീര്‍ത്ത് ഞാനും പുറത്തേക്കിറങ്ങി. 

ചന്ദ്രന്റെ കൈയില്‍ ഒരു ഭക്ഷണപ്പൊതിയുണ്ട് മറ്റേ ജീവനക്കാരന് വേണ്ടിയാകും. 

'' എന്തായാലും വലിയ പണിയായിപ്പോയി '' 

ഞാന്‍ പറഞ്ഞു.  '' ഇതുവരെ ഒരു ഗസ്റ്റ ഹൗസിലും രാത്രി ഭക്ഷണമില്ലാതെ ഞാന്‍ വലഞ്ഞിട്ടില്ല '' 

'' ഇവിടെ വേറെ ഗസ്റ്റ് ആരുമില്ല.  കൂടാതെ കുക്ക് രാവിലെ വീട്ടില്‍ പോയി.  അയാള് ഉടുമ്പന്‍ചോലക്കാരനാ.  ചായയൊക്കെ ഞാനുണ്ടാക്കും. കുക്കുണ്ടെങ്കില്‍ ഗസ്റ്റ് ആരുമില്ലെങ്കിലും ഭക്ഷണം അവിടെ ഉണ്ടാക്കും.  ഇന്നിപ്പോള്‍ അയാളും കൂടി ഇല്ലാത്തതു കൊണ്ടാണ് ഈ ബുദ്ധിമുട്ട് '' 

അയാള്‍ വിശാലമായ റോഡിലൂടെ വച്ച് പിടിക്കുകയാണ്. 

''ഗസ്റ്റ് ഹൗസിലെത്തുമ്പൊഴേക്കും കഴിച്ചതൊക്കെ ദഹിച്ചുകഴിയും സാറേ, നല്ല കയറ്റമാ'' 

നേരത്തെ കുറുക്കുവഴി മെയിന്‍ റോഡിലെത്തി ചേര്‍ന്ന ഭാഗം ഞാന്‍ തിരയുകയായിരുന്നു. 

'' ഒരു കുറുക്കുവഴിയുണ്ടെല്ലോ.നമുക്കതു വഴി പോകാം '' 

'' കുറുക്കിവഴിയൊന്നുമില്ല, കൊടുങ്കാടല്ലേ ; ഈ റോഡ് മാത്രമേ ഉള്ളൂ '' 

'' ഉണ്ട്, ഞാനതുവഴി വന്നതല്ലേ'' 

പക്ഷേ വഴി കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല.  പകലായിരുന്നെങ്കില്‍ കൃത്യമായി അടയാളസഹിതം ഓര്‍ത്തുവയ്ക്കാമായിരുന്നു.  എന്നാലും ഇത്രയും എളുപ്പവഴിയുള്ളപ്പോള്‍ ഈ മണ്ടന്മാര്‍ ഈ  റോഡു മുഴുവന്‍ ചുറ്റി നടക്കുന്നത് അതിശയം തന്നെ.  

'' ഞാനി ഗസ്റ്റ് ഹൗസില്‍ വന്നിട്ട് രണ്ട് വര്‍ഷമായി ഇതുവരെ ഞാനങ്ങനെ ഒരു വഴി കണ്ടിട്ടില്ല '' 

   ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല.  നാളെ പകല്‍ ആ വഴി കണ്ടുപിടിച്ച് പറഞ്ഞു കൊടുക്കാമെന്ന് വിചാരിച്ച് ഞാനും വലിഞ്ഞ് നടന്നു.  അയാള്‍ പലതും പറയുന്നുണ്ടായിരുന്നു. എനിക്കതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. 

      ആ വഴിയെക്കുറിച്ചായിരുന്നു എന്റെ ചിന്ത.  ഞാന്‍ നടന്നിറങ്ങിയവഴി, അതെങ്ങനെ അപ്രത്യക്ഷമായി.  ഏതാണ്ട് അരമണിക്കൂര്‍ നടന്ന് ഒരുവിധം ഗസ്റ്റ് ഹൗസിലെത്തി.  കുറെ വെള്ളവും കുടിച്ച് കട്ടിലില്‍ വീണു.  ഉടനെ ഉറങ്ങി.  രാവിലെ ഉണര്‍ന്ന ഉടനെ ചായയും കുടിച്ച് ആദ്യം പോയത് ആ വഴി കണ്ടുപിടിക്കാനാണ്.  റോഡ് രണ്ടായി പിരിയുന്നതിനടുത്താണ് ആ വഴി ആരംഭിക്കുന്നത് എന്ന് ഞാന്‍ ഓര്‍ത്തെടുത്തു.  ടാര്‍ ചെയ്യാത്ത നല്ല ഇറക്കമുള്ള വഴി.  പലവിധത്തില്‍ പരിശോധിച്ചിട്ടും അവിടെ അങ്ങനെയൊരു വഴി കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല.  

ഞാന്‍ സ്വപ്നം കണ്ടതാണോ ; എങ്കില്‍ ഇന്നലെ ചെറുതോണിയില്‍ നിന്ന് ഭക്ഷണം കഴിച്ചതോ, ചന്ദ്രനെ കണ്ടതോ ; 

ഇല്ല സ്വപ്നമൊന്നുമല്ല. 

തിരികെ ഗസ്റ്റ് ഹൗസില്‍ വന്നു. 

ചന്ദ്രനെ വിളിച്ചു. 

'' ഞാനിന്നലെ ചെറുതോണിയിലേക്ക് ഒരു എളുപ്പ വഴിയുണ്ടെന്ന് പറഞ്ഞില്ലേ.  ആ വഴി ഇപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. '' 

'' ഞാന്‍ പറഞ്ഞില്ലേ സാറേ, ഇവിടെ അങ്ങനെയൊരു എളുപ്പവഴി ഇല്ല.  രാത്രി സാറിനെ പറഞ്ഞ് പേടിപ്പിക്കണ്ട എന്നുകരുതി പറയാത്തതാ.  സാര്‍ ആദ്യമായല്ലേ ഇവിടെ വരുന്നത്, പിന്നെങ്ങനെ ആ വഴി സാറിന് മനസ്സിലായി. 

'' അത് ഒരു............... ''

'' ഒരു സ്ത്രീയാണ് വഴി പറഞ്ഞ് തന്നത്,  അല്ലേ... ''

'' അതെ, എങ്ങനെ മനസ്സിലായി '' 

'' ഇതുപോലത്തെ അനുഭവങ്ങള്‍ വേറെ പലര്‍ക്കും ഉണ്ടായതായി കേട്ടിട്ടുണ്ട്, അവര് യഥാര്‍ത്ഥ സ്ത്രീയല്ല സാറേ '' 

എന്റെ കാലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറി.  പിന്നെ ഞാനൊന്നും ചോദിച്ചില്ല. എന്റെ വിളറിയ മുഖം കണ്ടതിനാലാവണം അയാളും കൂടുതലൊന്നും പറഞ്ഞില്ല. 

ഉടന്‍ തന്നെ റൂം ഒഴിഞ്ഞ് ഒരു ഓട്ടോ വരുത്തി കളക്ടറേറ്റിലേക്ക് വച്ച് പിടിച്ചു. 

                                                                          .....

Friday 21 July 2017

ക്ഷമയുള്ള പശു
ജി.ശ്രീകുമാര്‍

ഇത് രാജന്റെ കഥയാണ്.  രാജന്‍ ഒരു മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാണ്.  പോസ്റ്റര്‍ പതിപ്പിച്ചും ചുവരെഴുതിയും മുദ്രാവാക്യം വിളിച്ചും ഒന്നും വളര്‍ന്നതല്ല.   നേരിട്ട് എം.പി ( മെമ്പര്‍ ഓഫ് പഞ്ചായത്ത് ) ആവാന്‍ മത്സരിച്ച ആളാണ്.  പക്ഷേ പരാജയപ്പെട്ടതു കാരണം ഇപ്പോള്‍ തോറ്റ എം.പി.മാത്രമാണ് .  പണ്ട്, അതായത് മലയാളിമങ്കമാരുടെ സായാഹ്നങ്ങളിലെ നെടുവീര്‍പ്പുകളും ഏങ്ങലുകളും കുശുമ്പുകളും ആകാംക്ഷകളും ചാനലുകള്‍ കുത്തകയാക്കുന്നതിന് മുമ്പുള്ള കാലം.  ഞങ്ങള്‍ കുട്ടികളുടെ ഓണാഘോഷ പരിപാടികള്‍ നടക്കുകയാണ്.  രാജന്റെ വീടിന്റെ വരാന്തയിലാണ് കലാപരിപാടികള്‍.  വരാന്തയില്‍ ഒരു തുണി തൂക്കി കര്‍ട്ടനാക്കി.  കൂട്ടുകാര്‍ എല്ലാവരും കാഴ്ചക്കാരായി തറയില്‍ ഇരിപ്പുണ്ട്.  മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നിശ്ചല ദൃശ്യമാണ് അടുത്തത്.  ഞാനാണ് മഹാബലി.  വാമനന്‍ രാജനും, പൊക്കത്തിലും അവന്‍ വാമനന്‍ തന്നെയായിരുന്നു.  എന്റെ റോള്‍ ചക്രവര്‍ത്തിയുടേതാണല്ലോ എന്ന് കരുതിയാണ് ഞാന്‍ സമ്മതിച്ചത്.  അവന്‍ വലതുകാലുയര്‍ത്തി എന്റെ തലയില്‍ വച്ച് സദസ്സിനെ അഭിമുഖീകരിച്ച് നില്‍ക്കും.  ഞാന്‍ സദസ്സിന് പുറം തിരിഞ്ഞ് ഒരു കാല്‍മുട്ട് തറയിലും മറ്റേ മുട്ട് ഉയര്‍ത്തി പാദം തറയിലുമായി ഹനുമാന്‍ ശ്രീരാമന്റെ  മുമ്പില്‍ തൊഴുതുകൊണ്ടിരിക്കുന്ന മട്ടില്‍ ഇരിക്കണം.  അല്ലെങ്കിലും അത് അങ്ങനെയേ വരൂ.  അവന്റെ ചേട്ടന്‍മാരാണ് കലാപരിപാടികളുടെ സംവിധായകര്‍.  എന്നെ ചവിട്ടാന്‍ രാജന് അവസരം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം.  ക്ലാസ്സില്‍ എനിക്ക് കിട്ടാറുണ്ടായിരുന്ന ഒരു മുന്‍തൂക്കം അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല.

പഠിക്കാന്‍ മോശമാണെങ്കിലും ഞാന്‍ സുന്ദരനാണെന്ന ഒരഭിമാനം അവനെപ്പോഴും പ്രകടിപ്പിച്ചിരുന്നു.  5 ബിയില്‍ ഞങ്ങളോടൊപ്പം പഠിക്കുന്ന രമയ്ക്ക് അവനോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് അവന്‍ തന്നെ പറഞ്ഞു പരത്തിയിരുന്നു.  അത് ശരിയായിരിക്കുമെന്ന് ഞാനും കരുതി.  എന്നാല്‍ അത് ശരിയായിരിക്കരുതെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കര്‍ട്ടനുയര്‍ത്തിയതും കാണികളെല്ലാം സുരാജ് വെഞ്ഞാറമ്മൂടിന്റെ ടയര്‍ എസ്‌കേപ്പ് കണ്ടതുപോലെ  ആര്‍ത്തലച്ചു ചിരിച്ചു.  വള്ളിനിക്കര്‍ ധരിച്ച് ഉടുപ്പില്ലാത്ത മഹാബലിയെയും വാമനനെയും കണ്ടതിനാലാണ് അവരൊക്കെ ചിരിച്ചത് എന്നെനിക്കു തോന്നി.  പക്ഷേ മഹാബലിയുടെ നിക്കറിനറെ പിന്‍ഭാഗം ഉരഞ്ഞ് മുട്ടവട്ടത്തില്‍ കീറിയിരുന്നതാണ് ചിരിക്ക് കാരണമെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. കളിക്കാന്‍ പോകുമ്പോള്‍ ധരിക്കുന്ന വള്ളിനിക്കറാണ്. മാറിയിടാന്‍ അധികമൊന്നുമില്ല.  കാണുന്നിടത്തെല്ലാം നിരങ്ങി അത് തേഞ്ഞ് കീറിയതാണ്.  പലപ്പോഴും നിക്കര്‍ ഉടുക്കുകയാണ് പതിവ്.  കാരണം ബട്ടണ്‍സൊക്കെ എന്നോ രക്ഷപ്പെട്ടുപോയിട്ടുണ്ടാവും.  വള്ളിനിക്കറായതു കൊണ്ട് എവിടെപ്പോയാലും ഏതു ബട്ടണില്ലെങ്കിലും അതങ്ങനെ കിടക്കും.  ഊരിപ്പോവില്ല.

നിശ്ചല ദൃശ്യം കഴിഞ്ഞ ഉടനെ രാജന്‍ മറ്റ് കൂട്ടുകാരുടെ മുന്നില്‍ വച്ച് എന്നെ പരിഹസിച്ചു.

'' മഹാബലിയുടെ ചന്തിക്ക് പാകിസ്ഥാന്‍ വെടിവച്ചു.  നിക്കര്‍ കീറി ''

അയല്‍വാസി കൂടിയായ രമയുടെ സാന്നിദ്ധ്യത്തിലായിരുന്നു കളിയാക്കല്‍ എന്നത്, എന്നെ വല്ലാതെ വേദനിച്ചു. എനിക്ക് കരച്ചില്‍ വന്നു.  അപ്പോള്‍ രമ എന്റെ അരികില്‍ വന്ന് രണ്ട് തോളിലും കൈവച്ച് ആശ്വസിപ്പിച്ചു.  '' സാരമില്ല വലുതാകുമ്പോള്‍ നമുക്ക് ജോലി കിട്ടുമല്ലോ ; അപ്പോള്‍ ധാരാളം പുതിയ നിക്കറും ഉടുപ്പുമൊക്കെ വാങ്ങാം.  ആദ്യമായി എന്റെ മനസ്സില്‍ ലഡു പൊട്ടിയത് അപ്പോഴാണ്.  അവള്‍ക്ക് എന്നോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു.  പിന്നെ എന്റെ മനസ്സില്‍ നിറയെ പ്രേംനസീറും ജയഭാരതിയും തമ്മിലുള്ള പോലത്തെ ദൃശ്യങ്ങളായിരുന്നു.

സ്‌കൂളില്‍ നിന്ന് വന്നാല്‍ വേഷം മാറി ഒറ്റ ഓട്ടമാണ്. ചിലപ്പോള്‍ കായലിലേക്ക്, അല്ലേങ്കില്‍ രാജന്റെയോ മറ്റ് കൂട്ടുകാരുടേയോ വീടുകളിലേയ്ക്ക്.  ചിലപ്പോഴൊക്കെ രമയും കൂടാറുണ്ട്.  കളിക്കാനായി ഓടുന്ന വഴിക്ക്, '' അമ്മേ, ഞാന്‍ കുളിക്കാന്‍ പോണേ'' എന്ന് ഉറക്കെ ഒരു വിളിച്ചു പറയലുണ്ട്.  വീട്ടില്‍ നിന്ന് സമാധാനമായി പറഞ്ഞിട്ട് ഇറങ്ങാമെന്ന് വച്ചാല്‍, '' ടാ കടയില്‍പോകാനുണ്ട്, പിന്നെ കളിക്കാം '' എന്ന് പറഞ്ഞ് ഉടക്കിടും. "അമ്മേ" എന്നു തുടങ്ങി............." പോണേ" എന്ന് പറഞ്ഞ് തീരുമ്പോഴേക്ക് ഞാന്‍ കായല്‍ തീരത്ത് എത്തിയിട്ടുണ്ടാകും.

  കായല്‍ക്കരയില്‍ എത്തിയാല്‍ പിന്നെ ഒറ്റച്ചാട്ടമാണ്.  നീന്തിത്തുടിച്ച്,  കണ്ണൊക്കെ കഥകളിക്കാരെപ്പോലെ ചുവന്ന് ഒരു നേരമായിട്ടെ കരയ്ക്ക് കയറൂ.  പോത്തുകള്‍ എന്നാണ് പലരും വിളിക്കാറ്. വെള്ളത്തിലിറങ്ങിയാല്‍ അവിടെ കിടക്കും.  ഞങ്ങള്‍ ശരിക്കും തവളകളെപ്പോലെ ആയിരുന്നു.  കരയിലും വെള്ളത്തിലും ജീവിക്കും.  രാജന് നന്നായി നീന്താനറിയില്ല.  ആഴം കുറഞ്ഞ സ്ഥലത്ത് നിന്നുള്ള പ്രകടനങ്ങളേ ഉണ്ടാവാറുള്ളൂ.  എന്നാലും നീന്തലില്‍ എന്നെ തോല്‍പ്പിക്കാന്‍ ചില പരിശ്രമങ്ങളൊക്കെ അവന്‍ ചെയ്യാറുണ്ട്.

അങ്ങനെയിരിക്കെ ഒരവധി ദിവസം ഞാനും രാജനും രമയും മറ്റ് കൂട്ടുകാരുമായി കായല്‍ക്കരയിലെത്തി.  നീന്തല്‍ മത്സരം അവന്‍ തന്നെ മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ്.  ഞങ്ങള്‍ സമ്മതിച്ചു.  നാലഞ്ചുപേര്‍ മത്സരിച്ചു.  രമയും മറ്റ് ചിലരും കാഴ്ചക്കാര്‍.  ഒരുമിച്ച് ചാടി മുന്നോട്ട് നീന്തി, അല്‍പ്പം കഴിഞ്ഞപ്പോള്‍ രമ എന്നെ പേരെടുത്ത് അലറി വിളിക്കുന്നത് കേട്ടാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്.  രാജന്‍ വെള്ളിത്തിലേക്ക് താഴ്ന്നു പോകുന്നു.  അവന്‍ കൈയുയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.  വെള്ളം കുറെ കുടിച്ചു.  മണലെടുത്തുണ്ടായ കയമായിരിക്കും എന്ന് എനിക്ക് മനസ്സിലായി.  സാധാരണ അത്രയ്ക്ക് ആഴം ഉള്ള സ്ഥലമല്ല.  ഒറ്റ രാത്രി കൊണ്ട് മണലെടുപ്പുകാര്‍ സ്ഥലത്ത് കുഴികള്‍ ഉണ്ടാക്കും.  ഓണപ്പരിപാടികള്‍ക്കിടയില്‍ എന്നെ പരിഹസിച്ചതു കൊണ്ട് അവനെ രക്ഷിക്കണമോ എന്ന് ഞാന്‍ ഒരു നിമിഷത്തിന്റെ ഒരംശം ആലോചിച്ചു.  എന്തായാലും ഉടനെ തിരികെ നീന്തി.  അവനെ പിടിച്ച് ആഴം കുറഞ്ഞ സ്ഥലത്തെത്തിച്ചു.  അതുകഴിഞ്ഞ് കരയ്ക്ക്  വന്നപ്പോള്‍ രമ എന്നെ അഭിനന്ദിച്ചു.  '' ഞാന്‍ വിചാരിച്ചതു പോലെയല്ലല്ലോ, നീ മിടുക്കനാണല്ലോ ''  രണ്ടാമത്തെ ലഡു പൊട്ടിയത് അപ്പോഴാണ് (മനസ്സില്‍). പക്ഷേ പിറ്റേന്ന് രാജന്റെ വീട്ടിലെത്തിയപ്പോള്‍ എന്നെ കണ്ടതും രാജന്റെ അമ്മൂമ്മ ആരോടോ എന്ന പോലെ '' കള്ളക്കൂട്ടങ്ങള്‍, കൊച്ചിനെകൊണ്ട് വെള്ളത്തിലിട്ടു '' എന്ന് പുലമ്പുന്നുണ്ടായിരുന്നത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.

പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴും ഞങ്ങള്‍ മൂന്നൂപേരും ഒരേ ക്ലാസില്‍ തന്നെയായിരുന്നു.  രമ പഠിക്കാന്‍ മോശമല്ലായിരുന്നു.  ഞാന്‍ ക്ലാസില്‍ ഒന്നാമനായി ജയിക്കണമെന്ന് എന്നെക്കാള്‍ അവള്‍ക്കായിരുന്നു ആഗ്രഹം.  അങ്ങനെ ഒന്നാമനാകുമെങ്കില്‍ എനിക്കൊരു പ്രത്യേക സമ്മാനവും അവള്‍ പ്രഖ്യാപിച്ചു.  എന്താണ് സമ്മാനം എന്ന് മാത്രം പറഞ്ഞില്ല. ഒടുവില്‍ അത് സംഭവിച്ചു.  ഞാന്‍ ക്ലാസില്‍ ഒന്നാമനായി.  സ്‌കൂളില്‍ ഒന്നാമനാകാന്‍ വേറെ ആമ്പിള്ളേരുണ്ടായിരുന്നു. രമയും ജയിച്ചു.  മോഡറേഷന്‍ എന്ന ഏണിയില്‍ കയറിയിട്ടും രാജന്‍ മുകളിലെത്തിയില്ല.  കള്ളക്കൂട്ടങ്ങളുടെ കൂട്ടുകെട്ട് കാരണമാണ് കൊച്ച് തോറ്റതെന്ന അവന്റെ അമ്മൂമ്മയുടെ ശകാരം എനിക്ക് വീണ്ടും കിട്ടി.  അവന്റെ കൂട്ടുകാരില്‍ പ്രധാനി ഞാനായതുകൊണ്ട് കള്ളക്കൂട്ടങ്ങളില്‍ പ്രധാനിയും ഞാന്‍ തന്നെയാണെന്ന് എനിക്കറിയാമായിരുന്നു.  രമ എനിക്ക് തന്ന വാക്ക് തെറ്റിച്ചില്ല.  രാജന്റെ വീട്ടിലെ തൊഴുത്തിന്റെ പുറകില്‍ വച്ച് എന്റെ കവിളില്‍ അവള്‍ ആ സമ്മാനം നല്‍കി.  അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സിലും കവിളിലും ഒരു കിരുകിരുപ്പ്.  മൂന്നാമത്തെ ലഡു പൊട്ടിയത്  അപ്പോഴാണ്.

ഒരിക്കല്‍ മാര്‍ക്ക് കുറയുകയോ തോറ്റ് പോവുകയോ ചെയ്താല്‍ തീവണ്ടിക്ക് തലവയ്ക്കാന്‍ നടക്കുന്നവര്‍ രാജനെ കണ്ട് പഠിക്കണം.  പലതവണ വീണ്ടും പരിശ്രമിച്ചെങ്കിലും രാജന് ആ കടമ്പ കടക്കാന്‍ കഴിഞ്ഞില്ല.  പക്ഷേ അവന്‍ നിരാശനായില്ല.  ശ്രമം സധൈര്യം ഉപേക്ഷിച്ചു.

പത്ര ഏജന്‍സിയും അല്‍പ്പം രാഷ്ട്രീയവുമൊക്കെയായി അവന്‍ വളര്‍ന്നു.  പക്ഷേ അവനെക്കാള്‍  വേഗം വളര്‍ന്നത് അവന്റെ കുരുട്ട് ബുദ്ധിയായിരുന്നു. കുറെ വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊരു സര്‍ക്കാര്‍ ഗുമസ്ഥനായി.  വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുള്ള കടനടയില്‍ വച്ച് അവന്‍ എന്നെ പരസ്യമായി വെല്ലുവിളിച്ചു.

'' ഒരുദിവസം ഞാന്‍ എം.എല്‍.എയും മന്ത്രിയുമൊക്കയാവും.  അന്ന് നീയൊക്കെ എന്റെ മുന്നില്‍ വന്ന് ഓച്ഛാനിച്ച് നില്‍ക്കും, നോക്കിക്കോ ''

'' രാഷ്ട്രീയക്കാരനും മന്ത്രിയുമൊക്കെയാവാന്‍ ചിലപ്പോള്‍ ഞാന്‍ വിചാരിച്ചാലും നടക്കും. പക്ഷേ ഒരു സര്‍ക്കാര്‍ ഗുമസ്ഥനെങ്കിലും ആകാന്‍ നിനക്ക് കഴിയുമോ ?  അതിന് പത്താംതരം പാസ്സാവണം '' ഞാന്‍ പറഞ്ഞു.  '' ആനമുക്കുന്നത് കണ്ട് ആട് മുക്കരുത് '' എന്നു കൂടി പറയണമെന്നുണ്ടായിരുന്നു.  പക്ഷേ അതിനു മുമ്പ് അവന്‍ രംഗത്ത് നിന്ന് അപ്രത്യക്ഷനായി.

ഒടുവില്‍ എന്റെ കല്യാണക്കാലമായി.  കല്യാണം പറയാനായി, ഞാന്‍ രാജന്റെ വീട്ടിലെത്തി.  രമയല്ല എന്റെ വധു.  അവളെ മണ്ണും ചാരി നിന്ന ഒരു എസ്.ഐ വന്ന് കല്യാണം കഴിച്ചുകൊണ്ടു പോയി.  അച്ഛനമ്മമാര്‍ കണ്ടുപിടിച്ചു തന്നെ ഒരു സാധുപെണ്ണായിരുന്നു എന്റെ വധു.

രാജന്റെ അമ്മൂമ്മ എന്നെ സ്വീകരിച്ചു.  വിശേഷങ്ങള്‍ ആരാഞ്ഞു.  വിവാഹക്കാര്യമൊക്കെ കേട്ടപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.  എന്നിട്ടു പറഞ്ഞു.

'' രാജന് കല്യാണമൊന്നുമായില്ല.  അവന് ചേരുന്ന ഒരു സുന്ദരിപ്പെണ്ണു  തന്നെ വേണം". പിന്നെ ഒപ്പം ഒന്നുകൂടി പറഞ്ഞു. ക്ഷമയുള്ള പശുവിന് തെളിഞ്ഞ വെളളം കിട്ടും. ''

    അവസാനം പറഞ്ഞത് എനിക്കിട്ടൊരു താങ്ങായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല 

പക്ഷേ വളരെക്കാലം കഴിഞ്ഞിട്ടും രാജന് തെളിഞ്ഞ വെള്ളം കിട്ടിയില്ല.  ഡിമാന്റുകള്‍ തന്നെയാണ് കാരണം.  നിറംപോര, ജോലിയില്ല, പൊക്കംകുറവ്, സ്ത്രീധനം പോര, എന്തെല്ലാം കുറ്റങ്ങള്‍.

രാജന്‍ പെണ്ണ് കണ്ട് വരുമ്പോള്‍ '' നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നീ കെട്ടണ്ടടാ മോനേ, നല്ല കിണ്ണം കാച്ചിയ പെമ്പിള്ളേര് വേറെ വരും '' എന്ന് അവന്റെ അമ്മൂമ്മ അവനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു.

ഒടുവില്‍ ഒരുനാള്‍ രാജനും കല്യാണം കഴിച്ചു.  കഴിപ്പിച്ചുവെന്ന് പറയുന്നതാവും ശരി.  അല്‍പ്പം അകലെ നിന്നായിരുന്നു വിവാഹം.  ഇന്ത്യയ്ക്ക് അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയെങ്കില്‍ രാജന് അര്‍ദ്ധ രാത്രിയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുകയായിരുന്നു.  എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയവും വിവാഹവും. എല്ലാം ഒറ്റ രാത്രിയില്‍ തന്നെ കഴിഞ്ഞു.

സരസിജമുഖിയാകും

പാറുപാര്‍ക്കുന്ന വീട്ടില്‍,

കതകട പതിവില്ല

പാതിരായാകുവോളം;

അവളുടെയനുജത്തി

ലക്ഷ്മിയെന്നൊരുത്തി

അതിരസികത്തി....

  .......................................
 

 ഒരു രാത്രി ആ സരസിജമുഖിയെ കണ്ട് രാജന്‍ സരസ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കെ, അവിടുത്തെ നാട്ടുകാര്‍ അവനെ തടഞ്ഞുവച്ചു.  പിന്നെയുള്ള ലഡുവെല്ലാം പൊട്ടിയത് രാജന്റെ നെഞ്ചത്തും മുതുകിലുമായിരുന്നു.  ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം, കിട്ടിയ ലഡുവിന് പകരമായി അതിരസികത്തിയെ കല്യാണവും കഴിച്ച് മടങ്ങി.  അങ്ങനെ ഒടുവില്‍ ക്ഷമയുള്ള പശുവിന് തെളിഞ്ഞവെള്ളം തന്നെ കിട്ടി.  

                                                                               .................

Tuesday 18 July 2017

കട്ടുട്ടി 

-ജി.ശ്രീകുമാര്‍ 

       ഒരു വയല്‍ ഉഴുത് തീര്‍ക്കണമെങ്കില്‍ എറണാകുളം വരെ നടക്കുന്ന ദൂരം നടക്കണമെന്നാണ്  അപ്പു പറയുന്നത്.  ഞങ്ങളുടെ വീട്ടില്‍ കൃഷിപ്പണിക്ക് സഹായിക്കാന്‍ വരുന്നയാളാണ് അപ്പു.  അതുകൊണ്ട് തന്നെ അപ്പുവിന് നിലമുഴുന്ന ജോലി തീരെ ഇഷ്ടമല്ല.  ബാലേഷന്‍ മാമനാകട്ടെ വയല്‍ ഉഴുന്നത് ഉഴുന്നുവട കഴിക്കുന്നതു പോലെ പഥ്യമാണ്.  വയലൊക്കെ ഉഴുതു കഴിഞ്ഞ് വിത്ത് വിതയ്ക്കുന്നതിന് മുമ്പ് ഒരു മരമടിയുണ്ട്.  പോത്തുകള്‍ വലിയ്ക്കുന്ന വലിയ മരത്തില്‍ ഇരിക്കാന്‍ സാമാന്യം ഭാരമുള്ള ആളാണെങ്കില്‍ നന്ന്.  കുട്ടിയാണെങ്കിലും കുടവയറും മറ്റുമുള്ള ഒരു കട്ടുട്ടിയായിരുന്ന ഞാന്‍ ആ ദൗത്യം ചിലപ്പോഴൊക്കെ ഏറ്റെടുക്കാറുണ്ട്.  മരത്തിന് മുകളില്‍ വീഴാതെ ബാലന്‍സ് ചെയ്തിരിക്കുന്നത് അല്‍പ്പം ശ്രമകരമായ പണിയാണ്.  ട്യൂട്ടോറിയല്‍ കോളേജില്‍ പോകാനായി അതിരാവിലെ തന്നെ എന്റെ സഹപാഠികള്‍ ബുക്കുകളും ചോറുപാത്രവുമായി നടന്നു പോകുമ്പോള്‍ ഫീസ് മുടങ്ങിയ കാരണം പറഞ്ഞ് ട്യൂഷന് പോകാതെ വയലിലെ ചെളിയിലെവിടെങ്കിലുമായിരിക്കും ഞാന്‍.  അല്ലെങ്കില്‍ അപ്പുവിന്റെ മകനെയും കൂട്ടി തോര്‍ത്ത് ഉപയോഗിച്ച് തോട്ടിലെ മാനത്തുകണ്ണിയെ പിടിക്കലാവും. 

എന്തായാലും എനിക്ക് കൃഷിപ്പണിയിലാണ് കമ്പമെന്ന് എന്റെ വീട്ടുകാര്‍ക്ക് പറയാന്‍ കാരണമായത് ഇതൊക്കെയാണ്.  അല്ലാതെ ഫീസ് കൊടുക്കാനില്ലാത്തതു കൊണ്ടാണ് ട്യൂഷന് പോകാത്തതെന്നും  ട്യൂഷനിലെങ്കിലും അവരെക്കാളൊക്കെ മാര്‍ക്ക് ഞാന്‍ വാങ്ങാറുണ്ടെന്നതും അവര്‍ സൗകര്യപൂര്‍വ്വം വിട്ടുകളയാറുണ്ട്.  

ബാലേഷന്‍ മാമന്റെ വയലുകള്‍ക്കപ്പുറം കായലിനോട് ചേര്‍ന്ന് ഞങ്ങള്‍ക്കൊരു കണ്ടമുണ്ട്.  ബാലേഷന്‍ മാമന്‍ കലപ്പയുമായി പോകുന്നത് കാണുമ്പോഴാണ് അടുത്ത കൃഷിയുടെ സമയമായെന്ന് എന്റെ വീട്ടുകാര്‍ അറിയുന്നത്.  അതോടെ എനിക്കും പണിയാകും.  പറമ്പിലെ കൊന്നയും മഞ്ചുണാത്തിയുമൊക്കെ വെട്ടിയരങ്ങി തലച്ചുമടാക്കി വയലില്‍ കൊണ്ടുപോയി ചെളിയില്‍ താഴ്ത്തുക, ചാണകം ചുമന്ന് വയലിലെത്തിക്കുക, ഇതൊക്കെയാവും പണികള്‍. 

മറ്റ് വയലുകളെക്കാള്‍ താഴ്ന്നതായിരുന്നു ഞങ്ങളുടെ പുഞ്ചക്കണ്ടം.  ഇരുപൂ കൃഷിയാണെങ്കിലും അവിടെ കൊയ്യണമെങ്കില്‍ മുങ്ങല്‍ വിദഗ്ധര്‍ തന്നെ വേണം. ഓരോ തവണ കൊയ്യാറാകുമ്പോഴേക്കും ഞങ്ങളുടെ പുഞ്ചക്കണ്ടം കായലിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടാകും.  മഴയത്ത് കായലില്‍ വെള്ളം നിറയുമ്പോള്‍ ആദ്യം തന്നെ ഞങ്ങളുടെ കണ്ടവും മുങ്ങും.  ഒടുവില്‍ മുങ്ങിത്തപ്പി എന്തെങ്കിലുമൊക്കെ കൊയ്‌തെടുക്കും. വയല്‍ നികത്തി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്ന കലാപരിപാടി അപ്പോള്‍ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.

       ബ്രേക്ഫാസ്റ്റ് നല്ല ചമ്പാവരിയുടെ പഴങ്കഞ്ഞിയാണ്.  അതില്‍ തൈരും ഉപ്പും പച്ചമുളകുമൊക്കെ ചേര്‍ത്ത് ഞരടിപ്പൊടിച്ച് കലക്കി ഒരു വലി.  ചിലപ്പോള്‍ ഒരു അച്ചാര്‍ കൂടെയുണ്ടാകും.  അത് കുടിച്ചു കഴിയുമ്പോള്‍ കണ്‌ഠേശ്വരം മുതല്‍ മൂലമറ്റം വരെ ഒരു കുളിരുകോരും.

      വയലില്‍ വെള്ളം നിറഞ്ഞാല്‍ കായലില്‍ നിന്ന് ധാരാളം മീനുകള്‍ വയലുകളിലെത്തും.  അപ്പോള്‍ രാത്രിയായാല്‍ മീന്‍ വെട്ട് എന്നൊരു തന്ത്രമുണ്ട്.  നല്ല പ്രകാശമുള്ള ടോര്‍ച്ച് വെള്ളത്തിലേക്ക് പ്രകാശിപ്പിക്കും.  വെളിച്ചം കാണുമ്പോള്‍ മീനുകള്‍ അനങ്ങാതെ നില്‍ക്കും.  മൂര്‍ച്ചയുള്ള കത്തി കൊണ്ട് ഒറ്റ വെട്ട്.  പരസ്യത്തില്‍ ഫെവിക്കോള്‍ ഒട്ടിച്ച് മീന്‍ പിടിക്കുന്നത് കണ്ടിട്ടില്ലേ.  അതിനേക്കാള്‍ വേഗത്തില്‍ കുറെ മീനുകളെ പിടിക്കാം.  ചില വിരുതന്മാര്‍ മാളങ്ങളില്‍ കയ്യിട്ട് ഞണ്ടുകളെയും പിടിക്കും.  അവിടെ കാത്തിരിക്കുന്നത് ശംഖുവരയനോ എട്ടടിവീരനോ മറ്റോ ആണെങ്കിലോ എന്ന് കരുതി ഞാന്‍ ആ സാഹസത്തിന് മുതിരാറില്ല. 

       ചാണകം ചുമന്ന് വയലിലെത്തിക്കുക എന്ന പണി പലപ്പോഴും ഞാനൊഴിവാക്കാറുണ്ട്.  അത് അപ്പുവിന് നല്‍കും.  8- ബിയിലെ മായ വയലിനരുകിലെ വഴിയിലൂടെയാണ് സ്‌കൂളിലേക്ക് പോകുന്നത്.  എനിക്ക് ഒരിത് തോന്നിയിട്ടുള്ളത് അവളോട് മാത്രമാണ്.  ഞാന്‍ ചാണകം ചുമന്നുകൊണ്ടു പോകുന്നത് കണ്ട് എന്നോട് ഉണ്ടെന്ന് ഞാന്‍ മാത്രം കരുതുന്ന ആ ഒരിത് ഇല്ലാതാക്കേണ്ടതില്ലല്ലോ എന്ന് കരുതിയാണ് ഞാന്‍ അതിന് മുതിരാത്തത്.  പക്ഷേ വയലില്‍ വിത്തിടാന്‍ ചാണകം എത്തിക്കേണ്ട ഒരടിയന്തിരഘട്ടത്തില്‍ അപ്പു ലീവെടുത്തു.  ചാര്‍ജ്ജ് എനിക്കായി.  ഒടുവില്‍ ഞാന്‍ തലയില്‍ സംഗതി ചുമന്നു കൊണ്ട് പോയപ്പോള്‍ കൃത്യമായി അവള്‍ എതിരെ വന്നു.  തലയിലെ ചാണകം വഴിയില്‍ കളഞ്ഞ് കുട്ടയെടുത്ത് തലയില്‍ മൂടിയാലോ എന്നാലോചിച്ചു.  അന്ന് ദിലീപിന്റെ സിനിമ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ആളറിയാതിരിക്കാന്‍ ചട്ടുകാലനായി അഭിനയിക്കാനുള്ള ബുദ്ധിയൊന്നും തോന്നിയതുമില്ല.  ആള്‍ മാറാട്ടത്തിന് അന്നൊക്കെ ഞങ്ങളുടെ അറിവിലെ വിദ്യ പ്രേംനസീര്‍ സിനിമയിലേതു പോലെ കവിളില്‍ മറുക് ഒട്ടിക്കുകയാണ്.  എന്തു ചെയ്യണമെന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും അവള്‍ അടുത്തെത്തിക്കഴിഞ്ഞു.  

 "അകത്തും പുറത്തും ചാണകമാണല്ലോ" അവള്‍ പറഞ്ഞു.  

"പോടി മാക്രീ" ഞാനും വിളിച്ചു.  

അപ്പോഴത്തെ ദേഷ്യത്തിന് വിളിച്ചതാണ്.  പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നി.  ദ്വിമാനസമവാക്യത്തിന്റെ പൊതുരൂപം കാണാതെ പഠിച്ചിട്ട് എന്റെ തലയില്‍ നില്‍ക്കാത്തതിന് കണക്ക് മാഷ് നിന്റെ തലയിലെന്താ ചാണകമാണോ എന്ന് ചോദിച്ചതാണ് അവള്‍ എനിക്കിട്ട് താങ്ങിയത്.  മറ്റൊരിക്കല്‍ മായയുടെ കൂട്ടുകാരി ജയശ്രീ ക്ലാസില്‍ എന്തോ പറഞ്ഞത് കേട്ട് അവള്‍ നിര്‍ത്താതെ ചിരിച്ചു.  സാറിനെ കളിയാക്കിയതാണെന്ന് കരുതി സയന്‍സ് സാര്‍ അവളുടെ ചെവി പൊന്നാക്കി.  ജയശ്രീ മാക്രിയുടെ സ്‌പെല്ലിംഗ് പറഞ്ഞത് കേട്ടാണവള്‍ക്ക് ചിരി നിര്‍ത്താന്‍ കഴിയാത്തത് എന്ന് പിന്നീടെല്ലാവരും അറിഞ്ഞു.  'എം.എ.ക്രി.ക്രി.വൈ' എന്നതായിരുന്നു മാക്രിയുടെ സ്‌പെല്ലിംഗ്.

      എന്തായാലും എന്റെ ക്വിക്‌റെസ്‌പോണ്‍സ് ഫലം ചെയ്തു.  സ്‌കൂളില്‍ ചെന്നപ്പോള്‍ ചാണകവിഷയം ആരും അറിഞ്ഞിട്ടില്ല.  മായ എന്നോട് കൂടുതല്‍ പരിഗണനയോടെ പെരുമാറാന്‍ തുടങ്ങി.  മാക്രിയെന്ന പേര് പതിഞ്ഞ് കിട്ടിയാല്‍ പിന്നെ മാറില്ലെന്നവള്‍ക്കറിയാം.            പക്ഷേ അവളുടെ ഇടയ്ക്കിടെയുള്ള നോട്ടവും കരുതലുമൊക്കെ എന്നെ വഴിതെറ്റിച്ചു.  പുസ്തകമെടുത്താല്‍ അവളക്കുറിച്ചായി ചിന്ത.  ഞങ്ങളൊരുമിച്ച് വണ്ടിയോടിച്ച് താമരശ്ശേരി ചുരം കയറി പോകുന്നതും മരം ചുറ്റി ഓടുന്നതുമൊക്കെയായി എന്റെ ചിന്തകള്‍.  

    സാധാരണ പ്രേമത്തില്‍ കുരുങ്ങി ബലിയാടാകാറുള്ളത് ആണ്‍കുട്ടികളാണ്.  കാമുകിമാരായ പെണ്‍കുട്ടികള്‍ ഫസ്റ്റ് ക്ലാസില്‍ പാസാവുന്നതും കാമുകന്മാര്‍ പരീക്ഷക്ക് മുട്ടയിട്ട് ആലിന്‍ചുവട്ടിലോ കടത്തിണ്ണയിലോ കറങ്ങി നടന്ന് കാലക്ഷേപം നടത്തുന്നതുമാണ് ഇത്തരം കഥകളിലെ ഇതിവൃത്തം. പക്ഷേ ഇവിടെ സംഗതി നേരെ തിരിഞ്ഞു.  എസ് എസ് എല്‍ സി റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസില്‍ പാസായി; മായ തോറ്റു.  അന്ന് ഒരു വിഷയത്തില്‍ തോറ്റാലും മുഴുവനും വീണ്ടുമെഴുതണം.  മാര്‍ച്ച്, സെപ്റ്റംബര്‍, സെപ്റ്റംബര്‍, മാര്‍ച്ച് അങ്ങനെ പോകും.  ഇപ്പോഴത്തെ മാതിരി മഴയത്ത് സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന കുറ്റത്തിന് എസ്.എസ്.എല്‍.സി. പാസാക്കുന്ന ശിക്ഷാ നടപടി നിലവില്‍ വന്നിട്ടില്ല. 

റിസള്‍ട്ട് വന്നതിന്റെ പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ മായയുടെ അനുജന്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നു.  ഇനി തല്ലാനാണോ എന്നായി എന്റെ ചിന്ത.  ഒരുവിധം ജനലിലൂടെ തല പുറത്തേക്കിട്ട് വന്ന കാര്യം പറയ് എന്നമട്ടില്‍ ഞാനവനെ നോക്കി. 

"ചേട്ടന്റെ നോട്ടുകള്‍ തന്നയയ്ക്കുമോ എന്ന് ചോദിച്ചു.  ചേച്ചിയ്ക്ക് പഠിക്കാനാ." 

 കര്‍ണ്ണന്‍ കവചകുണ്ഡലങ്ങള്‍ നല്‍കിയതു പോലെ വേദനയോടെ ഞാനത് നല്‍കി.  സമയം കിട്ടിയിരുന്നെങ്കില്‍ ഒരു ലേഖനം കൂടി എഴുതിനല്‍കുമായിരുന്നു.  മുമ്പ് പലവട്ടം അതാലോചിച്ചതാണ്.  അവള്‍ക്കു നല്ല ആരോഗ്യമുള്ള ഒരു ചേട്ടന്‍ കൂടി ഉള്ളതാണ് എന്നെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. 

        അവള്‍ സെപ്റ്റംബറില്‍ തന്നെ പാസായി.  എനിക്ക് കോളേജിലൊന്നും പോകാനുള്ള കുടുംബസ്ഥിതി ഉണ്ടായിരുന്നില്ല.  മായ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ അവളുടെ അച്ഛന്‍ മരിച്ചു.  അവള്‍ക്ക് അച്ഛന്റെ ജോലിയും കിട്ടി. 

         എന്റപ്പനും പനയില്‍ നിന്ന് വീഴും അപ്പോള്‍ ഞാനും സൂപ്പ് കുടിക്കുമെന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല.  കാരണം എന്റച്ഛന് ജോലിയുണ്ടായിരുന്നില്ല.  അവള്‍ ഏതോ വലിയ ഉദ്യോഗസ്ഥനെയും കെട്ടി നഗരത്തിലെവിടെയോ പാര്‍ക്കുന്നു.

 കഥകളിലെ ഇതിവൃത്തം ശരിയാണെന്നു പിന്നീട് തോന്നി.

എന്റെ വീട്ടുകാര്‍ പ്രവചിച്ചതു പോലെ കായലിലെ വെള്ളത്തില്‍ മുങ്ങി നെല്ല് കൊയ്തും വരാലുകളെ പിടിച്ചും ഞാനീ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്നു.

                                                                               ......

Monday 17 July 2017

നീര്‍ക്കോലിച്ചതി 

ജി.ശ്രീകുമാര്‍

 

           ണ്‍പതുകളില്‍ ഞങ്ങള്‍ കാമുകന്മാരുടെ അവസ്ഥ വളരെ കഷ്ടമായിരുന്നു.  മൊബൈലും ഫേസ്ബുക്കും ബൈക്കും ഒന്നുമില്ല.  വെറുമൊരു സൈക്കിള്‍.  ഡബിള്‍മുണ്ടും ഷര്‍ട്ടുമൊക്കെയായി സൈക്കിളും ഉന്തി വല്ല ബസ് സ്റ്റോപ്പിലോ അമ്പലനടയിലോ ഒക്കെ നടക്കും.  വല്ല ലൈനും തടഞ്ഞെങ്കിലായി.  

കാമുകന്‍ എന്ന് പറഞ്ഞെങ്കിലും എല്ലാം വണ്‍വെ ട്രാഫിക് ആയിരുന്നു.  ആരും ഇങ്ങോട്ട് പ്രേമിക്കുന്നില്ല. എല്ലാവരെയും ഞാനങ്ങോട്ട് പ്രേമിക്കുക മാത്രമായിരുന്നു.  ഞാന്‍ പ്രേമിക്കുന്നവര്‍ അത് മടക്കി തരാത്തത് എന്റെ മുഖസൗന്ദര്യം കണ്ടിട്ടാണെന്ന് എനിക്കറിയാമായിരുന്നു.  നല്ല സുന്ദരന്മാരായ ചുള്ളന്മാര്‍ ചുറ്റിലുമുള്ളപ്പോള്‍ എന്തിന് റിസ്‌ക് എടുക്കണമെന്നവര്‍ കരുതിക്കാണും. 

എന്നാലും പെണ്‍പിള്ളേരുടെ പുറകെ നടക്കുക എന്നത് അന്നത്തെ ഞങ്ങള്‍ ചെറുപ്പക്കാരുടെ മൗലിക അവകാശമായിരുന്നു.  ഇപ്പോള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.  ഒരു കോള്‍, അല്ലെങ്കില്‍ ഒരു മിസ്ഡ് കാള്‍ മതി ഒരുത്തിയെ വളച്ചെടുക്കാന്‍. 

       രാധിക ഞങ്ങളുടെ നാട്ടിലെ ഒരു സാമാന്യം നല്ല സുന്ദരിക്കുട്ടിയായിരുന്നു.  ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്ന് അല്‍പ്പം ടൈപ്പ് റൈറ്റിംഗും ഒക്കെയായി ഒരുവിധം പഠിക്കുന്നുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി നടക്കുന്നു.  വായ്‌നോട്ടമാണ് ഹോബി.  ക്ലാസ് കഴിഞ്ഞു വന്നാല്‍ കുറേ നേരം വിജ്ഞാന ദായിനി വായനശാലയില്‍.  പിന്നെ അമ്പലനടയില്‍ അല്ലെങ്കില്‍ കടത്തിണ്ണയില്‍.  എവിടെയും വായ്‌നോട്ടം തന്നെയാണ് പ്രധാന വിനോദ പരിപാടി.  ടെലിവിഷം അത്രയ്ക്കങ്ങ് ആസ്വാദ്യകരമായി തുടങ്ങിയിരുന്നില്ല.  പാമ്പിന്റെ ചായകടയിലെ കണ്ണാടിപ്പെട്ടിയിലെ മോദകവും വടയുമാണ് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ എന്നെ വായ്‌നോട്ടം ശീലിപ്പിച്ചത്.  ഞങ്ങളുടെ നാട്ടിലെ ചായക്കട മുതലാളിയാണ് പാമ്പ്.  നാട്ടുകാര്‍ക്ക് ചായക്കടയില്‍ പറ്റ് പടിയാണ്.  പാമ്പിനാണെങ്കില്‍ കായലിനക്കരെയുള്ള കള്ള് ഷാപ്പിലായിരുന്നു പറ്റ്പടി.  സന്ധ്യകഴിഞ്ഞാല്‍ പുള്ളി ഒരു വിഷ പാമ്പാണ്.  

      രാധിക എന്നെക്കാള്‍ ഏതാനും വയസ്സിന് ഇളയതാണ്.  കായലിന് സമീപമുള്ള വയല്‍ വരമ്പിലൂടെ നടന്നാല്‍ അവള്‍ക്ക് വേഗത്തില്‍ വീട്ടിലെത്താം.  പലപ്പോഴും അവളുടെ അച്ഛന്‍ തന്റെ ' ലാബ്രട്ട' സ്‌കൂട്ടറില്‍ അവളെ സ്‌കൂളില്‍ കൊണ്ടുവിടുകയായിരുന്നു പതിവ്.  അക്കാലത്ത് സ്വന്തമായി സ്‌കൂട്ടറുള്ള അപൂര്‍വ്വം നാട്ടുകാരിലൊരാളായിരുന്നു അവളുടെ അച്ഛന്‍. 

         ഒരുദിവസം ഞാന്‍ വളരെ പ്രധാനമായ ഒരു തീരുമാനമെടുത്തു.  പലരുടേയും പുറകെയുള്ള നടപ്പ് മതിയാക്കി എന്റെ പ്രേമം രാധികയിലുറപ്പിച്ചു മുന്നോട്ടുപോവുക എന്നതായിരുന്നു ആ തീരുമാനം.  പക്ഷേ മറ്റെല്ലാവരെയും പോലെ അവളും എന്നെ അവഗണിക്കുകയാണ് ചെയ്തത്.  അവളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്റെ ശ്രമങ്ങളെല്ലാം അവള്‍ കണ്ടില്ലെന്ന് നടിച്ചു. 

          അവളുടെ ക്ലാസില്‍ പഠിക്കുന്ന എന്റെ അയല്‍ക്കാരനായ രാജുവിനോട് അവള്‍ക്ക് ക്ലാസ്സില്‍ വല്ല പ്രേമവും ഉണ്ടോ എന്ന് വളഞ്ഞവഴിയിലൂടെ ഞാന്‍ തിരക്കി.  അവള്‍ക്ക് ആരോടും അങ്ങനെയൊന്നുമില്ലെന്നും അവനുള്‍പ്പെടെ പലരും ഭൈമീകാമുകന്മാരാണെന്നും അവനില്‍ നിന്ന് മനസ്സിലാക്കി.        പാടില്ല ; ഈ പ്രായത്തില്‍ ഇത്തരത്തിലൊന്നും ചിന്തിക്കുക പോലും ചെയ്യരുതെന്ന് ഞാന്‍ അവനെ ഉപദേശിച്ച് നേര്‍വഴിക്കാക്കി.  ഇപ്പോള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കുക.  എങ്കിലേ ജീവിതവിജയം നേടാനാകൂ എന്നൊക്കെ.'ശിവ്‌ഖേര' മട്ടില്‍ ഞാന്‍ ഉപദേശിച്ചു.  ഒരു ശത്രുവിനെയെങ്കിലും ഒഴിവാക്കാന്‍ കഴിഞ്ഞല്ലോ എന്ന് ഞാന്‍ ഉള്ളുകൊണ്ട് സമാധാനിച്ചു. 

ഞാന്‍ എന്റെ പ്രകടനങ്ങള്‍ തുടര്‍ന്നു.  അവള്‍ അവ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയും ചെയ്തു.  ദിവസം കഴിയുന്തോറും എന്റെ പ്രേമം കൂടികൂടി വന്നു.  അവള്‍ എവിടെയെത്തിയാലും  ഞാനവിടെയുണ്ടാവും.  അവള്‍ എന്നൊക്കെയാണ് അമ്പലത്തില്‍ വരുക, എന്നൊക്കെയാണ് കായല്‍ തീരത്തു കൂടി നടന്നു പോവുക എന്നൊക്കെ ഞാന്‍ കണക്ക്കൂട്ടി കണ്ടുപിടിച്ചു.  ഗണിതശാസ്ത്രത്തില്‍ ഞാന്‍ അപാര മിടുക്കനായിരുന്നല്ലോ.  അതുകൊണ്ടാണ് ഫസ്റ്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേര്‍ന്നിട്ടും ഡിഗ്രിയെത്തിയപ്പോള്‍ ഹിസ്റ്ററി മെയിന്‍ ആയത്. 

      എങ്ങനെയെങ്കിലും എന്റെ പ്രേമം അവളെ അറിയിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു.  അതിനായി എനിക്കറിയാവുന്ന മികച്ച മലയാളപദങ്ങള്‍ കൊണ്ട് ഒരു പ്രേമകാവ്യം തന്നെ രചിച്ച് അവസരവും കാത്തിരുന്നു.  പ്രേമം ഏതുവങ്കനെയും കവിയും കഥാകാരനുമാക്കുമല്ലോ.  പ്രേമം സഫലമായാല്‍ അതോടെ കഴിഞ്ഞു കവിത.  പിന്നെ കുളിമുറിയില്‍ പോലും കവിത മൂളുകയില്ല.  കവികളെ കണ്ടാല്‍ ഓടിച്ചിട്ട് തല്ലാനാണ് തോന്നുക.  പ്രേമം സഫലമാവാത്തവര്‍ കവികളായും കഥാകാരന്മാരും ആയി ജീവിതം തുടരും.  ഇതാണ് ജീവിതസത്യം. 

അങ്ങനെ തല്‍സമയം ഞാനും ഒരു കവിയായി.  ഒരുദിവസം രാവിലെ പാലുവാങ്ങാന്‍ രാഘവേട്ടന്റെ വീട്ടില്‍ പോയിവരുമ്പോഴാണ് അവളുടെ അച്ഛന്‍ പെട്ടിയും തൂക്കി നടന്നു പോകുന്നത് കണ്ടത്.  ഇനി ഏതാനും ദിവസം അദ്ദേഹം ടൂറിലായിരിക്കുമെന്ന് എനിക്ക് മനസ്സിലായി.  ഇന്നവള്‍ വയല്‍ വരമ്പിലൂടെയാവും വരുക എന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു. 

      ധാരാളം തെങ്ങുകള്‍ പട്ടാളക്കാരെപോലെ നിരനിരയായി നില്‍ക്കുന്ന വയല്‍ വരമ്പില്‍ ഞാന്‍ കാത്തു നിന്നു.  അധികമാരും സഞ്ചരിക്കാത്ത വഴിയായതു കൊണ്ടാണ് അവിടം തെരഞ്ഞെടുത്തത്.  അവള്‍ തൊട്ടടുത്തെത്തിയപ്പോള്‍ ഞാന്‍ ധൈര്യം സംഭരിച്ച് അവളുടെ മുന്നിലേക്ക് ചെന്നു.  ചിരിക്കാന്‍ ശ്രമിച്ചു. സാധിച്ചില്ല. ചമ്മി വളിച്ച് വിറയലോടെയാണെങ്കിലും ഞാന്‍ എന്റെ കയ്യിലെ കത്ത് അവള്‍ക്ക് നീട്ടി. 

എന്താത് ? അവള്‍ ചോദിച്ചു. 

'' രാധികയ്ക്കുള്ള ഒരു കത്താണ്, ഇത് വാങ്ങണം '' 

ഒരുവിധം പറഞ്ഞൊപ്പിച്ചു. 

'' കത്തോ, എനിക്കെന്തിനാ കത്ത് ; എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞാല്‍ പോരെ '' 

പറയാന്‍ ധൈര്യം പോര എന്ന് ഞാന്‍ പറഞ്ഞില്ല. 

'' ഇതു വാങ്ങൂ '' ഞാന്‍ ദൈന്യമായി വീണ്ടും അപേക്ഷിച്ചു. 

''വാങ്ങാം '' പക്ഷേ ഞാനിത് വായിക്കില്ല.  അച്ഛന്റെ കയ്യില്‍ കൊടുക്കും.  സമ്മതമെങ്കില്‍ തന്നോളൂ '' 

അവള്‍ അത് പറഞ്ഞ നിമിഷം തന്നെ ഞാന്‍ രംഗത്ത് നിന്നും അപ്രത്യക്ഷനായി. 

''വൈ ദിസ് കെലവെറി ഡീ ''..... എന്ന് പാടാനാണ് തോന്നിയത്.  അവളെ വളയ്ക്കുന്ന പരിപാടി നടക്കില്ലെന്ന് എനിക്ക് മനസ്സിലായി.  എങ്കിലും എന്റെ പ്രേമം ; അത് ഞാന്‍ കൈവിട്ടില്ല. 

  മഴക്കാലത്ത് കായലില്‍ വെള്ളം കയറുമ്പോള്‍ വയലിലും വരമ്പിലുമൊക്കെ വെള്ളം നിറയും.  അപ്പോള്‍ നീര്‍ക്കോലികള്‍ വയല്‍വരമ്പിലും  തോട്ടുവക്കിലും ഉള്ള ചെറുസുഷിരങ്ങളില്‍ കയറി തലമാത്രം പുറത്തേക്കിട്ട് ചിന്താമഗ്നരായി ഇരിക്കും.  ഇടയ്ക്കിടെ നാക്ക് നീട്ടികാണിക്കും.  ആ സമയത്ത് ഞങ്ങള്‍ക്കൊരു വിനോദമുണ്ട്.  നീളത്തിലുള്ള ഒരു ഈര്‍ക്കിലിന്റെ അറ്റത്ത് കുരുക്കിട്ട് വരമ്പിന് മുകളില്‍ നിന്ന് സാവധാനം നിര്‍ക്കോലിയുടെ കഴുത്തിലേക്ക് അത് കടത്തി ഒറ്റവലി.  അവനിങ്ങ് പോരും.  ഉടനെ ഉടലുകൊണ്ട് അത് അത് ഈര്‍ക്കിലില്‍ മുകളിലേക്ക് ചുറ്റും.  ഈര്‍ക്കിലിന് നീളം കുറവെങ്കില്‍ കയ്യില്‍ നീര്‍ക്കോലിയുടെ വാല്‍ കൊണ്ടുള്ള അടികിട്ടും.  നീളമുള്ള ഈര്‍ക്കിലാണെങ്കില്‍ പ്രശ്‌നമില്ല.  കുറെ നേരം തലകീഴായി സ്‌പ്രിങ്‌  മാതിരി ചുറ്റിക്കിടന്ന ശേഷം പ്രതീക്ഷയറ്റതു പോലെ താഴേക്ക് തൂങ്ങിക്കിടക്കും.  കടുത്ത സാഡിസ്റ്റുകളല്ലാത്തതിനാല്‍ കുറെകഴിഞ്ഞ് ഞങ്ങള്‍ കെട്ടഴിച്ച് രക്ഷപ്പെടുത്തുകയും ചെയ്യും. 

   രാധിക വയല്‍വരമ്പിലൂടെ വരുമെന്ന് പ്രതീക്ഷിച്ച ഒരു ദിവസം ഞാന്‍ ഒരു നീര്‍ക്കോലിയെ കുടുക്കി.  അവള്‍ വരുന്നതിന് തൊട്ട്മുമ്പ് വരമ്പിലേക്ക് ചാഞ്ഞ് നിന്നിരുന്ന ഓലയില്‍ കെട്ടിയിട്ടു.  ഞാന്‍ അല്‍പ്പം അകലെ മാറിനിന്നു.  അവള്‍ നീര്‍ക്കോലിയെ കണ്ട് പേടിക്കണമെന്നും അപ്പോള്‍ ധീരനായ ഞാന്‍ ചെന്ന് അതിനെ അവിടെ നിന്ന് എടുത്തു മാറ്റണമെന്നും ഒക്കെയായിരുന്നു പ്ലാന്‍.  അശ്രദ്ധമായി നടന്നു വന്ന അവള്‍ പെട്ടെന്ന് തന്റെ മുന്നില്‍ തൂങ്ങിനില്‍ക്കുന്ന നീര്‍ക്കോലിയെകണ്ട് ''അയ്യോ പാമ്പ് '' എന്ന് നിലവിളിച്ചതും വയല്‍വരമ്പിന്റെ താഴേക്ക് വീണതും ഒരുമിച്ചായിരുന്നു.  അവിടെ വേനല്‍കാലത്ത് വാഴയ്ക്ക് വെള്ളമെടുക്കാന്‍ തയ്യാറാക്കിയിരുന്ന ഒരു ചെറിയ കുളമായിരുന്നു.  വയലാകെ വെള്ളം കയറിക്കിടന്നതിനാല്‍ ആ കുളം അവിടെയുള്ള സംഗതി ഞാനും ഓര്‍മ്മിച്ചിരുന്നില്ല.  അതിലേക്കാണവള്‍ വീണത്.  ബാഗും കുടയും എല്ലാം കൂടി വെള്ളത്തില്‍ വീണ് നിലവിളിക്കുന്ന രാധികയെ ഒറ്റച്ചാട്ടത്തില്‍ തന്നെ ഞാന്‍ രക്ഷിച്ചു.  മേലാസകലം ചെളിയും വെള്ളവുമായതിനാല്‍ അന്ന് സ്‌കൂളില്‍ പോകാതെ കരഞ്ഞു കൊണ്ട് അവള്‍ വീട്ടിലേക്ക് തിരിച്ചുപോയി.  പിന്നൊരിക്കലും അതുവഴി അവള്‍ നടന്നു വന്നിട്ടില്ല. 

      ഞാനാണ് ആ കൊലച്ചതി ചെയ്തതെന്ന് അവളറിഞ്ഞില്ല ; ആരും അറിഞ്ഞില്ല.  എന്റെ ഭാഗ്യം.  എന്നാല്‍ ആ സംഭവത്തിനു ശേഷം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ടായിരുന്നു.  പിന്നെ ആ പുഞ്ചിരി പ്രേമമായി മാറി.  ഒടുവില്‍ അത് സഫലമായി.  ഇന്ന് രണ്ട് കുട്ടികളുടെ അമ്മയായി അവള്‍ എന്നൊടൊപ്പം കഴിയുമ്പോള്‍  കവിതയെഴുത്ത് എന്ന അസുഖവും എനിക്ക് മാറിക്കിട്ടി.

       ഇതുവരെ ആ നീര്‍ക്കോലിച്ചതി ചെയ്തത് ഞാനാണെന്ന് പറഞ്ഞിട്ടില്ല.  അവള്‍ വിവാഹമോചനത്തിന് കേസ് കൊടുത്താലോ.  

                                                 ...................

Saturday 15 July 2017

ജഹാം സോച് വഹാം.......   

 - ജി.ശ്രീകുമാര്‍
 (കഴിഞ്ഞ വര്‍ഷം, അതായതു 2016 -ല്‍ എഴുതിയതാണ് )

 

ബാലേഷന്‍ മാമന്റെ കട എന്നും രാത്രിയാണ് തുറക്കുക.  പകല്‍ കൃഷിപ്പണിയൊക്കെ കഴിഞ്ഞ് സന്ധ്യമയങ്ങിയ ശേഷം അദ്ദേഹം കടയിലേക്ക് നടക്കും.  വലിയ അധ്വാനിയാണ്.  നിലമുഴുന്നതിനായി രണ്ട് വലിയ പോത്തുകളും ധാരാളം പശുക്കളും വയലുകളും പറമ്പുമൊക്കെയുണ്ട്.  കൃഷിക്കാലമായാല്‍ ഓരോ ദിവസവും പോത്തുകളെ തെളിച്ച് കലപ്പയും തോളിലേന്തി വയലുകളിലേക്ക് പോകും.  ഓരോരോ വയലായി ഉഴുതു മറിക്കും.  വയലില്‍ ഉഴുതു കൊണ്ട് നടക്കുമ്പോള്‍ ഞാന്‍ അതുവഴിയെങ്ങാനും പോകുന്നത് കണ്ടാല്‍ ഉറക്കെ വിളിക്കും. 

കൊമരാ..........

ഞാനടുത്തു ചെല്ലും. 

കൊമരാ നീ പോയി കുറച്ച് മാങ്ങാക്കറിയും വെള്ളവും കൊണ്ടുവാ.

ഒരു കിണ്ണത്തില്‍ കടുമാങ്ങാ അച്ചാറും വലിയ ഒരു മൊന്തയില്‍ നിറയെ വെള്ളവും കൊണ്ട് ചെല്ലുമ്പോള്‍ അത് വാങ്ങി അച്ചാര്‍ വായിലേക്ക് കുടഞ്ഞ് മടമടാന്ന് വെള്ളം മുഴുവന്‍ കുടിക്കും.  എന്നിട്ട് പറയും. 

'ഇത് മൂക്കില്‍ വലിക്കാനല്ലേ ഉള്ളൂ'. 

മാമനെന്ന് പറഞ്ഞാല്‍ എന്റെ അമ്മയുടെ ആങ്ങളയൊന്നുമല്ല.  വകയിലൊരമ്മാവന്‍ അത്ര തന്നെ. 

         ബാലേഷന്‍ മാമന്റെ കട അന്തിക്കടയാണെങ്കിലും എല്ലാവിധ പലവ്യഞ്ജനങ്ങളും ഉണ്ടാവും.  പക്ഷേ ഞങ്ങള്‍ക്ക് പറ്റുപടിയായതിനാല്‍ റെഡി കാശുള്ളവരെ മുഴുവന്‍ പറഞ്ഞയച്ചിട്ടേ ഞങ്ങളുടെ തുണ്ട് എടുക്കുകയുള്ളൂ.  ഏഴു മണിക്ക് തന്നെ കടയിലെത്തിയാലും ഒമ്പതരമണിയ്‌ക്കെത്തിയാലും സാധനങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍ പത്തു മണി കഴിയും.  മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കടയില്‍ പോവേണ്ടതുള്ളൂ.  പാഠപുസ്തകം വായനയും പഠിത്തവും എനിക്ക് ഭയങ്കര ഇഷ്ടമായതിനാല്‍ കടയില്‍ പോകേണ്ട ദിവസം സന്ധ്യയാകുമ്പോഴേ തന്നെ ഞാന്‍ കടയിലേക്ക് പുറപ്പെടും.  ചിലപ്പോള്‍ അനുജനും കൂടെയുണ്ടാവും.  കടനടയില്‍ വെടിവട്ടം പറഞ്ഞിരിക്കാന്‍ ഒത്തിരിപേരുണ്ടാവും.  അവരുടെ വെടിത്തമാശകള്‍ കുറച്ചു മാത്രമേ എനിക്ക് മനസിലാകുമായിരുന്നുള്ളൂ.  എങ്കിലും ഉള്ളതാവട്ടെ എന്ന് കരുതി ഞാന്‍ കാത് കൂര്‍പ്പിച്ചിരിക്കാറുണ്ട്.  ടെലിവിഷം ജീവിതത്തിന്റെ ഭാഗമായിട്ടില്ലാത്ത കാലമായതു കൊണ്ട് പണിയില്ലാത്ത ചെറുപ്പക്കാരുടെ ഒത്തുചേരലും അവിടെയായിരുന്നു. 

മുളക്, മല്ലി, മഞ്ഞള്‍, വെന്തയം, മശാല്‍, കായം, പരിപ്പ്, പയര്‍.... ഇങ്ങനെയൊരു പതിവ് ലിസ്റ്റ് അച്ഛന്‍ എഴുതിവച്ചിട്ടുണ്ടാവും.  ഏതെങ്കിലും സാധനം വാങ്ങിയതില്‍ മിച്ചമിരിപ്പുണ്ടോ.  ഏതെങ്കിലും കൂടുതലായി വേണോ എന്നൊന്നും നോക്കാറില്ല.  ലിസ്റ്റ് എനിക്ക് കാണാപാഠമായിരുന്നു. ലിസ്റ്റില്‍ ഒരു സാധനവും വിട്ടുപോവാറില്ല.  പക്ഷേ പറ്റുപടി തീര്‍ത്ത് കാശ് കൊടുക്കുന്നതു മാത്രം എല്ലായ്‌പ്പോഴും വിട്ടുപോകാറുണ്ട്.  ഞങ്ങള്‍ ചുറ്റിവളഞ്ഞ് വകയില്‍ ബന്ധുക്കള്‍ ആയതിനാല്‍ കാശ് കൊടുത്തു തീര്‍ക്കാന്‍ വൈകിയാലും സാധനങ്ങള്‍ കടം തരാന്‍ മാമന്‍ തയ്യാറാകാറുണ്ട്.  കാശ് അടുത്ത മാസം പത്താം തീയതിക്ക് മുമ്പ് കിട്ടിയില്ലെങ്കില്‍ കൊമരാ നിന്റച്ഛന് ശമ്പളം കിട്ടിയില്ലേ എന്ന് ചോദിക്കും.  അത്ര തന്നെ ഞാനൊന്നും മിണ്ടില്ല. 

       കഴുത്തിന് പിടിച്ച് ഇടത്തും വലത്തും തിരിച്ചാല്‍ ചിലപ്പോള്‍ മാത്രം കത്തുന്ന ഒരു ടോര്‍ച്ച് ലൈറ്റുമായാണ് ഞങ്ങള്‍ കടയിലേക്ക് പോകുന്നത്.  അതിന്റെ പിന്നില്‍ അച്ഛന്‍ ഇട്ടു വയ്ക്കുന്ന പത്തു പൈസ നാണയം പലപ്പോഴും നാരങ്ങ മിഠായി ആയി മാറുന്നത് കൊണ്ട് ചില സമയത്തും അതിന്റെ പിന്നാമ്പുറത്ത് കിഴുക്കണം അല്ലെങ്കില്‍ ഇടിക്കണം. കടയിലേയ്ക്കുള്ള വഴി തോട്ടിലുള്ള തെങ്ങിന്‍ തടിപ്പാലവും വയലും പറമ്പും ഒക്കെ കടന്നിട്ടാണ്.  പക്ഷേ ഞങ്ങള്‍ക്ക് കണ്ണുമടച്ച് നടന്നു പോകാവുന്നത്ര പരിചയമുള്ള വഴിയായതിനാല്‍ ടോര്‍ച്ച് തെളിക്കാറേയില്ല.  തോട്ടിലെ പാലം ചില വിരുതന്മാര്‍ പലപ്പോഴും മാറ്റിക്കളയാറുണ്ട്.  പിന്നെ തോട്ടിലിറങ്ങി നടന്നുകയറണം.  നാട്ടില്‍ എന്തെങ്കിലും വിശേഷം, പ്രത്യേകിച്ച് കല്യാണമോ മറ്റോ ഉണ്ടെങ്കില്‍ അവിടെ പാലം വീണ്ടും പ്രത്യക്ഷപ്പെടും. 

അമ്മൂമ്മയുടെ കഥകളിലെ കഥാപാത്രങ്ങള്‍ അവിടെങ്ങാനും ഉണ്ടായാലോ എന്നൊരു ഭയം രാത്രി സഞ്ചരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും എന്നെ അലട്ടിയിരുന്നു.  അനുജന്‍ കൂടെയുള്ളത് എനിക്ക് ധൈര്യം പകര്‍ന്നിരുന്നു.  അവന്റെ മുന്നില്‍ ധീരനായി അഭിനയിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു.  രാത്രി ചൂട്ടും കത്തിച്ച് മാനത്തു കൂടി പറന്നുപോകുന്ന യക്ഷിമാര്‍ കഥയിലുള്ളതുകൊണ്ട് ഞാന്‍ രാത്രി വഴി നടക്കുമ്പോള്‍ മാനത്തേയ്‌ക്കൊന്നും നോക്കാറില്ല.  പനയുള്ള ഭാഗത്തേയ്ക്കും നോക്കാറില്ല.  വെറുതെ എന്തിനാ ഉള്ള ധൈര്യം കളയുന്നത്.  മാനത്തൂടെ കത്തിപോകുന്നത് യക്ഷിയല്ല ഉല്‍ക്കയാണെന്നൊക്കെ ക്ലാസില്‍ കേട്ടതിന്റെ ബലത്തില്‍ ഞാന്‍ അമ്മൂമ്മയോട് തര്‍ക്കിക്കാറുണ്ടെങ്കിലും എനിക്ക് സാറിനേക്കാള്‍ വിശ്വാസം അമ്മൂമ്മയെയായിരുന്നു.

       അങ്ങനെ കടയില്‍ പോവേണ്ട ദിവസം വന്നു.  നീണ്ട ലിസ്റ്റുമെടുത്ത് ടോര്‍ച്ചും സഞ്ചികളും മറ്റുമായി ഏഴ് മണിക്ക് തന്നെ ഞാന്‍ കടയില്‍ പോകാനിറങ്ങി.  അനുജന്‍ വരുന്നില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഞാനപ്പോഴാണ് കേട്ടത്.  അവന് ഇംപോസിഷന്‍ എഴുതാനുണ്ടത്രേ.  ആയിരത്തോട് വളരെ ഇഷ്ടമുള്ള സാറാണ്.  ആയിരം പ്രാവശ്യമാണ് ഇംപോസിഷന്‍ കൊടുക്കാറ്.  പഠിത്തത്തില്‍ അവന്‍ എന്റെ ചേട്ടനാണ്.  ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒറ്റയ്ക്ക് കടയില്‍ പോകാന്‍ ഞാന്‍ തയ്യാറായി.  വെറെ വഴിയില്ലല്ലോ.  ഒരു ധീരനായി ജനിച്ചു പോയില്ലേ.  കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എല്ലാവരും പോയിക്കഴിഞ്ഞ ശേഷം മാമന്‍ എന്റെ കയ്യിലെ ലിസ്റ്റ് വാങ്ങി.  സാധനങ്ങള്‍ പെട്ടെന്ന് കിട്ടണേ എന്ന് ആദ്യമായി പ്രാര്‍ത്ഥിച്ചത് അന്നാണ്.  ന്യൂസ് പേപ്പര്‍ കുമ്പിള്‍കോട്ടി ഓരോരോ സാധനങ്ങള്‍ പൊതിഞ്ഞുവച്ചു.  ഒടുവില്‍ എല്ലാത്തിനും വിലയിട്ട് സാധനങ്ങള്‍ സഞ്ചിയില്‍ നിക്ഷേപിച്ചു ഞാനും പോയിക്കഴിഞ്ഞ് കുറെ കപ്പലണ്ടിയും കുറച്ച് ശര്‍ക്കരയും എടുത്ത് ഞരടിപ്പൊടിച്ച് കടത്തിണ്ണയില്‍ ബാക്കിയാരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെയും സല്‍ക്കരിച്ച് മാമന്‍ അങ്ങനെയിരിക്കും.  പതിനൊന്നര കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ.  

     അങ്ങനെ അനുജന്‍ കൂടെയില്ലാതെ ധീരനായ ഞാന്‍ ഒറ്റയ്ക്ക് സാധനങ്ങളും തലച്ചുമടായി വീട്ടിലേക്ക് നടന്നു.  ടോര്‍ച്ചിനെ വിശ്വസിക്കാന്‍ കൊള്ളില്ല.  ഒറ്റയ്ക്ക് പോകുമ്പോള്‍ ഉറക്കെ പാടുന്നത് പേടിക്കാതിരിക്കാന്‍ നല്ലതാണെന്ന് എന്നെ പഠിപ്പിച്ചത് 7 ബിയില്‍ പഠിക്കുന്ന എന്റെ കൂട്ടുകാരന്‍ വേണുവാണ്.  പലപ്പോഴും സന്ധ്യ കഴിഞ്ഞ് അവന്‍ പോകുന്ന വഴിയില്‍ ആ വേണുഗാനം കേള്‍ക്കാറുണ്ട്.  തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റയോട്ടമാണ്, ഒപ്പം പാട്ടും. 

      തോട്ടിലെ തെങ്ങിന്‍ തടിപ്പാലവും കടന്ന് ഇനിയൊരു പാട്ട്പാടിക്കളയാം എന്ന് കരുതിയപ്പോഴാണ് അല്‍പ്പം ദൂരെയായി പനയൊക്കെയുള്ള ഭാഗത്തിനടുത്ത് പറമ്പിലൊരിടത്ത് ഒരു തീക്കനാല്‍ ജ്വലിച്ച് നില്‍ക്കുന്നതും പിന്നെ അത് താഴേക്ക് നീങ്ങുന്നതും കണ്ടത്.  ഞാന്‍ സ്തബ്ധനായി നിന്നു.  വീണ്ടും ഉയര്‍ന്ന് വരുമ്പോള്‍ അതിന് ശോഭ കൂടും.  വീണ്ടും കുറച്ച് താഴേക്ക് പോകും.  വടയക്ഷി വടവൃക്ഷത്തില്‍ നിന്ന് താഴേയ്ക്കിറങ്ങിയതാണോ കാളികൂളി ചിപ്പിലപ്പൂതങ്ങളാണോ അതോ ഇനി തീച്ചാമുണ്ഡിയാണോ എന്നൊക്കെ  ചിന്തിച്ച് ഞാന്‍ ഭയന്നു.  ഇനിയിപ്പോള്‍ ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കാമെന്നനിക്കറിയാം.  കാലില്‍ നിന്നും മുകളിലേക്ക് റിക്ടര്‍ സ്‌കെയിലില്‍ പത്തെങ്കിലും വരുന്ന ഒരു വിറ പടര്‍ന്ന് കയറി.  തലയിലെ ചുമട് കൊണ്ടോടണോ അതോ അവിടെയിട്ടിട്ട് ഓടണോ എന്നാലോചിക്കുന്നതിനടയില്‍ ഒരു തീക്കനല്‍ കണ്ട ഭാഗത്തേക്ക് ടോര്‍ച്ച് തെളിയിക്കാന്‍ ഞാനറിയാതെ തന്നെ എന്റെ കൈ ധീരമായ നിലപാടെടുത്തു.  ഭാഗ്യത്തിന് അത് കത്തി.

 ടോര്‍ച്ച് തെളിച്ചതും ഒരലര്‍ച്ച.

'ആരെടാ........ മോനേ, മനുഷ്യനെ തൂറാനും സമ്മതിക്കൂലേ'.

 കക്കൂസില്ലാത്തതു കൊണ്ട് പറമ്പില്‍ കാര്യം സാധിക്കാനായിരുന്ന കറണ്ട് പപ്പനായിരുന്നു  അത്.  അദ്ദേഹത്തിന്റെ ചുണ്ടിലെ ബീഡി എരിഞ്ഞതാണ് തീക്കനലായി എനിക്ക് തോന്നിയത്. 

അയാള്‍ ചിന്തിക്കാത്തയാളാണ് എന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്.  എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം.  ജഹാം സോച് വഹാം ശൗചാലയ് എന്നാണല്ലോ വിദ്യാബാലന്‍ പറയുന്നത്.