Wednesday 21 July 2021

കാകതീയ കീർത്തി തോരണം- ശ്രീകുമാർ ജി
തെലങ്കാനയിലെ വാറംഗൽ കോട്ടയുടെ അലംകൃത കവാടമാണ് കാകതീയ കീർത്തി തോരണം. 2014 ജൂൺ 2 ന് നമ്മുടെ ഇരുപത്തൊൻപതാമത്തെ സംസ്ഥാനമായി തെലംഗാന നിലവിൽ വന്നപ്പോൾ സംസ്ഥാന ചിഹ്നം ആയി നിശ്ചയിക്കപ്പെട്ടത് ഈ കീർത്തി തോരണം എന്നു വിളിക്കുന്ന കാകതീയ കലാ തോരണം ആണ്. മറ്റൊരിടത്തും ഇല്ലാത്ത വ്യത്യസ്തതയാർന്ന രൂപഭംഗിയുള്ള ആ കലാസൃഷ്ടി മനസിൽ ഇടം പിടിച്ചതിനാൽ അതിന്റെ ചരിത്രത്തെ കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് വീരസാഹസിക പോരാട്ടങ്ങളുടെ ആ ചരിത്ര ഭൂമിയെ കുറിച്ച് അറിയാൻ ഇടയായത്. അതോടെ വാറംഗൽ കോട്ട സന്ദർശിക്കാൻ മോഹമുദിച്ചു. പന്ത്രണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാകതിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കൽ. ഹൈദരാബാദിനു ഏകദേശം 150 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന തെലങ്കാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് വാറംഗൽ. വാറംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അടുത്താണ് കോട്ട. ഒരു പ്രധാന ദേശീയ പാതയായ NH 163 കടന്നുപോകുന്നത് വാറംഗലിലൂടെയാണ്. കേരളത്തിൽ നിന്നുള്ള കേരള എക്സ്പ്രസ്സ്‌ തുടങ്ങി നിരവധി ട്രെയിനുകൾ ദിവസവും ഇതുവഴി കടന്നുപോകുന്നു. വാറംഗൽ എയർ പോർട്ട്‌ ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ഹൈദരാബാദാണ് അടുത്ത എയർപോർട്ട്. ഹൈദരാബാദിൽ നിന്ന് ദിവസേന മുപ്പതിൽ അധികം ട്രെയിനുകൾ വാറംഗൽ വഴി പോകുന്നുണ്ട്. അതുകൊണ്ട് ഇവിടേക്കുള്ള യാത്ര സുഗമമാണ്.
കോട്ട മാത്രമല്ല സ്വയംഭൂ ശിവക്ഷേത്രവും ആയിരം തൂണുള്ള ക്ഷേത്രവും ഖുശ് മഹലും ഭദ്രകാളി ക്ഷേത്രവും തടാകവും ഒക്കെയായി കാണാൻ നിരവധിയുള്ള ഒരു മനോഹരമായ പ്രദേശമാണ് വാറംഗൽ. വാറംഗൽ റെയിൽവേ സ്റ്റേഷൻ വൃത്തിയുള്ളതും ചിത്രങ്ങൾ കൊണ്ട് ഭംഗി വരുത്തിയിട്ടുള്ളതും ഇതേ കീർത്തി തോരണത്തിന്റെ മാതൃകയിൽ കവാടം നിർമിച്ചിട്ടുള്ളതുമാണ്. രണ്ടു മൂന്നു ദിവസമായി തെലങ്കാനയിലുണ്ടെങ്കിലും വാറംഗലിനായി മിച്ചം കിട്ടിയത് ഒരു പകൽ മാത്രമാണ്. വാറംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് ആദ്യം പോയത് ആയിരം തൂൺ ക്ഷേത്രത്തിലേക്കാണ്. ക്ഷേത്രം ഒട്ടൊക്കെ തകർന്നെങ്കിലും കേന്ദ്ര പുരാവസ്തു വകുപ്പ് അതൊക്ക പുനർനിർമ്മിച്ച് വെടിപ്പാക്കിയിട്ടുണ്ട്. കരിങ്കൽ പാളികളിൽ അലങ്കാരപ്പണികൾ ചെയ്ത ജാലകങ്ങളും മറ്റു മികവാർന്ന ശില്പങ്ങളും കാണുമ്പോൾ കാകതിയ ശില്പകലാ മികവിനെ ആരും നമിച്ചുപോകും. ക്ഷേത്രകുളത്തിൽ നിരവധി മീനുകളും സ്വർണ വരകളുള്ള ആമകളുണ്ട്. അവിടെ എത്ര നേരം വേണമെങ്കിലും കണ്ടു നിൽക്കാം.
പക്ഷെ അവിടെ അധികം സമയം ചെലവഴിക്കാനില്ലാത്തതു കൊണ്ട് കുറേ ചിത്രങ്ങൾ എടുത്ത ശേഷം വളരെ കാലമായി കാണാൻ ആഗ്രഹിച്ച വാറംഗൽ കോട്ടയിലേക്ക് തിരിച്ചു. ഭദ്രകാളി ക്ഷേത്രം കാണാതെ പോകുന്നത് ശരിയല്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതുകൊണ്ട് അവിടെയും കയറി. തെലുങ്കൻ രീതിയിലുള്ള ക്ഷേത്ര ഗോപുരമൊക്ക ഉണ്ടെങ്കിലും ഒരു പഴമയുടെ സുഖം അവിടെ കിട്ടിയില്ല. വലിയ പാറകളുടെ മുകളിൽ വരെ വലിയ വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തെ തടാകവും അതിലേക്ക് ഇറങ്ങി നിൽക്കുന്ന കൂറ്റൻ പാറകളും ഒക്കെയായി ആ സ്ഥലം നയനമനോഹരമാണ്. അവിടെയും അധികം സമയം കളയാതെ കോട്ടയിലേക്ക് വച്ചുപിടിച്ചു. കോട്ടയെന്ന് പറയാൻ എന്തെങ്കിലും അവശേഷിച്ചിട്ടുള്ള ഭാഗത്ത്‌ ഓട്ടോ നിർത്തി. കോട്ടയ്ക്ക് മുകളിൽ കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു. 1199ൽ കാകതിയ രാജാവായിരുന്ന ഗണപതി ദേവാണ് കോട്ട നിർമ്മിച്ചതെങ്കിലും അത്‌ പൂർണ രൂപത്തിൽ1261ൽ പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ മകൾ റാണി രുദ്രമാ ദേവിയാണ്. മാർക്കോ പോളോ കാകതീയ സാമ്രാജ്യത്തെ കുറിച്ചും രുദ്രമാ ദേവിയെ കുറിച്ചും അവരുടെ ഭരണ മികവിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. എത്ര വിശാലമായ കോട്ടയായിരുന്നു. വമ്പൻ കിടങ്ങുകളും സർവ്വ സന്നാഹ ങ്ങളുമുള്ള രാജധാനിയും കൊട്ടാരങ്ങളും രാജപാതകളും ഒക്കെയായി വിലാസിയ രുദ്രമാ ദേവിയുടെ സുവർണ കാലം മനസ്സിൽ തെളിഞ്ഞു. കോട്ടയ്ക്ക് മുകളിൽ നിന്നപ്പോൾ തന്നെ ആ അലംകൃത കമാനങ്ങൾ ദൃശ്യമായി. വിശാലമായ ഒരു മൈതാനത്തിൽ നാലു വശങ്ങളുടെയും നടുവിൽ ഓരോ കമാനങ്ങൾ. അവയെല്ലാം ഒറ്റക്കല്ലിൽ കൊത്തി യെടുത്തവയാണ്. ആ മൈതാനം ചുറ്റി ടിക്കറ്റ് കൗണ്ടറിലെത്തി ആളിനും ക്യാമറയ്ക്കും പ്രത്യേകം ടിക്കറ്റ് എടുത്തു. സ്വയംഭൂ ശിവ ക്ഷേത്ര മൈതാനത്തിലേക്ക് ഇറങ്ങിയപ്പോൾ തോക്ക് ധാരിയായ ഒരു കാവൽ ഭടൻ ക്യാമറക്ക് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് എന്നോട് ചോദിച്ച് ഉറപ്പ് വരുത്തി. തികച്ചും അത്ഭുതപ്പെടുത്തുന്നതും ഒപ്പം തന്നെ വേദനിപ്പിക്കുന്നതുമായ ഒരു കാഴ്ചയാണ് സ്വയംഭൂ ശിവ ക്ഷേത്രം നമുക്ക് നൽകുന്നത്. യുദ്ധം കഴിഞ്ഞ് നാലുപാടും ചിതറിക്കിടക്കുന്ന കബന്ധങ്ങൾ പോലെ മനോഹര ശില്പങ്ങളുടെ ശരീര ഭാഗങ്ങൾ എമ്പാടും. അവ കഴിയുന്നത്ര പെറുക്കി കൂട്ടി അമ്പലങ്ങളായും കൽമണ്ഡപങ്ങളായും ഒക്കെ പുനസ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നു. ഒരു ശില്പം പോലും അതിന്റെ പൂർണരൂപത്തിൽ അവിടെ കാണാൻ കഴിയില്ല. അംഗ വിഹീനാരായ ദ്വാരപാലകന്മാരും സാലഭഞ്ജികമാരും ആന,സിംഹ,കുതിര ശില്പങ്ങളും നശിപ്പിക്കപ്പെട്ട ആ മഹാ സംസ്കൃതിയെ ഓർമപ്പെടുത്തുന്നു. ആ കാലഘട്ടത്തിൽ ശില്പകല എത്രമാത്രം വികസിച്ചിരുന്നു എന്ന് നമ്മെ അത്ഭുതപ്പെടുത്താൻ ഇപ്പോൾ അവിടെ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ തന്നെ ധാരാളം. ഒരു വിങ്ങലോടെ മാത്രമേ ഓരോ ശില്പ ഖണ്ഡങ്ങളെയും കണ്ട് മുന്നോട്ടു പോകുവാൻ കലാസ്നേഹിയായ ഒരു യാത്രികന് കഴിയൂ. വിവിധ പടയോട്ടങ്ങളും മഹായുദ്ധങ്ങളും വാറംഗൽ കോട്ടയെയും സ്വയംഭൂ ശിവ ക്ഷേത്രത്തെയും കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതെ തകർത്തു കളഞ്ഞു.
1309 ൽ അലാവുദീൻ ഖിൽജിയുടെ ജനറൽ മാലിക് കാഫിർ വാറംഗൽ ആക്രമിച്ച് കുറെ മുടിച്ചു.1329ൽ ഉല്ലുഖാൻ തലസ്ഥാനം അടിച്ചു നിരത്തി. ആനകളെ കൊണ്ട് മറിച്ചിട്ടും സൈനികരെ കൊണ്ട് അടിച്ചു പൊട്ടിച്ചും ഓരോരോ ശില്പങ്ങളായി തകർത്തു. അന്ന് ഇന്ത്യയിൽ പീരങ്കികൾ ഉപയോഗിച്ച് തുടങ്ങിയിട്ടിലെങ്കിലും പീരങ്കി കൊണ്ട് തകർക്കുന്നതിനേക്കാൾ ഭീകരമായ നാശമാണ് അവിടെ കാണാൻ കഴിയുക. യുദ്ധം നടത്തുന്നവർ എന്തിനാണ് സംസ്കാരത്തെയും കലാമികവിനെയും ഇല്ലാതാകുന്നത്. എത്ര പേരുടെ ചോര നീരാക്കി വിയർപ്പൊഴുക്കിയുള്ള എത്ര കാലത്തെ കഠിനാദ്ധ്വാനം, എത്ര മികച്ച ഭാവന, ആസൂത്രണ മികവ്, എഞ്ചിനീയറിംഗ് വൈദഗ്ധ്യം എല്ലാം മണ്ണിനടിയിലാക്കാൻ തക്ക ക്രൂരത മനുഷ്യർക്കുണ്ടാവുമോ. ആ ശില്പങ്ങൾ അസ്ഥിസമാനമായി ചിതറിക്കിടക്കുന്നത് കാണുമ്പോൾ ആർക്കാണ് വേദന തോന്നാത്തത്. ആ സംസ്കാരം, ആ ജീവിതരീതി, ആ വിശ്വാസ പ്രമാണങ്ങൾ അതൊക്ക ഇനി ഒരിക്കലും വളർന്നു വരരുത് എന്ന ചിന്തയിൽ നിന്നാവും അക്രമണ കാരികൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതൊക്കെ കണ്ടപ്പോൾ 2001ൽ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യ യിലെ കൂറ്റൻ ബുദ്ധ പ്രതിമകൾ താലിബാൻ ദീർഘ കാലത്തെ പീരങ്കി ആക്രമണത്തിൽ തകർത്ത ദൃശ്യങ്ങളാണ് ഓർമ്മ വന്നത്.1221ൽ ചെങ്കിസ്ഖാൻ മുതൽ തുടങ്ങിയതാണ് ബുദ്ധ പ്രതിമകളോടും ആ സംസ്കാരത്തോടു മുള്ള ആക്രമണങ്ങൾ. ഇതേ രീതി ബ്രട്ടീഷുകാർ ചെയ്തെങ്കിൽ ഇന്ന് നമ്മുടെ അഭിമാന സ്തംഭങ്ങളായ കുത്തബ്‌മിനാറും താജ്മഹലും ഒന്നും കാണില്ലായിരുന്നു. ആ പ്രദേശത്ത് തകർക്കാതെ അവശേഷിക്കുന്ന ഏക കെട്ടിടം ഖുശ് മഹൽ മാത്രമാണ്. അത് ഈ അക്രമണങ്ങൾക്ക് ശേഷം യുദ്ധ വിജയികൾ പിന്നീട് നിർമ്മിച്ചതാകാം. അതിന്റെ മേൽക്കൂര കരിങ്കല്ല് കൊണ്ട് ആർച്ച് രൂപത്തിൽ നിർമിച്ചതാണ്. അത്‌ കേടാവാതെ നിലനിർത്താൻ അതിൽ ഭാരം കൊടുക്കാതെ പുതിയ മേൽക്കൂര അതിനു മുകളിൽ പിന്നീട് നിർമിച്ചിട്ടുണ്ട്. കുറച്ചു മാറി കാകതീയ ചിൽഡ്രൻസ് പാർക്കിനുള്ളിൽ കൂടി നടന്നു ചെന്നാൽ ഒരു കുന്നിൻ മുകളിലെ അമ്പലവും നിരീക്ഷണ ഗോപുരവും കാണാം. അവിടെ പൊതുവായ ഒരു കാര്യം ഒരമ്പലത്തിലും പ്രതിഷ്ഠകൾ ഇല്ല എന്നതാണ്. ചില അംഗഭംഗം വന്ന ശിവലിംഗങ്ങളും ഗണപതി, നന്ദി ശില്പങ്ങളും മേൽക്കൂരയില്ലാത്ത സ്വയംഭൂ ശിവ ക്ഷേത്രത്തിൽ കാണാം.
ഇപ്പോൾ പുരാവസ്തു വകുപ്പ് നിരന്തരമായി വാറംഗലിൽ ഉത്ഘനനം നടത്തി ക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ഓരോ ദിവസവും അവിടെ പുതിയ ക്ഷേത്രങ്ങളും മറ്റു നിർമ്മിതികളും ഒക്കെ കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. എവിടെ കുഴിച്ചാലും ശില്പവേല ചെയ്ത ശിലാ ഖണ്ഡങ്ങളാണ് ലഭിക്കുക. അഴുക്ക് വെള്ളം കൊണ്ടുപോകാൻ പൈപ്പ് ഇടാനായി വഴിയരുകിൽ കുഴിച്ച കുഴിയിൽ നിന്നു പോലും അത്തരം ശിലകൾ കിട്ടിയിരിക്കുന്നത് ഞാൻ നേരിൽ കാണുകയുണ്ടായി.
ഒട്ടൊക്കെ നശിച്ചെങ്കിലും കണ്ടെത്തിയവയുടെ ചരിത്ര പ്രാധാന്യവും പൗരാണിക പ്രൗഢിയും കണക്കിലെടുത്ത് കോട്ടയും ക്ഷേത്രങ്ങളുമെല്ലാം യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഇടം നൽകുന്നതിനുള്ള ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്. അവിടം സന്ദർശിക്കണമെന്ന ആഗ്രഹം നടന്നതിലെ സന്തോഷവും ഒപ്പം ഒരു മഹാ സംസ്കൃതിയുടെ ശവപ്പറമ്പിലൂടെ നടക്കേണ്ടി വന്നതിന്റെ വിങ്ങലും പേറിയാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്. തെലങ്കാന സന്ദർശിക്കുന്ന ആരും ഒഴിവാക്കാൻ പാടില്ലാത്ത ഒരു അത്ഭുത പ്രദേശമാണ് വാറങ്കൽ. ......