Monday 18 October 2021

ഹംപി - ചരിത്രശേഷിപ്പുകളുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ. ശ്രീകുമാർ ജി.
ഭാരത സംസ്കാരത്തെയും ചരിത്രത്തെയും സ്നേഹിക്കുന്ന ഓരോരുത്തരും നിശ്ചയമായും കണ്ടിരിക്കണം ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഹംപി. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഹംപിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തര കർണാടക ത്തിലെ വിജയനഗര സാമ്രാജ്യത്തിൻറെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി. ഹ്യൂബ്ലി വിമാനത്താവളത്തിൽ നിന്ന് 163 കിലോമീറ്റർ ദൂരമുണ്ട്. ബെല്ലാരിയാണ് ഏറ്റവും അടുത്തുള്ള വലിയ നഗരം. അവിടേക്ക് 65 കിലോമീറ്റർ ദൂരമുണ്ട്. കർണാടകത്തിന്റെ കാർഷികഭൂമികയെ തൊട്ടറിഞ്ഞുള്ള ട്രെയിൻ യാത്ര രസകരമാണ്. പൊതുവെ നദികളും മലകളും കൃഷിയിടങ്ങളും മാറി മാറി ദൃശ്യമാകുന്ന ഹരിതാഭമായ ഭൂപ്രകൃതി ആയതിനാൽ ട്രെയിൻ യാത്ര ആസ്വാദ്യകരമാണ്. ഹംപിയുടെ ഏറ്റവും അടുത്തുള്ള നഗരം ഹോസ്പ്പെറ്റ് ആണ്. അവിടെയെത്താൻ ബാംഗ്ലൂർ നിന്ന് ട്രെയിൻ ധാരാളം ഉണ്ട്. ഹോസ്പെറ്റിൽ നിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഹംപിയിലെത്താം. കമലാപുരയാണ് തൊട്ടടുത്ത പ്രധാന സ്ഥലം. അവിടം മുതൽ തന്നെ ഹംപിയുടെ കാഴ്ചകൾ ആരംഭിക്കുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് ധാരാളം പാറകളും മലകളും ഉള്ള ഒരു പ്രദേശമാണ് പ്രദേശമാണ് ഹംപി. പല ചെറു കുന്നുകളും കണ്ടാൽ ഈജിപ്തിലെ പിരമിഡിലെ കല്ലുകൾ ഇളകി കിടക്കുന്ന മട്ടാണ്‌ തോന്നുക. അന്നത്തെ കെട്ടിട നിർമാണ സാമഗ്രികളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാനൈറ്റ് സുലഭമായതു കൊണ്ടാവാം ഇവിടം രാജധാനി ആക്കാൻ തീരുമാനിച്ചതെന്ന് എനിക്ക് തോന്നി. കൂടാതെ തുംഗഭദ്ര നദിയുടെ വളക്കൂറുള്ള മണ്ണും പുഴയിൽ നിന്ന് വെള്ളം ഒഴുക്കി കൊണ്ടുവരാനും മലിന ജലം ഒഴുക്കി വിടാനുമുള്ള സൗകര്യവും ശത്രുക്കളുടെ ദൃഷ്ടി എളുപ്പത്തിൽ പതിയാത്ത ഭൂ പ്രകൃതിയുമൊക്കെ അത് രാജധാനിയാക്കാൻ കാരണങ്ങൾ ആയിട്ടുണ്ടാവാം.
ധാരാളം ക്ഷേത്രങ്ങളാല്‍ സമൃദ്ധമാണ് ഹംപി. മികച്ച ആസൂത്രണ ത്തോടെ നിർമിച്ച ക്ഷേത്രങ്ങള്‍ ശില്‍പ ചാരുതയാലും, കൊത്തുപണി കളാലും അതിമനോഹരമാണ്. അവിടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് അവിടത്തെ വിരൂപാക്ഷക്ഷേത്രം ഉൾപ്പെടെ ക്ഷേത്രങ്ങളുടെ ഗോപുരങ്ങളും കൊട്ടാരങ്ങളിലെ തകർക്കപ്പെടാതെ അവശേഷിക്കുന്ന കെട്ടിടങ്ങളും തകർന്നതാണെങ്കിലും വിശാലമായ കോട്ടകളും നിരവധിയായ ഉന്നത നിലവാരമുള്ള ജലസംഭരണികളും ഭൂഗർഭ നിലയങ്ങളും ഉൾപ്പെടെ ആ കാലഘട്ടത്തിൽ ഹംപിയുടെ പ്രൗഢി എന്തായിരുന്നു എന്ന് ഊഹിക്കാൻ ഉതകുന്ന ചരിത്ര ശേഷിപ്പുകൾ ഇപ്പോഴും അവിടെ കാണാൻ കഴിയും. അവ കണ്ടുതീർക്കാൻ തന്നെ രണ്ടു മൂന്നു ദിവസം വേണ്ടിവരും. അത്രയ്ക്ക് വിശാലവും വിപുലവുമായ രാജധാനിയാണ് ഹംപി. വലിയ കോട്ടകളും കൊത്തളങ്ങളും രാജാവിൻറെ കൊട്ടാരവും രാജ്ഞിയുടെ കൊട്ടാരവും ക്ഷേത്രങ്ങളും മറ്റു പല സ്ഥാപനങ്ങളും യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വെറുതെ ഓടി നടന്നു കണ്ടു വന്നാൽ ഹംപിയെ മനസിലാക്കാൻ കഴിയില്ല. ഹംപിയെ അറിയുന്തോറും കൂടുതലായി മനസ്സിലാക്കാൻ താല്പര്യം കൂടും. ചരിത്രത്തെ തൊട്ടറിയാനുള്ള യാത്രയാകയാൽ ചിന്തകളുടെ സ്വഭാവത്തിൽ ഒരേ തരംഗദൈർഘ്യമുള്ള കൂട്ടുകാരല്ലെങ്കിൽ ഒറ്റയ്ക്കുള്ള യാത്രയാണ് ഏറ്റവും നല്ലത് എന്നതാണ് എനിക്ക് തോന്നിയത്.
13-14 നൂറ്റാണ്ടുകളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട കേന്ദ്രങ്ങളിലൊന്നായിരുന്നു ഹംപി. ദേശാന്തര കച്ചവടത്തിനായി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പേര്‍ ഇവിടെയെത്തിയിരുന്നു. 1565-ല്‍ ഡക്കാന്‍ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ ഈ നഗരം തകർക്കപ്പെടുകയായിരുന്നു. AD 1296 ൽ അലാവുദീൻ ഖിൽജിയുടെ കടന്നുകയറ്റത്തോടെ തെക്കേ ഇന്ത്യ മൊത്തമായും ഭീഷണിയിൽ ആയപ്പോൾ ആ ഭീഷണികൾ ഒന്നും വകവെക്കാതെ വെന്നിക്കൊടി പാറിച്ചു നിന്നത് വിജയനഗര സാമ്രാജ്യം മാത്രമാണ്. കൃഷ്ണദേവരായ പോലുള്ള പ്രതാപശാലികളായ ചക്രവർത്തിമാർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ആ സാമ്രാജ്യം 1565 ൽ അഹമ്മദ്‌നഗർ, ബിദർ, ഗോൽകൊണ്ട, ബിജാപുർ സുൽത്താന്മാരുടെ ഒരേ സമയത്തുള്ള പുറമെ നിന്നുള്ള ആക്രമണവും വിജയനഗരത്തിലെ മുസ്ലിം സൈനികർ ശത്രുക്കളോടൊപ്പം ചേർന്ന് അകമേ നിന്ന് രാജ്യത്തിനെതിരെ പൊരുതിയതും ഒരു ലക്ഷത്തിലധികം സൈനികരുടെ മരണത്തിനിടയാക്കികൊണ്ട് വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യത്തിനു കാരണമായി. അക്രമവും കൊള്ളയും മാസങ്ങളോളം തുടര്‍ന്നു. സ്വത്തുക്കൾ മുഴുവൻ കൊള്ളയടിക്കപ്പെട്ടു നഷ്ടപ്പെട്ട പ്രശസ്തിയും പ്രതാപവും പിന്നീടൊരിക്കലും തിരികെ കൊണ്ടുവരാന്‍ കഴിയാത്ത വിധം തകര്‍ക്കപ്പെട്ടിരുന്നു. തകർന്ന് തരിപ്പണമായ ഹംപിയിലെ പല നിർമിതികളും ആരാലും അറിയപ്പെടാതെ അനേക കാലം മണ്ണിനടിയിൽ കിടന്നു. പിന്നീട് ഉത്ഖനനത്തിലൂടെ കണ്ടെടുത്തവയാണ് ഇന്ന് കാണുന്ന ഹംപിയിലേറെയും.
ഹംപിയിൽ പോകണമെന്ന് കുറെ കാലമായി ആഗ്രഹിച്ചിരുന്നു. സ്കൂളിൽ പഠിച്ചപ്പോൾ ചരിത്രപുസ്തകങ്ങളിൽ കണ്ട ഹരിഹരനും ബുക്കനും കൃഷ്ണദേവരായയുമൊക്കെ കുറേക്കാലമായി ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആനന്ദം എന്ന സിനിമയിലും ഹംപിയിലെ വിശദമായ ദൃശ്യങ്ങൾ കണ്ടിരുന്നു. വെറും ഒരു വിനോദയാത്ര എന്നതിനപ്പുറം ആഴത്തിലുള്ള പഠനം നടത്തുന്ന വിധത്തിൽ ആവശ്യത്തിനു സമയമെടുത്ത് അവിടെ ഓരോ ഭാഗത്തും നിരീക്ഷിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ട് ഹംപിയിലേക്ക് മാത്രമായി ഒരു യാത്ര നിശ്ചയിക്കുകയായിരുന്നു. 1336 ഹരിഹര, ബുക്കരായ എന്നീ സഹോദരങ്ങളാണ് ഹംപി ആസ്ഥാനമായ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്. സംഗമ, സലുവ, തുളു എന്നീ മൂന്ന് രാജവംശങ്ങൾ ആണ് 1336 മുതൽ 1570 വരെയുള്ള കാലഘട്ടത്തിൽ യഥാക്രമം വിജയനഗരം ഭരിച്ചത്. 1565 വരെയും മികച്ച ഭരണവും ഉന്നത യുദ്ധ വിജയങ്ങളും മികച്ച സാമ്പത്തിക ഭദ്രതയും ആരെയും കൊതിപ്പിക്കുന്ന ഫലഭൂയിഷ്ഠതയും ഉൾക്കൊള്ളുന്ന ഒരു വൻ സാമ്രാജ്യമായിരുന്നു ഇത്. 1565 തളിക്കോട്ട തുടങ്ങിയ യുദ്ധങ്ങളിൽ സുൽത്താന്മാരുടെ സംയുക്ത ആക്രമണത്തിൽ സാമ്രാജ്യം തകർക്കപ്പെട്ടു.
സാമ്രാജ്യങ്ങൾ തകർക്കപ്പെടുന്നതും യുദ്ധകെടുതികളും സാധാരണമാണെങ്കിലും ചരിത്രവും സംസ്കാരവും കാലാതിവർത്തിയായി നിലനിൽക്കേണ്ട വൻകിട നിർമ്മിതികളും തകർക്കപ്പെടുന്നത് പൊറുക്കാനാവാത്ത അനീതിയാണ്. ഇനി ഒരിക്കലും ആ സംസ്കാരം തല പൊക്കരുത് എന്ന വാശിയോടെ നഗരം മുഴുവനും തകർത്തുകളഞ്ഞു. മേൽക്കൂരയില്ലാത്ത മണ്ഡപങ്ങളും വിഗ്രഹങ്ങളില്ലാത്ത അമ്പലങ്ങളും അംഗങ്ങൾ ഛേദിക്കപ്പെട്ട ദ്വാരപാലകന്മാരും തുമ്പിക്കൈയില്ലാത്ത ഗജവീരന്മാരും ഉൾപ്പെടെ തകർക്കപ്പെട്ട ശിൽപങ്ങളാണ് ഹംപിയിൽ ഇന്ന് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ദേവഗിരി എന്ന യാദവസാമ്രാജ്യവും വാറങ്കൽ കേന്ദ്രമായ കാകതീയ സാമ്രാജ്യവും ഹോളെബിഡു കേന്ദ്രമാക്കിയ ഹൊയ്സാല സാമ്രാജ്യവും തെക്കേയറ്റത്ത് പാണ്ഡ്യരാജ്യവും ആയിരുന്നു ഉണ്ടായിരുന്നത്. 1309ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യാധിപൻ മാലിക് ഖഫൂർ ഡക്കാൺ ആക്രമിച്ചതോടെയാണ് ഇന്ത്യയിൽ മുസ്ലിം രാജവംശം ആദ്യം ഉണ്ടായത്.
ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട, ഒപ്പം തന്നെ എല്ലാവരും സന്ദർശിക്കുന്ന ഒരു പ്രധാന സ്ഥലമാണ് വിരൂപാക്ഷക്ഷേത്രം. ക്ഷേത്ര ഗോപുരം എന്ന 11 നിലകളുള്ള കെട്ടിടം (ബിസ്ഥപ്പയ്യാ ഗോപുരം) വളരെ പ്രസിദ്ധവും ചരിത്രപ്രാധാന്യം ഉള്ളതുമാണ്. ഒരു ചെറിയ കനാലും കല്യാണമണ്ഡപവും ഒരു കിണറും ക്ഷേത്ര മതിൽക്കെട്ടിനകത്തുണ്ട്. വിശാലമായ രണ്ടു മുറ്റങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. രണ്ടാമത്തെ മുറ്റത്താണ് വിളക്കുമാടവും കൊടിമരവും സ്ഥിതി ചെയ്യുന്നത്. ഈ മുറ്റത്തിന് ഇടതുവശത്തായി പട്ടലേശ്വര, മുക്തിനരസിംഹ, സൂര്യനാരായണ എന്നീ ദേവതാ ക്ഷേത്രങ്ങളും വലതുവശത്ത് മഹിഷാസുരമർദ്ധിനിയുടേയും ലക്ഷ്മീനരസിംഹസ്വാമിയുടേയും പ്രതിഷ്ഠ കളും സ്ഥിതിചെയ്യുന്നു. കൂടാതെ ഭുവനേശ്വരി ദേവിയുടേയും പമ്പാ ദേവിയുടേയും അമ്പ ലങ്ങളും ഇതിനകത്തുണ്ട്. തുംഗഭദ്ര നദിയുടെ വശത്തായി വരുന്ന രണ്ടാമത്തെ പ്രധാന ഗോപുരം കൃഷ്ണ ദേവരായർ അദ്ദേഹത്തിൻറെ ഭരണകാലത്ത് പണിതീർത്തതാണ്. പിൻഹോൾ ക്യാമറയിൽ എന്നപോലെ ഈ ഗോപുരത്തിന്റ തലതിരിഞ്ഞ പ്രതിബിബം ക്ഷേത്രത്തിനുള്ളിൽ ലഭിക്കുന്ന രീതിയിൽ വളരെ ശ്രദ്ധിച്ചാണ് പണികഴിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടിന്റ ആദ്യ വർഷങ്ങളിൽ ഈ ഗോപുരം പണിയുമ്പോൾ തന്നെ പ്രകാശത്തിന്റെ ഈ സവിശേഷത അറിയാമായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. തറ മുഴുവൻ ശില പാകി മനോഹരമായ രീതിയിലാണ് ക്ഷേത്രം പണിതിട്ടുള്ളത്. വിരൂപാക്ഷ ക്ഷേത്രത്തിന്റെയൊഴികെ ചുടുകല്ല് ഉപയോഗിച്ച് നിർമിച്ച ക്ഷേത്ര ഗോപുരങ്ങളെല്ലാം ഏതാണ്ട് തകർന്ന മട്ടാണ്. ആ ഗോപുരങ്ങൾ പീരങ്കി ഉപയോഗിച്ചാണ് തകർത്തതത്രെ. ഹംപിയിൽ ധാരാളം ക്ഷേത്രങ്ങളുണ്ടെങ്കിലും വിവാഹങ്ങൾ ഇപ്പോൾ നടക്കുന്നത് വിരൂപാക്ഷ ക്ഷേത്രത്തിൽ മാത്രമാണ്.
അക്രമണങ്ങളിൽ വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നതും പ്രതിഷ്ഠയും നിത്യപൂജയും ഉള്ളതും ഈ ക്ഷേത്രത്തിൽ മാത്രമാണ്. ബാക്കി അമ്പലങ്ങളിൽ എല്ലാം പ്രതിഷ്ഠകൾ തകർക്കപ്പെട്ടിരിക്കുന്നു. പ്രതിഷ്ഠ പീഠങ്ങൾ മാത്രം അവശേഷിപ്പിച്ചിട്ടുണ്ട്. ഹംപി സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും കൊത്തുപണികൾ ഇല്ലാത്ത ഒരു കല്ലു പോലും അവിടെ കാണാൻ കഴിയില്ല. അതിവിദൂരമായ പാറക്കെട്ടിനു മുകളിലും നദിയുടെ വിദൂര തീരങ്ങളിലെ പാറയിടുക്കുകളിലും മനോഹരമായ ശില്പ വേലകൾ ചെയ്തിട്ടുള്ളത് നമുക്ക് കാണാൻ കഴിയും. ചെന്നെത്താൻ കഴിയാത്ത മലകൾക്ക് മുകളിൽ പോലുമുള്ള അത്തരം കെട്ടിടങ്ങൾ നമ്മെ കൂടുതൽ അത്ഭുതപ്പെടുത്തും.
ഹേമകുഡ കുന്നിൽ ഒരു ക്ഷേത്ര സമുച്ചയം കാണാം. ഹനുമാൻ ക്ഷേത്രം, ദക്ഷിണേന്ത്യ യിലെ തന്നെ ഏറ്റവും വലിയ ഗണേശ വിഗ്രഹം, കടലേകലു ഗണേശ ക്ഷേത്രം. ശശിവകേലു ക്ഷേത്രം (ഗണേശ), എന്നിവയും ഏകശിലയില്‍ തീര്‍ത്ത ലക്ഷ്മീ നരസിംഹ മൂര്‍ത്തി ക്ഷേത്രം (ഉഗ്ര നരസിംഹ മൂര്‍ത്തി)
വെള്ളത്താല്‍ ചുറ്റപ്പെട്ട ബഡാവി ലിംഗ ശിവ ക്ഷേത്രം
എന്നിവയും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു കൂടാതെ ജൈന ക്ഷേത്ര മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. കൃഷ്ണക്ഷേത്ര മുൾപ്പെടെ പല ക്ഷേത്രങ്ങളും യുദ്ധവിജയത്തിൻറെ ഉപകാര സ്മരണർത്ഥം നിർമ്മിക്കപ്പെട്ടവയാണ്. മുഖ്യക്ഷേത്രങ്ങളുടെ മുന്നിലായാണ് പ്രധാന കച്ചവട കേന്ദ്രങ്ങള്‍. മദ്ധ്യകാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കച്ചവട നഗരമായിരുന്നത്രെ ഹംപി. വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ തുടങ്ങി എതിർ വശത്തായി ഒരു കിലോമീറ്ററോളം ദൂരെയുള്ള വലിയ നന്ദി പ്രതിമയുടെ (എടൂരു ബസവണ്ണ)
അരികിൽ വരെ ഇരുവശത്തുമായാണ്‌ ഗ്രാനേറ്റ് തൂണുകളാല്‍ നിര്‍മ്മിതമായ വളരെ നീളത്തിലുള്ള വിരൂപാക്ഷ ബസാര്‍.
ചില ഭാഗങ്ങളിൽ ഇരുനിലകളുള്ള ഈ വ്യാപാര കേന്ദ്രത്തില്‍ രത്നങ്ങളും, ആഭരണങ്ങളും, തുണിത്തരങ്ങളും മുതല്‍ പശുക്കള്‍, കുതിരകള്‍ എല്ലാം വില്‍പ്പന നടത്തിയിരുന്നു. നന്ദി പ്രതിമയുടെ പുറകിലായാണ് മാതംഗ പർവതം. കൃഷ്ണക്ഷേത്രത്തിനു മുന്നിലുള്ള കച്ചവട കേന്ദ്രം കേവലം മുപ്പത് വര്‍ഷത്തിനിപ്പുറം കണ്ടെടുത്തതാണ്. അതുവരെ ഇത് മണ്ണിനടിയിലായിരുന്നു. രാജ മന്ദിരത്തിനു വടക്ക് കിഴക്ക് ഭാഗത്തായി കൊട്ടാരവളപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ഹസാര രാമക്ഷേത്രം.
രാമൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്.
എല്ലാ ക്ഷേത്രങ്ങളിലേക്കും കൽപ്പാത്തി വെച്ച് പുഴയിൽ നിന്ന് വെള്ളം എത്തിച്ചിരിക്കുന്ന സംവിധാനത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. ചുറ്റുമതിൽ പോലും നിരവധിയായ ശില്പ വേലകൾ ചെയ്തിട്ടുള്ളവയാണ്. ലവകുശന്മാരുടെ രാമായണകഥയും ഭാഗവതപുരാണവും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിൽ വനിതകൾ പോലും സൈന്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കാവുന്ന തരത്തിൽ അവർ യുദ്ധം ചെയ്യുന്നതും കുതിരസവാരി ചെയ്യുന്നതും ആയിട്ടുള്ള നിരവധി ശില്പങ്ങൾ അവിടെ കാണാം. പൊതുവായി എല്ലാ ക്ഷേത്രങ്ങളോടും ഒപ്പം തന്നെ കല്യാണ മണ്ഡപങ്ങളും നൃത്ത മണ്ഡപവും ഉണ്ടായിരുന്നു. ഹമ്പിയിലെ കൊട്ടാരക്കെട്ടിനുള്ളിലെ പുഷ്കരണി എന്നറിയപ്പെടുന്ന റിസർവോയർ പ്രസിദ്ധമാണ്.
ഈ സംഭരണി ഒരു സ്റ്റെപ്പ് വെൽ ആണ്. ഇത്തരം നിരവധി ഹംപിയിൽ പലഭാഗത്തും കാണാൻ കഴിയും. ഇതിൻറെ സമീപത്തായി മറ്റൊരു വലിയ സംഭരണി കൂടെ ഉണ്ട്. രാജാവിനും മറ്റു കൊട്ടാരത്തിലെ ആവശ്യങ്ങൾക്കും ഉള്ള ജലസംഭരണിയാണ് ഇത്. എന്നാൽ വലിയ സംഭരണി പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നത് ആയിരുന്നു. വളരെ ദൂരെ നിന്ന് കല്പാത്തികളിലൂടെ തുംഗഭദ്രാ നദിയിൽ നിന്ന് ജലം ഇവിടെ കൊണ്ടു വരുന്നതിനും മലിനജലം ഇവിടെ നിന്ന് ഒഴുക്കി കളയാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ആ കാൽപാത്തികൾ ഇപ്പോഴും കെടുകൂടാതെ നിലനിൽക്കുന്നത് അവിടെ കാണാം.
സാധാരണ ക്ഷേത്രങ്ങളോട് ചേർന്നാണ് ഇത്തരം സംഭരണികൾ അല്ലെങ്കിൽ സ്റ്റെപ് വെല്ലുകൾ കണ്ടിട്ടുള്ളത്. 1336 ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. അപ്പോൾ സ്ഥാപിക്കപ്പെട്ടതാണ് ഈ കൊട്ടാരവും അതിനോട് ചേർന്നുള്ള ഈ ജലസംഭരണിയും മറ്റും. വളരെ ദൂരെ നിന്ന് ശുദ്ധജലം കൊണ്ടുവരാനും അതിലെ മലിന ജലം ഒഴുക്കി കളയാനും ഉള്ള സംവിധാനം എത്ര പഴയ കാലം മുതൽ തന്നെ നമ്മുടെ ഈ നാഗരിക സംസ്കാരത്തിൽ നിലനിന്നു എന്നത് ഇന്നും അത്ഭുത പ്പെടുത്തുന്ന വസ്തുതയാണ്. രാജകൊട്ടാര സമുച്ചയത്തിലെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ അവശേഷിക്കുന്നത് ഇത്തരത്തിലുള്ള ചില സംഭരണികളും മറ്റ് ഭൂഗർഭ കെട്ടിടങ്ങളും ആണ്. രാജകൊട്ടാരങ്ങൾ രാജ്ഞിയുടെ കൊട്ടാരം തുടങ്ങിയവയെല്ലാം അസ്ഥിവാരം മാത്രമാക്കി അവശേഷിപ്പിച്ചു കളഞ്ഞു. കോട്ട മതിലുകളുടെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരുതരത്തിലുള്ള ചുണ്ണാമ്പ് കൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. കല്ലുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യ തികച്ചും അത്ഭുതകരം ആണെന്ന് ചരിത്ര ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിൽ വളരെ കുറച്ച് ഇടങ്ങളിൽ മാത്രമേ ഇത്തരത്തിൽ ഉന്നതനിലവാരത്തിലുള്ള കൽപ്പണി കണ്ടിട്ടുള്ളൂ എന്ന് പോർത്തുഗീസ് സഞ്ചാരി ഗോമിംഗോ പയസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്ഞിയുടെ അന്തഃപുരം ഭീമാകാരമായ കല്ലുകളാൽ കെട്ടിയ ഒരു വൻ കോട്ടയ്ക്കകത്താണുള്ളത്. കോട്ടയുടെ നാലു വശങ്ങളിലും വലിയ ഉയരത്തിലുള്ള കാവൽമന്ദിരങ്ങൾ ഉണ്ടായിരുന്നു. കാവൽക്കാരെല്ലാവരും അയോധനകല വശമാക്കിയ സ്ത്രീകൾ തന്നെയായിരുന്നു. രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ ഇന്നവിടെ കാണാനുള്ളൂ. അപ്പോൾ ഇതുവരെ വർണിച്ച കൊട്ടാര വിശേഷങ്ങൾ എല്ലാം ‘തള്ളാ’ണെന്നു കരുതരുത്. എല്ലാം സഞ്ചാരികളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. രാജ്ഞിക്ക് കുളിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ കൊട്ടാര സമാനമായ കെട്ടിടത്തിനുള്ളിലെ ജൽ മഹൽ എന്ന കുളം (ക്വീൻസ് ബാത്ത്) വളരെ പ്രസിദ്ധമാണ് . അതിനു വലിയ നാശമൊന്നും ഡക്കാൺ സുൽത്താന്മാർ ഉണ്ടാക്കിയതായി കാണുന്നില്ല. സുൽത്താനമാർക്കും കുളിക്കണമെല്ലോ. ഭൂമിക്കടിയിൽ പോലുമുണ്ടൊരു ശിവക്ഷേത്രം. കല്‍പ്പടവുകള്‍ ഇറങ്ങിയാല്‍ മാത്രം ദൃശ്യമാകുന്ന, വെള്ളത്താല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ശിവക്ഷേത്രമാണിത്. അവിടെയും പ്രതിഷ്ഠ ഇല്ല. എന്നാൽ വിശേഷപ്പെട്ട നന്ദിയുണ്ട്. ഇപ്പോൾ അവിടെ മുട്ടളവ് വെള്ളമേയുള്ളൂ. അവിടുത്തെ നന്ദിയുടെ തിളക്കം അമ്പലത്തിനകത്ത് ഇറങ്ങിചെല്ലാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും എലി വിസർജ്യങ്ങളുടെ പോലുള്ള ഒരു മാതിരി ഗന്ധം എന്നെ ആ വെള്ളത്തിൽ ചവിട്ടുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പതിനാറാം നൂറ്റാണ്ടിൽ ഹംപിയിൽ കൊട്ടാരത്തിലെ പണിക്കാർക്ക് ഭക്ഷണം കൊടുത്തിരുന്ന പന്തി പോലും ചരിത്ര പ്രധാനമാണ്. പണികഴിഞ്ഞ് അവർ നെടുനീളത്തിൽ ശിലാ പാളികൾ കൊണ്ട് നിർമിച്ച കൽപാത്രങ്ങളുടെ ഇരുവശങ്ങളിലുമായി ഇരിക്കും. ആ ശിലാ ഖണ്ഡങ്ങളിൽ പ്രധാന ഭക്ഷണത്തിന് ഒരു വിസ്താരമുള്ള കുഴി യും കറികൾക്കായി നാലു ചെറിയ കുഴികളും ഉണ്ട്. നടുവിലെ പാത്തിയിലൂടെ വെള്ളം ഒഴുകി കൊണ്ടിരിക്കും. ആവശ്യത്തിന് കൈകൊണ്ടു തന്നെ കോരികുടിക്കാം. അന്നൊക്കെ പുഴവെള്ളം ശുദ്ധീകരിക്കാതെ തന്നെ പാനയോഗ്യമായിരുന്നെല്ലോ. കഴിച്ച ശേഷം വൃത്തിയാക്കാനും സൗകര്യം ഉണ്ട്. ഹംപിയിലെ തനത് നിർമാണ രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു കെട്ടിടമാണ് ലോട്ടസ് മഹൽ. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്.. നാലു ഭാഗത്തുനിന്നു നോക്കിയാലും ഏകദേശം ഒരു പോലെ തന്നെ കാണുന്ന ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. രത്നക്കല്ലുകൾ അടർത്തിമാറ്റിയ പാടുകൾ ലോട്ടസ് മഹലിലും മറ്റും കാണാവുന്നതാണ്. അത് പ്രത്യേകമായ ചുണ്ണാമ്പുകൂട്ടും ചുടുകല്ലും മറ്റും കൊണ്ടു നിർമ്മിച്ച കെട്ടിടമാണ്. ഹമ്പിയുടെ കെട്ടിടങ്ങളുടെ നിർമാണ രീതിയിൽ നിന്നും വ്യത്യസ്തമായ വേറെയും കെട്ടിടങ്ങൾ ഇവിടെ ഉണ്ട്. അവയൊക്കെ അധിനിവേശത്തിന്റെ ഭാഗമായി നിർമ്മിക്ക പ്പെട്ടതാവാം. ആനകളെ തളക്കുന്നതിനായി പോലും വൻ കെട്ടിട സമുച്ചയങ്ങളാണ് ഉള്ളത് (എലെഫന്റ് സ്റ്റേബിൾ). പാപ്പാന്മാർക്കും മറ്റും താമസിക്കാനുള്ള കെട്ടിടം ഇപ്പോൾ ശില്പ മ്യൂസിയം ആണ്. നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ അത്രയ്ക്ക് വിസ്താരമേറിയതും വലിയ കൊട്ടാരസമാനമായതുമാണ് അവ. ഹംപിയിലെ പ്രമുഖ ക്ഷേത്രമാണ് വിട്ടാല ക്ഷേത്രം. ഹംപിയില്‍ നിന്ന് ഏകദേശം ഒന്‍പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിട്ടാല ക്ഷേത്രത്തിലെത്തും. സപ്തസ്വരങ്ങള്‍ ഉതിരുന്ന 56 തൂണുകളാണ് ഇവിടുത്തെ വിശേഷം. ക്ഷേത്രത്തിലെ രംഗമണ്ഡപത്തിലാണ് സംഗീതം പൊഴിയ്ക്കുന്ന തൂണുകളുള്ളത്. തൂണുകളുടെ സുരക്ഷയെക്കരുതി ഇപ്പോള്‍ ഇതില്‍ തട്ടുന്നത് വിലക്കിയിട്ടുണ്ട്. ഈ ഭാഗം ഇപ്പോൾ പൂർണമായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ചിരിക്കുകയാണ്. ഒട്ടനവധി പ്രത്യേകതകൾ ഉള്ള ഈ ക്ഷേത്രവും പ്രതിഷ്ഠകളും ഡെക്കാൺ സുൽത്താന്മാരുടെ ആക്രമണത്തിൽ തന്നെയാണ് തകർന്നത്. ഇപ്പോൾ പുനരുദ്ധാരണം നടന്നു വരുന്നുണ്ട്. വിട്ടാല ക്ഷേത്രത്തി ന് സമീപത്തായാണ് കിംഗ്സ് ബാലന്‍സ് അഥവാ തുലാഭാരം. വിശേഷ ദിവസങ്ങളില്‍ രാജാവ് ഇതില്‍ തുലാഭാരം നടത്തിയിരുന്നുവത്രേ.. വിട്ടാല ക്ഷേത്രം മനോഹരമായ വാസ്തു വിദ്യയുടേയും, ശില്‍പ കലയുടേയും സംഗമ സ്ഥലമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ദേവരായ രണ്ടാമന്‍ പണിതുവെങ്കിലും കൃഷ്ണദേവരായരുടെ കാലത്താണിത് വിപുലീകരിച്ചത്. വിട്ടാല ക്ഷേത്രത്തിലെ സംഗീത തൂണുകളും അലങ്കാര രഥവും അത്ഭുതങ്ങളാണ്. രഥത്തിന്റെ ചക്രങ്ങൾ കറങ്ങുന്ന രീതിയിലാണ് നിർമ്മിച്ചിരുന്നതെങ്കിലും കേടുപാടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ ഇതിന്‍റെ ചക്രങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്. പുതിയ അൻപത് രൂപ നോട്ടിൽ കാണുന്ന ചിത്രം ഹംപി വിട്ടാല ക്ഷേത്രത്തിനു മുൻപിലുള്ള രഥത്തിന്റെതാണ്. ക്ഷേത്രത്തിനു മുന്നിലായി വിട്ടാല ബസാറും, കുറച്ചുമാറി നദിക്കരയില്‍ പുരന്ധരദാസ മണ്ഡപവും. മറുവശത്തായി കല്ലുകൊണ്ട് നിര്‍മ്മിച്ച പാലവും കാണാം. ഒരേ ശരീരത്തിൽ ഒരു ഭാഗത്തു നിന്ന് നോക്കിയാൽ നന്ദിയുടെ ശിരസ്സും മറ്റൊരു ഭാഗത്തു നോക്കിയാൽ ആനയുടെ ശിരസു മായി തോന്നുന്ന തരത്തിൽ ശില്പങ്ങൾ വിറ്റാല ക്ഷേത്രസമുച്ചയത്തിലുണ്ട്. ഒരു തൂണിൽ ചെറു ശിൽപം ഭാഗികമായി വിരൽ കൊണ്ടു മറച്ചു നോക്കിയാൽ ആറ് വ്യത്യസ്ത പ്ര വൃത്തികൾ ചെയ്യുന്ന വാനരന്മാർ ആയി കാണാൻ കഴിയും. നവംബർ മാസത്തിലാണ് ഹംപി ഉത്സവകാലം. വിട്ടാല ക്ഷേത്രവും മറ്റു സ്ഥലങ്ങളും ഒക്കെ സന്ദർശിക്കാൻ തുച്ഛമായ ഫീസേ ഉള്ളൂ. ഫീസ് കൊടുക്കാതെ കാണാവുന്ന പ്രദേശങ്ങളാണ് ഹംപിയിൽ അധികവും. മൊത്തം സമ്പത്ത് കൊള്ളയടിച്ച് തീർക്കാൻ ആറുമാസം എടുത്തു എന്നാണ് ചരിത്രം. നിരവധി ആനകളിൽ കയറ്റി മാസങ്ങൾ എടുത്താണ് സ്വർണവും രത്നങ്ങളും കടത്തിയത്. തിരുവിതാംകൂറിലേക്ക് ടിപ്പു പടയുമായി വന്നപ്പോൾ ഭൂതത്താൻകെട്ട് ആ മുന്നേറ്റം പറഞ്ഞില്ലായിരുന്നെങ്കിൽ ശ്രീ പത്മനാഭന്റെ നിലവറ ഇപ്പോൾ ഒഴിഞ്ഞു കിടന്നേനെ. ഇവിടെയുള്ള ബോട്ടുജട്ടിയില്‍ നിന്നും കുട്ട വഞ്ചിയില്‍ അക്കരെ യുള്ള ഹിപ്പി ഐലന്‍ഡിലെത്താം. ചെറിയൊരു തുരുത്താണ് ഹിപ്പി ഐലന്‍ഡ് അഥവാ വിരാപപൂര്‍ ഗഡേ. ചരിത്ര പ്രാധാന്യമൊന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ പോയില്ല. ആനന്ദം സിനിമയിൽ ഈ ഭാഗമൊക്കെ വിശദീകരിച്ചു ചിത്രീകരിച്ചിട്ടുണ്ട്. ഹംപിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ മാറിയാണ് ഹനുമാന്‍റെ ജന്മ സ്ഥലമായി കരുതുന്ന ആജ്ഞനേയ ഹില്‍. 500 പടികള്‍ കയറി വേണം ഇതിന്‍റെ മുകളിലെത്താന്‍. ചക്രതീര്‍ത്ഥ നദിക്കരയിലാണ് കോദണ്ഡരാമക്ഷേത്രം. ബാലിസുഗ്രീവ യുദ്ധത്തില്‍ വിജയിച്ച സുഗ്രീവനെ രാമന്‍ കിരീടം അണിയിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. വിവിധയിനം വാനരന്മാർ രാമായണ കഥകളെ ഓർമിപ്പിക്കും വിധം ഈ പ്രദേശങ്ങളിൽ ധാരാളമായി ഉണ്ട്. വിരൂപാക്ഷക്ഷേത്രം ഉൾപ്പെടെ ക്ഷേത്ര സമുച്ചയങ്ങളും ബസ്സാറുകളും നദിയുടെ മധ്യത്തിലെ കോടി ലിംഗ പ്രതിഷ്ഠകളും ഒക്കെ കാണ്ടു തീർക്കാൻ ഒരു ദിവസം എടുക്കും. കൊട്ടാര സമുച്ചയവും ഹസാര രാമക്ഷേത്രവും മ്യൂസിയവും കൊട്ടാരക്കെട്ടിനു പുറത്തുള്ള അമ്പലങ്ങളും മറ്റു കണ്ടുതീർക്കാൻ വേറൊരു ദിവസം വേണം. അല്പം അകലെയുള്ള വിട്ടാല ക്ഷേത്രവും ആഞ്ജനേയ പർവ്വതവും ഋഷ്യമൂകാചല വും ഒക്കെ മൂന്നാം ദിവസവും കണ്ടു തീർത്താൽ ഹമ്പി ഏതാണ്ട് 80 ശതമാനം കണ്ടെന്ന് നമുക്ക് ആശ്വസിക്കാം. തിരുവനന്തപുരത്തു നിന്ന് ഹംപി വരെ 1050 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിനിൽ ആണെങ്കിൽ ബാംഗ്ലൂർ വഴി അല്ലാതെ ഗോവ വഴിയും ഹോസ്‌പെറ്റൽ എത്താം. ട്രെയിനിൽ ഏതാണ്ട് 30 മണിക്കൂർ യാത്ര വേണ്ടിവരും. ഹൂബ്ലിയിലേക്ക് നേരിട്ട് പറന്ന ശേഷം അവിടെനിന്ന് ട്രെയിനിലോ ബസിലോ ഹോസ്പെറ്റലേക്ക് പോകാം. അങ്ങനെ ആകുമ്പോൾ എട്ടു മണിക്കൂർ യാത്ര മതിയാകും. ബാംഗ്ലൂർ വരെ വിമാനത്തിലും പിന്നെ ട്രെയിനിലും പോവുകയാണ് മറ്റൊരു മാർഗ്ഗം. അതാകുമ്പോൾ 13 മണിക്കൂർ മതിയാകും. സ്വന്തം വാഹനത്തിൽ പോയാൽ ഹമ്പി യിലേക്കുള്ള യാത്ര അടിപൊളി ആകും. പക്ഷേ അതിന് 15- 18 മണിക്കൂർ വരെ ഓടിക്കേണ്ടി വരും. സ്വന്തം വാഹനം ഉണ്ടെങ്കിൽ ഹമ്പിയിലെ സന്ദർശനം കൂടുതൽ ആസ്വാദ്യകരമാകും എന്ന് പറയാതെ വയ്യ. ഹോസ്പെറ്റ് നിന്ന് ധാരാളം ബസ്സുകൾ ഉള്ളതിനാൽ ആദ്യ ദിവസം അവിടെ നിന്ന് ബസ്സിലാണ് ഞങ്ങൾ ഹംപിയിൽ ചെന്ന് ഇറങ്ങിയതെങ്കിലും പിന്നെ എല്ലായിടത്തും ഓട്ടോയിൽ തന്നെ സഞ്ചരിച്ചു. ഓരോ ചെറിയ യാത്രക്കും ഓട്ടോ പിടിക്കുന്നത് നഷ്ടമുണ്ടാക്കും. സ്ഥലങ്ങൾ അറിയാത്തതും പ്രയാസമുണ്ടാക്കും. കൊറോണ കാലമായതിനാൽ സഞ്ചാരികൾ കുറവാണ്. അതുകൊണ്ടാവാം ഓട്ടോക്കാരും ദുരിതത്തിലാണ്. അവർ വലിയ വിലപേശൽ ഇല്ലാതെ നമ്മെ കൊണ്ടുപോകാൻ സമ്മതിക്കും. മൊത്തത്തിൽ ഒരു തുക പറഞ്ഞുറപ്പിച്ചാണ് ഞങ്ങൾ സന്ദർശനം നടത്തിയത്. എല്ലാ ദിവസവും ഹോസ്പെറ്റ് മല്ലിഗി ഹോട്ടലിൽ നിന്ന് ഞങ്ങളെ കയറ്റി ഹംപി മുഴുവൻ ഓരോ ഭാഗമായി കാണിച്ചു് അവസാന ദിവസം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ ഓട്ടോക്കാരൻ ന്യായമായ തുകയ്ക്ക് തയ്യാറായി. ഞങ്ങൾ സന്ദർശനം നടത്തിയ ദിവസം രുദ്ര നരസിംഹമൂർത്തി ക്ഷേത്രവും ബഡാവിലിംഗ പ്രതിഷ്ഠയും ഉള്ള ഭാഗത്ത് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയില്ല. കൊറോണ ആണോ മറ്റെന്തെങ്കിലും കാരണം ആണോ എന്ന് അറിയില്ല. എന്നാൽ അതിനകത്ത് കേന്ദ്ര സർക്കാരിൻറെ പ്രതിനിധികളായ കുറേപ്പേർ നിൽക്കുന്നുണ്ടായിരുന്നു. മിടുക്കനായ ഞങ്ങളുടെ ഓട്ടോഡ്രൈവർ വേലിക്കെട്ടിന്റെ പിൻഭാഗത്തുള്ള ഒരു വഴിയിലൂടെ ഞങ്ങളെയും കടത്തിവിട്ടു. അവിടെ ചെന്ന് കേന്ദ്ര സർക്കാരിൻറെ ആളാണെന്ന മട്ടിൽ ഞങ്ങളും കാഴ്ചകളൊക്കെ കണ്ടു നടന്നു. മോൺസന്റെ നാട്ടിലുള്ളവർ അല്ലെ; മോശക്കാരാവാൻ പറ്റില്ലല്ലോ. അവർക്കു വിതരണം ചെയ്ത ഇളനീരിൽ പങ്കുപറ്റാൻ പോകാതെ പുറത്തിറങ്ങി. വിരൂപാക്ഷ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്. എന്നാൽ സംഗമ വംശത്തിൽ രണ്ട് കാലയളവിലായി വിരൂപാക്ഷ എന്ന പേര് സ്വീകരിച്ച് രണ്ടു രാജാക്കന്മാർ ഭരിച്ചിരുന്നു. പൊതുവേ രാജാക്കന്മാരുടെ പേരുകളും അമ്പലങ്ങളുടെ നിർമിതിയും കാലാനുസൃതമായി വിലയിരുത്തിയാൽ ശൈവഭക്തി യിൽ നിന്ന് വൈഷ്ണവ ഭക്തിയിലേക്കുള്ള ഒരു മാറ്റം ദൃശ്യമാകും. പിന്നീട് ശൈവ-വൈഷ്ണവ രീതികളുടെ സാമന്വയത്തിന് രാജാക്കന്മാർ തന്നെ പരിശ്രമിച്ചു എന്നതിന് അവിടുത്തെ ശില്പങ്ങളിൽ തെളിവുകൾ ദൃശ്യമാണ്. ഒരേ ശില്പത്തിൽ ആനയും നന്ദിയും ദർശിക്കാൻ കഴിയുന്നത് ഇതിനു ഉദാഹരണമാണെന്നും ചരിത്രകാരണംർ പറയുന്നു വിരൂപാക്ഷ ബസാറിന് മദ്ധ്യ ഭാഗത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുഴക്കരയിലെത്തി പുഴ വിശാലമായി ചുറ്റിവളഞ്ഞു പോകുന്ന ഭാഗത്ത് ദ്വീപിലാണ് കോടി ശിവലിംഗപ്രതിഷ്ഠ ഉള്ളത്. പാറയിൽ നിരവധി ശിവലിംഗങ്ങൾ നിരനിരയായി കൊത്തിവെച്ചിട്ടുണ്ട്. വെള്ളം കുറവായിരിക്കുമ്പോൾ അവിടെ നടന്നെത്താത്താൻ കഴിയും. പക്ഷേ പാറക്കെട്ടുകളിൽ കയറിയിറങ്ങിയുള്ള യാത്ര ദുഷ്കരമാണ്. എന്നാൽ അവിടുത്തെ മലമടക്കുകളിലും പാറകളിലും ശില്പങ്ങൾക്ക് ഒരു പഞ്ഞവുമില്ല. അത് കാണുമ്പോൾ അക്കാലത്ത് ശിൽപം കൊത്തുക എന്നത് ചുവരിൽ ചിത്രം എഴുതുന്നതിനേക്കാൾ ആയാസരഹിതമായ പണിയാണെന്ന് തോന്നി പോകും. ചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കിയ ശേഷം ഹംപി സന്ദര്‍ശിക്കുന്നതാണുചിതം.. ഒരു ഗൈഡിന്‍റെ സഹായം ഉണ്ടെങ്കില്‍ നന്നായിരിക്കും. എന്റെ ക്യാമറക്ക് അല്പവും വിശ്രമം നല്കാൻ കഴിയാത്തവിധം ദൃശ്യങ്ങളുടെ ഒരു മാസ്മരിക ലോകത്തായിരുന്നു ഞാൻ. ഹംപിയില്‍ മാതംഗഹില്ലില്‍ നിന്നുള്ള സൂര്യാസ്തമനവും സൂര്യോദയവും മികച്ചതാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഹംപിയില്‍ എത്താൻ ഏറ്റവും സൗകര്യപ്രദമായത് ട്രെയിൻ തന്നെയാണ്. ഹോസ്പെറ്റിൽ ഇറങ്ങിയാൽ ധാരാളം ഹോട്ടലുകളും യാത്ര സൗകര്യങ്ങളും കിട്ടും. ഹംപി ശിലാശില്പങ്ങളുടെ ഒരു അക്ഷയ ഖനിയാണ്. കലാ വിരോധികളായ കടന്നുകയറ്റക്കാർ എത്രയൊക്കെ തച്ചു തകർത്തിട്ടും അവശേഷിക്കുന്നവ നമ്മോടു വിളിച്ചുപറയുന്നത് ആ കാലഘട്ടത്തിലെ മികച്ച സാങ്കേതികവിദ്യയുടെ വിളംബരമാണ്. പടുകൂറ്റൻ പാറകൾ എങ്ങനെ ഇത്ര അളവൊത്ത് മുറിച്ചെടുക്കുന്നു. അതിൽ എങ്ങനെ ലക്ഷണമൊത്ത ശില്പങ്ങൾ കൊത്തിയെടുക്കുന്നു. അവിടെ വലിയ പാറകൾ മുറിക്കുന്നതിനു ഒരേ നേർരേഖയിൽ ഇതിൽ ഒരു ചിത്രത്തിലെപ്പോലെ ചെറുകുഴികൾ കൊത്തിയെടുക്കുമത്രേ, പിന്നെ അതിൽ കുറ്റികൾ അടിച്ചുകയറ്റി വെള്ളം നിറച്ച് അതിനെ പാളിയായി മുറിച്ചെടുക്കുമത്രേ. അങ്ങനെ മുറിച്ചു മാറ്റിയ പാറകളുടെ ബാക്കിഅവിടെ ധാരാളമായി കാണാം. എനിക്ക് മനസിലാകാത്തത് അങ്ങനെയെങ്കിൽ ഒരു കല്ല് മുറിക്കാൻ തന്നെ ദീർഘകാലത്തെ പരിശ്രമം വേണ്ടി വരുമെല്ലോ. ഹംപിയിലെ ശിലാ ഖണ്ഡങ്ങളും അതിലെ ശില്പങ്ങളും കണ്ടാൽ അനായാസമായി അയത്ന ലളിതമായി ചെയ്തതുപോലെ തോന്നും. അവ എണ്ണിയാൽ ഒടുങ്ങാത്ത അത്രയ്ക്കുണ്ട് താനും. 1200 -1300 കാലഘട്ടങ്ങളിലാണ് അത് ചെയ്തത് എന്നോർക്കുമ്പോൾ അത്ഭുതം അവസാനിക്കുന്നില്ല. ഹംപിയുടെ സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നു വെന്നറിയാന്‍ ഇവിടുത്തെ പ്രസിദ്ധമായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സഹായിക്കും. അവിടെ വിജയനഗര സാമ്രാജ്യത്തിന്‍റെ ചെറുരൂപം കാണാന്‍ കഴിയും. കണ്ടാലും പഠിച്ചാലും തീരാത്ത അറിവിന്റെ ആഴക്കടലാണ് ഹംപി. വായിച്ചു തീരാത്ത ആ പുസ്തകം തൽക്കാലത്തേക്ക് മടക്കി വച്ച് ഞാൻ തിരികെ പൊന്നു. പ്രൗഢിയുടെ ഔന്നത്യത്തില്‍ നിന്ന ഒരു രാജ്യത്തെ തോല്പിച്ചതും കൊള്ളയടിച്ചതും മനസിലാക്കാം. കൊള്ളയടിച്ചതിനു പുറമേ ആ മഹോന്നതമായ സംസ്കാരത്തെയും സർഗ്ഗസൃഷ്ടികളെയും കഠിനാദ്ധ്വാനവും കലാമികവും ആസൂത്രണവും ഒത്തുചേർന്നു രൂപപ്പെടുത്തിയ ആ സുന്ദര ശില്പങ്ങളെയും വൻനിർമ്മിതികളെയും തകര്‍ത്ത് തരിപ്പണമാക്കിയതിന്‍റെ പിന്നിലെ ചേതോവികാരം എത്ര ആലോചിച്ചാലും മനസ്സിലാകില്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അത്രമേൽ ദുഷ്ടബുദ്ധിയുള്ളവർക്കേ ഇത്രമേൽ ക്രൂരമായി പെരുമാറാൻ കഴിയൂ. തകർക്കപ്പെട്ട ആ എണ്ണിയാലൊടുങ്ങാത്ത ചരിത്ര സ്മാരകങ്ങളുടെ മുന്നിൽ നിന്ന് മടങ്ങുമ്പോൾ യാത്രികൻറെ മനസിൽ എന്നെന്നേക്കുമായി ഒരു വിങ്ങൽ അവശേഷിക്കും.

No comments:

Post a Comment