Monday 16 September 2019

Swapnayanam part5



സീന്‍ 44 പകൽ

(സി.ഐയുടെ മുറി. താരയുടെ മൊഴിയെടുക്കുന്നതിന്റെ തുടർച്ച)
സി.ഐ: പിന്നെന്നാ സ്വപ്ന ഓഫിസിൽ വന്നത് എന്നറിയാമോ. 
താര: രണ്ടാഴ്ച കഴിഞ്ഞു.  അപ്പോഴേക്കും അയാള്‍ മടങ്ങിപ്പോയിരുന്നു. എന്തായാലും അത്തവണ അവള്‍ ഗള്‍ഭിണിയായി.  
സി.ഐ: അതറിഞ്ഞ് അയാള്‍ വന്നോ. 
താര (ചിരിച്ച്) ഇല്ല. കുഞ്ഞിനെ ആദ്യമായി അയാൾ കാണുന്നത് 3 വര്‍ഷം കഴിഞ്ഞാണ്.  അയാളെപ്പോഴും അങ്ങനെയാണ്.  അവള്‍ ജോലിക്ക് പോകുന്നത് തടയാനാണ് അത്തവണ അയാള്‍ പെട്ടെന്ന് ലീവില്‍ വന്നത്. 
സി.ഐ: ലീവ് കിട്ടാന്‍ പ്രയാസമായതു കൊണ്ടാണോ അയാൾ വരാത്തത്.
താര: അയാളുടെ കാര്യങ്ങളൊക്കെ അവിടെ നടക്കുന്നുണ്ടായിരുന്നു. ജര്‍മ്മനിയിൽ അയാള്‍ക്ക് വേറെ ബന്ധങ്ങളുണ്ട്. 
സി.ഐ: എങ്ങനെ മനസ്സിലായി. 
താര:  സൗദിയില്‍ അയാളുടെ സ്വഭാവമനുസരിച്ച് ജിവിക്കാൻ കഴിയാത്തതു കൊണ്ടാണ് അയാള്‍ അതുപേക്ഷിച്ച് ജര്‍മ്മനിയിലേക്ക് പോയത്.  ഏതോ ഫിലിപ്പെന്‍കാരിയുമായി ബന്ധം ഉണ്ടായിരുന്നതായി സ്വപ്ന പറഞ്ഞിട്ടുണ്ട്.  ജര്‍മ്മനിയിൽ


ജോലിയുള്ള ചില മലയാളികൾ അയാളുടെ വഴിവിട്ട ബന്ധങ്ങളെ പറ്റി പറഞ്ഞതായി അവൾ പറഞ്ഞിട്ടുണ്ട്.  

സീൻ 45 വൈകുന്നേരം
(സ്വപ്നയുടെ ക്വാർട്ടേഴ്‌സ്. ലാൻഡ് ഫോൺ ബെല്ലടിക്കുന്നു
സ്വപ്ന ഫോൺ എടുക്കുന്നു.)
(സ്വപ്നയുടെ അമ്മയാണ് വിളിക്കുന്നത്)
സ്വപ്നയുടെ അമ്മ: നീ എത്തീനെ  ഉള്ളോ
സ്വപ്ന:  അമ്മെ
സ്വപ്നയുടെ അമ്മ: സുകു വന്നിട്ടുണ്ട്
സ്വപ്ന: എപ്പം  പോകും
സ്വപ്നയുടെ അമ്മ: എനി ഓൻ പോവൂലാ . ഈട ഒരു  പീടിക ഇടാന്നാ  പറഞ്ഞെ. ഇതിനിടക്ക്  ഒരീസം ആടെ വരൂന്നും പറഞ്ഞു.
സ്വപ്ന: ഈടൊന്നും വരണ്ടാന്നു  പറഞ്ഞിട്ടുണ്ടല്ലോ
സ്വപ്നയുടെ അമ്മ: ഓൻ മതിയാക്കി വന്നതല്ലേ, മോളെയും നിന്നെയും കാണാൻ വരണ്ടാന്നു എങ്ങനെയാ ഞാൻ പറയാ
സ്വപ്ന: ഇവിടെ വന്നാ  ഞാൻ  എവിടേത്തെക്കെങ്കിലും പോകും
സ്വപ്നയുടെ അമ്മ: അയിന്  നിങ്ങളിപ്പം  പിരിഞ്ഞിട്ടില്ലല്ലോ. ഇപ്പോഴും ഓൻ   തന്നല്ലേ നിന്റെ കെട്ടിയോൻ 
സ്വപ്ന: അതന്നെ.പിരിയണമെന്നു കരുതാഞ്ഞിട്ടല്ല.മോൾക്ക് ഒരച്ഛൻ വേണമെല്ലോ. വിവാഹ മോചിതയായ പെണ്ണാണെന്ന് അറിഞ്ഞാൽ ഇവിടുള്ളവന്മാര് എനിക്ക് സ്വൈരം തരില്ല. അതോണ്ടാ പിരിയാത്തത്. ഇവിടെ വരണ്ടാന്നു ഞാൻ പറഞ്ഞെന്നു അമ്മ പറഞ്ഞാ മതി. 
സ്വപ്നയുടെ അമ്മ: അത്  ഞാൻ ഓനോട്‌ എപ്പോം പറയുന്നാ.  ഓന്   മോളെ കാണണന്ന്.
സ്വപ്ന: അയിനു നമ്മൾ  അടുത്തന്നെ അങ്ങോട്ട് വരുന്നുണ്ട് . അന്നേരം  മോളെ കാണാമെന്നു പറ. 
സ്വപ്നയുടെ അമ്മ: നീ ശരിക്കും  വരുന്നുണ്ടോ?
സ്വപ്ന: ക്രിസ്തുമസിന് ലീവുണ്ടല്ലോ. അപ്പ വരും.
ശരി  അമ്മെ, വക്കട്ടെ; നന്ദു ഇപ്പം വരും . ഓൾക്ക് എന്തെങ്കിലും ഉണ്ടാക്കട്ടെ.
(ഫോൺ വക്കുന്നു)



സീൻ 46
(ക്വാർട്ടേഴ്സിന് ഉൾവശം. കണ്ണാടി വാതിലുള്ള ചുവർ അലമാരയിൽ രണ്ടു തട്ട് നിറയെ നന്ദുവിന്‌ സ്കൂളിൽ നിന്ന് കിട്ടിയ ട്രോഫികളും മെഡലുകളുമാണ്.
സപ്നയും നന്ദുവും ഡൈനിങ്ങ്  ടേബിളിൽ ഡിന്നർ കഴിക്കുന്നു. ചപ്പാത്തിയും കറിയുമാണ് ഭക്ഷണം.
ടീവി യിൽ സിനിമ കാണുന്നുണ്ട്. ഒറ്റപ്പെടലിന്റെ വേദന പങ്കുവെക്കുന്ന ആൾകൂട്ടത്തിൽ തനിയെ സിനിമ  യുടെ അവസാന രംഗം   
സിനിമ തീർന്നപ്പോൾ
നന്ദു: അമ്മെ അമ്മക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യാറില്ലേ
സ്വപ്ന: അതെന്തിനാ, ഞാൻ ഒറ്റക്കല്ലല്ലോ; നീയുണ്ടല്ലോ
നന്ദു: അത് ഓക്കേ. എന്നാലും ഇവിടെ ബന്ധുക്കളാരും ഇല്ലാതെ ഇങ്ങനെ കഴിയുമ്പോൾ ....
സ്വപ്ന: ഞാൻ ഒറ്റക്കായത് എന്റെ തെറ്റുകൊണ്ടല്ല. കൂട്ടായ ജീവിതം  എനിക്ക് ദുരിതം മാത്രമേ നൽകിയിട്ടുള്ളൂ.
ആ ദുരിതത്തിൽ നിന്ന് രക്ഷപെടാൻ ഞാൻ സ്വയം സ്വീകരിച്ചതാണീ ഒറ്റപ്പെടൽ.
നന്ദു: എന്നാലും പെട്ടെന്ന് ഒരത്യാവശ്യം വന്നാൽ സഹായിക്കാൻ ആരുമില്ല എന്ന് തോന്നിയിട്ടില്ലേ;
സ്വപ്ന: എന്തുപറ്റി നിനക്ക് ഇതുവരെയില്ലാത്ത ഒരു ഒറ്റപ്പെടൽ ചിന്ത..
നന്ദു: ഒന്നുമില്ല, ഈ സിനിമ കണ്ടപ്പോൾ നമ്മളും ഏതാണ്ട് അതെ അവസ്ഥയിലാണെന്ന് ഓർത്തുപോയി.
സ്വപ്ന: ഞാൻ ഒറ്റയ്ക്ക് നിൽക്കുന്നു എന്ന് പറയുമ്പോൾ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ ഞാൻ പ്രാപ്തയാണെന്ന അർഥം കൂടിയില്ലേ;
മോളേ, ആരും ഒരിക്കലും ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല ചിലപ്പോൾ സാഹചര്യങ്ങൾ നമ്മെ അവിടെ കൊണ്ടെത്തിക്കും.

നന്ദു: കല്യാണം കഴിക്കാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവില്ലേ
സ്വപ്ന: കഴിയും, അതിനുള്ള സ്വാതന്ത്ര്യമൊക്കെ നമ്മുടെ നാട്ടിലുണ്ട്
പക്ഷെ നീ ഒരിക്കലും അങ്ങനെ ചിന്തിക്കരുത്; അമ്മയുടെ ജീവിതത്തിൽ വിവാഹം ഒരു ദുരന്തമായിരുന്നു എന്ന് കരുതി ഏല്ലാവരുടെയും ജീവിതം അങ്ങനെയല്ല . വിവാഹം മനോഹരമായ ഒരു ജീവിതയാഥാർഥ്യമാണ്.
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും  സുന്ദരമായ നിമിഷങ്ങളാണ്.
വിവാഹിതയായി, അമ്മയായി മാറുന്നത് ഒരു സ്ത്രീയുടെ ജീവിത സാഫല്യമാണ്.
പക്ഷെ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. അന്നൊക്കെ എനിക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു.
ഇന്ന് അങ്ങനെയല്ല. തീരുമാനമെടുക്കുന്നതിന് മുൻപ് വേണ്ട എല്ലാ മുൻകരുതലുകളും പരിശോധനകളും  നടത്താൻ അവസരമുണ്ട്.
നന്ദു: പങ്കാളിയുടെ മനസ് എങ്ങനെയാണു മുന്നേ അറിയുക.
സ്വപ്ന: കുറെ പ്രാവശ്യം നേരിൽ സംസാരിച്ചാൽ അറിയാൻ കഴിയുന്നതേയുള്ളൂ.
വിവാഹം കുറേപ്പേർക്ക് തടവറയാണെങ്കിലും പുറം ലോകം കാണാതെ വളർന്ന പലർക്കും വിവാഹത്തിലൂടെ വിശാലമായ ലോകത്തിലേക്ക് വരാൻ  സ്വാതന്ത്ര്യം കിട്ടിയ എത്രയോ സംഭവങ്ങളുണ്ട്. നല്ലവനായ ഭർത്താവിനോടൊപ്പവും അദ്ദേഹത്തിന്റെ അനുമതിയോടെയും ചക്രവാളങ്ങൾ കയ്യെത്തിപിടിച്ച എത്രയോ ചരിത്ര വനിതകൾ ഉണ്ട്.
നന്ദു: അമ്മ ആവേശത്തിലാണെല്ലോ
സ്വപ്ന: നിനക്കു ഇന്ദ്ര നൂയിയെ അറിയാമോ
നന്ദു: ഇല്ല
സ്വപ്ന:  ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ നിർമ്മാണ 

കമ്പനിയായ പെപ്സികോയുടെ   തലപ്പത്തെത്തിയ ഇന്ദ്രനൂയിയുടെ ജീവിതം നമ്മൾ പെണ്ണുങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളിൽ അവർ മൂന്നാം സ്ഥാനത്തെത്തി. നമ്മുടെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. നമ്മളൊക്കെ ഉപയോഗിക്കുന്ന സ്റ്റേ ഫ്രീ  നാപ്കിൻ  ജോൺസൺ &ജോൺസൺ കമ്പനിയിൽ  പ്രോഡക്റ്റ് മാനേജരായിരുന്നപ്പോൾ  അവർ അവതരിപ്പിച്ചതാണ്. ആർത്തവ ശുചിത്വത്തിന്റെ പരസ്യത്തിനുപോലും നിരോധനമുണ്ടായിരുന്ന കാലത്തു വിദ്യാർത്ഥിനിനികൾക്കിടയിലേക്കു നേരിട്ടുള്ള മാർക്കറ്റിങ് നടത്തിയാണ്  അവർ അത്  വിജയിപ്പിച്ചെടുത്തത്‌.
നന്ദു: ഇപ്പൊ അയ്യപ്പൻ കാരണം നഴ്സറിയിലുള്ള ആങ്കുട്ട്യോൾക്കുവരെ ആർത്തവം എന്തെന്ന്  അറിയാം. (സ്വപ്ന അതുകേട്ടതായി ഭവിക്കാതെ തുടരുന്നു)
 മോട്ടോറോള ഉൾപ്പെടെ നിരവധി കമ്പനികളിൽ വൈസ് പ്രെസിഡന്റും  ഡയറക്ടറുമായി പ്രവർത്തിച്ചു . ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്സിലിന്റെ ആദ്യ വനിതാ ഡയറക്ടർ ആയി. പെപ്സിക്കോയുടെ സിഇഒ ആയിരുന്ന  സമയം കൊണ്ട് അതിന്റെ ഓഹരി മൂല്യം 162  ശതമാനം അവർ വർദ്ധിപ്പിച്ചു. US ലെ 13 വനിതാ സിഇഒ മാരിൽ ഏറ്റുവും ഉയർന്ന ശമ്പളം വാങ്ങിയിരുന്നത് അവരായിരുന്നു. നല്ല ഭർത്താവുണ്ടായതുകൊണ്ടു ജോലിയോടൊപ്പം കുടുംബജീവിതവും ഭംഗിയായി കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു.
അവരുടെ ജീവിത വിജയത്തിന് കാരണമായി അവർ പറയുന്നത് എന്താണെന്നറിയാമോ
നന്ദു: നല്ല ഭർത്താവ്.  (സ്വപ്ന ചിരിക്കുന്നു. പിന്നെ അല്ലെന്നു തലയാട്ടുന്നു.)
സ്വപ്ന: അത്താഴ സമയത്തു അമ്മ പറയിച്ച പ്രസംഗങ്ങളായിരുന്നു അവർക്ക്  സ്വപ്നം കാണാനും വിജയം നേടാനും  പ്രചോദനമായതെന്ന് അവർ പെപ്സിക്കോയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്.


നന്ദു: അതാണ് അമ്മ എന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചു വിടുന്നതല്ലേ. സ്വപ്ന: (ചിരിക്കുന്നു. അലമാരയിലെ മെഡലുകൾ നോക്കി)  അതിനെന്താ ഇഷ്ടംപോലെ വാങ്ങി വച്ചിട്ടുണ്ടല്ലോ.

 സീൻ 47  
നടാലിലുള്ള സ്വപ്നയുടെ കുടുംബ വീട് 
(സ്വപ്നയുടെ അമ്മ, സ്വപ്ന, നന്ദു എന്നിവർ സംസാരിച്ചിരിക്കുന്നു.സുകുമാരൻ കയറി വരുന്നു)
(അച്ഛനാണെങ്കിലും നന്ദുവിന്‌ തികഞ്ഞ അപരിചിതത്വം. സ്വപ്ന അയാളെ കണ്ടതും മറ്റൊരു മുറിയിലേക്ക് പോകുന്നു)
മോളെ കണ്ട സുകുമാരൻ: ആ  നീയങ്ങു വളർന്നു പോയെല്ലോ (അവളെ ആപാദചൂഢം  നോക്കുന്നു)
സ്വപ്നയുടെ അമ്മ: അയിന്  നീ ഓളെ  കണ്ടിട്ട് എത്ര വർഷമായി എന്നറിയോ?
സുകുമാരൻ: ശരിയാ, രണ്ടു മൂന്ന് വർഷമായി.എന്നാലും പെങ്കുട്ട്യോള് എത്ര പെട്ടെന്ന വളര്ന്നേ (നന്ദുവിനോട്) നീ പീടിയയിലേക്കു വരണെ. ചോക്ലറ്റ് ഒക്കെ ഇഷ്ടം  പോലെ ഉണ്ട്. ഡ്രെസ്സും വാങ്ങി തരാം. സൈസ് ആവുമോ എന്ന് അറിയാത്തോണ്ടാ വാങ്ങി വരാത്തത്.  (നന്ദു  താല്പര്യമില്ലെങ്കിലും തല കുലുക്കുന്നു.)
സുകുമാരൻ: (സ്വപ്നയുടെ അമ്മയോട്  പതുക്കെ) ഓൾക്ക് എന്റെ ഛായയൊന്നുമില്ല.

സീന്‍ 48 പകൽ ഉച്ചയോടടുത്ത സമയം
(മരണം കഴിഞ്ഞു  രണ്ടാഴ്ച കഴിഞ്ഞൊരു ഒരവധിദിവസം  സ്വപ്നയുടെ ക്വാർട്ടേഴ്‌സ്
 അന്വേഷണ ഉദ്യോഗസ്ഥൻ വാതിലിൽ മുട്ടുന്നു
സ്വപ്ന പ്രതീക്ഷിച്ചിരുന്ന മട്ടിൽ വാതിൽ തുറക്കുന്നു
അയാളോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾ നില്കുന്നു)
പോലീസ് ഓഫീസർ : മകൾ എവിടെ
സ്വപ്ന:  ട്യൂഷന് പോയി
പോലീസ് ഓഫീസർ : ഭക്ഷണമൊക്കെ കഴിഞ്ഞോ.

സ്വപ്ന : (അതെയെന്ന് തല കുലുക്കുന്നു) സാറിന് കുടിക്കാനെന്തെങ്കിലും..
പോലീസ് ഓഫീസർ : ഒന്നും വേണ്ട . അവധിയായതിനാൽ സ്വസ്ഥമായി കാര്യങ്ങൾ ചോദിക്കാമെല്ലോ എന്ന് കരുതിയാണ് ഇന്ന്
ഇവിടെ ഉണ്ടാവുമോ എന്ന് ചോദിച്ചത്. കൃത്യസ്ഥലം  ഒന്നുകൂടി കാണണമെന്നും ഉണ്ടായിരുന്നു.
അന്വേഷണം ഏതാണ്ട് പൂർത്തിയായി.
റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിനു മുൻപ് എനിക്ക് ഒരു കാര്യം കൂടി അറിയാനുണ്ട്.
(സ്വപ്ന ചോദ്യ ഭാവത്തിൽ ആശങ്കയോടെ നില്കുന്നു.)
പോലീസ് ഓഫീസർ : ( അൽപ സമയമെടുത്ത് ആലോചിച്ചതിനു ശേഷം) നിങ്ങൾ എന്ത് സാധനം കൊണ്ടാണ് അയാളുടെ തലക്കടിച്ചു തള്ളിയിട്ടത്.
സ്വപ്ന: (ഒരു ഞെട്ടലോടെ ) ഞാൻ അങ്ങനെ ചെയ്തിട്ടില്ല.
പോലീസ് ഓഫീസർ : പിന്നെ നന്ദിനിയാണോ അങ്ങനെ ചെയ്തത്.  (സ്വപ്ന ഒന്നും മിണ്ടുന്നില്ല)
സ്വപ്ന: ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല.
പോലീസ് ഓഫീസർ : എന്നോട് കള്ളം പറഞ്ഞിട്ട് കാര്യമില്ല,
അന്ന് മുരളി ഇവിടെ വന്നിരുന്നോ;
സ്വപ്ന : ഇല്ല , അയാളിവിടെ ഒരിക്കലും വന്നിട്ടില്ല.
പോലീസ് ഓഫീസർ :പിന്നെ ആരാണ്, രാഘുനാഥൻ ആണോ, (ഒന്ന് നിർത്തിയ ശേഷം) ഞാൻ അന്വേഷിച്ചു. അയാൾ അന്ന് ടൂറിലായിരുന്നു എന്നറിയാൻ കഴിഞ്ഞു. അയാൾ  അലിബി കളിക്കുന്നതാണോ എന്ന് നോക്കാനുണ്ട്. എങ്കിൽ അയാളായിരിക്കും.
(സ്വപ്ന മിണ്ടാതെ നിൽക്കുന്നു)



പോലീസ് ഓഫീസർ : ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ചോദിക്കുന്നത്. മറുപടി പറയാതിരുന്നാൽ അത് പറയിക്കാൻ ഞങ്ങൾക്കു വേറെ മാർഗങ്ങളുണ്ട്.
സ്വപ്ന: ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല.
പോലീസ് ഓഫീസർ : ഓകെ;  മരിച്ച സുകുമാരൻ മദ്യപിച്ചിരുന്നു എന്നത് ശരിയാണ്, താഴേക്ക് വീണു എന്നതും ശരിയാണ്.പക്ഷെ തലയുടെ പിൻ ഭാഗത്തു ഇത്രയും വലിയ മുറിവുണ്ടാകണമെങ്കിൽ താഴെ വലിയ കല്ലോ മറ്റോ ഉണ്ടാകണം. അവിടെയാണെങ്കിൽ മണൽ വിരിച്ച തറയാണ്. അപ്പോൾ മറ്റേതോ കനമുള്ള വസ്തു കൊണ്ട് തലക്കടിച്ചു വീഴ്ത്തിയിട്ടുണ്ടാവണം. ഞങ്ങളുടെ നിഗമനങ്ങൾ ശാസ്ത്രീയമാണ് അത് തെറ്റാറില്ല. (സ്വപ്ന നിസ്സംഗയായി നിൽക്കുന്നു)
(പോലീസ് ഓഫീസർ എഴുന്നേറ്റു കൈവരിയുടെ ഭാഗത്തേക്ക് നടക്കുന്നു. കുറച്ചു സമയം പുറത്തേക്കു നോക്കി ആലോചിച്ചു നിൽക്കുന്നു.)( പ്രധാന റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട് . ട്രെയിൻ പോകുന്ന ശബ്ദവും കേൾക്കാം.)
പോലീസ് ഓഫീസർ: ഇത് ലോക്കൽ പോലീസിന് കൈമാറാവുന്ന കേസ് ആണ്. അവർ അന്വേഷിച്ചാൽ അത് നിങ്ങൾക്കു  വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. (ഒന്ന് നിർത്തിയ ശേഷം) നോക്കൂ, ഇനി ഞാൻ ഒരു സത്യം പറയാം. ഞാൻ അന്വേഷണം  പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. കേസൊന്നും രജിസ്റ്റർ ചെയ്യുന്നില്ല. നിങ്ങൾക്കത് അന്വേഷിച്ചാൽ മനസിലാകും. അതിൽ നിങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല. ഒരു അസ്വാഭാവിക മരണം എന്നല്ലാതെ കൊലപാതകമാണെന്ന് റിപ്പോർട്ടിൽ   പറഞ്ഞിട്ടില്ല. (സ്വപ്ന ഒന്നും പറയാതെ നോക്കുന്നു )
പോലീസ് ഓഫീസർ : അയാൾ മദ്യപിച്ചു നില തെറ്റിയതിനാൽ കൈവരിയിൽ നിന്ന് മറിഞ്ഞു വീണു തലപൊട്ടി മരിച്ചതാതാകാമെന്നു  പറഞ്ഞിട്ടുണ്ട്. ഇത്രയും ക്രൂരനായ ഒരാളെ നിങ്ങളല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ  ഇതിനു എത്രയോ മുമ്പ് തന്നെ
കൊലപ്പെടുത്തുമായിരുന്നു. നിങ്ങൾ അങ്ങനെ ചെയ്തതിൽ എനിക്ക് അതിശയമില്ല.


(അവളുടെ ഭാവഭേദങ്ങൾ ശ്രദ്ധിക്കുന്നു)
പോലീസ് ഓഫീസർ : എന്റെ  സംശയം അതല്ല,  ഇത്രയും വർഷങ്ങൾ സഹിച്ചിട്ടും ഇപ്പോൾ അങ്ങനെ ചെയ്യാൻ കാരണമെന്താണ്.
(സ്വപ്ന ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കുന്നു )
പോലീസ് ഓഫീസർ : നിങ്ങളെ ദ്രോഹിക്കണമെന്നു ഞാൻ കരുതിയിട്ടില്ല. പോസ്റ്റ് മോർടെം റിപ്പോർട്ട് നിങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പക്ഷെ നിങ്ങളോടു  എനിക്ക് സഹതാപമുണ്ട്.
പോലീസ് ഓഫീസർ : ആട്ടെ,  അയാൾ കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് എപ്പോഴെങ്കിലും നാട്ടിൽ  പോയിരുന്നോ.
സ്വപ്ന:  ഇല്ല
പോലീസ് ഓഫീസർ:  ഇതിനു മുമ്പ് അവിടെ പോയപ്പോൾ മുരളിയുമായി കണ്ടിരുന്നോ.
സ്വപ്ന:  ഇല്ല
പോലീസ് ഓഫീസർ : നിങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങളെ ഈ കേസിൽ പ്രതിയാക്കില്ല. അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചെന്നേയുള്ളൂ
(അല്പം നിർത്തിയ ശേഷം )
നിങ്ങളെ പരസ്യമായി വിലങ്ങു വച്ചുകൊണ്ടുപോയി ചോദിക്കേണ്ട രീതിയിൽ ചോദിയ്ക്കാൻ കഴിയാഞ്ഞിട്ടല്ല, നിങ്ങൾ മണിമണിയായി ഉത്തരം പറയും. നിങ്ങൾ പറയുന്നതിനുമുമ്പേ നിങ്ങളുടെ മകൾ പറയും. നിങ്ങൾക്ക് അയാളെ കൊല്ലാൻ മതിയായ കാരണങ്ങൾ ജീവിതത്തിലുടനീളമുണ്ട്. സ്വയരക്ഷക്ക് വേണ്ടിപ്പോലും അയാളെ കൊല്ലാൻ മതിയായ സന്ദർഭങ്ങളുമുണ്ട്. അപ്പോഴൊന്നും നിങ്ങളത് ചെയ്തില്ല. പിന്നെ ഇപ്പോഴെന്താ; അതാണെനിക്ക് മനസിലാകാത്തത്.
(പോലീസ് ഓഫീസർ പോകാനായി ഷൂസ് ധരിക്കുന്നു )
(അടുത്ത  ക്വാർട്ടേഴ്സുകളിലേക്കു നോക്കി ...)

അവിടുത്തെ താമസക്കാരെത്തിയില്ലേ
സ്വപ്ന:  (ക്വാർട്ടേഴ്സുകളിലേക്കു ചൂണ്ടി) അതിൽ രണ്ടിലും ആളുണ്ട്.
പോലീസ് ഓഫീസർ: അവ   അപ്പോൾ ഒഴിഞ്ഞു കിടന്നിരുന്നത്  നിങ്ങൾക്ക് രക്ഷയായി.
പോലീസ് ഓഫീസർ: ശരി, ഞാൻ പോകുന്നു.  നിങ്ങൾ പറയുന്നില്ലെങ്കിൽ  വേണ്ട. നിങ്ങളുടെ മകളുടെ പ്രായത്തിൽ എനിക്കും ഒരു മകളുണ്ട്. നിങ്ങളുടെ സാഹചര്യം എനിക്ക് മനസിലാകും.
(പോലീസ് ഓഫീസർ  പടിയിറങ്ങാൻ തുടങ്ങുന്നു.
സ്വപ്ന: (എന്തോ പറയാനുള്ളതുപോലെ സ്വപ്ന പുറകിൽ നിന്ന് വിളിക്കുന്നു)  സർ
 (അയാൾ തിരിഞ്ഞു നോക്കുന്നു
വീണ്ടും  പടികയറി വരുന്നു)

സീന്‍ 49

ആദ്യ സീനിലെ സമയം
സന്ധ്യ സമയം
(ക്വാർട്ടേഴ്സിൽ  മദ്യപിച്ചു കയറിവരുന്ന സുകുമാരൻ
സ്വപ്ന ഓഫീസിൽ നിന്ന് വരാൻ സമയമായതുകൊണ്ടു വരാന്തയിലെ വാതിൽ ചാരിയിട്ടേ ഉള്ളൂ.
ആരോ അകത്തു കുളിക്കുന്ന ശബ്ദം കേൾക്കാം, അയാൾ ചെവിയോർക്കുന്നു. ശബ്ദമുണ്ടാക്കാതെ അകത്തുകടന്നു. കുളിമുറിയുടെ വിടവിലൂടെ നോക്കുന്നു. നന്ദിനി കുളിക്കുകയാണ്. മദ്യപാനിയുടെ ചേഷ്ടകൾ ) ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം.
   
കുറച്ചു കഴിഞ്ഞു ആദ്യരംഗത്തിലെ വേഷത്തിൽ  മിഡിയും ടോപ്പും ധരിച്ചു നനവ് മാറാൻ  തല മുടി തോർത്ത് കൊണ്ട് ചുരുട്ടി കെട്ടിവച്ചു നന്ദിനി പുറത്തിറങ്ങാൻ തുടങ്ങുന്നു.
അയാൾ കതകിനു പുറകിലേക്ക് മാറി നിൽക്കുന്നു.  പുറത്തിറങ്ങിയ അവളെ അയാൾ കടന്നു പിടിക്കുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാനും ഒപ്പം തന്നെ കെട്ടി പിടിക്കാനും  ശ്രമിക്കുന്നു ട്രെയിൻ വരുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാം.
പെട്ടെന്ന് അതിശയിച്ചു പോയ അവൾ "എന്നെ വിടൂ, എന്നെ വിടൂ" എന്നുറക്കെ വിളിച്ചുകൊണ്ടു പിടി വിടുവിക്കാൻ  ശ്രമിക്കുന്നു. ട്രെയിൻ ശബ്ദത്തിൽ അവളുടെ നിലവിളി മുങ്ങിപ്പോയി.
അയാൾ പരാക്രമം തുടരുന്നു. പെട്ടെന്ന് സ്വപ്ന കയറിവരുന്നു.
അയാളുടെ പരാക്രമം കണ്ടു ഒരു നിമിഷം സ്തംഭിച്ചു പോയി.
പെട്ടെന്ന് സമനില വീണ്ടെടുത്ത് 'ഒളെ വിടെടാ' എന്ന് ഉറക്കെ പറഞ്ഞു കൊണ്ട്  അവളെ രക്ഷിക്കാൻ ശ്രമിക്കുന്നു. അയാളുടെ പിടിവിടുവിക്കാനോ അയാളെ വലിച്ചു മാറ്റാനോ സാധിക്കുന്നില്ല.  അയാൾ സ്വപ്നയെ പിടിച്ചു തള്ളുന്നു
പെട്ടെന്ന് എഴുന്നേറ്റു എന്തെങ്കിലും ആയുധത്തിനായി തിരയുന്നു.
 അടുക്കളയിൽ ഡെസ്കിനു മുകളിലിരുന്ന ചിരവയാണ് കണ്ണിൽപെട്ടത്. അതിൻറെ നാവു വരുന്ന ഭാഗത്തു പിടിച്ചു അതെടുത്തു. അപ്പോഴേക്കും നന്ദിനി അയാളുടെ പിടി വിടുവിച്ചു ബട്ടൻസ് ഇളകിയ വസ്ത്രവും അഴിഞ്ഞുലഞ്ഞ മുടിയുമായി പുറത്തേക്കു ഓടുന്നു. കൈവരിക്കു സമീപം വച്ച് അയാൾ അവളെ വീണ്ടും പിടികൂടുന്നു. അപ്പോൾ തന്നെ ഓടിവന്ന സ്വപ്ന ചിരവ കൊണ്ടു ശക്തിയായി സുകുമാരന്റെ തലയ്ക്കു പിന്നിൽ അടിക്കുന്നു. ഓടിവന്ന വേഗതയും അടിയുടെ ശക്തിയും കൊണ്ട് അയാൾ മറിഞ്ഞു താഴേക്ക് വീഴുന്നു. മലർന്നാണ് തറയിലെത്തിയത്. പിടയുന്നു. ചലനം നിലക്കുന്നു. ആളുകൾ ഓടിക്കൂടുന്നു. ട്രെയിൻ ശബ്ദം കുറഞ്ഞു വരുന്നു. ടൈറ്റിലുകൾ തെളിയുന്നു.                                                                                                  
                                                                              ..........................