Wednesday 30 December 2020

കടല്‍ കാണാത്ത പെണ്‍കുട്ടി -ജി.ശ്രീകുമാര്‍

 കടല്‍ കാണാത്ത പെണ്‍കുട്ടി

-ജി.ശ്രീകുമാര്‍


  ശംഖുമുഖം ബീച്ചില്‍ അന്ന് വെറുതെ പോയതാണ്.  ഒക്‌ടോബര്‍ മാസത്തെ തെളിഞ്ഞ ആകാശം.  ധാരാളം പേര്‍ ബീച്ചിലെത്തിയിട്ടുണ്ട്.  ബീച്ചിലൂടെ നടന്നപ്പോള്‍ പെട്ടെന്നാണ് പരിചിതമായ ആ മുഖം ശ്രദ്ധയില്‍പ്പെട്ടത്.  വിനോദ്, എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍.
പക്ഷേ ഇപ്പോള്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി.
ഡല്‍ഹിയില്‍ ജോലികിട്ടി പോയതിനു ശേഷം കത്തുകള്‍ മാത്രമായി.  പിന്നെ അതും ഇല്ലാതായി. കോളേജില്‍ പഠിക്കുമ്പോള്‍ എയര്‍വിംഗ് എന്‍.സി.സിയില്‍ ഒരുമിച്ച് പരേഡ് ചെയ്യുന്ന കാലത്താണ് ആദ്യമായി ഞങ്ങള്‍ പരിചയപ്പെട്ടത്.  പിന്നെ ആ സൗഹൃദം വളര്‍ന്നു.  അയാളുടെ ശാസ്തമംഗലത്തുള്ള വീട്ടില്‍ ഞാന്‍ എത്രയോ തവണ പോയി.  എന്റെ വീട്ടില്‍ അയാളും.
വളരെ കാലമായി കണ്ടതല്ലേ എന്ന സന്തോഷത്തോടെ ഞാന്‍ അടുത്ത് ചെന്ന് വിനോദേ എന്ന് വിളിച്ചു.  അയാള്‍ മുഖം ഉയര്‍ത്തിയില്ല.  തോളില്‍ അമര്‍ത്തിയിട്ട് ഒപ്പം ഇരുന്നു.  അപ്പോള്‍ അയാള്‍ അല്‍പ്പമൊന്ന് മുഖംതിരിച്ച് നോക്കി.  പഴയ സുഹൃത്തിനെ കണ്ട സന്തോഷമൊന്നുമില്ല.  കണ്ണീരുണങ്ങി വേദന ഘനീഭവിച്ച മുഖവും ചുവന്ന കണ്ണുകളും.  കടലിലേക്ക് വാരിയെറിഞ്ഞവ തിരികെ വന്നടിഞ്ഞതു പോലെ കുറെ മുല്ലപ്പൂക്കള്‍ അവിടെ ചിതറി കിടക്കുന്നു.
'എന്താ വിനോദേ ഇങ്ങനെ'
ഞാന്‍ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കാന്‍ ശ്രമിച്ചു.  എന്നെ ഒഴിവാക്കണമെന്ന മട്ടാണ് അയാളുടെ മുഖത്ത്.  എന്നെ ഒന്ന് നോക്കിയിട്ട് വിഷാദഭരിതമായ മുഖം ചക്രവാളത്തിലേക്ക് തന്നെ വീണ്ടും തിരിച്ചു.  ആ കണ്ണുകളില്‍ ഒരു കടല്‍ ഇരമ്പുന്നത് ഞാന്‍ കണ്ടു.
എന്നെ കണ്ടാലുടനെ ശ്രീ എന്ന് വിളിച്ച് എപ്പോഴും ഓടി വരുന്ന ഈ കൂട്ടുകാരനിതെന്തു പറ്റി.
ഡല്‍ഹിയില്‍ ജി.വി പന്ത് ഹോസ്പിറ്റലില്‍ ജോലികിട്ടി പോയശേഷം ലീവിന് വന്നപ്പോള്‍ അവന്‍ എന്നെ കാണാന്‍ വന്നിരുന്നു.  എത്ര സന്തോഷമുള്ള നാളുകളായിരുന്നു.  ജീവിതത്തെ തന്നെ മാറ്റിമറിച്ച എന്തോ സംഭവം അവന്റെ മനസ്സിനെ മഥിക്കുന്നുണ്ട്. മനുഷ്യരുടെ വികാര വിചാരങ്ങള്‍ അവരുമായി ഇടപഴകുന്നവരിലേക്ക് സംക്രമിക്കാറുണ്ട്.  പ്രകൃതി അങ്ങനെയല്ല. പക്ഷേ ഇവിടെ പ്രകൃതി പോലും അവന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതു പോലെ തോന്നി.  ചക്രവാളത്തിലേക്ക് മറയുന്നതിന് മുമ്പ് തന്നെ സൂര്യനെ പ്രകൃതി മേഘത്താല്‍ മറച്ച് ദുഃഖത്തിന്റെ ഒരു മൂടുപടം എടുത്തണിഞ്ഞു.  
അവനെ ഒറ്റയ്ക്കിരിക്കാന്‍ വിടുന്നതാണ് നല്ലതെന്ന് തീരുമാനിച്ച് അവന്റെ തോളില്‍ ഒന്നു കൂടി അമര്‍ത്തിയിട്ട് ഞാന്‍ എണീറ്റ് നടന്നു മാറി.
ജോലി കിട്ടിപ്പോയശേഷം കത്തുകള്‍ക്ക് പുറമെ അപൂര്‍വ്വമായി ഫോണ്‍ വിളികളും ഉണ്ടായിട്ടുണ്ട്.  ഇപ്പോഴത്തെപ്പോലെ ഓര്‍ക്കുമ്പോഴൊക്കെ വിളിക്കാന്‍ മൊബൈലൊന്നുമില്ലല്ലോ.  ഇപ്പോള്‍ എന്താവും അവന്റെ ദുഃഖത്തിന് കാരണം.  ഇനി ഞാനെന്തെങ്കിലും മോശമായി പറഞ്ഞിട്ടാവുമോ.  ഇല്ല.  അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.  എനിക്ക് ആ കടല്‍ പുറത്ത് പിന്നെ അധികം നടക്കാന്‍ തോന്നിയില്ല.  വീട്ടിലേക്ക് മടങ്ങി.  
അവന്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറി വന്ന ശേഷവും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്.  എന്റെ ഓഫീസിലും വന്നിട്ടുണ്ട്.  ഇപ്പോഴിതെന്ത് പറ്റി.  അവനെ കുറിച്ചുള്ള ചിന്തകള്‍ ഉറക്കം പോലും കെടുത്തിക്കൊണ്ട് ബോധത്തിലും സുഷ്പ്തിയിലും എന്നെ പിന്തുടര്‍ന്നു.  ഞാന്‍ അവനെ എന്റെ ആത്മാര്‍ത്ഥ സുഹൃത്തായാണ് കണ്ടിരുന്നത്.  പക്ഷേ അവന് അങ്ങനെയാകണമെന്നില്ലല്ലോ.  
രണ്ട് ദിവസം കഴിഞ്ഞൊരു വൈകുന്നേരം അവന്‍ എന്റെ ഓഫീസില്‍ കയറി വന്നു.  നീട്ടി വലിച്ചൊരു സോറിയൊക്കെ പറഞ്ഞു.
'അന്ന് എന്താ സംഭവിച്ചത്' ഞാന്‍ ചോദിച്ചു.
'' അത് പറയാനാ ശ്രീ വന്നത് ''
അവന്‍ മദ്യപിച്ചിരുന്നതായി അവന്റെ പ്രകൃതത്തില്‍ നിന്ന് മനസ്സിലായി.
'ശ്രീയ്ക്ക് എന്നോടൊപ്പം പുറത്ത് വരാന്‍ സമയമുണ്ടോ'
ഓഫീസില്‍ എല്ലാവരും പോയികഴിഞ്ഞിരുന്നു.  അതേയെന്ന് ഞാന്‍ തല കുലുക്കി.
ക്യാബിന്‍ പൂട്ടി താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ച് അവനോടൊപ്പം പുറത്തേക്ക് നടന്നു.  സ്റ്റേഡിയത്തില്‍ ഓടാനും നടക്കാനും വരുന്നവരുടെ തിരക്ക്.  റോഡില്‍ തീരെ തിരക്ക് കുറവായിരുന്നു.  മാസാവസാനം ആയതു കൊണ്ടാകാം സ്റ്റേഷനറി കടയിലും തിരക്ക് കുറവായിരുന്നു.
അവന്‍ മ്യൂസിയത്തിലേക്ക് ഒരു ഓട്ടോ പിടിച്ചു. ഓട്ടോയില്‍ ഇരിക്കുമ്പോഴും  അവന്‍ ഒന്നും പറഞ്ഞില്ല.
എങ്ങനെ തുടങ്ങണമെന്നറിയാത്തതു പോലെ.
മ്യൂസിയത്തിന് ചുറ്റുമുള്ള നടപ്പാതയിലും സായാഹ്ന സവാരിക്കാരുടെ തിരക്ക്.
അവിടുത്തെ പാര്‍ക്കിലെ ഒഴിഞ്ഞ ഒരു ചാരുബഞ്ചില്‍ ഞങ്ങള്‍ ഇരുന്നു.  പാര്‍ക്കിലെ റേഡിയോയില്‍ നിന്നും ലളിതഗാനങ്ങള്‍ കേള്‍ക്കുന്നുണ്ട്.
കുറച്ചുനേരം ഞങ്ങള്‍ ഒന്നും പറയാതെ ഇരുന്നു.  ചില ചെറിയ കുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നുണ്ട്.  ചില കമിതാക്കള്‍ പുല്‍പ്പരപ്പില്‍ ഇരിക്കുന്നു.  ചിലര്‍ ഐസ്‌ക്രീം നുണയുന്നു.  വീണ്ടും കുറെ നേരം ഒന്നും പറയാതെ ഞങ്ങള്‍ അവിടെ ഇരുന്നു.  പിന്നെ അവന്‍ സാവധാനം സംസാരിച്ചു തുടങ്ങി.
'ശ്രീ എന്നെ കണ്ടത് ഒക്‌ടോബര്‍ 27 നാണ് '. അതേയെന്ന് ഞാന്‍ തലകുലുക്കി.
'അന്ന് ഞാന്‍ വല്ലാത്ത മോശം മൂഡിലായിരുന്നു. ശ്രീ എന്റെ അവസ്ഥ മനസ്സിലാക്കണം'.
'എന്ത് അവസ്ഥ, നീ പറഞ്ഞാലല്ലേ എനിക്ക് മനസ്സിലാക്കാനാവു' ഞാന്‍ പറഞ്ഞു.  
'അന്നും ഇന്നും ശ്രീ തന്നെയാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്.  മറ്റാരോടും ഞാന്‍ ഇക്കാര്യം  പറഞ്ഞിട്ടില്ല'.  
മുഖവുര നീണ്ടുപോയപ്പോള്‍ എന്റെ മുഖത്ത് അക്ഷമ നിഴലിച്ചു.  എങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.  
'എല്ലാ ഒക്‌ടോബര്‍ 27 നും ഞാന്‍ ഇങ്ങനെയാണ്.  എനിക്ക് ആദ്യം ജോലി കിട്ടിയത് ജി.വി പന്ത് ഹോസ്പിറ്റലില്‍ ആയിരുന്നല്ലോ'  ഞാന്‍ തലകുലുക്കി.
'അതെ. പിന്നെ ഇലക്ഷന്‍ കമ്മീഷനിലേക്ക് മാറി.  അതു കഴിഞ്ഞ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞത്'
'അതൊക്കെ എനിക്കറിയാം ' . ഞാന്‍ പറഞ്ഞു.  
'ജി.വി. പന്ത് ഹോസ്പിറ്റലില്‍ എന്‍.എല്‍. ദുക്ഷി എന്നൊരു സൂപ്രണ്ട് ഉണ്ടായിരുന്നു.  എന്നോട് വലിയ ഇഷ്ടമായിരുന്നു.  എന്നെ ബേട്ടാ എന്നാണ് വിളിച്ചിരുന്നത്'. ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.
'എന്റെ ജോയിനിംഗ് റിപ്പോര്‍ട്ട് കണ്ടതു മുതലാണ് ദുക്ഷി സാബിന് എന്നെ ഇഷ്ടപ്പെട്ടത്.  എന്റെ കയ്യക്ഷരം സാമാന്യം നല്ലതായിരുന്നെല്ലോ '
'കയ്യക്ഷരം മാത്രമോ ; നീ നന്നായി വരയ്ക്കുകയും ചെയ്യുമായിരുന്നല്ലോ'.  ഞാന്‍ പറഞ്ഞു.
'ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലാണ് പുതുതായി വന്ന എന്നെ പോസ്റ്റ് ചെയ്തത്. സ്റ്റാഫിന്റെ സര്‍വീസ് ബുക്ക് ഉള്‍പ്പെടെ പലതും എഴുതാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചതിനു കാരണം എന്റെ കയ്യക്ഷരം  തന്നെ ആയിരുന്നു '. അവന്‍ ഒന്നു നിര്‍ത്തി.
റേഡിയോയില്‍ ഇപ്പോള്‍ വയലും വീടും പരിപാടിയാണ് കേള്‍ക്കുന്നത്.  ബാക്കി പറയൂ എന്ന മട്ടില്‍ ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി.  
'അങ്ങനെ ഒരു ദിവസം ഒരു സുന്ദരി പഞ്ചാബി പെണ്‍കുട്ടി പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നു; അവള്‍ ദുക്ഷി സാറിനെ കണ്ടപ്പോള്‍ ''ചലോ, വിനോദ് കോ മിലോ'' എന്ന് പറഞ്ഞ് അവളെ എന്റെ അരികിലേക്ക് അയച്ചു. പുതുതായി ആര് വന്നാലും അവര്‍ക്ക് ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതിക്കൊടുക്കുന്നതിന് ദുക്ഷി സാര്‍ അവരെ എന്റെ അടുത്തേയ്ക്കാണ് അയയക്കുക. ആരു കണ്ടാലും ഒറ്റനോട്ടത്തില്‍ തന്നെ ഇഷ്ടപ്പെടുന്ന സൗന്ദര്യവും ചുറുചുറുക്കും.  നീണ്ട ശരീരവും  സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്തത് പോലെയുള്ള നിറമുള്ള പെണ്‍കുട്ടി.  തലമുടി ഒരു ഷാള്‍ കൊണ്ട് മറച്ചിരുന്നു. എങ്കിലും അതിന് സാധാരണയില്‍ കവിഞ്ഞ നീളമുണ്ടെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. അവള്‍ ഒരു നിറഞ്ഞ പുഞ്ചിരിയുമായി എന്റെ മുന്നിലെത്തി.  അചിന്ത് കൗര്‍ എന്നാണവളുടെ പേര്.  ന്യൂട്രീഷന്‍ വിഭാഗത്തില്‍ ആണ് ജോലി കിട്ടിയിരിക്കുന്നത്'.  അവന്‍ വീണ്ടും പറഞ്ഞ് നിര്‍ത്തി.
നീ അവളെ വളച്ചെടുത്തു കാണും എന്ന് പറയണമെന്ന് എനിക്ക് തോന്നി.  സീരിയസായി അയാള്‍ പറയുമ്പോള്‍ അതിനിടയില്‍ വളിപ്പ് കയറ്റിവിടണ്ട എന്നു കരുതി ഞാന്‍ അത് പറഞ്ഞില്ല.  സമയം സന്ധ്യയോട് അടുത്തു.  പാര്‍ക്കിനു ചുറ്റും നടപ്പുദീനക്കാരുടെ എണ്ണം കുറച്ച് കൂടിയിട്ടുണ്ട്.  എന്നാല്‍ പാര്‍ക്കില്‍ ഇരിക്കുന്ന ആളുകള്‍ കുറഞ്ഞ് തുടങ്ങി.  കുട്ടികള്‍ കളി മതിയാക്കി ഐസ്‌ക്രിം പാര്‍ലറിന്റെ മുമ്പിലേക്ക് നീങ്ങിയിട്ടുണ്ട്.
ബാക്കി പറയൂ.  ഞാന്‍ അവനെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി.
'ഞാന്‍ അവള്‍ക്ക് നല്ല ഒരു ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതിക്കൊടുത്തു.  അതിനു ശേഷം പലതവണ സംശയ നിവാരണത്തിനും ലീവ് അപേക്ഷ സമര്‍പ്പിക്കുന്നതിനുമൊക്കെയായി അവള്‍ എന്റെ അരികില്‍ വന്നിട്ടുണ്ട്.  അവള്‍ ഓരോ തവണ അരികില്‍ വരുമ്പോഴും അകാരണമായി എന്റെ മനസ്സില്‍ ഒരു പരിഭ്രമം ഉണ്ടാകാറുണ്ട്. നഴ്‌സുമാര്‍ ഉള്‍പ്പെടെ എത്രയോ ഉത്തരേന്ത്യന്‍ സുന്ദരിമാര്‍ അവിടെ വരാറുണ്ട്.  അവരോടൊന്നും തോന്നാത്ത ഒരിഷ്ടം എനിക്ക് ആച്ചിയോട് തോന്നിയിരുന്നു '.
'ആച്ചിയോ' ഞാന്‍ സംശയിച്ചു.  
'അവളെ പിന്നീട് അങ്ങനെയാണ് ഞാന്‍ വിളിച്ചിരുന്നത്'. ഒരു വിഷാദം കലര്‍ന്ന പുഞ്ചിരിയോടെ അവന്‍ പറഞ്ഞു.
'ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ്.  കാള വാല് പൊക്കിയപ്പോഴേ കാര്യം വ്യക്തമാണല്ലോ'.   ഇത്തവണ എന്റെ മനസ്സിലിരുപ്പ് ഞാന്‍ പുറത്തു വിട്ടു.
അവന്‍ ഒന്നും പറഞ്ഞില്ല.  വെറുതെ ചിരിച്ചു.  അവന്റെ മൂഡ് മെച്ചപ്പെട്ടിട്ടുണ്ട്.  
'പിന്നെന്തുണ്ടായി ; നീ അവളെ പ്രൊപ്പോസ് ചെയ്‌തോ '.
'ഇല്ല, ഇളം ചോക്ലേറ്റ് നിറമുള്ള മലയാളിയായ എന്നെ ഇത്രയും സുന്ദരിയായ ഒരുപഞ്ചാബി പെണ്‍കുട്ടി ആ രീതിയില്‍ ഒന്ന് പരിഗണിക്കുക പോലുമില്ലെന്ന് എനിക്കുറപ്പായിരുന്നു.  കൂടാതെ ഡല്‍ഹിയിലാണ് ജോലി എന്നറിഞ്ഞപ്പോള്‍ തന്നെ ഹിന്ദിക്കാരി പെണ്‍കുട്ടികളെ നോട്ടമിടരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിരുന്നു.  അമ്മ എനിക്കൊരു വഴികാട്ടി മാത്രമല്ല, ദൗര്‍ബല്യവും കൂടിയായിരുന്നു.  അമ്മയെ ധിക്കരിക്കുക എന്നത് എനിക്കൊരിക്കലും കഴിയുമായിരുന്നില്ല '.
പാര്‍ക്കിലെ വിളക്കുകള്‍ തെളിഞ്ഞു. ഐസ്‌ക്രിം കഴിച്ച കുട്ടികള്‍ വീണ്ടും ഊഞ്ഞാലാടാനും ഓടിക്കളിക്കാനും എത്തി.  റേഡിയോയിലിപ്പോള്‍ സിനിമാ പാട്ടുകളാണ്.  സന്ധ്യ കഴിഞ്ഞ് ഇരുട്ട് കടന്ന് വന്നെങ്കിലും പാര്‍ക്ക് പ്രകാശമാനമായിരുന്നു.  
'അവള്‍ പലതവണ എന്റെ അരികില്‍ വന്നെങ്കിലും സീനിയറായ ഒരു ഉദ്യോഗസ്ഥന്റെ ഗൗരവത്തോടും ഉത്തരവാദിത്തത്തോടെയുമാണ് ഞാന്‍ പെരുമാറിയിരുന്നത്.  എനിക്ക് അവളോട് ഒരു താല്‍പ്പര്യം തോന്നിയെന്ന് തോന്നിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു'.
'നിന്റെ വെപ്രാളം അവള്‍ക്ക് മനസ്സിലായിട്ടുണ്ടാവും. പെണ്‍കുട്ടികള്‍ക്ക് ഇക്കാര്യങ്ങളൊക്കെ എളുപ്പം മനസ്സിലാവും '. ഒരു മനഃശാസ്ത്ര വിദഗ്ധനെപ്പോലെ ഞാന്‍ പറഞ്ഞു.  
'ഇല്ല, ഏഴെട്ടു മാസം ഞങ്ങള്‍ ഒരേ ആശുപത്രിയില്‍ ജോലി ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും അവള്‍ എന്നെ പ്രത്യേകമായി നോക്കുകയോ എന്തെങ്കിലും പ്രത്യേകതയോടെ പെരുമാറുകയോ ഉണ്ടായിട്ടില്ല.  ഗോതമ്പിനേക്കാള്‍ തെളിഞ്ഞ നിറവും നീണ്ട പുഷ്ടിയുള്ള ശരീരവും പുഴയുടെ കളകളാരവം പോലെ വേഗത്തിലുള്ള സംസാരവും അവളെ എന്റെ ജീവിത സഖിയാക്കണമെന്ന ആഗ്രഹം കൂടുതല്‍ ശക്തമാക്കി'.  
'എന്നിട്ട് നീ അവളോടത് പറഞ്ഞോ'.  
'ഇല്ല, എന്റെ ശരീരപ്രകൃതി അവള്‍ക്ക് ഞാന്‍ ജോഡിയാകില്ലെന്ന അപകര്‍ഷതാ ബോധമായി എന്നെ പിന്നോട്ട് വലിച്ചിരുന്നു'.
ഇപ്പോള്‍ റേഡിയോയില്‍ ഹിന്ദി ഗാനങ്ങളായിരുന്നു. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പിറങ്ങിയ ഹം റാസിലെ ഏവരും ഇഷ്ടപ്പെടുന്ന ''ഹേ..... നീലേ ഗഗന് കേ തലേ.....'' എന്ന ഗാനം റേഡിയോയില്‍ കേട്ടു.  അത് ഞങ്ങളെ ഇരുവരേയും നിശബ്ദരാക്കി. കേള്‍ക്കുന്നവരുടെ മൂഡ് മാറ്റാന്‍ കഴിയുന്ന ആ ഗാനം തീരുന്നത് വരെ അവനൊന്നും പറഞ്ഞില്ല.  
പാട്ട് തീര്‍ന്നപ്പോള്‍ തുടര്‍ന്ന് പറയൂ എന്ന മട്ടില്‍ ഞാനവനെ നോക്കി.
'ഇലക്ഷന്‍ കമ്മീഷനില്‍ ജോലി കിട്ടിയതോടെ ഞാന്‍ ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ചു.  ദുക്ഷി സാര്‍ ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് എനിക്ക് ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്.  ഇലക്ഷന്‍ കമ്മീഷനില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആച്ചി എന്നെ ഫോണില്‍ വിളിച്ചു'. 'ക്യോം നഹീം ബുലായ'' എന്ന് എടുത്തടിച്ചതു പോലെ അവള്‍ ചോദിച്ചു.  ആ ശബ്ദത്തില്‍ ദേഷ്യവും പരിഭവവും സ്‌നേഹവും ഒരുമിച്ചു ചേര്‍ന്നിരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. ആ ശബ്ദം കേള്‍ക്കാന്‍ ഞാനെത്ര മാത്രം കൊതിച്ചിരിക്കുകയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് ബോദ്ധ്യമായത്.  ശരീരമാകെ ഒരു കുളിര് തോന്നി'.  
'എന്തു പറഞ്ഞു'.  ഞാന്‍ ചോദിച്ചു.
'എന്റെ മറുപടി കേള്‍ക്കാത്തതിനാല്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ എന്തൊക്കെയോ പറഞ്ഞു'.  
'പിന്നെന്തുണ്ടായി'. എന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു.
'പിന്നെന്തുണ്ടാവാന്‍, അവള്‍ എന്റെ കാണാന്‍ ഓഫീസില്‍ വന്നു. പിന്നെ സമയം കിട്ടുമ്പോഴെല്ലാം വന്നു.  ഞങ്ങള്‍ തമ്മില്‍ വളരെ അടുത്തു'.
എനിക്ക് കേള്‍ക്കാന്‍ താല്‍പ്പര്യം കൂടി.
'അവള്‍ക്ക് ഓഫ് കിട്ടുന്ന ദിവസം ഞാന്‍ ലീവെടുത്ത് അവളോടൊപ്പം ലോധി പാര്‍ക്കിലും പ്രഗതി മൈതാനത്തുമൊക്കെ പോകും. പ്രഗതി മൈതാനത്തെ തീയേറ്ററുകളിലെ ലോക ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം ഒരുമിച്ച് ഒരുപാട് തവണ കണ്ടു. ഒരു സായാഹ്നത്തില്‍ പുരാന കില യില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി ആച്ചി എന്ന് വിളിച്ചത്. ഒരു ടോം ബോയ് സ്റ്റൈലായിരുന്നു അവള്‍ക്ക്. ഞങ്ങള്‍ ഒരുമിച്ചുണ്ടാകുമ്പോഴൊക്കെ അവള്‍ തന്നെയാണ് എല്ലാ തീരുമാനവും എടുത്തിരുന്നത്.  എന്താ കഴിക്കേണ്ടത്,   ഐസ്‌ക്രിം വേണോ , കാപ്പി വേണോ എല്ലാം അവള്‍ പറയും. എനിക്ക് അവളുടെ തീരുമാനങ്ങള്‍ ഇഷ്ടമായിരുന്നു.  അവ സന്തോഷത്തോടെ ഞാന്‍ അനുസരിക്കുമായിരുന്നു'.
അല്ലെങ്കിലും കാമുകിമാര്‍ പറയുന്നത് എല്ലാ കോന്തന്‍മാരും അനുസരിക്കും.  കല്യാണം കഴിയട്ടെ , കാണാം ചവിട്ടുനാടകം. ഞാന്‍ മനസ്സില്‍ പറഞ്ഞു.
' ഒരിക്കല്‍ അവളെ സാകേതിലെ ഒരു സ്റ്റുഡിയോയില്‍ കൊണ്ടു പോയി. അവളുടെ മുടി മറച്ചിരുന്ന ഷാള്‍ മാറ്റി, മുടി മുന്നിലേക്കിട്ട് ഫോട്ടോ എടുപ്പിച്ചു.  അവള്‍ക്ക് അത് പതിവില്ലായിരുന്നു. ''ഐസേ ക്യോം'' അവള്‍ ചോദിച്ചു.  എങ്കിലും എതിര്‍ത്തില്ല. ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യില്‍ ഉണ്ട്'.
അത് പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു.  അത് ഞാന്‍ കാണാതിരിക്കാന്‍ അവന്‍ മ്യൂസിയം ഗേറ്റിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു.  അവന്റെ മൂഡ് വീണ്ടും മോശമായതായി എനിക്ക് തോന്നി.  പാര്‍ക്കില്‍ ആളുകള്‍ ഒഴിഞ്ഞു തുടങ്ങി.  എങ്കിലും ഇനിയും കാലറി എരിച്ചു കളയാന്‍ ബാക്കിയുള്ളവര്‍ അപ്പോഴും വേഗത്തില്‍ നടന്നു കൊണ്ടിരുന്നു.  
അവന്‍ പെട്ടെന്ന് വീണ്ടും പറഞ്ഞ് തുടങ്ങി.
'ഒരിക്കല്‍ പനി കാരണം ഏതാനും ദിവസം ഞാന്‍ ഓഫീസില്‍ പോയിരുന്നില്ല.  ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ താഴത്തെ നിലയില്‍ മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ.  അത് കാരണം എനിക്ക് അവളെ വിളിക്കാനും കഴിഞ്ഞില്ല. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഒരു സന്ധ്യക്ക് 9 കിലോമീറ്റര്‍ അകലെയുള്ള മാളവ്യ നഗറിലെ എന്റെ ഫ്‌ളാറ്റിലേക്ക് അവള്‍ ഒറ്റയ്ക്ക് സ്‌കൂട്ടര്‍ ഓടിച്ചു വന്നു.  ഓഫീസില്‍ അന്വേഷിച്ച് ഞാന്‍ ലീവാണെന്ന് മനസ്സിലാക്കിയിരുന്നു'.  
'എവിടെയായിരുന്നു അവളുടെ താമസം'.  ഞാന്‍ ചോദിച്ചു.
'സരോജാ നഗറില്‍; പനിപിടിച്ചു കിടന്ന എന്റെ നെറ്റിയില്‍ അവള്‍ മൃദുവായി തലോടി.  നെറുകെയില്‍ ചുംബിച്ചു.  വസ്ത്രം മാറാന്‍ പോലും സഹായിച്ചു.  രാത്രി വൈകുവോളം എന്റെ അരികിലിരുന്നു.  അവളുടെ ചുംബനങ്ങള്‍ക്ക് ഇത്രയും ചൂടുണ്ടെന്നും വിരലുകള്‍ക്ക് മഞ്ഞിന്റെ കുളിര്‍മയുണ്ടെന്നും അന്നാണ് ഞാനറിഞ്ഞത്'.
'അവള്‍ ഹോസ്റ്റലിലാണോ താമസിച്ചിരുന്നത് '.  
'ഇല്ല. സരോജാ നഗറിലെ ഫ്‌ളാറ്റില്‍ അച്ഛനമ്മമാരോടൊപ്പം തന്നെ. ഒറ്റ മകളായ അവള്‍ക്ക് അവര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നു.  ചണ്ഡീഗഡിലാണ് അവരുടെ കുടുംബം.  അവള്‍ എന്നെക്കുറിച്ച് അവരോട് എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു.  അന്ന് എന്നെ കാണാനാണ് വരുന്നതെന്നും പറഞ്ഞിരുന്നു.  എനിക്ക് എന്റെ അമ്മയോടുള്ള സ്‌നേഹവും ആദരവും അവള്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.  അത് അവര്‍ക്ക് എന്നോടുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു'.
റേഡിയോയില്‍ അറിയാത്ത ഏതോ ഹിന്ദി പ്രേമഗാനം തന്നെയായിരുന്നു അപ്പോഴും.
'അവള്‍ കടല്‍ കണ്ടിട്ടില്ലായിരുന്നു.  കടല്‍ കാണാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ശംഖുമുഖത്തും കോവളത്തുമൊക്കെ എന്റെ ഭാവനയുടെ ചിറകിലേറ്റി എന്റെ ആച്ചിയെ ഞാനെത്രയോ തവണ കൊണ്ടുപോയിട്ടുണ്ട്'.  
'അവള്‍ ഇവിടെ വന്നിട്ടുണ്ടോ?'
'ഇല്ല. ഞാന്‍ അവരുടെ നാട്ടില്‍ പോയിട്ടുണ്ട്. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി സൂരജ്കുണ്ഡ് മേളയ്ക്കാണ് പോയത്.  അത് അവരുടെ വലിയ ആഘോഷമായിരുന്നു. ഞങ്ങളൊരുമിച്ച് സൂരജ്കുണ്ഡിലെ മേളയില്‍ അലിഞ്ഞു ചേര്‍ന്നു.  രാത്രി അവിടെ ഒരു ഹോട്ടലില്‍ തങ്ങി.  അവള്‍ തന്നെയാണ് അത് ബുക്ക് ചെയ്തിരുന്നത്'.
ഹോട്ടല്‍മുറിയില്‍ ഒരുമിച്ച് താമസിച്ചു എന്ന ഭാഗം എന്റെ ആകാംഷ വീണ്ടും വര്‍ദ്ധിപ്പിച്ചു. എന്റെ ഭാവങ്ങളില്‍ നിന്ന് അവനത് മനസ്സിലായി എന്ന് തോന്നി.  
'രണ്ട് സിംഗില്‍ കട്ടിലുകള്‍ ചേര്‍ത്തിട്ട കിടക്കയായിരുന്നു മുറിയില്‍ .  അതില്‍ നിന്നൊരു മെത്ത തറയിലിട്ട് അതിലാണ് ഞാന്‍ കിടന്നത്'.
ആദ്യം അല്‍പ്പം ആദര്‍ശവാനാണ് എന്നൊക്കെ അഭിനയിച്ച് അവളെ കൈയ്യിലെടുക്കാനുള്ള തന്ത്രമായാണ് എനിക്കത് കേട്ടപ്പോള്‍ തോന്നിയത്. ഇതൊക്കെ എല്ലാ കാമുകന്മാരും പയറ്റുന്ന അടവാണ്. അല്‍പ്പം കഴിയുമ്പോള്‍ രംഗം മാറും.  
'കടലു കാണാത്ത എന്റെ ആച്ചി ഒരു മത്സ്യകന്യകയെപ്പോലെ അരമുതല്‍ താഴോട്ട് പുതപ്പ് മൂടി കിടന്നുറങ്ങുന്നത് ഞാന്‍ കുറെ നേരം നോക്കിക്കൊണ്ടിരുന്നു.  അവളെ ഒന്ന് ചേര്‍ത്ത് കെട്ടിപ്പിടിച്ച് കിടക്കാന്‍ ഞാന്‍ കൊതിച്ചു'.
അവളെ അങ്ങനെ ഉറങ്ങാന്‍ വിട്ടു എന്ന ഭാഗം എനിക്കത്ര സ്വീകാര്യമായി തോന്നിയില്ല.  കഥയില്‍ എന്തോ പന്തികേട് ഉള്ളതു പോലെ.  
'പിറ്റേന്ന് മടങ്ങാനിറങ്ങിയപ്പോള്‍ രാത്രി വന്ന് എന്നെ കെട്ടിപ്പിടിക്കാത്തതെന്ത് എന്നവള്‍ ചോദിച്ചു. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ മനോവിചാരങ്ങള്‍ ഇവളെങ്ങനെയാണ് മനസ്സിലാക്കിയത്?  പിന്നെ ഒരു മന്ദസ്മിതത്തോടെ, നിരവധി അര്‍ത്ഥതലങ്ങളോടെ ''ആപ് അച്ഛേ ആദ്മി ഹൈം'' എന്നവള്‍ പറഞ്ഞു'.  
ഇവനെന്തൊരു മനുഷ്യന്‍ എന്ന് ഞാനും മനസ്സില്‍പ്പറഞ്ഞു.  
'പോട്ടെ, എന്നിട്ട് ബാക്കി പറയ്..'. ഞാന്‍ തുടരാന്‍ നിര്‍ബന്ധിച്ചു.
'അവളുടെ താല്‍പ്പര്യം അവളുടെ വീട്ടുകാര്‍ ബന്ധുക്കളുമായി ആലോചിച്ചു.  വിവാഹം അവരുടെ ആചാരപ്രകാരം വേണം.  അത് ചണ്ഡിഗഡില്‍ വച്ചു തന്നെ നടത്തണം എന്നീ കാര്യങ്ങളില്‍ മാത്രമേ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ.  അവളുടെ ഒരു ചെറിയച്ഛന് അന്യഭാഷയും മതവും ജീവിതരീതികളുമുള്ള എന്നെ സ്വീകരിക്കാന്‍ എതിര്‍പ്പുണ്ടായിരുന്നു.  ഇക്കാര്യങ്ങള്‍ അമ്മയെ അറിയിച്ച് അനുഗ്രഹം വാങ്ങാന്‍ ഞാന്‍ വീട്ടിലേക്ക് വന്നു.  അവര്‍ കുടുംബസമേതം ചണ്ഡിഗഡിലേക്കും.  അതിനടുത്ത തിങ്കളാഴ്ച മടങ്ങിയെത്താമെന്നും അപ്പോള്‍ വീണ്ടും കാണാമെന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു'.
'അമ്മയെന്തു പറഞ്ഞു'. അവന്റെ അമ്മയെപ്പോലെ സ്‌നേഹനിധിയായ മറ്റൊരമ്മയേയും ഞാന്‍ കണ്ടിട്ടില്ല.  ഹിന്ദിക്കാരികളെയൊന്നും നോട്ടമിടരുതെന്ന് അവര്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അവന്റെ ഇഷ്ടങ്ങള്‍ക്ക് അവര്‍ ഒരിക്കലും എതിരു നില്‍ക്കില്ല എന്നെനിക്ക് അറിയാമായിരുന്നു.  
'അമ്മ എതിര്‍ക്കുമോ എന്ന പേടി അവള്‍ക്കുണ്ടായിരുന്നു.  അമ്മയുടെ ഇഷ്ടം ഞാന്‍ ധിക്കരിക്കില്ല എന്ന് അവള്‍ക്കുമറിയാമായിരുന്നു'.
'അമ്മയെന്തു പറഞ്ഞു'. ഞാന്‍ വീണ്ടും ചോദിച്ചു.
'അമ്മയും ഏട്ടനും എതിര്‍ത്തില്ല.  അവര്‍ക്ക് എന്റെ ഇഷ്ടം നടക്കട്ടെ എന്ന മട്ടായിരുന്നു. ചില സൂചനകള്‍ ഞാന്‍ നേരത്തെ നല്‍കിയിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി.  നാട്ടിലെത്തിയതിന്റെ പിറ്റേന്ന് ചണ്ഡിഗഡിലെ ഒരു ബൂത്തില്‍ നിന്ന് അവള്‍ എന്നെ വിളിച്ചു.  അമ്മയെന്ത് പറഞ്ഞു എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു.  അമ്മയും ചേട്ടനും അനുമതി നല്‍കിയ കാര്യം ഞാന്‍ ആച്ചിയെ അറിയിച്ചു. അവളുടെ സന്തോഷം വാക്കുകളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.  എന്റെ ആച്ചി എന്നെ എത്ര തീവ്രതയോടെയാണ് സ്‌നേഹിക്കുന്നത് എന്നെനിക്ക് ബോധ്യമായി.  ഫോണിന്റെ മറുതലയ്ക്കല്‍ സന്തോഷം കൊണ്ട് അവള്‍ തുള്ളിച്ചാടുന്നത് എനിക്ക് കാണാമായിരുന്നു.  തിങ്കളാഴ്ച തന്നെ മടങ്ങിയെത്തുന്നതിന് ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നു.  അന്ന് രാവിലെ ഓഫീസിലേക്ക് വന്നപ്പോള്‍ ഓഫീസ് ഗേറ്റിന് മുന്നില്‍ അവളുടെ ചെറിയച്ഛനും മറ്റ് ചില പഞ്ചാബികളും ഒരു പരവേശത്തോടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു'.
'ചെറിയച്ഛനെ നേരത്തെ കണ്ടിട്ടുണ്ടോ'.  ഞാന്‍ ചോദിച്ചു.
'അവളുടെ കുടുംബാംഗങ്ങളെയെല്ലാം ഫോട്ടോ കാണിച്ച് എനിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.  കൂടാതെ അയാളുടെ പൊക്കം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതായിരുന്നു. അവര്‍ എന്നെയാണ് കാത്ത് നില്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി.  എന്റെ മനസ്സില്‍ ഒരു ഭയം ജനിച്ചു.  അയാള്‍ക്ക് ഞങ്ങളുടെ ബന്ധം ഇഷ്ടമായിരുന്നില്ലെന്ന് ആച്ചി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു'.
'എന്തും വരട്ടെ എന്ന് കരുതി അവരെ ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ ഓഫീസിലേക്ക് കയറി.  അല്‍പ്പം കഴിഞ്ഞ് അവളുടെ ചെറിയച്ഛന്‍ ഓഫീസിനുള്ളിലേക്ക് ഓടി വന്നു.  ബേട്ടാ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.  എനിക്കൊന്നും മനസ്സിലായില്ല.  കൂടെ വന്നവര്‍ കാര്യം വിശദീകരിച്ചു. എന്നെ ഫോണില്‍ വിളിച്ച ശേഷം ബൂത്തില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങിയ അവള്‍ ഒരു ട്രക്കിനടിയില്‍പ്പെട്ടു.  തല്‍ക്ഷണം മരിച്ചു.  ട്രക്കിന് നേരെ അവള്‍ ഓടിച്ച് കയറ്റി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്'.
സന്തോഷം അമിതമാകുമ്പോള്‍ ഉണ്ടാകാവുന്ന അശ്രദ്ധ കൊണ്ട് അലക്ഷ്യമായി സ്‌കൂട്ടര്‍ ഓടിച്ചതാവാം കാരണം എന്ന് എനിക്ക് തോന്നി.  എനിക്ക് തുടര്‍ന്ന് ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.  
'ആച്ചീ...... നീയെന്തിന് ഇത് ചെയ്തു'.
അവന്‍ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.  ഇത്തവണ അവന്‍ കരച്ചില്‍ മറയ്ക്കാന്‍ ശ്രമിച്ചില്ല.  കരയട്ടെ എന്ന് ഞാനും കരുതി മിണ്ടാതിരുന്നു.  മദ്ധ്യ വയസ്സ് എത്താറായ ഒരാള്‍ ഇങ്ങനെ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല.  എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.  
പാര്‍ക്കിലെ സെക്യൂരിറ്റി കുറെ നേരമായി ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിരുന്നു.  എല്ലാവരും പോയി.  നിങ്ങള്‍ പോകുന്നില്ലേ എന്ന മട്ടിലാണ് അയാള്‍ നോക്കുന്നത്.  
അല്‍പ്പം കഴിഞ്ഞ് നമുക്ക് നടക്കാം എന്ന് പറഞ്ഞ് ഞാന്‍ അവനെയും കൂട്ടി പാര്‍ക്കിന് പുറത്തെത്തിയപ്പോള്‍ അവന്‍ വീണ്ടും സാധാരണ നിലയിലായി.  
'അവരുടെ ആചാരപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി വിവാഹിതയാകാതെ മരിച്ചാല്‍ അവള്‍ക്ക് മോക്ഷം ലഭിക്കില്ല. മരണശേഷമായാലും ശരീരം ദഹിപ്പിക്കുന്നതിനു മുമ്പ് അവളുടെ വിവാഹച്ചടങ്ങ് നടത്തിയിരിക്കണം.  അതിനായി അവരോടൊപ്പം ഞാന്‍ ചെല്ലണം. മൃതശരീരവുമായി അവര്‍ എന്നെ കാത്തിരിക്കുകയാണ്.  അവരുടെ കൂടെ ഞാനും ചണ്ഡിഗഡിലേക്ക് പോയി.  ആ ശരീരത്തില്‍ ഞാന്‍ വിവാഹമാല്യം അണിയിച്ചു.  അവളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. വലത് കാല്‍വിരലില്‍ മോതിരമണിയിച്ചു.  ആ കാല്‍വിരലുകള്‍ ഇത്രയും മനോഹരമാണെന്ന് ഞാന്‍ അന്നാണ് മനസ്സിലാക്കിയത്. മറ്റെന്തോ ചടങ്ങുകളൊക്കെ അവിടെ നടന്നു.  കുറെകഴിഞ്ഞ് ആ സിന്ദൂരം മായ്ക്കാനും ആ മോതിരം ഊരി മാറ്റാനും എന്നോട് തന്നെ പറഞ്ഞു.  ഞാനതെല്ലാം ചെയ്തു'. അപ്പോഴും അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'ഒരു ഒക്‌ടോബര്‍ 27 നാണ് ആ ദുരന്തം സംഭവിച്ചത്'
രണ്ടുദിവസം മുമ്പ് ഇയാള്‍ കടപ്പുറത്ത് വിഷമിച്ചിരുന്നതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസ്സിലായത്.  
'അതിനുശേഷമുള്ള എല്ലാ ഒക്‌ടോബര്‍ 27 നും ഞാന്‍ എല്ലാ പ്രവര്‍ത്തികളും മാറ്റിവച്ച് ഏതെങ്കിലും കടല്‍ക്കരയില്‍ സമയം കഴിക്കും.  ഫോണ്‍ പോലും എടുക്കില്ല.  എന്റെ ആച്ചി...... അവള്‍ കടല്‍ക്കരയില്‍ എന്റെ അരികില്‍ വന്നിരിക്കും. അവള്‍ക്ക് ഞാന്‍ മുല്ലപ്പൂക്കള്‍ ചൂടിക്കൊടുക്കും.  ഞങ്ങളൊരുമിച്ച് കടല്‍ കണ്ട് കൊണ്ട് വൈകുവോളം ഇരിക്കും.  അന്ന് ഞാന്‍ മറ്റാരോടും ഒന്നും സംസാരിക്കില്ല.   അത് എന്റെ ആച്ചിക്കു മാത്രമുള്ള ദിവസമാണ്'.  
----------------------------------