Wednesday 26 March 2014



       സംസ്ഥാന ഭരണ സിരാകേന്ദ്രത്തിലാണ് ജോലി. ഒത്തിരി വകുപ്പുകള്‍  നീന്തിയാണ് ഇവിടെ എത്തിയത് . അതിന്റെ അനുഭവസമ്പത്തുണ്ട്; എങ്കിലും അതിന്റെ അഹങ്കാരം തീരെയില്ല.
സമയം കിട്ടുമ്പോള്‍ ഇങ്ങനെ മനസ്സില്‍ തോന്നുന്നത് എഴുതി വിടാറുണ്ട്. ബ്ലോഗിലാകുമ്പോള്‍ പ്രസിദ്ധീകരിക്കാന്‍ ആളെ തപ്പി നടക്കേണ്ടതില്ല എന്നൊരു ഗുണവുമുണ്ട്.
തെറ്റുകുറ്റങ്ങളും അഭിപ്രായങ്ങളും പറയണം.
ഞാന്‍ നന്നയിക്കൊള്ളാം.
ശ്രീകുമാര്‍ ജി.

parambikulam yathra

പ്രകൃതിയുടെ സ്വന്തം വാസഗൃഹം   (2006-ല്‍ നടത്തിയ യാത്രയാണ് )

- ജി. ശ്രീകുമാര്‍

പറമ്പിക്കുളം കേരളത്തിലാണെങ്കിലും പാലക്കാട് നിന്ന് തമിഴ്‌നാട്ടിലെ സേത്തുമട, പൊള്ളാച്ചി, ആനമലൈ വന്യജീവി സങ്കേതം വഴി 98 കി.മീ സഞ്ചരിച്ചാലേ പറമ്പിക്കുളത്തെത്തുകയുള്ളൂ.  തമിഴ്‌നാട് വഴി വരുന്നതിനാല്‍ ഈ സങ്കേതം കേരളത്തിലാണെന്ന് ചിന്തിക്കാന്‍ പ്രയാസം തോന്നും.  സമുദ്രനിരപ്പില്‍ നിന്ന് 1438 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്.  നേരിട്ട് എത്താന്‍ വഴിയുണ്ടായിരുന്നെങ്കില്‍  ചാലക്കുടിയില്‍ നിന്ന് 50 കി.മീ മാത്രം ദൂരമുള്ള ഈ പ്രദേശത്ത് ഇന്നത്തെ ചുറ്റിവളഞ്ഞുള്ള വഴിയെ എത്താന്‍ ഏകദേശം 170 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. 

   1900 മുതല്‍ തന്നെ ഇവിടെ നിന്ന് തേക്കും മറ്റ് വനവിഭവങ്ങളും കൊച്ചി തുറമുഖത്തെത്തിക്കാനും അതുവഴി വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും തുടങ്ങിയിരുന്നു.  അതിനായി 1905 ല്‍ പറമ്പിക്കുളം, കുരിയാര്‍കുട്ടി, ഒറ്റക്കൊമ്പന്‍, പൊയിലപ്പാറ വഴി ചാലക്കുടിയിലേക്ക് 50 കി.മീ നീളത്തില്‍ ഒരു ട്രാംവെയും അതില്‍ സഞ്ചരിക്കാവുന്ന, വിറക് ഇന്ധനമായി ഉപയോഗിക്കുന്ന ഒരു ചരക്ക് തീവണ്ടിയും ഉണ്ടായിരുന്നു.  ആ ട്രാംവേയുടെയും അതിനുള്ള ഇരുമ്പ് പാളങ്ങളുടെയും അവശിഷ്ടങ്ങള്‍ ഉള്‍ക്കാട്ടിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇപ്പോഴും കാണാന്‍ കഴിയും. ആ ട്രാംവേ ഉണ്ടായിരുന്ന വഴി വിപുലപ്പെടുത്തി പാലങ്ങളും മറ്റും പണിതാല്‍ തമിഴ്‌നാട്ടില്‍ കയറാതെ തന്നെ എളുപ്പത്തില്‍ പറമ്പിക്കുളത്തെത്താന്‍ കഴിയും.  പക്ഷേ അങ്ങനെ ഒരു വഴി ഒരിക്കലും ഉണ്ടാവരുത് എന്ന് അവിടുത്തെ വൈല്‍ഡ്‌ലൈഫ് വാര്‍ഡനോടും കാനനപാലകരോടും ഒപ്പം അവിടെ കണ്ട് മടങ്ങുന്ന, കാടിനെ സ്‌നേഹിക്കുന്ന, ഓരോരുത്തരും പ്രാര്‍ത്ഥിക്കും.  നേരിട്ടുള്ള ഒരു വഴി ഇല്ലാത്തതു കൊണ്ടാണ് അവിടം നിത്യഹരിതവനമായും ഭയരഹിതമായി വന്യജീവികള്‍ വസിക്കുന്ന പ്രകൃതിയുടെ സ്വന്തം വാസഗൃഹമായും നിലനില്‍ക്കുന്നത്.  


ചാലക്കുടിയില്‍ നിന്ന് പറമ്പിക്കുളം കാട്ടിലൂടെ ഉണ്ടായിരുന്ന കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേ യിലൂടെ പല തവണ യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിച്ച പ്രസിദ്ധനായ ഒരു പക്ഷിശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു.  ഡോ. സാലിം അലി.  അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിശിഷ്ടാതിഥികള്‍ ഉള്ളപ്പോള്‍ മാത്രം ആ ചരക്കുവണ്ടിയില്‍ ഘടിപ്പിക്കാറുണ്ടായിരുന്ന വി.ഐ.പി കോച്ചിന്റെ ചിത്രം ഉണ്ട്.  അദ്ദേഹം 1933, 1946 എന്നീ വര്‍ഷങ്ങളില്‍ അതില്‍ സഞ്ചരിച്ചിരുന്നു.  അദ്ദേഹത്തിന്റെ ആത്മകഥയില്‍ ആ യാത്രകളെപ്പറ്റി രസകരമായി വിവരിച്ചിരിക്കുന്നു. 

''വളരെ ചെറിയ കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേ അക്കാലത്ത് രാജ്യത്തെ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ തീവണ്ടി സര്‍വീസ് ആയി അറിയപ്പെട്ടിരുന്നു.  സമീപത്തെ കാടുകളില്‍ നിന്ന് വെട്ടിയെടുക്കുന്ന വിറക് ഉപയോഗിച്ച് ആ ജര്‍മ്മന്‍ നിര്‍മ്മിത എഞ്ചിന്‍ ചാലക്കുടി മുതല്‍ പറമ്പിക്കുളം വരെ ഓടി.  മനോഹരമായ മലകള്‍ക്കിടയില്‍ തഴച്ചു വളര്‍ന്നിരുന്ന ഈറ്റ, കാട്ടുമരങ്ങള്‍ എന്നിവയുടെ ഇടയിലൂടെ കുന്നുകള്‍ കയറിയിറങ്ങി ആ റെയില്‍പാത വളഞ്ഞ് പുളഞ്ഞ് കിടന്നു.  കൊച്ചിന്‍ ഫോറസ്റ്റ് അഡ്മിനിസ്‌ട്രേഷന്‍ ഈ തീവണ്ടിപ്പാത പണിതത് അങ്ങ് കാട്ടിനുളളില്‍ നിന്ന് മരം വെട്ടിക്കൊണ്ട് വരാനാണ്.  കയറ്റങ്ങളും, നിരപ്പുകളും എഞ്ചിന്‍ ഉപയോഗിച്ച് താണ്ടിയ ഈ വണ്ടി ഇറക്കങ്ങളില്‍ ഭൂഗുരുത്വബലത്താല്‍ യാത്രചെയ്തു.  മരം കയറ്റി മലയിറങ്ങുന്ന ആക്കം ഉപയോഗിച്ച് തൊട്ടപ്പുറത്തെ പാതയിലൂടെ ഒഴിഞ്ഞ ബോഗികളെ മലക്കയറ്റാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം കപ്പിയും കയറും അവര്‍ തയ്യാര്‍ ചെയ്തിരുന്നു.  വെള്ള യൂണിഫോം അണിഞ്ഞിരുന്ന അതിലെ പത്ത് വര്‍ഷം സര്‍വീസ് ഉള്ള ഗാര്‍ഡിന് 25 രൂപയാണ് ശമ്പളം.  സാധാരണഗതിയില്‍ ഇതില്‍ യാത്രക്കാര്‍ ഉണ്ടാവാറില്ല.  വിശിഷ്ട അതിഥികള്‍ ഉള്ളപ്പോള്‍ വി.ഐ.പി കോച്ച് തീവണ്ടിയില്‍ ഘടിപ്പിക്കും.  1933 ല്‍ കുരിയാര്‍കുട്ടിയില്‍ സര്‍വ്വെ നടത്താന്‍ ഞങ്ങളുടെ സംഘം ഇതിലാണ് പോയത്.  വഴിക്ക് എഞ്ചിനിലെ തീപ്പൊരികള്‍ പറന്നുവന്ന് ഞങ്ങളുടെ വസ്ത്രങ്ങളകില്‍ ചെറുദ്വാരങ്ങള്‍ വീഴ്ത്തി. 40 കി.മീ യാത്രചെയ്യാന്‍ 8 മണിക്കൂറെടുത്തു.  കാല്‍പ്പനികമായ ആ ട്രാവേയിലൂടെയുള്ള എന്റെ അടുത്ത യാത്ര 1946 ല്‍ ആയിരുന്നു.  അത് ആ മനോഹര വനപ്രദേശം പറമ്പിക്കുളം ഹ്രൈഡോ ഇലക്ട്രിക് പ്രോജക്ടിനു വേണ്ടി വമ്പന്‍ ഡാമും സംഭരണിയും നിര്‍മ്മിച്ച് വെള്ളത്തില്‍ മുക്കുന്നതിന് തൊട്ടു മുമ്പായിരുന്നു.'' 

'ദി ഫാള്‍ ഓഫ് എ സ്പാരോ' എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ് ഈ വാങ്മയ ചിത്രം ഉള്ളത്. 

സുഖകരമായ കുളിരും മനസ്സിന്റെ വിഷമങ്ങളൊക്കെ അലിയിച്ചു കളയാന്‍ സഹായിക്കുന്ന പ്രകൃതിഭംഗിയും ഒത്തുചേരുന്നിടമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം.  പാലക്കാട് നിന്ന് ഏകദേശം മുപ്പത് കി.മീ സഞ്ചരിച്ച് കഴിയുമ്പോഴേക്കും മലയാള സിനിമകള്‍ക്ക് കേരളീയ ഭംഗി നല്‍കാന്‍ വയലേലകളും തെങ്ങിന്‍തോപ്പുകളും തേടിയിറങ്ങുന്ന സിനിമാക്കാരുടെ പ്രിയലൊക്കേഷനായ പൊള്ളാച്ചിയിലെത്തും. അവിടെ കതിരണിഞ്ഞ് നില്‍ക്കുന്ന നെല്‍പ്പാടങ്ങളുടെയും നിരനിരയായി നില്‍ക്കുന്ന തെങ്ങുകളുടെയും സമൃദ്ധി കാണുമ്പോള്‍ അത് കേരളം തന്നെയാണെന്ന് ആരും കരുതിപ്പോകും.  പക്ഷേ ആ സമൃദ്ധിയുടെ പിന്നില്‍ കേരളത്തിലെ പറമ്പിക്കുളം, തൂണക്കടവ് തുടങ്ങിയ നമ്മുടെ അണക്കെട്ടുകളില്‍ നിന്ന് കലവറയില്ലാതെ ലഭിക്കുന്ന ജലമാണെന്ന് അപ്പോഴെനിക്ക് അറിയില്ലായിരുന്നു.  കേരളവും തമിഴ്‌നാടും തമ്മിലുള്ള കരാര്‍ പ്രകാരം 7.25 ടി.എം.സി അടി വെള്ളം കേരളത്തിന് ലഭിക്കേണ്ടതാണ്.  പക്ഷേ അതൊരിക്കലും കൃത്യമായി ലഭിക്കാറില്ല.  തമിഴ്‌നാട്ടിലെ ആനമലൈ വന്യജീവി സങ്കേതത്തില്‍ കയറുന്നതോടെ ഹൈറേഞ്ച് ആരംഭിക്കുകയായി.  ഹെയര്‍പിന്‍ വളവുകള്‍ ഒറ്റയ്ക്കല്ല, തുടര്‍ച്ചയായി കാണാം.  വണ്ടി ഉയരത്തിലേക്ക് കയറുന്തോറും താഴ്‌വാരത്തിന്റെ വിഹഗവീക്ഷണം ലഭ്യമാവും.  കാടിനുള്ളിലൂടെയുള്ള റോഡുകള്‍ തമിഴ്‌നാട്ടിലുള്ളതിനേക്കാള്‍ കേരളത്തിലാണ് മെച്ചം.  ആനമലൈ വന്യജീവി സങ്കേതത്തില്‍ ആനസവാരിയും മറ്റും നടത്താന്‍ കഴിയും. 

   ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് പറമ്പിക്കുളം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.  കുന്നുകളും കുഴികളും ഇടവിട്ടുള്ളതിനാല്‍ കടുവകള്‍ക്ക് ആഹാരം തേടാന്‍ ഇവിടം അനുയോജ്യമല്ല.  അതിനാല്‍ കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ല.  തമിഴ്‌നാട്ടിലെ ടോപ്പ് സ്ലിപ്പ് എന്ന സ്ഥലം കഴിയുന്നതോടെ പറമ്പിക്കുളം വന്യമൃഗ സങ്കേതം ആരംഭിക്കുന്നു.  തമിഴ്‌നാട്ടിലെയും കേരളത്തിലെയും കാനനപ്രദേശങ്ങള്‍ക്ക് വ്യക്തമായ വ്യത്യാസം ദൃശ്യമാണ്.  വനസംരക്ഷണത്തില്‍ കേരളത്തിന്റെയത്ര ശുഷ്‌കാന്തി തമിഴ്‌നാടിനുള്ളതായി തോന്നിയില്ല.  കേരളം കാടിനെ നമ്മുടെ പൈതൃക സമ്പത്തായും പ്രകൃതിമാതാവായും സ്‌നേഹത്തോടെ പരിപാലിക്കുന്നു. 

പറമ്പിക്കുളത്തേയ്ക്ക് വാഹനം പ്രവേശിച്ചപ്പോള്‍ മുതല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഗതിയുണ്ട്.  പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഒരു പൊടിക്ക് പോലുമില്ല.  ആയിരക്കണക്കിന് ജനം നിത്യവും വന്നുപോകുന്ന കേരളത്തിലെ ഒരു സ്ഥലമാണിതെന്ന് ഓര്‍ക്കണം.  2006 ന് മുമ്പ് അവിടം പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചിതറിക്കിടക്കുന്ന പാതയോരങ്ങളും നാടന്‍ കന്നുകാലികള്‍ മേഞ്ഞുനടക്കുന്ന പുല്‍മേടുകളും ഫിറ്റായി കഴിഞ്ഞ് വലിച്ചെറിയുന്ന കുപ്പിച്ചില്ലുകളും നിറഞ്ഞ ഒരിടമായിരുന്നു.  കൂടാതെ അലറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു.  പക്ഷേ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശീയരായ ആദിവാസികളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ആരും സന്ദര്‍ശിക്കാന്‍ കൊതിക്കുന്ന,വീണ്ടും വരാന്‍ ഇഷ്ടപ്പെടുന്ന, ഒരു പറുദീസയായി അത് മാറിയിട്ടുണ്ട്.  ഇന്ന് അവിടം തികച്ചും ഒരു പ്ലാസ്റ്റിക് ഫ്രീസോണ്‍ ആണ്.  പകല്‍ സമയത്ത് ഞങ്ങള്‍ കണ്ണിമാറ തേക്ക് കാണാന്‍ പോയി. 

 

 

 

 ലോകത്തിലെ ഏറ്റവും വണ്ണംകൂടിയ തേക്കുമരമാണിത്.  പറമ്പിക്കുളത്തെ പ്രധാന ദിവ്യനായി അത് വിലസുന്നു.  അതിനടുത്ത്, മുമ്പ് ബ്രിട്ടീഷുകാര്‍ മുറിച്ചു മാറ്റിയ മറ്റൊരു തേക്കിന്റെ ചുവട് കാണാം.  അത് കണ്ണിമാറ തേക്കിനെക്കാള്‍ വലുതായിരുന്നത്രേ.  അത് മുറിച്ചു കഴിഞ്ഞ് കണ്ണിമാറ തേക്ക് മുറിക്കാന്‍ വാള്‍ വച്ചപ്പൊള്‍ അതില്‍ നിന്നും രക്തം പൊടിഞ്ഞെന്നും തുടര്‍ന്ന് ആദിവാസികള്‍ എതിര്‍ത്തത് കൊണ്ടാണ് അതവിടെ നില നില്‍ക്കുന്നതെന്നും ചിലര്‍ പറഞ്ഞു.  ആ വഴിക്ക് ധാരാളം മാനുകള്‍, കാട്ടുപോത്തുകള്‍, മ്ലാവുകള്‍, വിവിധയിനം കുരങ്ങന്മാര്‍, ചീങ്കണ്ണികള്‍, അകലെയായി സഞ്ചരിക്കുന്ന ആനക്കൂട്ടങ്ങള്‍ ഒക്കെ കണ്ടു.  പറമ്പിക്കുളം തടാകത്തില്‍ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ ഒരു സവാരിയും നടത്തി.  അവയൊന്നും ഒരിക്കലും മറക്കാനാവില്ല 

അടുത്തദിവസം നേരത്തെ പറഞ്ഞ പഴയ ട്രാംവേയിലൂടെ എട്ട് കി.മീ. ട്രക്കിംഗിന് ഏര്‍പ്പാട് ചെയ്തിരുന്നു.  9 മണിയോടെ ആനപ്പാടിയിലെ താമസസ്ഥലത്ത് നിന്ന് പറമ്പിക്കുളത്തേക്ക് തിരിച്ചു. പറമ്പിക്കുളം മുതല്‍ കുരിയാര്‍കുട്ടി വരെയാണ് ഞങ്ങളുടെ കാല്‍നടയാത്ര.  തികച്ചും അവിസ്മരണീയമായ ഒരു യാത്ര തന്നെയായിരുന്നു അത്.  കുരിയാര്‍കുട്ടിയ്ക്കടുത്ത് ട്രാംവേയില്‍ കഴിഞ്ഞദിവസം ഒരു ഒറ്റയാന്‍ നില്‍പ്പുണ്ടായിരുന്നെന്ന് ഒരു ഡ്രൈവര്‍ എന്നോട് പറഞ്ഞു.  സൂക്ഷിക്കണം.  അവന്‍ കുറച്ച് ദിവസങ്ങളായി അവിടെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്.  അവന് പെട്ടെന്ന് ഓടിയടുക്കാനാവും എന്നും കൂടി അയാള്‍ പറഞ്ഞു.  നമ്മുടെ നാല് അടിവയ്ക്കുന്നതിന് ആനയ്ക്ക് ഒരടി മതിയല്ലോ.

 

ട്രക്കിംഗിന് പോകാനുള്ള എന്റെ ആവേശമെല്ലാം തലയില്‍ തേയ്ക്കാനായി കൊണ്ടുവന്ന എണ്ണ ഉറഞ്ഞതുപോലെ തണുത്തുറഞ്ഞു.  എങ്ങനെ ട്രെക്കിംഗില്‍ നിന്ന് ഒഴിഞ്ഞ് മാറാം എന്നായി എന്റെ ചിന്ത.  ഒടുവില്‍ രണ്ടും കല്‍പ്പിച് ഞാനും കൂടെ കൂടി. വഴിയില്‍ കഴിക്കാന്‍ ബിസ്‌ക്കറ്റും പഴവുമൊക്കെ ഞങ്ങള്‍ കരുതിയിരുന്നു.  ഞങ്ങളോടൊപ്പം എല്ലായ്‌പ്പോഴും ഉണ്ടായിരുന്ന ഫിറോസ് എന്ന വനം വകുപ്പുദ്യോഗസ്ഥന് പുറമെ വലിയ വെട്ടുകത്തികളും തോള്‍സഞ്ചികളുമായി നാല് ഫോറസ്റ്റ് വാച്ചര്‍മാരും (തദ്ദേശീയരായ ആദിവാസികള്‍) ഞങ്ങള്‍ക്ക് കൂട്ടായി വന്നു.  ആദിവാസികളില്‍ നിന്ന് നൂറോളം പേരെ ദിവസക്കൂലിക്കാരായി വന്യമൃഗസങ്കേതത്തില്‍ വിവിധ ജോലികള്‍ക്കായി നിയമിച്ചിട്ടുണ്ട്.  അവരില്ലാതെ കാനനയാത്ര അസാധ്യം തന്നെ.  ചിലയിടങ്ങളില്‍ ഇന്നലെപ്പോയ വഴി ഇന്ന് കാണുന്നില്ല.  വഴി വെട്ടിത്തെളിക്കേണ്ടി വരും.  വന്യമൃഗങ്ങളെ കണ്ടാല്‍ അവയുടെ കണ്ണ് മാത്രം ശ്രദ്ധിച്ച് ആക്രമിക്കാന്‍ സാദ്ധ്യതയുണ്ടൊ എന്ന് മനസ്സിലാക്കാനും അവര്‍ക്ക് പ്രത്യേക വിരുതുണ്ട്.  പകുതിദൂരം കഴിഞ്ഞ് പത്ത് മിനിട്ട് വിശ്രമിച്ചു.  ഞങ്ങള്‍ കഴിച്ചിട്ട് അലസമായി കളഞ്ഞ ചെറുകവര്‍ പോലും യാതൊരു നീരസവും പ്രകടിപ്പിക്കാതെ തങ്ങളുടെ തോള്‍സഞ്ചിയിലേക്ക് പെറുക്കിയിടുന്ന ഫോറസ്റ്റ് വാച്ചര്‍മാരെ കണ്ടപ്പോഴാണ് പ്ലാസ്റ്റിക് നിരോധനം എങ്ങനെയാണ് സാധ്യമായത് എന്ന് മനസ്സിലായത്.  എന്തും എവിടെയും വലിച്ചെറിയുന്ന ശരാശരി മലയാളികളായ ഞങ്ങള്‍ക്ക് അതൊരു വലിയ പാഠമായിരുന്നു.        

                2006 -2010 ല്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കൂടിയായിരുന്ന സഞ്ജയന്‍കുമാറിന്റെ പരിശ്രമഫലമായാണ് അവിടെ നൂറ് ശതമാനം പ്ലാസ്റ്റിക് ഫ്രീ ആയത്.  ആദിവാസികളായി അവിടെ ഏകദേശം 1400 പേര്‍ താമസിക്കുന്നുണ്ട്.  അവരുടെ കന്നുകാലികള്‍ അവിടെ മേയാറുണ്ട്.  പക്ഷേ കന്നുകാലികളില്‍ നിന്ന് പല പകര്‍ച്ചവ്യാധികളും വന്യജീവികള്‍ക്ക് പകരാന്‍ സാധ്യതയുണ്ട്.  കന്നുകാലികളെ ഒഴിവാക്കിയാല്‍ ആദിവാസികളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാവും.  അതിനാല്‍ ചിലര്‍ക്ക് ജോലി കൊടുത്തു.  കൂടാതെ എക്കോഡെവലപ്‌മെന്റ് കമ്മിറ്റികളുടെ കീഴില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ്, തേന്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന യൂണിറ്റ്, തേനീച്ചയുടെ മെഴുക് ഉപയോഗിച്ച് പ്രത്യേക ഇനം വേദനസംഹാരി കുഴമ്പ് ഉണ്ടാക്കുന്ന യൂണിറ്റ്, മുളകൊണ്ടുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റ്  അങ്ങനെ പല സംരംഭങ്ങളും തുടങ്ങുകയും അവിടൊക്കെ അവര്‍ക്ക് ജോലി നല്‍കുകയും ചെയ്തു.  എന്നിട്ടാണ് കന്നുകാലികളെ ഒഴിവാക്കിയത്.  വനമേഖലയില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റീസൈക്കിള്‍ ചെയ്ത് ഉപയോഗപ്രദമായ മറ്റ് പല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി.  പറമ്പിക്കുളം ധാര എന്ന പേരില്‍ സഞ്ചാരികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കി.  25 രൂപയുടെ ഒരു കുപ്പിവെള്ളം വാങ്ങിയാല്‍ കുടിച്ചശേഷം കുപ്പി മടക്കി നല്‍കുമ്പോള്‍ 20 രൂപ തിരികെ ലഭിക്കും.  വലിച്ചെറിഞ്ഞ് മുങ്ങാനാണ് ഭാവമെങ്കില്‍ 100 രൂപ പിഴയൊടുക്കേണ്ടി വരും.  

        പറമ്പിക്കുളം പുഴയും കുരിയാര്‍കുട്ടിപ്പുഴയും സംഗമിക്കുന്നിടം വരെ നടന്നെത്തിയപ്പോള്‍ ഞങ്ങളെ കൊണ്ടു പോകാനുള്ള ബസ് അവിടെയെത്തിയിരുന്നു.  വിദേശികളില്‍ പലരും കുരിയാര്‍കുട്ടിയിലുള്ള സലിംഅലി സെന്ററിലും ഒറ്റകൊമ്പനിലുള്ള ഐ.ബിയിലും മറ്റും ദിവസങ്ങളോളം തങ്ങിയിട്ട് കാട്ടിലൂടെ നടന്നുതന്നെ മടങ്ങുന്നത് കണ്ടു.  വളരെക്കാലം പക്ഷിനിരീക്ഷണത്തിനായി ഡോ.സലിം അലി ഈ കാനനത്തില്‍ ചെലവഴിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനും ചിത്രങ്ങളായി സലിംഅലി സെന്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  കൂടാതെ ഒട്ടനവധി പക്ഷികളുടെ ബഹുവര്‍ണ്ണചിത്രങ്ങളും ഉണ്ട്.

 

വഴിയില്‍ പ്രതീക്ഷിച്ച ഒറ്റയാനെ കാണാത്തതിനാല്‍ ഞാന്‍ ആശ്വാസത്തോടെയാണ് ബസില്‍ കയറിയത്.  കുറച്ച് ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വണ്ടിയിലുണ്ടായിരുന്ന വനം വകുപ്പുദ്യോഗസ്ഥനും ഡ്രൈവറും ഞങ്ങളോട് നിശബ്ദമായിരിക്കാന്‍ ആംഗ്യം കാണിച്ചു.  ബസ് നിര്‍ത്തി, പക്ഷേ എന്‍ജിന്‍ ഓഫാക്കിയില്ല.  ഡ്രൈവര്‍ ഒരു വശത്തേക്ക് ചൂണ്ടി. വണ്ടിയുടെ വലതുവശത്ത് അല്‍പ്പം ഉയര്‍ന്ന ഭാഗത്ത് ഒരു ഒറ്റയാന്‍.  തികച്ചും ഭീകരന്‍.  അത് ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  പക്ഷേ അല്‍പ്പം കഴിഞ്ഞതും അത് വാലും തുമ്പിക്കൈയും ഉയര്‍ത്തി ഞങ്ങളെ നോക്കി ചിഹ്നം വിളിച്ചു.  ഞങ്ങള്‍ ശരിക്കും ഭയന്നു.  തുമ്പികൈയ്ക്ക് അല്‍പ്പം കൂടി നീളമുണ്ടായിരുന്നെങ്കില്‍ വണ്ടിക്കുള്ളിലേക്ക് നീട്ടി ഞങ്ങളെ വലിച്ചു പുറത്തിടാന്‍ കഴിയുന്നത്ര അടുത്താണ് അത്.  ഞങ്ങള്‍ ഭയന്ന് പല ശബ്ദങ്ങളും പുറപ്പെടുവിച്ചു.  നിശബ്ദരായിരിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞില്ല.  അത് താഴേക്കിറങ്ങി ഞങ്ങളുടെ വാഹനത്തിനടുത്തേക്ക് വരാന്‍ ശ്രമിച്ചു.  ഡ്രൈവറോട് വണ്ടിയെടുക്കാന്‍ പലരും ഭയാക്രാന്തരായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.  ഒടുവില്‍ അത് കുറച്ചുകൂടി മുന്നോട്ട് നീങ്ങി താഴെയിറങ്ങാനുള്ള സൗകര്യം നോക്കി.  അപ്പോഴേയ്ക്കും ഡ്രൈവര്‍ വണ്ടിയെടുത്തു.  അത് നിന്ന സ്ഥലത്ത് നിന്ന് അതിന് പെട്ടെന്ന് താഴെ ഇറങ്ങാന്‍ കഴിയില്ല എന്നറിയാവുന്നതു കൊണ്ടാവണം ഡ്രൈവര്‍ ക്ഷമയോടെ അവിടെ വണ്ടി നിര്‍ത്തി ഒറ്റയാനെ വിശദമായി കാണാന്‍ സൗകര്യമുണ്ടാക്കിയത്.  മടങ്ങി ആനപ്പാടിയിലെത്തിയ ശേഷം രാത്രി വീണ്ടും മൃഗങ്ങളെ കാണാനായി കൊണ്ടുപോയി.  ശക്തമായ വെളിച്ചം വിതറുന്ന സെര്‍ച്ച് ലൈറ്റുകള്‍ ഇരുഭാഗത്തേക്കും പ്രകാശിപ്പിച്ചു കൊണ്ട് വാഹനം മുന്നോട്ട് നീങ്ങി.  വെളിച്ചത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ കാണുമ്പോള്‍ എല്ലാവിളക്കും അങ്ങോട്ടേയ്ക്ക് തിരിയും.  പകല്‍ കണ്ടതിനേക്കാള്‍ അധികം മൃഗങ്ങളെ രാത്രിയാത്രയില്‍ കാണാന്‍ കഴിഞ്ഞു.  വെറും അമ്പതടി അകലത്തില്‍ ഒരു പുള്ളിപ്പുലിയെ കണ്ടത് ഞങ്ങള്‍ക്ക് വളരെ സന്തോഷം നല്‍കി ( ഞങ്ങള്‍ വണ്ടിയ്ക്കുള്ളിലും അത് പുറത്തുമാണല്ലൊ.  സന്തോഷിക്കാമല്ലൊ)

അടുത്ത ദിവസം രാവിലെ ടോപ്പ് സ്ലിപ്പിനടുത്ത് തമിഴ്‌നാടിന്റെ കോഴിമലത്തി എന്ന സ്ഥലത്തുള്ള ആന പരിശീലന കേന്ദ്രംകാണാന്‍ പോയി.  ആനകളുടെ ഒരു ദുര്‍ഗ്ഗുണ പരിഹാര പാഠശാല എന്നു വേണമെങ്കില്‍ പറയാം.  കുഴപ്പക്കാരായ പല ആനക്കൊമ്പന്മാരെയും അവിടെ കൊണ്ടു വന്ന് മര്യാദ പഠിപ്പിക്കാറുണ്ട്.  രാവിലെ എട്ടുമണിയാകുമ്പോള്‍ എല്ലാ ആനകളും ഭക്ഷണം കഴിക്കാനായി അവിടെയത്തും. അത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചയാണ്.  മറ്റ് സമയങ്ങളില്‍ കാടിനുള്ളില്‍ നിശ്ചിത പരിധിക്കുള്ളില്‍ സഞ്ചരിക്കാനും ഭക്ഷണം തേടാനും അവയ്ക്ക് കഴിയും.  ഒരു കിലോ വീതമുള്ള ചതുരക്കട്ടകളാക്കി വേവിച്ച് വച്ചിരിക്കുന്ന ചോറ്, മുതിര, കൂടാതെ ശര്‍ക്കര, ഉപ്പ് ഇവയൊക്കെ അവിടെ കണ്ടു.  ഒരു കുട്ടിയാനക്ക് ഭക്ഷണം നല്‍കാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.  വഴിയില്‍ ഒറ്റയാനെ കണ്ട് ഭയന്നവരാണെങ്കിലും ഇവിടുത്തെ ആനകളോടൊപ്പം നിന്ന് ഫോട്ടോകള്‍ എടുക്കാനും തുമ്പികൈയില്‍ പിടിക്കാനും തലോടാനും വല്ലാത്ത തിരക്കായിരുന്നു.  ആനകള്‍ക്ക് ഒന്നിലും വാലില്‍ ഒരു രോമം പോലുമില്ല. എല്ലാം പറിച്ച് വിറ്റുകാണും.  ചോറ് തരുന്നതല്ലേ എന്ന് വിചാരിച്ച് ആന മറുത്ത് ഒന്നും പറഞ്ഞിട്ടുണ്ടാവില്ല.  എന്തായാലും തമിഴ്‌നാട്ടിലെ കാനനപ്രദേശത്ത് കൂടി സഞ്ചരിച്ചപ്പോള്‍ മൃഗങ്ങളെയൊന്നും കാണാനായില്ല എന്നത് ഒരു വസ്തുതയാണ്.  പലപ്പോഴും മൃഗങ്ങള്‍ കേരളത്തിലെ വനപ്രദേശത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ കാടുകളിലേക്ക് പോകുമ്പോഴാണ് ജലദൗര്‍ലഭ്യവും മറ്റ് പല കാരണങ്ങളാലും മരണപ്പെട്ടു പോകുന്നത്.  കേരളത്തിലെ വനപ്രദേശങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് സുഖജീവിതത്തിന് അനുയോജ്യമാണ്.  പറമ്പിക്കുളത്തല്ലാതെ മറ്റൊരിടത്തും വന്യമൃഗങ്ങള്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പോലും നിര്‍ഭയരായി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.  

 

പറമ്പിക്കുളത്തെ ഏറ്റവും ഉയര്‍ന്ന കുന്നാണ് കരിമല.  ആനകളുടെ താവളം എന്നറിയപ്പെടുന്ന ഇവിടെ മാന്‍, കാട്ടുപോത്ത്, സാമ്പാര്‍, വരയാട്, മുതല, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, പുള്ളിപ്പുലികള്‍  തുടങ്ങിയ മൃഗങ്ങള്‍ ധാരാളമായി ഉണ്ട്.  കടുവകളുടെ എണ്ണം കുറവാണെങ്കിലും അപൂര്‍വ്വ ഇനമായ റോയല്‍ബംഗാള്‍ ടൈഗറും ഇവിടെയുണ്ട്.  81 ഇനം ഓര്‍ക്കിഡുകള്‍ ഉള്‍പ്പെടെ 1488 ഇനം പുഷ്പിക്കുന്ന ചെടികള്‍ ഇവിടെയുണ്ട്.  കൂടാതെ 50 ഇനം മരുന്ന് ചെടികളും 285 ഓളം അപൂര്‍വ്വവും നാശോന്മുഖമായ സസ്യവര്‍ഗ്ഗങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.  തൂണക്കടവ് ഡാമിനടുത്തുള്ള പൂമരത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ  ചിത്രശലഭത്തിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. 

 

 

പറമ്പിക്കുളത്തെത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളില്‍ ചിലതില്‍ ഇങ്ങനെയെഴുതിയിരിക്കുന്നു. ''നിങ്ങളുടെ കാല്‍പ്പാടുകള്‍ അല്ലാതെ മറ്റൊന്നും ഇവിടെ അവശേഷിപ്പിക്കരുത്.  ഓര്‍മ്മകള്‍ അല്ലാതെ മറ്റൊന്നും ഇവിടുന്ന് കൊണ്ടു പോവുകയുമരുത് '' കിളികളുടെ കുറുമൊഴികള്‍ക്കൊപ്പം വേഴാമ്പലിന്റെ മലമുഴക്കുന്ന നാദവും കുളിരലകളുടെ രാഗാലാപം കേള്‍പ്പിക്കുന്ന പ്രശാന്ത സുന്ദരമായ തടാകങ്ങളും അരസികനില്‍ പോലും കവിത വിരിയിക്കുന്ന കാനന ഭംഗിയും ഓര്‍മ്മകളിലൊതുക്കി കൊണ്ട് ഞങ്ങള്‍ പറമ്പിക്കുളത്ത് നിന്ന് മടങ്ങി.  പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ലഘുരേഖയില്‍ പറഞ്ഞിരിക്കുന്നതു പോലെ പ്രകൃതിയുടെ സ്വന്തം വാസഗൃഹമാണ് ഇവിടം.

                                                          ..........