Sunday 16 December 2018


ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചലച്ചിത്രമേള 

-ശ്രീകുമാര്‍ജി

പ്രളയ ദുരന്തത്തില്‍ നിന്ന് കേരളം കരകയറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവിടെ ഈ വര്‍ഷം ചലച്ചിത്രോത്സവം നടത്തുന്നത് ഒരു അനാവശ്യ ആഢംബരമാവില്ലേ എന്ന ആശങ്ക മേളയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ എല്ലാ തലത്തിലും ഉണ്ടായിരുന്നു.   അതു കൊണ്ട് അത് തത്വത്തില്‍ വേണ്ടെന്നു വച്ചതുമായിരുന്നു.  ഒടുവില്‍ സിനിമാ പ്രേമികളില്‍ വിശ്വാസമര്‍പ്പിച്ച് പിരിവെടുത്തായാലും അത് നടത്താന്‍ തീരുമാനമായി.  അങ്ങനെ  ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലളിതമായി ആഢംബരവും അധിക ചെലവുമില്ലാതെ യുവതയുടെ അഘോഷമാക്കി നടത്തി കഴിഞ്ഞപ്പോള്‍ അത് പകര്‍ന്ന് നല്‍കിയത് അതിജീവനത്തിന്റെ മഹത്തായ സന്ദേശമാണ്.  വര്‍ദ്ധിപ്പിച്ച ഡെലിഗേറ്റ് ഫീസ് മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും സംഘാടനത്തില്‍ ചില പിഴവുകള്‍ ഉണ്ടായെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരു മികച്ച കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ഗരിമ പ്രകടിപ്പിച്ച മേളയായിരുന്നു കടന്നു പോയതെന്ന് നിസ്സംശയം പറയാം.  
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 163 സിനിമകള്‍.  അവയില്‍ എട്ടെണ്ണം ഏഷ്യയില്‍  ആദ്യമായി ഈ മേളയിലാണ് പ്രദര്‍ശിപ്പിച്ചത്.  ഡെന്‍മാര്‍ക്ക് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ , ഇറാനിയന്‍ സംവിധായകന്മാരായ അസ്ഗര്‍ ഫര്‍ഹാദി, ജാഫര്‍ പനാഹി, തുര്‍ക്കിഷ് സംവിധായകനായ നൂരി ബില്‍ജെ സീലാന്‍, ഫ്രഞ്ച് സംവിധായകനായ ഗാസ്പര്‍നോ, പോളിഷ് സംവിധായകനായ പവേല്‍ പൗളിക്കോവ്‌സ്‌കി തുടങ്ങിയവരുടെയെല്ലാം  ഈ വര്‍ഷത്തെ ചിത്രങ്ങള്‍ തന്നെ മേളയിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. 

         ഡെലിഗേറ്റ് പാസ്, ഹാന്‍ഡ് ബുക്ക്, ബുള്ളറ്റിനുകള്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി വിതരണം ചെയ്തു.  ഉദ്ഘാടന ചിത്രമായ 'എവരിബഡി നോസ്' ചിത്രീകരണ, ശബ്ദലേഖന, ചിത്രസന്നിവേശ മേഖലകളില്‍ മികവ് പുലര്‍ത്തിയ ചിത്രമായിരുന്നു.  ഓസ്‌കാര്‍ നേടിയ ഏക ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ദാഹിയുടെ ഈ സ്പാനിഷ് ചിത്രം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദുരന്തം വെളിവാക്കുന്ന, മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നു.  ഒരു മികച്ച മേളയുടെ മികച്ച തുടക്കം ആ ചിത്രത്തില്‍ നിന്ന് തന്നെ ദര്‍ശിക്കാന്‍ സാധിച്ചു.  ഡെന്മാര്‍ക്കിലെ ലോകപ്രശസ്ത സംവിധായകനായ ലാര്‍സ് വോണ്‍ ട്രയറിന്റെ ഇറ്റാലിയന്‍ ചിത്രമായ 'ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് ' ചിത്രീകരണത്തിന്റെ പൂര്‍ണ്ണതയും സാക്ഷാത്കാരത്തിന്റെ മികവും കൊണ്ട് ഇത്തവണ ഗോവയിലും തിരുവനന്തപുരത്തും കയ്യടി നേടിയ ചിത്രമാണ്.  മിഡ്‌നൈറ്റ്, റണ്ണര്‍, സമ്മര്‍ സര്‍വൈവേഴ്‌സ്, ആഗ, ഫാമിലി ടൂര്‍, ഡ്രസ്സേജ്, നമ്മേ, സുലൈമാന്‍ മൗണ്ടന്‍, വിമന്‍ അറ്റ്‌വാര്‍, ടെയ്ല്‍ ഓഫ് ദി സീ തുടങ്ങി മികച്ച നിരവധി ചിത്രങ്ങളാണ് മേളയില്‍ കയ്യടി നേടിയത്.  ജയില്‍ പീഢനങ്ങളുടെ തീക്ഷ്ണത വെളിവാക്കുന്ന ഉറുഗ്വേ ചിത്രമായ 'എ ട്വല്‍വ് ഇയര്‍ നൈറ്റ്' തീയറ്റര്‍ വിട്ടാലും കൂടെപ്പോരുന്ന, മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചിത്രമാണ്.  യുക്രൈയിനില്‍ പട്ടാളം കൃത്രിമമായി സംഘടിപ്പിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെയും അതിന് വിശ്വാസ്യത വരുത്തുന്നതിനായി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കി നടത്തുന്ന റിഹേഴ്‌സല്‍ പോരാട്ടങ്ങളെയും മറ്റും സത്യവും മിഥ്യയും ഇടകലര്‍ത്തി പറയുന്ന 'ഡോണ്‍ ബോസ്' ഗോവയില്‍ നിന്ന് സുവര്‍ണ്ണ ചകോവരവുമായാണ് ഈ മേളയ്‌ക്കെത്തിയത്.  ഈ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ നിന്ന് പാം ഡി ഓര്‍ പുരസ്‌കാരവുമായി എത്തിയ 'ഷോപ് ലിഫ്‌റ്റേഴ്‌സ് ' ജന്മം കൊണ്ട് ബന്ധമില്ലാത്ത ആറുപേര്‍ കര്‍മ്മം കൊണ്ട് ബന്ധപ്പെട്ട് ഒരു കുടുംബമായി കഴിയുന്ന കഥ പറയുന്ന മനോഹര ചിത്രമാണ്.  
മികച്ച സിനിമയെന്നത്  അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് എന്ന വിശ്വാസത്തെ പൊളിച്ചടുക്കിക്കൊണ്ട് സ്വീഡനില്‍ നവസിനിമാ തരംഗം സൃഷ്ടിച്ച് സിനിമാ ചരിത്രത്തില്‍ അനിഷേധ്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇങ്മര്‍ ബെര്‍ഗ്മാന്റെ ഒമ്പത് ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് നല്‍കിയ മികച്ച ആദരവായി.  ഈ വര്‍ഷം ഏപ്രിലില്‍ അന്തരിച്ച മറ്റൊരു ലോകപ്രസിദ്ധ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ വണ്‍ ഫ്‌ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് തുടങ്ങിയ ആറ് ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.  ഈ സിനിമ മലയാളത്തിലേക്ക് കോപ്പിയടിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് നമുക്ക് ഏറെ പരിചിതമാണല്ലോ.  മലയാള സിനിമയിലെ പ്രസ്ഥാനങ്ങള്‍ക്കുപരിയായ വ്യക്തിത്വം പുലര്‍ത്തുന്ന ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തിരിച്ചു വച്ച ആറ് മികച്ച ചിത്രങ്ങളും ഈ മേളയില്‍ പ്രത്യേക ശ്രദ്ധ നേടി.  
മലയാളത്തിന്റെ അഭിമാനം ലോകത്തിന്റെ വിശാലതയിലെത്തിച്ച ചിത്രങ്ങളായിരുന്നു ഈ.മ.യൗ. വും ഭയാനകവും സുഡാനി ഫ്രം നൈജീരിയയും. സെവന്‍സ് ഫുട്‌ബോളിലൂടെ മലപ്പുറത്തിന്റെ സമകാലിക ജീവിതം അടയാളപ്പെടുത്തുന്ന സുഡാനി ഫ്രം നൈജീരിയ, മരിച്ചു പോയ പിതാവിന് മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വീര്‍പ്പു മുട്ടുന്ന ഒരു ശരാശരി മലയാളിയുടെ ജീവിതം വരച്ചു കാട്ടിയ ഈ.മ.യൗ, പ്രാവു വളര്‍ത്തലും പട്ടം പറത്തലുമൊക്കെയായി ജീവിതം ഇഴചേര്‍ക്കുന്നവരുടെ കഥയായ പറവ, ദാരിദ്ര്യം കാരണം ഈയാംപാറ്റകളെപ്പോലെ ജീവിതം ഹോമിക്കപ്പെടുവാന്‍ യുദ്ധത്തിലേക്ക് തള്ളി വിടപ്പെടുന്ന യുവതയുടെ കഥ പറയുന്ന ഭയാനകം, പത്മരാജന്‍ കഥാപാത്രങ്ങളിലുടെ പ്രയാണം നടത്തുന്ന ഹ്യൂമന്‍സ് ഓഫ് സം വണ്‍ തുടങ്ങി കോട്ടയം, ഈട, ബിലാത്തികുഴല്‍, ആവേ മറിയ, ഉടലാഴം, മായാനദി, ഓത്ത്, പ്രതിഭാസം, സ്ലീപ് ലസ്‌ലി യുവേഴ്‌സ് എന്നിങ്ങനെ മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 12 മലയാള ചിത്രങ്ങളും മേളയില്‍ മികച്ച ശ്രദ്ധ നേടിയവയാണ്. 
പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്റെ അതിജീവനം സൂചിപ്പിക്കുന്ന കര്‍ട്ടന്‍ റെയ്‌സര്‍ പോലെ തന്നെ ഭരണകൂട പുരുഷ കേന്ദ്രീകൃത ഭരണ സംവിധാനങ്ങളെ സാവധാനം അതിജീവിക്കുന്ന അറബ് മേഖലയിലെ സ്ത്രീജനങ്ങളുടെ ജീവിതം ഒപ്പിയെടുത്ത ചിത്രങ്ങളും മേളയിലെ പ്രത്യേകതയായി. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പ്രസക്തമായ സിനിമ ജയരാജിന്റെ 'വെള്ളപ്പൊക്കത്തില്‍' ആണ്. അത് പ്രദര്‍ശിപ്പിക്കുക വഴി സംഘാടകര്‍ തങ്ങളുടെ ഒരു ഉത്തരവാദിത്വം നിര്‍വ്വഹിച്ചു എന്ന് നിസ്സംശയം പറയാം.  
ടാഗൂറില്‍ പ്രോജക്ടര്‍ പണിമുടക്കിയതു കാരണം അവിടെ പ്രദര്‍ശിപ്പിക്കുമെന്നറിയിച്ചിരുന്ന പല മികച്ച ചിത്രങ്ങളും ഒരു പരിധി വരെ നഷ്ടമായി.  അവ മറ്റ് തീയേറ്ററുകളില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി പ്രദര്‍ശിപ്പിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും അതറിയാത്ത പലര്‍ക്കും ആ നഷ്ടം സംഭവിച്ചിട്ടുണ്ട്.   ടാഗൂറില്‍ സ്ഥാപിച്ച പുതിയ പ്രൊജക്ടര്‍ കേടായതു കാരണം താല്‍ക്കാലികമായി കൊണ്ടു വച്ച ചെറിയ പോര്‍ട്ടബിള്‍ പ്രോജക്ടര്‍ ഉപയോഗിച്ചാണ് മത്സര വിഭാഗത്തിലുള്ള 'നൈറ്റ് ആക്‌സിഡന്റ് ' പ്രദര്‍ശിപ്പിച്ചത്.  മികച്ച ഒരു ചിത്രമായിട്ടും മോശം ദൃശ്യാനുഭവമാണ് ആ പ്രദര്‍ശനം നല്‍കിയത്.  ജൂറി ചെയര്‍മാനായ മജീദ് മജീദിയുടെ 'മുഹമ്മദ് ; ദി മെസഞ്ചര്‍ ഓഫ് ഗോഡ് ' എന്ന ചിത്രം കല്‍ക്കത്ത  ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാത്തത് പ്രാദേശിക വിവേചനത്തിന്റെ സൂചനയാണ് നല്‍കിയത്.   ഒട്ടനവധി മികച്ച ചിത്രങ്ങളെത്തിക്കാന്‍ കഴിഞ്ഞെങ്കിലും സൗത്ത് കൊറിയയില്‍ നിന്നുള്ള ഹോട്ടല്‍ ബൈ ദ റിവര്‍, കൊളംബിയയില്‍ നിന്നുള്ള ബേര്‍ഡ് ഓഫ് പാസേജ് തുടങ്ങിയ ചില ചിത്രങ്ങള്‍ പല മേളകള്‍ കടന്നു വന്നതാണെങ്കിലും നമ്മുടെ മേളയില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹതയുള്ളതായി തോന്നിയില്ല.   ഏറെ വാഴ്ത്തപ്പെടുന്ന കിം കിംഡുക്ക് ഇത്തവണ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്ന് മാത്രമല്ല അനാവശ്യ രംഗങ്ങള്‍ കുത്തി നിറച്ച് അരോചകമാക്കുകയും ചെയ്തു. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലും ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച് മലയാളിയുടെ അഭിമാനം ഉയര്‍ത്തിയ, മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയെടുത്ത ' ഭയാനകം'  ഇവിടെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് സെലക്ഷന്‍ കമ്മിറ്റിയുടെ സെലക്ഷനില്‍ ഉണ്ടായ മറ്റൊരു കല്ലു കടിയായിരുന്നു.  
ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സിനിമകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടതു പോലെ അറേബ്യന്‍, ഇറാന്‍ ചിത്രങ്ങളുടെ ആധിക്യം വിമര്‍ശിക്കപ്പെടുകയും ചെയ്തു.  ആക്കിറോ കുറോസോവയുടെയോ ബര്‍ണാദോ ബര്‍ത്തലൂച്ചിയുടേയോ ഫ്രെഡറിക്കോ ഫെല്ലിനിയുടെയോ നാടിനെക്കാള്‍ മികച്ച സ്ഥാനം ഇറാന്‍ സിനിമയ്‌ക്കോ അറബ് മേഖലയിലുള്ളവയ്‌ക്കോ ലോകത്തൊരു മേളയിലും ലഭിച്ചിട്ടില്ല.  ഇവിടെ തിരഞ്ഞെടുക്കപ്പെട്ടവയില്‍ ഒരു ഇറാന്‍ ചിത്രം പോലും ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ എത്തിയിരുന്നില്ലെന്നത് അവയുടെ നിലവാരത്തിന്റെ സൂചനയാണ് നല്‍കുന്നത്. അവിടെ മത്സരിച്ചതില്‍ ഈ.മ.യൗ മാത്രമാണ് ഇവിടെയും മത്സരവിഭാഗത്തില്‍ എത്തിയത്.   ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് കണ്ടപ്പോള്‍ തന്നെ സുവര്‍ണ്ണചകോരം ഇറാനിയന്‍ സിനിമയ്ക്കായിരിക്കുമെന്ന് ചില ഫിലിം ബഫ്ഫുകള്‍ പ്രവചിച്ചിരുന്നു.  ഓരോ ജൂറിയുടെയും വിധി പ്രസ്താവം വ്യത്യസ്ഥമായിരിക്കുമല്ലോ.  അതോര്‍ത്ത് സമാധാനിക്കാം.  ജൂറിയുടെ മുന്നിലെത്തുന്നവയില്‍ നിന്ന് ഒന്നിനെ മാത്രമല്ലേ ജൂറിക്ക് തെരഞ്ഞെടുക്കാനാവൂ.  ആകെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.  ഇന്ത്യന്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഇറാന്‍ ചിത്രങ്ങളാണ് എണ്ണത്തില്‍ മുമ്പില്‍. ഇറാനില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അതിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്ന പല രാജ്യങ്ങള്‍ക്കും കിട്ടുന്നതിനെക്കാള്‍ പരിഗണന ഇവിടെ ഇറാനിയന്‍ സിനിമകള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് പ്രകടമായ വസ്തുതയാണ്.  
എങ്കിലും സിനിമ സംവിധായകന്റെ കലയാണ് എന്ന് വീണ്ടും ഉറപ്പിക്കുന്ന ചിത്രങ്ങളാണ് ഈ മേളയിലെത്തിയവയെല്ലാം.  സ്റ്റുഡിയോകള്‍ക്കുള്ളിലും സെറ്റുകളിലും ഒരു കാലത്ത് ഒതുങ്ങി നിന്നിരുന്ന സിനിമയെ ആ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയും ദാരിദ്ര്യവും അഴുക്കും  വിഴുപ്പും നിറഞ്ഞ തെരുവുകളിലേക്കും മറ്റ് പുറം കാഴ്ചകളിലേക്കും കൊണ്ടു വന്നത് ഇറ്റലിയില്‍ ഉയിര്‍കൊണ്ട നിയോ റിയലിസവും ഫ്രഞ്ച് ന്യൂ വേവും ഇംഗ്ലണ്ടിലെ ഫ്രീ സിനിമാ പ്രസ്ഥാനങ്ങളും അമേരിക്കയിലെ ഡയറക്ട് സിനിമാ പ്രസ്ഥാനങ്ങളും ഒക്കെയാണ്.  അതിന്റെ സര്‍ഗ്ഗ സ്രോതസ്സ് വളര്‍ന്നു വികസിച്ചവയാണ് ഇന്നത്തെ ലോക സിനിമകള്‍.  അവയുടെ ഒരു പരിച്ഛേദമാണ് ഈ മേളയിലെത്തിയ ചിത്രങ്ങളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്.  ലോകം മുഴുവന്‍ യുദ്ധത്തിലും ഭീകരതയിലും മതാന്ധതയിലും മുങ്ങിത്താഴുമ്പോള്‍ അതില്‍ നിന്നെല്ലാം അതി ജീവിക്കാന്‍ പണിപ്പെടുന്ന ജനവിഭാഗത്തിന്റെ കഥകള്‍ ഇവിടെ ദൃശ്യവത്കരിക്കുമ്പോള്‍ പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന് അവ ഉല്‍പ്രേരകമാവും എന്നത് അവിതര്‍ക്കിതമാണ്.  
പൊതുവില്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ മാത്രം പങ്കെടുത്ത ഒരു മേളയാണിതെന്ന് പറയാം.  സൗജന്യ പാസ്സുകള്‍ പലപ്പോഴും അനര്‍ഹരില്‍ ചെന്നെത്തുകയും അത് അനാവശ്യ പ്രശ്‌നങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നത്  മുന്‍ വര്‍ഷങ്ങളിലെ പല മേളകളിലെയും അനുഭവമാണ്.  എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.  കിം കിഡുക്കിന്റെ പോലുള്ള സിനിമകള്‍ കാണാനുള്ള ഇടിച്ചുകേറല്‍, സിനിമയ്ക്കിടയില്‍ പ്രതീക്ഷിച്ച രംഗങ്ങള്‍ കണ്ടില്ലെങ്കില്‍ കൂട്ടമായുള്ള ഇറങ്ങിപ്പോകല്‍ തുടങ്ങി ബഹളമോ കൂക്കിവിളിയോ മറ്റ് വേഷം കെട്ടലുകളോ ഒന്നുമുണ്ടായില്ല. കാശ് ഡെലിഗേറ്റ് ഫീസിലൂടെയും സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും മാത്രം സംഘടിപ്പിക്കേണ്ടി വന്നതു കൊണ്ട്  മേളയ്ക്കാവശ്യമായ അത്രയും ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല എന്നത് മേളയെ അല്‍പ്പം പുറകോട്ട് വലിച്ചു എന്നത് സത്യമാണ്.  കാശ് കൂടുതല്‍ കൊടുത്താല്‍ മാത്രം കൊണ്ടു വരാന്‍ കഴിയുന്ന പല സംവിധായകരുടെയും ചിത്രങ്ങള്‍ കൊണ്ടു വരാന്‍ ഇത്തവണ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പ്രളയാനന്തര കേരളവും അതിജീവനത്തിന്റെ ആവശ്യകതയും സ്മരിക്കുമ്പോള്‍ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതുകയേ നിര്‍വ്വാഹമുള്ളൂ. 
എന്തൊക്കെ പരാതികള്‍ ഉണ്ടായാലും ഇത്രയും ചെലവ് ചുരുക്കിക്കൊണ്ട് മികവിന്റെ കാര്യത്തില്‍ അധികം വിട്ടുവീഴ്ചകളില്ലാതെ ലളിതസുന്ദരമായി നടത്തപ്പെട്ട ഈ മേളയുടെ സംഘാടകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.  സി ഡിറ്റിന്റെ സാങ്കേതിക സഹായവും സൗജന്യമായി വോളന്റീയര്‍ പ്രവര്‍ത്തനത്തിനെത്തിയ തിരുവനന്തപുരത്തെ യുവതി യുവാക്കളും അദ്ധ്യാപക-സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും മേളയെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും ഏകോപനവും സൗജന്യ നിരക്കില്‍ ലഭിച്ച തീയേറ്റര്‍ സംവിധാനങ്ങളും പ്രദര്‍ശന നിരക്കിന്റെ കാര്യത്തില്‍ അയവുള്ള സമീപനം സ്വീകരിച്ച വിദേശീയര്‍ അടക്കമുള്ള നിര്‍മ്മാതാക്കളും വര്‍ദ്ധിച്ച ഫീസാണെങ്കിലും മടി കൂടാതെ പാസ്സെടുത്ത് സിനിമ കണ്ട നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികളും എല്ലാം കൂടി ഈ മേളയെ ഒരു വന്‍വിജയമാക്കി തീര്‍ത്തു.  വരും വര്‍ഷങ്ങളിലും ഇതു പോലെ അച്ചടക്കമുള്ളതും എന്നാല്‍ കൂടുതല്‍ മികവുള്ളതുമായ മേളകളുണ്ടാകും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. 
------------------------------------------------