Friday 30 November 2018

ഗോവന്‍മേളയും മലയാളി തിളക്കവും 

-ജി.ശ്രീകുമാര്‍ 





ഇക്കഴിഞ്ഞ നവംബര്‍ 21 മുതല്‍ 28 വരെ ഗോവന്‍തീരങ്ങളെ പുളകം കൊള്ളിച്ച 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയില്‍ കൊടിയിറങ്ങി. അന്തര്‍ദേശീയതലത്തില്‍ മികച്ച ഒരു പിടി സംവിധായകരുടെ ചിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മേളയില്‍ മലയാള ചിത്രങ്ങള്‍ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരുന്നു.  68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് മേളയിലെത്തിയത്.  ജൂലിയന്‍ ലാന്‍ഡെയ്‌സ് സംവിധാനം ചെയ്ത ദി ആസ്‌പേണ്‍ പേപ്പേഴ്‌സ്-ല്‍ തുടങ്ങിയ മേള ജര്‍മ്മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സ് -ന്റെ പ്രദര്‍ശനത്തോടെ തിരിതാഴ്ത്തി. 
മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുണ്ടായിരുന്നു.  അതില്‍ രണ്ടെണ്ണവും മലയാളത്തില്‍ നിന്നാണ്.  ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്നീ മലയാള ചിത്രങ്ങളും ചേഴിയാന്‍ രാ സംവിധാനം ചെയ്ത ടു ലെറ്റ് എന്ന തമിഴ് ചിത്രവുമാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍. അവയില്‍ മലയാളത്തിന്റെ അഭിമാനം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ രണ്ട് രജത പുരസ്‌കാരങ്ങള്‍ നേടി.  മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായി ചെമ്പന്‍ വിനോദുമാണ് പുരസ്‌കാരം നേടിയത്.  കഴിഞ്ഞ വര്‍ഷം നടന്ന 48-ാമത്  ചലച്ചിത്രമേളയില്‍ പാര്‍വ്വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു.  പട്ടാള ദരണത്തിന്റെ രൂക്ഷതയും കുടിലതയും വെളിവാക്കുന്ന, സത്യവും മിഥ്യയും ഇടകലര്‍ന്ന ഉക്രൈന്‍ ചിത്രമായ ഡോണ്‍ ബാസ്സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം നേടിയത്.  ഉക്രൈന്‍ പാര്‍ലമെന്റ് പട്ടാണഭരണത്തിന് പച്ചക്കൊടി കാട്ടിയ വാര്‍ത്ത വന്ന ദിവസമാണ് അതേ വിഷയം പ്രതിപാദിക്കുന്ന സെര്‍ഗ്‌യി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ ബാസ്സ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നത് അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികതയായിരുന്നു. മരിസിയ നികിതുക് സംവിധാനം ചെയ്ത ഉക്രൈനിയന്‍ ചിത്രമായ വെന്‍ ദി ട്രീസ് ഫാളിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌റ്റോവിതിന്  ഇത്തവണത്തെ മികച്ച നടിക്കുള്ള രജതമയൂരം ലഭിച്ചത്.  
ചലച്ചിത്ര പ്രതിഭകളായ ശ്രീദേവി, വിനോദ്ഖന്ന, ശശികപൂര്‍, കരുണാനിധി, കല്‍പ്പന ലജ്മി തുടങ്ങിയവരെ അനുസ്മരിച്ച മേള അവസാനിക്കും മുമ്പു തന്നെ മറ്റൊരു മഹാപ്രതിഭയുടെ വിയോഗവാര്‍ത്തയും ചലച്ചിത്രാസ്വാദകരെ വേദനിപ്പിച്ചു കൊണ്ട് കടന്നു വന്നു.  വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാദോ ബര്‍ത്തലൂച്ചിയാണ്  ഈ വേളയില്‍ അന്തരിച്ചത്.  1988 ല്‍ തിരുവനന്തപുരത്ത് ആദ്യമായി നടന്ന ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച, 9 ഓസ്‌കാറുകളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയ ദ ലാസ്റ്റ് എംപറര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ ചലച്ചിത്ര പ്രേമികള്‍ ഹൃദയത്തിലേറ്റിയ സംവിധായകനാണ് അദ്ദേഹം. അന്ന് വന്‍ജനാവലിയാണ് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ആ ചിത്രം കാണാനെത്തിയത്. 

വിഖ്യാത സംവിധായകരായ ഡാന്‍ വോള്‍മാന്‍, ജൂലിയന്‍ ലാന്‍ഡേയ്‌സ്, ബേണ്‍ഡ് ബോഹ്‌ളിച്ച് തുടങ്ങി നിരവധിയായ പ്രതിഭകളുടെ മികച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വേദിയായിരുന്നു ഇത്തവണത്തെ ഗോവന്‍ ചലച്ചിത്രോത്സവം.  വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തി.   റൂപെര്‍ട്ട് എവറെറ്റ് സംവിധാനം ചെയ്ത് അഭിനയിച്ച ഇംഗ്ലീഷ് ചിത്രമായ 'ദി ഹാപ്പി പ്രിന്‍സ്' ഒരു മുഴുനീള കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരുന്നു.  അത് ആസ്വാദ്യകരമായ ഓസ്‌കാര്‍ കവിതകളാല്‍ സമ്പന്നമായിരുന്നു. 1900 ല്‍ അന്തരിച്ച കവിയും നാടകകൃത്തുമായിരുന്ന ഓസ്‌കാര്‍വൈല്‍ഡിന്റെ ജീവിതം കാലത്തെ പുനഃസൃഷ്ടിച്ചു കൊണ്ട് സംവിധായകന്‍ തന്നെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.  കഥാപാത്രവും അഭിനേതാവും ഒന്നായി മാറുന്ന അപൂര്‍വ്വത ഈ ചിത്രത്തിന് അവകാശപ്പെടാം.  എറിക് പോപ്പേ സംവിധാനം ചെയ്ത നോര്‍വ്വീജിയന്‍ ചിത്രമായ യു-ജൂലൈ 22 കൂടാതെ ഷോപ് ലിഫ്‌റ്റേഴ്‌സ്, ദി ബ്രാ, ദി സീന്‍ ആന്റ് അണ്‍സീന്‍, സുലൈമാന്‍ മൗണ്ടന്‍ തുടങ്ങി വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിക്ക ചിത്രങ്ങളും മികച്ച കയ്യടി നേടിയവയാണ്. 
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദി അണ്‍സീന്‍' ബൊളീവിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പരിശ്രമങ്ങളുടെയും അവരെ സ്വജീവന്‍ നല്‍കി രക്ഷപ്പെടുത്തുന്ന, യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെയും കഥ പറയുന്ന ചിത്രം മേളകള്‍ പലതു കഴിഞ്ഞാലും മനസ്സില്‍ മായാതെ നില്‍ക്കും.  സിറിയന്‍ തീവ്രവാദത്തിന്റെ നേര്‍കാഴ്ചയായ ചാവേറുകളുടെ കഥ പറയുന്ന അറേബ്യന്‍ ചിത്രം 'ഡിവൈന്‍ വിന്‍ഡ് ' ബ്ലാക്ക് & വൈറ്റിന്റെ ചലച്ചിത്രഭാഷ ഉജ്ജ്വലമായി ഉപയോഗപ്പെടുത്തിയ മികച്ച ചിത്രമാണ്. ഫാമിലി ടൂര്‍, വെന്‍ ദ ട്രീസ് ഫാള്‍, എ ട്രാന്‍സ്ലേറ്റര്‍, നമ്മുടെ മലയാളത്തിന്റെ ഭയാനകം, ഈ.മ.യൗ, തമിഴിലെ ടുലെറ്റ് തുടങ്ങിയവയും മികച്ച നിലവാരം പുലര്‍ത്തിയവയാണ്.

 


തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വാര്‍ദ്ധക്യത്തിലെത്തുന്നവരെ ആചാരങ്ങളുടെ ഭാഗമായി മരണത്തിലേക്ക് തള്ളിവീഴ്ത്തുന്ന 'തലൈക്കൂത്തല്‍' എന്ന ദുരാചാരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച പ്രിയ കൃഷ്ണസ്വാമിയുടെ 'ബാരം' ,നടീന്‍ ലബാക്കിയെന്ന ലെബനന്‍ സംവിധായികയുടെ 'കേഫര്‍നം' എന്നിവ യുനസ്‌കോ ഗാന്ധിപുരസ്‌കാര വിഭാഗത്തില്‍ മത്സരിച്ച് മികച്ച പ്രതികരണം നേടിയ ചിത്രങ്ങളാണ്. ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ ചിത്രമായ '3 ഫേസസ് ' , ചൈനീസ് സംവിധായകനായ ജിയ-ഛാംഗ്-കെ യുടെ ആഷ് ഈസ് ദി പ്യൂവറസ്റ്റ് വൈറ്റ് എന്നീ ചിത്രങ്ങളും മേളയില്‍ കയ്യടി നേടിയവയാണ്.  
കണ്‍ട്രി ഫോക്കസില്‍ ഇറ്റാലിയന്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്.  അതുകൂടാതെ ഇസ്രയേല്‍ സംവിധായകന്‍ തന്നെയായ ഡാന്‍ പോള്‍മാന്റെ 'ഫ്‌ളോക്' ഉള്‍പ്പെടെ മൂന്ന് ഇസ്രായേലി ചിത്രങ്ങള്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി.  മലയാളി പ്രേക്ഷകര്‍ വലിയ താല്‍പ്പര്യത്തോടെ ചലച്ചിത്രോത്സവങ്ങളില്‍ കാത്തിരിക്കാറുള്ള ചിത്രങ്ങളാണ് കൊറിയന്‍ സംവിധായകനായ കിം കിഡുക്കിന്റെത്.  അദ്ദേഹത്തിന്റെ സമരിറ്റന്‍ ഗേള്‍,ത്രീ അയേണ്‍, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടവര്‍ കിം കിഡുക്കിനെ വീണ്ടും കാണാനാഗ്രഹിക്കുമെന്നതില്‍ തര്‍ക്കമില്ല.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ച 'ദ നെറ്റ് ' ഉം അതുപോലെ തന്നെ കയ്യടി നേടിയ ചിത്രമായിരുന്നു.  എന്നാല്‍ ആ പ്രതീക്ഷയുമായി ഇത്തവണ കിം കിഡുക്കിനെ കാണാനാവില്ല എന്നതാണ് ഗോവ നല്‍കുന്ന സൂചന.  'ഹ്യൂമന്‍ സ്‌പേസ് ടൈം ആന്‍ഡ് ഹ്യൂമന്‍ ' എന്ന ഇത്തവണത്തെ ചിത്രത്തിന് ശരിക്കും 'വയലന്‍സ് സെക്‌സ് സ്ലാട്ടര്‍ ആന്റ് വയലന്‍സ് ' എന്നായിരുന്നു പേരിടേണ്ടിയിരുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വിശപ്പ് എത്രത്തോളം ഭീകരമാകുമെന്നും അത് മനുഷ്യനെ എത്രത്തോളം സ്വാര്‍ത്ഥനാക്കാമെന്നും തെളിയിക്കുന്നതും മനുഷ്യരാശിയുടെ സര്‍വ്വനാശവും പുനരുജ്ജീവനവും ഉള്‍പ്പെടുന്ന വളരെ മികച്ച ഒരാശയം മുന്നോട്ട് വയ്ക്കുന്നതുമായ ആ ചിത്രം പക്ഷേ വളരെ മോശമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.  അനാവശ്യമായി സെക്‌സ് തള്ളിക്കയറ്റി കൊണ്ട് വയലന്‍സിന്റെ എല്ലാ സീമകളും ലംഘിച്ച ആ ചിത്രം പ്രേക്ഷക പ്രതികരണം ഭയന്നാവും പരീക്ഷണാടിസ്ഥാനത്തില്‍ കേവലം 50 പേര്‍ക്ക് ഇരിക്കാവുന്ന മക്വിനോസ് പാലസ് തീയേറ്ററിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.  തിരുവനന്തപുരം മേളയ്ക്ക് ഈ ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്.  പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് സംഘാടകര്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കുന്നത് സംഘാടകരുടെ ആരോഗ്യസംരക്ഷണത്തിന് ഗുണകരമായിരിക്കും. എന്നാല്‍ അവതരണ മികവ് കൊണ്ട് വയലന്‍സും കൊലപാതകങ്ങളും കാണികളില്‍ അസഹനീയത ഉളവാക്കുന്ന ഡെന്മാര്‍ക്ക് ചിത്രമാണ് ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്.  സൂക്ഷ്മാംശങ്ങള്‍ വരെ  കൃത്യമായും സ്പഷ്ടമായും പൂര്‍ണ്ണതയോടെ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൊലപാതക രംഗങ്ങള്‍ പോലുള്ളവ പലപ്പോഴും പ്രേക്ഷകരെ  കണ്ണ് മൂടിവയ്ക്കാന്‍ പ്രേരിപ്പിക്കും.  അതും തിരുവനന്തപുരം മേളയിലെത്തുന്നുണ്ട്.
91-ാം ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 16 വിദേശഭാഷാ ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് ഓഫ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ വിഖ്യാത സ്വീഡിഷ് സംവിധായകന്‍ ഇങ്മര്‍ ബര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.  കഴിഞ്ഞ തവണത്തെ ഗോവന്‍ മേളയില്‍ മലയാളത്തിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മികച്ച അംഗീകാരം നേടാന്‍ പ്രാപ്തിയുള്ളവയായിരുന്നു മലയാളത്തിന്റെതായി മല്‍സരവിഭാഗത്തിലുള്ള എല്ലാ ചിത്രങ്ങളും.  കഴിഞ്ഞ തവണയും രണ്ട് മലയാളചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍ ഇടം നേടിയിരുന്നത്. 
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ആകെ 26 ചിത്രങ്ങളുള്ളതില്‍ ആറെണ്ണം മലയാളത്തില്‍ നിന്നായിരുന്നു.  ഷാജി എന്‍ കരുണിന്റെ ഓള്, ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ഏബ്രിഡ് ഷൈന്റെ പൂമരം , റഹിം ഖാദറിന്റെ മക്കന എന്നിവയാണ് മലയാളത്തിന്റെ കീര്‍ത്തി കടല്‍ കടത്തിയ പനോരമ ചിത്രങ്ങള്‍.  നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുണ്ട്.  അതിലും മൂന്ന് മലയാള ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്.  ഷൈനിജേക്കബിന്റെ സോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാരാജിന്റെ മിഡ് നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് അവ.  ഖേലോ ഇന്ത്യാ കാമ്പയിന്റെ ഭാഗമായി ജോഗ്ഗേഴ്‌സ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ എബ്രിഡ് ഷൈന്റെ '1983' പ്രദര്‍ശിപ്പിച്ചു.   
തകഴിയുടെ കയര്‍ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ഭയാനകം മേളയില്‍ രണ്ട് തവണ പ്രദര്‍ശിപ്പിച്ചപ്പോഴും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.  ടിക്കറ്റില്ലാതെ പലരും മടങ്ങി.  അതിലെ നായകനായ രഞ്ജി പണിക്കരും സംവിധായകന്‍ ജയരാജും മേളയില്‍ ആദ്യന്തം പങ്കെടുത്തു.  മലയാള ചിത്രങ്ങളും മലയാള സംവിധായകരും അഭിനേതാക്കളും മറ്റ് പിന്നണി പ്രവര്‍ത്തകരും പ്രേക്ഷകരും മീഡിയാക്കാരും എല്ലാം ചേര്‍ന്ന് ഗോവയെ ഗോരളമാക്കി എന്നതാണ് വസ്തുത.  എഴുത്തുകാരന്‍ സക്കറിയ,  ഷാജി എന്‍. കരുണ്‍, ലിജോ ജോസ് പെല്ലിശ്ശേരി, മേജര്‍ രവി, ഇന്ദ്രന്‍സ്, സംവിധായകന്‍ സക്കറിയ, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ആശാ ശരത്, വിനീത് തുടങ്ങി മലയാളി സാന്നിദ്ധ്യം മേളയിലെ പകുതിയോളം വരുന്ന മലയാളി പ്രേക്ഷകരെ ആവേശഭരിതരാക്കി.  അസാന്നിദ്ധ്യം കൊണ്ട് മേളയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.  മേളകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിനെ ഇത്തവണ കണ്ടതേയില്ല.  
ഓരോ സിനിമയുടെയും തുടക്കത്തില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്നതിന് ആരും ഒരു മടിയും കാണിച്ചില്ല.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മേളയിലുണ്ടായതു പോലുള്ള യാതൊരു കല്ലുകടിയും അവിടെ ഉണ്ടായില്ല.  ഡിവൈന്‍ വിന്‍ഡ് പ്രദര്‍ശിപ്പിച്ച ഐനോക്‌സ് -1 തീയേറ്ററില്‍ ദേശീയഗാനത്തോടൊപ്പം കാണിക്കുന്ന പാറിപ്പറക്കുന്ന ദേശീയപതാകയുടെ വീഡിയോ കാണിച്ചപ്പോള്‍ ആഡിയോ ഉണ്ടായില്ല.  അത് വീണ്ടും കേള്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും ശബ്ദം വന്നില്ല.  ഉടനെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ വീഡിയോയ്ക്ക് അനുസൃതമായി ദേശീയഗാനം ഉച്ചത്തില്‍ ആലപിച്ചു കൊണ്ട് ദേശസ്‌നേഹത്തിന്റെ മഹനീയ മാതൃക കാണിച്ചത് നമ്മുടെ രാജ്യത്തെ സിനിമാസ്വാദകരുടെ യശസ്സ് ഉയര്‍ത്തിയ സംഭവമാണ്.   

ഗോവയാണ് വേദിയെങ്കിലും ബോംബെക്കാരുടെയും ബോളിവുഡിന്റെയും അപ്രമാദിത്വം മേളയില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്.  സ്ഥിരം വേദിയായിട്ടും സംഘാടക മികവിനു ഓരോ വര്‍ഷവും ഉണ്ടാകേണ്ട നിലയ്ക്കുള്ള  മേന്മ ഉണ്ടാകുന്നില്ല.  കേവലം രണ്ട് വലിയ തീയേറ്റര്‍, മൂന്ന് മീഡിയം തീയേറ്റര്‍, രണ്ട് ചെറിയ തീയേറ്റര്‍ എന്നിവയിലൊതുങ്ങുന്നു മേള. ജോഗ്ഗേഴ്‌സ് പാര്‍ക്കില്‍ സജ്ജീകരിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍  വെറുമൊരു താല്‍ക്കാലിക വേദിയാണ്. കാശ് ധാരാളമായുള്ളത് എങ്ങനെയോ ചെലവഴിക്കപ്പെടുന്നു എന്നല്ലാതെ ആസൂത്രണത്തില്‍ അതിന്റെ ഗുണം കാണുന്നില്ല.  ആദ്യഘട്ടം ഷെഡ്യൂള്‍ വളരെ നേരത്തെ ലഭ്യമാക്കിയെങ്കിലും രണ്ടാം ഘട്ടം പിന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും ഷെഡ്യൂള്‍ ലഭിക്കാതെ പ്രേക്ഷകര്‍ വലഞ്ഞു.  മേള കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നു.  ഓണ്‍ലൈന്‍ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഉണ്ടായ എല്ലാ തെറ്റുകളും ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.  മുമ്പ് മേളകളില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന കുടുംബശ്രീ പോലുള്ള ഗോവയുടെ തനത് സംവിധാനങ്ങള്‍ തീയേറ്റര്‍ സമുച്ചയത്തിന് സമീപത്ത് തന്നെ തയ്യാറായിരുന്നു.  ടെന്റുകള്‍ കെട്ടി സിനിമാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറിയ തുകയ്ക്ക് താമസസൗകര്യം നല്‍കുമായിരുന്നു.  ഹോട്ടലുകാരുടെ സമ്മര്‍ദ്ദം കാരണമാകാം ഇപ്പോള്‍ അതൊന്നും ഇല്ല.  മേളയിലെ ഫുഡ്‌കോര്‍ട്ടില്‍ കാപ്പിക്ക് 60 രൂപയുണ്ട്. എന്നാല്‍ ബിയറിന് 50 രൂപയേ ഉള്ളൂ എന്നതാണ് വിരോധാഭാസം.  ഗോവയില്‍ വന്ന് മേളയില്‍ പങ്കെടുക്കുക എന്നത് ഇന്ന് സിനിമാ പ്രേമികള്‍ക്ക്  ഭാരിച്ച ചെലവ് വരുത്തി വയ്ക്കുന്നു.  
1952 ല്‍ തുടങ്ങിയ ദേശീയ ചലച്ചിത്രോത്സവം 2003 വരെ രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി മാറിമാറിയാണ് നടത്തി വന്നത്.  തിരുവനന്തപുരം 1988 ലും 1997 ലും വേദിയായിരുന്നു.  എന്നാല്‍ 2004 മുതല്‍ ഗോവ സ്ഥിരം വേദിയായി.  ഗോവയ്ക്ക് അവിടം കാണാത്തവര്‍ ചാര്‍ത്തിക്കൊടുത്ത ഒരുപാട് ദുഷ്‌പേരുകളുണ്ട്.  അത് ശരിയല്ലെന്ന് അനുഭവത്തിലൂടെ മനസ്സിലാകും.  അവള്‍ ശാലീനസുന്ദരിയൊന്നുമല്ലെങ്കിലും കേരളം പോലെ തന്നെ മനോഹരിയാണ്.  അവിടെ വരുന്നവരോട് കലവറയില്ലാതെ അവള്‍ സൗഹൃദം പങ്കിടും.  രാജ്യത്തെ മറ്റ് ഏത് സ്ഥലത്തേക്കാളും സ്വതന്ത്രമായി, മതസ്പര്‍ദ്ധകളില്ലാതെ, വേഷത്തെക്കുറിച്ചുള്ള പുച്ഛ ഭാവങ്ങളില്ലാതെ, നമുക്ക് ലഭ്യമായത് എന്തും കഴിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നുകര്‍ന്ന് സഞ്ചരിക്കാം.  ആ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല.  നഗരവീഥികളില്‍ ആരും മദ്യപിച്ച് കിടക്കുകയോ മത്ത് പിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല.  രാജ്യത്ത് മറ്റൊരിടത്തും പറയാനാവാത്ത ഒരു മേന്മ മുംബൈയ്ക്കും ഗോവയ്ക്കും മാത്രമായുണ്ട്.  അത് ഏത് രാത്രിയിലും ഏത് സ്ത്രീക്കും ഏത് സമയത്തും ഒറ്റയ്ക്ക് നഗരത്തിലൂടെ എവിടെയും സഞ്ചരിക്കാം;എവിടെയും ഇരിക്കാം; എന്തും ധരിക്കാം; ആരും തുറിച്ചു നോക്കുകയുമില്ല,ആരും ആക്രമിക്കുകയുമില്ല എന്നതാണ്.  ലോകത്തിലെ ഉയര്‍ന്ന സാംസ്‌കാരിക മൂല്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു പോലും ഗോവയിലെത്തിയാല്‍ നെറ്റി ചുളിക്കേണ്ടി വരില്ല.  മൂക്ക് പൊത്തേണ്ടിയോ ആക്രമണത്തിനോ മോഷണത്തിനോ വിധേയമാകേണ്ടതായോ വരുന്നില്ല.  ചില അപവാദങ്ങള്‍ ഇല്ലെന്നല്ല.  അഭിമാനപൂര്‍വ്വം വിദേശികളെ ആനയിക്കാവുന്ന ഒരു പ്രദേശമായതു കൊണ്ടാവാം ഗോവയിലെ പനജി ദേശീയചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയാക്കാന്‍ തീരുമാനിച്ചത്.  
ആസൂത്രണത്തില്‍ പിഴവുകളുണ്ടെങ്കിലും മേളയിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ശ്ലാഘനീയമാണ്. അന്താരാഷ്ട്രമേളയുടെ മികവ് പുലര്‍ത്തിയ ലോകോത്തര ചിത്രങ്ങളാണ് മേളയിലെത്തിയവയില്‍ അധികവും.  അതുകൊണ്ട് തന്നെ ഒരു മികച്ച ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് കൊടിയിറങ്ങിയത് എന്ന് ചലച്ചിത്ര പ്രേമികള്‍ക്ക് അഭിമാനിക്കാം. സിനിമാസ്വാദകരായ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനും തെറ്റുകുറ്റങ്ങള്‍ തിരുത്തി മുന്നോട്ടു പോകാനും സംഘാടകര്‍ ശ്രമിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ലോകോത്തരമായ അന്തര്‍ദേശീയ മേള എന്ന ഖ്യാതിനേടാന്‍ ഗോവന്‍ മേളയ്ക്ക് കഴിയും.