Wednesday 8 December 2021

രജപുത്ര രണഭൂമികളിൽ ശ്രീകുമാർ. ജി ആറാം ക്ലാസ്സിൽ പഠിച്ചപ്പോഴാണ് ആദ്യമായി പൃഥ്വിരാജ് ചൗഹാനെ കുറിച്ച് ഞാൻ കേൾക്കുന്നത്. എന്റെ ചരിത്രാദ്ധ്യാപകനാണ് ചരിത്ര പാഠങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ കഥ പറഞ്ഞുതന്നത്. ആ അധ്യാപകൻ എന്റെ അച്ഛൻ തന്നെ ആയിരുന്നു. അജയ് മേരു എന്ന അജ്മീർ തലസ്ഥാനമായി ഭരിച്ചു കൊണ്ട് വീരോചിതമായി പോരാടി വിജയിക്കുകയും വൈദേശികാക്രമണങ്ങളെ ചെറുത്ത് തോല്പിക്കുകയും ഭിന്നിച്ചു നിന്ന രജപുത്രരെ ഏകോപിപ്പിക്കുകയും തിളക്കമാർന്ന ഭരണം കാഴ്ച്ച വെക്കുകയും സർവോപരി രോമാഞ്ച മുണ്ടാക്കുന്ന അദ്ദേഹത്തിന്റെ സ്വയംവര കഥകളും എല്ലാം അന്നേ മനസ്സിൽ പതിഞ്ഞിരുന്നു. അതോടൊപ്പം തന്നെ മറ്റു രജപുത്രരുടെ പോരാട്ട ഭൂമികളും കോട്ടകളും കൊട്ടാരങ്ങളും ഉൾപ്പെടെ ചരിത്രത്തിന്റെ വീരകഥകളുറങ്ങുന്ന ഭൂമിയിൽ സ്പർശിക്കാൻ വലിയ പ്രതീക്ഷയോടെയാണ് രാജസ്ഥാനിൽ ചെന്നിറങ്ങിയത്. രാജസ്ഥാന്റെ തലസ്ഥാനമായ, പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ് പൂരിലാണ് ആദ്യം ചെന്നിറങ്ങിയത് എങ്കിലും അവിടെ രണ്ടു ദിവസം സന്ദർശിച്ച ശേഷം നേരെ പോയത് അജ്മീറിലേക്കാണ്. പൃഥ്വിരാജ് ചൗഹാൻറെ ഭരണകേന്ദ്രമായ അജ്മീർ എനിക്ക് ഒരു ആവേശം തന്നെയായിരുന്നു. ജയ് പൂർ, അജ്മീർ, പുഷ്കർ, ജോധ്പൂർ, ജയ്സാൽമീർ, കുൽധര, സം, ബിക്കാനീർ ഇങ്ങനെ ആയിരുന്നു എൻറെ യാത്രാപഥം. ജയ് പൂർ വിശേഷങ്ങൾ പിന്നെ പറയാം. രജപുത്രരുടെ വീര കഥകൾ ഇവിടെ വിവരിച്ചാൽ എങ്ങുമെത്തുകയുമില്ല. ഗോറിയെ രണ്ടു തവണ തോൽപിച്ചോടിച്ച പൃഥ്വിരാജ് ചൗഹാൻ അയാളെ ജീവനോടെ വിട്ടതും അടുത്തവണ ചില രജപുത്രരുടെ തന്നെ സഹായത്തോടെയുള്ള ചതിപ്രയോഗങ്ങളിലൂടെ1192 ൽ ഗോറി വിജയിച്ചതും പൃഥ്വിരാജ് ചൗഹാൻ കൊല്ലപ്പെട്ടതും അല്ല നടന്നതെങ്കിൽ ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രം തികച്ചും വിഭിന്നമാകുമായിരുന്നു. അതുവരെ രാജ്യം നേടിയ അറിവിന്റെയും സംസ്കാരത്തിന്റെയും ഉന്നത സ്ഥാനങ്ങളെല്ലാം പാടെ തച്ചു തകർക്കപ്പെട്ടത് ആ അധിനിവേശങ്ങളുടെ തുടർച്ചയായാണ്. ആ കാലത്ത് അറിവിന്റെ ലോക തലസ്ഥാനമായിരുന്ന നമ്മുടെ രാജ്യം അതിന് ശേഷം ഒരിക്കലും പഴയ പ്രതാപത്തിലേക്ക് ഉയർന്നിട്ടില്ല. 1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാ സമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവയ്ക്കുകയും ചെയ്തതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. രാജസ്ഥാൻറെ തലസ്ഥാനമായ ജയ് പൂരിൽ നിന്ന് 135 കിലോമീറ്റർ അകലെ പുഷ്‌കറിലേക്കുള്ള വഴിയിലാണ് അജ്മീർ . അജയ്മെരു എന്നാണ് അധിനിവേശത്തിനു മുമ്പ് അജ്മീറിന്റെ പേര്. ഖാജ മുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫി വര്യന്റെ പേരിലുള്ള ദർഗയും പള്ളിയുമാണ് അജ്മീറിലെ പ്രധാന സന്ദർശന കേന്ദ്രം. അധിനിവേശങ്ങൾ നിരവധി നടമാടിയ സ്ഥലമാണ് അജ്മീർ. അജ്മീറിലെ പള്ളി ഒരു സംസ്കൃത കോളേജ് ആയിരുന്നു എന്നും 1193ൽ മുഹമ്മദ്‌ ഖോറി കോളേജ് തകർത്തിട്ട് അവിടെ പള്ളി പണിതെന്നുമാണ് രാജസ്ഥാൻ ടൂറിസം വകുപ്പിന്റെ ലഘുലേഖയിൽ പറയുന്നത്. പനിനീർ പൂക്കളും അരച്ച ചന്ദനവുമായിട്ടാണ് ഭക്തർ ദർഗയിലേക്ക് വരുന്നത്. അജ്മീർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് എതാണ്ട് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഇടുങ്ങിയ തെരുവ് നിറയെ കച്ചവടക്കാരുടെ വലിയ തിരക്കാണ്. പേർഷ്യൻ നിർമാണ രീതിയിലെ കെട്ടിടങ്ങളാണ് ദർഗയുടെ ചുറ്റിലും പണിതിരിക്കുന്നത്. ദർഗ്ഗയി ലേക്കുള്ള പ്രവേശന കവാടത്തിൽ പേർഷ്യൻ ശിൽപ കലകൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കവാടങ്ങളാണ് ദർഗ്ഗ ശെരീഫിലുള്ളതെങ്കിലും മൂന്നെണ്ണത്തിൽ മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. ഷൂ മാത്രമല്ല, ക്യാമറയോ ബാഗോ ഒന്നും തന്നെ അകത്ത് കടത്തില്ല. അക്ബർ ചക്രവർത്തി എല്ലാ വർഷവും ആഗ്രയിൽനിന്ന് കാൽനടയായി അജ്മീറിൽ എത്തുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. 400 കിലോമീറ്ററോളം ദൂരമുണ്ട്, ശരിയായിരിക്കും. ഖാജ മുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫിവര്യനുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ വിശ്വസികൾക്കിടയിലുണ്ട്. അദ്ദേഹം അനുയായികളുമൊത്ത് അജ്മീറിൽ എത്തിയപ്പോൾ അജ്മീറിലെ അനാസാഗർ തടാകത്തിൽ നിന്ന് വെള്ളമെടുക്കുന്നതിൽ നിന്നും സൈന്യം വിലക്കിയെന്നും ഇതറിഞ്ഞ ഖാജ ഒരു കപ്പ് വെള്ളം മാത്രമെടുത്തെന്നും അതോടെ തടാകവും സമീപ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും ഉൾപ്പടെ വറ്റിവരണ്ടു എന്നുമാണ് വിശ്വാസികൾക്കിടയിൽ പ്രചാരം നേടിയ ഒരു കഥ. മറ്റൊന്ന് ഒരിക്കൽ പൃഥ്വിരാജ് ചൗഹാന്റെ ഒട്ടകപ്പടയെ ഒന്നടങ്കം പുള്ളിക്കാരൻ നിശ്ചലമാക്കിയെന്നാണ്. ഇത്തരം അവിശ്വനീയമായ കഥകൾ പ്രചരിപ്പിക്കുന്നതിൽ ഒരു മതവും പിശുക്ക് കാട്ടാറില്ല. വഴിയിൽ ഇരുവശത്തും ചുവന്ന റോസപ്പൂക്കൾ വില്പനക്ക് വച്ചിരിക്കുന്നു. ദർഗ്ഗയിൽ ഭക്തർക്ക് അർപ്പിക്കാൻ വേണ്ടിയാണ്. കവാടം കഴിഞ്ഞാൽ ഒരിടത്ത് കാണിക്ക ഇടാൻ വേണ്ടി വലിയ രണ്ട് ചെമ്പുകൾ ഉണ്ട്. നല്ല രീതിയിൽ കാണിക്ക വീഴുന്നുണ്ട്. അവയിൽ ഒരെണ്ണം അക്ബർ ചക്രവർത്തി നൽകിയതാണത്രെ. ചിശ്തിയുടേത് ഉൾപ്പടെ എട്ടോളം ശവകുടീരങ്ങൾ ദർഗ്ഗയിലുണ്ട്. മൊത്തത്തിൽ അവിടെ വലിയ തിരക്കാണ്. മുൻവശത്തെ പന്തലിൽ ഏതോ ഗായക സംഘം ഖവാലി പാടുന്നു. സൂഫിയാനി സംഗീതം ദൈവപ്രാര്‍ത്ഥനകളാണ്. സ്നേഹമാണ് അവരുടെ മതം. ഭൗതികമായ സമ്പത്തിന് വില കല്‍പ്പിക്കേണ്ടതില്ല എന്നാണ് സൂഫിസം പ്രചരിപ്പിക്കുന്നത്. പക്ഷെ അജ്മീറിൽ എമ്പാടും കണ്ടത് കച്ചവട കണ്ണുകള്‍ ആണ്. ഒരു യാത്രികന് അതിൽ പെടാതെ രക്ഷപ്പെടുക അസാധ്യം. മെക്കയിൽ പോകാൻ കഴിയാത്തവർ ഹജ്ജിന് തുല്യമായി കരുതുന്ന ഇടമാണ് അജ്മീർ. ഇന്ത്യയിലെ മെക്ക എന്നാണ് അജ്മീർ ഇപ്പോൾ അറിയപ്പെടുന്നത്. ഹജ്ജിനു പോകുന്നവർ എല്ലാം ദാനം ചെയ്ത ശേഷമാണ് പോകുന്നത് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇവിടെ ധൈര്യമായി വരാം. ഭക്തിയോടെ വരുന്നവർ എന്ത് ബുദ്ധിമുട്ടും സഹിച്ച് ഇവിടെ വരും. എന്തായാലും പൃഥ്വിരാജ് ചൗഹാൻറെ ആ ചരിത്ര പഥങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് അജ്മീറിലെത്തിയ എന്നെ പൂർണമായും നിരാശനാക്കിക്കൊണ്ട് അവിടെ ദർഗയിലേക്ക് മാത്രമാണ് ആൾക്കാർ വരുന്നതെന്നും മറ്റൊന്നും അവിടെ കാണാനില്ലെന്നും പറഞ്ഞു കൊണ്ട് അജ്മീർ ദർഗ സന്ദർശിച്ചു മടങ്ങിയയുടനെ എന്റെ സാരഥി എന്നെ പുഷ്‌കറിലേക്ക് കൊണ്ടുപോയി. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ യു പി എസ് സി പരീക്ഷകൾ ഉള്ളതിനാൽ അന്ന് ഇന്റർനെറ്റ്‌ ബാൻ ചെയ്തിരുന്നതിനാൽ ഗൂഗിൾ ആന്റി പോലും സഹായത്തിനില്ലായിരുന്നു. ദർഗയിലാണെങ്കിൽ സമാധാനമായി സന്ദർശിക്കാൻ സമ്മതിക്കാത്ത വിധം പിടിച്ചുപറിയുടെയും പോക്കറ്റടിയുടെയും പേടിപ്പിക്കുന്ന കഥകളാണ് പലരും പറഞ്ഞു തന്നതും. അത് ശരിയാണെന്നു തോന്നിപ്പിക്കുന്ന സാഹചര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഞാൻ ആവശ്യത്തിലധികം കരുതലെടുത്തത് കൊണ്ടാവാം എനിക്ക് പക്ഷെ അങ്ങനെ ഒരനുഭവം ഉണ്ടായില്ല. വിഭജനാന്തര കാലത്ത് രാജ്യം മുഴുവൻ കലാപത്തിൽ കത്തിയെരിഞ്ഞപ്പോഴും വളരെ കുറച്ചു പ്രശ്നങ്ങൾ മാത്രം ഉണ്ടായ സംസ്ഥാനമാണ് രാജസ്ഥാൻ. മനുഷ്യനെ മതാതീതമായി നോക്കികാണാൻ രാജസ്ഥാനികൾക്ക് കഴിയും. അതുകൊണ്ടാണ് സൂഫിസം പോലുള്ള മത പ്രചാരണക്കാർക്ക് അവർ അക്രമരഹിതരായിട്ട് പോലും അവിടെ വെരുറപ്പിക്കാൻ സാധിച്ചത്. ജയ്പൂരിൽ നിന്ന് 146 കിലോമീറ്റർ അകലെയാണ് പുഷ്‌കർ. അജ്മീറിൽ നിന്ന് അഗസ്ത്യ മുനി വസിച്ചിരുന്നതായി കരുതുന്ന നാഗ് പഹാർ (നാഗ പർവതം) കടന്ന് 11 കിലോമീറ്റർ സഞ്ചാരിച്ചാൽ വലിയ മലകള്‍ക്കിടയിലെ ചെറുപട്ടണമായ പുഷ്കറിൽ എത്താം. പുഷ്പത്താല്‍ നിർമിതമായ കുളം എന്നാണ് പുഷ്കര്‍ എന്ന പദത്തിൻറ അര്‍ത്ഥം. ഹിന്ദു വിശ്വസികളും സിഖുകാരും ഒരുപോലെ വിശുദ്ധമെന്ന് കരുതുന്ന നഗരം. സുനന്ദ പുഷ്കറുമായി ഈ നഗരത്തിന് ഒരു ബന്ധവും ഇല്ല. കാശ്മീരി പണ്ഡിറ്റായ അവരുടെ അച്ഛന്റെ പേരിൽ നിന്നാണ് അവർക്ക് പുഷ്‌കർ കിട്ടിയത്. പതിവുപോലെ ഡ്രൈവർ ഇരപിടിയന്മാരുടെ മുന്നിൽ തന്നെ കൊണ്ടിറക്കി. ഒരാൾ എല്ലായിടത്തും കൊണ്ടുപോകാം എന്നു പറഞ്ഞു കൂടെക്കൂടി. ആദ്യമായി കൊണ്ടുപോയത് തടാകക്കരയിൽ മണ്ഡപം കെട്ടി പൂജാദി കർമ്മങ്ങൾക്കായി ആളെ കാത്തിരിക്കുന്ന പരികർമ്മികളുടെ അരികിലേക്കാണ്. ഞാൻ തടാകത്തിന്റെ ചിത്രമെടുക്കും മുമ്പ് എന്റെ പാപങ്ങൾ ഹരിക്കാനാണ് പുള്ളിക്ക് ധൃതി. അങ്ങനെ കടുത്ത പാപങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പാപപരിഹാരകർമ്മങ്ങളൊന്നും വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ പുള്ളി പിൻവാങ്ങി. ബ്രഹ്മാവിന്റ അമ്പലം മാത്രമേ ഇവിടെ കാണാനുള്ളു എന്ന് പറഞ്ഞ്കൊണ്ട് അതു കണ്ട ഉടനെ ഡ്രൈവർ എന്നെ ഹോട്ടലിൽ കൊണ്ടാക്കി. അയാൾക്ക് എങ്ങനെയെങ്കിലും പറഞ്ഞ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി എന്ന് വരുത്തി എന്നെ മടക്കിയക്കണം. ചെക്ക് ഇൻ ചെയ്‌ത ശേഷം ഹോട്ടലിന് അടുത്ത് തന്നെയുള്ള, വളരെ മനോഹരമായ തൂവെള്ള മാർബിൾ കൊണ്ടു നിർമ്മിച്ച, പൊക്കുവെയിലേറ്റ് വെട്ടിത്തിളങ്ങുന്ന ഗുരുദ്വാര സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു. തലയിൽ വെള്ളത്തുണി കെട്ടണം എന്നല്ലാതെ മറ്റു നിബന്ധന ഒന്നുമില്ല. മുറിയിൽ ഇരുന്നാലും അതിന്റെ മുകൾ ഭാഗം കാണാം. രാത്രിയിൽ നിലാവിൽ ആ വെണ്ണക്കൽ നിർമിതി കാണാൻ അതീവ സുന്ദരമായിരുന്നു. പിറ്റേന്ന് അതിരാവിലെ സൂര്യൻ ഉണരുമുമ്പെഴുന്നേറ്റ് പുഷ്‌കർ തടാകത്തെ ചുറ്റി നടന്നുകൊണ്ട് സകല ദിവ്യന്മാരെയും കണ്ടു. എമ്പാടും പശുക്കൾ ഉണ്ടെങ്കിലും സർവത്ര ഗലികളാണെങ്കിലും പൊതുവെ വൃത്തിയുണ്ട്. തടകത്തിന്റെ പടവുകളിൽ പോലും ആരും ചെരുപ്പ് ഉപയോഗിക്കില്ല. ചുറ്റിലും ഭക്തിയുടെയും ആത്മീയതയുടെയും അനുഭൂതി നൽകിക്കൊണ്ട് വിശാലമായി പരന്ന് കിടക്കുന്ന തടാകം. തീര്‍ഥരാജ് എന്നൊരു പേര് കൂടിയുണ്ട് തടകത്തിന്. വജ്രനാഥ് എന്ന രാക്ഷസനെ വധിക്കാൻ ബ്രഹ്മാവ്‌ ഉപയോഗിച്ച താമരപ്പൂവില്‍നിന്ന് കൊഴിഞ്ഞ മൂന്നിതളുകളില്‍ ഒന്ന് പുഷ്കറില്‍ പതിച്ചതിന്റെ ഫലമായിട്ടാണ് തടാകം ഉണ്ടായതെന്നാണ് ഐതിഹ്യം. കാര്‍ത്തിക പൂര്‍ണിമ ദിവസം ഈ തടാകത്തില്‍ മുങ്ങിനിവരുന്നവര്‍ക്ക് മോക്ഷം ലഭിക്കുമത്രെ. തടാകത്തിന് ചുറ്റിലും നിരവധി ക്ഷേത്രങ്ങളും കുറെ ഗുരുദ്വാരകളുമുണ്ട്. മുന്നൂറിലേറെ ക്ഷേത്രങ്ങളും പ്രധാനപ്പെട്ട 25 ഉൾപ്പെടെ 52 സ്നാനഘട്ടങ്ങളും ഉണ്ട്. ബ്രഹ്മാവുമായി തടാകത്തിനു ബന്ധം കല്പിക്കുന്നത് പോലെ തടാകക്കരയിൽ ഏറ്റവും പ്രധാന ക്ഷേത്രവും ബ്രഹ്മാവിന്റേതാണ്. പൊതുവെ ബ്രഹ്മാവിനു അമ്പലമോ പൂജകളോ ഇല്ലെങ്കിലും ഇവിടെ അദ്ദേഹം പൂജനീയനാണ്. അതുപോലെ പ്രാധാന്യം ഉള്ളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ പുരാതന ക്ഷേത്രമാണ് വരാഹ ക്ഷേത്രം. 1128 മുതൽ 1150 വരെ ഭരിച്ച അനാജ് ചൗഹാൻ രാജാവാണ് അത് നിർമിച്ചത്. ക്ഷേത്രത്തിൽ തന്നെ പൂജാരി കുടുംബസമേതം വയ്പ്പും കുടിയുമായി കഴിയുന്നു എന്നല്ലാതെ വലിയ നടവരവൊന്നും കാണുന്നില്ല. വരാഹ അവതാരത്തിനൊന്നും ഇപ്പോൾ അത്ര ഡിമാൻറ് ഇല്ലായിരിക്കും. ഇപ്പോൾ പുതിയ അവതാരങ്ങളുടെ കാലമാണല്ലോ. രംഗ് ജി ക്ഷേത്രം പഴയതും പുതിയതും ഉണ്ട്. പഴയത് തികച്ചും പുരാതന നിർമ്മിതിയാണ്. മഹാദേവ ക്ഷേത്രം ഉൾപ്പെടെ വേറെയും നിരവധി പ്രധാന ക്ഷേത്രങ്ങൾ അവിടെ കാണാനുണ്ട്. ജഹാംഗിറിന്റെ ഒരു കൊട്ടാരം ഉണ്ടെങ്കിലും ജീർണാവസ്ഥയിലാണ്. എല്ലായിടത്തും കാവി വസ്ത്ര ധാരികളും അല്ലാത്തതുമായ നിരവധി സാധുക്കൾ ഇരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളിച്ച് നമ്മെ അഭിവാദ്യം ചെയ്യും. എന്തെങ്കിലും കൊടുത്താലും ഇല്ലെങ്കിലും സന്തോഷം. തീർത്ഥാടന കേന്ദ്രം എന്ന പോലെ കഞ്ചാവും കറുപ്പും ഒക്കെ ആസ്വദിച്ച് നിശ്ചലതയിൽ കറങ്ങിക്കൊണ്ടിരിക്കുന്നവരുടെ കേന്ദ്രം കൂടിയാണ് പുഷ്‌കർ. ഒറ്റക്ക് ഇറങ്ങി നടക്കുന്നവരുടെ അരികിലേക്ക് അതിന്റെ വില്പനക്കാർ എത്തും. ഒറ്റയ്ക്ക് നടക്കുന്ന എന്നെ കണ്ടപ്പോൾ നമ്മുടെ പാർട്ടിയാണെന്ന് തോന്നിയിട്ടാവും ചിലർ സാധനം കയ്യിലുണ്ട് എന്ന മട്ടിൽ അണഞ്ഞു. പക്ഷെ യാത്ര ലഹരിയായി മജ്ജയിൽ പിടിച്ചവന് മറ്റൊരു ലഹരിയും ലഹരിയല്ലെന്ന് അവർക്കറിയില്ല. ഒരു തരത്തിൽ ഭക്തിയും ഒരു ലഹരി ആണെല്ലോ. കാർത്തിക മാസത്തിൽ നടക്കുന്ന പുഷ്കർ മേളയാണ് ഈ നഗരത്തിലെ പ്രധാന ആകർഷണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക പ്രദർശന മേളയാണിത്. ആ സമയം അവിടെ വലിയ തിരക്കായിരിക്കും. ഒട്ടകങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം തന്നെ മറ്റു വളര്‍ത്തു മൃഗങ്ങളുടെ ചന്തയും നടക്കാറുണ്ട്. അപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സഞ്ചാരികളെത്തും. ഭക്തികൊണ്ടാണെങ്കിലും സഞ്ചാരപ്രിയം കൊണ്ടാണെങ്കിലും രാജസ്ഥാനിൽ വരുന്നുണ്ടെങ്കിൽ കാണേണ്ട ഒരിടമാണ് പുഷ്‌കർ. പൃഥ്വിരാജ് ചൗഹാൻ മനസ്സിൽ നിന്ന് പോകുന്നില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഗൂഗിൾ ആന്റിയുടെ സഹായത്തോടെ വർദ്ധിത വീര്യത്തോടെ ഞാൻ അജ്മീറിലേക്ക് വീണ്ടും വന്നു. അജ്മീറിലെ അനാ സാഗർ തടാകം നിരവധി പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ തുടിപ്പുകൾ ഓർമ്മയുടെ ഓളങ്ങളാക്കി ചലിപ്പിച്ചു കൊണ്ട് അതിപ്പോഴും അലസമായി അങ്ങനെ ശയിക്കുന്നു. തടാകം വളരെ മനോഹരമാണ്. അതുകഴിഞ്ഞ് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകത്തിലേക്കു പോയി. തരാഗഡ് കോട്ടയിലേക്ക് പോകുന്ന വഴിയിൽ നിരവധി ഹെയർപിൻ വളവുകൾ കയറി എത്താവുന്ന ഒരു കുന്നിന്റെ മുകളിലാണ് ആ വീരപുരുഷന്റെ സ്മാരകം. കുതിരപ്പുറത്തിരുന്ന് അമ്പെയ്യുന്ന രീതിയിൽ തയ്യാറാക്കിയ പ്രതിമ ഉൾപ്പെടെ അവിടം വളരെ മനോഹരമാണ്. അവിടം ഹരിതാഭമാണെങ്കിലും കാടെന്നു പറയാവുന്ന ഒന്നല്ല. വരണ്ട പ്രദേശങ്ങളിൽ സർവത്ര കാണപ്പെടുന്ന, ആട് പോലും കടിക്കാത്ത മുള്ളുള്ള ഒരുതരം ചെറു വൃക്ഷങ്ങൾ മാത്രം. അവ നിറഞ്ഞു നിൽക്കുന്നതുകൊണ്ടുള്ള പച്ചപ്പ് മാത്രം. രാജസ്ഥാനിൽ നമ്മുടെ പോലെ ഒരു കാട് കാണണമെങ്കിൽ ആരവല്ലി പർവത നിരയിൽ മൌണ്ട് അബുവിൽ പോകേണ്ടിവരും. എന്നാൽ ഈ വരണ്ട ഭൂമിക്ക് വേണ്ടിയുള്ള യുദ്ധങ്ങളാണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത അത്രക്കുണ്ട് താനും. പൃഥ്വിരാജ് ചൗഹാന്റെ സ്മാരകത്തിൽ നിന്ന് നോക്കിയാൽ തരാഗഡ് കോട്ട ഭൂമിക്ക് ഒരു കിരീടം ചാർത്തിയതുപോലെ മനോഹരമായി തല ഉയർത്തി അങ്ങനെ നിൽക്കുന്നത് കാണാം. വീണ്ടും കുറെ ഹെയർപിൻ കയറി വേണം അവിടെ എത്താൻ. പക്ഷെ അവിടെ എത്തിയപ്പോൾ ഞാൻ വീണ്ടും നിരാശനായി. ആകെ തകർന്നു കിടക്കുന്ന കോട്ടയുടെ കുറെ അവശിഷ്ടങ്ങൾ മാത്രം. കോട്ടയുടെ മൃതശരീരം എന്ന പോലെ പച്ച പുതച്ച ഖബറിടങ്ങൾ മാത്രം എല്ലായിടത്തും കണ്ടു. തുടർന്ന് അല്പം കൂടി സഞ്ചരിച്ചപ്പോൾ സ്വർണമകുടം ചാർത്തിയ ഒരു ദർഗ്ഗ കണ്ടു. അവിടെ കോട്ട ഒന്നും ഇല്ലെന്നും ദർഗയിൽ കുടികൊള്ളുന്ന മീരാൻ സാഹിബിന്റെ അനുഗ്രഹം വാങ്ങി പൊയ്ക്കൊള്ളാനും അവടെയുള്ളവർ നിർദേശിച്ചു. കോട്ടയുടെ ഇപ്പോൾ അവശേഷിക്കുന്ന ഭാഗങ്ങൾ മാത്രം കണ്ട് അതൃപ്തിയോടെ മടങ്ങി. രാജസ്ഥാൻ സർക്കാർ ഇത്രയും വിലപ്പെട്ട ചരിത്ര മൂല്യമുള്ള കോട്ട എന്താണ് സംരക്ഷിക്കാതെ നശിപ്പിക്കുന്നത് എന്ന വേദനയാണ് തോന്നിയത്. ഒരു പക്ഷെ അവയെല്ലാം യുദ്ധത്തിന്റെ ഭാഗമായി അപ്പോൾ തന്നെ തകർക്കപ്പെട്ടതാവാം. രാജസ്ഥാൻ മുഴുവനായി സന്ദർശിക്കുന്ന ഒരാൾക്കും കോട്ടകളെ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന വിഷമം തോന്നില്ല. ഇന്നത്തെ രാജസ്ഥാൻ പണ്ട് പത്തോളം രാജ്യങ്ങൾ ആയിരുന്നു. അവിടുത്തെ ഓരോ കോട്ടയും അതിനുള്ളിലെ കൊട്ടാരങ്ങളും അത്ഭുതനിർമിതികളാണ്. കോട്ടകളുടെയും കൊത്തളങ്ങളുടെയും സംസ്ഥാനമാണ് രാജസ്ഥാൻ എന്നു വേണമെങ്കിലും പറയാം. അവയിൽ പ്രധാനപ്പെട്ടതെല്ലാം യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്. അജ്മീറിൽ നിന്ന് പിന്നെ പോയത് ജോധ്പുരിലേക്കാണ്. അവിടെ രണ്ടു ദിവസം തങ്ങി അവിടത്തെ കോട്ടകളും കൊട്ടാരങ്ങളും ഒക്കെ കണ്ട ശേഷം നേരെ ജയ്സാൽമീറിലേക്ക് പോയി. ജോധ്പൂരിലെ വിശേഷങ്ങൾ മറ്റൊരവസരത്തിൽ പറയാം. ഓരോ നഗരങ്ങളും നിരവധിയായ കോട്ടകളും കൊട്ടാരങ്ങളും വർണ്ണ ശബളമായ മണൽ കല്ലുകളും ഒക്കെയായി മനോഹരമായ പ്രദേശങ്ങളാണ്. അതിൻറെ ചരിത്ര കഥകൾ ഒരു ചെറിയ ലേഖനത്തിൽ ഒതുക്കാവുന്നതല്ല. ജയ്സാൽമീർ രാജസ്ഥാനിലെ വളരെ പ്രധാനമായ, പ്രത്യേകിച്ച് താർ മരുഭൂമിയുടെ ഉള്ളിൽ വരുന്ന ഒരു പ്രധാന നഗരമാണ് ജയ്സാൽമീർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തു കിടക്കുന്ന വിശാലമായ വരണ്ട ഭൂമേഖലയാണ്‌ ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്നറിയപ്പെടുന്ന ഥാർ മരുഭൂമി. രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്‌. ഇതിന്റെ ഭൂരിഭാഗവും രാജസ്ഥാനിലാണ്‌. ഥാർ മരുഭൂമി വളരെ വരണ്ടതും പാറക്കല്ലുകളും വൻ മണൽക്കൂനകളും നിറഞ്ഞതാണ്‌. ഇവിടെ രൂപം കൊള്ളുന്ന മണൽക്കൂനകൾക്ക് 150 മീറ്ററിലേറെ ഉയരമുണ്ടാകാറുണ്ട്. 25 സെന്റീമീറ്റർ മഴ മാത്രമേ വർഷത്തിൽ ഇവിടെ ലഭിക്കുന്നുള്ളൂ. തണുപ്പുകാലത്ത് 5-10 °C മുതൽ വേനൽക്കാലത്ത് 50 °C വരെയാണ്‌ ഇവിടത്തെ താപനില. വളരെ ചെറിയ രീതിയിലുള്ള കൃഷി മാത്രമേ ഈ മേഖലയിൽ സാധ്യമാകുകയുള്ളൂ. അല്പം നനവുള്ള പ്രദേശങ്ങളിൽ ബജ്ര പോലുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്നു. ഇതിനു പുറമേ ആടുമേയ്ക്കലിനേയും ഒരു പ്രധാന വരുമാനമാർഗ്ഗമാക്കുന്നു. ഈ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ഉല്പ്പന്നമാണ്‌ പച്‌ഭദ്ര തടാകത്തിൽ നിന്നുള്ള ഉപ്പ്. 98% സോഡിയം ക്ലോറൈഡ് ആണ് അതിലുള്ളത്. വലിയ ഉപ്പു കല്ലുകൾ ഒട്ടകവണ്ടികളിൽ കയറ്റി കൊണ്ടു പോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. ജയ്സാൽമീർ നഗരത്തിൽ ആ പുരാതനമായ കളർ പറ്റേൺ നിലനിർത്താൻ ഇപ്പോഴും അവിടുത്തെ ഭരണാധികാരികൾ ശ്രമിക്കുന്നു എന്നുള്ളത് അഭിനന്ദനീയമായ സംഗതിയാണ്. ജൈസൽമീരിൽ എമ്പാടും ഓഫീസ് കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, സ്‌മൃതിമണ്ഡപങ്ങൾ, കടകൾ, സ്വകാര്യ വസതികൾ, മതിലുകൾ, നടപ്പാതകൾ സർവ്വവും യെല്ലോ സാൻഡ് സാൻഡ് സ്റ്റോൺ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഹോട്ടലുകൾ, അമ്പലങ്ങൾ, വിളക്കുമരങ്ങൾ, എന്തിന് കല്പടവുകൾ വരെ സ്വർണനിറമാണ്. മറ്റു നിറങ്ങളോട് താല്പര്യമുള്ളവർ ഈ മഞ്ഞക്കൽ പ്രതലത്തിനു പുറമെ മറ്റു പെയിന്റുകൾ അടിക്കാൻ സാധ്യത ഉണ്ടെല്ലോ. പ്രത്യേകിച്ചും ഫൈബർ, വേപ്പോക്യൂർ, ലോങ് ലൈഫ് മുതൽ സ്വർണത്തിന് 20 ശതമാനം ഡിസ്‌കൗണ്ട് തന്നാലും പേര് വെളിപ്പെടുത്താത്തതും ഫൈബർ പെയിന്റ് അടിച്ച വീടുകാണാൻ അറബിയും ജപ്പാൻകാരനുമൊക്ക പറന്നു വരുന്നതുമായ പരസ്യങ്ങൾ കണ്ടു സമനില തെറ്റിയിരിക്കുന്ന ഈ കാലത്ത് ആ പുരാതന നിർമ്മിതികളോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് പുതിയ നിർമിതികൾ പോലും ശില്പ സൗകുമാര്യത്തോടും സ്വർണ്ണ വർണ്ണത്തിലും മനോഹരമായി നിർമ്മിക്കാനും നിലനിർത്താനും ജൈസൽമീറിന്റെ നാഗരാസൂത്രകർ വളരെ പണിപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാണ്. മറ്റു പെയിന്റുകൾ അടിച്ചു വൃത്തികേടാക്കാൻ അനുവദിക്കില്ല. അതുകൊണ്ട് എനിക്ക് ആ പൗരാണിക നഗരം വല്ലാതെ ഇഷ്ടപ്പെട്ടു. രാജസ്ഥാൻ സന്ദർശിക്കുന്ന വ്യക്തികൾ ജയ്സാൽമീർ കാണാതെ വന്നാൽ അത് പൂർണ്ണത ഇല്ലാത്ത ഒരു യാത്രയായി മാറും. രാജസ്ഥാനിലെ എല്ലാ നഗരങ്ങൾക്കും ഓരോ നിറങ്ങൾ ഉണ്ട്. രാജസ്ഥാനിലെ ഓരോ പ്രദേശങ്ങളിലും ലഭ്യമാവുന്ന കല്ലുകൾ- റെഡ് സാൻഡ് സ്റ്റോൺ, വൈറ്റ് മാർബിൾ, യെല്ലോ സാൻഡ് സ്റ്റോൺ, ബ്രൗൺ, മറൂൺ, ഇങ്ങനെ വഭിന്ന നിറങ്ങളിൽ ഉണ്ട്. ഓരോ നഗരങ്ങൾക്ക് വെവ്വേറെ നിറം ഉണ്ടെങ്കിൽ പോലും, പിങ്ക് സിറ്റി ആയ ജയിപ്പൂരിനെക്കാൾ ഗോൾഡൻ സിറ്റിയായ ജയ്സാൽമീർ ആണെന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഒരു പക്ഷേ കണിക്കൊന്നപ്പൂവിനോടെന്ന പോലെ ആ നിറത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം ആയിരിക്കാം. ആ കളർ ടോൺ മാറ്റാതെ അധുനിക നിർമിതികൾ പോലും പുരാതന നിർമ്മിതികളോട് സമന്വയിപ്പിച്ചു കൊണ്ട് നിലനിർത്തിയിരിക്കുന്നത് ആ മനോഹാരിതയ്ക് മാറ്റു കൂട്ടുന്നു. ഇന്ത്യയിലെ എന്നല്ല ലോകത്തിലേ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ്സാൽമീർ കോട്ട. രജപുത്ര രാജാവായിരുന്ന റാവു ജൈസാൽ ക്രി. വ. 1156 ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽനിന്നുതന്നെയാണ് ജൈസാൽമീറിനു ആ പേര് ലഭിച്ചതും. താർ മരുഭൂമിയിലെ ത്രികൂട എന്ന് ഒരു കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. നിരവധി യുദ്ധങ്ങൾക്കും ജൈസാൽമീർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള മണൽക്കല്ലുകൊണ്ടാണ് കോട്ട പണിതിരിക്കുന്നത്.സൂര്യാസ്തമന സമയത്ത് ഈ കോട്ടയ്ക്ക് സ്വർണ്ണ നിറത്തിലുള്ള ഭംഗി വർദ്ധിക്കും. ഇതിനാൽ സുവർണ്ണ കോട്ട എന്നറിയപ്പെടുന്നു. കോട്ടപോലുള്ള പുരാതന നിർമിതികളിലെ കല്ലുപാകിയ സ്ഥലങ്ങളെല്ലാം പാദപദനത്താൽ തേഞ്ഞതിനാൽ നടക്കുമ്പോൾ നമ്മൾ വഴുക്കി വീഴാവുന്ന സ്ഥിതിയിലാണ്. ജൈസല്‍മേര്‍ ഭരിച്ചിരുന്ന രാജവംശത്തിലെ “റാവല്‍ ദൂസാജ്” എന്ന ഭരണാധികാരി ജൈസല്‍മേര്‍ പട്ടണത്തിനു പതിനാറു കിലോമീറ്റർ ദൂരേക്ക്‌ മാറി “ലുധര്‍വ്വ’ എന്ന സ്ഥലത്തു നിന്നായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തിനു രണ്ട് മക്കള്‍ ഉണ്ടായി- ജൈസാല്‍, വിജയരാജ്. ഇതില്‍ ഇളയവനായ വിജയരാജിനെ ആയിരുന്നു റാവല്‍ തന്‍റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. ഭരണത്തില്‍ കയറിയ ഉടനെ തന്നെ വിജയരാജ് തന്‍റെ ജ്യേഷ്ഠന്‍ ജൈസാലിനെ ആ നാട്ടില്‍ നിന്ന് ഓടിച്ചു. തുടർന്ന് ജൈസാല്‍, ത്രികൂട പര്‍വതത്തിനു മുകളിലെത്തി. അവിടെ അദ്ദേഹം ഒരു ദിവ്യനെ കണ്ടു. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം കൊണ്ട് ജൈസാല്‍ ഒരു രാജ്യം സ്വരൂപിക്കുകയും ആ കുന്നിന്‍ മുകളില്‍ കോട്ട പണി കഴിപ്പിക്കുകയും ചെയ്തു. മരുഭൂമിയിലെ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനും ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാനും ഈ കോട്ട സഹായിച്ചു. പാറകളെല്ലാം യെല്ലോ സാൻഡ് സ്റ്റോൺ ആയതിനാൽ അതേ കല്ലുകൾ കൊണ്ട് മലയുടെ കിടപ്പിന് അനുരൂപമായി കോട്ട നിർമ്മിച്ചത് ഒരു കാമോഫ്ലാഷ് തന്ത്രമായിരുന്നു. രാജസ്ഥാനിലെ ഒരു പ്രധാന നഗരമായ ജയ്സാൽമീറിൽ നിന്നും 38 കിലോമീറ്റർ അകലെ, പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള പ്രസിദ്ധ മണലാരണ്യ വിനോദ കേന്ദ്രമായ 'സം സാൻഡ് ഡ്യൂൺസി'ലേക്ക് പോകുന്ന വഴിയിൽ 16 കിലോമീറ്റർ സഞ്ചരിച്ച ശേഷം 2 കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരം കാണാം. അതാണ് കുൽധര. അന്നത്തെ നിലയിൽ ഒരു വലിയ നഗരമായിരുന്നതിൻറെ അവശിഷ്ടങ്ങൾ അവിടെ നമുക്ക് കാണാം. ഇന്ന് അതിനെ ഗ്രാമം എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. സിമൻറും സുർക്കയും ഒന്നും ഉപയോഗിക്കാതിരുന്ന കാലത്ത് കല്ലുകൾ അടുക്കി നിർമ്മിച്ച വീടുകൾ, അതിന്റെ ഉന്നത നിലവാരം, ഡ്രൈനേജ് സൗകര്യങ്ങൾ, മുറികളുടെ വലിപ്പവും സൗകര്യങ്ങളും, യെല്ലോ സാൻഡ് സ്റ്റോൺ പാളികളിൽ കൊത്തുപണി ചെയ്ത് മനോഹരമാക്കിയ ജനാലകളും മറ്റു വായു നിർഗമന സംവിധാനങ്ങളും, കാൽപാളികൾ നിരത്തി ചോരാത്ത വിധം നിർമിച്ച മേൽക്കൂര, വിശാലമായ പ്രദേശം നിറയെ അടുത്തടുത്തായുള്ള വീടുകൾ, ഇതെല്ലാം അത് ആക്കാലത്തെ ഒരു നഗരം ആയിരുന്നു എന്ന വിശ്വാസമാണ് എന്നിൽ ഉണ്ടാക്കിയത്. വളരെ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിച്ചിരുന്ന പാലീവാൽ ബ്രാഹ്മണരാണ് അവിടെ താമസിച്ചിരുന്നത്. അവർ പശുക്കളും മറ്റു സൗകര്യങ്ങളും ഒക്കെയായി വളരെ സന്തോഷകരമായി ജീവിച്ചിരുന്ന ഒരു പ്രദേശമാണെന്ന് ഇപ്പോഴും ആ നാഗരാവശിഷ്ടങ്ങൾ കണ്ടാൽ മനസ്സിലാവും. അത്ര സന്തോഷമായി വളരെ ഉന്നത നിലവാരത്തിൽ ജീവിച്ചിരുന്ന ഒരു സമൂഹം പെട്ടെന്ന് ഒറ്റരാത്രികൊണ്ട് അവിടം ഒഴിഞ്ഞു പോയ ഒരു കഥയുണ്ട്. 1815 ലെ ഒരു രാത്രിയിൽ എവിടെയെന്ന് അറിയാത്ത രീതിയിൽ അവിടുന്ന് സർവ്വ സ്വപ്നങ്ങളുമായി അവർ ഒന്നടങ്കം നാടുവിട്ടു. അവർക്ക് കയ്യിൽ കരുതാവുന്നത് മാത്രം എടുത്ത് എവിടെയോ പോയി മറഞ്ഞു. "അന്നൽസ് ആൻഡ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാൻ" എന്ന കേണൽ ജയിംസ് റ്റോഡ് 1829 ൽ പബ്ലിഷ് ചെയ്ത പുസ്തകത്തിലാണ് ഈ കുൽധര ഗ്രാമത്തെക്കുറിച്ചുള്ള ആദ്യ പരാമർശം കാണാൻ കഴിയുക. ഗ്രാമീണർക്ക് പല കഥകളും പറയാനുണ്ട്. സമൂഹത്തിലെ ഉന്നതകുലജാതരായ ആ ബ്രാഹ്മണർ, ഒരു രാത്രികൊണ്ട് ഒരു നഗരം മുഴുവൻ ഒഴിഞ്ഞു പോയ ആ ദുരന്തം ആ നാട്ടുകാർ ഇപ്പോഴും ഭീകരതയോടെയാണ് ഓർക്കുന്നത്. അത് ഒരു പ്രേതനഗരം ആയിട്ടാണ് അവർ വിശദീകരിക്കുന്നത്. പിന്നീട് ആരും അവിടെ കയറാനോ താമസിക്കാനോ ധൈര്യപ്പെട്ടിട്ടില്ല. കുൽധരയോടൊപ്പം ബന്ധപ്പെടുത്തി കണ്ടിരിക്കേണ്ട മറ്റൊരു കെട്ടിടം ജൈസൽമേറിൽ ഉണ്ട്. ജൈസൽമേർ കോട്ടയുടെ 100 മീറ്റർ അകലെ നിരവധി നിലകളുള്ള മനോഹരമായ ബാൽക്കണികളും കൊത്തുപണികളുമുള്ള സലിം ഹവേലി ആണത്. അവിടുത്തെ പ്രധാനമന്ത്രിയുടെ വസതി ആയിരുന്നു അത്. പ്രധാനമന്ത്രി തൻറെ വസതി കോട്ടക്കുള്ളിലെ കൊട്ടാരത്തിനെക്കാളും ഉയരത്തിൽ നിർമ്മിച്ചു എന്നും രാജാവ് തന്നെ ഇടപെട്ട് ഹവേലിയിലെ രണ്ടു നിലകൾ പൊളിപ്പിച്ചു എന്നുമാണ് കഥ. എന്തായാലും ഇപ്പോഴും ആഢ്യത്വം നഷ്ടപ്പെടാത്ത വളരെ ഉയർന്ന നിലവാരത്തിലുള്ള ഒരു കൊട്ടാരമാണ് സലിം ഹവേലി. നഗരത്തിലെ വസതി എന്നാണ് ഹവേലിയുടെ അർത്ഥം. ഈ ഹവേലിയിൽ വസിച്ചിരുന്ന പ്രധാനമന്ത്രി ആയിരുന്ന സലിം സിംഗ് മേത്തയാണ് കുൽധരയിലെ പലായനത്തിന് കാരണമായ ആൾ എന്നാണ് ഐതിഹ്യം പറയുന്നത്. നികുതി പിരിവിലും മറ്റുമുള്ള കാർക്കശ്യത്തെയും അദ്ദേഹത്തിൻറെ ക്രൂരതയെയും കുറിച്ച് നാട്ടുകാർക്ക് ഒരുപാട് പറയാനുണ്ട്. അയാൾ കുപ്രസിദ്ധൻ ആയിരുന്നു. നിരവധി ഭാര്യമാരുള്ള ആ മനുഷ്യൻ ഒരു ദിവസം കുൽധരയിൽ എത്തുകയും അവിടുത്തെ ഗ്രാമ മുഖ്യന്റെ മകളും കൗമാരക്കാരിയും സുന്ദരിയും അവരുടെയെല്ലാം കണ്ണിലുണ്ണിയുമായ പെൺകുട്ടിയെ കാണാനിടയായി. അവളെ തനിക്ക് വിവാഹം ചെയ്തു നൽകണമെന്ന് സലിം സിംഗ് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ സമുദായത്തിൽപെടാത്ത ത്തതും കുപ്രസിദ്ധനുമായ ഒരാൾക്ക് ആ കുട്ടിയെ വിവാഹം കഴിപ്പിച്ച് കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. അത് ചെയ്തില്ലെങ്കിൽ വരാൻപോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവർക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞ് അതിന്റെ അടുത്ത ദിവസം താൻ എല്ലാ ഒരുക്കങ്ങളുമായി വിവാഹത്തിന് എത്തുമെന്ന് അറിയിച്ചിരുന്നതുകൊണ്ട് അയാൾ എത്തുന്നതിനു മുമ്പ് തന്നെ ആ ഗ്രാമത്തിലുള്ള സർവ്വരും അവിടം വിട്ടൊഴിഞ്ഞുപോയി. ചരിത്രകാരന്മാർ ഈ കഥ പൂർണമായും ശരി വെക്കുന്നില്ല. അതൊരു പക്ഷേ ഭൂകമ്പത്തിന്റെ ഫലമാകാം. ഇപ്പോൾ ഒരു കെട്ടിടത്തിനും മേൽക്കൂരകൾ ഇല്ല. ചുവരുകൾ മാത്രം അവശേഷിക്കുന്നു. അല്ലെങ്കിൽ വെള്ളത്തിന്റെ ലഭ്യതക്കുറവുകൊണ്ട് അവർ ഉപേക്ഷിച്ചു പോയതാകാം. ഇങ്ങനെ പല കാരണങ്ങൾ പലായനത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഈ സലിം സിംഗിന്റെ ജീവിതരീതിയുമായി ഒത്തുനോക്കുമ്പോൾ ആദ്യം പറഞ്ഞ കഥ തന്നെയാണ് വിശ്വസനീയം. രാജസ്ഥാനിൽ ഇന്ന് ഒരു വലിയ ടൂറിസം ആകർഷണമായി നിലനിൽക്കുന്ന പ്രദേശമാണ് കുൽധര. നിരവധി തമിഴ് സിനിമകളുടെ ലൊക്കേഷൻ ആയിട്ടുണ്ട് അവിടം. സ്വാഗത കമാനവും ചില വീടുകളും അമ്പലവും ഒക്കെ സർക്കാർ അവിടെ ഒരു മോഡൽ എന്ന നിലയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സുവർണ നഗരമായ ജൈസൽമേറിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചരിത്രം തുടിക്കുന്ന ഒരു പ്രദേശമാണ് കുൽധര. നമ്മുടെ സിന്ധുവിന്റെ പോഷക നദികളായ സത് ലജ്, ബിയാസ് എന്നിവയുടെ സംഗമ സ്ഥാനത്ത് പഞ്ചാബിൽ നിന്ന് ആരംഭിച്ച് താർ മരുഭൂമിയിലെ ജയ്സാൽമീർ, ബിക്കാനീർ തുടങ്ങിയ രാജസ്ഥാനിലെ വിവിധ ജില്ലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന രാജ്യത്തെ ഏറ്റവും നീളമുള്ള കനാലിൻറെ പേര് ഇന്ദിരാഗാന്ധി കനാൽ എന്നാണ്. ഏതാണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത് വരെ അതിന്റെ പേര് രാജസ്ഥാൻ കാനാൽ എന്നായിരുന്നു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984 ലാണ് പേര് മാറ്റിയത്. 1940 ൽ കൻവർ സെയിൻ എന്ന ഹൈഡ്രോളിക് എൻജിനീയർ ആണ് ആദ്യമായി ഇങ്ങനെ ഒരു പ്രൊപോസൽ മുന്നോട്ടു വച്ചത്. കനാൽ രാജസ്ഥാനിലെ ബാർമർ , ബിക്കാനീർ , ചുരു , ഹനുമാൻഗഡ് , ജയ്സാൽമീർ ,ജോധ്പൂർ , ശ്രീഗംഗാനഗർ എന്നീ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു: പിന്നെ അത് ശാഖകളും ഉപശാഖകളുമായി പിരിഞ്ഞാണ് മരുഭൂമിയുടെ ദാഹമകറ്റുന്നത് . ഞാൻ ജോധ്പൂർ, ജെയ്‌സൽമർ, ബിക്കാനീർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചപ്പോൾ മരുഭൂമിയായി കിടക്കുന്ന ആ മണലാരണ്യത്തിൽ നല്ലൊരു ഭാഗം കൃഷി ഭൂമിയായി മാറിയ അത്ഭുതക്കാഴ്ചകൾ കണ്ടു. നമ്മുടെ മുല്ലപ്പെരിയാറിനു മുമ്പ് കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളും ഇതുപോലെ മരുഭൂമി സമാനമായിരുന്നു. കാനാൽ വരുന്നതിനു മുമ്പ് ഇവിടെ കുടിവെള്ളത്തിന് പോലും വലിയ ബുദ്ധിമുട്ടായിരുന്നു. വല്ലപ്പോഴും മഴപെയ്യുന്നത് മാത്രം സംഭരിച്ചും അല്ലെങ്കിൽ അഗാധമായ കുഴൽകിണറുകൾ സ്ഥാപിച്ചും മാത്രമേ വെള്ളം കിട്ടിയിരുന്നുള്ളൂ. അഗാധമായ കിണറുകളിൽ നിന്ന് ഒട്ടകങ്ങളെ കൊണ്ട് വെള്ളം വലിപ്പിക്കുന്നത് പതിവ് കാഴ്ച്ചയായിരുന്നു. തലയിലെ കുടങ്ങളിൽ വെള്ളവുമായി നിരനിരയായി പോകുന്ന സ്ത്രീകളുടെ ഒരു ഫോട്ടോ എടുക്കാൻ കഴിയുമോ എന്ന് നോക്കിയതാണ്. പക്ഷെ ഇപ്പോൾ ഇവിടെ അങ്ങനെ ഒരു കാഴ്ച്ച ഇല്ല. ഇന്നവിടെ വലിയ ഒരു സമൂഹം സമൃദ്ധമായി വെള്ളം ഉപയോഗിച്ച് വളരെ സന്തോഷമായി ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നു. അവിടുത്തെ ഓരോ ഗ്രാമീണനും ഇന്ദിരാഗാന്ധി കനാലിനെ (നഹർ) കുറിച്ച് അറിയാം. അത്രയ്ക്ക് വെള്ളത്തിനുവേണ്ടി കാത്തിരുന്ന ഒരു സമൂഹമായിരുന്നു. ആ പേര് എത്രത്തോളം ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു എന്ന് എനിക്ക് നേരിട്ട് മനസ്സിലായി. അതാണ് പേരിടുന്നതിന്റെ പ്രാധാന്യം. നമ്മൾ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജലസേചന സൗകര്യങ്ങൾക്കും ഇങ്ങനെ പേരിടുമ്പോൾ അത് എന്നും ജന മനസ്സുകളിൽ ആഴത്തിൽ പതിയും. അവർ എന്നെന്നും സ്മരിക്കപ്പെടും. മരിച്ച പ്രമുഖരുടെ പ്രതിമകൾ സ്ഥാപിച്ചു കോടികൾ ചെലവാക്കുന്നതല്ല, ഇതുപോലെ ജനോപകാരപ്രദമായ പദ്ധതികൾ ചെയ്യുന്നതാണ് അവരുടെ പേര് എന്നും നിലനിർത്താൻ വേണ്ടത്. അതുകൊണ്ട് ഇത് വിഭാവനം ചെയ്ത ആ മഹാനായ എഞ്ചിനീയറുടെ പേര് കനാലിന്റെ ഏതെങ്കിലും ഭാഗത്തിന് നൽകിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. രാജസ്ഥാൻ ഭൂപ്രകൃതി കൊണ്ട് ഇന്ത്യയിൽ തന്നെ ഏറ്റവും വ്യത്യസ്തതയാർന്ന പ്രദേശമാണ്. വെളുത്ത മാർബിൾ മാത്രം ഉള്ള മക്രാന പോലെയുള്ള പ്രദേശങ്ങൾ, സ്വർണ നിറത്തിൽ ജൈസല്മർ, ടെറക്കോട്ട, പിങ്ക് നിറങ്ങളിൽ ജയിപ്പൂർ, റെഡ് സാൻഡ് സ്റ്റോൺ നിറത്തിൽ ജോധ്പുർ, പച്ച, ബൗൺ നിറങ്ങളിൽ മാർബിൾ ലഭിക്കുന്ന ഉദയ്‌പുരിനടുത്തുള്ള ബിദാസർ, കറുത്ത നിറത്തിൽ അബു ബ്ലാക്ക് എന്ന മാർബിൾ ലഭിക്കുന്ന അബു റോഡിലെ ഖനികൾ, നീണ്ടു പരന്നു കിടക്കുന്ന മരുഭൂമികൾ ഉൾപ്പെടെ ഇന്ത്യയിൽ വേറെ എവിടെയുണ്ട് ഇങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതി. ആഗ്രയിലെ താജ്‌മഹൽ, കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ, തുടങ്ങി നിരവധി സൗധങ്ങൾ, ശവകുടീരങ്ങൾ, ഗുരുദ്വാരകൾ എന്നിവയെല്ലാം നിർമിച്ചിരിക്കുന്നത് രാജസ്ഥാനിൽ അജ്‌മീറിനടുത്തുള്ള മക്രാനയിൽ നിന്നുള്ള വെളുത്ത മാർബിൾ കൊണ്ടാണ്. റെഡ് ഫോർട്ട്, ഫതേപുർ സിക്രി തുടങ്ങിയവയും നിർമിച്ചിരിക്കുന്നത് രാജസ്ഥാനിലെ ഖനികളിൽ നിന്ന് കൊണ്ടുപോയ റെഡ് സാൻഡ് സ്റ്റോൺ കൊണ്ടാണ്. എത്ര വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഹൈവേ ആണെങ്കിലും രാജസ്ഥാനിലെ പശുക്കൾ അലസമായി, യാതൊരു ധൃതിയുമില്ലാതെ ക്രോസ്സ് ചെയ്യും.അവയെ ആരും കൊണ്ടിടിക്കുകയോ ഒന്ന് വഴക്ക് പറയുകയോ പോലുമില്ല. പക്ഷികൾക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്നത് രാജസ്ഥാൻകാരുടെ വൃതം ആണ്. വെള്ളത്തിന്റെ വില അവർക്കറിയാം. രാജസ്ഥാനിൽ കാണേണ്ട സ്ഥലങ്ങൾ നിരവധിയുണ്ട്. അവയിൽ തന്നെ ഞാൻ കണ്ടവയുടെ മുക്കും മൂലയും പോലും പറഞ്ഞു തീർന്നിട്ടില്ലെന്ന് എനിക്കറിയാം. അവിടുത്തെ ചരിത്രഭൂമികൾ, നിണമണിഞ്ഞ രണഭൂമികൾ, കൊട്ടാരക്കെട്ടുകൾ ഇവ ഓരോന്നായി പറയുകയാണെങ്കിൽ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. ചൂടുകാലത്ത് വളരെ ഉയർന്ന താപനിലയും അതുപോലെ തണുപ്പുകാലത്ത് അതിതീവ്രമായ ശൈത്യവും അനുഭവപ്പെടുന്ന ഒരു ഭൂപ്രദേശമാണ് രാജസ്ഥാൻ. അവർക്ക് വലിയ ഭക്ഷണ വൈവിധ്യങ്ങൾ ഒന്നും തന്നെ ഇല്ല. കേരളീയരെ പോലെ മസാലയും മറ്റു സുഗന്ധ ദ്രവ്യങ്ങളുമൊന്നും പതിവില്ല. എവിടെയും എപ്പോഴും കിട്ടുന്നത് തൈരാണ്. ഉരുളകിഴങ്ങ് ഗോതമ്പും ചേർത്ത് കുഴച്ചുണ്ടാക്കിയ ആലു പറാത്തായും തൈരും ഉണ്ടെങ്കിൽ അവർക്ക് കുശാൽ. ഏതു ഭക്ഷണത്തോടൊപ്പവും തൈര് ഉണ്ടാകും. അതുണ്ടെങ്കിൽ അവർക്കു വേറെ കറി വേണ്ട. വളരെ ഉച്ചത്തിൽ സംസാരിക്കും എന്നുള്ളതാണ് രാജസ്ഥാൻകാരുടെ ഒരു പ്രത്യേകത. പ്രത്യേകിച്ചും ഗ്രാമീണർ. മീൻ എന്നു പറയുന്ന വസ്തു കണികാണാൻ പോലും കിട്ടില്ല. വെജിറ്റേറിയനാണ് അവിടെ അധികവും ലഭിക്കുക. നോൺ വെജ് ആയി അവിടെ കിട്ടുന്നത് മുട്ട മാത്രമാണ്. അപൂർവമായി ചിക്കനും കിട്ടും. രാജസ്ഥാനിലെ മനോഹരമായ കോട്ടകളെയും കൊട്ടാരങ്ങളെയും കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്. അവ ഓരോന്നായി ഇനി ഒരവസരത്തിൽ പറയാം. .......

No comments:

Post a Comment