Thursday 17 August 2017

വര്‍ക്കഹോളിക്                                                  (2013  ല്‍  എഴുതിയത് )

  ജി. ശ്രീകുമാര്‍

സെക്രട്ടേറിയറ്റ് നടയില്‍ ജീവനക്കാരുടെ വലിയ സമരം നടക്കുകയാണ്.  ബസ്സിറങ്ങിയ അയാള്‍ അതില്‍പ്പെടാതെ ഒഴിഞ്ഞുമാറി നടന്നു.  എന്താണവരുടെ ഡിമാന്റ് എന്നു പോലും അയാള്‍ ശ്രദ്ധിച്ചില്ല.  ഇന്നത്തെ സമരത്തിന്റെ കാരണം വിശദീകരിച്ചു കൊണ്ടുള്ള നോട്ടീസ് ഇന്നലെ തന്റെ മേശപ്പുറത്തും കൊണ്ടു വച്ചിരുന്നതായി അയാള്‍ ഓര്‍ത്തു.  പക്ഷേ അതൊന്ന് വായിച്ചുപോലും നോക്കാതെ അയാള്‍ പതിവുപോലെ അതിനെയും ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.  പോലീസുകാര്‍ വച്ചിരിക്കുന്ന ബാരിക്കേടുകള്‍ക്കിടയിലെ അല്‍പ്പം വിടവിലൂടെ തന്റെ തൂവെള്ള ഷര്‍ട്ട് കമ്പിവേലിയില്‍ കുടുങ്ങാതെ ഒരുവിധം പുറത്തിറങ്ങി സെക്രട്ടറിയേറ്റിനു പുറകുവശത്തുള്ള ഗേറ്റിലൂടെ കടന്ന് അയാള്‍ ഓഫീസിലെത്തി.  ഇപ്പോള്‍ പല ദിവസങ്ങളിലും വൈകിയാണയാള്‍ ഓഫീസിലെത്തുന്നത്. 

അല്ലെങ്കിലും സര്‍വീസില്‍ ഇതുവരെ താന്‍ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലല്ലോ.  ഇനിയും അങ്ങനെ തന്നെ. അയാള്‍ വിചാരിച്ചു.  സമരങ്ങള്‍ അയാള്‍ക്ക് ഒരിക്കലും ഇഷ്ടമുള്ളകാര്യമല്ല.  സമരം ചെയ്യുന്നവര്‍ മടിയന്മാരാണെന്ന് അയാള്‍ സ്വയം നിര്‍വ്വചിച്ചു.  പലപ്പോഴും സംഘടനക്കാരോടും സമരക്കാരോടുമുള്ള വെറുപ്പ് പുറത്തു കാണിക്കാതിരിക്കാന്‍ അയാള്‍ കടിച്ചുപിടിക്കാറുണ്ട്. 

സര്‍വീസില്‍ ഇത് 41-ാം വര്‍ഷമാണ്.  22-ാം വയസ്സിലാണ് അയാള്‍ സര്‍വീസില്‍ ചേര്‍ന്നത്. പല ഓഫീസുകളില്‍ ജോലി ചെയ്ത ശേഷമാണ് അയാള്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. കഠിനമായി ജോലി ചെയ്യുക മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം.  എല്ലാ ഓഫീസിലും തനിക്കുള്ള ഇരട്ടപ്പേര് വര്‍ക്കഹോളിക് എന്നായിരുന്നു എന്നും അയാള്‍ ഓര്‍ത്തു.  

അന്ന് പെന്‍ഷന്‍ പ്രായം 56 വയസ്സ് ആക്കിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ അയാള്‍ ഓര്‍ത്തു.  പത്രങ്ങളിലും ടി.വിയിലും എന്തൊക്കെ പ്രതികരണങ്ങളായിരുന്നു.

  പെന്‍ഷന്‍ വര്‍ദ്ധനവ് പാവപ്പെട്ട തൊഴിലന്വേഷകരുടെ പ്രതീക്ഷ കെടുത്തും.  യുവാക്കളുടെ കഞ്ഞിയില്‍ പാറ്റ ഇടരുത്.  എത്രയോ യുവജനങ്ങളാണ് തൊഴിലില്ലാതെ അലയുന്നത്.  

പലവാദങ്ങള്‍ കേട്ടു.  എല്ലാത്തിനോടും അയാള്‍ തലകുലുക്കി.  എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ അയാള്‍ ഗൂഡമായി ആനന്ദിച്ചു.  പെന്‍ഷനാവാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിക്കൊണ്ട് വീണ്ടും ഉത്തരവിറങ്ങി.  സമരങ്ങള്‍ ഒട്ടനവധി അപ്പോഴുമുണ്ടായി.  കൂടുതല്‍ വലിയ വിഷയങ്ങള്‍ വന്നപ്പോള്‍ സമരമൊക്കെ കെട്ടടങ്ങി.  അയാള്‍ പതിവുപോലെ ഇത്തവണയും ഗൂഢമായി സന്തോഷിച്ചു. 

''ഗവണ്‍മെന്റിന് പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ല .  ജീവനക്കാരേക്കാള്‍ അധികമാണ് പെന്‍ഷന്‍കാര്‍.  അതുകൊണ്ടാണ് അടിയ്ക്കടി പെന്‍ഷന്‍ പ്രായം കൂട്ടിക്കൊടുക്കുന്നത്.  കഴിയുന്നത്ര അവനെക്കൊണ്ട് ജോലി ചെയ്യിക്കുക.  അപ്പോള്‍ അവന് അധികകാലം പെന്‍ഷന്‍ കൊടുക്കേണ്ടി വരില്ലല്ലോ '' പ്രതിപക്ഷം പ്രസംഗിച്ചു.  

"55 ല്‍ പെന്‍ഷനായാലും ഇപ്പോഴത്തെ ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടിപ്പോകും.  അതും ചെറുപ്പക്കാര്‍ക്ക് അവസരം കുറയ്ക്കും.  സര്‍ക്കാരിനെ സേവിച്ചതിനെക്കാള്‍ പലമടങ്ങ് ഉശിരോടെ അവര്‍ പെന്‍ഷനാകുമ്പോള്‍ ജോലി ചെയ്യും.  അപ്പോൾ പിന്നെ അവരുടെ സേവനവും പരിചയസമ്പത്തും സര്‍ക്കാരിന് തന്നെ ലഭ്യമാക്കുന്നതല്ലേ നല്ലത് "എന്ന് ഭരണപക്ഷവും തിരിച്ചടിച്ചു.  

   അതുകഴിഞ്ഞ് കുറച്ചുനാളായപ്പോള്‍ വീണ്ടും പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി.  ശരീരത്തിന്റെ പല ഭാഗങ്ങളും തേയ്മാനം സംഭവിച്ചു തുടങ്ങിയിരുന്നതിനാല്‍ പഴയതു പോലെ കഠിനമായി ജോലി ചെയ്യാനൊന്നും അയാള്‍ക്ക് കഴിഞ്ഞില്ല. എങ്കിലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ അയാള്‍ പതിവുപോലെ സന്തോഷിച്ചു. 

60-ാം വയസ്സ് തികയാറായപ്പോള്‍ പെന്‍ഷന്‍ ബുക്കൊക്കെ സമര്‍പ്പിച്ച് പെന്‍ഷനാകാന്‍ അയാള്‍ സ്വയം മാനസികമായി തയ്യാറെടുത്തു.  ഇനിയുള്ള കാലം വിശ്രമജീവിതം ആകാമെന്ന് തീരുമാനിച്ചു.  പക്ഷേ അയാള്‍ പെന്‍ഷനാകാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി 65 വയസ്സാക്കി.  അതിൽ പക്ഷെ അയാള്‍ക്ക് അത്ര സന്തോഷം തോന്നിയില്ല.  എങ്കിലും മടികൂടാതെ വീണ്ടും ജോലി ചെയ്തു.  പക്ഷേ ഓരോ ദിവസം കഴിയുന്തോറും ശരീരം ഓരോ ഭാഗങ്ങളില്‍ പണിമുടക്കി.  സര്‍വീസില്‍ കാഷ്വല്‍ ലീവ് അധികം എടുത്തിട്ടില്ലാത്ത അയാള്‍ക്ക് പലവിധ ലീവുകളും എടുക്കേണ്ടി വന്നു.  പല പല ആശുപത്രികളിലേയും സ്ഥിരം സന്ദര്‍ശകനായി.  എങ്കിലും കഴിയുന്നത്ര അയാള്‍ ഓഫീസിലെത്തി.  കാര്‍ക്കശ്യത്തില്‍ അല്‍പ്പവും പിന്നോട്ട് പോയില്ല.  

     55 ല്‍ പെന്‍ഷന്‍ വാങ്ങി പോയവര്‍ ഇപ്പോഴും ആരോഗ്യദൃഢഗാത്രരായി അതിരാവിലെ നടക്കാന്‍ പോകുന്നത് അയാള്‍ കാണാറുണ്ട്.  തനിക്ക് ഇനിയും പെന്‍ഷന്‍ ആയില്ലെങ്കിലും രോഗങ്ങൾ നിരവധിയായി.  സമ്മര്‍ദ്ദമാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അയാളോട് പറഞ്ഞു.  പിരിമുറുക്കം കുറയ്ക്കണം.  പക്ഷേ എങ്ങനെ.  അലസനായ പ്യൂണിനെയും പതിനൊന്നരയ്ക്ക് ശേഷം സകല അമ്പലങ്ങളിലും നിരങ്ങിയശേഷം ഓഫീസിലെത്തുന്ന സി.എ.യും അശ്രദ്ധമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന കീഴുദ്യോഗസ്ഥന്മാരെയും  വരുതിക്ക് നിര്‍ത്താന്‍ അയാള്‍ക്ക് കാര്‍ക്കശ്യക്കാരനായി തന്നെ തുടരേണ്ടി വന്നു.  അത് പിരിമുറുക്കം കൂട്ടുകയും ചെയ്തു. 

   ഇപ്പോള്‍ അയാള്‍ക്ക് 63 വയസ്സായി.  ഇനി എന്തായാലും സ്വയം വിരമിക്കാമെന്ന് അയാള്‍ തീരുമാനിച്ചു.  അതിനുള്ള തയ്യാറെടുപ്പുകള്‍ അയാള്‍ നടത്തിവരുകയായിരുന്നു. 

പക്ഷേ ഇന്ന് ഓഫീസിലെത്തിയപ്പോള്‍ മേശപ്പുറത്ത് കിടന്ന പത്രത്തിന്റെ തലക്കെട്ട് കണ്ട് അയാള്‍ ശരിക്കും ഞെട്ടി.  ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനാവില്ല.  പെന്‍ഷന്‍ പ്രായം എത്തിയാല്‍ മാത്രമേ വിരമിക്കാന്‍ അനുവാദമുള്ളൂ.  കാലാവധിക്ക് മുമ്പ് വിരമിച്ചാല്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.  സര്‍ക്കാര്‍ പുതിയ നിയമം പാസ്സാക്കി. 

തനിക്ക് വിരമിക്കാന്‍ ഇനിയും രണ്ട് വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ട്.  അതുവരെ പോകാമെന്ന് വച്ചാല്‍ അപ്പോള്‍ വീണ്ടും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാലോ.  അയാള്‍ക്ക് ഭയമായി.  ഇപ്പോള്‍ വിരമിച്ചാല്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടില്ല.  മരുന്ന് വാങ്ങാനുള്ള അധിക ചെലവിന് പെന്‍ഷന്‍ കിട്ടാതെ കഴിയുകയുമില്ല.  തണുപ്പുള്ള ഓഫീസ് മുറിയിലിരുന്ന് അയാള്‍ വിയര്‍ത്തു. 

പിന്നെ അയാള്‍ സാവധാനം പുറത്തിറങ്ങി.  അപ്പോള്‍ മാത്രം ഓഫീസിലെത്തിയ സി.എ.യെ കണ്ടില്ലെന്ന് നടിച്ചു.  വഴക്ക് പേടിച്ച് മാറി നിന്ന സി.എ.യുടെ മേശപ്പുറത്ത് കിടന്ന തലേന്ന് വിതരണം ചെയ്ത സമര നോട്ടീസ് അയാള്‍ കയ്യിലെടുത്തു.  ക്ഷമയോടെ അത് വായിച്ചു. പുറത്തെ ശബ്ദ കോലാഹലങ്ങള്‍ക്കു ചെവി കൊടുത്തു.  മെയിന്‍ഗേറ്റിന് മുന്നില്‍ അപ്പോഴും  സമരം നടക്കുകയാണ്.  അതിലെ മുദ്രാവാക്യങ്ങള്‍ ജീവിതത്തിലാദ്യമായി അയാള്‍ ശ്രദ്ധിച്ചു. 

പെന്‍ഷനാവാന്‍ അനുവദിക്കുക, പെന്‍ഷന്‍ പ്രായം കുറയ്ക്കുക, ആ മുദ്രാവാക്യങ്ങള്‍ അയാള്‍ക്ക് രോമാഞ്ചമുണ്ടാക്കി.  അയാള്‍ നടത്തം വേഗത്തിലാക്കി.  സമരക്കാര്‍ക്കിടയിലേക്ക് കയറി.  എന്നിട്ട് സര്‍വ്വശക്തിയുമെടുത്ത് അവര്‍ക്കൊപ്പം ഉറക്കെ വിളിച്ചു. 

'പെന്‍ഷനാവാന്‍ അനുവദിക്കുക; പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക'. 

-------------------------------