Monday 1 March 2021

സുമംഗലി ഭവ : -ജി.ശ്രീകുമാര്‍
വാരണാസിയിലെത്തുന്ന എല്ലാ ഭക്തരുടെയും ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഗംഗാ ആരതി ദര്‍ശിക്കുക എന്നത്. എന്നാല്‍ എനിക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. അത് കാശി വിശ്വനാഥനെ ദര്‍ശിക്കുക എന്നാവും പൊതുവെ കരുതുക. എന്നാല്‍ അതല്ല. എന്റെ കൈവശമുള്ള കലശത്തിലെ ചിതാഭസ്മം ഗംഗയുടെ ആഴങ്ങളില്‍ നിമഞ്ജനം ചെയ്യുക. വാരണാസിയുടെ തീരത്തെ ഘട്ടുകളില്‍ അത് ചെയ്യാവുന്നതേയുള്ളു. പക്ഷേ അവിടെ നിരവധി ചടങ്ങുകള്‍ ഉണ്ട്. അത്തരക്കാരെ കണ്ടാലുടനെ ആര്‍ത്തി പൂണ്ട പാണ്ഡെകള്‍ ഓടിയെത്തും. പിന്നെ അവരുടെ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കണം. നല്ലൊരു തുക ദക്ഷിണയായും പൂജയ്ക്കുള്ള ചിലവായും കൊടുക്കണം. ഏറ്റവും വലിയ പ്രശ്നം അതല്ല. അവിടെ ഗംഗയുടെ തീരത്ത് മുങ്ങി നിവരണം എന്നതാണ് ; അവിടെ മുഴുവനും മലിനമാണ്. സകല ചവറുകളും വന്നടിഞ്ഞ് ഒരുമാതിരി അഴുക്കുചാല്‍ പോലെ. അതൊഴിവാക്കാനുള്ള എന്റെ തന്ത്രമായിരുന്നു ആരതിയുടെ തൊട്ടുമുമ്പ് ഗംഗയിലൂടെയുള്ള ഒരു ബോട്ടുയാത്ര. ഗംഗയുടെ ആഴമുള്ള ഏതെങ്കിലും ഭാഗത്ത് എത്തുമ്പോള്‍ ചിതാഭസ്മം അവിടെ നിക്ഷേപിക്കുക. പിന്നെ ഗംഗയുടെ ഓളപ്പരപ്പില്‍ തന്നെയിരുന്ന് ഗംഗാ ആരതി കാണുക. പക്ഷേ ഒരു പ്രശ്നമുണ്ട്. ചെറിയ ബോട്ടാണെങ്കിലും ഒറ്റയ്ക്ക് ഒരു ബോട്ടു പിടിക്കുക ചെലവേറിയ കാര്യമാണ്. തുഴയുന്ന ബോട്ടുകളും ഉണ്ട്. അവയ്ക്ക് വാടക കുറവാണെന്ന് കേട്ടിട്ടുണ്ട്. നദിയുടെ തീരത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയതും കുറെ ബോട്ടുടമകള്‍ വളഞ്ഞു. ഞാന്‍ തുഴച്ചില്‍ ബോട്ട് തിരക്കി. ഭാംഗ് വായില്‍ തിരുകിയ ഒരു ബോട്ടുകാരന്‍ ആ രഹസ്യം എന്നോട് പറഞ്ഞു. 'തുഴയുന്ന ബോട്ടുകളില്‍ ആരും കയറില്ല. അവ ശവശരീരങ്ങള്‍ ഗംഗയില്‍ താഴ്ത്താന്‍ കൊണ്ടു പോകുന്നവയാണ്. രോഗം വന്ന് മരിച്ചവരുടെ ശവങ്ങളൊക്കെയാവും'. അയാള്‍ എന്നെ പേടിപ്പിച്ചു. 'സാബിന് നല്ല ബോട്ടു തരാം'. അയാള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ലെന്ന് തോന്നിയെങ്കിലും അയാളോടൊപ്പം തന്നെ പോയി. 'എത്രയാ വാടക'. കണക്ക് പറഞ്ഞ് ഉറപ്പിച്ചില്ലെങ്കില്‍ പിന്നെ പ്രശ്നമാകും. 'അത് പേടിക്കണ്ട. മറ്റ് ചിലരെ കൂടി സംഘടിപ്പിച്ച് കുറഞ്ഞ കാശില്‍ കൊണ്ടുപോകാം'. അയാള്‍ പറഞ്ഞു. എന്നെ ഒരു ബോട്ടില്‍ കൊണ്ടെത്തിച്ചിട്ട് അയാള്‍ വീണ്ടും ഇരതേടി ഇറങ്ങി. ആറേഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ്. ബോട്ട് ഓടിക്കുന്നയാള്‍ അവിടെ ക്ഷമയോടെ ഇരിപ്പുണ്ട്. അയാള്‍ കൈപ്പത്തിയ്ക്കുള്ളില്‍ വച്ച് എന്തോ സാധനം ഞരടുകയും പിന്നെ കൈകള്‍ തമ്മില്‍ കൂട്ടിയടിച്ച് ശബ്ദം കേള്‍പ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ആ പദാര്‍ത്ഥം വായിലേക്ക് തിരുകി. അതും ഭാംഗ് പോലെ എന്തെങ്കിലും ലഹരി വസ്തു ആയിരിക്കും എന്നെനിക്ക് മനസ്സിലായി. മണികര്‍ണ്ണികഘാട്ടിലും ഹരിശ്ചന്ദ്രാഘാട്ടിലും ശവശരീരങ്ങള്‍ കത്തുന്നത് സന്ധ്യ ആകാറായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞ് കാണാം. വാരണാസിയിലെ ഗംഗയുടെ തീരം മുഴുവന്‍ പടിക്കെട്ടോടു കൂടിയ കടവുകളാണ്. പക്ഷേ ഓരോന്നിനും പേരുകളും രീതികളും വ്യത്യസ്തമാണ്. പടിക്കെട്ടുകള്‍ കയറി ചെല്ലുന്നിടത്ത് തീപ്പെട്ടിക്കൂടുകള്‍ അടുക്കി വച്ചതു പോലെ പല രീതിയില്‍ പണിത കെട്ടിടങ്ങള്‍. എത്രയധികം സംസ്കാരങ്ങള്‍ വന്നടിഞ്ഞ നാടാണിത്. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴേക്ക് ഭാംഗ് ചവയ്ക്കുന്നയാള്‍ വീണ്ടുമെത്തി. കൂടെ ഒരാളുമുണ്ട്. തലമുടി സാരിതലപ്പു കൊണ്ട് മൂടി ഉത്തരേന്ത്യക്കാരിയാണെന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന വേഷവിധാനങ്ങളോടെയുള്ള ഒരു സ്ത്രി. അവര്‍ ബോട്ടില്‍ എന്നെ കണ്ടതും അതില്‍ കയറാനറച്ചു. അവര്‍ക്ക് ഒറ്റയ്ക്ക് ഒരു ബോട്ട് വേണം. കാശ് പ്രശ്നമല്ലെന്ന് തോന്നി. ഒരു മുപ്പത്തിയഞ്ച് വയസ്സു വരും. ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള ഹിന്ദി. സംസാരം കേട്ടപ്പോള്‍ ആളല്‍പ്പം മോഡേണ്‍ ആണെന്ന് തോന്നി. ഭാംഗ് ചവയ്ക്കുന്നയാള്‍ എന്നെ ചൂണ്ടി ബോട്ടിലിരിക്കുന്ന മദ്രാസി ഒരു മാന്യനാണെന്നും പാവമാണെന്നുമൊക്കെ പറഞ്ഞ് ഫലിപ്പിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അതില്‍ കയറാന്‍ ഒരുവിധം അവര്‍ സമ്മതിച്ചു. ബോട്ടില്‍ ഇനി ആരെയും കയറ്റരുത് എന്നവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ബോട്ടുകാരന്‍ പറഞ്ഞ തുക അവര്‍ സമ്മതിക്കുകയും ചെയ്തു. ആ തുക കൂടുതലാണെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. കുറഞ്ഞ കാശില്‍ കൊണ്ടു പോകാമെന്ന് അയാള്‍ നേരത്തെ സമ്മതിച്ചതാണല്ലോ. എന്റെ കയ്യില്‍ നിന്ന് കുറച്ചേ വാങ്ങു. ഞാന്‍ ആശ്വസിച്ചു. ബോട്ട് വേഗത്തില്‍ ഗംഗയിലൂടെ ഒരു സവാരി നടത്തി. ഏതാണ്ട് മറുതീരം വരെയും പിന്നെ പ്രധാനപ്പെട്ട കടവുകളുമൊക്കെ കാണിച്ച് മടങ്ങി. അതിനിടെ ഗംഗയുടെ ആഴമുള്ള ഭാഗത്ത് വച്ച് ഞാന്‍ ബാഗ് തുറന്ന് കലശമെടുത്ത് പട്ട് തുണിയൊക്കെ മാറ്റി ചിതാഭസ്മം ഗംഗയിലൊഴുക്കി. അതുവരെ എന്നോടൊന്നും പറയാതെ ബോട്ടുകാരന്‍ വാരണാസിയെക്കുറിച്ച് ഓരോ കാര്യങ്ങള്‍ വിവരിക്കുന്നത് മാത്രം കേട്ടിരുന്ന അവര്‍ക്ക് ആകാംക്ഷ അടക്കാനായില്ല. 'ആരുടെയാണിത്. അച്ഛന്റെയാണോ' ? അവര്‍ ഹിന്ദിയില്‍ ചോദിച്ചു. 'എന്റെ ഭാര്യയുടെയാണ്. ഇത് ഗംഗയിലൊഴുക്കണമെന്ന് അവര്‍ മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു'. ഞാന്‍ ഒരുവിധം ഹിന്ദിയില്‍ പറഞ്ഞൊപ്പിച്ചു. അവര്‍ വീണ്ടും പല ചോദ്യങ്ങളും ചോദിച്ചു. ഞാന്‍ മലയാളിയാണെന്നറിഞ്ഞതോടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലായി. 'ഭാര്യ എങ്ങനെയാ മരണപ്പെട്ടത്, ആക്സിഡന്റ് ആണോ' ? അവര്‍ വിടാന്‍ ഭാവമില്ല. 'ഇല്ല; ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു' . 'എന്തായിരുന്നു അസുഖം, ക്യാന്‍സര്‍ ആയിരുന്നോ'. അതെയെന്ന് ഞാന്‍ തലകുലുക്കിയതേയുള്ളൂ. എന്നെ ഒരു ശത്രുവിനെ പോലെ കണ്ടയാള്‍ പെട്ടെന്ന് വാചാലയായി മാറിയതായി തോന്നി. 'കുട്ടികള്‍ '? അവര്‍ വീണ്ടും ചോദിച്ചു. 'രണ്ടു പേരുണ്ട്. മകളും മകനും. മകള്‍ പ്ലസ് ടൂ കഴിഞ്ഞു. മകന്‍ അഞ്ചാംക്ലാസിലെത്തിയതേയുള്ളൂ'. 'എന്താ ജോലി'. 'ടീച്ചറാണ് '. ഞാന്‍ പറഞ്ഞു. അവരെക്കുറിച്ച് ഞാന്‍ ഒന്നും ചോദിച്ചില്ല. എങ്കിലും അവര്‍ കുറെ പറഞ്ഞു. ഗുജറാത്ത് ആണ് സ്വദേശം. പ്രിയങ്കാ ജോഷിയെന്നാണ് പേര്. യാത്രയാണ് ഏറ്റവും ഇഷ്ടം. പക്ഷേ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതാണ് താല്‍പ്പര്യം. 'മകള്‍ ഇനിയെന്ത് പഠിക്കാനാണ് ഉദ്ദേശിക്കുന്നത്. മെഡിസിനാണോ. ഈ പ്രായത്തിലുള്ള മകളുള്ള ഒരു ശരാശരി മലയാളി എന്ത് ചിന്തിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. 'ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ആയി. അതിന് ശേഷമാണ് ഞാന്‍ ഈ യാത്ര പുറപ്പെട്ടത്'. 'മകള്‍ ഹോസ്റ്റലില്‍ ആണോ'? വീണ്ടും ഞാന്‍ അതെയെന്ന് തലകുലുക്കി 'മകനോ' ? 'അവനെ നാട്ടില്‍ എന്റെ അമ്മയുടെ കൂടെ നിര്‍ത്തി'. 'നിങ്ങളുടെ നാട്ടില്‍ ധാരാളം ചക്കയുണ്ടല്ലേ'. പറഞ്ഞു വന്ന കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ചോദിച്ചത് എന്നെ അതിശയിപ്പിച്ചു. 'ഉണ്ട്, നിങ്ങള്‍ക്ക് ഗുജറാത്തില്‍ പ്ലാവ് ഇല്ലേ'. 'അവിടെ അപൂര്‍വ്വമായേ ഉള്ളൂ'. അപ്പോഴേക്കും സവാരി പൂര്‍ത്തിയാക്കി ഞങ്ങള്‍ ദശാശ്വമേധ ഘാട്ടില്‍ മടങ്ങിയെത്തി. ഗംഗാ ആരതി കാണാന്‍ ഏറ്റവും ഉത്തമമായ ഒരു സ്ഥലത്ത് തന്നെ ബോട്ട് ഇടം കണ്ടെത്തി. ഗംഗാ ആരതിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അല്‍പ്പസമയം കൊണ്ട് അവിടെല്ലാം ബോട്ടുകള്‍ വന്നു നിറഞ്ഞു. അവ പരസ്പരം മുട്ടിയുരുമ്മി ഓളപ്പരപ്പില്‍ ഉയര്‍ന്നും താഴ്ന്നും അങ്ങനെ നിന്നു. അപ്പോഴേക്കും ഒരു പയ്യന്‍ ഒരു ക്യാമറയും തൂക്കി ബോട്ടിലേക്ക് കയറി വന്നു. ആരതി നടക്കുന്ന സമയത്ത് അത് കൂടി ദൃശ്യമാകുന്ന തരത്തില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു തരാമെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ താല്‍പ്പര്യം കാണിച്ചില്ല. അവര്‍ സന്തോഷത്തോടെ സമ്മതിക്കുന്നത് കണ്ടു. ഇവിടുത്തെ ഓര്‍ഡര്‍ കിട്ടിയതോടെ അടുത്ത ബോട്ടിലേക്ക് ഓര്‍ഡര്‍ പിടിക്കാന്‍ വേഗത്തില്‍ ചാടിപ്പോയി. കുറഞ്ഞ സമയത്തിനുളളില്‍ പരമാവധി ഓര്‍ഡര്‍ പിടിക്കാനുള്ള ഓട്ടമാണ്. സന്ധ്യ ഇരുട്ടിന് വഴിമാറിക്കൊടുക്കവെ കയ്യില്‍ പലതട്ടുള്ള കത്തിച്ച വിളക്കളുമായി തറ്റുടുത്ത് ഒരേ പോലെ തന്നെയുള്ള വേഷസംവിധാനങ്ങളുമായി കുറെപേര്‍ വലിയ സിമന്റ് പീഠങ്ങളില്‍ കയറി മന്ത്ര ധ്വനികളുടെ അകമ്പടിയോടെ ഗംഗയ്ക്ക് ആരതി ഉഴിഞ്ഞു. ആ പ്രഭയും മനോഹാരിതയും ഗംഗയില്‍ തന്നെയിരുന്ന് ആസ്വദിക്കുന്നതിനിടെ ക്യാമറയുമായി ആ പയ്യന്‍ വന്ന് തട്ടിവിളിച്ചു. അവരെ എന്റെ അരികിലേക്ക് നീക്കിയിരുത്തി. ആരതി ദൃശ്യമാകുന്ന തരത്തില്‍ ഫോട്ടോ എടുത്തു. ഉടനെ പ്രിന്റും കൊടുത്തു. 'എന്നാണ് വാരണാസിയിലെത്തിയത്'. ആ ബഹളത്തിനിടയിലും അവര്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി. 'ഞാനിന്ന് ഉച്ചയോടെ എത്തി'. 'ഞാന്‍ ഇന്നലെ വന്നു ; ഇന്നലെ ത്രിവേണി സംഗമത്തില്‍ പോയി; നാളെ എന്താ പരിപാടി'? 'കാശിയൊക്കെ ഒന്ന് ചുറ്റിനടന്ന് കാണണം, ഗംഗയില്‍ കുളിക്കണം, വിശ്വനാഥ ക്ഷേത്രത്തിലും പോണം; മറ്റന്നാള്‍ മടങ്ങും'. ഞാന്‍ പറഞ്ഞു. 'ബനാറസില്‍ നിറയെ ക്ഷേത്രങ്ങളാണ്. ഓരോ അമ്പതടിയിലും അമ്പലങ്ങളുണ്ട്'. വാരണാസിയെക്കുറിച്ച് നല്ല അറിവുണ്ടെന്ന മട്ടില്‍ അവര്‍ പറഞ്ഞു. 'എവിടെയാ താമസം'. ഞാന്‍ ബാഗില്‍ നിന്ന് കീ ചെയിന്‍ എടുത്തു നോക്കി ഹോട്ടലിന്റെ പേരും സ്ഥലവും പറഞ്ഞു. 'എന്റെ ഹോട്ടലും അധികം ദൂരെയല്ല'. അപ്പോഴേക്കും ആരതി കഴിഞ്ഞു. ആളുകള്‍ മടങ്ങിപ്പോകാന്‍ തിരക്ക് കൂട്ടി. ബോട്ടുകള്‍ ഒന്നൊന്നായി തീരത്തടുപ്പിച്ചു. ബോട്ടിന്റെ കാശ് അവര്‍ കൊടുത്തു. എന്തോ അല്‍പ്പം കൂടുതല്‍ കൊടുത്തെന്ന് തോന്നി. ബോട്ടുകാരന്‍ നല്ല സന്തോഷത്തിലാണ്. 'നാളെ കാശി കാണാന്‍ നമുക്ക് ഒരുമിച്ച് പോയാലോ'. തീരത്തിറങ്ങി പടിക്കെട്ടുകള്‍ കയറുമ്പോള്‍ അവര്‍ ചോദിച്ചു. ആ ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇഷ്ടമെന്നാണല്ലോ അവര്‍ പറഞ്ഞത്. ഞാനോര്‍ത്തു. എന്തായാലും ഞാന്‍ തലകുലുക്കി സമ്മതം അറിയിച്ചു. പിന്നെ രണ്ടു വഴിക്ക് പിരിഞ്ഞു. ഫോണ്‍ നമ്പര്‍ പോലും വാങ്ങിയിട്ടില്ല. നാളെ അവരോടൊപ്പം ഉള്ള യാത്ര നടക്കുമെന്ന് എനിക്ക് തോന്നിയില്ല . നടക്കണമെന്ന് ആഗ്രഹിച്ചുമില്ല. ഉറങ്ങാന്‍ കിടന്നപ്പോഴും അവരെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. അവര്‍ എന്താണ് എന്നോട് ഒരു പ്രത്യേക അടുപ്പം കാണിക്കുന്നത്. അവരോടൊപ്പം യാത്ര ആസ്വദിച്ച് സഞ്ചരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. വിവാഹം കഴിഞ്ഞ് ആദ്യ ചില വര്‍ഷങ്ങളില്‍ ഒഴികെ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല. ഇംഗ്ലീഷ് ക്ലാസ്സുകളില്‍ 'Eat, drink and be merry for tomorrow we die' എന്ന ഭാഗം വിവരിക്കുമ്പോള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നതിനെ കുറിച്ച് കുട്ടികളോട് വാചാലമാകുമെങ്കിലും അത് നടപ്പില്‍ വരുത്താന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ഞാന്‍ ഭൂതകാലത്തിന്റെ അടിമയാണ്. ഭാവി എനിക്കെപ്പോഴും അനിശ്ചിതമാണ്. ശുഭയ്ക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു. എത്രയെത്ര ആശുപത്രികള്‍, എന്തെല്ലാം ചികിത്സകള്‍, കീമോയുടെ ഫലമായി അവളുടെ മുടിയെല്ലാം കൊഴിഞ്ഞ് പോയിരുന്നു. അപ്പോള്‍ ഞാനും മൊട്ടയടിച്ച് ഒപ്പം നിന്നു. ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം സഹിച്ചു മരിച്ച ആ സാധുവിന്റെ അവസാന ഭൗതികാവശിഷ്ടങ്ങളും ഗംഗയ്ക്ക് സമര്‍പ്പിച്ചതോടെ മനസ്സില്‍ നിന്ന് എന്തോ ഒരു ഭാരം കഴിഞ്ഞ സുഖം. അടുത്ത ദിവസം രാവിലെ വാതിലില്‍ മുട്ടു കേട്ടാണ് ഉണര്‍ന്നത്. റിസപ്ഷനില്‍ ആരോ കാത്തിരിക്കുന്നു എന്ന് റൂം ബോയി പറഞ്ഞു. നോക്കിയപ്പോള്‍ പ്രിയങ്കയാണ്. 'രാവിലെ പോയില്ലെങ്കില്‍ നിരത്തിലാകെ പൊടിയാണ്. ചൂടും കൂടും'. ഇത്ര നേരത്തെ എന്താ എന്ന ചോദ്യം എന്റെ മുഖത്ത് എഴുതിവച്ചിരുന്നത് വായിച്ചതു കൊണ്ടാവാം അവര്‍ വിശദീകരിച്ചു. അധികം സമയമെടുക്കാതെ പെട്ടെന്ന് റെഡിയായി ഞാനും പുറപ്പെട്ടു. ഞാന്‍ അധികമൊന്നും സംസാരിച്ചില്ല. അവരോടൊപ്പം നടന്നു. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എന്നല്ലാതെ അവരെക്കുറിച്ച് അധികമൊന്നും ഞാന്‍ തിരക്കിയില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് പണ്ടേ എനിക്കിഷ്ടമില്ല. വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴികളില്‍ ദര്‍ശനത്തിന് നീണ്ട ക്യൂ ആയിരുന്നു. പ്രാര്‍ത്ഥനകളും പൂജകളുമൊന്നും ഫലിക്കാത്ത ജീവിതമായതുകൊണ്ട് അവിടെ പോലും ഒരു ഭക്തനായി തൊഴുതു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മരതകശിവലിംഗം പ്രദക്ഷിണം വച്ച് ഒരു നിസ്സംഗതയോടെ ഞാന്‍ നടന്നു. അവര്‍ക്ക് അവിടമൊക്ക നല്ല പരിചയമുള്ളതായി തോന്നി. ബനാറസ് പട്ട് നിര്‍മ്മിക്കുന്ന ചിലയിടങ്ങളിലും അസി സംഗമേശ്വര ക്ഷേത്രത്തിലും നിരവധി ഘാട്ടുകളിലും ഞങ്ങള്‍ പോയി. വാരണാസിയില്‍ ശിവനും ദുര്‍ഗ്ഗയ്ക്കുമാണ് ക്ഷേത്രങ്ങള്‍ അധികവും. പക്ഷേ കൃഷ്ണ ക്ഷേത്രങ്ങളില്‍ പോകാനാണ് അവര്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത്. അവര്‍ വലിയ കൃഷ്ണഭക്തയാണെന്ന് മനസ്സിലായി. ഗുജറാത്തിലെ ബോതാദ് ജില്ലയില്‍ കൃഷ്ണസാഗര്‍ തടാകത്തിനടുത്താണ് അവരുടെ വീടെന്ന് അവര്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലായി. വൈകുന്നേരം വരെ പലയിടത്തും നടന്നെങ്കിലും ഗംഗയിലെ കുളി മാത്രം നടന്നില്ല. 'എനിക്ക് ഗംഗയില്‍ കുളിയ്ക്കണം. പ്രിയങ്ക റൂമിലേക്ക് പോവുകയല്ലേ'. അവരെ ഒഴിവാക്കാനായി ഞാന്‍ പറഞ്ഞു. 'എനിക്കും കുളിക്കണം. ഒറ്റയ്ക്ക് കുളിക്കാന്‍ പേടിയാണ്'. 'ധൈര്യം തരാന്‍ ഞാനാളല്ല. എനിക്ക് നീന്തലറിയില്ല'. അവരെ ഒഴിവാക്കാന്‍ ഞാന്‍ വീണ്ടും ശ്രമിച്ചു. 'എന്തായാലും ഇവിടുത്തെ കടവുകളിലൊന്നും കുളിക്കണ്ട. എല്ലായിടത്തും ചവറും മാലിന്യവുമാണ്. ചിലപ്പോള്‍ മുങ്ങി നിവരുമ്പോള്‍ പകുതി വെന്ത ശവശരീരങ്ങള്‍ വന്ന് മുട്ടും'. അവര്‍ പറഞ്ഞു. 'നമുക്ക് കുറച്ച് മുകളിലുള്ള ഒരു കടവില്‍ പോകാം'. അവര്‍ വിടാന്‍ ഭാവമില്ല. മാല്‍വിയ പാലവും കടന്ന് മറുകരയിലെ ഏതോ ആളൊഴിഞ്ഞ കടവിലാണ് ഞങ്ങളെത്തിയത്. നല്ല വൃത്തിയുള്ള പടവുകള്‍. അവിടെ ചില കുട്ടികള്‍ വെള്ളത്തിലേക്ക് ചാടി മുങ്ങി നാണയങ്ങള്‍ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ഗംഗയ്ക്ക് ദക്ഷിണയായി ഭക്തന്മാര്‍ നാണയങ്ങള്‍ വെള്ളത്തിലേക്ക് എറിയാറുണ്ടത്ര. ഞാന്‍ ആദ്യം നദിയില്‍ ഇറങ്ങി മുങ്ങി നിവര്‍ന്നു. എന്റെ ബാഗും ചെരുപ്പുമൊക്കെ സൂക്ഷിച്ചു കൊണ്ട് അവര്‍ പടവിലിരുന്നു. പിന്നെ അവരുടെ ഊഴമായി. അവരുടെ ബാഗും സാധനങ്ങളുമായി പടവുകളുടെ മുകളിലേക്ക് ഞാന്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവരെ കാണാവുന്ന തരത്തില്‍ പടവില്‍ തന്നെ ഇരിക്കണേ എന്നവര്‍ ആവശ്യപ്പെട്ടു. ഞാന്‍ അരികിലുണ്ടാവുന്നത് അവര്‍ക്ക് ഒരു ധൈര്യമാണെന്ന് എനിക്ക് തോന്നി. പടവുകളിലൊന്നില്‍ അവരുടെ ചെരുപ്പ് ഊരി വച്ചു. പിന്നെ തല മറച്ചിരുന്ന സാരിതലപ്പ് മാറ്റി തോളിലൂടെ ചുറ്റി. എന്നിട്ട് ചില ക്ലിപ്പുകള്‍ ഊരി തലമുടി എടുത്തു മാറ്റി. ആ ചെരുപ്പുകള്‍ക്ക് മുകളിലേക്ക് വച്ചു. സാരി കൊണ്ട് മറച്ചിരുന്നതിനാല്‍ അവര്‍ വിഗ്ഗ് വച്ചിരിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടവിടെ വികൃതമായ രീതിയില്‍ കുറെ നിറം മങ്ങിയ മുടിയിഴകള്‍ ഉള്ള ആ സ്ത്രീയുടെ രൂപം അപ്പോള്‍ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ശുഭ ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോയത് ഞാനോര്‍ത്തു. ഒരു ജാള്യതയുമില്ലാതെ അവര്‍ പുഴയിലിറങ്ങി മൂന്ന് തവണ മുങ്ങിക്കയറി. കടവില്‍ സ്ത്രീകള്‍ വേഷം മാറുന്ന ഇടത്തേക്ക് ബാഗും വാങ്ങിപ്പോയി. പെട്ടെന്ന് തന്നെ വിഗ്ഗൊക്കെ ശരിയാക്കി വച്ച് വേഷവും മാറി അവര്‍ ഒന്നും സംഭവിക്കാത്തതു പോലെ മടങ്ങി വന്നു. എന്റെ മുഖത്ത് സഹതാപം രൂപം കൊണ്ടെങ്കിലും അവര്‍ തികച്ചും സന്തോഷവതിയായിരുന്നു. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്ന പ്രിയങ്കയെ മനസ്സിലാക്കാന്‍ ഇനിയും ഏറെയുണ്ട്. 'നാളെയെന്താ പരിപാടി'. 'നാളെ വൈകുന്നേരം എനിക്ക് മടങ്ങണം'. 'അപ്പോള്‍ പകല്‍ സാരാനാഥിലേക്ക് പോയാലോ'. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായശേഷം തന്റെ ആദ്യത്തെ ധര്‍മ്മ പ്രഭാഷണം നടത്തിയ ഇടമാണ്. പോകാമെന്ന് ഞാനും സമ്മതിച്ചു. 'ട്രീറ്റ്മെന്റൊക്കെ കഴിഞ്ഞോ'. അല്‍പ്പം വിഷമത്തോടെ ഞാന്‍ ചോദിച്ചു. 'ഇനി ട്രീറ്റ്മെന്റ് ഒന്നുമില്ല. കുറെ വേദനസംഹാരികള്‍ കഴിക്കണം. അത്ര തന്നെ'. 'ഡോക്ടര്‍ എന്തു പറഞ്ഞു'. എനിക്ക് ചോദിക്കാതിരിക്കാനായില്ല. 'കാലാവധിയൊന്നും കൃത്യമായി അറിയില്ല. ഉള്ള കാലം ഇങ്ങനെ സഞ്ചരിക്കണം'. അവര്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അവര്‍ തന്റെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി മറ്റുള്ളവരിലേക്ക് സന്തോഷം മാത്രം പ്രസരിപ്പിക്കുന്ന ഒരു സ്ത്രീയാണെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം ഞാന്‍ അതിരാവിലെ ഉണര്‍ന്നു. അവര്‍ വരുന്നതിന് മുമ്പ് റെഡിയായി റിസപ്ഷനില്‍ കാത്തിരുന്നു. സാരാനാഥിലേക്ക് പോകുന്നു എന്ന് പറഞ്ഞെങ്കിലും ആദ്യം പോയത് മറ്റൊരിടത്തേയ്ക്കാണ്. ഗംഗയുടെ തീരത്ത് കാലാകാലങ്ങളായി നിക്ഷേപിക്കപ്പെട്ട കറുത്ത പശമണ്ണ് നിറഞ്ഞ വിശാലമായ പ്രദേശം. അവിടെ ചെറിയ ഒരു കെട്ടിടത്തിന് സമീപത്തേക്ക് അവര്‍ പോയി. ഒരേ പോലത്തെ രണ്ടു വൃക്ഷതൈകളുമായി അവര്‍ വന്നു. ഒന്ന് എന്നെ ഏല്‍പ്പിച്ചു. അവിടുത്തെ ജോലിക്കാരന്‍ കാണിച്ചു തന്ന, നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഒരു കുഴിയില്‍ അവര്‍ ആ തൈ നട്ടു. അടുത്ത് മറ്റൊന്നില്‍ എന്നോടും നടാന്‍ ആവശ്യപ്പെട്ടു. ഈയിനം രണ്ടെണ്ണം ഒരുമിച്ച് നട്ടാലേ ഫലമുള്ളു. അവര്‍ പറഞ്ഞു. അവിടെ മരം നടാന്‍ അവര്‍ നേരത്തെ തീരുമാനിച്ച് വേണ്ട ഏര്‍പ്പാടൊക്കെ ചെയ്തിട്ടു വന്നതാണെന്ന് എനിക്ക് മനസ്സിലായി. പിന്നെ ഞങ്ങള്‍ സാരാനാഥിലേക്ക് പോയി. എന്തൊരു ശാന്തത. അവിടുത്തെ അന്തരീക്ഷം ആരെയും അവിടം വിട്ടുപോകാന്‍ തോന്നിയ്ക്കില്ല. മരത്തണലുകളില്‍ ചില കമിതാക്കള്‍ സ്വകാര്യം പറഞ്ഞിരിക്കുന്നതല്ലാതെ മറ്റ് സഞ്ചാരികള്‍ തീരെയില്ല. അവിടുത്തെ ആല്‍മരച്ചോട്ടിലെ ചാരുബെഞ്ചില്‍ ഞങ്ങളിരുന്നു. അവര്‍ ബുദ്ധനെക്കുറിച്ചും വാരണാസിയെക്കുറിച്ചും ഗുജറാത്തിലെ അവരുടെ നാടിനെക്കുറിച്ചും ഒരുപാട് സംസാരിച്ചു. 'നിങ്ങളോട് സംസാരിച്ചിരുന്നാല്‍ സമയം പോകുന്നത് അറിയില്ല'. ഒന്ന് നിര്‍ത്തിയിട്ട് അവര്‍ വീണ്ടും പറഞ്ഞു. 'നമ്മള്‍ പരിചയപ്പെട്ടിട്ട് ഇത് മൂന്നാം ദിവസമാണ്. പക്ഷേ നിങ്ങളെ പണ്ടുമുതലേ അറിയാമെന്ന് എന്റെ മനസ്സ് പറയുന്നു'. ഒന്നു നിര്‍ത്തിയിട്ട് അവര്‍ പറഞ്ഞു. 'ഇന്ന് നമ്മള്‍ പിരിയുകയല്ലേ'. പിന്നെ കുറേ നേരം അവര്‍ ഒന്നും പറഞ്ഞില്ല. എന്തോ ചിന്തിച്ചിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. 'എനിക്ക് മൂന്ന് ആഗ്രഹങ്ങള്‍ ഉണ്ട്'. പെട്ടെന്ന് അവര്‍ പറഞ്ഞു. 'അത് സാധിച്ച് തരാന്‍ നിങ്ങള്‍ക്ക് കഴിയും'. എനിക്കോ എന്ന മട്ടില്‍ ഞാന്‍ അതിശയിച്ചിരുന്നു. 'ചക്ക വിഭവങ്ങള്‍ കഴിയ്ക്കണം. പിന്നെ ഗുരുവായൂരപ്പനെ തൊഴണം'. ചക്ക സീസാണാകുമ്പോള്‍ കുറെ വറ്റലും ചക്ക വരട്ടിയുമൊക്കെ അയച്ചു കൊടുക്കാവുന്നതേയുള്ളു. ഒറ്റയ്ക്ക് സഞ്ചരിക്കുന്നയാള്‍ക്ക് ഗുരുവായൂരില്‍ വന്ന് തൊഴാന്‍ എന്റെ സഹായം വേണ്ടല്ലോ. ഈ ചിന്തകളാണ് എന്റെ മനസ്സില്‍ വന്നത്. പക്ഷേ മൂന്നാമത്തെ ആഗ്രഹം അവര്‍ പറഞ്ഞില്ല. കുറെനേരം അവിടെ മിണ്ടാതെയിരുന്നു. നിശബ്ദത പോലും വാചാലമായ നിമിഷങ്ങള്‍. 'നിങ്ങള്‍ക്ക് എപ്പോഴാ ഫ്ളൈറ്റ്'. അവര്‍ ചോദിച്ചു. 'ആറ് മണിക്കാണ്'. 'എങ്കില്‍ നമുക്ക് മടങ്ങാം; റൂം ഒഴിഞ്ഞ് എയര്‍പോര്‍ട്ടിലെത്തണ്ടേ'. ഞങ്ങള്‍ എണീറ്റു. മൂന്നാമത്തെ ആഗ്രഹം എന്താണെന്നറിയാന്‍ എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. പക്ഷേ ഞാന്‍ ചോദിച്ചില്ല. വാരണാസിയില്‍ മടങ്ങിയെത്തി വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ അവര്‍ ഒരു കടലാസു കഷണം നീട്ടി. അവരുടെ വാട്സാപ്പ് നമ്പറാണ്. എന്നിട്ട് മൂന്നാമത്തെ ആഗ്രഹവും അവര്‍ പറഞ്ഞു. 'എനിക്ക് സുമംഗലിയായി മരിക്കണം'. അത് കേട്ട് ഞാന്‍ ഞെട്ടി നില്‍ക്കേ അവര്‍ പതിയെ നടന്നു പോയി. അവര്‍ വിവാഹിതയാണോ എന്നു പോലും ഞാന്‍ ഇതുവരെ തിരക്കിയില്ല എന്ന് അപ്പോഴാണ് ഓര്‍ത്തത്. അത് എനിക്ക് സാധിച്ചു കൊടുക്കാന്‍ കഴിയുമെന്ന് പറഞ്ഞത് എന്നില്‍ ഒരാളല്‍ ഉണ്ടാക്കി. മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇളയകുട്ടി അഞ്ചാം ക്ലാസിലായതേയുള്ളൂ. അവന് വേണ്ടിയെങ്കിലും ഒരു വിവാഹം കഴിക്കണമെന്ന് സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ മരണം കാത്ത് നില്‍ക്കുന്ന ഒരാളെ കല്യാണം കഴിക്കുക എന്നത്.... എന്റെ വിധി വീണ്ടും ആവര്‍ത്തിക്കുകയാണോ... നാട്ടിലെത്തി കുറെ നാള്‍ ഞാന്‍ ഇതേ കാര്യം ചിന്തിച്ചു നടന്നു. ഒരു തീരുമാനമെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഉറക്കം പോലും അത് തടസ്സപ്പെടുത്തി. പിന്നെ ഒരുദിവസം ഗുരുവായൂരപ്പനെ തൊഴാന്‍ പ്രിയങ്കയെ ക്ഷണിച്ചു കൊണ്ട് ഞാന്‍ വാട്സാപ്പില്‍ മെസ്സേജിട്ടു. അടുത്തു തന്നെ വരാമെന്ന് ഉടനെ അവര്‍ സന്തോഷത്തോടെ മറുപടിയും തന്നു. വിവാഹിതയാവണമെന്ന അവരുടെ ആഗ്രഹം. ഒരാളുടെ അവസാനത്തെ ആഗ്രഹമല്ലേ. അത് സാധിച്ചു കൊടുക്കുന്നത് ഒരു മര്യാദയല്ലേ. ചിന്തകളില്‍ ഞാനലഞ്ഞു. മകളോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ ശക്തിയായി എതിര്‍ക്കുകയാണ് ഉണ്ടായത്. രോഗിയെ അല്ലെങ്കില്‍ പോലും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് താല്‍പ്പര്യപ്പെടുന്നില്ല എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. മകളുടെ വിവാഹം നടത്തേണ്ട സമയത്ത് അച്ഛന്‍ കല്യാണം കഴിക്കാന്‍ നടക്കുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പക്ഷേ അവളുടെ എതിര്‍പ്പ് എന്നില്‍ വാശിയാണ് ഉണ്ടാക്കിയത്. എന്റെ ജീവിതം അവളാണോ തീരുമാനിക്കുന്നത്. ശുഭ കിടപ്പിലായ കാലം മുതല്‍ അമ്മയുടെ കുറവ് ഉണ്ടാകാത്ത വിധത്തിലാണ് ഞാന്‍ മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടത്. എന്റെ ഇഷ്ടങ്ങളൊന്നും ഞാന്‍ പരിഗണിച്ചിട്ടില്ല. ഗുരുവായൂരിലേക്ക് പ്രിയങ്ക വരുമ്പോള്‍ ഞങ്ങളുടെ വിവാഹം അവിടെ വച്ച് നടത്താമെന്ന് ഞാന്‍ തീരുമാനിച്ചു. ധനുമാസത്തിലെ മുഹൂര്‍ത്തമുള്ള ഒരു തീയതിയില്‍ വരാന്‍ അവരെ അറിയിച്ചു. അവര്‍ സമ്മതിച്ചു. ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ വിവാഹക്കാര്യം ഞാന്‍ രഹസ്യമായി വച്ചു. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്നു കരുതി. അന്നേയ്ക്ക് വിവാഹം നടത്താന്‍ വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. വിവാഹ വസ്ത്രങ്ങളും താലിയുമൊക്കെ തയ്യാറാക്കി. വിവാഹദിവസം അതിരാവിലെ നെടുമ്പാശ്ശേരിയില്‍ അവര്‍ എത്തുമ്പോള്‍ സ്വീകരിച്ചു കൊണ്ടു വരാന്‍ സുഹൃത്തിന്റെ കുടുംബത്തെ അയച്ചു. ഞാന്‍ തലേന്ന് തന്നെ ഗുരുവായൂരിലെത്തി വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു. രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്ന് ആ സുഹൃത്തു വിളിച്ചു. വരാമെന്നേറ്റ വിമാനത്തില്‍ അവര്‍ വന്നിട്ടില്ല. അവരുടെ ഫോണില്‍ പലതവണ വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. ചിലപ്പോള്‍ ഫ്ളൈറ്റിലായതു കൊണ്ടാവാം ഫോണ്‍ കിട്ടാത്തത്. അടുത്ത ഫ്ളൈറ്റിലെങ്കിലും വരുമെന്നോര്‍ത്ത് ഞാന്‍ അവിടെത്തന്നെ കാത്തിരുന്നു. മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നിരവധി വിവാഹ പാര്‍ട്ടിക്കാര്‍ ഊഴം കാത്തിരിക്കുന്നുണ്ട്. മൂന്ന് ആഗ്രഹങ്ങളാണ് പ്രിയങ്ക എന്നോട് പറഞ്ഞത്. നിസ്സാരമായ ഒരാഗ്രഹം പോലും ഇതുവരെ ഞാന്‍ സാധിച്ചു കൊടുത്തില്ല. ഇവിടെ വരുമ്പോള്‍ മൂന്ന് ആഗ്രഹങ്ങളും ഒരുമിച്ച് സാധിക്കാമല്ലോ എന്നാണ് ഞാന്‍ കരുതിയിരുന്നത്. വിവാഹം ഒരു ചടങ്ങായി മാത്രമേ അവര്‍ ആഗ്രഹിച്ചുള്ളൂ. വാരണാസിയിലോ ഗുജറാത്തിലോ ഏതെങ്കിലും അമ്പലത്തില്‍ അത് നടത്താവുതേയുണ്ടായിരുന്നുള്ളൂ. ഒരു തീരുമാനമെടുക്കാന്‍ എനിക്ക് മാസങ്ങള്‍ വേണ്ടി വന്നു. ഞാന്‍ വീണ്ടും പലതവണ വിളിച്ചു നോക്കി. അമ്പലനടയിലെ വിവാഹ മണ്ഡപങ്ങളില്‍ നിരവധി വിവാഹങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടായിരുന്നു. ഫോണ്‍ ചെയ്യുന്നതിനു പുറമെ വാട്സാപ്പ് മെസ്സേജുകളും അയച്ചു. ഒന്നിനും മറുപടിയില്ല. ആഡിറ്റോറിയത്തിലെ കസേരകളിലൊന്നില്‍ ഇരുന്ന് കൊണ്ട് ഞാന്‍ വീണ്ടും ഫോണില്‍ ശ്രമിച്ചു. ഒടുവില്‍ ആരോ ഫോണെടുത്തു. 'നിങ്ങള്‍ മിസ്.പ്രിയങ്ക ജോഷിയുടെ ആരാണ്'? 'സുഹൃത്താണ്'. 'ഇത് അലഹബാദിലെ സാനിഷ് ഹോസ്പിറ്റലാണ്. മിസ്.പ്രിയങ്കാ ജോഷിയെ കഴിഞ്ഞ ദിവസം ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു.അവര്‍ കാന്‍സര്‍ ചികിത്സയിലായിരുന്നെന്ന് അറിയാമെല്ലോ. ഇന്ന് പുലര്‍ച്ചെ അവര്‍ മരണപ്പെട്ടു. എവിടുന്നാ വിളിക്കുന്നത് ' ? ഞാനൊന്നും പറഞ്ഞില്ല . മണ്ഡപങ്ങളില്‍ വധുക്കള്‍ ഒന്നൊന്നായി സുമംഗലികളായി മാറുന്നത് കണ്ടുകൊണ്ട് ഞാന്‍ അവിടെത്തന്നെയിരുന്നു. ഗുരുവായൂരപ്പന്‍ അവരെ ദീര്‍ഘ സുമംഗലികളാക്കട്ടെ. -------------------------------------

No comments:

Post a Comment