Sunday, 23 July 2017

ചെറുതോണിയിലേക്കുള്ള വഴി 

-ജി.ശ്രീകുമാര്‍

പ്രൊമോഷനോടു കൂടിയാണ് ഇടുക്കിയിലേക്കുള്ള ട്രാന്‍സ്ഫര്‍ എന്നതുകൊണ്ട് ജോയിനിംഗ് ടൈമൊന്നും എടുക്കാന്‍ നില്‍ക്കാതെ ഓര്‍ഡര്‍ കിട്ടിയ ഉടനെ ഇടുക്കിക്ക് വണ്ടിപിടിച്ചു. ഇടുക്കി ഗസ്റ്റ് ഹൗസിലാണ് റൂം ബുക്ക് ചെയ്തിരുന്നത്.   വൈകുന്നേരം നാലുമണിയോടെയാണ് ഗസ്റ്റ് ഹൗസിലെത്തിയത്.  ഇടുക്കി, ചെറുതോണി ഡാമുകളുടെയും വിശാലമായ ജലാശയത്തിന്റെയും മനോഹരമായ കാഴ്ച ലഭിക്കുന്ന ഭാഗത്താണ് മുറി ലഭിച്ചത്.  ഘനഗാംഭീര്യമാര്‍ന്ന ആ നീല ജലസംഭരണിക്ക് എന്തെല്ലാം കഥകള്‍ പറയാനുണ്ടാവും. 

      നാളെ രാവിലെ മാത്രമേ ഇനി കളക്ടറേറ്റില്‍ പോയി ജോയിന്‍ ചെയ്യാന്‍ കഴിയൂ.  ഒരു ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ ഇടയ്ക്ക് ഒരു ചായ കൊണ്ട് തന്നു.  പുറത്തിറങ്ങി പൂന്തോട്ടവും പരിസരങ്ങളുമൊക്കെ കുറെനേരം കണ്ടു.  കുറച്ച് മുകളിലേക്ക് കയറിയപ്പോള്‍ ഹില്‍വ്യൂ പോയിന്റ് എന്ന് എഴുതിയിരിക്കുന്നതു കണ്ടു. ചെറിയ തടാകവും ഉണ്ട്.  മനോഹരമായ കാഴ്ച ലഭിക്കുന്ന സ്ഥലമാണത്.  അതിന് ശേഷം മുറിയില്‍ പോയി അല്‍പ്പം വിശ്രമിക്കാമെന്ന് വിചാരിച്ച് കട്ടിലില്‍ കയറിക്കിടന്നു.  യാത്രാക്ഷീണം കാരണം ഉടന്‍ ഉറങ്ങിപ്പോയി.  ഒടുവില്‍ വിശപ്പ് വന്ന് തട്ടിയുണര്‍ത്തിയപ്പോഴാണ് എണീറ്റത്.  മണി ഏഴരകഴിഞ്ഞിരിക്കുന്നു.                       ഭക്ഷണമായോ എന്നന്വേഷിച്ചപ്പോഴാണ് അവിടെ ഇന്ന് രാത്രി ഭക്ഷണമില്ല എന്നറിയുന്നത്.  അതോടെ വിശപ്പ് ആളികത്താന്‍ തുടങ്ങി.  സാധാരണ എല്ലാ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും ഭക്ഷണം ഉണ്ടാവാറുണ്ട്.  അതുകൊണ്ടാണ് നേരത്തെ ചോദിച്ച് ഉറപ്പ് വരുത്താതിരുന്നത് .  എന്തായാലും വലിയ ചതിയായിപ്പോയി.  അവിടെ ഗസ്റ്റായി ഞാന്‍ മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്.  മുറികളൊക്കെ അടഞ്ഞ് കിടക്കുന്നു.  

''അടുത്തെവിടെയാ ഹോട്ടലുള്ളത് ''

'' പൈനാവിലുണ്ട് ; പക്ഷേ എട്ടുമണിയാകുമ്പോഴേക്കും അവരൊക്കെ അടയ്ക്കും.  പിന്നെ ചെറുതോണിക്ക് പോയാല്‍ രാത്രി വൈകിയാലും ഭക്ഷണം കിട്ടും '' ഗസ്റ്റ്ഹൗസ് ജീവനക്കാരന്‍ പറഞ്ഞു.

രാത്രി വൈകി, വഴിയും അറിയില്ല.  റോഡ് ഒഴികെ ഇരുവശവും കാടാണ്.  ചെറുതോണിയില്‍ നിന്ന് ഓട്ടോയിലാണ്  ഗസ്റ്റ് ഹൗസിലെത്തിയത്. 

'' ഓട്ടോ കിട്ടുമോ ''

'' ഇല്ല സര്‍, അവരൊക്കെ സന്ധ്യക്ക് തന്നെ ഒതുക്കും ''

പകല്‍ വന്നപ്പോള്‍ ഇരുവശത്തുമുള്ള കാടും മരങ്ങളുമൊക്കെ നല്ല രസമായി തോന്നി.    ഇപ്പോള്‍ അവയൊക്കെ ഭയപ്പെടുത്തുന്നു.  നിലാവുണ്ട് എന്നതു മാത്രമാണ് ഒരാശ്വാസം.  വിശപ്പൊഴികെ മറ്റെന്തും സഹിക്കുന്ന ഞാന്‍ എന്തും വരട്ടെ എന്നു കരുതി  ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി.  

''ചന്ദ്രനിപ്പോള്‍ ചെറുതോണിയിലേക്ക് പോയതേ ഉള്ളൂ.  സാറ് പോകുന്നുണ്ടെന്നറിഞ്ഞെങ്കില്‍  ഒരുമിച്ച് പോകാമായിരുന്നു '' അയാള്‍ പുറകെ വിളിച്ചു പറഞ്ഞു.  

എനിക്ക് ഭക്ഷണം വേണമെന്ന് പോലും അറിയാത്ത കശ്മലന്റെ സ്‌നേഹം.  ദേഷ്യം പുറത്ത് കാണിച്ചില്ല.  ഞാന്‍ തിരിഞ്ഞു നിന്ന് ചോദിച്ചു. 

''ചന്ദ്രനോ'' ഞാന്‍ മുകളിലേക്ക് സംശയത്തോടെ നോക്കി. 

'' നേരത്തെ സാറിന് ചായ കൊണ്ടു വന്നില്ലേ അയാളാണ് '' 

ചന്ദ്രന്റെ മുഖം ഓര്‍ത്തെടുത്തു.  ചെറുതോണിയില്‍ വച്ച് കണ്ടാല്‍ അയാളോടൊപ്പം മടങ്ങിവരുകയെങ്കിലും ചെയ്യാമല്ലോ.  

''എത്രദൂരമുണ്ട് ചെറുതോണിക്ക് '' 

'' കഷ്ടിച്ച് രണ്ട് കിലോമിറ്റര്‍ വരും '' 

ഇടുക്കിക്കാരന്റെ രണ്ട് കിലോമീറ്റര്‍ ശരിക്ക് നാല് കിലോമീറ്റര്‍ വരുമെന്ന് ഞാന്‍ ഊഹിച്ചു. 

വിശപ്പ് കൂടി വരുന്നു.  ഒരു ബിസ്‌ക്കറ്റ് പോലും കയ്യിലില്ല.  രാത്രി വിശന്ന് കിടന്നാല്‍ രാവിലെ മെത്തയുടെ വിലകൂടി നല്‍കേണ്ടി വരും.  ഉറക്കം വരാതെ മൊത്തം ചവിട്ടിക്കീറിയിരിക്കും. 

       വിശാലമായ റോഡാണ്.  മനുഷ്യജീവി പോയിട്ട് ഒരു കുരങ്ങ് പോലുമില്ല.  ചീവിടുകളുടെ ശബ്ദം മാത്രം.  താഴ്‌വാരത്തില്‍ നിലാവ് പ്രതിഫലിക്കുന്ന ജലാശയം അതിന്റെ മനോഹാരിത അപ്പോള്‍ ഭീകരതയായിട്ടാണ് തോന്നിയത്.  തെരുവു വിളക്കുകള്‍ പോലുമില്ല.  കേരളത്തിന് മൊത്തം കറണ്ട് കൊടുക്കുന്ന ഇടുക്കിക്ക് ഈ വഴിയിലോരോ ബള്‍ബ് കത്തിച്ചു കൂടേ എന്ന് ചിന്തിച്ച് ഞാന്‍ നടന്നു.  

       കുറച്ച് നടന്നു കഴിഞ്ഞപ്പോള്‍ റോഡ് രണ്ടായി പിരിയുന്നു.  ഏതാണ് ചെറുതോണിയിലേക്കുള്ള വഴി.  ആരോട് ചോദിക്കാന്‍ ; ചുറ്റും നോക്കി ; ആരുമില്ല.  

      പെട്ടെന്ന് അല്‍പ്പം മുമ്പിലായി ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ടു.  അവരുടെ വേഷവും നിലാവും ഒരേ നിറമാണ്.  അതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.  

'' ഹലോ,  ചെറുതോണിയിലേക്ക് ഏതാ വഴി '' അല്‍പ്പം ഉറക്കെതന്നെയാണ് ചോദിച്ചത്. 

അവര്‍ വലത്തേക്കുള്ള വഴി ചൂണ്ടിക്കാണിച്ചു. 

''ഇതാ വഴി,  പക്ഷേ ഇതിലെ മറ്റൊരു എളുപ്പവഴിയുണ്ട്.  ഞാനങ്ങോട്ടാ '' 

മറ്റൊരു ഭാഗത്തേക്ക് അവര്‍ ചൂണ്ടിയിട്ട് നടന്നു തുടങ്ങി.  തിരിഞ്ഞ് നോക്കാതെയാണവര്‍ സംസാരിച്ചത്. 

'' എന്നാല്‍ ഞാനും വരാം '' 

    ഒരു മനുഷ്യജീവിയെ കണ്ടുകിട്ടിയ  സന്തോഷത്തില്‍ അവരുടെ അല്‍പ്പം പുറകിലായി ഞാനും നടന്നു.    പിന്നെ ഒരു സ്ത്രീയും കൂടിയാണല്ലോ.  ടാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് ടാര്‍ ചെയ്യാത്ത മറ്റൊരു വഴിയിലൂടെയാണവര്‍ പോകുന്നത്. 

''ചെറുതോണിയിലാണോ വീട് '' അവര്‍ തലകുലുക്കിയെന്ന് തോന്നി. 

'' എവിടാ സ്വന്തം സ്ഥലം.  അവര്‍ തിരിഞ്ഞ് നോക്കാതെ ചോദിച്ചു. 

'' തിരുവനന്തപുരം '' പിന്നൊന്നും ചോദിച്ചില്ല. 

   പേടിച്ചു പോയിക്കാണും.   വടക്കോട്ടുള്ളവര്‍ക്ക് തിരുവനന്തപുരത്ത്കാരെ ഭയമാണത്രേ. നമ്മളൊക്കെ   തരികിടകളുടെ കേന്ദ്രമാണെന്നാണവര്‍ പറയുന്നത്.  എന്നാല്‍ അവയൊക്കെ പലദേശങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് ചേര്‍ന്നവരുടെ സംഭാവനയാണെന്നാണ് എന്റെ നാട്ടുകാര്‍ പറയുന്നത്. 

സാമാന്യം കുത്തനെ ഇറക്കമുള്ള  വഴിയാണ്.  മഴയില്ലാത്തതു കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടില്ല.  അല്‍പ്പം കൂടി നടന്ന് കഴിഞ്ഞപ്പോള്‍ ഡാമിന്റെ കാഴ്ച മറഞ്ഞു.  വീണ്ടും ഒരല്‍പ്പം കൂടി നടന്ന് കഴിഞ്ഞതും ഞങ്ങള്‍ നടന്ന വഴി മറ്റൊരു ടാര്‍ ചെയ്ത റോഡിലേക്ക് എത്തി.  വലത്തേക്ക് അവര്‍ ചൂണ്ടി. 

'' ദേ, അതാണ് ചെറുതോണി '' 

അല്‍പ്പം അകലെയായി ഒരു കൊച്ചു ടൗണ്‍.  ധാരാളം കടകളും വെളിച്ചവുമൊക്കെയുള്ള ഒരു പ്രദേശം.  രണ്ട് കിലോമീറ്റര്‍ എന്നൊക്കെ പറഞ്ഞിട്ട് ഇത്ര പെട്ടെന്ന് എത്തിയോ.   എന്തായാലും നല്ല കുറുക്കു വഴി തന്നെ.  

    അവര്‍ എതിര്‍ദിശയിലേയ്ക്കാണ് പോയത്.  അവരുടെ മുഖം അപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.  അവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ ചെറുതോണിയിലേക്ക് നടന്നു.  ആദ്യം കണ്ട റെസ്റ്റാറന്റില്‍ കയറി.  ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രന്‍ എണീറ്റ് കൈകഴുകാന്‍ പോകുന്നത് കണ്ടത്.  ഞാന്‍ അയാളെ വിളിച്ചു. 

'' ഹലോ ചന്ദ്രനല്ലേ ''

'' അതെ'' 

  അല്‍പ്പം സംശയത്തോടെ '' സാറ് ......'' 

സൂക്ഷിച്ച് നോക്കിയപ്പോള്‍ അയാള്‍ക്കെന്നെ മനസ്സിലായി.

'' ഇന്ന് ഗസ്റ്റ് ഹൗസില്‍ വന്ന..... ''

'' അതെ,  ഇനി നേരെ ഗസ്റ്റ ഹൗസിലേക്കല്ലേ".  അയാള്‍ തല കുലുക്കി.

'' ഞാനും കൂടെയുണ്ടേ , അല്‍പ്പം വെയിറ്റ് ചെയ്യണേ ''

'' സാര്‍ സാവധാനം കഴിച്ചുവന്നാല്‍ മതി. ഞാന്‍ ഒരു പുകവിട്ടിട്ട് ഇവിടെ നില്‍ക്കാം'' 

ഉടന്‍ തന്നെ ഭക്ഷണം കഴിച്ചു തീര്‍ത്ത് ഞാനും പുറത്തേക്കിറങ്ങി. 

ചന്ദ്രന്റെ കൈയില്‍ ഒരു ഭക്ഷണപ്പൊതിയുണ്ട് മറ്റേ ജീവനക്കാരന് വേണ്ടിയാകും. 

'' എന്തായാലും വലിയ പണിയായിപ്പോയി '' 

ഞാന്‍ പറഞ്ഞു.  '' ഇതുവരെ ഒരു ഗസ്റ്റ ഹൗസിലും രാത്രി ഭക്ഷണമില്ലാതെ ഞാന്‍ വലഞ്ഞിട്ടില്ല '' 

'' ഇവിടെ വേറെ ഗസ്റ്റ് ആരുമില്ല.  കൂടാതെ കുക്ക് രാവിലെ വീട്ടില്‍ പോയി.  അയാള് ഉടുമ്പന്‍ചോലക്കാരനാ.  ചായയൊക്കെ ഞാനുണ്ടാക്കും. കുക്കുണ്ടെങ്കില്‍ ഗസ്റ്റ് ആരുമില്ലെങ്കിലും ഭക്ഷണം അവിടെ ഉണ്ടാക്കും.  ഇന്നിപ്പോള്‍ അയാളും കൂടി ഇല്ലാത്തതു കൊണ്ടാണ് ഈ ബുദ്ധിമുട്ട് '' 

അയാള്‍ വിശാലമായ റോഡിലൂടെ വച്ച് പിടിക്കുകയാണ്. 

''ഗസ്റ്റ് ഹൗസിലെത്തുമ്പൊഴേക്കും കഴിച്ചതൊക്കെ ദഹിച്ചുകഴിയും സാറേ, നല്ല കയറ്റമാ'' 

നേരത്തെ കുറുക്കുവഴി മെയിന്‍ റോഡിലെത്തി ചേര്‍ന്ന ഭാഗം ഞാന്‍ തിരയുകയായിരുന്നു. 

'' ഒരു കുറുക്കുവഴിയുണ്ടെല്ലോ.നമുക്കതു വഴി പോകാം '' 

'' കുറുക്കിവഴിയൊന്നുമില്ല, കൊടുങ്കാടല്ലേ ; ഈ റോഡ് മാത്രമേ ഉള്ളൂ '' 

'' ഉണ്ട്, ഞാനതുവഴി വന്നതല്ലേ'' 

പക്ഷേ വഴി കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല.  പകലായിരുന്നെങ്കില്‍ കൃത്യമായി അടയാളസഹിതം ഓര്‍ത്തുവയ്ക്കാമായിരുന്നു.  എന്നാലും ഇത്രയും എളുപ്പവഴിയുള്ളപ്പോള്‍ ഈ മണ്ടന്മാര്‍ ഈ  റോഡു മുഴുവന്‍ ചുറ്റി നടക്കുന്നത് അതിശയം തന്നെ.  

'' ഞാനി ഗസ്റ്റ് ഹൗസില്‍ വന്നിട്ട് രണ്ട് വര്‍ഷമായി ഇതുവരെ ഞാനങ്ങനെ ഒരു വഴി കണ്ടിട്ടില്ല '' 

   ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല.  നാളെ പകല്‍ ആ വഴി കണ്ടുപിടിച്ച് പറഞ്ഞു കൊടുക്കാമെന്ന് വിചാരിച്ച് ഞാനും വലിഞ്ഞ് നടന്നു.  അയാള്‍ പലതും പറയുന്നുണ്ടായിരുന്നു. എനിക്കതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. 

      ആ വഴിയെക്കുറിച്ചായിരുന്നു എന്റെ ചിന്ത.  ഞാന്‍ നടന്നിറങ്ങിയവഴി, അതെങ്ങനെ അപ്രത്യക്ഷമായി.  ഏതാണ്ട് അരമണിക്കൂര്‍ നടന്ന് ഒരുവിധം ഗസ്റ്റ് ഹൗസിലെത്തി.  കുറെ വെള്ളവും കുടിച്ച് കട്ടിലില്‍ വീണു.  ഉടനെ ഉറങ്ങി.  രാവിലെ ഉണര്‍ന്ന ഉടനെ ചായയും കുടിച്ച് ആദ്യം പോയത് ആ വഴി കണ്ടുപിടിക്കാനാണ്.  റോഡ് രണ്ടായി പിരിയുന്നതിനടുത്താണ് ആ വഴി ആരംഭിക്കുന്നത് എന്ന് ഞാന്‍ ഓര്‍ത്തെടുത്തു.  ടാര്‍ ചെയ്യാത്ത നല്ല ഇറക്കമുള്ള വഴി.  പലവിധത്തില്‍ പരിശോധിച്ചിട്ടും അവിടെ അങ്ങനെയൊരു വഴി കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല.  

ഞാന്‍ സ്വപ്നം കണ്ടതാണോ ; എങ്കില്‍ ഇന്നലെ ചെറുതോണിയില്‍ നിന്ന് ഭക്ഷണം കഴിച്ചതോ, ചന്ദ്രനെ കണ്ടതോ ; 

ഇല്ല സ്വപ്നമൊന്നുമല്ല. 

തിരികെ ഗസ്റ്റ് ഹൗസില്‍ വന്നു. 

ചന്ദ്രനെ വിളിച്ചു. 

'' ഞാനിന്നലെ ചെറുതോണിയിലേക്ക് ഒരു എളുപ്പ വഴിയുണ്ടെന്ന് പറഞ്ഞില്ലേ.  ആ വഴി ഇപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. '' 

'' ഞാന്‍ പറഞ്ഞില്ലേ സാറേ, ഇവിടെ അങ്ങനെയൊരു എളുപ്പവഴി ഇല്ല.  രാത്രി സാറിനെ പറഞ്ഞ് പേടിപ്പിക്കണ്ട എന്നുകരുതി പറയാത്തതാ.  സാര്‍ ആദ്യമായല്ലേ ഇവിടെ വരുന്നത്, പിന്നെങ്ങനെ ആ വഴി സാറിന് മനസ്സിലായി. 

'' അത് ഒരു............... ''

'' ഒരു സ്ത്രീയാണ് വഴി പറഞ്ഞ് തന്നത്,  അല്ലേ... ''

'' അതെ, എങ്ങനെ മനസ്സിലായി '' 

'' ഇതുപോലത്തെ അനുഭവങ്ങള്‍ വേറെ പലര്‍ക്കും ഉണ്ടായതായി കേട്ടിട്ടുണ്ട്, അവര് യഥാര്‍ത്ഥ സ്ത്രീയല്ല സാറേ '' 

എന്റെ കാലിലൂടെ ഒരു തരിപ്പ് മുകളിലേക്ക് കയറി.  പിന്നെ ഞാനൊന്നും ചോദിച്ചില്ല. എന്റെ വിളറിയ മുഖം കണ്ടതിനാലാവണം അയാളും കൂടുതലൊന്നും പറഞ്ഞില്ല. 

ഉടന്‍ തന്നെ റൂം ഒഴിഞ്ഞ് ഒരു ഓട്ടോ വരുത്തി കളക്ടറേറ്റിലേക്ക് വച്ച് പിടിച്ചു. 

                                                                          .....

No comments:

Post a Comment