Monday, 17 July 2017

നീര്‍ക്കോലിച്ചതി 

ജി.ശ്രീകുമാര്‍

 

           ണ്‍പതുകളില്‍ ഞങ്ങള്‍ കാമുകന്മാരുടെ അവസ്ഥ വളരെ കഷ്ടമായിരുന്നു.  മൊബൈലും ഫേസ്ബുക്കും ബൈക്കും ഒന്നുമില്ല.  വെറുമൊരു സൈക്കിള്‍.  ഡബിള്‍മുണ്ടും ഷര്‍ട്ടുമൊക്കെയായി സൈക്കിളും ഉന്തി വല്ല ബസ് സ്റ്റോപ്പിലോ അമ്പലനടയിലോ ഒക്കെ നടക്കും.  വല്ല ലൈനും തടഞ്ഞെങ്കിലായി.  

കാമുകന്‍ എന്ന് പറഞ്ഞെങ്കിലും എല്ലാം വണ്‍വെ ട്രാഫിക് ആയിരുന്നു.  ആരും ഇങ്ങോട്ട് പ്രേമിക്കുന്നില്ല. എല്ലാവരെയും ഞാനങ്ങോട്ട് പ്രേമിക്കുക മാത്രമായിരുന്നു.  ഞാന്‍ പ്രേമിക്കുന്നവര്‍ അത് മടക്കി തരാത്തത് എന്റെ മുഖസൗന്ദര്യം കണ്ടിട്ടാണെന്ന് എനിക്കറിയാമായിരുന്നു.  നല്ല സുന്ദരന്മാരായ ചുള്ളന്മാര്‍ ചുറ്റിലുമുള്ളപ്പോള്‍ എന്തിന് റിസ്‌ക് എടുക്കണമെന്നവര്‍ കരുതിക്കാണും. 

എന്നാലും പെണ്‍പിള്ളേരുടെ പുറകെ നടക്കുക എന്നത് അന്നത്തെ ഞങ്ങള്‍ ചെറുപ്പക്കാരുടെ മൗലിക അവകാശമായിരുന്നു.  ഇപ്പോള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല.  ഒരു കോള്‍, അല്ലെങ്കില്‍ ഒരു മിസ്ഡ് കാള്‍ മതി ഒരുത്തിയെ വളച്ചെടുക്കാന്‍. 

       രാധിക ഞങ്ങളുടെ നാട്ടിലെ ഒരു സാമാന്യം നല്ല സുന്ദരിക്കുട്ടിയായിരുന്നു.  ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്ന് അല്‍പ്പം ടൈപ്പ് റൈറ്റിംഗും ഒക്കെയായി ഒരുവിധം പഠിക്കുന്നുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി നടക്കുന്നു.  വായ്‌നോട്ടമാണ് ഹോബി.  ക്ലാസ് കഴിഞ്ഞു വന്നാല്‍ കുറേ നേരം വിജ്ഞാന ദായിനി വായനശാലയില്‍.  പിന്നെ അമ്പലനടയില്‍ അല്ലെങ്കില്‍ കടത്തിണ്ണയില്‍.  എവിടെയും വായ്‌നോട്ടം തന്നെയാണ് പ്രധാന വിനോദ പരിപാടി.  ടെലിവിഷം അത്രയ്ക്കങ്ങ് ആസ്വാദ്യകരമായി തുടങ്ങിയിരുന്നില്ല.  പാമ്പിന്റെ ചായകടയിലെ കണ്ണാടിപ്പെട്ടിയിലെ മോദകവും വടയുമാണ് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ എന്നെ വായ്‌നോട്ടം ശീലിപ്പിച്ചത്.  ഞങ്ങളുടെ നാട്ടിലെ ചായക്കട മുതലാളിയാണ് പാമ്പ്.  നാട്ടുകാര്‍ക്ക് ചായക്കടയില്‍ പറ്റ് പടിയാണ്.  പാമ്പിനാണെങ്കില്‍ കായലിനക്കരെയുള്ള കള്ള് ഷാപ്പിലായിരുന്നു പറ്റ്പടി.  സന്ധ്യകഴിഞ്ഞാല്‍ പുള്ളി ഒരു വിഷ പാമ്പാണ്.  

      രാധിക എന്നെക്കാള്‍ ഏതാനും വയസ്സിന് ഇളയതാണ്.  കായലിന് സമീപമുള്ള വയല്‍ വരമ്പിലൂടെ നടന്നാല്‍ അവള്‍ക്ക് വേഗത്തില്‍ വീട്ടിലെത്താം.  പലപ്പോഴും അവളുടെ അച്ഛന്‍ തന്റെ ' ലാബ്രട്ട' സ്‌കൂട്ടറില്‍ അവളെ സ്‌കൂളില്‍ കൊണ്ടുവിടുകയായിരുന്നു പതിവ്.  അക്കാലത്ത് സ്വന്തമായി സ്‌കൂട്ടറുള്ള അപൂര്‍വ്വം നാട്ടുകാരിലൊരാളായിരുന്നു അവളുടെ അച്ഛന്‍. 

         ഒരുദിവസം ഞാന്‍ വളരെ പ്രധാനമായ ഒരു തീരുമാനമെടുത്തു.  പലരുടേയും പുറകെയുള്ള നടപ്പ് മതിയാക്കി എന്റെ പ്രേമം രാധികയിലുറപ്പിച്ചു മുന്നോട്ടുപോവുക എന്നതായിരുന്നു ആ തീരുമാനം.  പക്ഷേ മറ്റെല്ലാവരെയും പോലെ അവളും എന്നെ അവഗണിക്കുകയാണ് ചെയ്തത്.  അവളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്റെ ശ്രമങ്ങളെല്ലാം അവള്‍ കണ്ടില്ലെന്ന് നടിച്ചു. 

          അവളുടെ ക്ലാസില്‍ പഠിക്കുന്ന എന്റെ അയല്‍ക്കാരനായ രാജുവിനോട് അവള്‍ക്ക് ക്ലാസ്സില്‍ വല്ല പ്രേമവും ഉണ്ടോ എന്ന് വളഞ്ഞവഴിയിലൂടെ ഞാന്‍ തിരക്കി.  അവള്‍ക്ക് ആരോടും അങ്ങനെയൊന്നുമില്ലെന്നും അവനുള്‍പ്പെടെ പലരും ഭൈമീകാമുകന്മാരാണെന്നും അവനില്‍ നിന്ന് മനസ്സിലാക്കി.        പാടില്ല ; ഈ പ്രായത്തില്‍ ഇത്തരത്തിലൊന്നും ചിന്തിക്കുക പോലും ചെയ്യരുതെന്ന് ഞാന്‍ അവനെ ഉപദേശിച്ച് നേര്‍വഴിക്കാക്കി.  ഇപ്പോള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കുക.  എങ്കിലേ ജീവിതവിജയം നേടാനാകൂ എന്നൊക്കെ.'ശിവ്‌ഖേര' മട്ടില്‍ ഞാന്‍ ഉപദേശിച്ചു.  ഒരു ശത്രുവിനെയെങ്കിലും ഒഴിവാക്കാന്‍ കഴിഞ്ഞല്ലോ എന്ന് ഞാന്‍ ഉള്ളുകൊണ്ട് സമാധാനിച്ചു. 

ഞാന്‍ എന്റെ പ്രകടനങ്ങള്‍ തുടര്‍ന്നു.  അവള്‍ അവ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയും ചെയ്തു.  ദിവസം കഴിയുന്തോറും എന്റെ പ്രേമം കൂടികൂടി വന്നു.  അവള്‍ എവിടെയെത്തിയാലും  ഞാനവിടെയുണ്ടാവും.  അവള്‍ എന്നൊക്കെയാണ് അമ്പലത്തില്‍ വരുക, എന്നൊക്കെയാണ് കായല്‍ തീരത്തു കൂടി നടന്നു പോവുക എന്നൊക്കെ ഞാന്‍ കണക്ക്കൂട്ടി കണ്ടുപിടിച്ചു.  ഗണിതശാസ്ത്രത്തില്‍ ഞാന്‍ അപാര മിടുക്കനായിരുന്നല്ലോ.  അതുകൊണ്ടാണ് ഫസ്റ്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേര്‍ന്നിട്ടും ഡിഗ്രിയെത്തിയപ്പോള്‍ ഹിസ്റ്ററി മെയിന്‍ ആയത്. 

      എങ്ങനെയെങ്കിലും എന്റെ പ്രേമം അവളെ അറിയിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു.  അതിനായി എനിക്കറിയാവുന്ന മികച്ച മലയാളപദങ്ങള്‍ കൊണ്ട് ഒരു പ്രേമകാവ്യം തന്നെ രചിച്ച് അവസരവും കാത്തിരുന്നു.  പ്രേമം ഏതുവങ്കനെയും കവിയും കഥാകാരനുമാക്കുമല്ലോ.  പ്രേമം സഫലമായാല്‍ അതോടെ കഴിഞ്ഞു കവിത.  പിന്നെ കുളിമുറിയില്‍ പോലും കവിത മൂളുകയില്ല.  കവികളെ കണ്ടാല്‍ ഓടിച്ചിട്ട് തല്ലാനാണ് തോന്നുക.  പ്രേമം സഫലമാവാത്തവര്‍ കവികളായും കഥാകാരന്മാരും ആയി ജീവിതം തുടരും.  ഇതാണ് ജീവിതസത്യം. 

അങ്ങനെ തല്‍സമയം ഞാനും ഒരു കവിയായി.  ഒരുദിവസം രാവിലെ പാലുവാങ്ങാന്‍ രാഘവേട്ടന്റെ വീട്ടില്‍ പോയിവരുമ്പോഴാണ് അവളുടെ അച്ഛന്‍ പെട്ടിയും തൂക്കി നടന്നു പോകുന്നത് കണ്ടത്.  ഇനി ഏതാനും ദിവസം അദ്ദേഹം ടൂറിലായിരിക്കുമെന്ന് എനിക്ക് മനസ്സിലായി.  ഇന്നവള്‍ വയല്‍ വരമ്പിലൂടെയാവും വരുക എന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു. 

      ധാരാളം തെങ്ങുകള്‍ പട്ടാളക്കാരെപോലെ നിരനിരയായി നില്‍ക്കുന്ന വയല്‍ വരമ്പില്‍ ഞാന്‍ കാത്തു നിന്നു.  അധികമാരും സഞ്ചരിക്കാത്ത വഴിയായതു കൊണ്ടാണ് അവിടം തെരഞ്ഞെടുത്തത്.  അവള്‍ തൊട്ടടുത്തെത്തിയപ്പോള്‍ ഞാന്‍ ധൈര്യം സംഭരിച്ച് അവളുടെ മുന്നിലേക്ക് ചെന്നു.  ചിരിക്കാന്‍ ശ്രമിച്ചു. സാധിച്ചില്ല. ചമ്മി വളിച്ച് വിറയലോടെയാണെങ്കിലും ഞാന്‍ എന്റെ കയ്യിലെ കത്ത് അവള്‍ക്ക് നീട്ടി. 

എന്താത് ? അവള്‍ ചോദിച്ചു. 

'' രാധികയ്ക്കുള്ള ഒരു കത്താണ്, ഇത് വാങ്ങണം '' 

ഒരുവിധം പറഞ്ഞൊപ്പിച്ചു. 

'' കത്തോ, എനിക്കെന്തിനാ കത്ത് ; എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞാല്‍ പോരെ '' 

പറയാന്‍ ധൈര്യം പോര എന്ന് ഞാന്‍ പറഞ്ഞില്ല. 

'' ഇതു വാങ്ങൂ '' ഞാന്‍ ദൈന്യമായി വീണ്ടും അപേക്ഷിച്ചു. 

''വാങ്ങാം '' പക്ഷേ ഞാനിത് വായിക്കില്ല.  അച്ഛന്റെ കയ്യില്‍ കൊടുക്കും.  സമ്മതമെങ്കില്‍ തന്നോളൂ '' 

അവള്‍ അത് പറഞ്ഞ നിമിഷം തന്നെ ഞാന്‍ രംഗത്ത് നിന്നും അപ്രത്യക്ഷനായി. 

''വൈ ദിസ് കെലവെറി ഡീ ''..... എന്ന് പാടാനാണ് തോന്നിയത്.  അവളെ വളയ്ക്കുന്ന പരിപാടി നടക്കില്ലെന്ന് എനിക്ക് മനസ്സിലായി.  എങ്കിലും എന്റെ പ്രേമം ; അത് ഞാന്‍ കൈവിട്ടില്ല. 

  മഴക്കാലത്ത് കായലില്‍ വെള്ളം കയറുമ്പോള്‍ വയലിലും വരമ്പിലുമൊക്കെ വെള്ളം നിറയും.  അപ്പോള്‍ നീര്‍ക്കോലികള്‍ വയല്‍വരമ്പിലും  തോട്ടുവക്കിലും ഉള്ള ചെറുസുഷിരങ്ങളില്‍ കയറി തലമാത്രം പുറത്തേക്കിട്ട് ചിന്താമഗ്നരായി ഇരിക്കും.  ഇടയ്ക്കിടെ നാക്ക് നീട്ടികാണിക്കും.  ആ സമയത്ത് ഞങ്ങള്‍ക്കൊരു വിനോദമുണ്ട്.  നീളത്തിലുള്ള ഒരു ഈര്‍ക്കിലിന്റെ അറ്റത്ത് കുരുക്കിട്ട് വരമ്പിന് മുകളില്‍ നിന്ന് സാവധാനം നിര്‍ക്കോലിയുടെ കഴുത്തിലേക്ക് അത് കടത്തി ഒറ്റവലി.  അവനിങ്ങ് പോരും.  ഉടനെ ഉടലുകൊണ്ട് അത് അത് ഈര്‍ക്കിലില്‍ മുകളിലേക്ക് ചുറ്റും.  ഈര്‍ക്കിലിന് നീളം കുറവെങ്കില്‍ കയ്യില്‍ നീര്‍ക്കോലിയുടെ വാല്‍ കൊണ്ടുള്ള അടികിട്ടും.  നീളമുള്ള ഈര്‍ക്കിലാണെങ്കില്‍ പ്രശ്‌നമില്ല.  കുറെ നേരം തലകീഴായി സ്‌പ്രിങ്‌  മാതിരി ചുറ്റിക്കിടന്ന ശേഷം പ്രതീക്ഷയറ്റതു പോലെ താഴേക്ക് തൂങ്ങിക്കിടക്കും.  കടുത്ത സാഡിസ്റ്റുകളല്ലാത്തതിനാല്‍ കുറെകഴിഞ്ഞ് ഞങ്ങള്‍ കെട്ടഴിച്ച് രക്ഷപ്പെടുത്തുകയും ചെയ്യും. 

   രാധിക വയല്‍വരമ്പിലൂടെ വരുമെന്ന് പ്രതീക്ഷിച്ച ഒരു ദിവസം ഞാന്‍ ഒരു നീര്‍ക്കോലിയെ കുടുക്കി.  അവള്‍ വരുന്നതിന് തൊട്ട്മുമ്പ് വരമ്പിലേക്ക് ചാഞ്ഞ് നിന്നിരുന്ന ഓലയില്‍ കെട്ടിയിട്ടു.  ഞാന്‍ അല്‍പ്പം അകലെ മാറിനിന്നു.  അവള്‍ നീര്‍ക്കോലിയെ കണ്ട് പേടിക്കണമെന്നും അപ്പോള്‍ ധീരനായ ഞാന്‍ ചെന്ന് അതിനെ അവിടെ നിന്ന് എടുത്തു മാറ്റണമെന്നും ഒക്കെയായിരുന്നു പ്ലാന്‍.  അശ്രദ്ധമായി നടന്നു വന്ന അവള്‍ പെട്ടെന്ന് തന്റെ മുന്നില്‍ തൂങ്ങിനില്‍ക്കുന്ന നീര്‍ക്കോലിയെകണ്ട് ''അയ്യോ പാമ്പ് '' എന്ന് നിലവിളിച്ചതും വയല്‍വരമ്പിന്റെ താഴേക്ക് വീണതും ഒരുമിച്ചായിരുന്നു.  അവിടെ വേനല്‍കാലത്ത് വാഴയ്ക്ക് വെള്ളമെടുക്കാന്‍ തയ്യാറാക്കിയിരുന്ന ഒരു ചെറിയ കുളമായിരുന്നു.  വയലാകെ വെള്ളം കയറിക്കിടന്നതിനാല്‍ ആ കുളം അവിടെയുള്ള സംഗതി ഞാനും ഓര്‍മ്മിച്ചിരുന്നില്ല.  അതിലേക്കാണവള്‍ വീണത്.  ബാഗും കുടയും എല്ലാം കൂടി വെള്ളത്തില്‍ വീണ് നിലവിളിക്കുന്ന രാധികയെ ഒറ്റച്ചാട്ടത്തില്‍ തന്നെ ഞാന്‍ രക്ഷിച്ചു.  മേലാസകലം ചെളിയും വെള്ളവുമായതിനാല്‍ അന്ന് സ്‌കൂളില്‍ പോകാതെ കരഞ്ഞു കൊണ്ട് അവള്‍ വീട്ടിലേക്ക് തിരിച്ചുപോയി.  പിന്നൊരിക്കലും അതുവഴി അവള്‍ നടന്നു വന്നിട്ടില്ല. 

      ഞാനാണ് ആ കൊലച്ചതി ചെയ്തതെന്ന് അവളറിഞ്ഞില്ല ; ആരും അറിഞ്ഞില്ല.  എന്റെ ഭാഗ്യം.  എന്നാല്‍ ആ സംഭവത്തിനു ശേഷം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ടായിരുന്നു.  പിന്നെ ആ പുഞ്ചിരി പ്രേമമായി മാറി.  ഒടുവില്‍ അത് സഫലമായി.  ഇന്ന് രണ്ട് കുട്ടികളുടെ അമ്മയായി അവള്‍ എന്നൊടൊപ്പം കഴിയുമ്പോള്‍  കവിതയെഴുത്ത് എന്ന അസുഖവും എനിക്ക് മാറിക്കിട്ടി.

       ഇതുവരെ ആ നീര്‍ക്കോലിച്ചതി ചെയ്തത് ഞാനാണെന്ന് പറഞ്ഞിട്ടില്ല.  അവള്‍ വിവാഹമോചനത്തിന് കേസ് കൊടുത്താലോ.  

                                                 ...................

No comments:

Post a Comment