Thursday, 13 July 2017

സ്വര്‍ഗ്ഗവും 

സ്വര്‍ഗ്ഗവാതില്‍ പക്ഷിയും 

- ജി.ശ്രീകുമാര്‍ 

സ്വര്‍ഗ്ഗമെന്ന് ഉദ്ദേശിച്ചത് ''പക്ഷികളുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല ആവാസ വ്യവസ്ഥ''- എന്ന്  ലോകപ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിംഅലി പ്രകീര്‍ത്തിച്ച, പക്ഷികളുടെ ഇഷ്ടയിടമായ തട്ടേക്കാടിനെപ്പറ്റിയാണ്. എറണാകുളം ജില്ലയില്‍ കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തട്ടേക്കാടിലെത്താം.  ' സിലോണ്‍ ഫ്രോഗ് മൗത്ത് ' എന്ന മാക്കാച്ചിക്കാടയെ നേരില്‍ കാണാമെന്ന മോഹത്തോടെയാണ് തട്ടേക്കാടിലേക്ക് തിരിച്ചത്. ഒപ്പം ഭാഗ്യമുണ്ടെങ്കില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മാത്രം കേരളത്തിലേക്ക് വിരുന്നു വരുന്ന സ്വര്‍ഗ്ഗവാതില്‍ പക്ഷിയെയും വംശനാശം വന്നു കൊണ്ടിരിക്കുന്ന ചേരക്കോഴിയെയും  കഴിയുന്നത്ര പേരറിയാത്ത ദേശാടനക്കിളികളെയും നേരില്‍കാണണമെന്നും കരുതി.   

   തട്ടേക്കാട് കേവലം 25.16 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള പ്രദേശമാണ്. പെരിയാറിലെ അവസാനത്തെ അണക്കെട്ടായ ഭൂതത്താന്‍ കെട്ടിന്റെ സംഭരണിയും ഇടമലയാര്‍ തുടങ്ങിയ നദികളും നിരവധി തോടുകളും ജലസമ്പുഷ്ടമാക്കുന്ന ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും ഒത്തുചേര്‍ന്ന പക്ഷികളുടെ ഒരു പറുദീസയാണ് തട്ടേക്കാട്. വിസ്തീര്‍ണ്ണം കുറവാണെങ്കിലും മൂന്നാര്‍, മലയാറ്റൂര്‍, ഇടുക്കി തുടങ്ങിയ വനമേഖലകളുടെ ഭാഗമായി വരുന്നതു കൊണ്ടും പക്ഷികള്‍ക്ക് വനാതിര്‍ത്തികള്‍ ഒരു വിഷയമല്ലാത്തതു കൊണ്ടും തട്ടേക്കാട് കേന്ദ്രമാക്കികൊണ്ട് വിശാലമായ ഒരു ഭൂപ്രദേശത്ത് വിഹരിക്കാന്‍ ഇവിടെയെത്തുന്ന പക്ഷികള്‍ക്ക് കഴിയുന്നു എന്നതാണ് ഇവിടേക്ക് അവയെ കൂടുതലായി ആകര്‍ഷിക്കാനിടയാക്കുന്ന ഒരു ഘടകം. ഫലവൃക്ഷങ്ങളും പുഴയില്‍ ധാരാളമായുള്ള മത്സ്യങ്ങളും അനുയോജ്യമായ കാലാവസ്ഥയും ദേശാടന പക്ഷികളെ വീണ്ടും ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നു. വര്‍ഷം മുഴുവന്‍ പക്ഷികളെ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നു എന്നതാണ് തട്ടേക്കാടിന്റെ പ്രത്യേകത. തദ്ദേശീയ ഇനങ്ങളും ദേശാടനപക്ഷികളായ വിവിധ സീസണിലെ സന്ദര്‍ശകരും ചേരുമ്പോള്‍ ഏകദേശം 300 ഇനം പക്ഷികള്‍ ഇവിടെ കാണപ്പെടാറുണ്ടത്രേ. അപൂര്‍വ്വമായതും വംശനാശം വന്നുകൊണ്ടിരിക്കുന്നതുമായ നിരവധി പക്ഷികള്‍ തട്ടേക്കാട് ഉണ്ട് എന്നതാണ് വളരെ പ്രസക്തമായ കാര്യം. 

വംശനാശം വന്നുകൊണ്ടിരിക്കുന്ന പക്ഷികളില്‍ തട്ടേക്കാടിനെ സംബന്ധിച്ചിടത്തോളം ഒന്നാമതായി പറയേണ്ടത് മാക്കാച്ചിക്കാടയെക്കുറിച്ചാണ്. ഏകദേശം 75 മാക്കാച്ചിക്കാടകള്‍ അവിടെയുണ്ടെന്നാണ് കണക്ക്. ഓരോ വശത്തു നിന്ന് നോക്കുമ്പോഴും ഓരോ വിധത്തില്‍ കാണപ്പെടുന്ന ഒരു പക്ഷിയാണ് മാക്കാച്ചിക്കാട. അത് നിശാചരിയാണ്. പകല്‍ കണ്ടെത്തുക വിഷമമാണ്. കരിയിലയോട് സാമ്യമുള്ള തൂവലുകളുമായി ഉണങ്ങിയ ഇലകളുള്ള മരപ്പടര്‍പ്പിനിടയില്‍ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടാവും. ഒരു പക്ഷിനിരീക്ഷകനല്ലാത്ത എനിക്ക് അതിനെ കണ്ടു പിടിക്കാന്‍ കഴിയുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു. എന്നാല്‍ തട്ടേക്കാടിലെ ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ അത് വന്നിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോള്‍ അതിനെ കാണാന്‍ അവസരം കിട്ടി. ഇതെന്തു സാധനം എന്ന മട്ടില്‍ കുറെ നേരം നോക്കിനിന്നപ്പോഴാണ് ഏകദേശ രൂപം പിടികിട്ടിയത്. ആദ്യത്തെ നോട്ടത്തില്‍ അതൊരു പക്ഷിയാണെന്ന് തോന്നിയതേയില്ല. വായ തുറന്ന് പറന്ന് ഇരപിടിക്കുന്ന ഈ പക്ഷിക്ക് തവളയുടേതുമാതിരിയുള്ള വായ ആയതുകൊണ്ടാവാം മാക്കാച്ചിക്കാട എന്ന പേരുവന്നത്. പക്ഷികളുടെ സൗന്ദര്യമൊന്നുമില്ലെങ്കിലും ആകെപ്പാടെ ഒരു കൗതുകം ഉണര്‍ത്തുന്ന പക്ഷിയാണിത്. ചിത്രത്തിലുള്ളത് ആണ്‍ മാക്കാച്ചിക്കാടയാണ്. പിടയ്ക്ക് കുറച്ചുകൂടി ചെങ്കല്‍ നിറമുണ്ടാവും. വംശനാശം നേരിടുന്ന മാക്കാച്ചിക്കാടയെയാണ്  തട്ടേക്കാടിന്റെ കൊടിയടയാളമായി നിശ്ചയിച്ചിട്ടുള്ളത്. 

  

വംശനാശം നേരിടുന്ന ചേരക്കോഴി നിരവധി എണ്ണം തട്ടേക്കാട്ടിലുണ്ട്. വെള്ളത്തില്‍ നിന്തുന്നത് കാണുമ്പോള്‍ ചേര നീന്തുന്നതാണെന്നേ തോന്നൂ. കഴുത്തിന് താഴോട്ട് കോഴിയും മുകളിലോട്ട് ചേരയുമാണെന്ന് തോന്നുന്ന രൂപം. 1987ലെ ജലപക്ഷി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇതിനെ വംശനാശം നേരിടുന്ന പക്ഷിയായി നിശ്ചയിച്ചത്. എല്ലാ വര്‍ഷവും ജൂണ്‍ 22 ചേരക്കോഴി ദിനമായി ആചരിച്ചുകൊണ്ട് വനം വകുപ്പ് അതിന്റെ സംരക്ഷണത്തിനായി പരിപാടികളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. നമുക്ക് ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുകയാണെന്ന മട്ടില്‍ പലപ്പോഴും അത് ചിറക് വിരിച്ച് അങ്ങനെയിരിക്കും. അവയുടെ തൂവലുകള്‍ക്ക് നനയാതിരിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് ഓരോ തവണ വെള്ളത്തില്‍ മുങ്ങുമ്പോഴും നനയുന്ന ശരീരം ഉണക്കിയെടുക്കാനാണ് ഈ ഇരിപ്പ് ഇരിക്കുന്നത്. 

 

സ്വര്‍ഗ്ഗവാതില്‍ പക്ഷിയെന്നറിയപ്പെടുന്ന നാകമോഹന്‍ കാഴ്ചക്ക് വിരുന്നൊരുക്കുന്ന പക്ഷിയാണ്. ഇണപക്ഷികള്‍ രണ്ടും അടയിരിക്കാറുണ്ട് എന്നതാണ് ഇവയുടെ പ്രത്യേകത. ഉടലിന്റെ പലമടങ്ങ് നീളമുള്ളതാണ് വാല്‍. കടും നീലനിറത്തിലുള്ള തലയും തൂവെള്ള നിറത്തിലുള്ള ഉടലിന്റെ തുടര്‍ച്ചയായി ഒരു വെളുത്ത റിബണ്‍ തൂക്കിയതു മാതിരി ഒരു വാലുമുള്ള  ഒരു സുന്ദരനെയാണ് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. പെണ്‍പക്ഷിക്ക് ചെമ്പിച്ച തവിട്ടുനിറമാണ്. വര്‍ഷം മുക്കാലും ഭൂമദ്ധ്യരേഖാ പ്രദേശങ്ങളില്‍ കഴിഞ്ഞശേഷം 2 മാസത്തോളം മാത്രം കേരളം സന്ദര്‍ശിക്കുന്ന ദേശാടനക്കിളിയാണിത്. ചെറുമുണ്ടി  , ചേരക്കൊക്ക് , ചെറിയ നീര്‍ക്കാക്ക , കൊമ്പന്‍ ശരപ്പക്ഷി  , കാലിമുണ്ടി, ഇരട്ടത്തലച്ചി , സൂചിമുഖി ഇലക്കുരുവി തുടങ്ങി തദ്ദേശീയരും വിദേശീയരുമായ നിരവധി പക്ഷികളെ അവിടെ കാണാന്‍ കഴിഞ്ഞു. 

 

 

       സത്യത്തില്‍ പക്ഷിനിരീക്ഷണം അത്രക്ക് താല്‍പ്പര്യമുള്ള മേഖല അല്ലാതിരുന്നിട്ടും കൂടുതലായി പക്ഷികളെ നിരീക്ഷിച്ചു പഠിക്കാന്‍ എന്നില്‍ താല്‍പ്പര്യം ഉണര്‍ത്താന്‍ തട്ടേക്കാട് സന്ദര്‍ശനത്തിന് കഴിഞ്ഞു. പ്രകൃതിയെ സ്‌നേഹിക്കുന്ന ആരെയും ഒരു പക്ഷിനിരീക്ഷകന്‍ കൂടിയാക്കാനുള്ള വൈഭവം മഹാനായ പക്ഷിനിരീക്ഷകന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട തട്ടേക്കാടിനുണ്ട്. വീണ്ടും പക്ഷികളുടെ ആ സ്വര്‍ഗ്ഗത്തിലെത്താന്‍ പക്ഷികളെപ്പോലെ തന്നെ നമ്മളും ആഗ്രഹിക്കും.  ഓരോ മലയാളിയും ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു മനോഹര തീരമാണ് തട്ടേക്കാട്. 



---------------






No comments:

Post a Comment