കട്ടുട്ടി
-ജി.ശ്രീകുമാര്‍
ഒരു വയല്‍ ഉഴുത് തീര്‍ക്കണമെങ്കില്‍ എറണാകുളം വരെ നടക്കുന്ന ദൂരം നടക്കണമെന്നാണ് അപ്പു പറയുന്നത്. ഞങ്ങളുടെ വീട്ടില്‍ കൃഷിപ്പണിക്ക് സഹായിക്കാന്‍ വരുന്നയാളാണ് അപ്പു. അതുകൊണ്ട് തന്നെ അപ്പുവിന് നിലമുഴുന്ന ജോലി തീരെ ഇഷ്ടമല്ല. ബാലേഷന്‍ മാമനാകട്ടെ വയല്‍ ഉഴുന്നത് ഉഴുന്നുവട കഴിക്കുന്നതു പോലെ പഥ്യമാണ്. വയലൊക്കെ ഉഴുതു കഴിഞ്ഞ് വിത്ത് വിതയ്ക്കുന്നതിന് മുമ്പ് ഒരു മരമടിയുണ്ട്. പോത്തുകള്‍ വലിയ്ക്കുന്ന വലിയ മരത്തില്‍ ഇരിക്കാന്‍ സാമാന്യം ഭാരമുള്ള ആളാണെങ്കില്‍ നന്ന്. കുട്ടിയാണെങ്കിലും കുടവയറും മറ്റുമുള്ള ഒരു കട്ടുട്ടിയായിരുന്ന ഞാന്‍ ആ ദൗത്യം ചിലപ്പോഴൊക്കെ ഏറ്റെടുക്കാറുണ്ട്. മരത്തിന് മുകളില്‍ വീഴാതെ ബാലന്‍സ് ചെയ്തിരിക്കുന്നത് അല്‍പ്പം ശ്രമകരമായ പണിയാണ്. ട്യൂട്ടോറിയല്‍ കോളേജില്‍ പോകാനായി അതിരാവിലെ തന്നെ എന്റെ സഹപാഠികള്‍ ബുക്കുകളും ചോറുപാത്രവുമായി നടന്നു പോകുമ്പോള്‍ ഫീസ് മുടങ്ങിയ കാരണം പറഞ്ഞ് ട്യൂഷന് പോകാതെ വയലിലെ ചെളിയിലെവിടെങ്കിലുമായിരിക്കും ഞാന്‍. അല്ലെങ്കില്‍ അപ്പുവിന്റെ മകനെയും കൂട്ടി തോര്‍ത്ത് ഉപയോഗിച്ച് തോട്ടിലെ മാനത്തുകണ്ണിയെ പിടിക്കലാവും.
എന്തായാലും എനിക്ക് കൃഷിപ്പണിയിലാണ് കമ്പമെന്ന് എന്റെ വീട്ടുകാര്‍ക്ക് പറയാന്‍ കാരണമായത് ഇതൊക്കെയാണ്. അല്ലാതെ ഫീസ് കൊടുക്കാനില്ലാത്തതു കൊണ്ടാണ് ട്യൂഷന് പോകാത്തതെന്നും ട്യൂഷനിലെങ്കിലും അവരെക്കാളൊക്കെ മാര്‍ക്ക് ഞാന്‍ വാങ്ങാറുണ്ടെന്നതും അവര്‍ സൗകര്യപൂര്‍വ്വം വിട്ടുകളയാറുണ്ട്.
ബാലേഷന്‍ മാമന്റെ വയലുകള്‍ക്കപ്പുറം കായലിനോട് ചേര്‍ന്ന് ഞങ്ങള്‍ക്കൊരു കണ്ടമുണ്ട്. ബാലേഷന്‍ മാമന്‍ കലപ്പയുമായി പോകുന്നത് കാണുമ്പോഴാണ് അടുത്ത കൃഷിയുടെ സമയമായെന്ന് എന്റെ വീട്ടുകാര്‍ അറിയുന്നത്. അതോടെ എനിക്കും പണിയാകും. പറമ്പിലെ കൊന്നയും മഞ്ചുണാത്തിയുമൊക്കെ വെട്ടിയരങ്ങി തലച്ചുമടാക്കി വയലില്‍ കൊണ്ടുപോയി ചെളിയില്‍ താഴ്ത്തുക, ചാണകം ചുമന്ന് വയലിലെത്തിക്കുക, ഇതൊക്കെയാവും പണികള്‍.
മറ്റ് വയലുകളെക്കാള്‍ താഴ്ന്നതായിരുന്നു ഞങ്ങളുടെ പുഞ്ചക്കണ്ടം. ഇരുപൂ കൃഷിയാണെങ്കിലും അവിടെ കൊയ്യണമെങ്കില്‍ മുങ്ങല്‍ വിദഗ്ധര്‍ തന്നെ വേണം. ഓരോ തവണ കൊയ്യാറാകുമ്പോഴേക്കും ഞങ്ങളുടെ പുഞ്ചക്കണ്ടം കായലിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടാകും. മഴയത്ത് കായലില്‍ വെള്ളം നിറയുമ്പോള്‍ ആദ്യം തന്നെ ഞങ്ങളുടെ കണ്ടവും മുങ്ങും. ഒടുവില്‍ മുങ്ങിത്തപ്പി എന്തെങ്കിലുമൊക്കെ കൊയ്‌തെടുക്കും. വയല്‍ നികത്തി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്ന കലാപരിപാടി അപ്പോള്‍ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.
ബ്രേക്ഫാസ്റ്റ് നല്ല ചമ്പാവരിയുടെ പഴങ്കഞ്ഞിയാണ്. അതില്‍ തൈരും ഉപ്പും പച്ചമുളകുമൊക്കെ ചേര്‍ത്ത് ഞരടിപ്പൊടിച്ച് കലക്കി ഒരു വലി. ചിലപ്പോള്‍ ഒരു അച്ചാര്‍ കൂടെയുണ്ടാകും. അത് കുടിച്ചു കഴിയുമ്പോള്‍ കണ്‌ഠേശ്വരം മുതല്‍ മൂലമറ്റം വരെ ഒരു കുളിരുകോരും.
വയലില്‍ വെള്ളം നിറഞ്ഞാല്‍ കായലില്‍ നിന്ന് ധാരാളം മീനുകള്‍ വയലുകളിലെത്തും. അപ്പോള്‍ രാത്രിയായാല്‍ മീന്‍ വെട്ട് എന്നൊരു തന്ത്രമുണ്ട്. നല്ല പ്രകാശമുള്ള ടോര്‍ച്ച് വെള്ളത്തിലേക്ക് പ്രകാശിപ്പിക്കും. വെളിച്ചം കാണുമ്പോള്‍ മീനുകള്‍ അനങ്ങാതെ നില്‍ക്കും. മൂര്‍ച്ചയുള്ള കത്തി കൊണ്ട് ഒറ്റ വെട്ട്. പരസ്യത്തില്‍ ഫെവിക്കോള്‍ ഒട്ടിച്ച് മീന്‍ പിടിക്കുന്നത് കണ്ടിട്ടില്ലേ. അതിനേക്കാള്‍ വേഗത്തില്‍ കുറെ മീനുകളെ പിടിക്കാം. ചില വിരുതന്മാര്‍ മാളങ്ങളില്‍ കയ്യിട്ട് ഞണ്ടുകളെയും പിടിക്കും. അവിടെ കാത്തിരിക്കുന്നത് ശംഖുവരയനോ എട്ടടിവീരനോ മറ്റോ ആണെങ്കിലോ എന്ന് കരുതി ഞാന്‍ ആ സാഹസത്തിന് മുതിരാറില്ല.
ചാണകം ചുമന്ന് വയലിലെത്തിക്കുക എന്ന പണി പലപ്പോഴും ഞാനൊഴിവാക്കാറുണ്ട്. അത് അപ്പുവിന് നല്‍കും. 8- ബിയിലെ മായ വയലിനരുകിലെ വഴിയിലൂടെയാണ് സ്‌കൂളിലേക്ക് പോകുന്നത്. എനിക്ക് ഒരിത് തോന്നിയിട്ടുള്ളത് അവളോട് മാത്രമാണ്. ഞാന്‍ ചാണകം ചുമന്നുകൊണ്ടു പോകുന്നത് കണ്ട് എന്നോട് ഉണ്ടെന്ന് ഞാന്‍ മാത്രം കരുതുന്ന ആ ഒരിത് ഇല്ലാതാക്കേണ്ടതില്ലല്ലോ എന്ന് കരുതിയാണ് ഞാന്‍ അതിന് മുതിരാത്തത്. പക്ഷേ വയലില്‍ വിത്തിടാന്‍ ചാണകം എത്തിക്കേണ്ട ഒരടിയന്തിരഘട്ടത്തില്‍ അപ്പു ലീവെടുത്തു. ചാര്‍ജ്ജ് എനിക്കായി. ഒടുവില്‍ ഞാന്‍ തലയില്‍ സംഗതി ചുമന്നു കൊണ്ട് പോയപ്പോള്‍ കൃത്യമായി അവള്‍ എതിരെ വന്നു. തലയിലെ ചാണകം വഴിയില്‍ കളഞ്ഞ് കുട്ടയെടുത്ത് തലയില്‍ മൂടിയാലോ എന്നാലോചിച്ചു. അന്ന് ദിലീപിന്റെ സിനിമ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ആളറിയാതിരിക്കാന്‍ ചട്ടുകാലനായി അഭിനയിക്കാനുള്ള ബുദ്ധിയൊന്നും തോന്നിയതുമില്ല. ആള്‍ മാറാട്ടത്തിന് അന്നൊക്കെ ഞങ്ങളുടെ അറിവിലെ വിദ്യ പ്രേംനസീര്‍ സിനിമയിലേതു പോലെ കവിളില്‍ മറുക് ഒട്ടിക്കുകയാണ്. എന്തു ചെയ്യണമെന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും അവള്‍ അടുത്തെത്തിക്കഴിഞ്ഞു.
"അകത്തും പുറത്തും ചാണകമാണല്ലോ" അവള്‍ പറഞ്ഞു.
"പോടി മാക്രീ" ഞാനും വിളിച്ചു.
അപ്പോഴത്തെ ദേഷ്യത്തിന് വിളിച്ചതാണ്. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നി. ദ്വിമാനസമവാക്യത്തിന്റെ പൊതുരൂപം കാണാതെ പഠിച്ചിട്ട് എന്റെ തലയില്‍ നില്‍ക്കാത്തതിന് കണക്ക് മാഷ് നിന്റെ തലയിലെന്താ ചാണകമാണോ എന്ന് ചോദിച്ചതാണ് അവള്‍ എനിക്കിട്ട് താങ്ങിയത്. മറ്റൊരിക്കല്‍ മായയുടെ കൂട്ടുകാരി ജയശ്രീ ക്ലാസില്‍ എന്തോ പറഞ്ഞത് കേട്ട് അവള്‍ നിര്‍ത്താതെ ചിരിച്ചു. സാറിനെ കളിയാക്കിയതാണെന്ന് കരുതി സയന്‍സ് സാര്‍ അവളുടെ ചെവി പൊന്നാക്കി. ജയശ്രീ മാക്രിയുടെ സ്‌പെല്ലിംഗ് പറഞ്ഞത് കേട്ടാണവള്‍ക്ക് ചിരി നിര്‍ത്താന്‍ കഴിയാത്തത് എന്ന് പിന്നീടെല്ലാവരും അറിഞ്ഞു. 'എം.എ.ക്രി.ക്രി.വൈ' എന്നതായിരുന്നു മാക്രിയുടെ സ്‌പെല്ലിംഗ്.
എന്തായാലും എന്റെ ക്വിക്‌റെസ്‌പോണ്‍സ് ഫലം ചെയ്തു. സ്‌കൂളില്‍ ചെന്നപ്പോള്‍ ചാണകവിഷയം ആരും അറിഞ്ഞിട്ടില്ല. മായ എന്നോട് കൂടുതല്‍ പരിഗണനയോടെ പെരുമാറാന്‍ തുടങ്ങി. മാക്രിയെന്ന പേര് പതിഞ്ഞ് കിട്ടിയാല്‍ പിന്നെ മാറില്ലെന്നവള്‍ക്കറിയാം. പക്ഷേ അവളുടെ ഇടയ്ക്കിടെയുള്ള നോട്ടവും കരുതലുമൊക്കെ എന്നെ വഴിതെറ്റിച്ചു. പുസ്തകമെടുത്താല്‍ അവളക്കുറിച്ചായി ചിന്ത. ഞങ്ങളൊരുമിച്ച് വണ്ടിയോടിച്ച് താമരശ്ശേരി ചുരം കയറി പോകുന്നതും മരം ചുറ്റി ഓടുന്നതുമൊക്കെയായി എന്റെ ചിന്തകള്‍.
സാധാരണ പ്രേമത്തില്‍ കുരുങ്ങി ബലിയാടാകാറുള്ളത് ആണ്‍കുട്ടികളാണ്. കാമുകിമാരായ പെണ്‍കുട്ടികള്‍ ഫസ്റ്റ് ക്ലാസില്‍ പാസാവുന്നതും കാമുകന്മാര്‍ പരീക്ഷക്ക് മുട്ടയിട്ട് ആലിന്‍ചുവട്ടിലോ കടത്തിണ്ണയിലോ കറങ്ങി നടന്ന് കാലക്ഷേപം നടത്തുന്നതുമാണ് ഇത്തരം കഥകളിലെ ഇതിവൃത്തം. പക്ഷേ ഇവിടെ സംഗതി നേരെ തിരിഞ്ഞു. എസ് എസ് എല്‍ സി റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസില്‍ പാസായി; മായ തോറ്റു. അന്ന് ഒരു വിഷയത്തില്‍ തോറ്റാലും മുഴുവനും വീണ്ടുമെഴുതണം. മാര്‍ച്ച്, സെപ്റ്റംബര്‍, സെപ്റ്റംബര്‍, മാര്‍ച്ച് അങ്ങനെ പോകും. ഇപ്പോഴത്തെ മാതിരി മഴയത്ത് സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന കുറ്റത്തിന് എസ്.എസ്.എല്‍.സി. പാസാക്കുന്ന ശിക്ഷാ നടപടി നിലവില്‍ വന്നിട്ടില്ല.
റിസള്‍ട്ട് വന്നതിന്റെ പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ മായയുടെ അനുജന്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നു. ഇനി തല്ലാനാണോ എന്നായി എന്റെ ചിന്ത. ഒരുവിധം ജനലിലൂടെ തല പുറത്തേക്കിട്ട് വന്ന കാര്യം പറയ് എന്നമട്ടില്‍ ഞാനവനെ നോക്കി.
"ചേട്ടന്റെ നോട്ടുകള്‍ തന്നയയ്ക്കുമോ എന്ന് ചോദിച്ചു. ചേച്ചിയ്ക്ക് പഠിക്കാനാ."
കര്‍ണ്ണന്‍ കവചകുണ്ഡലങ്ങള്‍ നല്‍കിയതു പോലെ വേദനയോടെ ഞാനത് നല്‍കി. സമയം കിട്ടിയിരുന്നെങ്കില്‍ ഒരു ലേഖനം കൂടി എഴുതിനല്‍കുമായിരുന്നു. മുമ്പ് പലവട്ടം അതാലോചിച്ചതാണ്. അവള്‍ക്കു നല്ല ആരോഗ്യമുള്ള ഒരു ചേട്ടന്‍ കൂടി ഉള്ളതാണ് എന്നെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
അവള്‍ സെപ്റ്റംബറില്‍ തന്നെ പാസായി. എനിക്ക് കോളേജിലൊന്നും പോകാനുള്ള കുടുംബസ്ഥിതി ഉണ്ടായിരുന്നില്ല. മായ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ അവളുടെ അച്ഛന്‍ മരിച്ചു. അവള്‍ക്ക് അച്ഛന്റെ ജോലിയും കിട്ടി.
എന്റപ്പനും പനയില്‍ നിന്ന് വീഴും അപ്പോള്‍ ഞാനും സൂപ്പ് കുടിക്കുമെന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം എന്റച്ഛന് ജോലിയുണ്ടായിരുന്നില്ല. അവള്‍ ഏതോ വലിയ ഉദ്യോഗസ്ഥനെയും കെട്ടി നഗരത്തിലെവിടെയോ പാര്‍ക്കുന്നു.
കഥകളിലെ ഇതിവൃത്തം ശരിയാണെന്നു പിന്നീട് തോന്നി.
എന്റെ വീട്ടുകാര്‍ പ്രവചിച്ചതു പോലെ കായലിലെ വെള്ളത്തില്‍ മുങ്ങി നെല്ല് കൊയ്തും വരാലുകളെ പിടിച്ചും ഞാനീ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്നു.
......

No comments:
Post a Comment