Thursday, 27 July 2017

ഗിഫ്റ്റ് വൗച്ചര്‍                            (2015)

-ജി.ശ്രീകുമാര്‍

അന്ന് വീട്ടിലെത്തിയപ്പോള്‍ ശ്രീമതിയാകെ ത്രില്ലടിച്ച് നില്‍ക്കുകയാണ്. 

''ഞാനെപ്പോഴേ വിളിക്കുന്നു. നിങ്ങളെ കിട്ടണ്ടെ.  നിങ്ങളെവിടെയായിരുന്നു മനുഷ്യാ ; ഒരു മൊബൈലെടുത്തുവെയ്ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല '' 

ഉള്ള ലാന്‍ഡ് ഫോണിന്റെ കാശടയ്ക്കാനുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. 

'' എന്നാ കാര്യം.  അതു പറയ് '' ഞാന്‍ ചോദിച്ചു 

'' അതേയ്, എനിക്ക് ഭാഗ്യമുണ്ടോ, ഇല്ലയോ '' 

'' കൊള്ളാം, നീ ഭാഗ്യവതി അല്ലേ ; അതല്ലേ എന്നെപ്പോലെ സല്‍സ്വഭാവിയായ ഒരു ഭര്‍ത്താവിനെ കിട്ടിയത് '' 

'' ഓ, അതുമാത്രം പറയണ്ട ; എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കാതിരി ക്കുന്നതാ നല്ലത് '' 

'' നീ കാര്യം പറയ് '' എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

'' അച്ഛാ, അമ്മയ്ക്ക് ലോട്ടറിയടിച്ചു '' 

അച്ഛന്റെ ക്ഷമ പരിശോധിക്കുന്നത് സഹിക്കാതെ മൂന്നാം ക്ലാസുകാരന്‍ ഇളയമകന്‍ വിളിച്ചു പറഞ്ഞു. 

'' എത്ര രൂപയാ മോനേ '' ഞാന്‍ ഡി.എ പ്രഖ്യാപിച്ച വാര്‍ത്ത കേട്ടതു പോലെ സന്തോഷിച്ചു. 

'' അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് കൂപ്പണാ '' 

മൂത്തവന്‍ പ്ലസ് വണ്‍കാരന്‍ വിശദീകരിച്ചു.  അതോടെ ഞാന്‍ ഡി.എ കുടിശ്ശിഖ പി.എഫില്‍ ലയിപ്പിക്കുമെന്ന് കേട്ടതു പോലെ വിഷണ്ണനായി.  അമ്പതിനായിരം കാശായിട്ട് കിട്ടിയെങ്കില്‍ മുടങ്ങിക്കിടക്കുന്ന ഹൗസ് ലോണില്‍ അടയ്ക്കാമായിരുന്നു. 

'' ഇന്നാള് നമ്മള്‍ ഹെല്‍ത്ത് എക്‌സ്‌പോയ്ക്ക് പോയില്ലേ; അന്ന് ലക്കി കൂപ്പണ്‍ പൂരിപ്പിച്ചിട്ടു കൊടുക്കാന്‍ പറഞ്ഞിട്ട് നിങ്ങളിട്ടില്ലല്ലോ.  ഞാന്‍ കൂപ്പണ്‍ പൂരിപ്പിച്ച് ഇട്ടു.  എനിക്കാ സമ്മാനം ''  അവളുടെ സന്തോഷം അടക്കാനാവുന്നില്ല. 

'' ചേട്ടനും കൂപ്പണ്‍ പൂരിപ്പിച്ചിട്ടു '' ഇളയവന്‍ അറിയിച്ചു. 

'' അച്ഛാ, നമ്മളെവിടെയാ ടൂര്‍ പോകുന്നത് '' പരസ്യത്തിലെ ഭര്‍ത്താവിനോട് തൊണ്ടയിലെ കിച് കിച് മാറിയ ഭാര്യ ചോദിക്കുന്ന അതേ ആവേശത്തോടെ ഇളയവന്‍ ചോദിച്ചു. 

'' മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് ഒക്കെയുണ്ട്".  എവിടെ വേണമെങ്കിലും പോകാമത്രേ.  മൂത്തയാള്‍ ഇടപെട്ടു.  അവന് വിദേശമാണ് താല്‍പ്പര്യം.  അവന്റെ കൂട്ടുകാരന്‍ കഴിഞ്ഞയാഴ്ച സിംഗപ്പൂര് പോയി വന്നതേയുള്ളൂവത്രേ. അവന്റെയച്ഛന് ബാങ്കിലാ ജോലി. 

'' അതുമാത്രമല്ല, ഹൈദരാബാദ്, ഗോവ, കുളു, മണാലി ഇതൊക്കെയും കൂടിയുണ്ട് '' 

മുട്ടിയ പക്ഷം വൈക്കോലേ, എന്ന മട്ടില്‍ ശ്രീമതി പൂരിപ്പിച്ചു. 

    ഓഫീസില്‍ നിന്ന് വന്നു കയറിയിട്ട് ഒരു ഗ്ലാസ് വെള്ളം പോലും തരാതെയാണ് എല്ലാവരും കൂടി വിനോദയാത്ര പ്ലാന്‍ ചെയ്യുന്നത്.  ഞാന്‍ മുറിയിലേക്ക് കയറി വേഷം മാറാന്‍ തുടങ്ങി. 

ശ്രീമതി പുറകേ എത്തി. 

'' അതേയ്, ഞാന്‍ വിശദമായി പറയാം.  ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസസൗകര്യം കിട്ടുക.  ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പോകാം. മലേഷ്യയിലോ സിംഗപ്പൂരിലോ ആണെങ്കില്‍ സെവന്‍ സ്റ്റാര്‍ സൗകര്യവും തരും.  നാളെ പതിനൊന്ന് മണിക്ക് നമ്മള്‍ രണ്ടുപേരുമായി ചെന്ന് ഗിഫ്റ്റ് വൗച്ചര്‍ വാങ്ങണമെന്ന് അവര്‍ വിളിച്ചു പറഞ്ഞു ''  

ഞാന്‍ ഒന്നും പറഞ്ഞില്ല. 

'' നിങ്ങളെന്താ ഒരു സന്തോഷമില്ലാതിരിക്കുന്നത് '' ശ്രീമതി തുടര്‍ന്നു. 

'' നമ്മുടെ ഭാഗ്യമല്ലേ, എത്രനാളായി  എവിടെയെങ്കിലും വിമാനത്തിലൊക്കെ കയറി ടൂര്‍ പോകണമെന്ന് ആശിക്കാന്‍ തുടങ്ങിയിട്ട്.  നിങ്ങളായിട്ട് ഒരിടത്തും കൊണ്ടു പോവില്ലല്ലോ; ഇപ്പോള്‍ ദൈവം സഹായിച്ച് ഒരു വഴി തെളിഞ്ഞിരിക്കുന്നു".  വിമാനയാത്ര എന്നൊക്കെ കേട്ടപ്പോള്‍ എന്റെ ദാഹം ഇരട്ടിച്ചു. 

'' നീ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരൂ''

ഓണത്തിന്റെ ഇടയിലാ പുട്ട് കച്ചവടം എന്ന മട്ടില്‍ ഒരു നോട്ടം സമ്മാനിച്ചിട്ട് അവള്‍ വെള്ളമെടുക്കാന്‍ പോയി.  വിമാനവേഗത്തില്‍ വെള്ളവുമായി എത്തുകയും ചെയ്തു.  

ഞാന്‍ വെള്ളം കുടിച്ചിട്ട് പൂമുഖത്തെ ചാരുകസേരയില്‍ ഇരുന്നു. 

അവള്‍ വിടുന്ന മട്ടില്ല.  

'' നമുക്ക് സിംഗപ്പൂരില്‍ പോയാലോ '' 

'' യാത്രയ്ക്കുള്ള എല്ലാ ചിലവും അവര്‍ വഹിക്കുമോ '' ഞാന്‍ ചോദിച്ചു. 

അവളുടെ മുഖം അല്‍പ്പം മങ്ങി. 

'' എന്തായാലും നാളെ നമുക്ക് അവരുടെ ഓഫീസില്‍ പോയി നോക്കാം.  അപ്പോള്‍ എല്ലാം വിശദമായി ചോദിക്കാമെല്ലോ'' 

പിറ്റേന്ന് ഉച്ചവരെ ലീവെടുത്ത് ശ്രീമതിയേയും കൂട്ടി അവരുടെ ഓഫീസിലെത്തി. 

വലിയ ബഹുമാനത്തോടെ സ്വീകരണ കമ്മിറ്റിക്കാര്‍ ഞങ്ങളെ സ്വീകരിച്ചാനയിച്ചു.  മങ്ങിയ വെളിച്ചമുള്ള തണുപ്പുള്ള  ഒരു ഹാളില്‍ ഒരു മേശയ്ക്ക് ചുറ്റുമായി ഇരുത്തി.  ആ ഹാളില്‍ അവിടവിടെ ഇതേമാതിരിയുള്ള ടൂര്‍ സ്വപ്നങ്ങളുമായി എത്തിയവര്‍ ഇരിക്കുന്നത് കണ്ടു. 

അതിലൊരാള്‍ ചോദിച്ചു.  

'' സര്‍, എവിടേക്കാണ് യാത്ര പോകാന്‍ ഉദ്ദേശിക്കുന്നത് ''

''ഞങ്ങള്‍ ഒന്നും ഉദ്ദേശിച്ചില്ല   ഗിഫ്റ്റ് വൗച്ചര്‍ തരുമെന്ന് പറഞ്ഞത് വാങ്ങാന്‍ വന്നതാ '' 

ഉച്ചയ്ക്ക് ശേഷമെങ്കിലും ഓഫീസിലെത്താനുള്ള വ്യഗ്രതയില്‍ ഞാന്‍ പറഞ്ഞു. 

'' അല്ല സാര്‍, പ്രത്യേകിച്ച് ഗിഫ്റ്റ് വൗച്ചറായി കൈയില്‍ തന്നയക്കില്ല .  നിങ്ങള്‍ എവിടേക്കാണോ യാത്രയ്ക്ക് തീരുമാനിക്കുന്നത് അവിടെ ഗിഫ്റ്റ് വൗച്ചറില്‍ പറഞ്ഞിട്ടുള്ള തുകയ്ക്കുള്ള സൗജന്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും '' 

ഞാന്‍ വാ പൊളിച്ചിരുന്നു. 

'' ഞങ്ങളിതെത്ര കണ്ടതാ ''  എന്ന മട്ടില്‍ അയാള്‍ തുടര്‍ന്നു.

'' താമസസൗകര്യവും ബ്രേക്ക് ഫാസ്റ്റും ഫ്രീ ആയിരിക്കും.  യാത്രാച്ചെലവ് നിങ്ങള്‍ മുടക്കണം'' 

'' അവിടെ സ്ഥലം കാണാനുള്ള ചെലവോ'' ശ്രീമതി ഇടപെട്ടു. 

'' അതെല്ലാം സ്വന്തം ചെലവില്‍, താമസം സെവന്‍ സ്റ്റാര്‍ സൗകര്യങ്ങളോടെയായിരിക്കും '' 

'' അപ്പോള്‍ താമസവും ഭക്ഷണവും മാത്രമേ ഫ്രീയുള്ളു അല്ലേ '' ഒന്നു കൂടി ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു. 

'' അല്ലാ സാര്‍ താമസവും ബ്രേക്ക് ഫാസ്റ്റും '' 

അതായത് ഉച്ചയ്ക്കും വൈകുന്നേരവും സെവന്‍സ്റ്റാര്‍ വായു ഭക്ഷിക്കാമെന്ന്. ഭാഗ്യം വരുന്ന വഴിയേ. അമ്പതിനായിരം രൂപ മുതലാക്കണമെങ്കില്‍ രണ്ടുലക്ഷം രൂപയെങ്കിലും ചെലവാക്കേണ്ടി വരുമെന്നര്‍ത്ഥം.  ഞാനൊന്നും മിണ്ടിയില്ല.  ഒരുവിധം എ സി തണുപ്പില്‍ നിന്ന് പുറത്തിറങ്ങി.  ഇടനാഴിയിലെത്തിയപ്പോള്‍ എന്റെ ഓഫീസിലെ മേലുദ്യോഗസ്ഥനും കുടുംബസമേതം നില്‍പ്പുണ്ട്.  എന്നെ കണ്ടതും അല്‍പ്പം ചമ്മലായി. 

'' എന്താ കുമാറേ,  അവിടെയും ഗിഫ്റ്റ് കൂപ്പണടിച്ചല്ലേ '' 

'' അടിച്ചില്ല, മിക്കവാറും അടി പറ്റിക്കേണ്ടി വരും ''ഞാന്‍ പറഞ്ഞു. 

''  ഇവന്മാര് പറ്റിപ്പാ '' അയാള്‍ പതിവ് ശൈലിയില്‍ വിശദീകരിക്കാന്‍ തുടങ്ങി. 

'' കൂപ്പണിട്ട എല്ലാവരെയും സമ്മാനമടിച്ചെന്ന് പറഞ്ഞ് വിളിപ്പിക്കും.  വലിയ ഹോട്ടലുകളില്‍ താമസത്തിനൊപ്പം ബ്രേക്ക്ഫാസ്റ്റ് ഫ്രീയാണ്.  അതൊരു പാക്കേജാണ്.  അതാണിവന്മാര്‍ നമുക്ക് ഫ്രീയായി തരാമെന്ന് പറയുന്നത്.  ഇതൊക്കെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ്.  യാത്രാച്ചെലവുകളും മറ്റ് ചെലവുകളുമൊക്കെയായി ഒരു വലിയ തുക നമ്മളില്‍ നിന്ന് ഈടാക്കും.  നമ്മള്‍ മറ്റൊരു ടൂര്‍ ഓപ്പറേറ്ററെ സമീപിച്ചാല്‍ ഈ സൗകര്യങ്ങള്‍ തരില്ലെന്നും പറയും.  നമ്മള്‍ കൊടുക്കുന്ന തുകയില്‍ നിന്ന് തന്നെ നമുക്ക് തന്ന സൗജന്യങ്ങളുടെ കാശും അവര്‍ ഈടാക്കും.  എന്റെ ഒരു സുഹൃത്തിന് ഈ അമളി പറ്റി.  അയാള്‍ 25,000 രൂപ മുതലാക്കാന്‍ ഒന്നരലക്ഷം രൂപ പി.എഫ് ലോണെടുത്താണ് യാത്ര പോയത് '' 

'' ഇതൊക്കെ അറിയാമായിരുന്നിട്ട് സാറെന്താ ഇവിടെ വന്നത് ''  ഞാന്‍ വിട്ടില്ല.  

'' ഭാര്യയുടെ ഒരു നിര്‍ബന്ധം.  നേരിട്ട് കേട്ടറിയട്ടെ എന്ന് വിചാരിച്ചു ''

ഞാന്‍ മാത്രമല്ല ഹെന്‍പെക്ഡ്; എനിക്ക് സമാധാനമായി. 

കാക്ക കോഴിക്കൂട്ടില്‍ ഉളിഞ്ഞു നോക്കുന്നത് പോലെ ശ്രീമതിയെ ഞാനൊന്നു നോക്കി.  കരി ഓയിലൊഴിച്ചതു പോലുണ്ട് മുഖം. 

വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയതും പിള്ളേര് രണ്ടും പറന്നെത്തി. 

''അച്ഛാ, സിംഗപ്പൂര്‍ തന്നെയാണോ തീരുമാനിച്ചത് '' 

മൂത്തയാള്‍ വിദേശത്ത് തന്നെ ഉറച്ചു നില്‍ക്കുകയാണ്. 

'' സിംഗപ്പൂര് പോണെങ്കി പോവാം.  പക്ഷേ ശിഷ്ടകാലം അവിടെ കഴിയേണ്ടി വരും '' 

'' അതെന്താ'' ഇളയവന് ഒന്നും മനസ്സിലായില്ല.  ഇനി അവിടെ കഴിയേണ്ടി വന്നാലും നല്ലതല്ലേ എന്നൊരു ഭാവവും. 

''നമുക്ക് വസ്തുവും വീടും വിറ്റാലല്ലേ അവിടെ പോകാനുള്ള കാശ് കിട്ടൂ.  മടങ്ങി വരാന്‍ കാശില്ലാതാകുമ്പോള്‍ അവര്‍ വല്ല ജയിലിലോ മറ്റോ പാര്‍പ്പിച്ചു കൊള്ളും '' 

മൂത്തവന് അത് അത്ര പിടിച്ചില്ല. 

'' അച്ഛന്റെ ഓഫീസിലെ സൊസൈറ്റിയില്‍ നിന്ന് ലോണെടുത്താല്‍ പോരെ.  അച്ഛന്  ബാങ്കിലിട്ട കാശ്  എടുക്കുന്ന വേഗത്തില്‍ അവിടെ ലോണ്‍ കിട്ടുമെന്ന് അമ്മ അപ്പുറത്തെ ആന്റിയോട് പറയുന്നത് കേട്ടല്ലോ'' 

''ലോണൊക്കെ കിട്ടും. പക്ഷേ മുമ്പ് എടുത്തത് അടച്ചുതീര്‍ക്കണമെന്നുമാത്രം"

'' അച്ഛന്റെ ലോണൊന്നും ഞാനടച്ചു തീര്‍ക്കില്ല കേട്ടോ '' ഇളയവന്‍ പെട്ടെന്ന് പറഞ്ഞു. അച്ഛന്‍ ഉണ്ടാക്കി വച്ച പ്രാരാബ്ദങ്ങള്‍ തീര്‍ക്കാന്‍ കഷ്ടപ്പെടുന്ന മകന്റെ കഥയുള്ള സിനിമ വല്ലതും അവന്‍ ഈയിടെ കണ്ടു കാണും. 

'' മിണ്ടാതിരിയെടാ'' ശ്രീമതി രംഗപ്രവേശം ചെയ്തു .  നാഗവല്ലിയുടേത് മാതിരി രൂക്ഷമായി എന്നെയൊന്ന് നോക്കി. 

'' നിങ്ങളെടയച്ഛന്‍ ഒരിടത്തും കൊണ്ടുപോവില്ല.  ഈ കാട്ടൂമൂലയില്‍ കിടന്ന് നരകിച്ചു മരിക്കാനാണ് എന്റെ വിധി '' 

അവള്‍ ശകാരം തുടങ്ങി.

തുച്ഛ വരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥന്റെ പൊല്ലാപ്പ് ആരറിയാന്‍.         അപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു. 

'' ഹലോ, സാര്‍; അഭിഷേകിന്റെ വീടാണോ ''

'' അതെ ഞാന്‍ അവന്റെ അച്ഛനാണ് '' 

'' സര്‍ അഭിഷേക് ഒരു ലക്കി കൂപ്പണ്‍ ഇട്ടിരുന്നു.  അയാള്‍ക്കാണ് സമ്മാനം കിട്ടിയത്.  അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം.  നാളെ ഉച്ചയ്ക്ക് മുമ്പ് ഓഫീസില്‍ വന്ന് സമ്മാനം കൈപ്പറ്റാന്‍ പറയണം.''  

         ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു. 

ഈശ്വരാ, ഭഗവാനേ ആ ഗിഫ്റ്റ് വൗച്ചറുകാരന്മാര്‍ക്ക് നല്ലതു വരുത്തണേയെന്ന് ശ്രീനിവാസന്‍ സ്റ്റൈലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ചാരുകസേരയിലേക്ക് വീണു.

                                                 .....................

No comments:

Post a Comment