ജഹാം സോച് വഹാം.......
- ജി.ശ്രീകുമാര്‍
(കഴിഞ്ഞ വര്‍ഷം, അതായതു 2016 -ല്‍ എഴുതിയതാണ് )
ബാലേഷന്‍
മാമന്റെ കട എന്നും രാത്രിയാണ് തുറക്കുക. പകല്‍ കൃഷിപ്പണിയൊക്കെ കഴിഞ്ഞ്
സന്ധ്യമയങ്ങിയ ശേഷം അദ്ദേഹം കടയിലേക്ക് നടക്കും. വലിയ അധ്വാനിയാണ്.
നിലമുഴുന്നതിനായി രണ്ട് വലിയ പോത്തുകളും ധാരാളം പശുക്കളും വയലുകളും
പറമ്പുമൊക്കെയുണ്ട്. കൃഷിക്കാലമായാല്‍ ഓരോ ദിവസവും പോത്തുകളെ തെളിച്ച്
കലപ്പയും തോളിലേന്തി വയലുകളിലേക്ക് പോകും. ഓരോരോ വയലായി ഉഴുതു മറിക്കും.
വയലില്‍ ഉഴുതു കൊണ്ട് നടക്കുമ്പോള്‍ ഞാന്‍ അതുവഴിയെങ്ങാനും പോകുന്നത്
കണ്ടാല്‍ ഉറക്കെ വിളിക്കും.
കൊമരാ..........
ഞാനടുത്തു ചെല്ലും.
കൊമരാ നീ പോയി കുറച്ച് മാങ്ങാക്കറിയും വെള്ളവും കൊണ്ടുവാ.
ഒരു
കിണ്ണത്തില്‍ കടുമാങ്ങാ അച്ചാറും വലിയ ഒരു മൊന്തയില്‍ നിറയെ വെള്ളവും
കൊണ്ട് ചെല്ലുമ്പോള്‍ അത് വാങ്ങി അച്ചാര്‍ വായിലേക്ക് കുടഞ്ഞ് മടമടാന്ന്
വെള്ളം മുഴുവന്‍ കുടിക്കും. എന്നിട്ട് പറയും.
'ഇത് മൂക്കില്‍ വലിക്കാനല്ലേ ഉള്ളൂ'.
മാമനെന്ന് പറഞ്ഞാല്‍ എന്റെ അമ്മയുടെ ആങ്ങളയൊന്നുമല്ല. വകയിലൊരമ്മാവന്‍ അത്ര തന്നെ.
ബാലേഷന്‍
മാമന്റെ കട അന്തിക്കടയാണെങ്കിലും എല്ലാവിധ പലവ്യഞ്ജനങ്ങളും ഉണ്ടാവും.
പക്ഷേ ഞങ്ങള്‍ക്ക് പറ്റുപടിയായതിനാല്‍ റെഡി കാശുള്ളവരെ മുഴുവന്‍
പറഞ്ഞയച്ചിട്ടേ ഞങ്ങളുടെ തുണ്ട് എടുക്കുകയുള്ളൂ. ഏഴു മണിക്ക് തന്നെ
കടയിലെത്തിയാലും ഒമ്പതരമണിയ്‌ക്കെത്തിയാലും സാധനങ്ങള്‍
കിട്ടിക്കഴിയുമ്പോള്‍ പത്തു മണി കഴിയും. മാസത്തില്‍ ഒന്നോ രണ്ടോ തവണ
മാത്രമേ കടയില്‍ പോവേണ്ടതുള്ളൂ. പാഠപുസ്തകം വായനയും പഠിത്തവും എനിക്ക്
ഭയങ്കര ഇഷ്ടമായതിനാല്‍ കടയില്‍ പോകേണ്ട ദിവസം സന്ധ്യയാകുമ്പോഴേ തന്നെ ഞാന്‍
കടയിലേക്ക് പുറപ്പെടും. ചിലപ്പോള്‍ അനുജനും കൂടെയുണ്ടാവും. കടനടയില്‍
വെടിവട്ടം പറഞ്ഞിരിക്കാന്‍ ഒത്തിരിപേരുണ്ടാവും. അവരുടെ വെടിത്തമാശകള്‍
കുറച്ചു മാത്രമേ എനിക്ക് മനസിലാകുമായിരുന്നുള്ളൂ. എങ്കിലും ഉള്ളതാവട്ടെ
എന്ന് കരുതി ഞാന്‍ കാത് കൂര്‍പ്പിച്ചിരിക്കാറുണ്ട്. ടെലിവിഷം
ജീവിതത്തിന്റെ ഭാഗമായിട്ടില്ലാത്ത കാലമായതു കൊണ്ട് പണിയില്ലാത്ത
ചെറുപ്പക്കാരുടെ ഒത്തുചേരലും അവിടെയായിരുന്നു.
മുളക്,
മല്ലി, മഞ്ഞള്‍, വെന്തയം, മശാല്‍, കായം, പരിപ്പ്, പയര്‍.... ഇങ്ങനെയൊരു
പതിവ് ലിസ്റ്റ് അച്ഛന്‍ എഴുതിവച്ചിട്ടുണ്ടാവും. ഏതെങ്കിലും സാധനം
വാങ്ങിയതില്‍ മിച്ചമിരിപ്പുണ്ടോ. ഏതെങ്കിലും കൂടുതലായി വേണോ എന്നൊന്നും
നോക്കാറില്ല. ലിസ്റ്റ് എനിക്ക് കാണാപാഠമായിരുന്നു. ലിസ്റ്റില്‍ ഒരു
സാധനവും വിട്ടുപോവാറില്ല. പക്ഷേ പറ്റുപടി തീര്‍ത്ത് കാശ് കൊടുക്കുന്നതു
മാത്രം എല്ലായ്‌പ്പോഴും വിട്ടുപോകാറുണ്ട്. ഞങ്ങള്‍ ചുറ്റിവളഞ്ഞ് വകയില്‍
ബന്ധുക്കള്‍ ആയതിനാല്‍ കാശ് കൊടുത്തു തീര്‍ക്കാന്‍ വൈകിയാലും സാധനങ്ങള്‍
കടം തരാന്‍ മാമന്‍ തയ്യാറാകാറുണ്ട്. കാശ് അടുത്ത മാസം പത്താം തീയതിക്ക്
മുമ്പ് കിട്ടിയില്ലെങ്കില്‍ കൊമരാ നിന്റച്ഛന് ശമ്പളം കിട്ടിയില്ലേ എന്ന്
ചോദിക്കും. അത്ര തന്നെ ഞാനൊന്നും മിണ്ടില്ല.
കഴുത്തിന്
പിടിച്ച് ഇടത്തും വലത്തും തിരിച്ചാല്‍ ചിലപ്പോള്‍ മാത്രം കത്തുന്ന ഒരു
ടോര്‍ച്ച് ലൈറ്റുമായാണ് ഞങ്ങള്‍ കടയിലേക്ക് പോകുന്നത്. അതിന്റെ പിന്നില്‍
അച്ഛന്‍ ഇട്ടു വയ്ക്കുന്ന പത്തു പൈസ നാണയം പലപ്പോഴും നാരങ്ങ മിഠായി ആയി
മാറുന്നത് കൊണ്ട് ചില സമയത്തും അതിന്റെ പിന്നാമ്പുറത്ത് കിഴുക്കണം
അല്ലെങ്കില്‍ ഇടിക്കണം. കടയിലേയ്ക്കുള്ള വഴി തോട്ടിലുള്ള തെങ്ങിന്‍
തടിപ്പാലവും വയലും പറമ്പും ഒക്കെ കടന്നിട്ടാണ്. പക്ഷേ ഞങ്ങള്‍ക്ക്
കണ്ണുമടച്ച് നടന്നു പോകാവുന്നത്ര പരിചയമുള്ള വഴിയായതിനാല്‍ ടോര്‍ച്ച്
തെളിക്കാറേയില്ല. തോട്ടിലെ പാലം ചില വിരുതന്മാര്‍ പലപ്പോഴും
മാറ്റിക്കളയാറുണ്ട്. പിന്നെ തോട്ടിലിറങ്ങി നടന്നുകയറണം. നാട്ടില്‍
എന്തെങ്കിലും വിശേഷം, പ്രത്യേകിച്ച് കല്യാണമോ മറ്റോ ഉണ്ടെങ്കില്‍ അവിടെ
പാലം വീണ്ടും പ്രത്യക്ഷപ്പെടും.
അമ്മൂമ്മയുടെ
കഥകളിലെ കഥാപാത്രങ്ങള്‍ അവിടെങ്ങാനും ഉണ്ടായാലോ എന്നൊരു ഭയം രാത്രി
സഞ്ചരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും എന്നെ അലട്ടിയിരുന്നു. അനുജന്‍
കൂടെയുള്ളത് എനിക്ക് ധൈര്യം പകര്‍ന്നിരുന്നു. അവന്റെ മുന്നില്‍ ധീരനായി
അഭിനയിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു. രാത്രി ചൂട്ടും കത്തിച്ച്
മാനത്തു കൂടി പറന്നുപോകുന്ന യക്ഷിമാര്‍ കഥയിലുള്ളതുകൊണ്ട് ഞാന്‍ രാത്രി വഴി
നടക്കുമ്പോള്‍ മാനത്തേയ്‌ക്കൊന്നും നോക്കാറില്ല. പനയുള്ള ഭാഗത്തേയ്ക്കും
നോക്കാറില്ല. വെറുതെ എന്തിനാ ഉള്ള ധൈര്യം കളയുന്നത്. മാനത്തൂടെ
കത്തിപോകുന്നത് യക്ഷിയല്ല ഉല്‍ക്കയാണെന്നൊക്കെ ക്ലാസില്‍ കേട്ടതിന്റെ
ബലത്തില്‍ ഞാന്‍ അമ്മൂമ്മയോട് തര്‍ക്കിക്കാറുണ്ടെങ്കിലും എനിക്ക്
സാറിനേക്കാള്‍ വിശ്വാസം അമ്മൂമ്മയെയായിരുന്നു.
അങ്ങനെ കടയില്‍ പോവേണ്ട
ദിവസം വന്നു. നീണ്ട ലിസ്റ്റുമെടുത്ത് ടോര്‍ച്ചും സഞ്ചികളും മറ്റുമായി ഏഴ്
മണിക്ക് തന്നെ ഞാന്‍ കടയില്‍ പോകാനിറങ്ങി. അനുജന്‍ വരുന്നില്ലെന്ന
ഞെട്ടിക്കുന്ന വാര്‍ത്ത ഞാനപ്പോഴാണ് കേട്ടത്. അവന് ഇംപോസിഷന്‍
എഴുതാനുണ്ടത്രേ. ആയിരത്തോട് വളരെ ഇഷ്ടമുള്ള സാറാണ്. ആയിരം പ്രാവശ്യമാണ്
ഇംപോസിഷന്‍ കൊടുക്കാറ്. പഠിത്തത്തില്‍ അവന്‍ എന്റെ ചേട്ടനാണ്. ഒടുവില്‍
രണ്ടും കല്‍പ്പിച്ച് ഒറ്റയ്ക്ക് കടയില്‍ പോകാന്‍ ഞാന്‍ തയ്യാറായി. വെറെ
വഴിയില്ലല്ലോ. ഒരു ധീരനായി ജനിച്ചു പോയില്ലേ. കടയില്‍ സാധനങ്ങള്‍
വാങ്ങാന്‍ വന്ന എല്ലാവരും പോയിക്കഴിഞ്ഞ ശേഷം മാമന്‍ എന്റെ കയ്യിലെ ലിസ്റ്റ്
വാങ്ങി. സാധനങ്ങള്‍ പെട്ടെന്ന് കിട്ടണേ എന്ന് ആദ്യമായി പ്രാര്‍ത്ഥിച്ചത്
അന്നാണ്. ന്യൂസ് പേപ്പര്‍ കുമ്പിള്‍കോട്ടി ഓരോരോ സാധനങ്ങള്‍
പൊതിഞ്ഞുവച്ചു. ഒടുവില്‍ എല്ലാത്തിനും വിലയിട്ട് സാധനങ്ങള്‍ സഞ്ചിയില്‍
നിക്ഷേപിച്ചു ഞാനും പോയിക്കഴിഞ്ഞ് കുറെ കപ്പലണ്ടിയും കുറച്ച് ശര്‍ക്കരയും
എടുത്ത് ഞരടിപ്പൊടിച്ച് കടത്തിണ്ണയില്‍ ബാക്കിയാരെങ്കിലും
അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെയും സല്‍ക്കരിച്ച് മാമന്‍ അങ്ങനെയിരിക്കും.
പതിനൊന്നര കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ.
അങ്ങനെ
അനുജന്‍ കൂടെയില്ലാതെ ധീരനായ ഞാന്‍ ഒറ്റയ്ക്ക് സാധനങ്ങളും തലച്ചുമടായി
വീട്ടിലേക്ക് നടന്നു. ടോര്‍ച്ചിനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഒറ്റയ്ക്ക്
പോകുമ്പോള്‍ ഉറക്കെ പാടുന്നത് പേടിക്കാതിരിക്കാന്‍ നല്ലതാണെന്ന് എന്നെ
പഠിപ്പിച്ചത് 7 ബിയില്‍ പഠിക്കുന്ന എന്റെ കൂട്ടുകാരന്‍ വേണുവാണ്.
പലപ്പോഴും സന്ധ്യ കഴിഞ്ഞ് അവന്‍ പോകുന്ന വഴിയില്‍ ആ വേണുഗാനം
കേള്‍ക്കാറുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റയോട്ടമാണ്, ഒപ്പം
പാട്ടും.
തോട്ടിലെ തെങ്ങിന്‍ തടിപ്പാലവും കടന്ന് ഇനിയൊരു പാട്ട്പാടിക്കളയാം എന്ന്
കരുതിയപ്പോഴാണ് അല്‍പ്പം ദൂരെയായി പനയൊക്കെയുള്ള ഭാഗത്തിനടുത്ത്
പറമ്പിലൊരിടത്ത് ഒരു തീക്കനാല്‍ ജ്വലിച്ച് നില്‍ക്കുന്നതും പിന്നെ അത്
താഴേക്ക് നീങ്ങുന്നതും കണ്ടത്. ഞാന്‍ സ്തബ്ധനായി നിന്നു. വീണ്ടും
ഉയര്‍ന്ന് വരുമ്പോള്‍ അതിന് ശോഭ കൂടും. വീണ്ടും കുറച്ച് താഴേക്ക് പോകും.
വടയക്ഷി വടവൃക്ഷത്തില്‍ നിന്ന് താഴേയ്ക്കിറങ്ങിയതാണോ കാളികൂളി
ചിപ്പിലപ്പൂതങ്ങളാണോ അതോ ഇനി തീച്ചാമുണ്ഡിയാണോ എന്നൊക്കെ ചിന്തിച്ച് ഞാന്‍
ഭയന്നു. ഇനിയിപ്പോള്‍ ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കാമെന്നനിക്കറിയാം.
കാലില്‍ നിന്നും മുകളിലേക്ക് റിക്ടര്‍ സ്‌കെയിലില്‍ പത്തെങ്കിലും വരുന്ന
ഒരു വിറ പടര്‍ന്ന് കയറി. തലയിലെ ചുമട് കൊണ്ടോടണോ അതോ അവിടെയിട്ടിട്ട് ഓടണോ
എന്നാലോചിക്കുന്നതിനടയില്‍ ഒരു തീക്കനല്‍ കണ്ട ഭാഗത്തേക്ക് ടോര്‍ച്ച്
തെളിയിക്കാന്‍ ഞാനറിയാതെ തന്നെ എന്റെ കൈ ധീരമായ നിലപാടെടുത്തു.
ഭാഗ്യത്തിന് അത് കത്തി.
ടോര്‍ച്ച് തെളിച്ചതും ഒരലര്‍ച്ച.
'ആരെടാ........
മോനേ, മനുഷ്യനെ തൂറാനും സമ്മതിക്കൂലേ'.
കക്കൂസില്ലാത്തതു കൊണ്ട് പറമ്പില്‍
കാര്യം സാധിക്കാനായിരുന്ന കറണ്ട് പപ്പനായിരുന്നു അത്. അദ്ദേഹത്തിന്റെ
ചുണ്ടിലെ ബീഡി എരിഞ്ഞതാണ് തീക്കനലായി എനിക്ക് തോന്നിയത്.
അയാള്‍
ചിന്തിക്കാത്തയാളാണ് എന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. എവിടെ
ചിന്തിക്കുന്നുവോ അവിടെ ശൗചാലയം. ജഹാം സോച് വഹാം ശൗചാലയ് എന്നാണല്ലോ
വിദ്യാബാലന്‍ പറയുന്നത്.
No comments:
Post a Comment