
ഇത് രാജന്റെ കഥയാണ്. രാജന്‍ ഒരു മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാണ്. പോസ്റ്റര്‍ പതിപ്പിച്ചും ചുവരെഴുതിയും മുദ്രാവാക്യം വിളിച്ചും ഒന്നും വളര്‍ന്നതല്ല. നേരിട്ട് എം.പി ( മെമ്പര്‍ ഓഫ് പഞ്ചായത്ത് ) ആവാന്‍ മത്സരിച്ച ആളാണ്. പക്ഷേ പരാജയപ്പെട്ടതു കാരണം ഇപ്പോള്‍ തോറ്റ എം.പി.മാത്രമാണ് . പണ്ട്, അതായത് മലയാളിമങ്കമാരുടെ സായാഹ്നങ്ങളിലെ നെടുവീര്‍പ്പുകളും ഏങ്ങലുകളും കുശുമ്പുകളും ആകാംക്ഷകളും ചാനലുകള്‍ കുത്തകയാക്കുന്നതിന് മുമ്പുള്ള കാലം. ഞങ്ങള്‍ കുട്ടികളുടെ ഓണാഘോഷ പരിപാടികള്‍ നടക്കുകയാണ്. രാജന്റെ വീടിന്റെ വരാന്തയിലാണ് കലാപരിപാടികള്‍. വരാന്തയില്‍ ഒരു തുണി തൂക്കി കര്‍ട്ടനാക്കി. കൂട്ടുകാര്‍ എല്ലാവരും കാഴ്ചക്കാരായി തറയില്‍ ഇരിപ്പുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നിശ്ചല ദൃശ്യമാണ് അടുത്തത്. ഞാനാണ് മഹാബലി. വാമനന്‍ രാജനും, പൊക്കത്തിലും അവന്‍ വാമനന്‍ തന്നെയായിരുന്നു. എന്റെ റോള്‍ ചക്രവര്‍ത്തിയുടേതാണല്ലോ എന്ന് കരുതിയാണ് ഞാന്‍ സമ്മതിച്ചത്. അവന്‍ വലതുകാലുയര്‍ത്തി എന്റെ തലയില്‍ വച്ച് സദസ്സിനെ അഭിമുഖീകരിച്ച് നില്‍ക്കും. ഞാന്‍ സദസ്സിന് പുറം തിരിഞ്ഞ് ഒരു കാല്‍മുട്ട് തറയിലും മറ്റേ മുട്ട് ഉയര്‍ത്തി പാദം തറയിലുമായി ഹനുമാന്‍ ശ്രീരാമന്റെ മുമ്പില്‍ തൊഴുതുകൊണ്ടിരിക്കുന്ന മട്ടില്‍ ഇരിക്കണം. അല്ലെങ്കിലും അത് അങ്ങനെയേ വരൂ. അവന്റെ ചേട്ടന്‍മാരാണ് കലാപരിപാടികളുടെ സംവിധായകര്‍. എന്നെ ചവിട്ടാന്‍ രാജന് അവസരം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ക്ലാസ്സില്‍ എനിക്ക് കിട്ടാറുണ്ടായിരുന്ന ഒരു മുന്‍തൂക്കം അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല.
പഠിക്കാന്‍ മോശമാണെങ്കിലും ഞാന്‍ സുന്ദരനാണെന്ന ഒരഭിമാനം അവനെപ്പോഴും പ്രകടിപ്പിച്ചിരുന്നു. 5 ബിയില്‍ ഞങ്ങളോടൊപ്പം പഠിക്കുന്ന രമയ്ക്ക് അവനോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് അവന്‍ തന്നെ പറഞ്ഞു പരത്തിയിരുന്നു. അത് ശരിയായിരിക്കുമെന്ന് ഞാനും കരുതി. എന്നാല്‍ അത് ശരിയായിരിക്കരുതെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
കര്‍ട്ടനുയര്‍ത്തിയതും കാണികളെല്ലാം സുരാജ് വെഞ്ഞാറമ്മൂടിന്റെ ടയര്‍ എസ്‌കേപ്പ് കണ്ടതുപോലെ ആര്‍ത്തലച്ചു ചിരിച്ചു. വള്ളിനിക്കര്‍ ധരിച്ച് ഉടുപ്പില്ലാത്ത മഹാബലിയെയും വാമനനെയും കണ്ടതിനാലാണ് അവരൊക്കെ ചിരിച്ചത് എന്നെനിക്കു തോന്നി. പക്ഷേ മഹാബലിയുടെ നിക്കറിനറെ പിന്‍ഭാഗം ഉരഞ്ഞ് മുട്ടവട്ടത്തില്‍ കീറിയിരുന്നതാണ് ചിരിക്ക് കാരണമെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. കളിക്കാന്‍ പോകുമ്പോള്‍ ധരിക്കുന്ന വള്ളിനിക്കറാണ്. മാറിയിടാന്‍ അധികമൊന്നുമില്ല. കാണുന്നിടത്തെല്ലാം നിരങ്ങി അത് തേഞ്ഞ് കീറിയതാണ്. പലപ്പോഴും നിക്കര്‍ ഉടുക്കുകയാണ് പതിവ്. കാരണം ബട്ടണ്‍സൊക്കെ എന്നോ രക്ഷപ്പെട്ടുപോയിട്ടുണ്ടാവും. വള്ളിനിക്കറായതു കൊണ്ട് എവിടെപ്പോയാലും ഏതു ബട്ടണില്ലെങ്കിലും അതങ്ങനെ കിടക്കും. ഊരിപ്പോവില്ല.
നിശ്ചല ദൃശ്യം കഴിഞ്ഞ ഉടനെ രാജന്‍ മറ്റ് കൂട്ടുകാരുടെ മുന്നില്‍ വച്ച് എന്നെ പരിഹസിച്ചു.
'' മഹാബലിയുടെ ചന്തിക്ക് പാകിസ്ഥാന്‍ വെടിവച്ചു. നിക്കര്‍ കീറി ''
അയല്‍വാസി കൂടിയായ രമയുടെ സാന്നിദ്ധ്യത്തിലായിരുന്നു കളിയാക്കല്‍ എന്നത്, എന്നെ വല്ലാതെ വേദനിച്ചു. എനിക്ക് കരച്ചില്‍ വന്നു. അപ്പോള്‍ രമ എന്റെ അരികില്‍ വന്ന് രണ്ട് തോളിലും കൈവച്ച് ആശ്വസിപ്പിച്ചു. '' സാരമില്ല വലുതാകുമ്പോള്‍ നമുക്ക് ജോലി കിട്ടുമല്ലോ ; അപ്പോള്‍ ധാരാളം പുതിയ നിക്കറും ഉടുപ്പുമൊക്കെ വാങ്ങാം. ആദ്യമായി എന്റെ മനസ്സില്‍ ലഡു പൊട്ടിയത് അപ്പോഴാണ്. അവള്‍ക്ക് എന്നോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നെ എന്റെ മനസ്സില്‍ നിറയെ പ്രേംനസീറും ജയഭാരതിയും തമ്മിലുള്ള പോലത്തെ ദൃശ്യങ്ങളായിരുന്നു.
സ്‌കൂളില്‍ നിന്ന് വന്നാല്‍ വേഷം മാറി ഒറ്റ ഓട്ടമാണ്. ചിലപ്പോള്‍ കായലിലേക്ക്, അല്ലേങ്കില്‍ രാജന്റെയോ മറ്റ് കൂട്ടുകാരുടേയോ വീടുകളിലേയ്ക്ക്. ചിലപ്പോഴൊക്കെ രമയും കൂടാറുണ്ട്. കളിക്കാനായി ഓടുന്ന വഴിക്ക്, '' അമ്മേ, ഞാന്‍ കുളിക്കാന്‍ പോണേ'' എന്ന് ഉറക്കെ ഒരു വിളിച്ചു പറയലുണ്ട്. വീട്ടില്‍ നിന്ന് സമാധാനമായി പറഞ്ഞിട്ട് ഇറങ്ങാമെന്ന് വച്ചാല്‍, '' ടാ കടയില്‍പോകാനുണ്ട്, പിന്നെ കളിക്കാം '' എന്ന് പറഞ്ഞ് ഉടക്കിടും. "അമ്മേ" എന്നു തുടങ്ങി............." പോണേ" എന്ന് പറഞ്ഞ് തീരുമ്പോഴേക്ക് ഞാന്‍ കായല്‍ തീരത്ത് എത്തിയിട്ടുണ്ടാകും.
കായല്‍ക്കരയില്‍ എത്തിയാല്‍ പിന്നെ ഒറ്റച്ചാട്ടമാണ്. നീന്തിത്തുടിച്ച്, കണ്ണൊക്കെ കഥകളിക്കാരെപ്പോലെ ചുവന്ന് ഒരു നേരമായിട്ടെ കരയ്ക്ക് കയറൂ. പോത്തുകള്‍ എന്നാണ് പലരും വിളിക്കാറ്. വെള്ളത്തിലിറങ്ങിയാല്‍ അവിടെ കിടക്കും. ഞങ്ങള്‍ ശരിക്കും തവളകളെപ്പോലെ ആയിരുന്നു. കരയിലും വെള്ളത്തിലും ജീവിക്കും. രാജന് നന്നായി നീന്താനറിയില്ല. ആഴം കുറഞ്ഞ സ്ഥലത്ത് നിന്നുള്ള പ്രകടനങ്ങളേ ഉണ്ടാവാറുള്ളൂ. എന്നാലും നീന്തലില്‍ എന്നെ തോല്‍പ്പിക്കാന്‍ ചില പരിശ്രമങ്ങളൊക്കെ അവന്‍ ചെയ്യാറുണ്ട്.
അങ്ങനെയിരിക്കെ ഒരവധി ദിവസം ഞാനും രാജനും രമയും മറ്റ് കൂട്ടുകാരുമായി കായല്‍ക്കരയിലെത്തി. നീന്തല്‍ മത്സരം അവന്‍ തന്നെ മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ്. ഞങ്ങള്‍ സമ്മതിച്ചു. നാലഞ്ചുപേര്‍ മത്സരിച്ചു. രമയും മറ്റ് ചിലരും കാഴ്ചക്കാര്‍. ഒരുമിച്ച് ചാടി മുന്നോട്ട് നീന്തി, അല്‍പ്പം കഴിഞ്ഞപ്പോള്‍ രമ എന്നെ പേരെടുത്ത് അലറി വിളിക്കുന്നത് കേട്ടാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. രാജന്‍ വെള്ളിത്തിലേക്ക് താഴ്ന്നു പോകുന്നു. അവന്‍ കൈയുയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. വെള്ളം കുറെ കുടിച്ചു. മണലെടുത്തുണ്ടായ കയമായിരിക്കും എന്ന് എനിക്ക് മനസ്സിലായി. സാധാരണ അത്രയ്ക്ക് ആഴം ഉള്ള സ്ഥലമല്ല. ഒറ്റ രാത്രി കൊണ്ട് മണലെടുപ്പുകാര്‍ സ്ഥലത്ത് കുഴികള്‍ ഉണ്ടാക്കും. ഓണപ്പരിപാടികള്‍ക്കിടയില്‍ എന്നെ പരിഹസിച്ചതു കൊണ്ട് അവനെ രക്ഷിക്കണമോ എന്ന് ഞാന്‍ ഒരു നിമിഷത്തിന്റെ ഒരംശം ആലോചിച്ചു. എന്തായാലും ഉടനെ തിരികെ നീന്തി. അവനെ പിടിച്ച് ആഴം കുറഞ്ഞ സ്ഥലത്തെത്തിച്ചു. അതുകഴിഞ്ഞ് കരയ്ക്ക് വന്നപ്പോള്‍ രമ എന്നെ അഭിനന്ദിച്ചു. '' ഞാന്‍ വിചാരിച്ചതു പോലെയല്ലല്ലോ, നീ മിടുക്കനാണല്ലോ '' രണ്ടാമത്തെ ലഡു പൊട്ടിയത് അപ്പോഴാണ് (മനസ്സില്‍). പക്ഷേ പിറ്റേന്ന് രാജന്റെ വീട്ടിലെത്തിയപ്പോള്‍ എന്നെ കണ്ടതും രാജന്റെ അമ്മൂമ്മ ആരോടോ എന്ന പോലെ '' കള്ളക്കൂട്ടങ്ങള്‍, കൊച്ചിനെകൊണ്ട് വെള്ളത്തിലിട്ടു '' എന്ന് പുലമ്പുന്നുണ്ടായിരുന്നത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.
പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴും ഞങ്ങള്‍ മൂന്നൂപേരും ഒരേ ക്ലാസില്‍ തന്നെയായിരുന്നു. രമ പഠിക്കാന്‍ മോശമല്ലായിരുന്നു. ഞാന്‍ ക്ലാസില്‍ ഒന്നാമനായി ജയിക്കണമെന്ന് എന്നെക്കാള്‍ അവള്‍ക്കായിരുന്നു ആഗ്രഹം. അങ്ങനെ ഒന്നാമനാകുമെങ്കില്‍ എനിക്കൊരു പ്രത്യേക സമ്മാനവും അവള്‍ പ്രഖ്യാപിച്ചു. എന്താണ് സമ്മാനം എന്ന് മാത്രം പറഞ്ഞില്ല. ഒടുവില്‍ അത് സംഭവിച്ചു. ഞാന്‍ ക്ലാസില്‍ ഒന്നാമനായി. സ്‌കൂളില്‍ ഒന്നാമനാകാന്‍ വേറെ ആമ്പിള്ളേരുണ്ടായിരുന്നു. രമയും ജയിച്ചു. മോഡറേഷന്‍ എന്ന ഏണിയില്‍ കയറിയിട്ടും രാജന്‍ മുകളിലെത്തിയില്ല. കള്ളക്കൂട്ടങ്ങളുടെ കൂട്ടുകെട്ട് കാരണമാണ് കൊച്ച് തോറ്റതെന്ന അവന്റെ അമ്മൂമ്മയുടെ ശകാരം എനിക്ക് വീണ്ടും കിട്ടി. അവന്റെ കൂട്ടുകാരില്‍ പ്രധാനി ഞാനായതുകൊണ്ട് കള്ളക്കൂട്ടങ്ങളില്‍ പ്രധാനിയും ഞാന്‍ തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. രമ എനിക്ക് തന്ന വാക്ക് തെറ്റിച്ചില്ല. രാജന്റെ വീട്ടിലെ തൊഴുത്തിന്റെ പുറകില്‍ വച്ച് എന്റെ കവിളില്‍ അവള്‍ ആ സമ്മാനം നല്‍കി. അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സിലും കവിളിലും ഒരു കിരുകിരുപ്പ്. മൂന്നാമത്തെ ലഡു പൊട്ടിയത് അപ്പോഴാണ്.
ഒരിക്കല്‍ മാര്‍ക്ക് കുറയുകയോ തോറ്റ് പോവുകയോ ചെയ്താല്‍ തീവണ്ടിക്ക് തലവയ്ക്കാന്‍ നടക്കുന്നവര്‍ രാജനെ കണ്ട് പഠിക്കണം. പലതവണ വീണ്ടും പരിശ്രമിച്ചെങ്കിലും രാജന് ആ കടമ്പ കടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ നിരാശനായില്ല. ശ്രമം സധൈര്യം ഉപേക്ഷിച്ചു.
പത്ര ഏജന്‍സിയും അല്‍പ്പം രാഷ്ട്രീയവുമൊക്കെയായി അവന്‍ വളര്‍ന്നു. പക്ഷേ അവനെക്കാള്‍ വേഗം വളര്‍ന്നത് അവന്റെ കുരുട്ട് ബുദ്ധിയായിരുന്നു. കുറെ വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊരു സര്‍ക്കാര്‍ ഗുമസ്ഥനായി. വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടാറുള്ള കടനടയില്‍ വച്ച് അവന്‍ എന്നെ പരസ്യമായി വെല്ലുവിളിച്ചു.
'' ഒരുദിവസം ഞാന്‍ എം.എല്‍.എയും മന്ത്രിയുമൊക്കയാവും. അന്ന് നീയൊക്കെ എന്റെ മുന്നില്‍ വന്ന് ഓച്ഛാനിച്ച് നില്‍ക്കും, നോക്കിക്കോ ''
'' രാഷ്ട്രീയക്കാരനും മന്ത്രിയുമൊക്കെയാവാന്‍ ചിലപ്പോള്‍ ഞാന്‍ വിചാരിച്ചാലും നടക്കും. പക്ഷേ ഒരു സര്‍ക്കാര്‍ ഗുമസ്ഥനെങ്കിലും ആകാന്‍ നിനക്ക് കഴിയുമോ ? അതിന് പത്താംതരം പാസ്സാവണം '' ഞാന്‍ പറഞ്ഞു. '' ആനമുക്കുന്നത് കണ്ട് ആട് മുക്കരുത് '' എന്നു കൂടി പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനു മുമ്പ് അവന്‍ രംഗത്ത് നിന്ന് അപ്രത്യക്ഷനായി.
ഒടുവില്‍ എന്റെ കല്യാണക്കാലമായി. കല്യാണം പറയാനായി, ഞാന്‍ രാജന്റെ വീട്ടിലെത്തി. രമയല്ല എന്റെ വധു. അവളെ മണ്ണും ചാരി നിന്ന ഒരു എസ്.ഐ വന്ന് കല്യാണം കഴിച്ചുകൊണ്ടു പോയി. അച്ഛനമ്മമാര്‍ കണ്ടുപിടിച്ചു തന്നെ ഒരു സാധുപെണ്ണായിരുന്നു എന്റെ വധു.
രാജന്റെ അമ്മൂമ്മ എന്നെ സ്വീകരിച്ചു. വിശേഷങ്ങള്‍ ആരാഞ്ഞു. വിവാഹക്കാര്യമൊക്കെ കേട്ടപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ടു പറഞ്ഞു.
'' രാജന് കല്യാണമൊന്നുമായില്ല. അവന് ചേരുന്ന ഒരു സുന്ദരിപ്പെണ്ണു തന്നെ വേണം". പിന്നെ ഒപ്പം ഒന്നുകൂടി പറഞ്ഞു. ക്ഷമയുള്ള പശുവിന് തെളിഞ്ഞ വെളളം കിട്ടും. ''
അവസാനം പറഞ്ഞത് എനിക്കിട്ടൊരു താങ്ങായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല
പക്ഷേ വളരെക്കാലം കഴിഞ്ഞിട്ടും രാജന് തെളിഞ്ഞ വെള്ളം കിട്ടിയില്ല. ഡിമാന്റുകള്‍ തന്നെയാണ് കാരണം. നിറംപോര, ജോലിയില്ല, പൊക്കംകുറവ്, സ്ത്രീധനം പോര, എന്തെല്ലാം കുറ്റങ്ങള്‍.
രാജന്‍ പെണ്ണ് കണ്ട് വരുമ്പോള്‍ '' നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നീ കെട്ടണ്ടടാ മോനേ, നല്ല കിണ്ണം കാച്ചിയ പെമ്പിള്ളേര് വേറെ വരും '' എന്ന് അവന്റെ അമ്മൂമ്മ അവനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു.
ഒടുവില്‍ ഒരുനാള്‍ രാജനും കല്യാണം കഴിച്ചു. കഴിപ്പിച്ചുവെന്ന് പറയുന്നതാവും ശരി. അല്‍പ്പം അകലെ നിന്നായിരുന്നു വിവാഹം. ഇന്ത്യയ്ക്ക് അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയെങ്കില്‍ രാജന് അര്‍ദ്ധ രാത്രിയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുകയായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയവും വിവാഹവും. എല്ലാം ഒറ്റ രാത്രിയില്‍ തന്നെ കഴിഞ്ഞു.
സരസിജമുഖിയാകും
പാറുപാര്‍ക്കുന്ന വീട്ടില്‍,
കതകട പതിവില്ല
പാതിരായാകുവോളം;
അവളുടെയനുജത്തി
ലക്ഷ്മിയെന്നൊരുത്തി
അതിരസികത്തി....
.......................................
ഒരു രാത്രി ആ സരസിജമുഖിയെ കണ്ട് രാജന്‍ സരസ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കെ, അവിടുത്തെ നാട്ടുകാര്‍ അവനെ തടഞ്ഞുവച്ചു. പിന്നെയുള്ള ലഡുവെല്ലാം പൊട്ടിയത് രാജന്റെ നെഞ്ചത്തും മുതുകിലുമായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം, കിട്ടിയ ലഡുവിന് പകരമായി അതിരസികത്തിയെ കല്യാണവും കഴിച്ച് മടങ്ങി. അങ്ങനെ ഒടുവില്‍ ക്ഷമയുള്ള പശുവിന് തെളിഞ്ഞവെള്ളം തന്നെ കിട്ടി.
.................
No comments:
Post a Comment