Thursday, 13 July 2017

എട്ടിന്റെ പണി 

 ( 2016 ഡിസംബറില്‍ വിരചിതമായതാണ്. ഇപ്പോഴേ ബ്ലോഗാന്‍  പറ്റിയുള്ളൂ, ക്ഷമിക്കില്ലേ)
-ജി.ശ്രീകുമാര്‍

     നവംബര്‍ ഒന്നാം തീയതി ശമ്പളം വാങ്ങിയ ശേഷം അപ്പുക്കുട്ടന്‍ എല്ലാത്തവണത്തേയും പോലെ മാസ ബഡ്ജറ്റ് തയ്യാറാക്കി. പതിവുപോലെ തന്നെ; എങ്ങുമെത്തുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ടാവും സര്‍ക്കാരിന്റെ ബഡ്ജറ്റ് പോലെ തന്നെ ; കമ്മി. ജൂണില്‍ പിള്ളേര്‍ക്ക് സ്‌കൂള്‍ തുറന്നതു മുതല്‍ കയറിത്തുടങ്ങിയ കടത്തിന്റെ ഗ്രാഫ് ഗ്രൗണ്ട് സീറോയിലെത്തിച്ചത് കഴിഞ്ഞ മാസം പി.എഫ് എടുത്തിട്ടാണ്. അതിലൊരു ചില്ലിക്കാശ് ഇനി ബാക്കിയില്ല. ശ്രീമതിക്ക് വിവാഹ വാര്‍ഷികത്തിനും പിറന്നാളിനും വാങ്ങിക്കൊടുക്കാമെന്നേറ്റി    രുന്ന ഓരോ സാരി ഇപ്പോഴും കടമായിത്തന്നെ തുടരുന്നു. 

ഇനിയിപ്പോ ഡി.എ കിട്ടുമല്ലോ അപ്പോള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് ശ്രീമതിയെ സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു അപ്പുക്കുട്ടന്‍. 

അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ് എട്ടിന്റെ പണി വന്നത്.

കാര്യങ്ങള്‍ ചക്ക കുഴയുന്നതു പോലെ കുഴഞ്ഞു. പഴയതോ, പുതിയതോ ആയ നോട്ടുകളൊന്നും അധിക ദിവസം കയ്യില്‍വച്ചിരിക്കുന്ന ദു:ശ്ശീലമില്ലാത്തിനാല്‍ ശമ്പളം കിട്ടിയ പാടേ തന്നെ നോട്ടെല്ലാം ഹൗസ് ലോണ്‍, പാല്‍, പലവ്യജ്ഞനം, പത്രം അങ്ങനെ പലവഴിക്ക് പിരിച്ചുവിട്ടിരുന്നു. മാസചെലവിനായി ആകെ ബാക്കിവച്ചിരുന്ന മൂവായിരം രൂപയാണെങ്കില്‍ അഞ്ഞൂറാന്‍മാരാണ് താനും. 

അത് മാറ്റിയെടുക്കാന്‍ രണ്ടുദിവസം വെയില്‍കൊണ്ടു. ഒന്നരദിവസത്തെ ലീവുണ്ടായിരുന്നതും പോയി കിട്ടി. എന്തായാലും എല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ത്തപ്പോള്‍ ഒരു സമാധാനം. 

മൂവായിരം മാറിക്കിട്ടിയ ഇരുപതിന്റെ ഒരു കെട്ടും പത്ത് നൂറുമായി നവംബര്‍ ഒരു വിധം തള്ളിവിട്ടു. പക്ഷേ അപ്പോഴാണ് ഡിസംബറിലെ ശമ്പളം മുഴുവനായും കിട്ടില്ലെന്ന് കേട്ടത്. ഒന്നാം തീയതി തന്നെ കാശ് കൊടുക്കേണ്ടവരോടൊക്കെ എന്തു പറയും എന്നോര്‍ത്തപ്പോള്‍ നവംബര്‍ എട്ടിന് എട്ടുമണിക്കുള്ള വാര്‍ത്ത കേട്ടപ്പോഴുണ്ടായ ആവേശമൊക്കെ തണുത്തുറഞ്ഞു.

മൂത്ത സന്തതി സൈക്കിള്‍ വാങ്ങിക്കൊടുക്കാനുള്ള കട്ട് ഓഫ് ഡേറ്റ് പറഞ്ഞിരിക്കുന്നത് ക്രിസ്മസ് വെക്കേഷന് സ്‌കൂള്‍ അടയ്ക്കുന്ന ദിവസമാണ്. ഓഫീസിലാണെങ്കില്‍ പെന്‍ഷന്‍ പിരിവ്, സസ്‌പെന്‍ഷന്‍ പിരിവ്, കല്യാണം, പാലുകാച്ച് എന്നുവേണ്ട സര്‍വ്വത്ര പിരിവ്. ഞായറാഴ്ചയായാലോ, വല്ല അണ്ടര്‍ഗ്രൗണ്ടിലും പോയി ഒളിച്ചിരിക്കുന്നതാണ് നല്ലത്. സകല അമ്പലവാസികളും പിരിവിനായി നീക്കിവച്ച ദിവസമാണ് ഞായര്‍. അവരാണെങ്കില്‍ വഴിയോരത്തുള്ള വീടുകളില്‍ മാത്രമേ കയറുകയുള്ളൂ. അധികം ദൂരേയ്ക്ക് നടക്കാനൊന്നും വയ്യ. ഓട്ടോയിലോ ബൈക്കിലോ വന്ന്, കണ്ടാല്‍ നിവൃത്തിയുള്ളവരാണെന്ന് തോന്നുന്ന കുറെ വീടുകളില്‍ മാത്രം കയറും. ഒരുവിധം കാശൊത്താല്‍ പിന്നെ അടുത്ത ഞായറാഴ്ച. അദ്ധ്വാനം കുറവ് പ്രതിഫലം കൂടുതല്‍. 

'' ഡിസംബര്‍ മാസത്തെ പതിവ് സിനിമ കാണലൊന്നും ഇത്തവണ നടക്കുമെന്ന് തോന്നുന്നില്ല '' നവംബറിന്റെ അവസാനദിവസം ശ്രീമതിയോട് വളരെ രഹസ്യമായി അപ്പുക്കുട്ടന്‍ പറഞ്ഞു. ജനഗണമന വീട്ടിലിരുന്ന് പാടിയാലും മതിയല്ലോ എന്ന് സമാധാനിക്കുകയും ചെയ്തു. പക്ഷേ അവളത് ഉറക്കെത്തന്നെ വിളംബരം ചെയ്തു. 

'' എന്താ മനുഷ്യാ.. നീങ്ങളീ പറയുന്നത് ; എത്രകാലമായി തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടിട്ട്, പുറത്തിറങ്ങി എന്തെങ്കിലും കഴിച്ചിട്ട് ; നിങ്ങള്‍ക്ക് മാത്രം എന്താ ഇത്ര ദാരിദ്ര്യം ; വീടുവയ്ക്കാനെന്നും പറഞ്ഞ് എന്റെ അച്ഛന്‍ തന്നെ സ്വര്‍ണ്ണം മുഴുവനും വിറ്റുതുലച്ചില്ലേ. അടുത്ത വീട്ടിലെ രാജപ്പണ്ണന്‍ എത്ര അടിച്ചുപൊളിച്ചാ ജീവിക്കുന്നത്. ഈ മാസം തന്നെ അവര്‍ രണ്ട് സിനിമയാ കണ്ടത്, അറിയാമോ'' ശ്രീമതി കത്തിക്കയറുകയാണ്. '' ആ പുലിമുരുകനെങ്കിലും കാണണമെന്ന് കരുതിയിരുന്നതാ '' . 

'' രാജപ്പന് ശമ്പളമല്ലാതെ വല്ലതുമൊക്കെ കിട്ടുന്നുണ്ടാവും, അതുപോലാണോ എനിക്ക് '' 

അപ്പുക്കുട്ടന്‍ പതിയെ മുരണ്ടു. 

'' നിങ്ങള്‍ അയാളെക്കാള്‍ കൂടിയ ഉദ്യോഗസ്ഥനാണെന്നാണല്ലോ പറഞ്ഞത് ''  

അവള്‍ തിരിച്ചടിച്ചു. 

'' കീഴത്തെ സരോജിനി 2 രൂപയുടെ റേഷനരി വാങ്ങി 13 രൂപയ്ക്ക് നമുക്ക് വില്‍ക്കുന്നതു കൊണ്ടാ ഇവിടെ എന്നും ചോറുണ്ണാന്‍ കഴിയുന്നത്. നമുക്ക് അരിയും ഗോതമ്പും ഒന്നുമില്ലല്ലോ ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ '' 

അവള്‍ക്ക്  ' കലിപ്പ് '  തീരുന്നില്ല. 

'' ഗള്‍ഫ്കാരന്റെ ആലോചന വിട്ടുകളഞ്ഞത് അബദ്ധമായി. അതു മതിയെന്ന് അച്ഛനോട് ഞാന്‍ പറഞ്ഞതാ. വരാനുള്ളത് വഴിയില്‍ തങ്ങുമോ ''  അവള്‍ നിര്‍ത്തുന്നില്ല. 

'' ഞാനിതു മതിയാക്കി വല്ല കൂലിപ്പണിക്കും പോയാലോ എന്നാ ആലോചിക്കുന്നത് '' 

അപ്പുക്കുട്ടനും വിട്ടില്ല. 

'' ഒരു പിടുത്തവും ഇല്ലാതെ ദിവസവും 700 രൂപ കിട്ടും. ഉടുപ്പ് അലക്കി തേയ്ക്കണ്ട, ചെരുപ്പ് വാങ്ങണ്ട. ബസ് കൂലി വേണ്ട ; നിനക്കും കയറ് പിരിക്കാന്‍ പോകാം. ഉച്ചവരെ മതി, രൂപ 320 കൈയ്യില്‍. ഉച്ചയ്ക്ക് വന്നിട്ട് മുടങ്ങാതെ പരസ്പരവും ഈറന്‍ നിലാവുമൊക്കെ മാറിമാറി കാണുകയും ചെയ്യാം. അല്ലെങ്കില്‍ തൊഴിലുറപ്പിന് പോകാം. അല്ലാതെ ഇനി സര്‍ക്കാരുദ്യോഗം കൊണ്ടൊന്നും കാര്യമില്ല. പെന്‍ഷനുമില്ല '' 

ഭാര്യയ്ക്ക് അപ്പുക്കുട്ടന്‍ പറഞ്ഞത് അത്ര പിടിച്ചില്ല. 

എന്തൊക്കെയാണെങ്കിലും കൂലിപ്പണിക്കാരന്റെ ഭാര്യ എന്ന് പറയുന്നത് കുറച്ചിലാ. വേവിച്ചു കഴിക്കാന്‍ ഒന്നുമില്ലെങ്കിലും സര്‍ക്കാരുദ്യോഗസ്ഥന്റെ ഭാര്യ എന്ന് പറയുന്നത് ഒരു അന്തസ്സല്ലേ എന്നവള്‍ വിചാരിച്ചു കാണും. 

അപ്പുക്കുട്ടന്‍ കൂലിപ്പണിക്ക് പൊയ്ക്കളയുമോ എന്നവള്‍ ഒരു നിമിഷം സംശയിച്ചെന്ന് തോന്നുന്നു. അതുകൊണ്ടാവും ; അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

'' എന്നാ ഇവിടെ ദാരിദ്ര്യം ഒഴിയുന്നത് എന്നും ഒരു പപ്പായ തോരന്‍ ; അത് പിള്ളേര്‍ക്കിനി വേണ്ടെന്ന്'' 

'' എടീ പപ്പായ ആകുമ്പോള്‍ എന്‍ഡോസള്‍ഫാനെ പേടിക്കണ്ട. എന്തെല്ലാം ഗുണങ്ങളാണെന്നോ പപ്പായയ്ക്ക്. ഇന്നത്തെ പച്ചക്കറി മുഴുവനും വിഷമാ. മീനിലാണെങ്കില്‍ അമോണിയ '' 

'' അതിനിനി ഇവിടെ പപ്പായ പോലും ബാക്കി ഇല്ല ''  അവള്‍ പറഞ്ഞു. 

'' പിന്നെ, ഇളയവന്റെ പിറന്നാളാ മറ്റന്നാള്‍. അവനേതോ ഫോറസ്റ്റ് കേക്ക് വേണമെന്നാ പറയുന്നത്'' 

'' ഏതോ ഫോറസ്റ്റ് അല്ലമ്മേ ബ്ലാക്ക് ഫോറസ്റ്റ് '' ഇളയ സന്തതി പെട്ടെന്ന് രംഗപ്രവേശം ചെയ്തു. 

പക്ഷേ, അപ്പുക്കുട്ടന്‍ വീണ്ടും മൗനത്തിലേക്ക് പോയി. 

'' ക്രിസ്മസ്സിനു പോലും ഒരു കേക്ക് വാങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല ; അയാള്‍ മനസ്സില്‍ പറഞ്ഞു. '' പിന്നാ ബ്ലാക്ക് ഫോറസ്റ്റ് '' 

ശമ്പളം മുഴുവന്‍ കയ്യില്‍ കിട്ടിയാലും മാസച്ചെലവ് താങ്ങുന്നില്ല. അപ്പോഴാണ് മുഴുവന്‍ തുകയും കിട്ടില്ലെന്ന് പറയുന്നത്. എന്തായാലും ഡിസംബര്‍ ഒന്നാം തീയതി രാവിലെ തന്നെ അപ്പുക്കുട്ടന്‍ ട്രഷറിയിലെത്തി. ടോക്കണ്‍ വളരെ പെട്ടെന്ന് തന്നെ കിട്ടി. കാശ് എപ്പോള്‍ കിട്ടുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഇടയ്ക്ക് പോയി നോക്കിയെങ്കിലും കിട്ടിയില്ല. ഒടുവില്‍ വൈകുന്നേരം വീണ്ടും ട്രഷറിയില്‍ ചെന്നിട്ടും ഒന്നും കിട്ടിയില്ല. വീട്ടില്‍ പോകാന്‍ ബസ് കൂലിക്ക് പോലും കാശില്ലല്ലോ ; പക്ഷേ അപ്പുക്കുട്ടന്‍ ബാഗില്‍ പരതി കുറെ നാണയങ്ങള്‍ തപ്പിയെടുത്തു. എല്ലാംകൂടി 27 രൂപയുണ്ട്. മതി ; ഒരു പോയിന്റ് നേരത്തെയിറങ്ങി നടന്നാല്‍ വീട്ടിലെത്താം. നാളെ എന്തായാലും റിസര്‍വ്വ് ബാങ്ക് കനിയാതിരിക്കില്ല. 

അടുത്ത ദിവസം ഭാര്യ കാശ് സൂക്ഷിക്കുന്ന ഭരണിയില്‍ കയ്യിട്ട് അതില്‍ ആകെയുണ്ടായിരുന്ന 30 രൂപ അടിച്ചു മാറ്റിക്കൊണ്ട് അതിരാവിലെ തന്നെ അയാള്‍ ട്രഷറിയിലെത്തി. കറന്‍സി കുറവാണ്, എണ്ണായിരം രൂപ വീതമേ തരാന്‍ കഴിയുകയുള്ളുവെന്ന് ട്രഷറി ഓഫീസര്‍ അറിയിച്ചു. അയാള്‍ക്ക് വല്ലാത്ത ദേഷ്യം വന്നു. എന്നാല്‍ രാജ്യദ്രോഹിയാകണ്ടല്ലോ എന്ന് കരുതിയതുകൊണ്ട് മാത്രം അയാള്‍ മൗനം പാലിച്ചു. ഉള്ളതാവട്ടെ എന്ന് കരുതി അതു വാങ്ങി. ഭാഗ്യത്തിന് അന്ന് ഓഫീസിലെ പിരിവുകാരൊന്നും വന്നതേയില്ല. പക്ഷേ മൂന്നാം തീയതിയോടെ തന്നെ എണ്ണായിരവും തീര്‍ന്നു. കടം വീട്ടാനാണെങ്കില്‍ ഇനിയും ഒരുപാട്, ലോണടവും ബാക്കി;  പറ്റുപടിയും വേറെയും. കയ്യില്‍ ആകെ അവശേഷിച്ചത് നൂറ് രൂപ മാത്രം. നൂറ് രൂപ നോട്ടിനൊക്കെ ഇപ്പോള്‍ വലിയ ഗമയാണ്. തിങ്കളാഴ്ച ഓഫീസില്‍ പോകുമ്പോള്‍ ബാക്കി ശമ്പളം കിട്ടുമായിരിക്കും. അപ്പുക്കുട്ടന്‍ ചിന്താവിഷ്ടനായി. കടം വാങ്ങാന്‍ പോലും ആരുടെ കയ്യിലും കാശില്ല. ഉള്ളവന്റെ കയ്യില്‍ രണ്ടായിരത്തിന്റെ നോട്ടുകളാണ്. അത് ചില്ലറയാക്കാന്‍ അവര്‍ക്കും താല്‍പ്പര്യമില്ല. കണ്ട തെണ്ടികള്‍ക്ക് കടം കൊടുക്കുകയും വേണ്ടല്ലോ എന്ന് കരുതിയിട്ടുണ്ടാവും. 

നാളെ ഞായറാഴ്ചയാണല്ലോ. പത്രക്കാരന്‍ രാവിലെ വരും, പാല്‍ക്കാരന്‍ വരും. എങ്ങോട്ടെങ്കിലും പൊയ്ക്കളഞ്ഞാലോ എന്നായി അപ്പുക്കുട്ടന്‍. പുറത്തിറങ്ങിയാല്‍ അതിലും ചെലവാണ്. മിണ്ടാതെ വീട്ടിലിരിക്കാം. കാശ് കൊടുക്കാനുള്ളവരോട് എന്തെങ്കിലും അവധി പറയാം. 

'' വൈകിട്ടെന്താ പരിപാടിക്കാര്‍''  വിളിച്ചിട്ടുണ്ട്. മാസത്തിലെ ആദ്യ ഞായറാഴ്ച ആണല്ലോ. 

പക്ഷേ അതിനും തുട്ടിടണമല്ലോ ; അതുകൊണ്ട് അപ്പുക്കുട്ടന്‍ ആ പരിപാടിക്കും പോകുന്നില്ല എന്ന് തീരുമാനിച്ചു. പിശുക്കന്‍, അര്‍ക്കിസ് അപ്പു എന്നൊക്കെ അവര്‍ വീണ്ടും വിളിക്കുമായിരിക്കും. കയ്യിലുള്ള നൂറ് രൂപ കൊണ്ട് ഇനി എത്ര ദിവസം തള്ളിവിടേണ്ടി വരുമോ എന്തോ ; എങ്കിലും എല്ലാം രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോര്‍ത്ത് അയാള്‍ വീണ്ടും സമാധാനിച്ചു. 

അടുത്ത ദിവസം ഞായറാഴ്ച ആയതിനാല്‍ നേരം പുലര്‍ന്നിട്ടും എണീല്‍ക്കാന്‍ മടിച്ച് ഡിസംബറിന്റെ തണുപ്പ് ആസ്വദിച്ച് പുതപ്പിനടയിലേക്ക് അയാള്‍ ഒന്നുകൂടി ചുരുണ്ടു. 

പക്ഷേ ശ്രീമതി കുലുക്കിയുണര്‍ത്തി. 

'' അതേയ്, ചായ കുടിയ്ക്കണ്ടേ ; 

'' വേണം '' 

'' എന്നാലേ, ഇവിടെ പാലില്ല '' 

'' അതെന്താ, പാല്‍ക്കാരന്‍ വന്നില്ലേ '' 

'' അയാള്‍ക്ക് രണ്ടു മാസത്തെ കാശ് കൊടുക്കാനില്ലേ, അത് കൊടുത്തിട്ടേ ഇനി പാല്‍ കിട്ടുകയുള്ളൂ''  

എന്നാലും വിളിച്ചുണര്‍ത്തി ചായ ഇല്ല എന്ന് പറയേണ്ട കാര്യമുണ്ടോ. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാവും ഈ ജന്മത്തില്‍ ഭാര്യമാരാവുന്നത്. എന്നയാള്‍ ഉറപ്പിച്ചു. 

'' പാലില്ലെങ്കില്‍ കട്ടന്‍ മതി. ഇപ്പോള്‍ എല്ലായിടത്തും കുളമ്പ് രോഗമാ. പാല്‍ എങ്ങനെ വിശ്വസിച്ചു കുടിക്കും '' 

''  ദേ പിന്നേം തുടങ്ങി നക്കിത്തനം. നിങ്ങള്‍ക്ക് ചായ വേണ്ടെങ്കില്‍ കുടിക്കണ്ട. ഞങ്ങള്‍ക്ക് ചായയും പാലുമൊക്കെ വേണം ''  അവള്‍ കടുപ്പിച്ചു. 

''  ഇനി കുറച്ചു ദിവസത്തേയ്ക്കിവിടെ കട്ടന്‍ മാത്രമേയുള്ളൂ. അയാളും കടുപ്പിച്ചു ; മനസ്സില്‍. എന്നിട്ട് കയ്യിലാകെയുള്ള നൂറ് രൂപയെ മാത്രം മനസ്സില്‍ ധ്യാനിച്ച് തിരിഞ്ഞു കിടന്നു. പക്ഷേ പോയ ഉറക്കം ആന പിടിച്ചാലും തിരികെ വരില്ലല്ലോ. ഒടുവില്‍ എണീറ്റ് കട്ടനും മോന്തി അയാള്‍ പത്രം വായന തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ കോളിംഗ് ബെല്ലടിച്ചു. അപ്പുക്കുട്ടന്‍ ഒന്ന് ഞെട്ടി. 

പിരിവുകാരാവരുതേ എന്ന് മനസ്സില്‍ ധ്യാനിച്ചു കൊണ്ട് വാതില്‍ തുറന്നു. പക്ഷേ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. ദൈവത്തിന്റെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നവരോടായിരിക്കുമല്ലോ ദൈവത്തിനു സ്‌നേഹം. വലിയ കളര്‍ പേജുകളില്‍ വിപുലമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയ ഉഗ്രന്‍ നോട്ടീസ് പുസ്തകം. നോട്ടീസ് വായിച്ചു. ഇതേത് അമ്പലം എന്ന മട്ടില്‍ അപ്പുക്കുട്ടന്‍ ഒരു ചോദ്യചിഹ്നം പോലെ നിന്നത് കണ്ട് അവര്‍ ഉടന്‍ വിശദീകരിച്ചു. 

'' നമ്മുടെ കച്ചേരിനടയിലെ അമ്പലമാണ്. സമൂഹവിവാഹമൊക്കെ നടത്തുന്ന അമ്പലാണ് '' 

പക്ഷേ അയാള്‍ ഇതുവരെ അങ്ങനെയൊരമ്പലത്തെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. പുതുതായി തുടങ്ങിയതാവും. പെട്ടിക്കട തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാണല്ലോ അമ്പലം തുടങ്ങാന്‍. ഇത്രയും വലിയ പുസ്തകമൊക്കെ തന്നിട്ട് എന്തെങ്കിലും കൊടുക്കാതിരിക്കാനും വയ്യ. അപ്പുക്കുട്ടന്‍ ആത്മഗതം നടത്തി. 

'' ഒരു ഇരുപത് രൂപ എഴുതിക്കോളൂ '' 

''  അതെന്താ സാര്‍, അങ്ങനെ ; സാര്‍ ഞങ്ങളെ തീരെ വിലകുറച്ചു കാണരുത്. സാറിനെപ്പോലുള്ളവര്‍ 500 രൂപയെങ്കിലും തരേണ്ടതാണ്. പാവപ്പെട്ട എത്ര പേരുടെ വിവാഹമാണ് അവിടെ നടത്തുന്നതെന്ന് അറിയാമോ. സാറിനെപ്പോലുള്ളവര്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ ഇതൊക്കെ എങ്ങനെ നടക്കും. സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ സാര്‍. '' അയാള്‍ ഒരു പ്രഭാഷണത്തിനുള്ള പുറപ്പാടാണ്. 

'' ഒരു വിവാഹം നടത്തിയതിന്റെ പാടാണ് താന്‍ അനുഭവിക്കുന്നത്. എന്നിട്ടാണിവര്‍ സമൂഹവിവാഹം നടത്താന്‍ പോകുന്നത്. മനുഷ്യര്‍ സമാധാനത്തോടെ ജീവിക്കുന്നത് ഇവന്മാര്‍ക്ക് തീരെ പിടിക്കുന്നില്ല '' അയാള്‍ മനസ്സില്‍ പറഞ്ഞു. 

ഒടുവില്‍ അമ്പത് രൂപ കൊടുക്കാന്‍ അയാള്‍ക്ക് സമ്മതിക്കേണ്ടി വന്നു. പക്ഷേ ഇനി വരുമ്പോഴേ കാശ് തരുകയുള്ളൂ. അയാള്‍ പറഞ്ഞു. 

'' ഈ 50 രൂപയ്ക്ക് വേണ്ടി ഇനിയും വരാനോ; സാറെന്താ പറയുന്നത്. കാശ് വച്ചോണ്ട് തരാതിരിക്കരുതേ ; സാര്‍ അതിങ്ങ് എടുത്തോണ്ട് വന്നാട്ടെ ''  അവര്‍ വിടുന്ന മട്ടില്ല. ഒടുവില്‍ അയാള്‍ മനസ്സില്ലാ മനസ്സോടെ അതു നല്‍കി. 

ഇനി ബാക്കി അമ്പതേ ഉള്ളൂ. ഒരു ദിവസം പോയിവരാന്‍ അതു മതി. ഇനി വീട്ടിലിരുന്നാല്‍ അപകടമാണ്. താനിവിടെ ഇല്ലെങ്കില്‍ പിരിവുകാര്‍ വരുമ്പോള്‍ '' ഇവിടെ ആളില്ല ''  എന്ന് പറഞ്ഞ് ശ്രീമതി മടക്കി അയച്ചോളും. അവള്‍ക്ക് കാശുകൊടുക്കാതെ പിരിവുകാരെ പറഞ്ഞയക്കാന്‍ നല്ല തഞ്ചമാണ്. റേഷനരിയുടെ കഞ്ഞിയും കുടിച്ചു കൊണ്ട് ഉടനെ പുറത്തേക്കിറങ്ങി നടന്നു. പുഴക്കരയിലും മറ്റും ചുറ്റിയടിച്ച് ഉണ്ണാറായപ്പോള്‍ മടങ്ങിയെത്തി. ഇരുപത് രൂപ മാത്രം കൈയ്യിലെടുത്തു വച്ചിരുന്നു. അത് ചെലവാക്കാതെ മടങ്ങിയെത്തിയതില്‍ അയാള്‍ അഭിമാനിച്ചു. 

പക്ഷേ ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങാമെന്ന് കരുതിയതേയുള്ളൂ. വീണ്ടും അതാ ബെല്ലടിക്കുന്നു. വയസ്സായ ഒരു പഴയ പച്ചക്കറി വില്‍പ്പനക്കാരിയാണ്. അപ്പുക്കുട്ടന്‍ കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ പച്ചക്കറി  വില്‍ക്കാന്‍ വന്നിരുന്ന സ്ത്രീയാണ്. ഇപ്പോള്‍ തീരെ വയ്യ. അവരെ നോക്കാനും ആരുമില്ല. വല്ലപ്പോഴും വരുമ്പോള്‍ അപ്പുക്കുട്ടന്‍ എന്തെങ്കിലും കൊടുക്കും. അത് അപ്പുക്കുട്ടന് ഒരു പ്രായശ്ചിത്തം കൂടിയാണ്. കുട്ടിക്കാലത്ത് അയാള്‍ വലിയ കുസൃതിക്കാരനായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു മടലെടുത്ത് അവര്‍ക്കിട്ട് ഒന്ന് കൊടുത്തിട്ടുണ്ട്. അവരുടെ നിലവിളി അയാള്‍ക്കിപ്പോഴും ഓര്‍മ്മയുണ്ട്. പക്ഷേ എന്തിനാണ് അവരെ തല്ലിയതെന്നു മാത്രം ഓര്‍മ്മയില്ല. അവരത് മറന്നു കാണും. അപ്പുക്കുട്ടന്‍ കയ്യിലിരുന്ന ഇരുപത് രൂപ അവര്‍ക്ക് നല്‍കി. എന്തായാലും ഓഫീസില്‍ പോകാന്‍ 30 രൂപ ബാക്കിയുണ്ടല്ലോ എന്നയാള്‍ സമാധാനിച്ചു. ഓഫീസില്‍ ചെന്നിട്ട് നൂര്‍ അഹമ്മദിന്റെ കയ്യില്‍ നിന്ന് 100 രൂപ കടം വാങ്ങാം. പക്ഷേ മേശ തുറന്ന് നോക്കിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. അതില്‍ വച്ചിരുന്ന കാശ് കാണാനില്ല. '' എടി ഇവിടെ വച്ചിരുന്ന രൂപ എവിടെ ''  അയാള്‍ ഉറക്കെ ചോദിച്ചു.

'' കിടന്ന് അലറാതെ മനുഷ്യാ. മുപ്പത് രൂപയല്ലേ ഉണ്ടായിരുന്നുള്ളൂ. അത് ആ റസിഡന്‍സുകാര്‍ വന്നപ്പോള്‍ മാസവരി കൊടുത്തു. മാസവരി കുടിശ്ശിക ഇനിയുമുണ്ടത്ര.  പക്ഷേ അവര്‍ കലണ്ടര്‍ തന്നിട്ടുണ്ട്. അതു കൊണ്ട് നഷ്ടമില്ല''  അവള്‍ക്ക് എന്തിനും ന്യായീകരണമുണ്ട്. 

നാളെ എങ്ങനെ ഓഫിസില്‍ പോകുമെന്നോര്‍ത്ത് അയാള്‍ ചിന്താവിഷ്ടനായി. ലീവ് ഇനി ഒന്നും ബാക്കിയില്ല. വെറുതെയിരിക്കാന്‍ പോലും ഇപ്പോള്‍ വലിയ ചെലവാണല്ലോ. വീട്ടിലിരിക്കാനുള്ള ചെലവ് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ ഭയമായി. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ഒരു ശരാശരി രാജ്യസ്‌നേഹിയുടെ ഹൃദയമിടിപ്പ് പരിശോധിച്ചാല്‍ അത് ഇത്ര വരുമെന്ന് അയാള്‍ക്ക് മനസ്സിലായി. 

കയ്യില്‍ കാശില്ലാതാകുന്നതിന്റെ പരിഭ്രമവും വെപ്രാളവും ഒരു ഭാഗത്ത്. സ്വന്തം അദ്ധ്വാനത്തിന്റെ കൂലിയായിട്ടു കൂടി അത് കയ്യില്‍ കിട്ടാത്തതിന്റെ നൊമ്പരം മറ്റൊരു ഭാഗത്ത്. വീട്ടിലെ ചെലവുകള്‍ നടത്താനാകാത്തതിന്റെ ബുദ്ധിമുട്ടും കടക്കാരുടെ സമ്മര്‍ദ്ദങ്ങളും ലോണുകള്‍ അടയ്ക്കാന്‍  പറ്റാത്തതിന്റെ ആകുലതയും മറ്റൊരു ഭാഗത്ത്. രാജ്യസ്‌നേഹവും രാജ്യത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നതിന്റെ അഭിമാനവും കള്ളപ്പണക്കാര്‍ മുഴുവന്‍ പിടിയിലാകുമെന്നതിന്റെ ആനന്ദവും മറ്റൊരു ഭാഗത്ത്. സമ്മിശ്ര വികാരങ്ങളാല്‍ അപ്പുക്കുട്ടന്‍ വിവശനായി. എന്തെങ്കിലും ചെയ്തു കളഞ്ഞാലോ എന്നാലോചിച്ചു. എന്തും ചെയ്യുന്ന അവസ്ഥയിലായി അയാള്‍. എന്നാല്‍ അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു രാജ്യസ്നേഹി ആയി ജനിച്ചു പോയതോര്‍ത്തു കാറ്റ് പോയ ബലൂണ്‍ പോലെ അവിടെ തന്നെ കിടന്നു.

-----------------

No comments:

Post a Comment