Veera Komara Charitham

Friday, 26 July 2019

swapnayanam -Part 1










സ്വപ്നായനം

(തിരക്കഥ)

                                       ശ്രീകുമാർ ജി









കഥാപാത്രങ്ങൾ
സ്വപ്ന - സർക്കാർ ഉദ്യോഗസ്ഥ, 38  വയസു പ്രായം.
നന്ദിനി  - സ്വപ്നയുടെ മകൾ 10 th ക്ലാസ്സിൽ പഠിക്കുന്നു.
സുകുമാരൻ നമ്പ്യാർ - സ്വപ്നയുടെ ഭർത്താവ്‌-(ഇരുവരും അകന്നു കഴിയുകയാണ്.)
സുലോചന -സ്വപ്നയുടെ അമ്മ, 65 വയസ്സ്
രഘുറാം - പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ. (കമ്മിഷണർ ഓഫീസിൽ   ജോലിചെയ്യുന്നു.)
സവിത - സ്വപ്നയുടെ കൂടെ ജോലിയുള്ള സുഹൃത്ത്.
താര -സ്വപ്നയുടെ കൂടെ ജോലിയുള്ള മറ്റൊരു  സുഹൃത്ത്.
രാഹുൽ - നന്ദിനിയുടെ സ്കൂളിൽ പ്ലസ് 2 വിൽ പഠിക്കുന്നു. തൊട്ടടുത്ത കെട്ടിടത്തിലുള്ള മറ്റൊരു ക്വാർട്ടേഴ്സിലാണ് താമസം.
മുരളി -സ്വപ്നയുടെ കാമുകനായിരുന്നു. സുമുഖനും മാന്യനുമാണ്. നാട്ടിൽ  പെയിന്റിംഗ് പണികൾ ചെയ്തു ജീവിക്കുന്നു.
രാഘവൻ നമ്പ്യാർ - സ്വപ്നയുടെ ഭർത്താവിന്റെ ബന്ധു, 50  വയസ്സ്
ഭാനുമതി - രാഘവൻ നമ്പ്യാരുടെ ഭാര്യ
മനോജ് - രാഘവൻ  നമ്പ്യാരുടെ   മകൻ, 13  വയസ്സ്
രാമചന്ദ്രൻ, മധു, ചന്ദ്രശേഖരൻ, രമേശൻ- സുകുമാരൻ നമ്പ്യാരുടെ നാട്ടിലെ സുഹൃത്തുക്കൾ
രാഘുനാഥൻ- സ്വപ്നയുടെ ഓഫീസിലെ സൂപ്രണ്ട്
രാധിക - രഘുനാഥന്റെ ഭാര്യ
രാധ - രാഹുലിന്റെ അമ്മ
വിനോദ്‌കുമാർ: രാഹുലിന്റെ അച്ഛൻ
മാധവൻ നമ്പ്യാർ: സുകുമാരൻ നമ്പ്യാരുടെ ബന്ധുവും സുഹൃത്തും
ലീല : മാധവൻ നമ്പ്യാരുടെ ഭാര്യ 

സ്വപ്നായനം- സീന്‍ - 1  (Ext)  
     (സന്ധ്യാ സമയം ) വിശാലമായ നഗരക്കാഴ്ച, വിഹഗ വീക്ഷണം. തിരുവനന്തപുരം നഗരത്തിന് നടുവിലായുള്ള സര്‍ക്കാർ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, 3,4 നില കെട്ടിടങ്ങൾ, ചില കെട്ടിടങ്ങളിൽ ലൈറ്റുണ്ട്.  പലതിലും ലൈറ്റ് തെളിയിക്കുന്നതേയുള്ളൂ.  പ്രധാന ടൈറ്റിലുകള്‍ തെളിയുന്നതിനിടയിൽ രണ്ടാം നിലയിലുള്ള തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് പടികയറി വരുന്ന സ്വപ്ന.   38 വയസ്, സാമാന്യം സുന്ദരി, വെളിച്ചക്കുറവ് കൊണ്ട് മങ്ങിയ ദൃശ്യങ്ങൾ  മാത്രം.  ചുരിദാര്‍, തോളിൽ ബാഗ്, ഓഫീസില്‍ നിന്ന് വൈകി ക്ഷീണിച്ചെത്തുന്ന ഭാവം.  ക്വാര്‍ട്ടേഴ്‌സിന്റെ വിദൂര ദൃശ്യം.  അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം ചെറിയ ശബ്ദത്തില്‍ കേള്‍ക്കാം.  സന്ധ്യയായിട്ടും കളിച്ചു മതിയാകാത്ത കുട്ടികള്‍ അവിടെയും ഇവിടെയും ഓടിക്കളിക്കുന്നു.  കുട്ടികളുടെ ബഹളവും കേള്‍ക്കാം.  ട്രെയിന്‍ കടന്നുപോകുന്ന ശബ്ദം കേള്‍ക്കുന്നു. ക്രമേണ അത് ഉച്ചത്തിലായി വരുന്നു.  ചൂളംവിളിയും കേള്‍ക്കാം. കോര്‍ട്ടിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ മറ്റൊരിടത്ത് ബാറ്റ്മിന്റൻ കളിക്കുന്ന ചെറുപ്പക്കാർ; ചില വണ്ടിക ള്‍ വരുന്നു, ചിലത് പോകുന്നു.  പുറത്ത് പ്രധാന റോഡില്‍ വാഹനങ്ങളുടെ തിരക്ക്, ഹോണ്‍, മറ്റ് ശബ്ദങ്ങൾ.
    പെട്ടെന്ന് രണ്ടാം നിലയിലുള്ള സ്വപ്നയുടെ ക്വാര്‍ട്ടേഴ്‌സിന്റെ കൈവരിയില്‍ മറിഞ്ഞ് ഒരാ ള്‍ താഴേക്ക് വീഴുന്നു.  (താഴെ നിന്നുള്ള ദൃശ്യം).  എങ്ങനെ വീണതെന്ന് വ്യക്തമാകുന്നില്ല.  ഒന്നു പിടച്ചു; പിന്നെ ചലനമില്ല. മണൽ വിരിച്ച തറ. തറയില്‍ മലര്‍ന്നാണ് കിടക്കുന്നത്.  നേരിയ വെളിച്ചം മാത്രമേയുള്ളൂ.  രക്തം വാര്‍ന്നൊഴുകുന്നു.  അതു കണ്ട് ആളുകള്‍ ഓടിക്കൂടുന്നു.  വെളിച്ചക്കുറവ് കൊണ്ട് ദൃശ്യങ്ങള്‍ വ്യക്തമല്ല.  ആരോ ചിലർ വാഹനം കൊണ്ടു വരാനായി ഓടി പോകുന്നു. ട്രെയിനിന്റെ ശബ്ദം നേര്‍ത്തു വരുന്നു.  ആകെ ബഹളം.  സ്വപ്നയുടെ  ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ  അഭിമുഖമായ മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും പ്ലസ് 2 വിദ്യാർത്ഥിയായ രാഹുൽ ഓടിയിറങ്ങി വരുന്നു. ചിലർ വീണ വ്യക്തിയെ പിടിച്ചുയര്‍ത്തിയിരുത്താൻ നോക്കുന്നു.  സ്വപ്നയും പിന്നാലെ നന്ദിനിയും (മകള്‍) ഓടിയിറങ്ങി വരുന്നു. 10th ൽ പഠിക്കുന്നേയുള്ളു എങ്കിലും ഒരു സ്ത്രീയുടെ


പൂർണത നന്ദുവിൽ ദൃശ്യമാണ്.  നന്ദു കുളി കഴിഞ്ഞ് മുടി ടവ്വൽ കൊണ്ട് ചുറ്റിക്കെട്ടി വച്ചിട്ടേയുള്ളൂ.  മിഡിയും ടോപ്പും ധരിച്ചിട്ടുണ്ട്.  ടോപ്പിലെ ചില ബട്ടൻസ് ഇളകിപ്പോയത് മറ്റുള്ളവർ അറിയാതിരിക്കാൻ കൈകൊണ്ടു പിടിച്ചിട്ടുണ്ട്.
സ്വപ്ന ഓഫീസില്‍ നിന്ന് വന്ന വേഷം മാറിയിട്ടില്ല.  സ്വപ്നയോ മകളോ നിലവിളിക്കുന്നില്ല.  കരയുന്നുമില്ല. ആകെ ഭയന്ന ഭാവം. അപ്പോഴേക്കും രാഹുലും അവിടെ എത്തി. നന്ദിനിയും രാഹുലും പരസ്പരം ആകുലതയോടെ നോക്കുന്നുണ്ട്. നന്ദുവിനോട് ആരാ,  എന്താ എന്നൊക്കെ രാഹുൽ കണ്ണുകളിലൂടെ ചോദിക്കുന്നുണ്ട്.   രാഹുലിന്റെ അച്ഛൻ വിനോദ്‌കുമാറും അവിടെ ഓടിയെത്തി. കാര്യം മനസിലാക്കി ഉടനെ പോർച്ചിൽ നിന്നും തന്റെ കാർ പുറത്തിറക്കി കൊണ്ടുവരുന്നു. പെട്ടെന്ന് ആരോ ആംബുലന്‍സ് വിളിച്ചു കൊണ്ടു വന്നു.  ആളുകള്‍ ആ വീണു കിടക്കുന്ന വ്യക്തിയെ (സ്വപ്നയുടെ ഭര്‍ത്താവ്) എടുത്ത് ആംബുലന്‍സിൽ കയറ്റുന്നു.  കൂടെ ചിലരും കയറുന്നു.  പിന്നാലെ വിനോദ്‌കുമാറിന്റെ കാറിൽ സ്വപ്നയും നന്ദിനിയും കയറുന്നു. രാഹുൽ കാറിന്റെ മുൻസീറ്റിൽ കയറുന്നു.  കുറെ സ്‌കൂട്ടറുകളിലും ബൈക്കുകളിലുമായി മറ്റു ചിലർ പിന്നാലേ പായുന്നു.  (എല്ലാം താഴെ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം). 

സീന്‍ -2 (Ext) (രാത്രി.)
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് കാഷ്വാലിറ്റിയുടെ മുന്‍ഭാഗം സമയം രാത്രി 8 മണി.  
ഒന്നാമന്‍ : ഇവിടെ വന്നപ്പോഴേ കഴിഞ്ഞത്രേ.
രണ്ടാമന്‍ : അതെനിക്കും തോന്നി.  തലയല്ലേ പൊട്ടിയത്. ചില്ലറയ്ക്കല്ലല്ലോ രക്തം പോയത്.  വണ്ടിയില്‍ കയറ്റിയപ്പോൾ തന്നെ ഒരനക്കവും ഇല്ലായിരുന്നു. 
മൂന്നാമന്‍: അയാളെന്തിനാ ഇത് ചെയ്തത് ?
ഒന്നാമന്‍ : ആവോ; എന്നാലും രണ്ടാം നിലയിൽ നിന്ന് വീണാൽ ഒരാള്‍ മരിക്കുമോ? 
രണ്ടാമന്‍ ; മദ്യപിച്ചിട്ടുണ്ടായിരുന്നു ; നല്ല മണമടിച്ചു. അതുകൊണ്ടാവും തട്ടിപ്പോയത്. 
മൂന്നാമന്‍ : ക്വാര്‍ട്ടേഴ്‌സിൽ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ എന്നാ പറഞ്ഞു കേട്ടത്.  ഇയാളെ ഞാനിതിനു മുമ്പിവിടെ കണ്ടിട്ടേയില്ല. 

നാലാമൻ: ആരാ കക്ഷി, 
ഒന്നാമന്‍: 12 സി യിലെ സ്വപ്നയുടെ ഭര്‍ത്താവ്. സ്വപ്നയും മകളും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.  അയാള്‍ നാട്ടില്‍ ബിസിനസ്സ് നടത്തുകയായിരുന്നു. 
മൂന്നാമന്‍: എന്നാലും ഇടയ്‌ക്കൊക്കെ ഇവിടെ വന്നെങ്കിൽ കാണുമായിരുന്നല്ലോ.  അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നാ ഞാൻ കേട്ടിരുന്നത്. 
രണ്ടാമന്‍: നേരത്തെ ഒരു പാട് കാലം ഗള്‍ഫിലായിരുന്നു.  പിന്നെ ജര്‍മ്മനിയില്‍.  ഇപ്പോള്‍ മടങ്ങിയെത്തിയിട്ട് കുറെ വര്‍ഷങ്ങളായി.  ഇവിടെ അധികം വരാറില്ല. 
മൂന്നാമന്‍: എന്താ അയാളുടെ പേര്. 
രണ്ടാമന്‍: സുകുമാരന്‍ നമ്പ്യാർ എന്നാ ; സുകു എന്ന് വിളിക്കും.
ഒന്നാമന്‍: ഇനിയിപ്പം മോര്‍ച്ചറിയിലേക്ക് മാറ്റുമായിരിക്കും. 
രണ്ടാമന്‍: അതേ.  നാളെ ഇനി പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞേ ബോഡി കിട്ടുകയുള്ളൂ. 

സീന്‍ 3 (Int)പകല്‍ - 11 മണി 
മരണം കഴിഞ്ഞ് മൂന്നാം ദിവസം.  രണ്ടാം നിലയിലെ ക്വാര്‍ട്ടേഴ്‌സിന്റെ നീണ്ട വീതി കുറഞ്ഞ വരാന്ത. ചുവരില്‍ “SF 2” എന്ന് എഴുതിയത് കാണാം.  വരാന്തയുടെ ഒരറ്റത്ത് കട്ടിയില്‍ മണല്‍ വിരിച്ച് അതിനു മുകളിൽ ബലിച്ചോറ് വേവിക്കാൻ അടുപ്പ് കൂട്ടിയിരിക്കുന്നു.  അതിനു മുകളില്‍ മെടഞ്ഞ ഒരു പച്ച ഓല മേല്‍ക്കൂര പോലെ കെട്ടിവച്ചിരിക്കുന്നു.  ചുടുകല്ലുകള്‍ ചെറുതായി കരിപിടിച്ചിരിക്കുന്നു.  ബലിച്ചോറ് വയ്ക്കുന്നതിനുള്ള വെങ്കലപ്പാത്രം, തുമ്പിലകള്‍, ദര്‍ഭ തുടങ്ങി ബലിയിടുന്നതിനുള്ള സാധനങ്ങൾ, ഒരു തുമ്പിലയിൽ പഴം, സാമ്പ്രാണി തിരി കത്തിച്ചതിന്റെ ബാക്കി, ഭസ്മം തുടങ്ങിയവ.  ഒരു തൂണില്‍ പട്ടും വെള്ളത്തുണിയും ഒരുമിച്ച് കെട്ടിയിരിക്കുന്നു.  ഒരു ദിവസത്തെ ബലി കഴിഞ്ഞതായി മനസ്സിലാക്കാം. സ്വപ്നയുടെ ക്വാര്‍ട്ടേഴ്‌സിന്റെ അകത്തെ മുറികളിൽ ഏതാനും ബന്ധുക്കൾ മാത്രം. 
രാഘവൻ നമ്പ്യാർ വരാന്തയിലേക്ക് ഇറങ്ങി വരുന്നു.  പരിസരം വീക്ഷിക്കുന്നു. അതേ   നിലയിലെ  അടുത്ത ക്വാർട്ടേഴ്‌സുകൾ പൂട്ടിക്കിടക്കുന്നു. ബലിയ്ക്കുള്ള സാധനങ്ങള്‍ നോക്കി.  എന്നിട്ട് അകത്തേയ്ക്ക് തിരിഞ്ഞ്) 


രാഘവൻ നമ്പ്യാർ  :നീ ഓനോട് കാര്‍ഡ് ബോര്‍ഡ് പെട്ടിയോ മറ്റോ എടുത്ത് ഈ ബലി സാധനങ്ങൾ  മൂടിവയ്ക്കാൻ പറഞ്ഞോളൂ. അല്ലെങ്കില്‍ കാക്കയോ മറ്റോ വന്ന് കൊണ്ടോവും. 
(ഭാനുമതി ( മനോജിന്റെ അമ്മ ) അല്പം കഴിഞ്ഞു പുറത്തേക്ക് വരുന്നു.) 
ഭാനുമതി: (സ്വരം താഴ്ത്തി) ഇനീപ്പോ 12 ബലിയും കഴിഞ്ഞാലല്ലേ ഓന് ഈടന്ന് പോരാനാകൂ
രാഘവന്‍ നമ്പ്യാർ: പന്ത്രണ്ടോ; ഈടെ പതിനാറെന്നാ  കണക്ക്. ഭാനുമതി: ഈടെ അങ്ങനെ കൃത്യ ചടങ്ങുകളൊന്നും ഇല്ല.  എല്ലാം ഒരു പേരിന് ; അത്ര തന്നെ
(ഇടയ്ക്ക് മനോജ് (13 വയസ്സ്) ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി കൊണ്ട് വന്ന് ബലിസാധനങ്ങൾ മൂടിവയ്ക്കുന്നു) 
(മറ്റ് രണ്ട് ബന്ധുക്കൾ കൂടി പുറത്തേക്ക് ഇറങ്ങി വരുന്നു) 
മറ്റൊരു ബന്ധു; എന്തായാലും ഒരു പന്ത്രണ്ട് ദീസമെങ്കിലും ബലിയിടേണ്ടി വരും.  ഈടെ എന്‍.എസ്.എസ് കാര് 12 ബലീ മതീന്ന് സര്‍ക്കുലർ ഇറക്കീട്ടുണ്ടത്രേ. 
ഭാനുമതി: ച്ചാലും ഓന് അത്രേം ദിവസം സ്‌കൂളിൽ  പോകാതിരിക്കാനാവ്വോ?
ബന്ധു: ബ്രാഹ്മണര്‍ക്ക് മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ  പൊല കഴിഞ്ഞു.  ഈടെ നായന്മാര്‍ക്കാണ് 16 ഉം 41 ഉം ഒക്കെ.  
രാഘവന്‍ നമ്പ്യാർ: ബാക്കി ബലി അവൻ നാട്ടിൽ ചെന്നിട്ടാവാം.
ഭാനുമതി: സഞ്ചയനം കഴിഞ്ഞാലുടൻ പോണം. സംസ്കാരവും ചടങ്ങുകളുമൊക്കെ ഈടെ മതിയെന്ന് ഓള് പറഞ്ഞിട്ടാണ്. ആടെ  ആയിരുന്നെങ്കി ഈ ബുദ്ധിമുട്ടില്ലാരുന്നു..  സുകുവിന് ഒരാൺ കുട്ടിയില്ലാത്തതു കൊണ്ടല്ലേ നമുക്കീപാട്. 
രാഘവന്‍ നമ്പ്യാർ: ഇതന്നെ എത്രവര്‍ഷം കഴിഞ്ഞാ കിട്ടിയേ.
ഭാനുമതി: ഓൻ പോയപ്പിന്നെ എപ്പങ്കിലുമൊക്കെയാ നാട്ടില്‍ വരുന്നത്.
ബന്ധു: ഗള്‍ഫീന്ന് മടങ്ങിയശേഷം ഓൻ നാട്ടില്‍  കച്ചോടമായി കഴിഞ്ഞതല്ലാതെ ഇങ്ങോട്ടൊന്നും വരാറില്ലാരുന്നു,. അല്ലേ ?
രാഘവന്‍ നമ്പ്യാർ : (ശബ്ദം കുറച്ച് ) ഓര് എന്നും കലമ്പാ യിരുന്നു.  ഈടെ വന്നാല്‍ ഓളെ ഭയങ്കര ഉപദ്രവായിരുന്നു. ഭാനുമതി : മംഗലം കയിഞ്ഞ് ആദ്യരാത്രി മൊതൽ തുടങ്ങിയതാ. ഈ കുടിച്ചോണ്ടുള്ള പരാക്രമം. ആദ്യക്കെ ഓള് കുറെ സഹിച്ചു. ഓള്‍ക്ക് പിന്നെ ജോലിയൊക്കെയായപ്പോ ഓള്‍ എതിർക്കാൻ   തുടങ്ങി. 

രാഘവന്‍ നമ്പ്യാർ: ഇങ്ങോട്ടു വരരുത്  എന്നോള്‍ പറഞ്ഞിട്ടുണ്ട്.  (മറ്റു ചിലര്‍ അവിടേയ്ക്ക് കയറി വരുന്നു.  പെട്ടെന്ന് എല്ലാരും നിശബ്ദരായി. വന്നവരെ ഉപചരിക്കുന്ന ഭാവം.  ഇരിക്കാനായി കസേരകൾ നീക്കിയിട്ടു കൊടുക്കുന്നു) 

സീന്‍- 4        (Int)
അതെ ദിവസം പകൽ  തുടർച്ച.
സ്വപ്നയുടെ ബെഡ് റൂം.  സ്വപ്ന കട്ടിലില്‍ കിടക്കുന്നു.  മകള്‍ അടുത്ത് അതേ കട്ടിലിൽ ചുവർ ചാരി കാല്‍നീട്ടിയിരിക്കുന്നു.  എല്ലാവരിലും വിഷാദ ഭാവം.  കുറെ സന്ദര്‍ശകർ മുറിയിൽ
കസേരകളിലിരിക്കുന്നു.  ഭാനുമതി വാതിലിനടുത്ത് നില്‍ക്കുന്നു.  ആരും ഒന്നും പറയുന്നില്ല. 

സീന്‍- 5 (Int) തുടർച്ച.
പകല്‍. അതെ ദിവസം
ക്വാര്‍ട്ടേഴ്‌സിലെ സ്വീകരണ മുറി 
പുതുതായി അന്വേഷിച്ചു വരുന്ന ആള്‍ക്കാരും രാഘവൻ      നമ്പ്യാരും കസേരകളിലിരിക്കുന്നു. 
രാഘവന്‍ നമ്പ്യാർ: സ്വപ്നടെ ഓഫീസിലുള്ളവരാ
ആഗതന്‍ 1 : അതെ, ചടങ്ങിന് വരാന്‍ കഴിഞ്ഞില്ല.  
രാഘവന്‍ നമ്പ്യാർ: ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു. തയ്കാട്ടേ...
ആഗതന്‍ 2: പുള്ളിക്കാരന് എന്തായിരുന്നു ജോലി. 
രാഘവന്‍ നമ്പ്യാർ: ഗള്‍ഫില്‍ ഡ്രൈവറായിരുന്നു. കൊറച്ചു  കാലം ജര്‍മ്മനിയിലും ഉണ്ടായിരുന്നു.   പിന്നെ നാട്ടില്‍ ഒരു അനാദി പീടിക  തുടങ്ങി.  അത് നടത്തി കൊണ്ട് പോവ്വായിരുന്നു. 
ആഗതന്‍ 2: കുറെ ദിവസമായോ... ഇവിടെ വന്നിട്ട്..
(ആഗതര്‍ക്ക് മനോജ് ചായ കൊണ്ടു വന്നു നല്‍കുന്നു) 
രാഘവന്‍ നമ്പ്യാർ:  ഇല്ല.  കഴിഞ്ഞയാഴ്ചയാ ഇങ്ങോട്ട് പോന്നേ.  ഒരീസം മോന്തിയക്ക് എന്നോടു വന്നു പറഞ്ഞു.  രാത്രിയിലെ വണ്ടിക്ക് തിരുവനന്തപുരത്തോട്ടു പോകുന്നൂന്ന്.  അതവസാനത്തെ യാത്രയാണെന്നറിഞ്ഞില്ല. (ദീര്‍ഘ നിശ്വാസം) 
ആഗതന്‍ 1 : നിങ്ങള്‍ അടുത്താണോ താമസം.  
രാഘവന്‍ നമ്പ്യാർ: അതെ, നടാലിലാണ്.  കണ്ണൂരിൽ,


ഓൻറെ  പീടിക കഴിഞ്ഞ് ഒരമ്പതടി കഴിഞ്ഞാൽ എന്റെ വീടായി.  ഊര്‍പഴശ്ശിക്കാവിനടുത്താണ്. ആട്ടെ, കണ്ണൂരൊക്കെ വന്നിനോ ?
ആഗതന്‍ 1: ഉവ്വ്.  തളിപ്പറമ്പിലൊക്കെ വന്നിട്ടുണ്ട്. 
രാഘവന്‍ നമ്പ്യാർ: സഞ്ചയനം ബരുന്ന വ്യാഴാ.
ആഗതര്‍ സ്വപ്നയെ മുറിയിൽ   കയറി സന്ദര്‍ശിക്കുന്നു. 
(പിന്നെ പടികളിറങ്ങി നടന്നു പോകുന്ന ദൃശ്യം.) 

സീന്‍ - 6 പകൽ (Int)
തുടർന്നുള്ള മറ്റൊരു  ദിവസം
ഒത്ത പൊക്കമുള്ള പോലീസ് ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന ഒരു വ്യക്തി പടികയറി വരുന്നു.  കയ്യിൽ ഫയല്‍.  ബ്രൗണ്‍ ഷൂസ്. കൂടെ മറ്റൊരു സഹായിയും.  രണ്ടുപേരും യൂണിഫോമിലല്ല.  സഹായി കാക്കി പാന്റ്‌സും കറുത്ത ഷൂസും ധരിച്ചിട്ടുണ്ട്.  
(പോലീസ് ഓഫീസര്‍ കൈവരി പരിശോധിക്കുന്നു.  ക്വാര്‍ട്ടേഴ്‌സ് നമ്പര്‍ ശ്രദ്ധിക്കുന്നു.  പരിസരം ശ്രദ്ധിക്കുന്നു.  അവിടെ നിന്ന് താഴെക്ക് നോക്കുന്നു) 
പോലീസ് ഓഫിസർ : (സ്വീകരണ മുറിയിലേക്ക് നോക്കി) ശ്രീമതി സ്വപ്നയുടെ ക്വാര്‍ട്ടേഴ്‌സ്,   ഇതല്ലേ ?
രാഘവന്‍ നമ്പ്യാർ : (അതെയെന്ന ഭാവത്തിൽ, കസേര ചൂണ്ടി) ഇരിക്കൂ ആരാ; കളക്ടറേറ്റിൽ  നിന്നാണോ ?
പോലീസ് ഓഫീസര്‍ : അല്ല.  ഞാന്‍ പോലീസ് കമ്മീഷണർ  ഓഫീസിൽ നിന്നാണ്.  (ഇരിക്കുന്നില്ല)
രാഘവന്‍ നമ്പ്യാർ: (അസ്വസ്ഥനായി) എന്താ. 
പോലീസ് ഓഫീസർ : മറ്റൊന്നുമല്ല.  ശ്രീമതി സ്വപ്നയുടെ ഭര്‍ത്താവ് സുകുമാരൻ  നമ്പ്യാർ മരിച്ചില്ലേ.  അതിന്റെ വിവരങ്ങള്‍ അന്വേഷിക്കാനാണ്. 
(പുറത്തേയ്ക്ക് നോക്കി കൈവരി ചൂണ്ടി) ഇവിടെ നിന്നാണോ താഴെയ്ക്ക് വീണത് (ആരും ഒന്നും മിണ്ടുന്നില്ല) 
(അതിനിടയ്ക്ക് സ്വപ്നയും മകളുമൊഴികെ അകത്തുള്ളവരൊക്കെ വാതില്‍ക്കലെത്തി.  ആശ്ചര്യത്തോടെ നില്‍ക്കുന്നു.  
പോലീസ് ഓഫീസര്‍: ശ്രീമതി സ്വപ്നയെ വിളിക്കാമോ 
രാഘവന്‍ നമ്പ്യാർ : ഓള്‍ അകത്ത് കെടക്കുവാ. ചടങ്ങൊന്നും  കയിഞ്ഞിട്ടില്ല. 
പോലീസ് ഓഫീസർ : അത് സാരമില്ല.  ഞാന്‍ അവിടെ പോയി സംസാരിച്ചോളാം. 

സീന്‍ 7 പകല്‍  (Int) തുടർച്ച
(സ്വപ്ന കട്ടിലില്‍ എണീറ്റിരിക്കുന്നു.  മകളും അടുത്തിരിക്കുന്നു.  അടുത്ത കസേരയില്‍ പോലീസ് ഓഫീസറും കൂട്ടാളിയും) മറ്റാരും മുറിയിലില്ല. 
പോലീസ് ഓഫീസര്‍ : ഞാന്‍ പോലീസ് കമ്മീഷണറുടെ ഉത്തരവു പ്രകാരം വന്നതാണ്.  
ഞാന്‍ രഘുറാം; സി.ഐ ആണ് നിങ്ങളുടെ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് ഒരു പരാതി കമ്മീഷണര്‍ക്ക് ലഭിച്ചു. 
(സ്വപ്നയുടെയും മകളുടെയും മുഖം വിളറുന്നു) 
പോലീസ് ഓഫീസര്‍ : നിങ്ങളുടെ അവസ്ഥ എനിക്കറിയാം.  ഞാന്‍ അധികം ബുദ്ധിമുട്ടിക്കില്ല.  ഏതാനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് പൊയ്‌കൊള്ളാം.  പിന്നീട് ചടങ്ങുകളൊക്കെ കഴിഞ്ഞിട്ട് സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതിന് എന്റെ ഓഫീസിൽ വന്നാൽ  മതി.  (മറ്റുള്ളവരെല്ലാം അകത്തെ സംഭാഷണം ശ്രദ്ധിക്കുന്നു.  (ഒന്നു നിര്‍ത്തിയ ശേഷം) നിങ്ങളും ഭര്‍ത്താവും പിണങ്ങിക്കഴിയുകയായിരുന്നോ ?
സ്വപ്ന : പിണക്കമൊന്നുമില്ലായിരുന്നു.  അദ്ദേഹത്തിന് നാട്ടിൽ  കച്ചവടമായിരുന്നു. 
എനിക്കിവിടെ ജോലിയായതിനാലും മോളിവിടെ പഠിക്കുന്നതിനാലുമാണ് ഞങ്ങൾ ഇവിടെ താമസിക്കുന്നത്. 
 (കൂട്ടാളികുറിച്ചെടുക്കുന്നു)
പോലീസ് ഓഫീസർ: ഇടയ്ക്ക് ഒന്നും വരാറില്ല.  അല്ലേ. 
സ്വപ്ന: അവധി കിട്ടുമ്പോള്‍ ഞങ്ങൾ അങ്ങോട്ടു പോവുകയാണ് പതിവ്. 
പോലീസ് ഓഫീസര്‍ : മകള്‍ അച്ഛനെ കാണാൻ ആവശ്യപ്പെടാറില്ലേ; 
(മകളെ നോക്കുന്നു. നന്ദിനി ഒന്നും മിണ്ടുന്നില്ല. നിസംഗഭാവം)
സ്വപ്ന: കല്യാണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജര്‍മ്മനിയിലായിരുന്നു ജോലി. 

മൂന്ന് നാല് വര്‍ഷം കൂടുമ്പോഴൊക്കെയാണ് വരാറുള്ളത്.  അതുകൊണ്ട് അവള്‍ക്ക് അത്രയ്ക്ക് അടുപ്പം ഉണ്ടായിട്ടില്ല. 
പോലീസ് ഓഫീസർ: ഇത്തവണ എന്നാണ് വന്നത്.
സ്വപ്ന: മരണം നടന്നതിന്റെ മിഞ്ഞാന്ന്.
പോലീസ് ഓഫിസര്‍:  കൃത്യം നടന്ന ദിവസം അയാൾ എന്ത് ചെയ്യുകയായിരുന്നു.
സ്വപ്ന: എനിക്ക് ലീവില്ലാത്തതുകൊണ്ടു ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ച്  ഞാൻ എപ്പഴും  പോലെ ഓഫീസിൽ പോയി. മോൾ സ്കൂളിലും പോയി. ഓറ് വൈകിയാണ് ഉണർന്നത്. ഞാൻ പോയപ്പോൾ ഇവിടെ ഉണ്ടായിരുന്നു. പിന്നെ എവിടെങ്കിലും പോയോ എന്നറിയില്ല.
പോലീസ് ഓഫീസർ: മോൾ എപ്പോഴാ സ്കൂളിൽ നിന്ന് വരുന്നത്.
സ്വപ്ന: സാധാരണ സ്കൂൾ വിട്ടു ട്യൂഷനും കഴിഞ്ഞു ആറുമണിയോടെ എത്തും.
പോലീസ് ഓഫീസർ:അതിനു മുമ്പ് തന്നെ നിങ്ങൾ എത്തുകില്ലേ
സ്വപ്ന: ഓൾ വരുന്നതിനു മുൻപ് തന്നെ എപ്പഴും  ഞാൻ  എത്താറുണ്ട്. അന്ന് പക്ഷെ മോൾ വന്നതിനു ശേഷമാണ് എനിക്കെത്താൻ  കഴിഞ്ഞത്. 
പോലീസ് ഓഫിസര്‍: നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കൾ ആരൊക്കെയാണ്. 
സ്വപ്ന: കൂടെ ജോലി ചെയ്യുന്ന സവിത, താര. 
പോലീസ് ഓഫിസർ: അദ്ദേഹം എങ്ങനെയാണ് മരിച്ചത്. 
(ഒരുപാട് ചിന്തകള്‍    സ്വപ്നയുടെ    മുഖത്ത് പ്രതിഫലിക്കുന്നു) 
സ്വപ്ന: എങ്ങനെയെന്ന് ഞങ്ങളും കണ്ടില്ല. (നന്ദിനി മുഖം താഴ്ത്തിയിരിക്കുന്നു) ഞാന്‍ ഓഫീസിൽ നിന്ന് വൈകിയാണെത്തിയത്.  ഇവള്‍ കുളിമുറിയിലായിരുന്നു.  ഞാന്‍ വേഷം മാറാൻ തുടങ്ങിയപ്പോൾ എന്തോ താഴെ വീഴുന്ന ശബ്ദവും ആളുകളുടെ ബഹളവും കേട്ടാണ് ഞങ്ങള്‍ ഓടിയെത്തിയത്. അപ്പോഴാണ്  കൈവരിയില്‍ നിന്ന് മറിഞ്ഞ് വീണതാണെന്ന് മനസ്സിലായത്.   
പോലീസ് ഓഫീസര്‍: നിങ്ങള്‍ വന്നപ്പോൾ അദ്ദേഹം ഇവിടെ  എന്തു ചെയ്യുകയായിരുന്നു.  
സ്വപ്ന: ഇവിടെ കണ്ടില്ല.  പുറത്തെങ്ങാനും പോയിക്കാണും എന്നാണ് ഞാന്‍ കരുതിയത്. 
പോലീസ് ഓഫീസര്‍: മദ്യപിക്കുമായിരുന്നോ 

സ്വപ്ന: അതെയന്ന് തലകുലുക്കുന്നു.  വേറെയും ലഹരി മരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു. 
പോലീസ് ഓഫീസര്‍ : (സ്വപ്നയെ നോക്കി ) എനിക്ക് നിങ്ങളോട് മാത്രമായി ചിലത് ചോദിക്കാനുണ്ട്. 
(മകളോട് അപ്പുറത്തേക്ക് പോകാന്‍ സ്വപ്ന ആംഗ്യം കാണിക്കുന്നു. നന്ദു എഴുന്നേറ്റു അടുത്ത മുറിയിലേക്ക് പോകുന്നു. ) 
പോലീസ് ഓഫിസര്‍: മറ്റേതെങ്കിലും സ്ത്രീകളുമായി മരിച്ചയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി അറിയാമോ 
സ്വപ്ന : ഒന്നും മിണ്ടുന്നില്ല. 
പോലീസ് ഓഫീസര്‍: പറയൂ. 
സ്വപ്ന: ജര്‍മ്മനിയിൽ  വേറെ പെണ്ണുണ്ടെന്നും ഏതോ ഫിലിപൈൻ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. നാട്ടിലും അങ്ങനെ ചിലത് കേട്ടിട്ടുണ്ട്. 
പോലീസ് ഓഫീസര്‍; കേട്ടറിവേയുള്ളൂ?
സ്വപ്ന: പഴ്‌സിൽ ഫോട്ടോ കണ്ടിട്ടുണ്ട്.  ഫോണ്‍ ചെയ്യുന്നത് കേട്ടിട്ടുണ്ട്. 
പോലീസ് ഓഫീസര്‍: ജര്‍മ്മനിയിൽ എവിടെയായിരുന്നു.  
സ്വപ്ന: ബോണില്‍ 
പോലീസ് ഓഫീസര്‍: എന്തായിരുന്നു ജോലി.
സ്വപ്ന: ഡ്രൈവർ ആയിരുന്നു.
പോലീസ് ഓഫീസർ: നിങ്ങള്‍ അവിടെ പോയിട്ടുണ്ടോ.  
സ്വപ്ന: ഇല്ല 
പോലീസ് ഓഫീസർ: നാട്ടില്‍ ആരോടായിരുന്നു ബന്ധം.
സ്വപ്ന: അവിടെ നടാല് ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്. 
ഓഫീസര്‍: എന്താ അവരുടെ പേര് 
സ്വപ്ന: മുത്തുവെന്നാണ് എല്ലാവരും വിളിക്കുന്നത്.  ശരിക്കുള്ള പേര് എനിക്കറിയില്ല.
പോലീസ് ഓഫീസര്‍ : ഭർത്താവിന് നിങ്ങളെ ഇഷ്ടമായിരുന്നില്ലേ? 
സ്വപ്ന: ഞാന്‍ സെക്‌സിയല്ല, ഡെഡ് ബോഡിയാണ് എന്നൊക്കെ  പലപ്പോഴും പറയുമായിരുന്നു.  ഇഷ്ടമെന്നോ ഇഷ്ടമല്ലെന്നോ പറയാന്‍ ബുദ്ധിമുട്ടാണ്.  
പോലീസ് ഓഫീസര്‍ : അദ്ദേഹം കണ്ടിഷ്ടപ്പെട്ടല്ലേ കല്യാണം കഴിച്ചത്.  

സ്വപ്ന: ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല.  എന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന വാശിയിലുമായിരുന്നു.  
പോലീസ് ഓഫീസര്‍: ആകപ്പാടെ കോണ്‍ട്രഡീക്ഷന്‍സ് ആണല്ലോ.  
സ്വപ്ന:  ഞാൻ പറയുന്നത് സത്യമാണ്. 

സീന്‍ 8  (Ext/Int)
(1998  കാലഘട്ടം)
 (ഊർപഴശ്ശിക്കാവ് അമ്പലത്തിന്റെ പരിസരം. അകലെ ട്രെയിനിന്റെ ശബ്ദം കേൾക്കാം.  സാമാന്യം ചെറിയ ഒരു ജംഗ്ഷൻ. ഏതാനും പഴയ മട്ടിലുള്ള കടകൾ ഉള്ള സ്ഥലം. അവിടെ ഒരു പീടികയുടെ മുകളിലുള്ള മുറിയിൽ മദ്യപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തക്കൾ. കുറഞ്ഞയിനം മദ്യമാണ് കൊറിക്കാനായി മിക്സ്ചർ തുടങ്ങിയവ ഉണ്ട്.
രാമചന്ദ്രൻ, മധു, ചന്ദ്രശേഖരൻ, രമേശൻ,എന്നിവരാണ് ഒരു മേശക്കു ചുറ്റും ഇരുന്നു മദ്യപിക്കുന്നത്.രാമചന്ദ്രൻ അല്പം മുതിർന്ന ആളാണ്. എല്ലാവരും സാധാരണക്കാർ )
മധു: മുരളിയെ കണ്ടില്ലല്ലോ
ചന്ദ്രശേഖരൻ: ഓൻ വന്നോളും.  ഓൻ ആ കാവിലെങ്ങാനും കാണും. ഓനിപ്പം ഭയങ്കര ഭക്തിയാ.
മധു:: ഭക്തിയൊന്നല്ല. അതൊക്കെ കാര്യം വേറെയാ
ചന്ദ്രശേഖരൻ: എനിക്ക്   നേരത്തേന്നെ സംശയം തോന്നിയിനി. ആ ഭാസ്കരേട്ടന്റെ മോളെ പുറകെ നടക്കുന്ന ഞാനും കണ്ടിട്ടുണ്ട്.
രാമചന്ദ്രൻ: അല്ലെങ്കിലും ഓനു രണ്ടു സ്മാൾ മാറ്റി വച്ചാൽ മതി.  എത്ര നിർബന്ധിച്ചാലും അതിക്കൂടുതൽ ഒരു തുള്ളി ഓൻ കയിക്കില്ല.
(മുരളി (സുമുഖനായ ചെറുപ്പക്കാരൻ) ചിരിച്ചു കൊണ്ട് കയറി വരുന്നു.)
മധു: വന്നെല്ലോ വനമാല.

ചന്ദ്രശേഖരൻ: എന്താ മുരളീ  കാവിലൊരു ചുറ്റിക്കളി.
രാമചന്ദ്രൻ: എടാ മുരളീ,  സത്യം പറ, ആ പെണ്ണിന് നിന്നോട് ഇഷ്ട്ടൂണ്ടാ   
മുരളി : സത്യാ രാമേട്ടാ ഞാൻ പറയുന്ന. വെള്ളത്തിന്റെ പൊറത്തു പറഞ്ഞല്ല.
മധു : അയന് സ്വപ്ന നിന്നോട് അങ്ങനെ പറഞ്ഞിട്ട്ണ്ടോ
മുരളി :അങ്ങനെ പ്രത്യേകിച്ച് പറയണാ,  പെമ്പിള്ളേർക്ക് പറയാണ്ട് പറയാൻ പറ്റും.
ചന്ദ്രശേഖരൻ: സ്വപ്നത്തിലാവും പറഞ്ഞെ.
രാമചന്ദ്രൻ : അതല്ലും പോട്ടെ ,നീ എങ്ങനാ ഓളെ പാട്ടിലാക്കിയത്.
(മുരളി ചെറിയ നാണത്തോടെ ചിരിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ)
രമേശൻ: മടിക്കാതെ പറയ്,
മുരളി : ഓളെ  അച്ഛന്റെ കൂടല്ലേ ഞാൻ പെയിന്റിംഗ് പണിക്കു പോകുന്നത്. രാത്രി കള്ളു കുടിച്ചശേഷം മട്ട്  പിടിച്ചു വരുമ്പോ പലപ്പോഴും ഞാനാ അയാളെ വീട്ടി കൊണ്ടാക്കാറ്.
രാമചന്ദ്രൻ : അപ്പൊ നിനക്ക് ആടെ  കയറിപ്പറ്റാൻ നല്ല തഞ്ചം കിട്ടി അല്ലെ.
മുരളി : ഇല്ല രാമേട്ടാ ഞാൻ ആ വീട്ടിലിതുവരെ കേറീട്ടില്ല. ഓളുടെ ആങ്ങളമാർ രണ്ടെണ്ണവും എന്നും ആടെ കാണും.
ചന്ദ്രൻ : പിന്നെങ്ങനെയാടാ നീ ഓളെ  പാട്ടിലാക്കിയത്, ശരിക്കും പറയ്.
ഞാൻ പ്രീഡിഗ്രി തോറ്റു നിൽകുമ്പോൾ ഓൾ ഒമ്പതിലാ, അന്നേരം ഓള് സ്കൂളി പോകുമ്പോ എന്നും ഞാൻ കാണാറുണ്ട്.

Posted by sreejikadavinmoola at 21:54 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 16 December 2018


ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചലച്ചിത്രമേള 

-ശ്രീകുമാര്‍ജി

പ്രളയ ദുരന്തത്തില്‍ നിന്ന് കേരളം കരകയറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവിടെ ഈ വര്‍ഷം ചലച്ചിത്രോത്സവം നടത്തുന്നത് ഒരു അനാവശ്യ ആഢംബരമാവില്ലേ എന്ന ആശങ്ക മേളയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ എല്ലാ തലത്തിലും ഉണ്ടായിരുന്നു.   അതു കൊണ്ട് അത് തത്വത്തില്‍ വേണ്ടെന്നു വച്ചതുമായിരുന്നു.  ഒടുവില്‍ സിനിമാ പ്രേമികളില്‍ വിശ്വാസമര്‍പ്പിച്ച് പിരിവെടുത്തായാലും അത് നടത്താന്‍ തീരുമാനമായി.  അങ്ങനെ  ഈ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലളിതമായി ആഢംബരവും അധിക ചെലവുമില്ലാതെ യുവതയുടെ അഘോഷമാക്കി നടത്തി കഴിഞ്ഞപ്പോള്‍ അത് പകര്‍ന്ന് നല്‍കിയത് അതിജീവനത്തിന്റെ മഹത്തായ സന്ദേശമാണ്.  വര്‍ദ്ധിപ്പിച്ച ഡെലിഗേറ്റ് ഫീസ് മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും സംഘാടനത്തില്‍ ചില പിഴവുകള്‍ ഉണ്ടായെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചില വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ഒരു മികച്ച കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ ഗരിമ പ്രകടിപ്പിച്ച മേളയായിരുന്നു കടന്നു പോയതെന്ന് നിസ്സംശയം പറയാം.  
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 163 സിനിമകള്‍.  അവയില്‍ എട്ടെണ്ണം ഏഷ്യയില്‍  ആദ്യമായി ഈ മേളയിലാണ് പ്രദര്‍ശിപ്പിച്ചത്.  ഡെന്‍മാര്‍ക്ക് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ , ഇറാനിയന്‍ സംവിധായകന്മാരായ അസ്ഗര്‍ ഫര്‍ഹാദി, ജാഫര്‍ പനാഹി, തുര്‍ക്കിഷ് സംവിധായകനായ നൂരി ബില്‍ജെ സീലാന്‍, ഫ്രഞ്ച് സംവിധായകനായ ഗാസ്പര്‍നോ, പോളിഷ് സംവിധായകനായ പവേല്‍ പൗളിക്കോവ്‌സ്‌കി തുടങ്ങിയവരുടെയെല്ലാം  ഈ വര്‍ഷത്തെ ചിത്രങ്ങള്‍ തന്നെ മേളയിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. 

         ഡെലിഗേറ്റ് പാസ്, ഹാന്‍ഡ് ബുക്ക്, ബുള്ളറ്റിനുകള്‍ തുടങ്ങിയവയെല്ലാം സമയബന്ധിതമായി വിതരണം ചെയ്തു.  ഉദ്ഘാടന ചിത്രമായ 'എവരിബഡി നോസ്' ചിത്രീകരണ, ശബ്ദലേഖന, ചിത്രസന്നിവേശ മേഖലകളില്‍ മികവ് പുലര്‍ത്തിയ ചിത്രമായിരുന്നു.  ഓസ്‌കാര്‍ നേടിയ ഏക ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ദാഹിയുടെ ഈ സ്പാനിഷ് ചിത്രം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദുരന്തം വെളിവാക്കുന്ന, മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നു.  ഒരു മികച്ച മേളയുടെ മികച്ച തുടക്കം ആ ചിത്രത്തില്‍ നിന്ന് തന്നെ ദര്‍ശിക്കാന്‍ സാധിച്ചു.  ഡെന്മാര്‍ക്കിലെ ലോകപ്രശസ്ത സംവിധായകനായ ലാര്‍സ് വോണ്‍ ട്രയറിന്റെ ഇറ്റാലിയന്‍ ചിത്രമായ 'ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് ' ചിത്രീകരണത്തിന്റെ പൂര്‍ണ്ണതയും സാക്ഷാത്കാരത്തിന്റെ മികവും കൊണ്ട് ഇത്തവണ ഗോവയിലും തിരുവനന്തപുരത്തും കയ്യടി നേടിയ ചിത്രമാണ്.  മിഡ്‌നൈറ്റ്, റണ്ണര്‍, സമ്മര്‍ സര്‍വൈവേഴ്‌സ്, ആഗ, ഫാമിലി ടൂര്‍, ഡ്രസ്സേജ്, നമ്മേ, സുലൈമാന്‍ മൗണ്ടന്‍, വിമന്‍ അറ്റ്‌വാര്‍, ടെയ്ല്‍ ഓഫ് ദി സീ തുടങ്ങി മികച്ച നിരവധി ചിത്രങ്ങളാണ് മേളയില്‍ കയ്യടി നേടിയത്.  ജയില്‍ പീഢനങ്ങളുടെ തീക്ഷ്ണത വെളിവാക്കുന്ന ഉറുഗ്വേ ചിത്രമായ 'എ ട്വല്‍വ് ഇയര്‍ നൈറ്റ്' തീയറ്റര്‍ വിട്ടാലും കൂടെപ്പോരുന്ന, മനസ്സിനെ പിടിച്ചുലയ്ക്കുന്ന ചിത്രമാണ്.  യുക്രൈയിനില്‍ പട്ടാളം കൃത്രിമമായി സംഘടിപ്പിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെയും അതിന് വിശ്വാസ്യത വരുത്തുന്നതിനായി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കി നടത്തുന്ന റിഹേഴ്‌സല്‍ പോരാട്ടങ്ങളെയും മറ്റും സത്യവും മിഥ്യയും ഇടകലര്‍ത്തി പറയുന്ന 'ഡോണ്‍ ബോസ്' ഗോവയില്‍ നിന്ന് സുവര്‍ണ്ണ ചകോവരവുമായാണ് ഈ മേളയ്‌ക്കെത്തിയത്.  ഈ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ നിന്ന് പാം ഡി ഓര്‍ പുരസ്‌കാരവുമായി എത്തിയ 'ഷോപ് ലിഫ്‌റ്റേഴ്‌സ് ' ജന്മം കൊണ്ട് ബന്ധമില്ലാത്ത ആറുപേര്‍ കര്‍മ്മം കൊണ്ട് ബന്ധപ്പെട്ട് ഒരു കുടുംബമായി കഴിയുന്ന കഥ പറയുന്ന മനോഹര ചിത്രമാണ്.  
മികച്ച സിനിമയെന്നത്  അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് എന്ന വിശ്വാസത്തെ പൊളിച്ചടുക്കിക്കൊണ്ട് സ്വീഡനില്‍ നവസിനിമാ തരംഗം സൃഷ്ടിച്ച് സിനിമാ ചരിത്രത്തില്‍ അനിഷേധ്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇങ്മര്‍ ബെര്‍ഗ്മാന്റെ ഒമ്പത് ചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് നല്‍കിയ മികച്ച ആദരവായി.  ഈ വര്‍ഷം ഏപ്രിലില്‍ അന്തരിച്ച മറ്റൊരു ലോകപ്രസിദ്ധ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ വണ്‍ ഫ്‌ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് തുടങ്ങിയ ആറ് ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.  ഈ സിനിമ മലയാളത്തിലേക്ക് കോപ്പിയടിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് നമുക്ക് ഏറെ പരിചിതമാണല്ലോ.  മലയാള സിനിമയിലെ പ്രസ്ഥാനങ്ങള്‍ക്കുപരിയായ വ്യക്തിത്വം പുലര്‍ത്തുന്ന ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തിരിച്ചു വച്ച ആറ് മികച്ച ചിത്രങ്ങളും ഈ മേളയില്‍ പ്രത്യേക ശ്രദ്ധ നേടി.  
മലയാളത്തിന്റെ അഭിമാനം ലോകത്തിന്റെ വിശാലതയിലെത്തിച്ച ചിത്രങ്ങളായിരുന്നു ഈ.മ.യൗ. വും ഭയാനകവും സുഡാനി ഫ്രം നൈജീരിയയും. സെവന്‍സ് ഫുട്‌ബോളിലൂടെ മലപ്പുറത്തിന്റെ സമകാലിക ജീവിതം അടയാളപ്പെടുത്തുന്ന സുഡാനി ഫ്രം നൈജീരിയ, മരിച്ചു പോയ പിതാവിന് മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ വീര്‍പ്പു മുട്ടുന്ന ഒരു ശരാശരി മലയാളിയുടെ ജീവിതം വരച്ചു കാട്ടിയ ഈ.മ.യൗ, പ്രാവു വളര്‍ത്തലും പട്ടം പറത്തലുമൊക്കെയായി ജീവിതം ഇഴചേര്‍ക്കുന്നവരുടെ കഥയായ പറവ, ദാരിദ്ര്യം കാരണം ഈയാംപാറ്റകളെപ്പോലെ ജീവിതം ഹോമിക്കപ്പെടുവാന്‍ യുദ്ധത്തിലേക്ക് തള്ളി വിടപ്പെടുന്ന യുവതയുടെ കഥ പറയുന്ന ഭയാനകം, പത്മരാജന്‍ കഥാപാത്രങ്ങളിലുടെ പ്രയാണം നടത്തുന്ന ഹ്യൂമന്‍സ് ഓഫ് സം വണ്‍ തുടങ്ങി കോട്ടയം, ഈട, ബിലാത്തികുഴല്‍, ആവേ മറിയ, ഉടലാഴം, മായാനദി, ഓത്ത്, പ്രതിഭാസം, സ്ലീപ് ലസ്‌ലി യുവേഴ്‌സ് എന്നിങ്ങനെ മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 12 മലയാള ചിത്രങ്ങളും മേളയില്‍ മികച്ച ശ്രദ്ധ നേടിയവയാണ്. 
പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്റെ അതിജീവനം സൂചിപ്പിക്കുന്ന കര്‍ട്ടന്‍ റെയ്‌സര്‍ പോലെ തന്നെ ഭരണകൂട പുരുഷ കേന്ദ്രീകൃത ഭരണ സംവിധാനങ്ങളെ സാവധാനം അതിജീവിക്കുന്ന അറബ് മേഖലയിലെ സ്ത്രീജനങ്ങളുടെ ജീവിതം ഒപ്പിയെടുത്ത ചിത്രങ്ങളും മേളയിലെ പ്രത്യേകതയായി. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പ്രസക്തമായ സിനിമ ജയരാജിന്റെ 'വെള്ളപ്പൊക്കത്തില്‍' ആണ്. അത് പ്രദര്‍ശിപ്പിക്കുക വഴി സംഘാടകര്‍ തങ്ങളുടെ ഒരു ഉത്തരവാദിത്വം നിര്‍വ്വഹിച്ചു എന്ന് നിസ്സംശയം പറയാം.  
ടാഗൂറില്‍ പ്രോജക്ടര്‍ പണിമുടക്കിയതു കാരണം അവിടെ പ്രദര്‍ശിപ്പിക്കുമെന്നറിയിച്ചിരുന്ന പല മികച്ച ചിത്രങ്ങളും ഒരു പരിധി വരെ നഷ്ടമായി.  അവ മറ്റ് തീയേറ്ററുകളില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി പ്രദര്‍ശിപ്പിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും അതറിയാത്ത പലര്‍ക്കും ആ നഷ്ടം സംഭവിച്ചിട്ടുണ്ട്.   ടാഗൂറില്‍ സ്ഥാപിച്ച പുതിയ പ്രൊജക്ടര്‍ കേടായതു കാരണം താല്‍ക്കാലികമായി കൊണ്ടു വച്ച ചെറിയ പോര്‍ട്ടബിള്‍ പ്രോജക്ടര്‍ ഉപയോഗിച്ചാണ് മത്സര വിഭാഗത്തിലുള്ള 'നൈറ്റ് ആക്‌സിഡന്റ് ' പ്രദര്‍ശിപ്പിച്ചത്.  മികച്ച ഒരു ചിത്രമായിട്ടും മോശം ദൃശ്യാനുഭവമാണ് ആ പ്രദര്‍ശനം നല്‍കിയത്.  ജൂറി ചെയര്‍മാനായ മജീദ് മജീദിയുടെ 'മുഹമ്മദ് ; ദി മെസഞ്ചര്‍ ഓഫ് ഗോഡ് ' എന്ന ചിത്രം കല്‍ക്കത്ത  ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാത്തത് പ്രാദേശിക വിവേചനത്തിന്റെ സൂചനയാണ് നല്‍കിയത്.   ഒട്ടനവധി മികച്ച ചിത്രങ്ങളെത്തിക്കാന്‍ കഴിഞ്ഞെങ്കിലും സൗത്ത് കൊറിയയില്‍ നിന്നുള്ള ഹോട്ടല്‍ ബൈ ദ റിവര്‍, കൊളംബിയയില്‍ നിന്നുള്ള ബേര്‍ഡ് ഓഫ് പാസേജ് തുടങ്ങിയ ചില ചിത്രങ്ങള്‍ പല മേളകള്‍ കടന്നു വന്നതാണെങ്കിലും നമ്മുടെ മേളയില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹതയുള്ളതായി തോന്നിയില്ല.   ഏറെ വാഴ്ത്തപ്പെടുന്ന കിം കിംഡുക്ക് ഇത്തവണ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്ന് മാത്രമല്ല അനാവശ്യ രംഗങ്ങള്‍ കുത്തി നിറച്ച് അരോചകമാക്കുകയും ചെയ്തു. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലും ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച് മലയാളിയുടെ അഭിമാനം ഉയര്‍ത്തിയ, മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയെടുത്ത ' ഭയാനകം'  ഇവിടെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് സെലക്ഷന്‍ കമ്മിറ്റിയുടെ സെലക്ഷനില്‍ ഉണ്ടായ മറ്റൊരു കല്ലു കടിയായിരുന്നു.  
ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സിനിമകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടതു പോലെ അറേബ്യന്‍, ഇറാന്‍ ചിത്രങ്ങളുടെ ആധിക്യം വിമര്‍ശിക്കപ്പെടുകയും ചെയ്തു.  ആക്കിറോ കുറോസോവയുടെയോ ബര്‍ണാദോ ബര്‍ത്തലൂച്ചിയുടേയോ ഫ്രെഡറിക്കോ ഫെല്ലിനിയുടെയോ നാടിനെക്കാള്‍ മികച്ച സ്ഥാനം ഇറാന്‍ സിനിമയ്‌ക്കോ അറബ് മേഖലയിലുള്ളവയ്‌ക്കോ ലോകത്തൊരു മേളയിലും ലഭിച്ചിട്ടില്ല.  ഇവിടെ തിരഞ്ഞെടുക്കപ്പെട്ടവയില്‍ ഒരു ഇറാന്‍ ചിത്രം പോലും ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ എത്തിയിരുന്നില്ലെന്നത് അവയുടെ നിലവാരത്തിന്റെ സൂചനയാണ് നല്‍കുന്നത്. അവിടെ മത്സരിച്ചതില്‍ ഈ.മ.യൗ മാത്രമാണ് ഇവിടെയും മത്സരവിഭാഗത്തില്‍ എത്തിയത്.   ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് കണ്ടപ്പോള്‍ തന്നെ സുവര്‍ണ്ണചകോരം ഇറാനിയന്‍ സിനിമയ്ക്കായിരിക്കുമെന്ന് ചില ഫിലിം ബഫ്ഫുകള്‍ പ്രവചിച്ചിരുന്നു.  ഓരോ ജൂറിയുടെയും വിധി പ്രസ്താവം വ്യത്യസ്ഥമായിരിക്കുമല്ലോ.  അതോര്‍ത്ത് സമാധാനിക്കാം.  ജൂറിയുടെ മുന്നിലെത്തുന്നവയില്‍ നിന്ന് ഒന്നിനെ മാത്രമല്ലേ ജൂറിക്ക് തെരഞ്ഞെടുക്കാനാവൂ.  ആകെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.  ഇന്ത്യന്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഇറാന്‍ ചിത്രങ്ങളാണ് എണ്ണത്തില്‍ മുമ്പില്‍. ഇറാനില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അതിനെക്കാള്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്ന പല രാജ്യങ്ങള്‍ക്കും കിട്ടുന്നതിനെക്കാള്‍ പരിഗണന ഇവിടെ ഇറാനിയന്‍ സിനിമകള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് പ്രകടമായ വസ്തുതയാണ്.  
എങ്കിലും സിനിമ സംവിധായകന്റെ കലയാണ് എന്ന് വീണ്ടും ഉറപ്പിക്കുന്ന ചിത്രങ്ങളാണ് ഈ മേളയിലെത്തിയവയെല്ലാം.  സ്റ്റുഡിയോകള്‍ക്കുള്ളിലും സെറ്റുകളിലും ഒരു കാലത്ത് ഒതുങ്ങി നിന്നിരുന്ന സിനിമയെ ആ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയും ദാരിദ്ര്യവും അഴുക്കും  വിഴുപ്പും നിറഞ്ഞ തെരുവുകളിലേക്കും മറ്റ് പുറം കാഴ്ചകളിലേക്കും കൊണ്ടു വന്നത് ഇറ്റലിയില്‍ ഉയിര്‍കൊണ്ട നിയോ റിയലിസവും ഫ്രഞ്ച് ന്യൂ വേവും ഇംഗ്ലണ്ടിലെ ഫ്രീ സിനിമാ പ്രസ്ഥാനങ്ങളും അമേരിക്കയിലെ ഡയറക്ട് സിനിമാ പ്രസ്ഥാനങ്ങളും ഒക്കെയാണ്.  അതിന്റെ സര്‍ഗ്ഗ സ്രോതസ്സ് വളര്‍ന്നു വികസിച്ചവയാണ് ഇന്നത്തെ ലോക സിനിമകള്‍.  അവയുടെ ഒരു പരിച്ഛേദമാണ് ഈ മേളയിലെത്തിയ ചിത്രങ്ങളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്.  ലോകം മുഴുവന്‍ യുദ്ധത്തിലും ഭീകരതയിലും മതാന്ധതയിലും മുങ്ങിത്താഴുമ്പോള്‍ അതില്‍ നിന്നെല്ലാം അതി ജീവിക്കാന്‍ പണിപ്പെടുന്ന ജനവിഭാഗത്തിന്റെ കഥകള്‍ ഇവിടെ ദൃശ്യവത്കരിക്കുമ്പോള്‍ പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന് അവ ഉല്‍പ്രേരകമാവും എന്നത് അവിതര്‍ക്കിതമാണ്.  
പൊതുവില്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ മാത്രം പങ്കെടുത്ത ഒരു മേളയാണിതെന്ന് പറയാം.  സൗജന്യ പാസ്സുകള്‍ പലപ്പോഴും അനര്‍ഹരില്‍ ചെന്നെത്തുകയും അത് അനാവശ്യ പ്രശ്‌നങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നത്  മുന്‍ വര്‍ഷങ്ങളിലെ പല മേളകളിലെയും അനുഭവമാണ്.  എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.  കിം കിഡുക്കിന്റെ പോലുള്ള സിനിമകള്‍ കാണാനുള്ള ഇടിച്ചുകേറല്‍, സിനിമയ്ക്കിടയില്‍ പ്രതീക്ഷിച്ച രംഗങ്ങള്‍ കണ്ടില്ലെങ്കില്‍ കൂട്ടമായുള്ള ഇറങ്ങിപ്പോകല്‍ തുടങ്ങി ബഹളമോ കൂക്കിവിളിയോ മറ്റ് വേഷം കെട്ടലുകളോ ഒന്നുമുണ്ടായില്ല. കാശ് ഡെലിഗേറ്റ് ഫീസിലൂടെയും സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും മാത്രം സംഘടിപ്പിക്കേണ്ടി വന്നതു കൊണ്ട്  മേളയ്ക്കാവശ്യമായ അത്രയും ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല എന്നത് മേളയെ അല്‍പ്പം പുറകോട്ട് വലിച്ചു എന്നത് സത്യമാണ്.  കാശ് കൂടുതല്‍ കൊടുത്താല്‍ മാത്രം കൊണ്ടു വരാന്‍ കഴിയുന്ന പല സംവിധായകരുടെയും ചിത്രങ്ങള്‍ കൊണ്ടു വരാന്‍ ഇത്തവണ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പ്രളയാനന്തര കേരളവും അതിജീവനത്തിന്റെ ആവശ്യകതയും സ്മരിക്കുമ്പോള്‍ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതുകയേ നിര്‍വ്വാഹമുള്ളൂ. 
എന്തൊക്കെ പരാതികള്‍ ഉണ്ടായാലും ഇത്രയും ചെലവ് ചുരുക്കിക്കൊണ്ട് മികവിന്റെ കാര്യത്തില്‍ അധികം വിട്ടുവീഴ്ചകളില്ലാതെ ലളിതസുന്ദരമായി നടത്തപ്പെട്ട ഈ മേളയുടെ സംഘാടകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.  സി ഡിറ്റിന്റെ സാങ്കേതിക സഹായവും സൗജന്യമായി വോളന്റീയര്‍ പ്രവര്‍ത്തനത്തിനെത്തിയ തിരുവനന്തപുരത്തെ യുവതി യുവാക്കളും അദ്ധ്യാപക-സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും മേളയെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും ഏകോപനവും സൗജന്യ നിരക്കില്‍ ലഭിച്ച തീയേറ്റര്‍ സംവിധാനങ്ങളും പ്രദര്‍ശന നിരക്കിന്റെ കാര്യത്തില്‍ അയവുള്ള സമീപനം സ്വീകരിച്ച വിദേശീയര്‍ അടക്കമുള്ള നിര്‍മ്മാതാക്കളും വര്‍ദ്ധിച്ച ഫീസാണെങ്കിലും മടി കൂടാതെ പാസ്സെടുത്ത് സിനിമ കണ്ട നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികളും എല്ലാം കൂടി ഈ മേളയെ ഒരു വന്‍വിജയമാക്കി തീര്‍ത്തു.  വരും വര്‍ഷങ്ങളിലും ഇതു പോലെ അച്ചടക്കമുള്ളതും എന്നാല്‍ കൂടുതല്‍ മികവുള്ളതുമായ മേളകളുണ്ടാകും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. 
------------------------------------------------
Posted by sreejikadavinmoola at 23:41 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 30 November 2018

ഗോവന്‍മേളയും മലയാളി തിളക്കവും 

-ജി.ശ്രീകുമാര്‍ 





ഇക്കഴിഞ്ഞ നവംബര്‍ 21 മുതല്‍ 28 വരെ ഗോവന്‍തീരങ്ങളെ പുളകം കൊള്ളിച്ച 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയില്‍ കൊടിയിറങ്ങി. അന്തര്‍ദേശീയതലത്തില്‍ മികച്ച ഒരു പിടി സംവിധായകരുടെ ചിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മേളയില്‍ മലയാള ചിത്രങ്ങള്‍ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരുന്നു.  68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് മേളയിലെത്തിയത്.  ജൂലിയന്‍ ലാന്‍ഡെയ്‌സ് സംവിധാനം ചെയ്ത ദി ആസ്‌പേണ്‍ പേപ്പേഴ്‌സ്-ല്‍ തുടങ്ങിയ മേള ജര്‍മ്മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സ് -ന്റെ പ്രദര്‍ശനത്തോടെ തിരിതാഴ്ത്തി. 
മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്ന 15 ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുണ്ടായിരുന്നു.  അതില്‍ രണ്ടെണ്ണവും മലയാളത്തില്‍ നിന്നാണ്.  ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്നീ മലയാള ചിത്രങ്ങളും ചേഴിയാന്‍ രാ സംവിധാനം ചെയ്ത ടു ലെറ്റ് എന്ന തമിഴ് ചിത്രവുമാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍. അവയില്‍ മലയാളത്തിന്റെ അഭിമാനം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ രണ്ട് രജത പുരസ്‌കാരങ്ങള്‍ നേടി.  മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായി ചെമ്പന്‍ വിനോദുമാണ് പുരസ്‌കാരം നേടിയത്.  കഴിഞ്ഞ വര്‍ഷം നടന്ന 48-ാമത്  ചലച്ചിത്രമേളയില്‍ പാര്‍വ്വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു.  പട്ടാള ദരണത്തിന്റെ രൂക്ഷതയും കുടിലതയും വെളിവാക്കുന്ന, സത്യവും മിഥ്യയും ഇടകലര്‍ന്ന ഉക്രൈന്‍ ചിത്രമായ ഡോണ്‍ ബാസ്സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം നേടിയത്.  ഉക്രൈന്‍ പാര്‍ലമെന്റ് പട്ടാണഭരണത്തിന് പച്ചക്കൊടി കാട്ടിയ വാര്‍ത്ത വന്ന ദിവസമാണ് അതേ വിഷയം പ്രതിപാദിക്കുന്ന സെര്‍ഗ്‌യി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ ബാസ്സ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നത് അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികതയായിരുന്നു. മരിസിയ നികിതുക് സംവിധാനം ചെയ്ത ഉക്രൈനിയന്‍ ചിത്രമായ വെന്‍ ദി ട്രീസ് ഫാളിലെ അഭിനയത്തിന് അനസ്തസ്യ പുസ്‌റ്റോവിതിന്  ഇത്തവണത്തെ മികച്ച നടിക്കുള്ള രജതമയൂരം ലഭിച്ചത്.  
ചലച്ചിത്ര പ്രതിഭകളായ ശ്രീദേവി, വിനോദ്ഖന്ന, ശശികപൂര്‍, കരുണാനിധി, കല്‍പ്പന ലജ്മി തുടങ്ങിയവരെ അനുസ്മരിച്ച മേള അവസാനിക്കും മുമ്പു തന്നെ മറ്റൊരു മഹാപ്രതിഭയുടെ വിയോഗവാര്‍ത്തയും ചലച്ചിത്രാസ്വാദകരെ വേദനിപ്പിച്ചു കൊണ്ട് കടന്നു വന്നു.  വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാദോ ബര്‍ത്തലൂച്ചിയാണ്  ഈ വേളയില്‍ അന്തരിച്ചത്.  1988 ല്‍ തിരുവനന്തപുരത്ത് ആദ്യമായി നടന്ന ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച, 9 ഓസ്‌കാറുകളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയ ദ ലാസ്റ്റ് എംപറര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ ചലച്ചിത്ര പ്രേമികള്‍ ഹൃദയത്തിലേറ്റിയ സംവിധായകനാണ് അദ്ദേഹം. അന്ന് വന്‍ജനാവലിയാണ് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ആ ചിത്രം കാണാനെത്തിയത്. 

വിഖ്യാത സംവിധായകരായ ഡാന്‍ വോള്‍മാന്‍, ജൂലിയന്‍ ലാന്‍ഡേയ്‌സ്, ബേണ്‍ഡ് ബോഹ്‌ളിച്ച് തുടങ്ങി നിരവധിയായ പ്രതിഭകളുടെ മികച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വേദിയായിരുന്നു ഇത്തവണത്തെ ഗോവന്‍ ചലച്ചിത്രോത്സവം.  വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തി.   റൂപെര്‍ട്ട് എവറെറ്റ് സംവിധാനം ചെയ്ത് അഭിനയിച്ച ഇംഗ്ലീഷ് ചിത്രമായ 'ദി ഹാപ്പി പ്രിന്‍സ്' ഒരു മുഴുനീള കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരുന്നു.  അത് ആസ്വാദ്യകരമായ ഓസ്‌കാര്‍ കവിതകളാല്‍ സമ്പന്നമായിരുന്നു. 1900 ല്‍ അന്തരിച്ച കവിയും നാടകകൃത്തുമായിരുന്ന ഓസ്‌കാര്‍വൈല്‍ഡിന്റെ ജീവിതം കാലത്തെ പുനഃസൃഷ്ടിച്ചു കൊണ്ട് സംവിധായകന്‍ തന്നെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.  കഥാപാത്രവും അഭിനേതാവും ഒന്നായി മാറുന്ന അപൂര്‍വ്വത ഈ ചിത്രത്തിന് അവകാശപ്പെടാം.  എറിക് പോപ്പേ സംവിധാനം ചെയ്ത നോര്‍വ്വീജിയന്‍ ചിത്രമായ യു-ജൂലൈ 22 കൂടാതെ ഷോപ് ലിഫ്‌റ്റേഴ്‌സ്, ദി ബ്രാ, ദി സീന്‍ ആന്റ് അണ്‍സീന്‍, സുലൈമാന്‍ മൗണ്ടന്‍ തുടങ്ങി വേള്‍ഡ് പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിക്ക ചിത്രങ്ങളും മികച്ച കയ്യടി നേടിയവയാണ്. 
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദി അണ്‍സീന്‍' ബൊളീവിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പരിശ്രമങ്ങളുടെയും അവരെ സ്വജീവന്‍ നല്‍കി രക്ഷപ്പെടുത്തുന്ന, യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്റെയും കഥ പറയുന്ന ചിത്രം മേളകള്‍ പലതു കഴിഞ്ഞാലും മനസ്സില്‍ മായാതെ നില്‍ക്കും.  സിറിയന്‍ തീവ്രവാദത്തിന്റെ നേര്‍കാഴ്ചയായ ചാവേറുകളുടെ കഥ പറയുന്ന അറേബ്യന്‍ ചിത്രം 'ഡിവൈന്‍ വിന്‍ഡ് ' ബ്ലാക്ക് & വൈറ്റിന്റെ ചലച്ചിത്രഭാഷ ഉജ്ജ്വലമായി ഉപയോഗപ്പെടുത്തിയ മികച്ച ചിത്രമാണ്. ഫാമിലി ടൂര്‍, വെന്‍ ദ ട്രീസ് ഫാള്‍, എ ട്രാന്‍സ്ലേറ്റര്‍, നമ്മുടെ മലയാളത്തിന്റെ ഭയാനകം, ഈ.മ.യൗ, തമിഴിലെ ടുലെറ്റ് തുടങ്ങിയവയും മികച്ച നിലവാരം പുലര്‍ത്തിയവയാണ്.

 


തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വാര്‍ദ്ധക്യത്തിലെത്തുന്നവരെ ആചാരങ്ങളുടെ ഭാഗമായി മരണത്തിലേക്ക് തള്ളിവീഴ്ത്തുന്ന 'തലൈക്കൂത്തല്‍' എന്ന ദുരാചാരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച പ്രിയ കൃഷ്ണസ്വാമിയുടെ 'ബാരം' ,നടീന്‍ ലബാക്കിയെന്ന ലെബനന്‍ സംവിധായികയുടെ 'കേഫര്‍നം' എന്നിവ യുനസ്‌കോ ഗാന്ധിപുരസ്‌കാര വിഭാഗത്തില്‍ മത്സരിച്ച് മികച്ച പ്രതികരണം നേടിയ ചിത്രങ്ങളാണ്. ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ ചിത്രമായ '3 ഫേസസ് ' , ചൈനീസ് സംവിധായകനായ ജിയ-ഛാംഗ്-കെ യുടെ ആഷ് ഈസ് ദി പ്യൂവറസ്റ്റ് വൈറ്റ് എന്നീ ചിത്രങ്ങളും മേളയില്‍ കയ്യടി നേടിയവയാണ്.  
കണ്‍ട്രി ഫോക്കസില്‍ ഇറ്റാലിയന്‍ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്.  അതുകൂടാതെ ഇസ്രയേല്‍ സംവിധായകന്‍ തന്നെയായ ഡാന്‍ പോള്‍മാന്റെ 'ഫ്‌ളോക്' ഉള്‍പ്പെടെ മൂന്ന് ഇസ്രായേലി ചിത്രങ്ങള്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി.  മലയാളി പ്രേക്ഷകര്‍ വലിയ താല്‍പ്പര്യത്തോടെ ചലച്ചിത്രോത്സവങ്ങളില്‍ കാത്തിരിക്കാറുള്ള ചിത്രങ്ങളാണ് കൊറിയന്‍ സംവിധായകനായ കിം കിഡുക്കിന്റെത്.  അദ്ദേഹത്തിന്റെ സമരിറ്റന്‍ ഗേള്‍,ത്രീ അയേണ്‍, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടവര്‍ കിം കിഡുക്കിനെ വീണ്ടും കാണാനാഗ്രഹിക്കുമെന്നതില്‍ തര്‍ക്കമില്ല.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ച 'ദ നെറ്റ് ' ഉം അതുപോലെ തന്നെ കയ്യടി നേടിയ ചിത്രമായിരുന്നു.  എന്നാല്‍ ആ പ്രതീക്ഷയുമായി ഇത്തവണ കിം കിഡുക്കിനെ കാണാനാവില്ല എന്നതാണ് ഗോവ നല്‍കുന്ന സൂചന.  'ഹ്യൂമന്‍ സ്‌പേസ് ടൈം ആന്‍ഡ് ഹ്യൂമന്‍ ' എന്ന ഇത്തവണത്തെ ചിത്രത്തിന് ശരിക്കും 'വയലന്‍സ് സെക്‌സ് സ്ലാട്ടര്‍ ആന്റ് വയലന്‍സ് ' എന്നായിരുന്നു പേരിടേണ്ടിയിരുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വിശപ്പ് എത്രത്തോളം ഭീകരമാകുമെന്നും അത് മനുഷ്യനെ എത്രത്തോളം സ്വാര്‍ത്ഥനാക്കാമെന്നും തെളിയിക്കുന്നതും മനുഷ്യരാശിയുടെ സര്‍വ്വനാശവും പുനരുജ്ജീവനവും ഉള്‍പ്പെടുന്ന വളരെ മികച്ച ഒരാശയം മുന്നോട്ട് വയ്ക്കുന്നതുമായ ആ ചിത്രം പക്ഷേ വളരെ മോശമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.  അനാവശ്യമായി സെക്‌സ് തള്ളിക്കയറ്റി കൊണ്ട് വയലന്‍സിന്റെ എല്ലാ സീമകളും ലംഘിച്ച ആ ചിത്രം പ്രേക്ഷക പ്രതികരണം ഭയന്നാവും പരീക്ഷണാടിസ്ഥാനത്തില്‍ കേവലം 50 പേര്‍ക്ക് ഇരിക്കാവുന്ന മക്വിനോസ് പാലസ് തീയേറ്ററിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.  തിരുവനന്തപുരം മേളയ്ക്ക് ഈ ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്.  പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് സംഘാടകര്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കുന്നത് സംഘാടകരുടെ ആരോഗ്യസംരക്ഷണത്തിന് ഗുണകരമായിരിക്കും. എന്നാല്‍ അവതരണ മികവ് കൊണ്ട് വയലന്‍സും കൊലപാതകങ്ങളും കാണികളില്‍ അസഹനീയത ഉളവാക്കുന്ന ഡെന്മാര്‍ക്ക് ചിത്രമാണ് ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്.  സൂക്ഷ്മാംശങ്ങള്‍ വരെ  കൃത്യമായും സ്പഷ്ടമായും പൂര്‍ണ്ണതയോടെ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കൊലപാതക രംഗങ്ങള്‍ പോലുള്ളവ പലപ്പോഴും പ്രേക്ഷകരെ  കണ്ണ് മൂടിവയ്ക്കാന്‍ പ്രേരിപ്പിക്കും.  അതും തിരുവനന്തപുരം മേളയിലെത്തുന്നുണ്ട്.
91-ാം ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 16 വിദേശഭാഷാ ചിത്രങ്ങളും റിട്രോസ്‌പെക്ടീവ് ഓഫ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ വിഖ്യാത സ്വീഡിഷ് സംവിധായകന്‍ ഇങ്മര്‍ ബര്‍ഗ്മാന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.  കഴിഞ്ഞ തവണത്തെ ഗോവന്‍ മേളയില്‍ മലയാളത്തിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മികച്ച അംഗീകാരം നേടാന്‍ പ്രാപ്തിയുള്ളവയായിരുന്നു മലയാളത്തിന്റെതായി മല്‍സരവിഭാഗത്തിലുള്ള എല്ലാ ചിത്രങ്ങളും.  കഴിഞ്ഞ തവണയും രണ്ട് മലയാളചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തില്‍ ഇടം നേടിയിരുന്നത്. 
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ആകെ 26 ചിത്രങ്ങളുള്ളതില്‍ ആറെണ്ണം മലയാളത്തില്‍ നിന്നായിരുന്നു.  ഷാജി എന്‍ കരുണിന്റെ ഓള്, ജയരാജിന്റെ ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ഏബ്രിഡ് ഷൈന്റെ പൂമരം , റഹിം ഖാദറിന്റെ മക്കന എന്നിവയാണ് മലയാളത്തിന്റെ കീര്‍ത്തി കടല്‍ കടത്തിയ പനോരമ ചിത്രങ്ങള്‍.  നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുണ്ട്.  അതിലും മൂന്ന് മലയാള ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്.  ഷൈനിജേക്കബിന്റെ സോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യാരാജിന്റെ മിഡ് നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് അവ.  ഖേലോ ഇന്ത്യാ കാമ്പയിന്റെ ഭാഗമായി ജോഗ്ഗേഴ്‌സ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ എബ്രിഡ് ഷൈന്റെ '1983' പ്രദര്‍ശിപ്പിച്ചു.   
തകഴിയുടെ കയര്‍ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ഭയാനകം മേളയില്‍ രണ്ട് തവണ പ്രദര്‍ശിപ്പിച്ചപ്പോഴും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.  ടിക്കറ്റില്ലാതെ പലരും മടങ്ങി.  അതിലെ നായകനായ രഞ്ജി പണിക്കരും സംവിധായകന്‍ ജയരാജും മേളയില്‍ ആദ്യന്തം പങ്കെടുത്തു.  മലയാള ചിത്രങ്ങളും മലയാള സംവിധായകരും അഭിനേതാക്കളും മറ്റ് പിന്നണി പ്രവര്‍ത്തകരും പ്രേക്ഷകരും മീഡിയാക്കാരും എല്ലാം ചേര്‍ന്ന് ഗോവയെ ഗോരളമാക്കി എന്നതാണ് വസ്തുത.  എഴുത്തുകാരന്‍ സക്കറിയ,  ഷാജി എന്‍. കരുണ്‍, ലിജോ ജോസ് പെല്ലിശ്ശേരി, മേജര്‍ രവി, ഇന്ദ്രന്‍സ്, സംവിധായകന്‍ സക്കറിയ, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ആശാ ശരത്, വിനീത് തുടങ്ങി മലയാളി സാന്നിദ്ധ്യം മേളയിലെ പകുതിയോളം വരുന്ന മലയാളി പ്രേക്ഷകരെ ആവേശഭരിതരാക്കി.  അസാന്നിദ്ധ്യം കൊണ്ട് മേളയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.  മേളകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിനെ ഇത്തവണ കണ്ടതേയില്ല.  
ഓരോ സിനിമയുടെയും തുടക്കത്തില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്നതിന് ആരും ഒരു മടിയും കാണിച്ചില്ല.  കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മേളയിലുണ്ടായതു പോലുള്ള യാതൊരു കല്ലുകടിയും അവിടെ ഉണ്ടായില്ല.  ഡിവൈന്‍ വിന്‍ഡ് പ്രദര്‍ശിപ്പിച്ച ഐനോക്‌സ് -1 തീയേറ്ററില്‍ ദേശീയഗാനത്തോടൊപ്പം കാണിക്കുന്ന പാറിപ്പറക്കുന്ന ദേശീയപതാകയുടെ വീഡിയോ കാണിച്ചപ്പോള്‍ ആഡിയോ ഉണ്ടായില്ല.  അത് വീണ്ടും കേള്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും ശബ്ദം വന്നില്ല.  ഉടനെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കാണികള്‍ വീഡിയോയ്ക്ക് അനുസൃതമായി ദേശീയഗാനം ഉച്ചത്തില്‍ ആലപിച്ചു കൊണ്ട് ദേശസ്‌നേഹത്തിന്റെ മഹനീയ മാതൃക കാണിച്ചത് നമ്മുടെ രാജ്യത്തെ സിനിമാസ്വാദകരുടെ യശസ്സ് ഉയര്‍ത്തിയ സംഭവമാണ്.   

ഗോവയാണ് വേദിയെങ്കിലും ബോംബെക്കാരുടെയും ബോളിവുഡിന്റെയും അപ്രമാദിത്വം മേളയില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്.  സ്ഥിരം വേദിയായിട്ടും സംഘാടക മികവിനു ഓരോ വര്‍ഷവും ഉണ്ടാകേണ്ട നിലയ്ക്കുള്ള  മേന്മ ഉണ്ടാകുന്നില്ല.  കേവലം രണ്ട് വലിയ തീയേറ്റര്‍, മൂന്ന് മീഡിയം തീയേറ്റര്‍, രണ്ട് ചെറിയ തീയേറ്റര്‍ എന്നിവയിലൊതുങ്ങുന്നു മേള. ജോഗ്ഗേഴ്‌സ് പാര്‍ക്കില്‍ സജ്ജീകരിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍  വെറുമൊരു താല്‍ക്കാലിക വേദിയാണ്. കാശ് ധാരാളമായുള്ളത് എങ്ങനെയോ ചെലവഴിക്കപ്പെടുന്നു എന്നല്ലാതെ ആസൂത്രണത്തില്‍ അതിന്റെ ഗുണം കാണുന്നില്ല.  ആദ്യഘട്ടം ഷെഡ്യൂള്‍ വളരെ നേരത്തെ ലഭ്യമാക്കിയെങ്കിലും രണ്ടാം ഘട്ടം പിന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും ഷെഡ്യൂള്‍ ലഭിക്കാതെ പ്രേക്ഷകര്‍ വലഞ്ഞു.  മേള കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നു.  ഓണ്‍ലൈന്‍ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഉണ്ടായ എല്ലാ തെറ്റുകളും ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.  മുമ്പ് മേളകളില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന കുടുംബശ്രീ പോലുള്ള ഗോവയുടെ തനത് സംവിധാനങ്ങള്‍ തീയേറ്റര്‍ സമുച്ചയത്തിന് സമീപത്ത് തന്നെ തയ്യാറായിരുന്നു.  ടെന്റുകള്‍ കെട്ടി സിനിമാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ചെറിയ തുകയ്ക്ക് താമസസൗകര്യം നല്‍കുമായിരുന്നു.  ഹോട്ടലുകാരുടെ സമ്മര്‍ദ്ദം കാരണമാകാം ഇപ്പോള്‍ അതൊന്നും ഇല്ല.  മേളയിലെ ഫുഡ്‌കോര്‍ട്ടില്‍ കാപ്പിക്ക് 60 രൂപയുണ്ട്. എന്നാല്‍ ബിയറിന് 50 രൂപയേ ഉള്ളൂ എന്നതാണ് വിരോധാഭാസം.  ഗോവയില്‍ വന്ന് മേളയില്‍ പങ്കെടുക്കുക എന്നത് ഇന്ന് സിനിമാ പ്രേമികള്‍ക്ക്  ഭാരിച്ച ചെലവ് വരുത്തി വയ്ക്കുന്നു.  
1952 ല്‍ തുടങ്ങിയ ദേശീയ ചലച്ചിത്രോത്സവം 2003 വരെ രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി മാറിമാറിയാണ് നടത്തി വന്നത്.  തിരുവനന്തപുരം 1988 ലും 1997 ലും വേദിയായിരുന്നു.  എന്നാല്‍ 2004 മുതല്‍ ഗോവ സ്ഥിരം വേദിയായി.  ഗോവയ്ക്ക് അവിടം കാണാത്തവര്‍ ചാര്‍ത്തിക്കൊടുത്ത ഒരുപാട് ദുഷ്‌പേരുകളുണ്ട്.  അത് ശരിയല്ലെന്ന് അനുഭവത്തിലൂടെ മനസ്സിലാകും.  അവള്‍ ശാലീനസുന്ദരിയൊന്നുമല്ലെങ്കിലും കേരളം പോലെ തന്നെ മനോഹരിയാണ്.  അവിടെ വരുന്നവരോട് കലവറയില്ലാതെ അവള്‍ സൗഹൃദം പങ്കിടും.  രാജ്യത്തെ മറ്റ് ഏത് സ്ഥലത്തേക്കാളും സ്വതന്ത്രമായി, മതസ്പര്‍ദ്ധകളില്ലാതെ, വേഷത്തെക്കുറിച്ചുള്ള പുച്ഛ ഭാവങ്ങളില്ലാതെ, നമുക്ക് ലഭ്യമായത് എന്തും കഴിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നുകര്‍ന്ന് സഞ്ചരിക്കാം.  ആ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല.  നഗരവീഥികളില്‍ ആരും മദ്യപിച്ച് കിടക്കുകയോ മത്ത് പിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല.  രാജ്യത്ത് മറ്റൊരിടത്തും പറയാനാവാത്ത ഒരു മേന്മ മുംബൈയ്ക്കും ഗോവയ്ക്കും മാത്രമായുണ്ട്.  അത് ഏത് രാത്രിയിലും ഏത് സ്ത്രീക്കും ഏത് സമയത്തും ഒറ്റയ്ക്ക് നഗരത്തിലൂടെ എവിടെയും സഞ്ചരിക്കാം;എവിടെയും ഇരിക്കാം; എന്തും ധരിക്കാം; ആരും തുറിച്ചു നോക്കുകയുമില്ല,ആരും ആക്രമിക്കുകയുമില്ല എന്നതാണ്.  ലോകത്തിലെ ഉയര്‍ന്ന സാംസ്‌കാരിക മൂല്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു പോലും ഗോവയിലെത്തിയാല്‍ നെറ്റി ചുളിക്കേണ്ടി വരില്ല.  മൂക്ക് പൊത്തേണ്ടിയോ ആക്രമണത്തിനോ മോഷണത്തിനോ വിധേയമാകേണ്ടതായോ വരുന്നില്ല.  ചില അപവാദങ്ങള്‍ ഇല്ലെന്നല്ല.  അഭിമാനപൂര്‍വ്വം വിദേശികളെ ആനയിക്കാവുന്ന ഒരു പ്രദേശമായതു കൊണ്ടാവാം ഗോവയിലെ പനജി ദേശീയചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയാക്കാന്‍ തീരുമാനിച്ചത്.  
ആസൂത്രണത്തില്‍ പിഴവുകളുണ്ടെങ്കിലും മേളയിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ശ്ലാഘനീയമാണ്. അന്താരാഷ്ട്രമേളയുടെ മികവ് പുലര്‍ത്തിയ ലോകോത്തര ചിത്രങ്ങളാണ് മേളയിലെത്തിയവയില്‍ അധികവും.  അതുകൊണ്ട് തന്നെ ഒരു മികച്ച ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് കൊടിയിറങ്ങിയത് എന്ന് ചലച്ചിത്ര പ്രേമികള്‍ക്ക് അഭിമാനിക്കാം. സിനിമാസ്വാദകരായ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനും തെറ്റുകുറ്റങ്ങള്‍ തിരുത്തി മുന്നോട്ടു പോകാനും സംഘാടകര്‍ ശ്രമിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ലോകോത്തരമായ അന്തര്‍ദേശീയ മേള എന്ന ഖ്യാതിനേടാന്‍ ഗോവന്‍ മേളയ്ക്ക് കഴിയും.  
Posted by sreejikadavinmoola at 20:25 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 16 September 2017

പുലിക്കയം 
-ജി.ശ്രീകുമാര്‍

 

ഉള്‍ക്കാട്ടില്‍ ഒരു ദിവസമെങ്കിലും തങ്ങണമെന്ന് വളരെക്കാലമായുള്ള ആഗ്രഹമാണ്. കിളികളുടെ സംഗീതവും കാനന ചോലകളുടെ കളകളാരവവും പ്രകൃതിയുടെ സ്വച്ഛമായ സുഖശീതതളിമയും ഒക്കെ നുകര്‍ന്നു കൊണ്ട് ഉള്‍ക്കാട്ടിലെവിടെയെങ്കിലും ഒരു ദിവസം.  വന്യമൃഗങ്ങള്‍ക്കിടയില്‍ പരിമിത സൗകര്യങ്ങളുള്ള ഷെഡുകളിലും ടെന്റുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കാടുകാക്കുന്നതിനായി താമസിക്കേണ്ടി വരുന്ന വനപാലകരെക്കുറിച്ചറിയാം.  അവരുടെ അതേ സാഹചര്യങ്ങളില്‍ ഒരു ദിവസം കഴിയുക എന്നതാണ് ഉദ്ദേശ്യം. 
അച്ചന്‍കോവില്‍ റേഞ്ചിലെ എന്റെ സുഹൃത്തായ വനംവകുപ്പുദ്യോഗസ്ഥനോട് സംഗതി പറഞ്ഞു.  ''കാട്ടിനുളളില്‍ ഐ.ബിയും മറ്റ് താമസസൗകര്യങ്ങളും ഉണ്ട്. അവിടെ ബുക്ക് ചെയ്തുതരാം '' അയാള്‍ പറഞ്ഞു.  
'' അതെനിക്കറിയാം; അവിടെ താമസിക്കാന്‍ നിന്റെ ഔദാര്യമൊന്നും വേണ്ട.  അവിടെ കാശു കൊടുത്ത് ആര്‍ക്കും താമസിക്കാമല്ലൊ , ഉള്‍ക്കാട്ടില്‍ താമസിക്കുക എന്നതാണ് ഉദ്ദേശം. നിങ്ങള്‍ പെട്രോളിംഗിനൊക്കെ പോകുന്നില്ലേ. അവരോടൊപ്പം ഒരു ദിവസം'' 
'' നിന്റെ ആഗ്രഹമൊക്കെ കൊള്ളാം; പക്ഷേ അതത്ര സുഖകരമായിരിക്കില്ല.  അപകടവും ഉണ്ടാവാം'' 
'' നിനക്ക് പറ്റില്ലെങ്കില്‍ പറയ്.  ഞാന്‍ മറ്റാരോടെങ്കിലും പറയാം '' ഞാന്‍ വിട്ടില്ല. 
ഒടുവിലയാള്‍ സമ്മതിച്ചു.  '' അച്ചന്‍കോവില്‍ ഡിവിഷനില്‍ പുലിക്കയം എന്നൊരു സ്ഥലമുണ്ട്.  വളരെ ഉള്ളിലാണ്.  കുറെ നടക്കേണ്ടിവരും.  അവിടെ ഒരു ക്യാമ്പ് ഷെഡുണ്ട്.  അതിനു താഴെ കല്ലാര്‍പുഴയും അതില്‍ ചപ്പാത്തും ഒക്കെയുണ്ട്.  ഭംഗിയുള്ള ധാരാളം സ്ഥലമാണ്.  ആനയും കരടിയുമൊക്കെ ഉള്ള സ്ഥലമാണ്.  അപകട സാധ്യത കൂടിയസ്ഥലമാണ്. പറഞ്ഞില്ലെന്നു വേണ്ട '' അവന്‍ ഓര്‍മ്മിപ്പിച്ചു. 
പക്ഷേ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.  
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ അമ്പലങ്ങള്‍ ഒറ്റദിവസം കൊണ്ട് തന്നെ അയ്യപ്പ ഭക്തന്മാര്‍ സന്ദര്‍ശിക്കുന്ന പുണ്യസ്ഥലങ്ങളാണ്.  ഇവയില്‍ കുളത്തൂപ്പുഴയും ആര്യങ്കാവും കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലേക്കിറങ്ങണം.  അവിടെ മലയിറങ്ങി ചൊങ്കോട്ടയെത്തി,  വീണ്ടും തിരിഞ്ഞ് കേരളത്തിലേക്ക് ; അതായത് അച്ചന്‍കോവിലിലേക്ക്. നേരിട്ട് അച്ചന്‍കോവിലെത്താന്‍ പുനലൂര്‍ വഴി പ്രിയ എസ്റ്റേറ്റിലൂടെ പോകാമെങ്കിലും കാനന പാത ആയതിനാല്‍ ദുര്‍ഘടമാണ്.  കാനന പാത മെച്ചപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്.  കേന്ദ്രാനുമതി ഉള്‍പ്പടെ പല കടമ്പകള്‍ കടക്കേണ്ടതുണ്ട്. 
അച്ചന്‍കോവില്‍ ഐ.ബിയിലെത്താനാണ് എന്നോട് പറഞ്ഞിരുന്നത്.  അവിടെ എത്തിയപ്പോള്‍ തന്നെ ഡ്യൂട്ടിക്കാര്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍ സഹിതം  തയ്യാറായി നില്‍ക്കുകയായിരുന്നു. ദുര്‍ഘടമായ പാത.  ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പിന് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. വണ്ടിക്ക് പോകാവുന്ന അത്രയും ദൂരം ജീപ്പില്‍ കൊണ്ടുവിട്ടു.  അധികവും തേക്ക് തോട്ടങ്ങളായിരുന്നു. 
തേക്കിന്റെ തളിരിലയില്‍ മുട്ടയിട്ട് വിരിയുന്ന ഒരിനം മഞ്ഞ ശലഭങ്ങള്‍ തത്തിക്കളിച്ച് പാറി പറക്കുന്നത് ഒരു മനോഹരമായ കാഴ്ചയായിരുന്നു. ഒരു പ്രദേശം മുഴുവന്‍ പീതാംബരം ചുറ്റിയതു പോലെ മഞ്ഞ ശലഭങ്ങള്‍.  മറ്റു ശലഭങ്ങളെ കാണാന്‍ കൂടിയില്ല.  നിരനിരയായി പുഴക്കരയിലൂടെയും മറ്റും എന്തോ അത്യാവശ്യം ഉണ്ടെന്ന മട്ടില്‍ വരിവരിയായി നിരനിരയായി അങ്ങനെ പോകുന്നത് ഒരു കാഴ്ച തന്നെയാണ്.  ഈ ശലഭപാത എവിടെ വരെയുണ്ട് എന്ന് പറയാന്‍ കഴിയില്ല.  ഇടയ്ക്കിടെ മണല്‍പരപ്പിലും ആനപിണ്ഡത്തിന് മുകളിലും ഒക്കെയായി അവര്‍ ഒത്തു കൂടും.   നൂറ് കണക്കിന് ശലഭങ്ങളുടെ സമ്മേളനം കഴിഞ്ഞ് അവ വീണ്ടും എന്തോ ലക്ഷ്യമാക്കി എന്ന മട്ടില്‍ പറന്നു കൊണ്ടേയിരിക്കും.  
       മണലിലും ആനപിണ്ഡത്തിലുമൊക്കെ അവ ആവശ്യമായ ലവണങ്ങള്‍ സ്വീകരിക്കാനാണ് ഇങ്ങനെ സമ്മേളിച്ചിരിക്കുന്നത്.  ചിലത് മരത്തിന്റെ മുകളില്‍ നിന്ന് പഴുത്ത് വീഴുന്ന ഇലകണക്കേ താഴേക്ക് പതിക്കുന്നത് കാണാം.  നിലം തൊടാറാകുമ്പോള്‍ പറന്ന് മാറും.
       അങ്ങനെയുള്ള കാഴ്ചകള്‍ കണ്ട് നടന്ന് ഒടുവില്‍ പുലിക്കയം ക്യാമ്പ് ഷെഡിലെത്തി.  നല്ല വലിപ്പത്തിലും ആഴത്തിലും ആന കയറാതിരിക്കാനുള്ള കിടങ്ങൊക്കെയുണ്ട്.  ഷെഡിന് മുമ്പിലായി ഒരു കാട്ടുമാവ് നില്‍പ്പുണ്ട്.   ഇലകള്‍ കാണാന്‍ കഴിയാത്തത്ര നിറയെ ചെറു മാങ്ങകള്‍.  അതില്‍ മലയണ്ണാനും മറ്റും മാമുണ്ണുന്നുണ്ട്.




പുളിശ്ശേരി വയ്ക്കാന്‍ ഉഗ്രനാണെന്ന് പറഞ്ഞ് ഒപ്പം വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ വീണു കിടക്കുന്ന മാങ്ങകള്‍ പെറുക്കി കൂട്ടി.  ഞാനും ഒരു മാങ്ങയെടുത്ത് തിന്നു. നല്ല മധുരവും പുളിയും ചേര്‍ന്ന രുചി. 
 
         
 മറ്റൊരാള്‍ ക്യാമ്പ് ഷെഡിന്റെ വാതിലിലെ പൂട്ടൊക്കെ തുറന്ന് അകത്ത് കയറാന്‍ തുടങ്ങി.  ആസ്ബസ്റ്റോസ് ഷീറ്റ് പതിപ്പിച്ച ചുവരുകളും മേല്‍ക്കൂരയുമാണ്.  പക്ഷേ വാതില്‍ തുറന്ന് അകത്തു കടന്നതും ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി.  അവര്‍ കഴിഞ്ഞ ആഴ്ച വന്നപ്പോഴുള്ള അവസ്ഥയല്ലത്രേ.  വാതിലുള്ള ഭാഗം പൊളിച്ചിട്ടില്ലെന്നേ ഉള്ളൂ.  ബാക്കി ഒട്ടുമുക്കാലും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു.  
'' കാട്ടുമാങ്ങ തിന്നാന്‍ വരുന്ന കൊമ്പന്റെ പണിയാണ് '' 
ഒരാള്‍ വിശദീകരിച്ചു. 
'' അതിന് ട്രഞ്ചില്ലേ.  പിന്നെങ്ങനെ ഇത് സംഭവിച്ചു''  എനിക്ക് അതിശയമായി. 
ഒന്നും പറയാതെ അയാള്‍ ഷെഡിന്റെ പുറകിലേക്ക് പോയി.  ഞാനും കൂടെപ്പോയി.  അവിടെ ഒരു ഭാഗത്ത് ട്രഞ്ചിനുള്ളിലേക്ക് മണ്ണിടിച്ചിറക്കിയിരിക്കുന്നു.  
'' കൊമ്പന്റെ പണിയാണ്. അതു വഴിയാണ് ആന വന്നത് '' അയാള്‍ പറഞ്ഞു. 
അത്യാവശ്യം ഒരു ദിവസം മഴനനയാതെ സൗകര്യപ്രദമായി തങ്ങാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നതായി  കണ്ടാല്‍  മനസ്സിലാകും.  സോളാര്‍ ലൈറ്റിന്റെ ബാറ്ററി ഉള്‍പ്പെടെ തകര്‍ത്തിട്ടിരിക്കുന്നു.  പിന്‍വശത്ത് അടുക്കള ആവശ്യത്തിനായി തയ്യാറാക്കിയിരുന്ന  കോണ്‍ക്രീറ്റ് സ്ലാബും മറിച്ചിട്ടിരിക്കുന്നു.  ഏറ്റവും വലിയ വിഷമം തോന്നിയത് കക്കൂസിന്റെ അവസ്ഥ കണ്ടപ്പോഴാണ്.  എല്ലാം നശിപ്പിച്ചിരിക്കുന്നു. 
നല്ല മഴയും വരുന്നുണ്ട്.  ഈ പൊളിഞ്ഞ ഷെഡിനുള്ളില്‍ എങ്ങനെ രാത്രി തങ്ങും.  '' വിനാശകാലേ വിപരീത ബുദ്ധി '' ഞാന്‍ സ്വയം ശപിച്ചു.  ചാടിപ്പുറപ്പെടാന്‍ എന്തുല്‍സാഹമായിരുന്നു.  ഇനി വരുന്നത് അനുഭവിക്കുക തന്നെ എന്ന് തീരുമാനിച്ചു.  പക്ഷേ ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി.  കഴിഞ്ഞ ദിവസം ഷെഡ് ആക്രമിച്ച ആന ഇന്ന് ഇവിടെ തങ്ങുന്നവരെ ആക്രമിക്കില്ലേ.  നാളത്തെ പത്രവാര്‍ത്ത എന്താകും.  നേരം വൈകിപ്പോയി.  വന്ന വണ്ടിയും പോയി.  ഇനി എന്തുചെയ്യും.  ഫോണ്‍ ചെയ്യാന്‍ റെയ്ഞ്ചുമില്ല.  തണുപ്പ് കൂടിവരുന്നു.  
മഴ നനയാതെ നില്‍ക്കാന്‍ കഴിയുന്ന കുറച്ചു ഭാഗം ബക്കിയുണ്ട്.  എന്റെ ആശങ്കയൊന്നും ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായി തോന്നിയില്ല.  ഇതൊക്കെയെന്ത് എന്ന മട്ടില്‍ അവര്‍ പൊളിഞ്ഞ ഷീറ്റൊക്കെ ഉയര്‍ത്തി കൂടുതല്‍ ഭാഗം നനയാത്ത രൂപത്തിലാക്കി.  ഒടിഞ്ഞ കട്ടിലൊക്കെ ശരിയാക്കി അത്യാവശ്യം തലചായ്ക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി.  മറ്റൊരാള്‍ വിറകൊക്കെ സംഘടിപ്പിച്ച് അടുപ്പ് കൂട്ടാന്‍ തുടങ്ങി.  ഇന്നിവിടെ രാത്രി ആന വന്നാല്‍ എന്തു ചെയ്യും എന്നുള്ള ചോദ്യം മനസ്സില്‍ തികട്ടി വന്നു.  പക്ഷേ ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ ഞാന്‍ ഒരു പേടിത്തൊണ്ടനാണെന്ന കാര്യം അവര്‍ മനസ്സിലാക്കുമല്ലോ എന്ന് കരുതി മിണ്ടാതിരുന്നു.  '' എന്റെ ഐഡിയ ആയിപ്പോയി '' എന്ന മഹേഷിന്റെ പ്രതികാരത്തിലെ ഡയലോഗ് ഉരുവിട്ട് കൊണ്ട് ഞാന്‍ പതിയെ പുറത്തിറങ്ങി. 
തൊട്ടു താഴെ കണ്ണീരു പോലെ തെളിഞ്ഞൊഴുകുന്ന കല്ലാര്‍.  അതിലെ ചപ്പാത്തിലൂടെ അക്കരയ്ക്ക് പോകാം.  പുഴ കടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടം ഉള്‍പ്പെടെ നിരവധി കാഴ്ചകള്‍ ഉണ്ടത്രേ.  ഞാന്‍ പുഴക്കരയിലെത്തിയപ്പോള്‍ എന്റെ പുറകെ ഒരു ജീവനക്കാരന്‍ വന്നു.  '' പുഴയ്ക്കക്കരെ വേറൊരു മാവുണ്ട്.  അതിലെ മാങ്ങയ്ക്ക് ഇതിലും രുചിയാണ്.  ഞാന്‍ മാങ്ങപെറുക്കി കൊണ്ടുവരാം, വരുന്നോ '' 
ഒരാള്‍ കൂടെയുണ്ടാവുന്നത് വലിയ ധൈര്യമാണല്ലോ. ഞാനും ഒപ്പം വച്ചു പിടിച്ചു. ചപ്പാത്തിന് മുകളിലൂടെ മുട്ടളവില്‍ വെള്ളം ഒഴുകുന്നുണ്ട്.  പാന്റ്‌സ് നനയാതെ വളരെ ശ്രദ്ധയോടെ അക്കരെക്കടന്നു. അല്‍പ്പം ഇടത്തോട്ട് പുഴക്കരയിലൂടെ നടന്നതും ആ മാവ് കണ്ടു.  അതിലും നിറയെ മാങ്ങകള്‍.  പെട്ടെന്ന് അയാള്‍ സ്വിച്ച് ഓഫാക്കിയ പോലെ അവിടെ നിന്നു.  എന്നിട്ട് മാവിന്‍ ചുവട്ടിലേക്ക് ചൂണ്ടി.  അവിടെ ഒരു കരടി.  രണ്ടാമതൊന്ന് നോക്കാന്‍ കഴിഞ്ഞില്ല.  '' തോമസ്‌കുട്ടി വിട്ടോടാ '' എന്ന മട്ടില്‍ എന്തോ പറഞ്ഞു കൊണ്ട് അയാള്‍ ഓടിക്കഴിഞ്ഞിരുന്നു.  ഞാനും പുറകേ വച്ചു പിടിച്ചു.  നിമിഷനേരം കൊണ്ട് ഷെഡില്‍ തിരികെയെത്തി.  കാട്ടില്‍ ആനയെക്കാളും കടുവയെക്കാളും പേടിക്കേണ്ടത് കരടിയെ ആണ്.  കരടി മനുഷ്യനെ കണ്ടാല്‍ ആക്രമിച്ചിരിക്കും എന്നതാണ് കാട്ടിലെ തത്വം.  ഏതാണ്ട് മനുഷ്യന്റെ വലിപ്പമായതിനാല്‍ അതിന് ഒത്ത ശത്രുവായി മനുഷ്യനെ കാണുന്നതു കൊണ്ടാവാം. 
ഷെഡിലെത്തിയതോടെ വീണ്ടും ആനക്കാര്യം മനസ്സില്‍ പൊന്തി വന്നു.  മൂന്ന് വശവും തുറന്ന ചുവരുള്ള ഷെഡില്‍ എങ്ങനെ കിടന്നുറങ്ങും.  ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍                   '' തന്നോടാരെങ്കിലും ഇവിടെ വരാന്‍ പറഞ്ഞോ '' എന്നൊരു മറുചോദ്യം ഉണ്ടാകുമെന്ന് ഭയന്ന് ഞാന്‍ ഒന്നും ചോദിച്ചില്ല.  കൂടാതെ ഞാന്‍ കാരണമല്ലെ ഇവര്‍ക്കും ഇവിടെ ഇന്നിങ്ങനെ തങ്ങേണ്ടി വന്നത് എന്ന ചിന്തയും എന്നെ അലട്ടി.  കുറെക്കഴിഞ്ഞ് കട്ടന്‍ ചായ തിളപ്പിച്ചു തന്നെ മനുഷ്യനോട് '' രാത്രി ആന വന്നാലെന്തു ചെയ്യും '' ഒരു വിധത്തില്‍ ചോദിച്ചു. 
'' ആളുണ്ടെങ്കില്‍ ആന വരില്ല; നമുക്ക് ഫയര്‍ പ്ലെയ്‌സ് ഉണ്ടാക്കാം. പിന്നെ പേടിക്കാനില്ല ''എന്ന് നിസ്സാരമായി പറഞ്ഞു കൊണ്ട് രാത്രിയിലെ ആഹാരകാര്യങ്ങള്‍ നോക്കാനായി അയാള്‍ പോയി.  കുറച്ചു കഴിഞ്ഞപ്പോള്‍ പുഴയില്‍ വെള്ളമെടുക്കാന്‍ പോയ ആള്‍ ഓടിവന്ന് എന്നെ വിളിച്ചു.  പുഴക്കരയില്‍ ആനക്കൂട്ടം വന്നത് കാണിക്കാനാണ് വിളിച്ചത്. കുട്ടിയാന ഉള്‍പ്പെടെ ആനകളുടെ ഒരു കൂട്ടം.  കാട്ടില്‍ വന്നിട്ട് ആനയെ കണ്ടില്ല എന്ന് വിഷമിക്കാതിരിക്കാനാണ് പുള്ളിക്കാരന്‍ എന്നെ വിളിച്ചു കാണിച്ചു തന്നത്.  പുഴയുടെ മറുവശത്താണെങ്കിലും പുഴയ്ക്ക് ആഴം കുറവായതിനാല്‍ എന്റെ മുട്ട് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു.  അതില്‍ ഒരാന തുമ്പിക്കൈയുടെ അഗ്രം ഞങ്ങളുടെ ഭാഗത്തേക്ക് തിരിച്ച് മണം പിടിക്കുന്നത് കണ്ടു.  ഞങ്ങളുടെ മണം കിട്ടിയതിനാലാവണം പെട്ടെന്ന് എല്ലാം വേഗത്തില്‍ വെള്ളംതെറിപ്പിച്ചു കൊണ്ട് കാട്ടുചെടികളെ ചവിട്ടി മെതിച്ചു കൊണ്ട് പുഴക്കരയിലൂടെ എതിര്‍വശത്തേക്ക് പൊയ്ക്കളഞ്ഞു.  ചെറിയ പയ്യനെ ഞങ്ങളില്‍ നിന്ന് മറച്ച് പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  പക്ഷേ അല്‍പ്പനേരം അവിടെ നിന്നതേയുള്ളു.  കാലില്‍ അട്ടകള്‍ സംസ്ഥാന സമ്മേളനം തുടങ്ങി.   മുട്ടുവരെ പലയിടത്തായി കടിച്ച് പറ്റിയിരിക്കുന്നു.  വലിച്ചു പിഴുതു കളഞ്ഞാല്‍ രക്തം നില്‍ക്കാതെ പോകും.  ആദ്യമേ തന്നെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കുത്തിവച്ചിട്ടാണ് രുധിരപാനം തുടങ്ങുന്നത്.  ഒരുവിധം മടങ്ങി ഷെഡിലെത്തി. ഉപ്പ് പൊടി ഉപയോഗിച്ച് ഓരോന്നിനെയായി എടുത്തു കളഞ്ഞു.  അപ്പോഴേക്കും മിക്കതും കുടിച്ച് വീര്‍ത്ത് കഴിഞ്ഞിരുന്നു.  
'' സാറിന് ഹാര്‍ട്ട് അറ്റാക്ക് വരില്ല.  ഹെപ്പാരിന്‍ എന്നൊരു എന്‍സൈം അട്ടകള്‍ കുത്തിവയ്ക്കും.  അത് ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാദ്ധ്യത തടയും.  ഞങ്ങള്‍ പാടത്താളിയുടെ കിഴങ്ങ് ഒരുമാസം എണ്ണയില്‍ ഇട്ടുവച്ചിരിക്കും.  എന്നിട്ട് ആ എണ്ണ കാലില്‍ തേച്ച് നടന്നാല്‍ അട്ട അടുക്കുകയില്ല. '' ഒരാള്‍ വിശദീകരിച്ചു.    നേരം ഇരുട്ടിയതോടെ ഭയം ഇരട്ടിച്ചു.  വെളിച്ചമുള്ള രണ്ട് ടോര്‍ച്ചുകള്‍ അവരുടെ കൈവശമുള്ളത് മാത്രമാണ് ഏക ആശ്വാസം. ഞാന്‍ കൊള്ളാവുന്ന ഒരു കട്ടില്‍ പിടിച്ചിട്ട് അതില്‍ കയറിക്കിടന്നു.  തണുപ്പ് വല്ലാതെ കൂടി.  മഴ പുറത്ത് തകര്‍ത്തു പെയ്യുന്നുണ്ട്.  അകത്തും വെള്ളം കയറുന്നുണ്ട്.  അകത്തു , പുറത്തു എന്നൊക്കെ ആലങ്കാരികമായി പറഞ്ഞതാണ്. അങ്ങനെ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കാറ്റും തണുപ്പും എല്ലാംകൂടി ഇന്ന് ശിവരാത്രി തന്നെയെന്ന് ഉറപ്പിച്ചു.  ആന വരാതിരിക്കാന്‍ തീകൂട്ടാമെന്ന് പറഞ്ഞിരുന്നെങ്കിലും മഴകാരണം അതും നടന്നില്ല.  പാപി ചെല്ലുന്നിടം പാതാളം. 
     കഞ്ഞിയും കാന്താരി മുളകരച്ച ചമ്മന്തിയും പയറും ഒക്കെയായി ഉള്ള സ്ഥലത്തിരുന്ന് രാത്രി ഭക്ഷണം കുശാലാക്കി.  വിശപ്പു മാറിയപ്പോഴേക്കും വീണ്ടും എന്റെ മനസ്സില്‍ വീണ്ടുംഒറ്റയാന്റെ ചിന്ത വന്ന് നിറഞ്ഞു.  കാട്ടില്‍ സ്വാഭാവികമായുള്ളതല്ലാതെ എന്തുകണ്ടാലും ആനയ്ക്ക് അത് തകര്‍ത്ത് കളയുന്ന ശീലമുണ്ട്.  കാട്ടുമൃഗങ്ങളുടെ കണക്കെടുപ്പിന് സഹായിക്കാനായി സെന്‍സറുള്ള ക്യാമറകള്‍ മരങ്ങളില്‍ പിടിപ്പിച്ചിട്ടുളളത് കണ്ടാല്‍ ആനകള്‍ അതിനെ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിക്കും. മൃഗങ്ങളൊക്കെ വരുമ്പോഴാണെല്ലോ അതിലെ ഫ്ലാഷ് മിന്നുന്നത്. ഇപ്പോള്‍ ആനചവിട്ടിയാലും പൊട്ടാതിരിക്കാന്‍ ഉരുക്ക് കവചത്തിനുള്ളിലാണ് അത് വയ്ക്കുന്നത്.  വനാതിര്‍ത്തികളിലെ മലമുകളിലൊക്കെ ഇപ്പോള്‍ കുരിശു കൃഷി ആണല്ലോ.  കുരിശുകണ്ടാലും ആനകള്‍ പിഴുതു കളയും.  അത് തടയാന്‍ ചിലര്‍ ചെയ്യുന്നത് കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിയാണ്.  കുരിശിനോടൊപ്പം അര്‍ക്കവാള്‍ പിടിപ്പിച്ചിരിക്കും.  തുമ്പികൈ കൊണ്ട് കുരിശ് ചുറ്റിപ്പിടിക്കുമ്പോള്‍ തന്നെ തുമ്പികൈ മുറിഞ്ഞ് തെറിക്കും.  ഷെഡിന്റെ മുറ്റത്ത് നില്‍ക്കുന്ന മാവിലെ മാങ്ങ പെറുക്കാന്‍ വരുന്ന ആന ഇന്നും ഇവിടെ വരുമെന്നും ഷെഡില്‍ പൊളിച്ചു തീരാത്ത ബാക്കി ഭാഗത്തിന്റെ പണി ഇന്ന് പൂര്‍ത്തിയാക്കുമെന്നും വിചാരിച്ച് കിടന്നു.  പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി. 
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.  കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തെളിച്ച സെര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു.  ഷെഡിന്റെ തൊട്ടപ്പുറത്ത് മാവിന്റെ ചുവട്ടില്‍ ഒത്ത ഒരു കൊമ്പന്‍. മൂക്ക് ഷെഡിന് നേരെപ്പിടിച്ച് മണം പിടിക്കുകയും ശക്തമായി ചീറ്റുകയും ചെയ്യുന്നുണ്ട്.  അത് ട്രഞ്ച് പൊളിഞ്ഞിട്ടുള്ള ഭാഗത്ത് കൂടി ഏതുനിമിഷവും ഉള്ളിലേക്ക് വരുമെന്ന് ഞാന്‍ മനസ്സിലാക്കി.  ഞങ്ങളെ തുമ്പികൈയില്‍ തൂക്കി എറിയാന്‍ ഇനി അധിക സമയമില്ല.  നിരായുധരായി നിരാലംബരായി ജീവന്‍ കയ്യില്‍പ്പിടിച്ചു കൊണ്ട് ഞങ്ങള്‍ നാലുപേര്‍.  എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണം ഞാന്‍ ഒരുത്തന്റെ പിടിവാശിയാണല്ലൊ എന്നോര്‍ത്തപ്പോള്‍ സങ്കടവും ഭയവും എല്ലാം കൂടിയ ഒരവസ്ഥ.  കുറച്ച് നേരം മാവിന്റെ ചുവട്ടില്‍ മാങ്ങ പെറുക്കിത്തിന്ന ശേഷം ട്രഞ്ചിന് പുറത്തായി  അങ്ങോട്ടുമിങ്ങോട്ടും നടന്നു.  പിന്നെ അത് എങ്ങോട്ടോ പോയി.  മറ്റുള്ളവര്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയെങ്കിലും എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല.  ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നു. 
 

            ജീവനില്‍ ഭയമില്ലെന്നൊക്കെ വലിയവായില്‍ പറയാമെന്നല്ലാതെ ജീവന്‍ അപകടത്തിലാകാറാകുമ്പോള്‍ ഉണ്ടാകുന്ന ജീവഭയം എന്താണെന്ന് ഞാന്‍ മനസ്സിലാക്കി.  കാട്ടില്‍ കാട്ടുമൃഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും മനസ്സുകൊണ്ട് നമിച്ചത് അപ്പോഴാണ്. രാവിലെ കാട്ടിനുളളിലൂടെ മീന്‍മുട്ടി വെള്ളച്ചാട്ടം വരെ ഒരു ട്രക്കിംഗ് തുടങ്ങി നിരവധി കലാപരിപാടികള്‍  പ്ലാന്‍ ചെയ്തിരുന്നതാണ്.  അതെല്ലാം എന്റെ നിര്‍ബന്ധപ്രകാരം കാന്‍സല്‍ ചെയ്തു കൊണ്ട് രാവിലെ തന്നെ ഞങ്ങള്‍ പുലിക്കയം വിട്ടു.  ഇനി ഒരിക്കലും കാട്ടിനുളളില്‍ താമസിക്കണമെന്ന പൂതി ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഞാന്‍ മടങ്ങിയത്.  
                                                                      ...................
 

Posted by sreejikadavinmoola at 01:51 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 15 September 2017


പ്ലെച്ചര്‍ ചങ്കു 
ജി. ശ്രീകുമാര്‍

     ശങ്കരന്‍ എന്നായിരുന്നു അയാളുടെ പേര്.  മതംമാറിയാല്‍ ലഭിക്കുമെന്ന് കേട്ട ധാന്യങ്ങളുടെ കണക്കും ജാതിമേല്‍ക്കോയ്മകളും അയിത്തവും എല്ലാംകൂടി ശങ്കരനെ 'ഫ്‌ളെച്ചര്‍' എന്ന പുത്തന്‍ കൂറുകാരനാക്കി.  ക്ഷാമത്തിന്റെ പിടിമുറുക്കത്തില്‍ എല്ലാദിവസവും കഞ്ഞിവെള്ളമെങ്കിലും കുടിച്ചുകിടക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട കാലഘട്ടത്തില്‍ ഒരു പിടിവള്ളി എന്ന നിലയിലായിരുന്നു ശങ്കരന്റെ മതംമാറ്റം. 
നാട്ടുകാര്‍ 'ചങ്കു ' എന്ന് വിളിക്കുമായിരുന്ന അയാള്‍ അങ്ങനെ 'പ്ലെച്ചര്‍ ചങ്കു'വായി.  ജാതിവ്യത്യാസങ്ങളില്ലെന്ന് തെറ്റിദ്ധരിച്ചിരുന്ന മതത്തിലേക്ക് കീഴ്ജാതിക്കാരുടെ ഒരൊഴുക്കായിരുന്നു അക്കാലത്ത്.  തങ്കപ്പന്‍ ഔസേപ്പായും തങ്കമ്മ മറിയയായും രാമന്‍ ഈനോസായും നാമാന്തരം പ്രാപിച്ചു. 
പക്ഷേ അതുകൊണ്ടൊന്നും അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറിയില്ല.  ജാതിവിവേചനവും മാറിയില്ല.  കാര്യങ്ങള്‍ കൂടുതല്‍ വഷളായതേയുള്ളൂ.  വയലുകളില്‍ പണിയുള്ളപ്പോള്‍ അരപ്പട്ടിണിയും ബാക്കിയുള്ള കാലങ്ങളില്‍ മുഴുപ്പട്ടിണിയുമായി അവര്‍ ദുരിതം തിന്ന് ജീവിച്ചു. 
ഞായറാഴ്ചകളില്‍ വെള്ളവസ്ത്രം ധരിച്ച് പള്ളിയില്‍ പോകണമെന്നതു മാത്രമായി ഏകവ്യത്യാസം.  പക്ഷേ ശങ്കരന്റെ കാര്യത്തില്‍ മതംമാറ്റം വേഷത്തില്‍ പോലും ഒരുമാറ്റവും വരുത്തിയില്ല.
അയാള്‍ പള്ളിയില്‍ പോവാറില്ല.  ഞായറും തിങ്കളുമെല്ലാം ഒരു പോലെയായിരുന്നു.  വിശപ്പിന് ആഴ്ച വ്യത്യാസമില്ലല്ലോ.  ശങ്കരന്റെ ഭാര്യ റോസി മകന്‍ ജയിംസിനെയും കൂട്ടി എല്ലാ ഞായറാഴ്ചയും മലമുകളിലുള്ള പള്ളിയിലേക്ക് പോകുമായിരുന്നു. 
     ശങ്കരന്റെ അച്ഛന്‍ പണിയെടുത്തിരുന്ന ജന്മിയുടെ പറമ്പിന്റെ മൂലയ്ക്ക്, കായലിനും വയലുകള്‍ക്കും സമീപത്തായി ഒരു കുടില്‍ കെട്ടാന്‍ സമ്മതം കിട്ടിയിരുന്നതു കൊണ്ട് ശങ്കരനും കുടുംബത്തിനും മഴ നനയാതെ കിടക്കാന്‍ ഒരു കൂരയുണ്ടായിരുന്നു. 
     പശുവില്ലെങ്കിലും പൂച്ച എന്നും പാല്‍ കുടിക്കുമെന്നതു പോലെ തെങ്ങില്ലെങ്കിലും ശങ്കരന് എന്നും നാലഞ്ച് തേങ്ങ കിട്ടുമായിരുന്നു.  ഇപ്പോഴത്തെപ്പോലെ തേങ്ങ വെട്ടിക്കാന്‍ ആളെ കിട്ടാഞ്ഞിട്ട് പറമ്പില്‍ കൊഴിഞ്ഞ് വീണു കിടക്കുന്ന ഉണക്ക തേങ്ങയല്ല.  നല്ല ഒന്നാംതരം പച്ചതേങ്ങ.  
പകല്‍സമയത്ത് വഴിയെ നടക്കുമ്പോള്‍, രാഷ്ട്രീയ നേതാവ് ചാനലുകാരോട് സംസാരിക്കുമ്പോള്‍ ക്യാമറയില്‍ മുഖം പതിയാനായി അനുയായികള്‍ ചാഞ്ഞും ചരിഞ്ഞും ക്യാമറയിലേക്ക് നോക്കുമ്പോലെ ശങ്കരന്‍ ഓരോ തെങ്ങിന്റെ മുകളിലേക്കും നോട്ടമെറിയും.  ഒറ്റനോട്ടം മതി തേങ്ങയുടെ വലിപ്പം, മുറ്റിയതാണോ ഇളയതാണോ തുടങ്ങി അത് ചന്തയില്‍ കൊടുത്താല്‍ എത്ര പൈസ കിട്ടും എന്നതു വരെ ശങ്കരന്റെ മനസ്സില്‍ പതിയും.  മിടുക്കരായ തേങ്ങവെട്ടുകാര്‍ വരെ ഒരു കുലയില്‍ നിന്ന് ഒന്ന് വെട്ടി പരിശോധിച്ചിട്ട് മാത്രമേ പലപ്പോഴും കുല ഒന്നായി വെട്ടിയിടാറുള്ളൂ.
      അര്‍ദ്ധരാത്രി കഴിയുമ്പോഴേക്കും ശങ്കരന്‍ പണിക്ക് തയ്യാറാവും.  പകല്‍ നോക്കിവച്ചിരുന്ന തെങ്ങില്‍ കയറി ഓരോരോ തേങ്ങയായി അടര്‍ത്തിയിടും.  കൈ കൊണ്ട് പതിയെ തിരുകി കറക്കി അടര്‍ത്തിയിടുന്നതാണ് ശീലം.  ഒരു തേങ്ങ ഇട്ടുകഴിഞ്ഞാല്‍ അല്‍പ്പനേരം മിണ്ടാതെ ശ്രദ്ധിച്ചിരിക്കും.  ശബ്ദം കേട്ടുണര്‍ന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയശേഷം അടുത്തത്.  ഒന്നാതരം തേങ്ങ മാത്രമേ എടുക്കുകയുള്ളൂ. 
'തെങ്ങ് ആരുടേതായാലും തേങ്ങ നന്നായാല്‍ മതി ' എന്നതാണ് ശങ്കരന്റെ ഒരിത്.  അന്നന്നത്തെ ആവശ്യത്തിനല്ലാതെ കൂടുതലായി ഒരു തേങ്ങ പോലും അയാള്‍ എടുക്കില്ല.  ഒരു പറമ്പില്‍ നിന്ന് തേങ്ങ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഉടനെയൊന്നും വീണ്ടും അതേ പറമ്പില്‍ കയറുന്ന പതിവില്ല. 
മുണ്ട് മുറുക്കിയുടുത്ത് ശീലിച്ചതു കൊണ്ടാവാം റോസിയ്ക്ക് വയറും നട്ടെല്ലും തമ്മില്‍ തൊലിയുടെ ചെറിയ ഒരു വേര്‍തിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  വയലില്‍ പണി കിട്ടുന്ന കാലങ്ങളില്‍ ഞാറ് നടാനും കള പറിയ്ക്കാനും കൊയ്യാനുമൊക്കെ റോസി പോകും.  പക്ഷേ അത് ഏതാനും ചില ദിവസങ്ങളിലേ കിട്ടാറുള്ളൂ.  ശങ്കരന് പക്ഷേ അപ്പണികളിലൊന്നും ലവലേശം താല്‍പ്പര്യമില്ല.  സ്ഥിരവരുമാനം കിട്ടുന്ന ഒരു പണിയുള്ളത് കളയാതെ നോക്കണമെന്ന്  മാത്രമായിരുന്നു ശങ്കരന്റെ ചിന്ത. 
തലേദിവസം രാത്രി ഏത് ജന്മിയുടെ പറമ്പില്‍ നിന്ന് കട്ടതാണെങ്കിലും ആ ജന്മിയുടെ മുന്നിലൂടെ തന്നെ തേങ്ങകളും തോളില്‍ തൂക്കി നടന്നു പോകാന്‍ ശങ്കരന്‍ മടിക്കില്ലായിരുന്നു.  രണ്ട് തേങ്ങകള്‍ വീതം ചകിരി അല്‍പ്പം വീതം പിരിച്ച് പരസ്പരം കൂട്ടിക്കെട്ടി തോളിലിടും.  ഒന്നോ രണ്ടോ എണ്ണം കയ്യിലും കാണാം. 
അങ്ങനെ ചന്തയിലേക്ക് പോകുമ്പോള്‍ 
'' ചങ്കുവേ ആരുടെ പറമ്പീന്നാ നീയീ തേങ്ങ മോഷ്ടിച്ചത് '' 
എന്ന് ആരെങ്കിലും ചോദിച്ചാല്‍ 
''ഞാന്‍ തേങ്ങ മോട്ടിക്കുന്നത് ജന്മി കണ്ടോ'' 
എന്ന് മറുചോദ്യം ചോദിച്ചു കൊണ്ട് കൂസലില്ലാതെ അയാള്‍ നടക്കും. 
ഷാപ്പേതായാലും കളള് നന്നായാല്‍ മതിയെന്ന രീതി ശങ്കരനില്ല.  ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ശങ്കരന്‍ കള്ള് കുടിക്കാറില്ല.  തേങ്ങ വിറ്റ് കിട്ടുന്ന കാശ് കൃത്യമായും വീട്ടില്‍കൊടുക്കും. 
      ശങ്കരനെപ്പറ്റി പലകഥകളും പ്രചരിച്ചിരുന്നു.  'അയാള്‍ക്ക് രാത്രി കാഴ്ചയുണ്ട് ; വലിയ തോടുകള്‍ ചാടിക്കടക്കാന്‍ കഴിയും ; തെങ്ങില്‍ നിന്ന് തലകീഴായി ഇറങ്ങാന്‍ കഴിയും ; ഉയരമുള്ള കയ്യാലകള്‍ പോലും നിസ്സാരമായി ചാടിക്കടക്കും ; ഇരുട്ടില്‍ അദൃശ്യനായി സഞ്ചരിക്കാന്‍ കഴിയും ; അസാമാന്യ മെയ്‌വഴക്കമുള്ളതു കൊണ്ട് ഒടിയനെപ്പോലെ ഒഴിഞ്ഞു മാറാനും അടിതട അഭ്യാസം നടത്താനും കഴിയും' ; എന്നിങ്ങനെ പലതും. 
    രാത്രി മാത്രമേ ശങ്കരന്‍ തേങ്ങ മോഷ്ടിക്കാന്‍ ഇറങ്ങാറുള്ളൂ.  നാണം മറയ്ക്കാന്‍ മാത്രം മതിയാക്കുന്ന ചെറിയ ഒരു ക്ഷണം കറുത്ത വസ്ത്രം മാത്രമേ രാത്രി ധരിക്കുകയുള്ളൂ.  അതുമാത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ അയാളെ ആര്‍ക്കും കണ്ടുപിടിക്കാനാവില്ല.  വേഷത്തിനും ശരീരത്തിനും ഒരേ നിറമാണല്ലോ. 
      ശങ്കരനെ തൊണ്ടി സഹിതം മോഷണസമയത്ത് തന്നെ പിടികൂടുക എന്നത് നാട്ടിലെ ജന്മിമാരുടെയൊക്കെ ഒരു നടക്കാത്ത സ്വപ്നമായിരുന്നു.  ഒരിക്കല്‍ ഒരു നിലാവുള്ള രാത്രി കുറെപേര്‍ ചേര്‍ന്ന് ശങ്കരനെ ഒരു വിധം പിടികൂടിയതായിരുന്നു.  പക്ഷേ വരാല്‍ പോലെ അയാള്‍ വഴുതിക്കളഞ്ഞു.  അടിവസ്ത്രത്തില്‍ പിടികിട്ടിയതാണ്.  എന്നാല്‍ നിഷ്‌കരുണം അതും അഴിച്ചു കളഞ്ഞു അയാള്‍ രക്ഷപ്പെട്ടു.  ദേഹമാസകലം എണ്ണ പുരട്ടിയിട്ടാണ് അയാള്‍ രാത്രി കക്കാനിറങ്ങുക എന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത് അന്നാണ്. 
     പക്ഷേ ജന്മിമാര്‍ വിട്ടില്ല.  പകല്‍സമയത്ത് ഒരുദിവസം ശങ്കരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാളെ കുടിലില്‍ നിന്ന് വിളിച്ചിറക്കി ഒരു ജന്മിയുടെ പറമ്പിലെ തെങ്ങില്‍ കെട്ടിയിട്ടു.  തൊണ്ടിമുതലായി കുറെ തേങ്ങകളും.  ആവശ്യത്തിന് ദൃക്‌സാക്ഷികളും വേറെ.  എല്ലാം കൂടിയായപ്പോള്‍ ശങ്കരന്‍ ജയിലിലുമായി. 
        ക്ഷാമകാലമാണ്.  ജയിലില്‍ നിന്നിറങ്ങിയ ശങ്കരന്‍ വീട്ടിലെത്തിയപ്പോള്‍ സ്ഥിതി ദയനീയമായിരുന്നു.  അയാള്‍ ജയിലില്‍ പോയ ശേഷം റോസിയും ജെയിംസും മുഴുപ്പട്ടിണിയിലായിരുന്നു.  അങ്ങനെ അയാള്‍ ആദ്യമായി പകല്‍ സമയത്തും മോഷ്ടിക്കാന്‍ തുടങ്ങി. 
   വീണ്ടും പലപ്പോഴും ശങ്കരന് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.  പലരുടെയും തല്ലും കിട്ടിയിട്ടുണ്ട്.  അങ്ങനെ അടികിട്ടുമ്പോഴൊക്കെ ശങ്കരന് ഒരു മറുമരുന്നുണ്ട്.  ചേരയെ തല്ലിക്കൊന്ന് നെല്ല് പുഴുങ്ങുന്ന കലത്തിലിട്ട് നെല്ലിനോടൊപ്പം പുഴുങ്ങും.  അതിനെ തിന്ന് കുറേ കള്ളും കുടിക്കും.  പഞ്ചകര്‍മ്മ ചികിത്സ കഴിഞ്ഞ മാതിരി ശങ്കരന്‍ ഉഷാറാകുയും ചെയ്യും. 
പകല്‍ മോഷണം തുടങ്ങിയ ശേഷം ശങ്കരനെ പലരും തെങ്ങിന്റെ മുകളിലിരിക്കുന്നത് കണ്ടിട്ടുണ്ട്. 
'' എന്താ ശങ്കരാ തെങ്ങിന്റെ മോളില് '' എന്നാരെങ്കിലും ചോദിച്ചാല്‍ 
'' അത് യശ്മാനനെ ഇത്തിരി പുല്ല് പറിക്കാനായിരുന്നു '' എന്ന് മറുപടി പറയും. 
'' പുല്ല് പറിക്കാനാരെങ്കിലും തെങ്ങില്‍ കയറുമോ '' എന്നാവും അടുത്ത ചോദ്യം 
'' അതിനല്ലേ ഇറങ്ങിവരുന്നത് '' എന്നു പറഞ്ഞു കൊണ്ട് അയാള്‍ ഇറങ്ങിപ്പോകും.  അതാണ് ശങ്കരന്‍. 
       വര്‍ഷങ്ങള്‍ കഴിഞ്ഞു.  റോസി അകാലത്തില്‍ മരിച്ചു.  ജയിംസ് വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും എങ്ങനെയോ ഗള്‍ഫില്‍ ഒരു ജോലി തരപ്പെടുത്തി.  അത്യാവശ്യം കാശുകാരനുമായി.  തന്റെ അപ്പന്‍ ഇനി മോഷ്ടിക്കരുത് എന്ന് അയാള്‍ ശട്ടം കെട്ടി.  ശങ്കരന്‍ അത് അനുസരിച്ചു. 
    കുടില്‍ നിന്നിടത്ത് ഓടിട്ട വീടായി.  വൈകുന്നേരമാകുമ്പോള്‍ വെള്ള മുണ്ടും ഉടുപ്പും സ്വര്‍ണ്ണമാലയും മോതിരവുമൊക്കെ ധരിച്ച് കടവരാന്തയിലും ചായക്കടയിലും ഒക്കെയായി ശങ്കരന്‍ അങ്ങനെ വിലസും.  മകന്റെ അന്തസ്സ് നിലനിര്‍ത്തണമല്ലോ.
പക്ഷേ പെട്ടൊന്നൊരു ദിവസം അങ്ങനെ കട വരാന്തയിലിരുന്ന് പയ്യാരം പറയുമ്പോള്‍ കുറെ പോലീസുകാര്‍ ശങ്കരനെ പിടിച്ച് ജീപ്പിലിട്ടുകൊണ്ടു പോയി.  ഇപ്പോള്‍ എന്തിനാണ് അയാളെ പിടികൂടിയതെന്ന് ആര്‍ക്കും മനസ്സിലായില്ല.  ജീവിതത്തിലൊരിക്കലും തേങ്ങയല്ലാതെ മറ്റൊന്നും മോഷിച്ചിട്ടില്ലാത്തയാളാണ് ശങ്കരന്‍.  ഇപ്പോള്‍ നാട്ടിലാര്‍ക്കും തേങ്ങ മോഷണമെന്ന പരാതിയുമില്ല. 
ക്ഷേത്ര കവര്‍ച്ചയ്ക്കാണ് ശങ്കരനെ അകത്താക്കിയതെന്ന് പിന്നീട് നാട്ടുകാരറിഞ്ഞു.  മോഷ്ടാവിന്റെ വസ്ത്രം ശങ്കരന്റെ വീടിന്റെ പുറകില്‍ നിന്ന് പോലീസ് നായ കണ്ടെത്തിയത്രേ.  കൂടാതെ അടുത്ത കാലത്ത് അയാളില്‍ കണ്ട സ്വര്‍ണ്ണാഭരണങ്ങളും പോലീസിന് സംശയത്തിനിട വരുത്തി. 
      തന്റെ മകന്‍ നല്‍കിയ സൗഭാഗ്യങ്ങള്‍  അയാള്‍ അനുഭവിച്ചു തുടങ്ങിയിരുന്നതേയുള്ളൂ.  മകന്‍ പറഞ്ഞതനുസരിച്ച് അന്തസ്സായ രീതിയില്‍ ജീവിച്ചു വരുകയുമായിരുന്നു.  കുറെ ദിവസം പോലീസുകാര്‍ അയാളെ തെളിവെടുപ്പിനായി പല സ്ഥലത്തും കൊണ്ടു പോയി.  റിമാന്‍ഡ് ചെയ്ത് സബ്ജയിലിലുമാക്കി.  എങ്കിലും മോഷണം നടത്തിയത് അയാളാണെന്ന് തെളിയിക്കാന്‍ പോലീസിനായില്ല.   ഒരു നാള്‍ അയാളെ അവര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു.  പക്ഷേ അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയും മോതിരങ്ങളുമൊന്നും തിരികെ വിട്ടപ്പോള്‍ ഇല്ലായിരുന്നു. 
വീട്ടിലെത്തിയ അയാള്‍ തന്റെ മകനയച്ച കത്തുകള്‍ വായിച്ചു.  അപ്പന്‍ വീണ്ടും കള്ളനായി എന്നാണ് തന്റെ മകനും കരുതിയിരിക്കുന്നത് എന്നത് അയാളെ വേദനിപ്പിച്ചു.  പരിഷ്‌കാരിയായ മരുമകളുടെ പ്രതികരണം അയാളുടെ മനസ്സില്‍ വലിയ മുറിവേല്‍പ്പിച്ചു.  താന്‍ ഇനി മോഷ്ടിക്കില്ലെന്ന് തീരുമാനിച്ചിട്ടും ചെയ്യാത്ത കളവിന് തന്നെ സമൂഹം വീണ്ടും കള്ളനായി കാണുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.  മകന്റെ അന്തസ്സ് നശിക്കുന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.  
      ഒന്നു രണ്ടു ദിവസം അയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.  പിന്നെ ഒരുദിവസം സന്ധ്യക്ക് അവിടെ പുതുതായി പണിതു കൊണ്ടിരുന്ന ആയുര്‍വേദ ആശുപത്രിയുടെ കിണറ്റിലെ കപ്പി കൊളുത്തിയിടാനുള്ള കമ്പിയിലെ കൊളുത്തില്‍ കയര്‍ കെട്ടി, മറ്റേ അറ്റം തന്റെ കഴുത്തിലും കുരുക്കി അയാള്‍ കിണറ്റിലേക്ക് ചാടി.  കള്ളന്മാരും പോലീസുകാരും ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി.
                                                          .........................................
Posted by sreejikadavinmoola at 06:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 11 September 2017

ചിതറാല്‍ - ജൈന സ്മൃതികള്‍ 
ജി. ശ്രീകുമാര്‍

           1960 കളില്‍ ചൈനയില്‍ നിന്നെത്തിയ ഒരു പ്രതിനിധിയോട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയില്‍ ഏതു സ്ഥലം സന്ദര്‍ശിക്കാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ചിതറാല്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞതായും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലനാമം കേട്ട് നെഹ്‌റു അതിശയിച്ചു പോയി എന്നുമുള്ള ഒരു ലേഖനം കണ്ടപ്പോഴാണ് ചിതറാല്‍ കാണണമെന്ന താല്‍പ്പര്യം എനിക്കുണ്ടായത്. എന്തായാലും ആ സംഭവത്തിന് ശേഷം ചിതറാല്‍ ദേശീയ പൈതൃകലിസ്റ്റില്‍ ഉള്‍പ്പെട്ടു.  
എന്നാല്‍ എനിക്കതിശയമുണ്ടായത് ഈ ചിതറാല്‍ തിരുവനന്തപുരത്തിന് വളരെ അടുത്താണ് എന്ന സംഗതിയാണ്.  ഇവിടുത്തുകാരനായിട്ടും ഇങ്ങനെയൊരു സ്ഥലം ഞാന്‍  കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല.  ചിതറാല്‍ ഒരു പുരാതന ജൈനക്ഷേത്രമാണ്.  കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്തുള്ള തിരുചാറണത്തുമലയാണ് ചിതറാല്‍ ആയി ലോപിച്ചത്.  തമിഴര്‍ ഇതിനെ 'മലൈ കോവില്‍ ' എന്നാണ് വിളിക്കുന്നത്.  അവിടെ ഗുഹകളില്‍ കൊത്തി വച്ചിട്ടുള്ള പാര്‍ശ്വനാഥന്‍, മഹാവീരന്‍ തുടങ്ങിയ തീര്‍ത്ഥങ്കരന്മാരുടെ ജൈന ശൈലിയിലുള്ള ശില്‍പ്പങ്ങള്‍ ഇപ്പോഴും കേടുകൂടാതെ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത് ജൈനക്ഷേത്രമായി ഇന്നും അറിയപ്പെടുന്നത്. 
      സമീപ വാസികള്‍ക്ക് ഇത് ഭഗവതി അമ്മന്‍ കോവിലാണ്.  ഭാരതേശ്വരന്‍ എന്ന ദിഗംബര ജൈനന്റെ (ഇദ്ദേഹത്തിന്റെ പ്രതിമ ശ്രാവണ ബലഗോളയിലുള്ളത് പ്രസിദ്ധമാണ്)  പ്രതിഷ്ഠയുണ്ടായിരുന്ന കൂടല്‍മാണിക്യം പിന്നീട് ശ്രീരാമസോദരനായ ഭരതന്റെ അമ്പലമായി പരിണമിച്ചതു പോലുള്ള ഒരു മാറ്റമാണിതും.  പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും ഇതുള്‍പ്പെടുന്ന മലയുടെ ഭാഗങ്ങളും. 
          തിരുവനന്തപുരത്ത് നിന്ന് വെളുപ്പിന് തന്നെ തിരിച്ചതുകൊണ്ട് 7.30 ന് തന്നെ ചിതറാല്‍ മലയുടെ ചുവട്ടിലെത്തി.  മനോഹരമായി കല്ല് പാകിയിട്ടുള്ള നടവഴി. ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍, തളരുമ്പോള്‍ വിശ്രമിക്കാന്‍ ഇടയ്ക്കിടെ കല്‍ബഞ്ചുകള്‍.  വഴി കണ്ടാല്‍ തന്നെ ഒന്ന് മുകളില്‍ കയറി നോക്കാമെന്ന് തോന്നും. 
              പക്ഷേ ഗേറ്റ് അടിച്ചിരിക്കുന്നു.  8.30 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സമീപവാസിയായ ഒരമ്മൂമ്മ പറഞ്ഞു.  സമയം കഴിയുന്തോറും വെയിലിന്റെ ചൂട് കൂടുമെന്നതിനാലാണ് രാവിലെ തന്നെ മല കയറാല്‍ ഞങ്ങളെത്തിയത്.  ഗേറ്റ് അടച്ചിരുന്നാലും തൂണിന്റെ ഒരു വശത്തുകൂടി അകത്ത് കയറാമെന്ന് ആ അമ്മൂമ്മ തന്നെ വഴിയും പറഞ്ഞു തന്നു.  പിന്നെ മടിച്ചില്ല.  നേര്‍ത്ത മഞ്ഞ് പടലം നിറഞ്ഞ, കാട്ടിലെ പച്ചപ്പിനിടയില്‍ നില്‍ക്കുന്ന ഒറ്റയാനെ പോലെ തോന്നിക്കുന്ന പാറകള്‍ അനവധിയുള്ള ചിതറാല്‍ മലയിലേക്ക് ഞങ്ങള്‍ കയറാന്‍ തുടങ്ങി തണുത്ത പ്രഭാതത്തിന്റെ ഉന്മേഷം കൂട്ടിനുണ്ടായിരുന്നു.  മല കയറുക എന്നതു കൊണ്ട് അതികഠിനമായ മലകയറ്റം എന്ന് കരുതരുത്.  ഏറ്റവും ആയാസരഹിതമായി കയറാവുന്ന വിധത്തിലാണ് നടവഴി തയ്യാറാക്കിയിരിക്കുന്നത്.  ഞങ്ങള്‍ നാലുപേരൊഴികെ കുറെ നായ്ക്കല്‍ മാത്രമാണ് ആ പരിസരങ്ങളിലുണ്ടായിരുന്നത്.  തികഞ്ഞ നിശബ്ദത,  പക്ഷേ ഭയപ്പെടുന്ന ഏകാന്തത അല്ല. കൂടുതല്‍ നേരം  അവിടെ കഴിയാന്‍ ആരോ ക്ഷണിക്കുന്നതു പോലെ തോന്നും.  കുറച്ച് ഉയരത്തിലെത്തുമ്പോഴേക്കും ചുറ്റും മനോഹര ദൃശ്യങ്ങള്‍ കാണാനാകും.  ഒരു വശത്ത് താമ്രപര്‍ണി നദി, മറ്റൊരിടത്ത് പശ്ചിമഘട്ട മലനിരകളുടെ ഗംഭീര ദൃശ്യം. ശിവാലയ ഓട്ടത്തില്‍ രണ്ടാമത്തെ ശിവാലയമായ തിക്കുറിശ്ശി മഹാദേവക്ഷേത്രവും വളരെ അടുത്താണ്.  
          കന്യാകുമാരി ജില്ലയിലാണെന്ന് കരുതി ചിതറാല്‍ കന്യാകുമാരിയ്ക്കടുത്തല്ല.  തിരുവനന്തപുരമാണ് കൂടുതല്‍ അടുത്ത്. മാര്‍ത്താണ്ഡത്ത് നിന്ന് തിരുനെല്‍വേലി റൂട്ടില്‍ 4 കി.മീ സഞ്ചരിച്ച് ആറ്റൂരെത്തി 3 കി.മീ വീണ്ടും ഇടത്തോട്ട് സഞ്ചരിച്ചാല്‍ ചിതറാലില്‍ എത്താം.  നാട്ടുകാരോട് വഴി ചോദിക്കുന്നെങ്കില്‍ 'മലൈ കോവില്‍' എന്നു തന്നെ  വേണം.  മലയുടെ  താഴ്‌വാരം വരെ വാഹനമെത്തും.  വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.  പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളും ഉണ്ട്.  എന്നാല്‍ അവ വേണ്ടത്ര ഉപയോഗയോഗ്യമല്ല എന്നൊരു വിഷമം ഉണ്ട്.  മല കയറാനുള്ള കല്ല് പാകിയ വഴി ഏതാണ്ട് 800 മീറ്റര്‍ വരും.  കുറച്ച് മുകളിലെത്തുമ്പോള്‍ വിശാലമായ പാറകളുടെ സമതലം. അങ്ങിങ്ങ് നീരുറവകള്‍, ചെറുജലാശയങ്ങള്‍. അതിലൊരു പാറയുടെ പേര് ഉറിഞ്ചിപ്പാറ എന്നാണ്.  അതിലെ സുഷിരത്തില്‍ വായ് വെച്ച് വലിച്ചാല്‍ ശുദ്ധജലം ലഭിക്കുമത്രേ. കല്ല് പാകിയ വഴി അവസാനിക്കുന്നത് ആല്‍മര ചുവട്ടിലാണ്.  അവിടുത്തെ കല്‍ബഞ്ചില്‍ അല്‍പ്പം വിശ്രമിച്ചാല്‍ മലകയറിയ ക്ഷീണമൊക്കെ താമ്രപര്‍ണി കടക്കും.  
 നിശബ്ദമായ ആ അന്തരീക്ഷം ധ്യാനത്തിന് തികച്ചും അനുയോജ്യമാണ്. അതുകൊണ്ടാവും ജൈവസന്യാസിമാര്‍ ഈ സ്ഥലം അവരുടെ വാസസ്ഥലമായി സ്വീകരിച്ചത്.  ദിംഗംബര ജൈനന്മാരായിരുന്നു പണ്ടിവിടെ വസിച്ചിരുന്നത്.  ജേതാവ് എന്നര്‍ത്ഥമുള്ള ജിനന്‍ എന്ന പദത്തില്‍ നിന്നാണ് ജൈനന്‍ എന്ന നാമം രൂപപ്പെട്ടത്.  മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.  ആദി തീര്‍ത്ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധന മൂര്‍ത്തി.  പുണ്യസ്‌നാന ഘട്ടമാണ് തീര്‍ത്ഥം.  അത് കടത്തി മോക്ഷം നല്‍കുന്നവനാണ് തീര്‍ത്ഥങ്കരന്‍.

24-ാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനാണ് വര്‍ദ്ധമാനമഹാവീരന്‍.  അദ്ദേഹത്തിന്റെ ശിലാശില്‍പ്പം ചിതറാലില്‍ ഉണ്ട്. 
          ഉത്തര ബീഹാറില്‍ പാട്‌നയില്‍ നിന്ന് 27 മൈല്‍ അകലെയുള്ള വൈശാലി ജില്ലയിലെ കുണ്ടല ഗ്രാമത്തില്‍ സിദ്ധാര്‍ദ്ധ രാജാവിന്റെ മകനായി ബി.സി 599 ഏപ്രില്‍ 12 നാണ് മഹാവീരന്‍ ജനിച്ചത്.  കല്‍പസൂത്ര എന്ന ജൈനമത ഗ്രന്ഥത്തില്‍ വര്‍ദ്ധമാന മഹാവീരന്റെ വിവരങ്ങള്‍ ഉണ്ട്.  30-ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് 12 വര്‍ഷക്കാലത്തെ കഠിന തപസ്സിന് ശേഷം ഇന്ദ്രിയ നിഗ്രഹം നടത്തി ആ ക്ഷത്രിയ കുമാരന്‍ മഹാവീര ജൈനനായി മാറി.  23-ാം തീര്‍ത്ഥങ്കരനാണ് പാര്‍ശ്വനാഥന്‍.  അദ്ദേഹത്തിന്റെയും വിഗ്രഹം ചിതറാല്‍ ക്ഷേത്രത്തില്‍ ഉണ്ട്.  'അഹിംസാ പരമോധര്‍മ്മ' എന്നതാണ് ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം.  സത്യം, അഹിംസ, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം ഇവയാണ് ജൈനമതത്തിലെ പഞ്ചമഹാവൃതങ്ങള്‍.  പൊതുവെ ജൈനമതക്കാര്‍ രണ്ട് വിധത്തിലുണ്ട്.  ശ്വേതംബരന്മാര്‍ (വെള്ള വസ്ത്രം മാത്രം ധരിക്കുന്നവര്‍) ദിഗംബരന്മാര്‍ (ദിക്ക് വസ്ത്രമാക്കിയവര്‍ - അതായ് വസ്ത്രം ധരിക്കാത്തവര്‍) 
ചിതറാല്‍ കുന്നില്‍ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് ഒമ്പതാം നൂറ്റാണ്ടിലാണെന്ന് കരുതുന്നു.  ആദ്യം ഗുഹാക്ഷേത്രം മാത്രമായിരുന്നിരിക്കണം പിന്നീട് ക്ഷേത്ര ഗോപുരവും കല്ല് കൊണ്ടുള്ള നടപ്പന്തലും മറ്റും നിര്‍മ്മിച്ചിരിക്കാം.            വാസയോഗ്യമായ ധാരാളം ഗുഹകള്‍ ഇവിടെയുണ്ട്.  അമ്പലവും പരിസരവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു.  ജനങ്ങള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള സ്ഥലങ്ങളിലെപ്പോലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളോ മറ്റ് വിസര്‍ജ്ജ്യങ്ങളോ ഒന്നും നമ്മെ അലോസരപ്പെടുത്തുകയില്ല.  ആല്‍മരത്തിന്റെ ചുവട്ടിലുള്ള പടികളിലൂടെ കയറിചെല്ലുമ്പോള്‍ വലതുവശത്ത് കരിങ്കല്‍ തൂണിലുള്ള ഒരു കമാനം കാണാം.  അതിനുള്ളിലൂടെ കടന്നാല്‍ വലിയ പാറകള്‍ക്കിടയിലൂടെയുള്ള ഒരു നേര്‍ത്ത വഴി.  അത് കഴിഞ്ഞ് താഴെ ഇറങ്ങിയാല്‍ അമ്പലമുറ്റമായി.  വലത്തേക്ക് തിരിയാതെ മുകളിലേക്ക് കയറിയാല്‍ അമ്പലം നിര്‍മ്മിച്ചിരിക്കുന്ന പാറയുടെ മുകളിലായി നിര്‍മ്മിച്ച ഗോപുരം കാണാം.  വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് നിര്‍മ്മിതി.  1908 ന് മുമ്പ് ഇവിടെ ഒരു കൂറ്റന്‍ ഗോപുരമാണ് ഉണ്ടായിരുന്നതെന്നും 1908 ലെ ഇടിമിന്നലില്‍ അത് തകര്‍ന്നതിന് ശേഷമാണ് ഇപ്പോഴത്തെ ഗോപുരം നിര്‍മ്മിച്ചതെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു.  ഗോപുരം ഹൈന്ദവ ക്ഷേത്ര മാതൃകയില്‍ നിന്ന് തികച്ചും വിഭിന്നമാണ്.  വേണമെങ്കില്‍ ഗോപുരത്തിന് മുകളിലും കയറാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി.  ക്ഷേത്രഗോപുരമായതിനാല്‍ അതിന് മുകളില്‍ കയറാന്‍ മടിച്ചു. 
പാറകള്‍ക്കിടയിലുള്ള വഴിയിലൂടെ കല്‍പ്പടികള്‍ ഇറങ്ങുമ്പോള്‍ ഇടതുവശത്ത് അജന്താ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ശില്‍പ്പചാതുരിയുള്ള അനവധി ശില്‍പ്പങ്ങള്‍ കാണാം.  ഒരു മുറിയുടെ രൂപത്തില്‍ ഉള്ളിലേക്ക് തുരന്ന് അതിന്റെ അകം ചുവരിലാണ് ശില്‍പ്പങ്ങള്‍.  ഒട്ടനവധി ജൈന മുനികളുടെ തപസ്സു ചെയ്യുന്ന ശില്‍പ്പങ്ങളും പത്മാവതി ദേവിയുടെ  ശില്‍പ്പവും അവിടെ കാണാം.  വീണ്ടും പടികള്‍ ഇറങ്ങി  ക്ഷേത്ര മുറ്റത്തുള്ള  തണല്‍ വിരിച്ച് നില്‍ക്കുന്ന വേപ്പിന്‍ ചുവട്ടിലെത്താം.  അവിടുത്തെ കാറ്റിന് പോലും ഔഷധ ഗുണമുണ്ടെന്നു തോന്നും.  വല്ലാത്ത ഒരു ഉന്മേഷവും ഉത്സാഹവും തോന്നും.  അവാച്യമായ ഒരു നിര്‍വൃതി മനസ്സില്‍ നിറയും.  അവിടുത്തെ ശാന്തത വീണ്ടും നമ്മെ അവിടേയ്ക്ക് ആകര്‍ഷിക്കും.  
     ക്ഷേത്രത്തിന് മുമ്പിലായി ഒരിക്കലും വറ്റാത്ത തീര്‍ത്ഥം. കന്നിവെറിയിലും അവിടെ നിന്നും ജലം ഒഴുകിക്കൊണ്ടേയിരിക്കുന്നു.  ആ ക്ഷേത്ര കുളത്തിനെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്.  ഒരിക്കല്‍ ഒരു തദ്ദേശവാസി അവിടുന്ന് മീന്‍ പിടിച്ചതായും അതിനെ മുറിച്ചപ്പോള്‍ നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായതായും ഭയചകിതനായ അയാള്‍ ആ മത്സ്യത്തെ കുളത്തിലേക്ക് തന്നെ വിട്ടെന്നും  ഉടനെ മുറിച്ച തലയും ഉടലും ചേര്‍ന്ന് ഒന്നായി അത് നീന്തിപ്പോയി എന്നുമാണ് ഒരു ഐതിഹ്യം.  അമ്പലത്തില്‍ ഇപ്പോള്‍ ഭഗവതി അല്ല യക്ഷിയാണ് എന്ന് മറ്റൊരു ഐതിഹ്യം. 
പ്രധാന ക്ഷേത്രത്തിന് മൂന്ന് വാതിലുകള്‍ ഉണ്ട്.

ഉപക്ഷേത്രത്തില്‍ നാഗ ദൈവങ്ങള്‍. കൂടാതെ ക്ഷേത്രമണ്ഡപവും ബലിപീഠവും മടപ്പള്ളിയും ഒക്കെയുണ്ട്.  ക്ഷേത്രം പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്തതാണ്.    പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള കല്‍മണ്ഡപത്തില്‍ 16 കല്‍ത്തൂണുകള്‍ ഉണ്ട്.  അവയില്‍ മിക്കതും ശില്‍പാലംകൃതമാണ്.  ശില്‍പ്പങ്ങളുടെ പരിപൂര്‍ണ്ണത ശില്‍പ്പികളോട് ആദരവുണ്ടാക്കും.  ഉള്ളിലായി മൂന്ന് ഗുഹകള്‍ ഉണ്ട്.  അതില്‍ മധ്യഭാഗത്തുള്ള ഗുഹാക്ഷേത്രമാണ് ഭഗവതി മന്ദിരം എന്ന് അറിയപ്പെടുന്നത്.  മറ്റു രണ്ടിലും തീര്‍ത്ഥങ്കരന്മാരായ പാര്‍ശ്വനാഥനും മഹാവീരനുമാണ്.  ഒമ്പതാം നൂറ്റാണ്ടില്‍ ഈ ഗുഹയില്‍ പത്മാവതി ദേവിയെയാണ് പ്രതിഷ്ഠിച്ചതെന്നും എന്നാല്‍ 1913 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഈ പ്രതിഷ്ഠ മാറ്റി ഭഗവതിയെ പ്രതിഷ്ഠിച്ചതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.  എന്തായാലും പണ്ട് അവിടെമെല്ലാം നമ്മുടെ തിരുവിതാംകൂര്‍ ആയിരുന്നല്ലോ.  വേണാട്ടരചനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ തലസ്ഥാനവും കൊട്ടാരവും ആയ ശ്രീപത്മനാഭപുരവും വളരെ അടുത്താണ്.  ശിവാലയ ഓട്ടം നടത്തുന്ന പല അമ്പലങ്ങളും സമീപസ്ഥലങ്ങളാണ്. 
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി കിഴക്ക് ദര്‍ശനമായി അനന്തശയനം നടത്തുമ്പോള്‍ അതിനഭിമുഖമായി പടിഞ്ഞാറ് ദര്‍ശനത്തില്‍ അനന്തശയനം നടത്തുന്ന ആദികേശവ പെരുമാള്‍ ക്ഷേത്രവും അടുത്തു തന്നെയാണ്. ഏതാണ്ട് 10 കി.മി ചുറ്റളവില്‍ തൃപ്പരപ്പ് വെള്ളച്ചാട്ട്, തൊട്ടിപ്പാലം എന്നറിയപ്പെടുന്ന അക്വഡക്ട് ( ഒരു മലയില്‍ നിന്ന് മറ്റൊരിടത്തേക്ക് പാലം കെട്ടി അതിലൂടെ വെള്ളം ഒഴുക്കി കൊണ്ടുപോകുന്ന സംവിധാനം ). അടിയില്‍ കൂടി പുഴ ഒഴുകുന്നു.  അതിന് മുകളില്‍ വളരെ ഉയരത്തിലാണ് ഈ തൊട്ടിപ്പാലം.  അതിന്റെ വശത്തു കൂടി നടന്നു പോകാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.   ഇങ്ങനെ ഒരു പകല്‍ മുഴുവന്‍ കണ്ടാസ്വദിക്കാനുള്ള കാഴ്ചകള്‍ ചിതറാലിനു സമീപത്തായി ഉണ്ട്. 
      തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ആദികേശവ പെരുമാള്‍ ക്ഷേത്രം.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദികേശവപെരുമാള്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ്. പത്മതീര്‍ത്ഥവും അതിനടുത്തുള്ള വലിയ 7 നിലകളുള്ള ക്ഷേത്ര ഗോപുരവും നിലവറകളും  അതിലെ കണക്കില്ലാത്ത സ്വത്തും  ഒഴികെ മറ്റെല്ലാം ആദികേവശവപെരുമാള്‍  ക്ഷേത്രം പോലെ തന്നെയാണ് ( സ്വത്തിന്റെ കാര്യത്തില്‍  ആദികേശവ പെരുമാള്‍ വളരെ പിന്നിലാണെന്ന് അമ്പലം സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാകും). മുമ്പൊക്കെ ശിവാലയ ഓട്ടം നടത്തുന്നവര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലും വരുമായിരുന്നു.  അവിടെ അനന്തന്റെ പുറത്ത് ശയിക്കുന്ന ഭഗവാന്റെ വലതുകരത്തിന് താഴെയായി ഒരു ശിവലിംഗം ഉണ്ട്.  അത് തൊഴാനായിട്ടാണ് ശിവഭക്തര്‍ അവിടെയത്തിയിരുന്നത്.  
ശിവനും വിഷ്ണുവും ഒന്നു തന്നെയെന്ന സത്യം അറിയുന്നതോടെയാണല്ലോ ശിവാലയ ഓട്ടം സമാപിക്കുന്നത്. 
      ചിതറാലില്‍ മുമ്പ് നിത്യപൂജ ഉണ്ടായിരുന്നു എന്നായിരുന്നു നാട്ടുകാര്‍ പറയുന്നത്.  2005 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഇത് ഏറ്റെടുത്തതോടെ അവിടെ പൂജ നിന്നു പോയി . ക്ഷേത്രത്തിന് സമീപത്തായി ശിലാഫലകളങ്ങളില്‍ പലതും കൊത്തിവച്ചിട്ടുണ്ട്.  വട്ടെഴുത്ത് ലിപി ആയതിനാല്‍ ഒന്നും മനസ്സിലായില്ല.  അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടോ, തനതു സംസ്‌കാരത്തിന്റെ പ്രതിഫലനമോ എന്നറിയില്ല ചുറ്റുപാടുമുള്ള പാറകളിലും എന്തിന്, ആല്‍മരത്തിന്റെ ശാഖകളില്‍ പോലും സന്ദര്‍ശകര്‍ കോറിയിട്ട വികൃത ലിഖിതങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള കൃതികള്‍ അധികവും മലയാളികളുടേതാണെന്ന് തോന്നി.  എന്തായാലും ആരും കാവലിനില്ലെങ്കില്‍ പോലും ക്ഷേത്ര ശില്‍പ്പങ്ങള്‍ക്ക് കേടുവരുത്താനോ മീശ വയ്പ്പിക്കാനോ സന്ദര്‍ശകര്‍ ശ്രമിച്ചിട്ടില്ലെന്നത് ആശ്വാസമേകുന്നു. 
          ചരിത്രസ്മൃതികള്‍ അയവിറക്കാന്‍ താല്‍പ്പര്യമുള്ള, ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്ന, വാചാലമായ നിശബ്ദത നിറഞ്ഞ് നില്‍ക്കുന്ന ഒരു മനോഹര പ്രദേശമാണ് ചിതറാല്‍.  സമീപത്തുള്ള മറ്റ് ചരിത്ര സ്മാരകങ്ങള്‍ കൂടി സന്ദര്‍ശിച്ച് മടങ്ങാന്‍ ഒരു പകല്‍ മതിയാകും.  ഒരവധി ദിവസം ഒരിക്കലും മറക്കാനാവാത്തതാക്കി മാറ്റണമെങ്കില്‍ ഇവിടെ വരുക.  അത് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. 
                                                                     ..................




 ആദി കേശവ പെരുമാൾ ക്ഷേത്രം



 തൊട്ടിപ്പാലം(Aqueduct)

Posted by sreejikadavinmoola at 04:04 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

About Me

My photo
sreejikadavinmoola
View my complete profile

Blog Archive

  • ▼  2021 (5)
    • ▼  December (2)
      • No title
      • മാണ്ഡവി തീരത്തെ ചലച്ചിത്ര മാമാങ്കം. ...
    • ►  October (1)
    • ►  July (1)
    • ►  March (1)
  • ►  2020 (1)
    • ►  December (1)
  • ►  2019 (5)
    • ►  September (2)
    • ►  July (3)
  • ►  2018 (2)
    • ►  December (1)
    • ►  November (1)
  • ►  2017 (12)
    • ►  September (3)
    • ►  August (1)
    • ►  July (8)
  • ►  2014 (2)
    • ►  March (2)
Simple theme. Powered by Blogger.