Monday, 11 September 2017

ചിതറാല്‍ - ജൈന സ്മൃതികള്‍ 
ജി. ശ്രീകുമാര്‍

           1960 കളില്‍ ചൈനയില്‍ നിന്നെത്തിയ ഒരു പ്രതിനിധിയോട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയില്‍ ഏതു സ്ഥലം സന്ദര്‍ശിക്കാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ചിതറാല്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞതായും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലനാമം കേട്ട് നെഹ്‌റു അതിശയിച്ചു പോയി എന്നുമുള്ള ഒരു ലേഖനം കണ്ടപ്പോഴാണ് ചിതറാല്‍ കാണണമെന്ന താല്‍പ്പര്യം എനിക്കുണ്ടായത്. എന്തായാലും ആ സംഭവത്തിന് ശേഷം ചിതറാല്‍ ദേശീയ പൈതൃകലിസ്റ്റില്‍ ഉള്‍പ്പെട്ടു.  
എന്നാല്‍ എനിക്കതിശയമുണ്ടായത് ഈ ചിതറാല്‍ തിരുവനന്തപുരത്തിന് വളരെ അടുത്താണ് എന്ന സംഗതിയാണ്.  ഇവിടുത്തുകാരനായിട്ടും ഇങ്ങനെയൊരു സ്ഥലം ഞാന്‍  കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല.  ചിതറാല്‍ ഒരു പുരാതന ജൈനക്ഷേത്രമാണ്.  കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്തുള്ള തിരുചാറണത്തുമലയാണ് ചിതറാല്‍ ആയി ലോപിച്ചത്.  തമിഴര്‍ ഇതിനെ 'മലൈ കോവില്‍ ' എന്നാണ് വിളിക്കുന്നത്.  അവിടെ ഗുഹകളില്‍ കൊത്തി വച്ചിട്ടുള്ള പാര്‍ശ്വനാഥന്‍, മഹാവീരന്‍ തുടങ്ങിയ തീര്‍ത്ഥങ്കരന്മാരുടെ ജൈന ശൈലിയിലുള്ള ശില്‍പ്പങ്ങള്‍ ഇപ്പോഴും കേടുകൂടാതെ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത് ജൈനക്ഷേത്രമായി ഇന്നും അറിയപ്പെടുന്നത്. 
      സമീപ വാസികള്‍ക്ക് ഇത് ഭഗവതി അമ്മന്‍ കോവിലാണ്.  ഭാരതേശ്വരന്‍ എന്ന ദിഗംബര ജൈനന്റെ (ഇദ്ദേഹത്തിന്റെ പ്രതിമ ശ്രാവണ ബലഗോളയിലുള്ളത് പ്രസിദ്ധമാണ്)  പ്രതിഷ്ഠയുണ്ടായിരുന്ന കൂടല്‍മാണിക്യം പിന്നീട് ശ്രീരാമസോദരനായ ഭരതന്റെ അമ്പലമായി പരിണമിച്ചതു പോലുള്ള ഒരു മാറ്റമാണിതും.  പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും ഇതുള്‍പ്പെടുന്ന മലയുടെ ഭാഗങ്ങളും. 
          തിരുവനന്തപുരത്ത് നിന്ന് വെളുപ്പിന് തന്നെ തിരിച്ചതുകൊണ്ട് 7.30 ന് തന്നെ ചിതറാല്‍ മലയുടെ ചുവട്ടിലെത്തി.  മനോഹരമായി കല്ല് പാകിയിട്ടുള്ള നടവഴി. ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍, തളരുമ്പോള്‍ വിശ്രമിക്കാന്‍ ഇടയ്ക്കിടെ കല്‍ബഞ്ചുകള്‍.  വഴി കണ്ടാല്‍ തന്നെ ഒന്ന് മുകളില്‍ കയറി നോക്കാമെന്ന് തോന്നും. 
              പക്ഷേ ഗേറ്റ് അടിച്ചിരിക്കുന്നു.  8.30 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സമീപവാസിയായ ഒരമ്മൂമ്മ പറഞ്ഞു.  സമയം കഴിയുന്തോറും വെയിലിന്റെ ചൂട് കൂടുമെന്നതിനാലാണ് രാവിലെ തന്നെ മല കയറാല്‍ ഞങ്ങളെത്തിയത്.  ഗേറ്റ് അടച്ചിരുന്നാലും തൂണിന്റെ ഒരു വശത്തുകൂടി അകത്ത് കയറാമെന്ന് ആ അമ്മൂമ്മ തന്നെ വഴിയും പറഞ്ഞു തന്നു.  പിന്നെ മടിച്ചില്ല.  നേര്‍ത്ത മഞ്ഞ് പടലം നിറഞ്ഞ, കാട്ടിലെ പച്ചപ്പിനിടയില്‍ നില്‍ക്കുന്ന ഒറ്റയാനെ പോലെ തോന്നിക്കുന്ന പാറകള്‍ അനവധിയുള്ള ചിതറാല്‍ മലയിലേക്ക് ഞങ്ങള്‍ കയറാന്‍ തുടങ്ങി തണുത്ത പ്രഭാതത്തിന്റെ ഉന്മേഷം കൂട്ടിനുണ്ടായിരുന്നു.  മല കയറുക എന്നതു കൊണ്ട് അതികഠിനമായ മലകയറ്റം എന്ന് കരുതരുത്.  ഏറ്റവും ആയാസരഹിതമായി കയറാവുന്ന വിധത്തിലാണ് നടവഴി തയ്യാറാക്കിയിരിക്കുന്നത്.  ഞങ്ങള്‍ നാലുപേരൊഴികെ കുറെ നായ്ക്കല്‍ മാത്രമാണ് ആ പരിസരങ്ങളിലുണ്ടായിരുന്നത്.  തികഞ്ഞ നിശബ്ദത,  പക്ഷേ ഭയപ്പെടുന്ന ഏകാന്തത അല്ല. കൂടുതല്‍ നേരം  അവിടെ കഴിയാന്‍ ആരോ ക്ഷണിക്കുന്നതു പോലെ തോന്നും.  കുറച്ച് ഉയരത്തിലെത്തുമ്പോഴേക്കും ചുറ്റും മനോഹര ദൃശ്യങ്ങള്‍ കാണാനാകും.  ഒരു വശത്ത് താമ്രപര്‍ണി നദി, മറ്റൊരിടത്ത് പശ്ചിമഘട്ട മലനിരകളുടെ ഗംഭീര ദൃശ്യം. ശിവാലയ ഓട്ടത്തില്‍ രണ്ടാമത്തെ ശിവാലയമായ തിക്കുറിശ്ശി മഹാദേവക്ഷേത്രവും വളരെ അടുത്താണ്.  
          കന്യാകുമാരി ജില്ലയിലാണെന്ന് കരുതി ചിതറാല്‍ കന്യാകുമാരിയ്ക്കടുത്തല്ല.  തിരുവനന്തപുരമാണ് കൂടുതല്‍ അടുത്ത്. മാര്‍ത്താണ്ഡത്ത് നിന്ന് തിരുനെല്‍വേലി റൂട്ടില്‍ 4 കി.മീ സഞ്ചരിച്ച് ആറ്റൂരെത്തി 3 കി.മീ വീണ്ടും ഇടത്തോട്ട് സഞ്ചരിച്ചാല്‍ ചിതറാലില്‍ എത്താം.  നാട്ടുകാരോട് വഴി ചോദിക്കുന്നെങ്കില്‍ 'മലൈ കോവില്‍' എന്നു തന്നെ  വേണം.  മലയുടെ  താഴ്‌വാരം വരെ വാഹനമെത്തും.  വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.  പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളും ഉണ്ട്.  എന്നാല്‍ അവ വേണ്ടത്ര ഉപയോഗയോഗ്യമല്ല എന്നൊരു വിഷമം ഉണ്ട്.  മല കയറാനുള്ള കല്ല് പാകിയ വഴി ഏതാണ്ട് 800 മീറ്റര്‍ വരും.  കുറച്ച് മുകളിലെത്തുമ്പോള്‍ വിശാലമായ പാറകളുടെ സമതലം. അങ്ങിങ്ങ് നീരുറവകള്‍, ചെറുജലാശയങ്ങള്‍. അതിലൊരു പാറയുടെ പേര് ഉറിഞ്ചിപ്പാറ എന്നാണ്.  അതിലെ സുഷിരത്തില്‍ വായ് വെച്ച് വലിച്ചാല്‍ ശുദ്ധജലം ലഭിക്കുമത്രേ. കല്ല് പാകിയ വഴി അവസാനിക്കുന്നത് ആല്‍മര ചുവട്ടിലാണ്.  അവിടുത്തെ കല്‍ബഞ്ചില്‍ അല്‍പ്പം വിശ്രമിച്ചാല്‍ മലകയറിയ ക്ഷീണമൊക്കെ താമ്രപര്‍ണി കടക്കും.  
 നിശബ്ദമായ ആ അന്തരീക്ഷം ധ്യാനത്തിന് തികച്ചും അനുയോജ്യമാണ്. അതുകൊണ്ടാവും ജൈവസന്യാസിമാര്‍ ഈ സ്ഥലം അവരുടെ വാസസ്ഥലമായി സ്വീകരിച്ചത്.  ദിംഗംബര ജൈനന്മാരായിരുന്നു പണ്ടിവിടെ വസിച്ചിരുന്നത്.  ജേതാവ് എന്നര്‍ത്ഥമുള്ള ജിനന്‍ എന്ന പദത്തില്‍ നിന്നാണ് ജൈനന്‍ എന്ന നാമം രൂപപ്പെട്ടത്.  മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.  ആദി തീര്‍ത്ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധന മൂര്‍ത്തി.  പുണ്യസ്‌നാന ഘട്ടമാണ് തീര്‍ത്ഥം.  അത് കടത്തി മോക്ഷം നല്‍കുന്നവനാണ് തീര്‍ത്ഥങ്കരന്‍.

24-ാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനാണ് വര്‍ദ്ധമാനമഹാവീരന്‍.  അദ്ദേഹത്തിന്റെ ശിലാശില്‍പ്പം ചിതറാലില്‍ ഉണ്ട്. 
          ഉത്തര ബീഹാറില്‍ പാട്‌നയില്‍ നിന്ന് 27 മൈല്‍ അകലെയുള്ള വൈശാലി ജില്ലയിലെ കുണ്ടല ഗ്രാമത്തില്‍ സിദ്ധാര്‍ദ്ധ രാജാവിന്റെ മകനായി ബി.സി 599 ഏപ്രില്‍ 12 നാണ് മഹാവീരന്‍ ജനിച്ചത്.  കല്‍പസൂത്ര എന്ന ജൈനമത ഗ്രന്ഥത്തില്‍ വര്‍ദ്ധമാന മഹാവീരന്റെ വിവരങ്ങള്‍ ഉണ്ട്.  30-ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് 12 വര്‍ഷക്കാലത്തെ കഠിന തപസ്സിന് ശേഷം ഇന്ദ്രിയ നിഗ്രഹം നടത്തി ആ ക്ഷത്രിയ കുമാരന്‍ മഹാവീര ജൈനനായി മാറി.  23-ാം തീര്‍ത്ഥങ്കരനാണ് പാര്‍ശ്വനാഥന്‍.  അദ്ദേഹത്തിന്റെയും വിഗ്രഹം ചിതറാല്‍ ക്ഷേത്രത്തില്‍ ഉണ്ട്.  'അഹിംസാ പരമോധര്‍മ്മ' എന്നതാണ് ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം.  സത്യം, അഹിംസ, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം ഇവയാണ് ജൈനമതത്തിലെ പഞ്ചമഹാവൃതങ്ങള്‍.  പൊതുവെ ജൈനമതക്കാര്‍ രണ്ട് വിധത്തിലുണ്ട്.  ശ്വേതംബരന്മാര്‍ (വെള്ള വസ്ത്രം മാത്രം ധരിക്കുന്നവര്‍) ദിഗംബരന്മാര്‍ (ദിക്ക് വസ്ത്രമാക്കിയവര്‍ - അതായ് വസ്ത്രം ധരിക്കാത്തവര്‍) 
ചിതറാല്‍ കുന്നില്‍ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് ഒമ്പതാം നൂറ്റാണ്ടിലാണെന്ന് കരുതുന്നു.  ആദ്യം ഗുഹാക്ഷേത്രം മാത്രമായിരുന്നിരിക്കണം പിന്നീട് ക്ഷേത്ര ഗോപുരവും കല്ല് കൊണ്ടുള്ള നടപ്പന്തലും മറ്റും നിര്‍മ്മിച്ചിരിക്കാം.            വാസയോഗ്യമായ ധാരാളം ഗുഹകള്‍ ഇവിടെയുണ്ട്.  അമ്പലവും പരിസരവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു.  ജനങ്ങള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള സ്ഥലങ്ങളിലെപ്പോലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളോ മറ്റ് വിസര്‍ജ്ജ്യങ്ങളോ ഒന്നും നമ്മെ അലോസരപ്പെടുത്തുകയില്ല.  ആല്‍മരത്തിന്റെ ചുവട്ടിലുള്ള പടികളിലൂടെ കയറിചെല്ലുമ്പോള്‍ വലതുവശത്ത് കരിങ്കല്‍ തൂണിലുള്ള ഒരു കമാനം കാണാം.  അതിനുള്ളിലൂടെ കടന്നാല്‍ വലിയ പാറകള്‍ക്കിടയിലൂടെയുള്ള ഒരു നേര്‍ത്ത വഴി.  അത് കഴിഞ്ഞ് താഴെ ഇറങ്ങിയാല്‍ അമ്പലമുറ്റമായി.  വലത്തേക്ക് തിരിയാതെ മുകളിലേക്ക് കയറിയാല്‍ അമ്പലം നിര്‍മ്മിച്ചിരിക്കുന്ന പാറയുടെ മുകളിലായി നിര്‍മ്മിച്ച ഗോപുരം കാണാം.  വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് നിര്‍മ്മിതി.  1908 ന് മുമ്പ് ഇവിടെ ഒരു കൂറ്റന്‍ ഗോപുരമാണ് ഉണ്ടായിരുന്നതെന്നും 1908 ലെ ഇടിമിന്നലില്‍ അത് തകര്‍ന്നതിന് ശേഷമാണ് ഇപ്പോഴത്തെ ഗോപുരം നിര്‍മ്മിച്ചതെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു.  ഗോപുരം ഹൈന്ദവ ക്ഷേത്ര മാതൃകയില്‍ നിന്ന് തികച്ചും വിഭിന്നമാണ്.  വേണമെങ്കില്‍ ഗോപുരത്തിന് മുകളിലും കയറാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി.  ക്ഷേത്രഗോപുരമായതിനാല്‍ അതിന് മുകളില്‍ കയറാന്‍ മടിച്ചു. 
പാറകള്‍ക്കിടയിലുള്ള വഴിയിലൂടെ കല്‍പ്പടികള്‍ ഇറങ്ങുമ്പോള്‍ ഇടതുവശത്ത് അജന്താ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ശില്‍പ്പചാതുരിയുള്ള അനവധി ശില്‍പ്പങ്ങള്‍ കാണാം.  ഒരു മുറിയുടെ രൂപത്തില്‍ ഉള്ളിലേക്ക് തുരന്ന് അതിന്റെ അകം ചുവരിലാണ് ശില്‍പ്പങ്ങള്‍.  ഒട്ടനവധി ജൈന മുനികളുടെ തപസ്സു ചെയ്യുന്ന ശില്‍പ്പങ്ങളും പത്മാവതി ദേവിയുടെ  ശില്‍പ്പവും അവിടെ കാണാം.  വീണ്ടും പടികള്‍ ഇറങ്ങി  ക്ഷേത്ര മുറ്റത്തുള്ള  തണല്‍ വിരിച്ച് നില്‍ക്കുന്ന വേപ്പിന്‍ ചുവട്ടിലെത്താം.  അവിടുത്തെ കാറ്റിന് പോലും ഔഷധ ഗുണമുണ്ടെന്നു തോന്നും.  വല്ലാത്ത ഒരു ഉന്മേഷവും ഉത്സാഹവും തോന്നും.  അവാച്യമായ ഒരു നിര്‍വൃതി മനസ്സില്‍ നിറയും.  അവിടുത്തെ ശാന്തത വീണ്ടും നമ്മെ അവിടേയ്ക്ക് ആകര്‍ഷിക്കും.  
     ക്ഷേത്രത്തിന് മുമ്പിലായി ഒരിക്കലും വറ്റാത്ത തീര്‍ത്ഥം. കന്നിവെറിയിലും അവിടെ നിന്നും ജലം ഒഴുകിക്കൊണ്ടേയിരിക്കുന്നു.  ആ ക്ഷേത്ര കുളത്തിനെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്.  ഒരിക്കല്‍ ഒരു തദ്ദേശവാസി അവിടുന്ന് മീന്‍ പിടിച്ചതായും അതിനെ മുറിച്ചപ്പോള്‍ നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായതായും ഭയചകിതനായ അയാള്‍ ആ മത്സ്യത്തെ കുളത്തിലേക്ക് തന്നെ വിട്ടെന്നും  ഉടനെ മുറിച്ച തലയും ഉടലും ചേര്‍ന്ന് ഒന്നായി അത് നീന്തിപ്പോയി എന്നുമാണ് ഒരു ഐതിഹ്യം.  അമ്പലത്തില്‍ ഇപ്പോള്‍ ഭഗവതി അല്ല യക്ഷിയാണ് എന്ന് മറ്റൊരു ഐതിഹ്യം. 
പ്രധാന ക്ഷേത്രത്തിന് മൂന്ന് വാതിലുകള്‍ ഉണ്ട്.

ഉപക്ഷേത്രത്തില്‍ നാഗ ദൈവങ്ങള്‍. കൂടാതെ ക്ഷേത്രമണ്ഡപവും ബലിപീഠവും മടപ്പള്ളിയും ഒക്കെയുണ്ട്.  ക്ഷേത്രം പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്തതാണ്.    പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള കല്‍മണ്ഡപത്തില്‍ 16 കല്‍ത്തൂണുകള്‍ ഉണ്ട്.  അവയില്‍ മിക്കതും ശില്‍പാലംകൃതമാണ്.  ശില്‍പ്പങ്ങളുടെ പരിപൂര്‍ണ്ണത ശില്‍പ്പികളോട് ആദരവുണ്ടാക്കും.  ഉള്ളിലായി മൂന്ന് ഗുഹകള്‍ ഉണ്ട്.  അതില്‍ മധ്യഭാഗത്തുള്ള ഗുഹാക്ഷേത്രമാണ് ഭഗവതി മന്ദിരം എന്ന് അറിയപ്പെടുന്നത്.  മറ്റു രണ്ടിലും തീര്‍ത്ഥങ്കരന്മാരായ പാര്‍ശ്വനാഥനും മഹാവീരനുമാണ്.  ഒമ്പതാം നൂറ്റാണ്ടില്‍ ഈ ഗുഹയില്‍ പത്മാവതി ദേവിയെയാണ് പ്രതിഷ്ഠിച്ചതെന്നും എന്നാല്‍ 1913 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഈ പ്രതിഷ്ഠ മാറ്റി ഭഗവതിയെ പ്രതിഷ്ഠിച്ചതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.  എന്തായാലും പണ്ട് അവിടെമെല്ലാം നമ്മുടെ തിരുവിതാംകൂര്‍ ആയിരുന്നല്ലോ.  വേണാട്ടരചനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ തലസ്ഥാനവും കൊട്ടാരവും ആയ ശ്രീപത്മനാഭപുരവും വളരെ അടുത്താണ്.  ശിവാലയ ഓട്ടം നടത്തുന്ന പല അമ്പലങ്ങളും സമീപസ്ഥലങ്ങളാണ്. 
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി കിഴക്ക് ദര്‍ശനമായി അനന്തശയനം നടത്തുമ്പോള്‍ അതിനഭിമുഖമായി പടിഞ്ഞാറ് ദര്‍ശനത്തില്‍ അനന്തശയനം നടത്തുന്ന ആദികേശവ പെരുമാള്‍ ക്ഷേത്രവും അടുത്തു തന്നെയാണ്. ഏതാണ്ട് 10 കി.മി ചുറ്റളവില്‍ തൃപ്പരപ്പ് വെള്ളച്ചാട്ട്, തൊട്ടിപ്പാലം എന്നറിയപ്പെടുന്ന അക്വഡക്ട് ( ഒരു മലയില്‍ നിന്ന് മറ്റൊരിടത്തേക്ക് പാലം കെട്ടി അതിലൂടെ വെള്ളം ഒഴുക്കി കൊണ്ടുപോകുന്ന സംവിധാനം ). അടിയില്‍ കൂടി പുഴ ഒഴുകുന്നു.  അതിന് മുകളില്‍ വളരെ ഉയരത്തിലാണ് ഈ തൊട്ടിപ്പാലം.  അതിന്റെ വശത്തു കൂടി നടന്നു പോകാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.   ഇങ്ങനെ ഒരു പകല്‍ മുഴുവന്‍ കണ്ടാസ്വദിക്കാനുള്ള കാഴ്ചകള്‍ ചിതറാലിനു സമീപത്തായി ഉണ്ട്. 
      തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ആദികേശവ പെരുമാള്‍ ക്ഷേത്രം.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദികേശവപെരുമാള്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ്. പത്മതീര്‍ത്ഥവും അതിനടുത്തുള്ള വലിയ 7 നിലകളുള്ള ക്ഷേത്ര ഗോപുരവും നിലവറകളും  അതിലെ കണക്കില്ലാത്ത സ്വത്തും  ഒഴികെ മറ്റെല്ലാം ആദികേവശവപെരുമാള്‍  ക്ഷേത്രം പോലെ തന്നെയാണ് ( സ്വത്തിന്റെ കാര്യത്തില്‍  ആദികേശവ പെരുമാള്‍ വളരെ പിന്നിലാണെന്ന് അമ്പലം സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാകും). മുമ്പൊക്കെ ശിവാലയ ഓട്ടം നടത്തുന്നവര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലും വരുമായിരുന്നു.  അവിടെ അനന്തന്റെ പുറത്ത് ശയിക്കുന്ന ഭഗവാന്റെ വലതുകരത്തിന് താഴെയായി ഒരു ശിവലിംഗം ഉണ്ട്.  അത് തൊഴാനായിട്ടാണ് ശിവഭക്തര്‍ അവിടെയത്തിയിരുന്നത്.  
ശിവനും വിഷ്ണുവും ഒന്നു തന്നെയെന്ന സത്യം അറിയുന്നതോടെയാണല്ലോ ശിവാലയ ഓട്ടം സമാപിക്കുന്നത്. 
      ചിതറാലില്‍ മുമ്പ് നിത്യപൂജ ഉണ്ടായിരുന്നു എന്നായിരുന്നു നാട്ടുകാര്‍ പറയുന്നത്.  2005 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഇത് ഏറ്റെടുത്തതോടെ അവിടെ പൂജ നിന്നു പോയി . ക്ഷേത്രത്തിന് സമീപത്തായി ശിലാഫലകളങ്ങളില്‍ പലതും കൊത്തിവച്ചിട്ടുണ്ട്.  വട്ടെഴുത്ത് ലിപി ആയതിനാല്‍ ഒന്നും മനസ്സിലായില്ല.  അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടോ, തനതു സംസ്‌കാരത്തിന്റെ പ്രതിഫലനമോ എന്നറിയില്ല ചുറ്റുപാടുമുള്ള പാറകളിലും എന്തിന്, ആല്‍മരത്തിന്റെ ശാഖകളില്‍ പോലും സന്ദര്‍ശകര്‍ കോറിയിട്ട വികൃത ലിഖിതങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള കൃതികള്‍ അധികവും മലയാളികളുടേതാണെന്ന് തോന്നി.  എന്തായാലും ആരും കാവലിനില്ലെങ്കില്‍ പോലും ക്ഷേത്ര ശില്‍പ്പങ്ങള്‍ക്ക് കേടുവരുത്താനോ മീശ വയ്പ്പിക്കാനോ സന്ദര്‍ശകര്‍ ശ്രമിച്ചിട്ടില്ലെന്നത് ആശ്വാസമേകുന്നു. 
          ചരിത്രസ്മൃതികള്‍ അയവിറക്കാന്‍ താല്‍പ്പര്യമുള്ള, ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്ന, വാചാലമായ നിശബ്ദത നിറഞ്ഞ് നില്‍ക്കുന്ന ഒരു മനോഹര പ്രദേശമാണ് ചിതറാല്‍.  സമീപത്തുള്ള മറ്റ് ചരിത്ര സ്മാരകങ്ങള്‍ കൂടി സന്ദര്‍ശിച്ച് മടങ്ങാന്‍ ഒരു പകല്‍ മതിയാകും.  ഒരവധി ദിവസം ഒരിക്കലും മറക്കാനാവാത്തതാക്കി മാറ്റണമെങ്കില്‍ ഇവിടെ വരുക.  അത് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. 
                                                                     ..................




 ആദി കേശവ പെരുമാൾ ക്ഷേത്രം



 തൊട്ടിപ്പാലം(Aqueduct)

No comments:

Post a Comment