സ്വപ്നായനം
(തിരക്കഥ)
ശ്രീകുമാർ ജി
കഥാപാത്രങ്ങൾ
സ്വപ്ന - സർക്കാർ
ഉദ്യോഗസ്ഥ, 38 വയസു
പ്രായം.
നന്ദിനി - സ്വപ്നയുടെ മകൾ 10 th ക്ലാസ്സിൽ പഠിക്കുന്നു.
സുകുമാരൻ നമ്പ്യാർ -
സ്വപ്നയുടെ ഭർത്താവ്-(ഇരുവരും അകന്നു
കഴിയുകയാണ്.)
സുലോചന -സ്വപ്നയുടെ
അമ്മ, 65 വയസ്സ്
രഘുറാം - പോലീസ്
സർക്കിൾ ഇൻസ്‌പെക്ടർ. (കമ്മിഷണർ ഓഫീസിൽ ജോലിചെയ്യുന്നു.)
സവിത - സ്വപ്നയുടെ
കൂടെ ജോലിയുള്ള സുഹൃത്ത്.
താര -സ്വപ്നയുടെ കൂടെ
ജോലിയുള്ള മറ്റൊരു സുഹൃത്ത്.
രാഹുൽ - നന്ദിനിയുടെ
സ്കൂളിൽ പ്ലസ് 2 വിൽ പഠിക്കുന്നു. തൊട്ടടുത്ത കെട്ടിടത്തിലുള്ള
മറ്റൊരു ക്വാർട്ടേഴ്സിലാണ് താമസം.
മുരളി -സ്വപ്നയുടെ
കാമുകനായിരുന്നു. സുമുഖനും മാന്യനുമാണ്. നാട്ടിൽ പെയിന്റിംഗ് പണികൾ ചെയ്തു
ജീവിക്കുന്നു.
രാഘവൻ നമ്പ്യാർ -
സ്വപ്നയുടെ ഭർത്താവിന്റെ ബന്ധു, 50 വയസ്സ്
ഭാനുമതി - രാഘവൻ
നമ്പ്യാരുടെ ഭാര്യ
മനോജ് - രാഘവൻ നമ്പ്യാരുടെ
മകൻ, 13 വയസ്സ്
രാമചന്ദ്രൻ, മധു, ചന്ദ്രശേഖരൻ, രമേശൻ- സുകുമാരൻ
നമ്പ്യാരുടെ നാട്ടിലെ സുഹൃത്തുക്കൾ
രാഘുനാഥൻ- സ്വപ്നയുടെ
ഓഫീസിലെ സൂപ്രണ്ട്
രാധിക - രഘുനാഥന്റെ
ഭാര്യ
രാധ - രാഹുലിന്റെ അമ്മ
വിനോദ്‌കുമാർ:
രാഹുലിന്റെ അച്ഛൻ
മാധവൻ നമ്പ്യാർ:
സുകുമാരൻ നമ്പ്യാരുടെ ബന്ധുവും സുഹൃത്തും
ലീല : മാധവൻ
നമ്പ്യാരുടെ ഭാര്യ
സ്വപ്നായനം- സീന്‍ - 1
(Ext)
(സന്ധ്യാ സമയം ) വിശാലമായ നഗരക്കാഴ്ച, വിഹഗ വീക്ഷണം. തിരുവനന്തപുരം നഗരത്തിന് നടുവിലായുള്ള
സര്‍ക്കാർ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, 3,4 നില കെട്ടിടങ്ങൾ, ചില കെട്ടിടങ്ങളിൽ ലൈറ്റുണ്ട്. പലതിലും ലൈറ്റ് തെളിയിക്കുന്നതേയുള്ളൂ. പ്രധാന ടൈറ്റിലുകള്‍ തെളിയുന്നതിനിടയിൽ
രണ്ടാം നിലയിലുള്ള തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് പടികയറി വരുന്ന സ്വപ്ന. 38 വയസ്, സാമാന്യം സുന്ദരി, വെളിച്ചക്കുറവ് കൊണ്ട് മങ്ങിയ ദൃശ്യങ്ങൾ മാത്രം. ചുരിദാര്‍, തോളിൽ ബാഗ്,
ഓഫീസില്‍ നിന്ന്
വൈകി ക്ഷീണിച്ചെത്തുന്ന ഭാവം. ക്വാര്‍ട്ടേഴ്‌സിന്റെ വിദൂര ദൃശ്യം. അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള
ഭക്തിഗാനം ചെറിയ ശബ്ദത്തില്‍ കേള്‍ക്കാം. സന്ധ്യയായിട്ടും കളിച്ചു മതിയാകാത്ത
കുട്ടികള്‍ അവിടെയും ഇവിടെയും ഓടിക്കളിക്കുന്നു. കുട്ടികളുടെ ബഹളവും കേള്‍ക്കാം. ട്രെയിന്‍ കടന്നുപോകുന്ന ശബ്ദം കേള്‍ക്കുന്നു. ക്രമേണ അത്
ഉച്ചത്തിലായി വരുന്നു. ചൂളംവിളിയും കേള്‍ക്കാം. കോര്‍ട്ടിലെ ട്യൂബ്
ലൈറ്റിന്റെ വെളിച്ചത്തിൽ മറ്റൊരിടത്ത് ബാറ്റ്മിന്റൻ കളിക്കുന്ന ചെറുപ്പക്കാർ; ചില വണ്ടിക ള്‍ വരുന്നു, ചിലത് പോകുന്നു. പുറത്ത് പ്രധാന റോഡില്‍ വാഹനങ്ങളുടെ തിരക്ക്, ഹോണ്‍, മറ്റ് ശബ്ദങ്ങൾ.
പെട്ടെന്ന് രണ്ടാം നിലയിലുള്ള സ്വപ്നയുടെ
ക്വാര്‍ട്ടേഴ്‌സിന്റെ കൈവരിയില്‍ മറിഞ്ഞ് ഒരാ ള്‍ താഴേക്ക്
വീഴുന്നു.
(താഴെ നിന്നുള്ള
ദൃശ്യം).
എങ്ങനെ
വീണതെന്ന് വ്യക്തമാകുന്നില്ല. ഒന്നു പിടച്ചു;
പിന്നെ
ചലനമില്ല. മണൽ വിരിച്ച തറ. തറയില്‍ മലര്‍ന്നാണ് കിടക്കുന്നത്. നേരിയ വെളിച്ചം മാത്രമേയുള്ളൂ. രക്തം വാര്‍ന്നൊഴുകുന്നു. അതു കണ്ട് ആളുകള്‍ ഓടിക്കൂടുന്നു. വെളിച്ചക്കുറവ് കൊണ്ട് ദൃശ്യങ്ങള്‍
വ്യക്തമല്ല.
ആരോ ചിലർ വാഹനം
കൊണ്ടു വരാനായി ഓടി പോകുന്നു. ട്രെയിനിന്റെ ശബ്ദം നേര്‍ത്തു വരുന്നു. ആകെ ബഹളം. സ്വപ്നയുടെ
ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ
അഭിമുഖമായ മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും പ്ലസ് 2 വിദ്യാർത്ഥിയായ രാഹുൽ ഓടിയിറങ്ങി വരുന്നു. ചിലർ വീണ വ്യക്തിയെ പിടിച്ചുയര്‍ത്തിയിരുത്താൻ
നോക്കുന്നു.
സ്വപ്നയും
പിന്നാലെ നന്ദിനിയും (മകള്‍) ഓടിയിറങ്ങി വരുന്നു. 10th ൽ പഠിക്കുന്നേയുള്ളു എങ്കിലും ഒരു സ്ത്രീയുടെ
പൂർണത നന്ദുവിൽ ദൃശ്യമാണ്.
നന്ദു കുളി
കഴിഞ്ഞ് മുടി ടവ്വൽ കൊണ്ട് ചുറ്റിക്കെട്ടി വച്ചിട്ടേയുള്ളൂ. മിഡിയും ടോപ്പും ധരിച്ചിട്ടുണ്ട്. ടോപ്പിലെ ചില ബട്ടൻസ് ഇളകിപ്പോയത് മറ്റുള്ളവർ
അറിയാതിരിക്കാൻ കൈകൊണ്ടു പിടിച്ചിട്ടുണ്ട്.
സ്വപ്ന ഓഫീസില്‍ നിന്ന് വന്ന വേഷം
മാറിയിട്ടില്ല.
സ്വപ്നയോ മകളോ
നിലവിളിക്കുന്നില്ല.
കരയുന്നുമില്ല.
ആകെ ഭയന്ന ഭാവം. അപ്പോഴേക്കും രാഹുലും അവിടെ എത്തി. നന്ദിനിയും
രാഹുലും പരസ്പരം ആകുലതയോടെ നോക്കുന്നുണ്ട്. നന്ദുവിനോട് ആരാ, എന്താ എന്നൊക്കെ രാഹുൽ കണ്ണുകളിലൂടെ
ചോദിക്കുന്നുണ്ട്. രാഹുലിന്റെ അച്ഛൻ വിനോദ്‌കുമാറും അവിടെ ഓടിയെത്തി. കാര്യം മനസിലാക്കി ഉടനെ
പോർച്ചിൽ നിന്നും തന്റെ കാർ പുറത്തിറക്കി കൊണ്ടുവരുന്നു. പെട്ടെന്ന് ആരോ
ആംബുലന്‍സ് വിളിച്ചു കൊണ്ടു വന്നു. ആളുകള്‍ ആ വീണു കിടക്കുന്ന വ്യക്തിയെ
(സ്വപ്നയുടെ ഭര്‍ത്താവ്) എടുത്ത് ആംബുലന്‍സിൽ കയറ്റുന്നു. കൂടെ ചിലരും കയറുന്നു. പിന്നാലെ വിനോദ്‌കുമാറിന്റെ കാറിൽ സ്വപ്നയും
നന്ദിനിയും കയറുന്നു. രാഹുൽ കാറിന്റെ മുൻസീറ്റിൽ കയറുന്നു. കുറെ സ്‌കൂട്ടറുകളിലും ബൈക്കുകളിലുമായി മറ്റു ചിലർ പിന്നാലേ പായുന്നു. (എല്ലാം താഴെ നിന്നുള്ള
ദൃശ്യങ്ങള്‍ മാത്രം).
സീന്‍ -2 (Ext) (രാത്രി.)
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് കാഷ്വാലിറ്റിയുടെ മുന്‍ഭാഗം
സമയം രാത്രി 8 മണി.
ഒന്നാമന്‍ : ഇവിടെ വന്നപ്പോഴേ കഴിഞ്ഞത്രേ.
രണ്ടാമന്‍ : അതെനിക്കും തോന്നി. തലയല്ലേ പൊട്ടിയത്. ചില്ലറയ്ക്കല്ലല്ലോ
രക്തം പോയത്.
വണ്ടിയില്‍
കയറ്റിയപ്പോൾ തന്നെ ഒരനക്കവും ഇല്ലായിരുന്നു.
മൂന്നാമന്‍: അയാളെന്തിനാ ഇത് ചെയ്തത് ?
ഒന്നാമന്‍ : ആവോ; എന്നാലും രണ്ടാം നിലയിൽ നിന്ന് വീണാൽ ഒരാള്‍
മരിക്കുമോ?
രണ്ടാമന്‍ ; മദ്യപിച്ചിട്ടുണ്ടായിരുന്നു ; നല്ല മണമടിച്ചു. അതുകൊണ്ടാവും തട്ടിപ്പോയത്.
മൂന്നാമന്‍ : ക്വാര്‍ട്ടേഴ്‌സിൽ വന്നിട്ട് രണ്ടു
ദിവസമേ ആയുള്ളൂ എന്നാ പറഞ്ഞു കേട്ടത്. ഇയാളെ ഞാനിതിനു മുമ്പിവിടെ കണ്ടിട്ടേയില്ല.
നാലാമൻ: ആരാ കക്ഷി,
ഒന്നാമന്‍: 12 സി യിലെ സ്വപ്നയുടെ ഭര്‍ത്താവ്. സ്വപ്നയും മകളും മാത്രമായിരുന്നു ഇവിടെ
താമസിച്ചിരുന്നത്.
അയാള്‍ നാട്ടില്‍
ബിസിനസ്സ് നടത്തുകയായിരുന്നു.
മൂന്നാമന്‍: എന്നാലും ഇടയ്‌ക്കൊക്കെ ഇവിടെ
വന്നെങ്കിൽ കാണുമായിരുന്നല്ലോ. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നാ ഞാൻ
കേട്ടിരുന്നത്.
രണ്ടാമന്‍: നേരത്തെ ഒരു പാട് കാലം ഗള്‍ഫിലായിരുന്നു. പിന്നെ ജര്‍മ്മനിയില്‍. ഇപ്പോള്‍ മടങ്ങിയെത്തിയിട്ട് കുറെ വര്‍ഷങ്ങളായി. ഇവിടെ അധികം വരാറില്ല.
മൂന്നാമന്‍: എന്താ അയാളുടെ പേര്.
രണ്ടാമന്‍: സുകുമാരന്‍ നമ്പ്യാർ എന്നാ ; സുകു എന്ന് വിളിക്കും.
ഒന്നാമന്‍: ഇനിയിപ്പം മോര്‍ച്ചറിയിലേക്ക്
മാറ്റുമായിരിക്കും.
രണ്ടാമന്‍: അതേ. നാളെ ഇനി പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞേ
ബോഡി കിട്ടുകയുള്ളൂ.
സീന്‍ 3 (Int)പകല്‍ - 11 മണി
മരണം കഴിഞ്ഞ് മൂന്നാം ദിവസം. രണ്ടാം നിലയിലെ ക്വാര്‍ട്ടേഴ്‌സിന്റെ നീണ്ട
വീതി കുറഞ്ഞ വരാന്ത. ചുവരില്‍ “SF 2” എന്ന് എഴുതിയത് കാണാം. വരാന്തയുടെ ഒരറ്റത്ത് കട്ടിയില്‍ മണല്‍ വിരിച്ച് അതിനു മുകളിൽ ബലിച്ചോറ്
വേവിക്കാൻ അടുപ്പ് കൂട്ടിയിരിക്കുന്നു. അതിനു മുകളില്‍ മെടഞ്ഞ ഒരു പച്ച ഓല മേല്‍ക്കൂര
പോലെ കെട്ടിവച്ചിരിക്കുന്നു. ചുടുകല്ലുകള്‍ ചെറുതായി കരിപിടിച്ചിരിക്കുന്നു. ബലിച്ചോറ് വയ്ക്കുന്നതിനുള്ള വെങ്കലപ്പാത്രം, തുമ്പിലകള്‍, ദര്‍ഭ തുടങ്ങി ബലിയിടുന്നതിനുള്ള സാധനങ്ങൾ, ഒരു തുമ്പിലയിൽ പഴം,
സാമ്പ്രാണി തിരി
കത്തിച്ചതിന്റെ ബാക്കി,
ഭസ്മം
തുടങ്ങിയവ.
ഒരു തൂണില്‍
പട്ടും വെള്ളത്തുണിയും ഒരുമിച്ച് കെട്ടിയിരിക്കുന്നു. ഒരു ദിവസത്തെ ബലി കഴിഞ്ഞതായി മനസ്സിലാക്കാം. സ്വപ്നയുടെ ക്വാര്‍ട്ടേഴ്‌സിന്റെ
അകത്തെ മുറികളിൽ ഏതാനും ബന്ധുക്കൾ മാത്രം.
രാഘവൻ നമ്പ്യാർ വരാന്തയിലേക്ക് ഇറങ്ങി വരുന്നു. പരിസരം വീക്ഷിക്കുന്നു. അതേ നിലയിലെ അടുത്ത ക്വാർട്ടേഴ്‌സുകൾ പൂട്ടിക്കിടക്കുന്നു. ബലിയ്ക്കുള്ള
സാധനങ്ങള്‍ നോക്കി.
എന്നിട്ട്
അകത്തേയ്ക്ക് തിരിഞ്ഞ്)
രാഘവൻ നമ്പ്യാർ :നീ ഓനോട് കാര്‍ഡ് ബോര്‍ഡ് പെട്ടിയോ മറ്റോ എടുത്ത് ഈ ബലി
സാധനങ്ങൾ മൂടിവയ്ക്കാൻ പറഞ്ഞോളൂ.
അല്ലെങ്കില്‍ കാക്കയോ മറ്റോ വന്ന് കൊണ്ടോവും.
(ഭാനുമതി (
മനോജിന്റെ അമ്മ ) അല്പം കഴിഞ്ഞു പുറത്തേക്ക് വരുന്നു.)
ഭാനുമതി: (സ്വരം താഴ്ത്തി) ഇനീപ്പോ 12 ബലിയും കഴിഞ്ഞാലല്ലേ ഓന് ഈടന്ന് പോരാനാകൂ
രാഘവന്‍ നമ്പ്യാർ: പന്ത്രണ്ടോ; ഈടെ
പതിനാറെന്നാ കണക്ക്. ഭാനുമതി: ഈടെ അങ്ങനെ
കൃത്യ ചടങ്ങുകളൊന്നും ഇല്ല. എല്ലാം ഒരു പേരിന് ;
അത്ര തന്നെ
(ഇടയ്ക്ക് മനോജ് (13 വയസ്സ്) ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി കൊണ്ട്
വന്ന് ബലിസാധനങ്ങൾ മൂടിവയ്ക്കുന്നു)
(മറ്റ് രണ്ട് ബന്ധുക്കൾ കൂടി പുറത്തേക്ക്
ഇറങ്ങി വരുന്നു)
മറ്റൊരു ബന്ധു; എന്തായാലും ഒരു പന്ത്രണ്ട് ദീസമെങ്കിലും ബലിയിടേണ്ടി വരും. ഈടെ എന്‍.എസ്.എസ് കാര് 12 ബലീ മതീന്ന് സര്‍ക്കുലർ ഇറക്കീട്ടുണ്ടത്രേ.
ഭാനുമതി: ച്ചാലും ഓന് അത്രേം ദിവസം സ്‌കൂളിൽ പോകാതിരിക്കാനാവ്വോ?
ബന്ധു: ബ്രാഹ്മണര്‍ക്ക് മൂന്നോ നാലോ ദിവസം
കഴിഞ്ഞാൽ പൊല കഴിഞ്ഞു. ഈടെ നായന്മാര്‍ക്കാണ് 16 ഉം 41 ഉം ഒക്കെ.
രാഘവന്‍ നമ്പ്യാർ: ബാക്കി ബലി അവൻ നാട്ടിൽ ചെന്നിട്ടാവാം.
ഭാനുമതി: സഞ്ചയനം കഴിഞ്ഞാലുടൻ പോണം. സംസ്കാരവും ചടങ്ങുകളുമൊക്കെ ഈടെ മതിയെന്ന്
ഓള് പറഞ്ഞിട്ടാണ്. ആടെ ആയിരുന്നെങ്കി ഈ
ബുദ്ധിമുട്ടില്ലാരുന്നു.. സുകുവിന് ഒരാൺ കുട്ടിയില്ലാത്തതു
കൊണ്ടല്ലേ നമുക്കീപാട്.
രാഘവന്‍ നമ്പ്യാർ: ഇതന്നെ എത്രവര്‍ഷം കഴിഞ്ഞാ
കിട്ടിയേ.
ഭാനുമതി: ഓൻ പോയപ്പിന്നെ
എപ്പങ്കിലുമൊക്കെയാ നാട്ടില്‍ വരുന്നത്.
ബന്ധു: ഗള്‍ഫീന്ന് മടങ്ങിയശേഷം ഓൻ നാട്ടില്‍ കച്ചോടമായി കഴിഞ്ഞതല്ലാതെ ഇങ്ങോട്ടൊന്നും
വരാറില്ലാരുന്നു,. അല്ലേ ?
രാഘവന്‍ നമ്പ്യാർ : (ശബ്ദം കുറച്ച് ) ഓര്
എന്നും കലമ്പാ യിരുന്നു.
ഈടെ വന്നാല്‍
ഓളെ ഭയങ്കര ഉപദ്രവായിരുന്നു. ഭാനുമതി : മംഗലം കയിഞ്ഞ് ആദ്യരാത്രി മൊതൽ തുടങ്ങിയതാ. ഈ കുടിച്ചോണ്ടുള്ള പരാക്രമം.
ആദ്യക്കെ ഓള് കുറെ സഹിച്ചു. ഓള്‍ക്ക് പിന്നെ ജോലിയൊക്കെയായപ്പോ ഓള്‍ എതിർക്കാൻ തുടങ്ങി.
രാഘവന്‍ നമ്പ്യാർ: ഇങ്ങോട്ടു വരരുത് എന്നോള്‍ പറഞ്ഞിട്ടുണ്ട്. (മറ്റു ചിലര്‍ അവിടേയ്ക്ക് കയറി വരുന്നു. പെട്ടെന്ന് എല്ലാരും നിശബ്ദരായി. വന്നവരെ ഉപചരിക്കുന്ന ഭാവം. ഇരിക്കാനായി കസേരകൾ നീക്കിയിട്ടു
കൊടുക്കുന്നു)
സീന്‍- 4 (Int)
അതെ ദിവസം പകൽ തുടർച്ച.
സ്വപ്നയുടെ ബെഡ് റൂം. സ്വപ്ന കട്ടിലില്‍ കിടക്കുന്നു. മകള്‍ അടുത്ത് അതേ കട്ടിലിൽ ചുവർ ചാരി കാല്‍നീട്ടിയിരിക്കുന്നു. എല്ലാവരിലും വിഷാദ ഭാവം. കുറെ സന്ദര്‍ശകർ മുറിയിൽ
കസേരകളിലിരിക്കുന്നു. ഭാനുമതി വാതിലിനടുത്ത് നില്‍ക്കുന്നു. ആരും ഒന്നും പറയുന്നില്ല.
സീന്‍- 5 (Int) തുടർച്ച.
പകല്‍. അതെ ദിവസം
ക്വാര്‍ട്ടേഴ്‌സിലെ സ്വീകരണ മുറി
പുതുതായി അന്വേഷിച്ചു വരുന്ന ആള്‍ക്കാരും
രാഘവൻ നമ്പ്യാരും കസേരകളിലിരിക്കുന്നു.
രാഘവന്‍ നമ്പ്യാർ: സ്വപ്നടെ ഓഫീസിലുള്ളവരാ
ആഗതന്‍ 1 : അതെ,
ചടങ്ങിന് വരാന്‍
കഴിഞ്ഞില്ല.
രാഘവന്‍ നമ്പ്യാർ: ഇലക്ട്രിക്
ശ്മശാനത്തിലായിരുന്നു. തയ്കാട്ടേ...
ആഗതന്‍ 2: പുള്ളിക്കാരന് എന്തായിരുന്നു ജോലി.
രാഘവന്‍ നമ്പ്യാർ: ഗള്‍ഫില്‍
ഡ്രൈവറായിരുന്നു. കൊറച്ചു കാലം ജര്‍മ്മനിയിലും
ഉണ്ടായിരുന്നു.
പിന്നെ നാട്ടില്‍
ഒരു അനാദി പീടിക
തുടങ്ങി. അത് നടത്തി കൊണ്ട് പോവ്വായിരുന്നു.
ആഗതന്‍ 2: കുറെ ദിവസമായോ... ഇവിടെ വന്നിട്ട്..
(ആഗതര്‍ക്ക് മനോജ് ചായ കൊണ്ടു വന്നു നല്‍കുന്നു)
രാഘവന്‍ നമ്പ്യാർ: ഇല്ല. കഴിഞ്ഞയാഴ്ചയാ ഇങ്ങോട്ട് പോന്നേ. ഒരീസം മോന്തിയക്ക് എന്നോടു വന്നു പറഞ്ഞു. രാത്രിയിലെ വണ്ടിക്ക് തിരുവനന്തപുരത്തോട്ടു
പോകുന്നൂന്ന്.
അതവസാനത്തെ
യാത്രയാണെന്നറിഞ്ഞില്ല. (ദീര്‍ഘ നിശ്വാസം)
ആഗതന്‍ 1 : നിങ്ങള്‍ അടുത്താണോ താമസം.
രാഘവന്‍ നമ്പ്യാർ: അതെ, നടാലിലാണ്. കണ്ണൂരിൽ,
ഓൻറെ പീടിക കഴിഞ്ഞ് ഒരമ്പതടി കഴിഞ്ഞാൽ എന്റെ വീടായി. ഊര്‍പഴശ്ശിക്കാവിനടുത്താണ്. ആട്ടെ, കണ്ണൂരൊക്കെ വന്നിനോ ?
ആഗതന്‍ 1: ഉവ്വ്.
തളിപ്പറമ്പിലൊക്കെ
വന്നിട്ടുണ്ട്.
രാഘവന്‍ നമ്പ്യാർ: സഞ്ചയനം ബരുന്ന വ്യാഴാ.
ആഗതര്‍ സ്വപ്നയെ മുറിയിൽ കയറി
സന്ദര്‍ശിക്കുന്നു.
(പിന്നെ പടികളിറങ്ങി നടന്നു പോകുന്ന ദൃശ്യം.)
സീന്‍ - 6 പകൽ (Int)
തുടർന്നുള്ള മറ്റൊരു
ദിവസം
ഒത്ത പൊക്കമുള്ള പോലീസ് ഉദ്യോഗസ്ഥനെന്ന്
തോന്നിക്കുന്ന ഒരു വ്യക്തി പടികയറി വരുന്നു. കയ്യിൽ ഫയല്‍. ബ്രൗണ്‍ ഷൂസ്. കൂടെ മറ്റൊരു സഹായിയും. രണ്ടുപേരും യൂണിഫോമിലല്ല. സഹായി കാക്കി പാന്റ്‌സും കറുത്ത ഷൂസും
ധരിച്ചിട്ടുണ്ട്.
(പോലീസ് ഓഫീസര്‍ കൈവരി പരിശോധിക്കുന്നു. ക്വാര്‍ട്ടേഴ്‌സ് നമ്പര്‍ ശ്രദ്ധിക്കുന്നു. പരിസരം ശ്രദ്ധിക്കുന്നു. അവിടെ നിന്ന് താഴെക്ക് നോക്കുന്നു)
പോലീസ് ഓഫിസർ : (സ്വീകരണ
മുറിയിലേക്ക് നോക്കി) ശ്രീമതി സ്വപ്നയുടെ ക്വാര്‍ട്ടേഴ്‌സ്, ഇതല്ലേ ?
രാഘവന്‍ നമ്പ്യാർ : (അതെയെന്ന ഭാവത്തിൽ, കസേര ചൂണ്ടി) ഇരിക്കൂ ആരാ; കളക്ടറേറ്റിൽ നിന്നാണോ ?
പോലീസ് ഓഫീസര്‍ : അല്ല. ഞാന്‍ പോലീസ് കമ്മീഷണർ ഓഫീസിൽ നിന്നാണ്. (ഇരിക്കുന്നില്ല)
രാഘവന്‍ നമ്പ്യാർ: (അസ്വസ്ഥനായി) എന്താ.
പോലീസ് ഓഫീസർ : മറ്റൊന്നുമല്ല. ശ്രീമതി സ്വപ്നയുടെ ഭര്‍ത്താവ് സുകുമാരൻ നമ്പ്യാർ മരിച്ചില്ലേ. അതിന്റെ വിവരങ്ങള്‍ അന്വേഷിക്കാനാണ്.
(പുറത്തേയ്ക്ക്
നോക്കി കൈവരി ചൂണ്ടി) ഇവിടെ നിന്നാണോ താഴെയ്ക്ക് വീണത് (ആരും ഒന്നും മിണ്ടുന്നില്ല)
(അതിനിടയ്ക്ക് സ്വപ്നയും മകളുമൊഴികെ അകത്തുള്ളവരൊക്കെ
വാതില്‍ക്കലെത്തി.
ആശ്ചര്യത്തോടെ
നില്‍ക്കുന്നു.
പോലീസ് ഓഫീസര്‍: ശ്രീമതി സ്വപ്നയെ വിളിക്കാമോ
രാഘവന്‍ നമ്പ്യാർ : ഓള്‍
അകത്ത് കെടക്കുവാ. ചടങ്ങൊന്നും കയിഞ്ഞിട്ടില്ല.
പോലീസ് ഓഫീസർ : അത് സാരമില്ല. ഞാന്‍ അവിടെ പോയി സംസാരിച്ചോളാം.
സീന്‍ 7 പകല്‍ (Int) തുടർച്ച
(സ്വപ്ന കട്ടിലില്‍ എണീറ്റിരിക്കുന്നു. മകളും അടുത്തിരിക്കുന്നു. അടുത്ത കസേരയില്‍ പോലീസ് ഓഫീസറും കൂട്ടാളിയും)
മറ്റാരും മുറിയിലില്ല.
പോലീസ് ഓഫീസര്‍ : ഞാന്‍ പോലീസ് കമ്മീഷണറുടെ
ഉത്തരവു പ്രകാരം വന്നതാണ്.
ഞാന്‍ രഘുറാം; സി.ഐ ആണ് നിങ്ങളുടെ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് ഒരു പരാതി കമ്മീഷണര്‍ക്ക്
ലഭിച്ചു.
(സ്വപ്നയുടെയും മകളുടെയും മുഖം വിളറുന്നു)
പോലീസ് ഓഫീസര്‍ : നിങ്ങളുടെ അവസ്ഥ
എനിക്കറിയാം.
ഞാന്‍ അധികം ബുദ്ധിമുട്ടിക്കില്ല. ഏതാനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് പൊയ്‌കൊള്ളാം. പിന്നീട് ചടങ്ങുകളൊക്കെ കഴിഞ്ഞിട്ട്
സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതിന് എന്റെ ഓഫീസിൽ വന്നാൽ മതി. (മറ്റുള്ളവരെല്ലാം അകത്തെ സംഭാഷണം
ശ്രദ്ധിക്കുന്നു.
(ഒന്നു നിര്‍ത്തിയ
ശേഷം) നിങ്ങളും ഭര്‍ത്താവും പിണങ്ങിക്കഴിയുകയായിരുന്നോ ?
സ്വപ്ന : പിണക്കമൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന് നാട്ടിൽ കച്ചവടമായിരുന്നു.
എനിക്കിവിടെ ജോലിയായതിനാലും മോളിവിടെ
പഠിക്കുന്നതിനാലുമാണ് ഞങ്ങൾ ഇവിടെ താമസിക്കുന്നത്.
(കൂട്ടാളികുറിച്ചെടുക്കുന്നു)
പോലീസ് ഓഫീസർ: ഇടയ്ക്ക് ഒന്നും വരാറില്ല. അല്ലേ.
സ്വപ്ന: അവധി കിട്ടുമ്പോള്‍ ഞങ്ങൾ അങ്ങോട്ടു
പോവുകയാണ് പതിവ്.
പോലീസ് ഓഫീസര്‍ : മകള്‍ അച്ഛനെ കാണാൻ
ആവശ്യപ്പെടാറില്ലേ;
(മകളെ നോക്കുന്നു. നന്ദിനി ഒന്നും
മിണ്ടുന്നില്ല. നിസംഗഭാവം)
സ്വപ്ന: കല്യാണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്
ജര്‍മ്മനിയിലായിരുന്നു ജോലി.
മൂന്ന് നാല് വര്‍ഷം കൂടുമ്പോഴൊക്കെയാണ് വരാറുള്ളത്. അതുകൊണ്ട് അവള്‍ക്ക് അത്രയ്ക്ക് അടുപ്പം
ഉണ്ടായിട്ടില്ല.
പോലീസ് ഓഫീസർ: ഇത്തവണ എന്നാണ്
വന്നത്.
സ്വപ്ന: മരണം നടന്നതിന്റെ മിഞ്ഞാന്ന്.
പോലീസ് ഓഫിസര്‍: കൃത്യം നടന്ന ദിവസം അയാൾ എന്ത്
ചെയ്യുകയായിരുന്നു.
സ്വപ്ന: എനിക്ക് ലീവില്ലാത്തതുകൊണ്ടു ഭക്ഷണമൊക്കെ
ഉണ്ടാക്കി വച്ച് ഞാൻ എപ്പഴും പോലെ ഓഫീസിൽ പോയി. മോൾ സ്കൂളിലും പോയി. ഓറ് വൈകിയാണ്
ഉണർന്നത്. ഞാൻ പോയപ്പോൾ ഇവിടെ ഉണ്ടായിരുന്നു. പിന്നെ എവിടെങ്കിലും പോയോ എന്നറിയില്ല.
പോലീസ് ഓഫീസർ: മോൾ എപ്പോഴാ സ്കൂളിൽ നിന്ന്
വരുന്നത്.
സ്വപ്ന: സാധാരണ സ്കൂൾ വിട്ടു ട്യൂഷനും
കഴിഞ്ഞു ആറുമണിയോടെ എത്തും.
പോലീസ് ഓഫീസർ:അതിനു മുമ്പ് തന്നെ നിങ്ങൾ
എത്തുകില്ലേ
സ്വപ്ന: ഓൾ വരുന്നതിനു മുൻപ് തന്നെ എപ്പഴും ഞാൻ
എത്താറുണ്ട്. അന്ന് പക്ഷെ മോൾ വന്നതിനു ശേഷമാണ്
എനിക്കെത്താൻ കഴിഞ്ഞത്.
പോലീസ് ഓഫിസര്‍: നിങ്ങളുടെ ആത്മാര്‍ത്ഥ
സുഹൃത്തുക്കൾ ആരൊക്കെയാണ്.
സ്വപ്ന: കൂടെ ജോലി ചെയ്യുന്ന സവിത, താര.
പോലീസ് ഓഫിസർ: അദ്ദേഹം എങ്ങനെയാണ് മരിച്ചത്.
(ഒരുപാട് ചിന്തകള്‍ സ്വപ്നയുടെ
മുഖത്ത് പ്രതിഫലിക്കുന്നു)
സ്വപ്ന: എങ്ങനെയെന്ന് ഞങ്ങളും കണ്ടില്ല.
(നന്ദിനി മുഖം താഴ്ത്തിയിരിക്കുന്നു) ഞാന്‍ ഓഫീസിൽ നിന്ന് വൈകിയാണെത്തിയത്. ഇവള്‍ കുളിമുറിയിലായിരുന്നു. ഞാന്‍ വേഷം മാറാൻ തുടങ്ങിയപ്പോൾ എന്തോ താഴെ
വീഴുന്ന ശബ്ദവും ആളുകളുടെ ബഹളവും കേട്ടാണ് ഞങ്ങള്‍ ഓടിയെത്തിയത്. അപ്പോഴാണ് കൈവരിയില്‍ നിന്ന് മറിഞ്ഞ് വീണതാണെന്ന്
മനസ്സിലായത്.
പോലീസ് ഓഫീസര്‍: നിങ്ങള്‍ വന്നപ്പോൾ അദ്ദേഹം ഇവിടെ എന്തു ചെയ്യുകയായിരുന്നു.
സ്വപ്ന: ഇവിടെ കണ്ടില്ല. പുറത്തെങ്ങാനും പോയിക്കാണും എന്നാണ് ഞാന്‍
കരുതിയത്.
പോലീസ് ഓഫീസര്‍: മദ്യപിക്കുമായിരുന്നോ
സ്വപ്ന: അതെയന്ന് തലകുലുക്കുന്നു. വേറെയും ലഹരി മരുന്നുകള്‍
ഉപയോഗിക്കുമായിരുന്നു.
പോലീസ് ഓഫീസര്‍ : (സ്വപ്നയെ നോക്കി ) എനിക്ക്
നിങ്ങളോട് മാത്രമായി ചിലത് ചോദിക്കാനുണ്ട്.
(മകളോട് അപ്പുറത്തേക്ക് പോകാന്‍ സ്വപ്ന ആംഗ്യം
കാണിക്കുന്നു. നന്ദു എഴുന്നേറ്റു അടുത്ത മുറിയിലേക്ക്
പോകുന്നു. )
പോലീസ് ഓഫിസര്‍: മറ്റേതെങ്കിലും
സ്ത്രീകളുമായി മരിച്ചയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി അറിയാമോ
സ്വപ്ന : ഒന്നും മിണ്ടുന്നില്ല.
പോലീസ് ഓഫീസര്‍: പറയൂ.
സ്വപ്ന: ജര്‍മ്മനിയിൽ വേറെ പെണ്ണുണ്ടെന്നും ഏതോ ഫിലിപൈൻ സ്ത്രീയുമായി
ബന്ധമുണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. നാട്ടിലും അങ്ങനെ ചിലത്
കേട്ടിട്ടുണ്ട്.
പോലീസ് ഓഫീസര്‍; കേട്ടറിവേയുള്ളൂ?
സ്വപ്ന: പഴ്‌സിൽ ഫോട്ടോ കണ്ടിട്ടുണ്ട്. ഫോണ്‍ ചെയ്യുന്നത് കേട്ടിട്ടുണ്ട്.
പോലീസ് ഓഫീസര്‍: ജര്‍മ്മനിയിൽ
എവിടെയായിരുന്നു.
സ്വപ്ന: ബോണില്‍
പോലീസ് ഓഫീസര്‍: എന്തായിരുന്നു
ജോലി.
സ്വപ്ന: ഡ്രൈവർ
ആയിരുന്നു.
പോലീസ് ഓഫീസർ: നിങ്ങള്‍ അവിടെ പോയിട്ടുണ്ടോ.
സ്വപ്ന: ഇല്ല
പോലീസ് ഓഫീസർ: നാട്ടില്‍ ആരോടായിരുന്നു ബന്ധം.
സ്വപ്ന: അവിടെ നടാല് ഒരാളെപ്പറ്റി
കേട്ടിട്ടുണ്ട്.
ഓഫീസര്‍: എന്താ അവരുടെ പേര്
സ്വപ്ന: മുത്തുവെന്നാണ് എല്ലാവരും
വിളിക്കുന്നത്.
ശരിക്കുള്ള പേര് എനിക്കറിയില്ല.
പോലീസ് ഓഫീസര്‍ : ഭർത്താവിന് നിങ്ങളെ
ഇഷ്ടമായിരുന്നില്ലേ?
സ്വപ്ന: ഞാന്‍ സെക്‌സിയല്ല, ഡെഡ് ബോഡിയാണ് എന്നൊക്കെ പലപ്പോഴും
പറയുമായിരുന്നു.
ഇഷ്ടമെന്നോ
ഇഷ്ടമല്ലെന്നോ പറയാന്‍ ബുദ്ധിമുട്ടാണ്.
പോലീസ് ഓഫീസര്‍ : അദ്ദേഹം
കണ്ടിഷ്ടപ്പെട്ടല്ലേ കല്യാണം കഴിച്ചത്.
സ്വപ്ന: ഇഷ്ടപ്പെട്ടു എന്നു മാത്രമല്ല. എന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന
വാശിയിലുമായിരുന്നു.
പോലീസ് ഓഫീസര്‍: ആകപ്പാടെ കോണ്‍ട്രഡീക്ഷന്‍സ്
ആണല്ലോ.
സ്വപ്ന: ഞാൻ പറയുന്നത് സത്യമാണ്.
സീന്‍ 8 (Ext/Int)
(1998 കാലഘട്ടം)
(ഊർപഴശ്ശിക്കാവ് അമ്പലത്തിന്റെ പരിസരം. അകലെ
ട്രെയിനിന്റെ ശബ്ദം കേൾക്കാം. സാമാന്യം ചെറിയ ഒരു ജംഗ്ഷൻ. ഏതാനും പഴയ
മട്ടിലുള്ള കടകൾ ഉള്ള സ്ഥലം. അവിടെ ഒരു പീടികയുടെ മുകളിലുള്ള മുറിയിൽ
മദ്യപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തക്കൾ. കുറഞ്ഞയിനം മദ്യമാണ് കൊറിക്കാനായി മിക്സ്ചർ തുടങ്ങിയവ ഉണ്ട്.
രാമചന്ദ്രൻ, മധു, ചന്ദ്രശേഖരൻ, രമേശൻ,എന്നിവരാണ് ഒരു മേശക്കു ചുറ്റും ഇരുന്നു
മദ്യപിക്കുന്നത്.രാമചന്ദ്രൻ അല്പം
മുതിർന്ന ആളാണ്. എല്ലാവരും സാധാരണക്കാർ )
മധു: മുരളിയെ കണ്ടില്ലല്ലോ
ചന്ദ്രശേഖരൻ: ഓൻ വന്നോളും. ഓൻ ആ
കാവിലെങ്ങാനും കാണും. ഓനിപ്പം ഭയങ്കര ഭക്തിയാ.
മധു:: ഭക്തിയൊന്നല്ല. അതൊക്കെ കാര്യം വേറെയാ
ചന്ദ്രശേഖരൻ: എനിക്ക് നേരത്തേന്നെ സംശയം തോന്നിയിനി. ആ ഭാസ്കരേട്ടന്റെ
മോളെ പുറകെ നടക്കുന്ന ഞാനും കണ്ടിട്ടുണ്ട്.
രാമചന്ദ്രൻ: അല്ലെങ്കിലും ഓനു രണ്ടു
സ്മാൾ മാറ്റി വച്ചാൽ മതി. എത്ര നിർബന്ധിച്ചാലും അതിക്കൂടുതൽ ഒരു തുള്ളി ഓൻ
കയിക്കില്ല.
(മുരളി (സുമുഖനായ ചെറുപ്പക്കാരൻ) ചിരിച്ചു കൊണ്ട് കയറി
വരുന്നു.)
മധു: വന്നെല്ലോ വനമാല.
ചന്ദ്രശേഖരൻ: എന്താ മുരളീ കാവിലൊരു ചുറ്റിക്കളി.
രാമചന്ദ്രൻ: എടാ മുരളീ, സത്യം പറ, ആ പെണ്ണിന്
നിന്നോട് ഇഷ്ട്ടൂണ്ടാ
മുരളി : സത്യാ രാമേട്ടാ ഞാൻ പറയുന്ന. വെള്ളത്തിന്റെ പൊറത്തു പറഞ്ഞല്ല.
മധു : അയന് സ്വപ്ന നിന്നോട് അങ്ങനെ പറഞ്ഞിട്ട്ണ്ടോ
മുരളി :അങ്ങനെ പ്രത്യേകിച്ച് പറയണാ, പെമ്പിള്ളേർക്ക് പറയാണ്ട് പറയാൻ പറ്റും.
ചന്ദ്രശേഖരൻ: സ്വപ്നത്തിലാവും പറഞ്ഞെ.
രാമചന്ദ്രൻ : അതല്ലും പോട്ടെ ,നീ എങ്ങനാ ഓളെ പാട്ടിലാക്കിയത്.
(മുരളി ചെറിയ
നാണത്തോടെ ചിരിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ)
രമേശൻ: മടിക്കാതെ പറയ്,
മുരളി : ഓളെ അച്ഛന്റെ കൂടല്ലേ ഞാൻ പെയിന്റിംഗ് പണിക്കു പോകുന്നത്. രാത്രി കള്ളു കുടിച്ചശേഷം മട്ട് പിടിച്ചു വരുമ്പോ പലപ്പോഴും ഞാനാ അയാളെ വീട്ടി
കൊണ്ടാക്കാറ്.
രാമചന്ദ്രൻ : അപ്പൊ നിനക്ക് ആടെ
കയറിപ്പറ്റാൻ നല്ല തഞ്ചം കിട്ടി അല്ലെ.
മുരളി : ഇല്ല രാമേട്ടാ ഞാൻ ആ വീട്ടിലിതുവരെ കേറീട്ടില്ല. ഓളുടെ ആങ്ങളമാർ
രണ്ടെണ്ണവും എന്നും ആടെ കാണും.
ചന്ദ്രൻ : പിന്നെങ്ങനെയാടാ നീ ഓളെ പാട്ടിലാക്കിയത്, ശരിക്കും പറയ്.
ഞാൻ പ്രീഡിഗ്രി തോറ്റു നിൽകുമ്പോൾ ഓൾ ഒമ്പതിലാ, അന്നേരം ഓള്
സ്കൂളി പോകുമ്പോ എന്നും ഞാൻ കാണാറുണ്ട്.
No comments:
Post a Comment