Friday, 26 July 2019

swapnayanam -Part 2


സീന്‍ (1993 കാലഘട്ടം) പകൽ

(വയൽ വരമ്പിൽ ധാരാളം തെങ്ങുകൾ വരിവരിയായി നിൽക്കുന്ന പ്രദേശം. ഒരു വശത്തു താഴെ വിശാലമായ നെൽ വയലുകൾ. മുരളിയും ചില കൂട്ടുകാരും (എല്ലാവരും പ്രീഡിഗ്രി പ്രായം) ഈർക്കിലിയിൽ കുരുക്കുണ്ടാക്കി മാളങ്ങളിൽ തല നീട്ടിയിരിക്കുന്ന നീർക്കോലികളെ കുടുക്കാൻ നോക്കുന്നു. ഒരു നീർക്കോലിയുടെ തല കുരുക്കിനുള്ളിലായതും ഒറ്റ വലി. നീർക്കോലി കുരുക്കിൽ പെട്ട് ഈർക്കിലിന്റെ മുകളിലേക്ക് ചുറ്റുന്നു. ദൂരെ നിന്ന് സ്വപ്ന സ്കൂൾ ബാഗുമായി നടന്നു വരുന്നത് കാണുന്നു. മുരളി മറ്റുള്ളവരോട് മാറിപോകാൻ ആംഗ്യം കാണിക്കുന്നു. നീർക്കോലി തളർന്നു താഴേക്ക്തൂങ്ങിക്കിടക്കുന്നു
 നീർക്കോലിക്കുരുക്ക് വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഓലത്തുമ്പിൽ കെട്ടിയിട്ട ശേഷം ഒളിച്ചു മാറി നില്കുന്നു. അടുത്തെത്തിയ ശേഷമാണ് സ്വപ്ന നീർക്കോലിയെ കാണുന്നത്. പെട്ടെന്ന് 'അയ്യോ  പാമ്പ്' എന്ന് നിലവിളിച്ചുകൊണ്ട് വയലിലെ  കുഴിയിലേക്ക് ബാഗുമായി  തെന്നി വീഴുന്നു.  മുരളി ഓടിവന്നു വയലിലേക്ക് ചാടി അവളെ പിടിച്ചു കയറ്റുന്നു. മേലാകെ നനഞ്ഞു ചേറു പറ്റിയ അവൾ കരഞ്ഞുകൊണ്ട് മടങ്ങി പോകുന്നു. അവൾ പോയശേഷം നീർക്കോലിയെ കുരുക്കഴിച്ചു വെള്ളത്തിലേക്ക് വിടുന്നു അത് നീന്തി പോകുന്നു. സ്വപ്ന പോയി കഴിഞ്ഞതും കൂട്ടുകാർ മടങ്ങിയെത്തുന്നു)
ഒരാൾ: ആകപ്പാടെ കൊയപ്പായല്ലോ.
മറ്റൊരു സുഹൃത്ത്: സ്വപ്നയെ ഉന്തിയിട്ടത് നീയാന്നു ഞാൻ പറയും.
മുരളി : എന്നാ  പിന്നെ നിന്നെ അടിച്ചു ചമ്മന്തി ആക്കും ഞാൻ .
സീന്‍ 10

അടുത്ത ദിവസം അതെ സമയം. (വയലിനിടക്കുള്ള തോടിന്റെ കലുങ്കിൽ മുരളി ഇരിക്കുന്നു.
സ്വപ്ന വളരെ ശ്രദ്ധയോടെ  സ്കൂൾ ബാഗുമായി നടന്നു വരുന്നു.
അവളുടെ ഭയം കണ്ടിട്ട്, അവൾ അടുത്തെത്തിയപ്പോൾ)

മുരളി: ഇന്ന് ഈടെ പാമ്പൊന്നുല്ല. ധൈര്യത്തിൽ പൊയ്ക്കോ
(അല്പം നാണത്തോടെ അവൾ പുഞ്ചിരിച്ചുകൊണ്ട് നടന്നു പോകുന്നു)
സീൻ 11 (Int)
വെകുന്നേരം 6  മണി
ഊർപഴശ്ശിക്കാവ് അമ്പലക്കുളം
മുരളിയും കൂട്ടുകാരും അവിടെ നീന്തി കുളിക്കുന്നു. അമ്പലത്തിലേക്ക് അമ്മയോടൊപ്പം വരുന്ന സ്വപ്ന.
മുരളി  അവളെ കണ്ടു. ശ്രദ്ധ ആകർഷിക്കാൻ  ശ്രമിക്കുന്നു. സ്വപ്ന മുരളിയെ കണ്ടു പുഞ്ചിരിച്ചു കൊണ്ട് നടന്നു പോകുന്നു.

സീൻ 12 (Int)
സന്ധ്യ സമയം

ഊർപഴശ്ശിക്കാവ് അമ്പലത്തിൻറെ ഉൾവശം. മേലേക്കോട്ടം തുറന്നപ്പോൾ  അവിടെ വിളക്ക് കൊളുത്തുന്ന ആൺകുട്ടികൾ. മുരളിയും കൂട്ടത്തിൽ ഉണ്ട്.
അതിനുശേഷം നട  തുറക്കുമ്പോൾ സ്ത്രീകൾ അമ്പലത്തിലേക്ക് പ്രവേശിക്കുന്നു. മുരളി പ്രതീക്ഷയോടെ ആരെയോ നോക്കുന്നു. സ്വപ്ന കയറി വരുന്നത് കണ്ടപ്പോൾ മുഖം പ്രകാശമാനമായി. 
അഞ്ചു തട്ടുള്ള വിളക്കിൽ മുരളി വിളക്കുകൾ കൊളുത്തി കൊണ്ടു നിൽക്കുമ്പോൾ മുരളിയും സ്വപ്നയും പരസ്പരം ചിരിക്കുന്നു. ദീപാരാധന നടക്കുമ്പോൾ ഇരുവരും കൺകോണുകളിലൂടെ അനുരാഗ ബദ്ധരായി പരസ്പരം പരസ്പരം നോക്കുന്നു.

( ഊർപഴശ്ശി കാവിലെ അനുഷ്ഠാനമായ തിടമ്പ് നൃത്തം ഉൾപ്പെടെയുള്ള ഒരു പ്രേമ ഗാനം)

സീന്‍ 13 (Int)
രാത്രി 7 മണി

(നേരത്തെ മുരളിയും കൂട്ടുകാരും മദ്യപിച്ചു കൊണ്ടിരുന്ന പീടികയ്ക്കു  മുകളിലെ മുറി യിൽ മറ്റൊരു ദിവസം.  മുന്തിയ  ഇനം സ്കോച് വിസ്കിയാണ് കഴിക്കുന്നത്. അതിൻറെ  ഒരു  മട്ടും  ഭാവവും എല്ലാവരുടെയും മുഖത്തും  ഉണ്ട് )

രാമചന്ദ്രൻ : അപ്പോ നീയാണ് നീർക്കോലിയെ കെട്ടിയിട്ടതെന്നു ഓൾക്ക് ഇതുവരെ മനസിലായില്ല അല്ലെ;
മുരളി :ഇല്ല;
(സുകുമാരൻ കടന്നു വരുന്നു മുപ്പതു വയസ്സ് പ്രായം)
 (ഒഴിയാറായ മദ്യക്കുപ്പി നോക്കി)
സുകുമാരൻ: എല്ലാരും കൂടി തീർത്തോ; എങ്ങനുണ്ട് സാധനം നല്ലതാ?  
ചന്ദ്രശേഖരൻ:  ഉഗ്രൻ, ചേട്ടാ ഉഗ്രൻ.  നാളിതുവരെ ഞാൻ ഇതുപോലൊത്തൊരു സാധനം കയിച്ചിട്ടില്ല
സുകുമാരൻ: ഇതിവിടെ കിട്ടുന്ന വെടക്ക് സാധനമൊന്നുമല്ല;
          എന്തായാലും ഒന്നൊഴിക്ക്.
രാമചന്ദ്രൻ: (സുകുമാരനോട്) നീ വന്നെന്നറിഞ്ഞതുമുതൽ ഇവിടെല്ലാവരും ഇനി സ്‌കോച്ചേ കഴിക്കൂ എന്ന് കരുതി കാത്തിരിക്കുകയായിരുന്നു. കൊടുത്തിവിട്ടില്ലായിരുന്നെങ്കിൽ ഓര് അങ്ങ് വരുമായിരുന്നു.
(  മധു ഒരു സ്മാൾ ഒഴിക്കുന്നു. വെള്ളം ഒഴിക്കാൻ തുടങ്ങുമ്പോൾ തടയുന്നു)
സുകുമാരൻ: ഐസ് ഇല്ലേ. (എല്ലാവരും ഇല്ലെന്ന ഭാവം കാണിക്കുന്നു)
സുകുമാരൻ: ഞാൻ ഓൺ ദി റോക്ക്സ് ആണ് പതിവ് , പോട്ടെ കുറച്ചു വെള്ളം  ഒഴിക്കു.
( മധു വെള്ളമൊഴിച്ചു ബഹുമാനത്തോടെ നൽകുന്നു)
സുകുമാരൻ: ഞാൻ വന്നപ്പോൾ എന്തോയൊരു നീർക്കോലിക്കാര്യം കേട്ടല്ലോ,
 ആരെയെങ്കിലും നീർക്കോലി കടിച്ചോ,  (മദ്യം നുണഞ്ഞുകൊണ്ട്)   

 നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമെന്നാ പറയുന്നേ. സ്കോച്ച് അടിക്കുന്നേനു കൊയപ്പമൊന്നുമില്ല.
രാമചന്ദ്രൻ: അതല്ല സുകുമാരാ,  ഇവൻ ( മുരളിയെ ചൂണ്ടി) ഒരു പെണ്ണിനെ പാട്ടിലാക്കാൻ നീർക്കോലിയെ പിടിച്ച കഥ   പറഞ്ഞതാ.
സുകുമാരൻ:  എന്നിട്ടെന്തായി, ഓൾ  പാട്ടിലായോ അതോ പാട്ടിനു പോകാൻ    പറഞ്ഞോ
രാമചന്ദ്രൻ:  അതൊക്കെ ഇവൻ തഞ്ചത്തിൽ ഒപ്പിച്ചെടുത്തു.
സുകുമാരൻ:  ആരാ കക്ഷി
 മധു :നമ്മുടെ ഭാസ്കരേട്ടന്റെ മോൾ
സുകുമാരൻ: (അതിശയത്തോടെ) ഭാസ്കരേട്ടന്റെ മോള് സ്വപ്നയെയോ (പരിഹാസ സ്വരത്തിൽ) ഓളെ ഇവൻ പാട്ടിലാക്കിയെന്നോ  (ചിരിക്കുന്നു)
ചന്ദ്രശേഖരൻ: അതെന്താ മുരളി വളച്ചാൽ ഓള് വളയൂല്ലേ
 സുകുമാരൻ : വളയുമായിരിക്കാം പക്ഷെ ഈ പെയിന്ററെ  കൂടെയൊന്നും ഓളെ  കെട്ടിച്ചു വിടില്ല. ഓള് ഡിഗ്രിക്കാരിയാ                    (മുരളിയുടെ മുഖം വിളറുന്നു)
മധു: പ്രേമത്തിന് പെയിന്ററൂന്നോ ഡ്രൈവറൂന്നോ വല്ല വ്യത്യാസൂണ്ടോ
(സുകുമാരന് അതിഷ്ടപ്പെട്ടില്ല. വീണ്ടും ഒന്നുകൂടി ഒഴിക്കാൻ മധുവിനോട് ആംഗ്യം കാണിക്കുന്നു. ഒന്നുകൂടി ഒഴിക്കുന്നു)
സുകുമാരൻ : എടാ മുരളീ, ഇവന്മാര് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ( മുരളി അതേയെന്ന മട്ടിൽ ഒരു വിളറിയ  ചിരി ചിരിക്കുന്നു) എന്നാൽ  നിനക്ക് ഓളെ  കിട്ടില്ല.
മധു: അതെന്താ ഏട്ടൻ ഓളെ കെട്ടാൻ പോണോ
സുകുമാരൻ : അതേടാ ഞാൻ  ഓളെ കെട്ടും;  എന്താ എനിക്കോളെ  കെട്ടാൻ പറ്റൂല്ലേ

രാമചന്ദ്രൻ : കണ്ടമാനം പൈസയുള്ള നിന്നെപ്പോലത്തെ ഒരു  ഗൾഫുകാരൻ വിചാരിച്ചാൽ എന്താ നടക്കാത്തത്.
മുരളി : ഓൾ എന്റെ പെണ്ണാ, ഓളെ  കെട്ടാന്നു ആരും വിചാരിക്കണ്ട.
സുകുമാരൻ : എന്നാ  നീ നോക്കിക്കോ,    എനിക്ക് ഒരാഴ്ച കഴിയുമ്പോ പോണം. അല്ലെങ്കി ഇത്തവണ തന്നെ കെട്ടിയേനെ.  അടുത്ത വരവിനു കല്യാണം. സുകുമാരനാ  പറയുന്നത്. 
മധു: വെറുതെ ഓരോന്ന് പറഞ്ഞു ഓനെ  വെഷമിപ്പിക്കല്ലേ ഏട്ടാ
സുകുമാരൻ : ഞാൻ കാര്യായിട്ടാ പറഞ്ഞത്.
രാമചന്ദ്രൻ : നീ ഓളെ നോക്കി വെച്ചിരിക്കുകയായിരുന്നല്ലേ
സുകുമാരൻ : ഓ,  അങ്ങനൊന്നുമില്ല. ഓളൊരു  സുന്ദരിയല്ലേ;  എന്തായാലും ഒരു മൂന്നുമാസം കയിഞ്ഞു ഞാൻ വരും. നാളെ തന്നെ ഭാസ്കരേട്ടനെ കണ്ടു പറഞ്ഞുറപ്പിക്കണം.                                                                                     
 (മുരളി വിഷമിച്ചിരിക്കുന്നു)
 മധു: (മുരളിയുടെ തോളിൽ തട്ടി പതുക്കെ) ഓൻ വെള്ളടിച്ചേന്റെ തരിപ്പിലാ. മട്ടു പോവുമ്പോ ഈ പറച്ചിലൊക്കെ  മാറും.

സീന്‍ 14 (Int) പകൽ

(സ്വപ്നയുടെ ക്വാർട്ടേഴ്സിലെ മുറി. മൊഴിയെടുക്കുന്നതിന്റെ തുടർച്ച)

പോലീസ് ഓഫീസർ: എന്റെ ഡ്യൂട്ടിയുടെ ഭാഗമായി ചോദിക്കുന്നതാണ്.  മറ്റൊന്നും വിചാരിക്കരുത്. 
സ്വപ്ന: (ചോദിച്ചോളൂ എന്ന ഭാവം) 
പോലീസ് ഓഫീസർ; നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.  
(സ്വപ്ന മിണ്ടുന്നില്ല)
പോലീസ് ഓഫീസർ : മിണ്ടാതിരുന്നാല്‍ പറ്റില്ല. 


സ്വപ്ന: അങ്ങനെ ഒരു ബന്ധവുമില്ല. പക്ഷേ അങ്ങനെ ചില കഥകള്‍ പ്രചരിക്കുന്നതെനിക്കറിയാം. 
പോലീസ് ഓഫീസർ: എന്തു കഥകള്‍.
സ്വപ്ന: എൻറെ ഓഫീസിലെ സൂപ്രണ്ട് രാഘുനാഥൻ സാറിനെ പ്പറ്റി എന്നെയും ചേർത്തു പലതും പറയുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്. ആരെങ്കിലും കഷ്ടകാലത്തു നമ്മെ സഹായിച്ചാൽ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടാണ് അത്.

സീന്‍ 15 (Int) പകൽ

(സ്വകാര്യ ആശുപത്രിയിലെ മുറി. സ്വപ്ന ഒരു ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നു അരികിൽ സവിത, താര,സ്വപ്നയുടെ മകൾ നന്ദിനി, സ്വപ്നയുടെ അമ്മ  സുലോചന) സവിതയും താരയും നന്ദിനിയും ബൈ സ്റ്റാൻഡറുടെ കട്ടിലിൽ ഇരിക്കുന്നു. 'അമ്മ സ്വപ്നയുടെ ബെഡ്‌ഡിൽ ഇരിക്കുന്നു.
ഓഫീസിലെ  സൂപ്രണ്ട് രഘുനാഥനും ഭാര്യ രാധികയും കടന്നു വരുന്നു. അമ്മയൊഴികെ  എല്ലാവരും എണീൽക്കുന്നു.)
രഘുനാഥൻ : ഇപ്പോൾ എങ്ങനുണ്ട് (സ്വപ്ന OK യാണെന്ന മട്ടിൽ ചിരിക്കുന്നു)
സുലോചന : ഇപ്പം വേദനയില്ല, എന്നാലും റസ്റ്റ് ചെയ്യണോന്നാണ് പറഞ്ഞത്.
           ( സ്വപ്ന ഇരിക്കാനായി അവരോട്  ആംഗ്യം കാണിക്കുന്നു)
രഘുനാഥൻ : (ഇരിക്കുന്നു) ഹസ്ബെന്റിനെ അറിയിച്ചില്ലേ
(സ്വപ്ന അറിയിച്ചു എന്ന മട്ടിൽ തല കുലുക്കുന്നു )
രഘുനാഥൻ : പുള്ളി വരുമോ
 (സ്വപ്ന ഇല്ല എന്ന മട്ടിൽ തല കുലുക്കുന്നു )
സവിത: ഇവളെ പ്രസവിച്ചപ്പോൾ പോലും വന്നിട്ടില്ല
സുലോചന :  ഓന് ലീവ് കിട്ടാഞ്ഞിട്ടാ
താര : നിനക്കിവിടെ സഹായത്തിനു ആരുമില്ലെന്ന് അയാൾക്കറിയില്ലേ, എന്നാലും ഇങ്ങനെയൊരു ഓപ്പറേഷൻ ആയിട്ടുകൂടി വരാത്തത് അതിശയം തന്നെ.
സവിത: ഒരുകണക്കിന് വരാത്തതാ നല്ലത്. അല്ലെങ്കിൽ ഇങ്ങനെ കിടക്കുമ്പോൾ പോലും ഇവൾക്ക് സ്വസ്ഥത കിട്ടില്ല.
രഘുനാഥൻ: കാശിനെന്തങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം.


സ്വപ്ന : (രാധികയോട്) പെട്ടെന്ന് ആവശ്യം വന്നപ്പോൾ വീട് പണിക്കു വച്ചിരുന്ന  കാശായിട്ടും സാറ്  തന്നതുകൊണ്ടാ കാര്യങ്ങൾ നടന്നത്.
രാധിക: (അറിയാമെന്ന മട്ടിൽ ചിരിച്ചുകൊണ്ട് ) ഇവിടെ എത്ര നാൾ കൂടി കിടക്കേണ്ടി വരും.
സ്വപ്ന: ഒരാഴ്‌ച കൂടി വേണ്ടി വരും.
സുലോചന: സ്റ്റിച് എടുത്തിട്ടേ വിടൂ.
സവിത: സ്റ്റോൺ ആയിട്ടും നീ വേദനയൊന്നും പറഞ്ഞിട്ടില്ലല്ലോ
നന്ദു : അമ്മ പെയിൻ  കില്ലർ കഴിക്കും. വേദനയൊന്നും  ആരോടും പറയില്ല
സുലോചന: വയറുവേദനാന്നൊക്കെ പറയായിനു. സ്റ്റോൺ ആണെന്ന് ഇപ്പോഴാ അറിഞ്ഞനു.
സ്വപ്ന: താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളൂ.
(ഒരു സിസ്റ്റർ കടന്നു വരുന്നു. സ്വപ്നക്കു കഴിക്കാൻ ഗുളിക കൊടുക്കുന്നു.വെള്ളമെടുത്തു ഗുളിക വിഴുങ്ങുന്നു.സിസ്റ്റർ പുറത്തു പോകുന്നു.)
രഘുനാഥൻ: (സുലോചനയോട്) അമ്മ എന്നാ  വന്നത് ?
സുലോചന : ഓപ്പറേഷൻ കഴിഞ്ഞേന്റെ പിറ്റേന്ന് എത്തി.  പെട്ടെന്നാണെല്ലോ  ഓപ്പറേഷൻ നടത്തിയത്.
സ്വപ്ന:  (രാധികയോട്) സാറും  പിന്നെ  (താരയെയും സവിതയെയും നോക്കി) ഇവരും ഉണ്ടായിരുന്നത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.
താര: അമ്മ തനിച്ചാണോ വന്നത്.
സുലോചന: ഇവൾടെ ആങ്ങള കൊണ്ടാക്കി.
സവിത: എന്നിട്ട് പുള്ളി പോയോ 
സുലോചന: ഓന് ആടുന്നു മാറി നിക്കാൻ കയ്യൂല. ഓന്റെ ഭാര്യ പ്രസവിക്കാറായിനു.
രഘുനാഥൻ: അപ്പോൾ ഞങ്ങളിറങ്ങട്ടെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം.
(സ്വപ്ന ശരിയെന്ന മട്ടിൽ തല കുലുക്കുന്നു)
(രഘുനാഥനും ഭാര്യയും ഇറങ്ങുന്നു)

സീന്‍ 16 (Int) പകൽ  ആശുപത്രി മുറി- തുടർച്ച

(രാഹുൽ അഞ്ചു തട്ടുള്ള ഒരു പാത്രത്തിൽ  വീട്ടിൽ നിന്നുള്ള ഭക്ഷണവുമായി എത്തുന്നു.)


സ്വപ്ന: എന്താ രാഹുലേ, അമ്മയോട് ബുദ്ധിമുട്ടണ്ട എന്ന് ഞാൻ പറഞ്ഞതാണെല്ലോ
രാഹുൽ: ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ  ആന്റീ (നന്ദിനിയെ നോക്കി സ്നേഹത്തോടെ ചിരിക്കുന്നു. നന്ദിനിയും ചിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ നിന്നും അവർ അനുരാഗബദ്ധരാണെന്നു മനസിലാക്കാം. അവർ തമ്മിൽ നോക്കി ചിരിക്കുന്നത് സുലോചനക്കു അത്ര പിടിക്കുന്നില്ല. )
സ്വപ്ന: ഇവിടെ  കാന്റീൻ ഉള്ളതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല.   ഓർഡർ ചെയ്താൽ  ഉടനെ ഇവിടെ കൊണ്ടുവരും. രാഹുൽ: അമ്മയ്ക്കവിടെ വേറെ പണിയൊന്നുമില്ലല്ലോ. അമ്മക്ക് ഇതൊക്കെ ഇഷ്ടമാ.
സ്വപ്ന:എന്തായാലും നാളെ ഭക്ഷണം കൊടുത്തുവിടണ്ട എന്ന് ഞാൻ പറഞ്ഞതായി പറയണം.
രാഹുൽ: ഞാൻ പറഞ്ഞു നോക്കാം. വേദനയൊക്കെ കുറവുണ്ടല്ലോ അല്ലേ  ആന്റീ
(സ്വപ്ന കുറവുണ്ടെന്ന് തല കുലുക്കുന്നു)
രാഹുൽ: എന്നാ ഞാൻ ഇറങ്ങട്ടെ ( നന്ദുവിനെ നോക്കുന്നു )
(രാഹുലിനോടൊപ്പം നന്ദുവും മുറിക്കു പുറത്തിറങ്ങുന്നു)
സുലോചന: ആരാ ഈ ചെക്കൻ?
സ്വപ്ന: അടുത്ത കോർട്ടേഴ്സിലെ രാധേച്ചിയുടെ മോനാ
സുലോചന:അവളെന്തിനാ അവന്റെകൂടെ ഇറങ്ങിപ്പോയത്.
സ്വപ്ന:അവർ നല്ല ഫ്രണ്ട്‌സ് ആണമ്മേ. അവളവിടെ വരാന്തയിൽ നിൽക്കുന്നുണ്ടാവും.
സുലോചന:നീ വല്ലാണ്ടങ്ങു സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. അച്ഛനില്ലാത്തിന്റെ  കൊറവാണിതൊക്കെ
സ്വപ്ന : അവളുടെ അച്ഛൻ ജീവിച്ചിരുപ്പുണ്ടല്ലോ
സുലോചന:തുടങ്ങി തർക്കുത്തരം പറയാന്
(പെട്ടെന്ന് അവർ വാതിൽ തുറന്നു പുറത്തേക്കു നോക്കുന്നു. അവിടെ സംസാരിച്ചു ചിരിച്ചു നിൽക്കുന്ന രാഹുലിനെയും നന്ദുവിനെയും കാണുന്നു.ഒരു ഇഷ്ടക്കുറവോടെ മടങ്ങിവന്നു ഇരിക്കുന്നു.)
സുലോചന: പെമ്പിള്ളേരെ അടക്കോം ഒതുക്കത്തോടും വളത്തണം


സ്വപ്ന : അമ്മ ഏതു കാലത്താ ജീവിക്കുന്നത്.
(അപ്പോഴേക്കും നന്ദു മുറിയിലേക്ക് കയറി വരുന്നു)
സുലോചന: ആ ചെക്കൻ നിന്റെ ക്ലാസ്സിലാണോടീ
നന്ദു: സീനിയറാ, പ്ലസ് 2 വിലാ
സുലോചന: പിന്നെന്താ ഒനോടിത്ര അടുപ്പം
നന്ദു: ഞങ്ങൾ നെയ്‌ബെർസല്ലേ അമ്മമ്മേ
ഞങ്ങൾ ഒരുമിച്ചാ  സ്കൂളിൽ പോണേ (അത് ഇഷ്ടപ്പെടാതെ സുലോചന സ്വപ്നയെ നോക്കുന്നു)

സീൻ 17 (EXT)
രാഹുൽ സ്കൂൾ യൂണിഫോമിട്ട് സൈക്കിളിൽ സ്വപ്നയുടെ ക്വാർട്ടേഴ്‌സ്നു മുന്നിൽ വന്നു സൈക്കിൾ ബെല്ലടിക്കുന്നു. ബാഗ് പുറകിൽ വച്ചിട്ടുണ്ട്.
നന്ദു (യൂണിഫോമിൽ) രണ്ടാം നിലയിലെ വരാന്തയിൽ വന്നെത്തി നോക്കി, ഇതാ വരുന്നു എന്ന് ആംഗ്യം കാണിക്കുന്നു.
ഉടനെ തന്നെ ബാഗും എടുത്തു ഓടിപ്പടിയിറങ്ങി വരുന്നു. പുറകെ സ്വപ്ന കൈവരിയുടെ അടുത്തെത്തി താഴേക്ക് നോക്കുന്നു. നന്ദു ബാഗ് ഷെഡ്‌ഡിലിരുന്ന സൈക്കിളിൽ വച്ച് സൈക്കിളുമായി രാഹുലിന്റെ അടുത്ത് എത്തി. രണ്ടുപേരും മുകളിലേക്ക് നോക്കി സ്വപ്നയെ കൈവീശികാണിക്കുന്നു. എന്നിട്ടു സൈക്കിളിൽ കയറി സ്കൂളിലേക്ക് പോകുന്നു.

സീൻ 18 (EXT)

സ്കൂൾ വിട്ട ശേഷം നന്ദുവും രാഹുലും സൈക്കിൾ ഉരുട്ടി സംസാരിച്ചുകൊണ്ടു നടന്നു വരുന്നു. ധാരാളം പൂമരങ്ങൾ നിറഞ്ഞ പാതയിലൂടെയാണവർ നടന്നു വരുന്നത്.
രാഹുൽ: ഇത്തവണയും ആന്വൽ ഡേയ്ക്ക് എല്ലാ ഐറ്റത്തിനും ചേരുന്നുണ്ടോ
നന്ദു: (ചിരിച്ചു കൊണ്ട്) ഇല്ലില്ല, ഒൺലി ഫോർ ഇലോക്യൂഷൻ. 
രാഹുൽ:അതെന്താ അങ്ങിനെ
നന്ദു: ഇത്തവണ 10 th അല്ലെ. പാട്ടും കളിയുമൊക്കെ കുറച്ചു പഠിക്കാമെന്നു വച്ചു.
രാഹുൽ: അതൊക്കെ കൊള്ളാം, പക്ഷെ നിന്നെ  ഡാൻസ് വേഷത്തിൽ കാണുന്നത് അടിപൊളിയായിരുന്നു.
നന്ദു: അല്ലാതെ കാണാൻ മോശമാണോ

രാഹുൽ: അങ്ങനെയല്ല, എത്ര ചെക്കന്മാരാ നിന്റെ പുറകെ നടക്കുന്നത്.  എന്നെ പേടിച്ചു ആരും അടുക്കുന്നില്ല എന്നേയുള്ളു. നന്ദു: (ചിരിച്ചു കൊണ്ട്)  ഗ്രൂപ്പ്  ഡാൻസിനെങ്കിലും ചേർന്നേപറ്റൂ എന്ന് മിസ് നിർബന്ധിക്കുന്നുണ്ട്.
രാഹുൽ: പിന്നെന്താ ചേരാത്തത്
നന്ദു: അമ്മ സമ്മതിക്കില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു.
രാഹുൽ: അമ്മ ശരിക്കും സമ്മതിക്കില്ലേ
നന്ദു: അമ്മക്ക് ഒരു പ്രശ്നവും ഇല്ല. ഇന്നുവരെ പുസ്തകമെട്, പഠി എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല
രാഹുൽ: അത് താൻ  തനിയെ പഠിച്ചോളുമെന്ന് അറിയാവുന്നത് കൊണ്ടാ. അതൊക്കെ എന്റെ അമ്മയെ കണ്ടു പഠിക്കണം. അമ്മ എന്റെ പേരുതന്നെ മാറ്റി.
(നന്ദു മനസിലാകത്ത മട്ടിൽ നോക്കുന്നു)
രാഹുൽ: രാഹുൽ പഠി, രാഹുൽ പഠി എന്ന് പറഞ്ഞു പറഞ്ഞു ഇപ്പോൾ എന്റെ വീട്ടിലെ പേരുതന്നെ രാഹുൽ പഠി എന്നാണ്  (രണ്ടുപേരും ചിരിക്കുന്നു)
നന്ദു: ഏട്ടൻ ഇത്തവണയും കീ ബോർഡ് വച്ച് കസറാനാ പരിപാടി  അല്ലെ
രാഹുൽ: ഇത്തവണ ഡ്രാമയ്ക്കും വേറേതോ ഫ്യൂഷൻ പരിപാടിക്കുമൊക്കെ കീ ബോർഡ് പ്ലേ ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്. കോമ്പറ്റിഷനൊന്നും ചേരുന്നില്ല
നന്ദു: ഇത്തവണ കലക്കണം. 7th  ൽ പഠിക്കുമ്പോ കീ ബോർഡിന് കൂടെ മത്സരിക്കാൻ ആളെ കിട്ടാത്തതുകൊണ്ട് കുറച്ചെന്തോ അറിയാവുന്ന ചെക്കന്മാരെ അവിടെ വച്ച് പഠിപ്പിച്ചെടുത്തു കോപെറ്റീഷനിൽ പങ്കെടുപ്പിച്ചു ഒന്നാം സമ്മാനം അടിച്ചെടുത്ത ആളല്ലേ
രാഹുൽ: ഇതാര് പറഞ്ഞു
നന്ദു: രാധ ആന്റി വീട്ടിൽ വന്നപ്പോൾ പറഞ്ഞതാ
രാഹുൽ: പക്ഷെ 8th മുതൽ കടുത്ത കോമ്പറ്റിഷൻ ആയിരുന്നു
നന്ദു: എന്നാലും ഫസ്റ്റ് വിട്ടുകൊടുത്തിട്ടില്ലല്ലോ
(രാഹുൽ തലകുലുക്കുന്നു.)

സീൻ 19 (INT)
 (രാഹുലും നന്ദിനിയും പഠിക്കുന്ന അൺ എയ്ഡഡ് സ്കൂളിലെ പ്രിൻസിപ്പലിന്റെ മുറി. പ്രിൻസിപ്പൽ ഗ്ലാസ് ചുവരുകളുള്ള


പ്രത്യേകം ക്യൂബിക്കിളിനുള്ളിലാണ് ഇരിക്കുന്നത്. മുകൾവശം പൂർണമായും അടച്ചിട്ടില്ലാത്തതിനാൽ അവിടെ നടക്കുന്നതെല്ലാം മുറിയിലെ മറ്റുള്ളവർക്ക് കാണുകയും കേൾക്കുകയും ചെയ്യാം. മുറിയുടെ ഒരു ഭാഗത്തു ചില സ്റ്റാഫുകൾ ഇരിക്കുന്നുണ്ട്. CCTV  ക്യാമറയുടെ ബ്ലാക്ക്& വൈറ്റ് മോണിറ്റർ പ്രിൻസിപ്പലിന്റെ വലതു വശത്തു  ചുവരിൽ അല്പം മുകളിലായി ഉറപ്പിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ 60 വയസ്സോളം പ്രായം ചെന്ന ധാർഷ്ട്യം പിടിച്ച ഒരു സ്ത്രീയാണ്.)
പ്യൂൺ: (പ്രിൻസിപ്പലിന്റെ അടുത്ത് ചെന്ന്)  12 A യിലെ രാഹുലിന്റെ അച്ഛൻ കാണാൻ വന്നു നില്കുന്നു.
പ്രിൻസിപ്പാൾ: വരാൻ പറയൂ
(പ്യൂൺ ഹാഫ് ഡോർ തുറന്നു വിനോദ്‌കുമാറിനോട് കയറിവരാൻ ആംഗ്യം കാണിക്കുന്നു. നല്ല എക്സിക്യൂട്ടീവ് ലുക്ക് ഉള്ള മാന്യനായ വ്യക്തിയാണ് വിനോദ്. വിനോദ് കയറിവന്നു പ്രിൻസിപ്പലിനെ അഭിവാദ്യം ചെയ്യുന്നു. അത് ശ്രദ്ധിക്കാതെ പ്യൂണിനോട്)
പ്രിൻസിപ്പൽ: 12 A യിലെ ക്ലാസ് ടീച്ചറോട് വരൻ പറയൂ.
(വിനോദിനോട് ഇരിക്കാൻ ആംഗ്യം കാണിക്കുന്നു.
വിളിച്ചതെന്തിനാണെന്നു അറിയാനുള്ള ആകാംക്ഷയോടെ വിനോദ്)
പ്രിൻസിപ്പാൾ: രാഹുലിന്റെ അച്ഛനോ അമ്മയോ ആരെങ്കിലും ഉടനെ ഇവിടെ വരണമെന്ന് ഞാൻ പറഞ്ഞത് അത്രയും അടിയന്തിര  പ്രാധാന്യമുള്ള ഒരു കാര്യം ഇവിടെ നടന്നതുകൊണ്ടാണ്.(വിനോദിന്റെ ആകാംക്ഷ കൂടുതൽ വർദ്ധിക്കുന്നു.)
പ്രിൻസിപ്പാൾ: രാഹുൽ നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ പഠിത്തം മാത്രം പോരല്ലോ. ഞങ്ങൾ മോറൽ വാല്യൂസിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. രാഹുലിന്  ടച്ച് സ്ക്രീൻ ഫോണൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട് അല്ലെ;
വിനോദ് : ഇല്ല, വിളിക്കാൻ മാത്രം കഴിയുന്ന ഒരു കുറഞ്ഞ ഫോണാണ് അവനു കൊടുത്തിട്ടുള്ളത്.
പ്രിൻസിപ്പാൾ: വീട്ടിലെ കമ്പ്യൂട്ടർ അവനു ഇഷ്ടംപോലെ അടച്ചിരുന്നു ഉപയോഗിക്കാനല്ല സൗകര്യം ഉണ്ടല്ലേ
വിനോദ്: ഇല്ലില്ല, കംപ്യൂട്ടർ സ്വീകരണമുറിയിൽ എല്ലാവർക്കും കാണാവുന്ന സ്ഥലത്താണ് വച്ചിട്ടുള്ളത്.
പ്രിൻസിപ്പാൾ: അതെന്തായാലും ഒരിക്കലും ഈ പ്രായത്തിലുള്ള കുട്ടികളിൽ നിന്ന് കാണാൻ പാടില്ലാത്ത ചില ചിത്രങ്ങൾ


രാഹുലിന്റെ പക്കൽ നിന്ന് കിട്ടി. ഭാഗ്യം പോലെ CCTV ക്യാമറയിലും അയാൾ അത് നോക്കുന്നത്  കിട്ടിയിട്ടുണ്ട്. അത് കാണിക്കാം. അതിനു മുൻപ് ഞങ്ങളുടെ സെക്യൂരിറ്റി അവന്റെ പക്കൽ നിന്ന് പിടിച്ച ചിത്രങ്ങൾ ഞാൻ കാണിക്കാം.
(പേന കൊണ്ട്  നോട്ട് ബുക്ക് പേപ്പറിൽ വരച്ച   സ്ത്രീയും പുരുഷനും ഇണചേരുന്ന ചില   ദൃശ്യങ്ങൾ  ഉള്ള രണ്ടു ചിത്രങ്ങൾ. വിനോദിന്റെ കയ്യിൽ കൊടുക്കുന്നു. വിനോദ് അതുവാങ്ങി നോക്കുന്നു അപ്പോഴേക്കും ക്ലാസ് ടീച്ചറും എത്തി.)
പ്രിൻസിപ്പാൾ: ഇത്തരത്തിലുള്ള കുട്ടികളുടെ മുന്നിൽ ടീച്ചേർസ്  എങ്ങനെയാണ് പഠിപ്പിക്കാൻ ചെന്ന് നിൽക്കുക.
(വിനോദ് ആ ചത്രങ്ങൾ താൻ എന്തോ അപരാധം ചെയ്‌തെന്ന ജാള്യതയോടെ മടക്കി നൽകുന്നു.)
പ്രിൻസിപ്പാൾ: (പ്യൂണിനോട്)  12 എ യിലെ രാഹുലിനെ വിളിക്കൂ. ഇനി കാമറ ദൃശ്യങ്ങൾ കാണിക്കാം.
(അവർ മോണിറ്ററിൽ 11 .30 നുള്ള ഇന്റർവെൽ ടൈമിൽ കാമറ 8 ന്റെ ദൃശ്യങ്ങൾ പരതുന്നു. വലിയ ഒരു കുറ്റം തെളിയിച്ചതിന്റെ ആവേശത്തിലാണ് പ്രിൻസിപ്പൽ രംഗം വിശദീകരിക്കുന്നത്. രാഹുലിന്റെ കൂട്ടുകാരൻ അവനെ എന്തോ രഹസ്യമുണ്ടെന്ന മട്ടിൽ വിളിക്കുന്ന CCTV ദൃശ്യം തെളിയുന്നു.) 
പ്രിൻസിപ്പൽ: അതാ അവന്റെ കൂട്ടുകാരന്റെ അടുത്തേക്ക് ചെല്ലുന്നു. (കൂട്ടുകാരൻ പോക്കറ്റിൽ നിന്ന് പേപ്പർ എടുത്തു കാണിക്കുന്നു. രാഹുൽ അത് വാങ്ങി നോക്കുന്നു. പെട്ടെന്ന് അവരുടെ പുറകിലെത്തിയ സെക്യൂരിറ്റി ജോലി നോക്കുന്ന സ്ത്രീ അവരോട് ആ പേപ്പർ കൊടുക്കാൻ ആവശ്യപ്പടുന്നു. കുട്ടികൾ അത് ഒളിക്കാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധപൂർവം അത് വാങ്ങിയെടുക്കുന്നു.) 
പ്രിൻസിപ്പൽ: കണ്ടോ കണ്ടോ അവന്മാർ വൃത്തികേടുകൾ വരച്ചു വച്ചിട്ട്  അത് ഇന്റർവെൽ  സമയത്തു പോയി ആസ്വദിക്കുന്നു.
(അപ്പോഴേക്കും രാഹുൽ അവിടെ എത്തി. അപമാന ഭാരത്താൽ കുനിഞ്ഞ ശിരസുമായാണ് അവിടെ കയറുന്നത്.)
രാഹുലിനെ കണ്ടതും അച്ഛൻ : ആരാടാ ഈ പടങ്ങൾ വരച്ചത്?
രാഹുൽ: ഞാനല്ല അച്ഛാ
പ്രിൻസിപ്പൽ: ഇവന്മാര് തന്നെ, അല്ലതാര്.
വിനോദ്: ആരാ  വരച്ചതെന്നു പറയ്;
(രാഹുൽ ഒന്നും മിണ്ടുന്നില്ല)

വിനോദ്:വരച്ച കുട്ടിയുടെ പേര് പറഞ്ഞാൽ നിനക്ക് രക്ഷപ്പെടാം.
രാഹുൽ: എന്റെ കൂട്ടുകാരെ ഞാൻ ഒറ്റികൊടുക്കില്ല.
പ്രിൻസിപ്പൽ: കണ്ടോ  അവന്റെ അഹങ്കാരം കണ്ടോ;
ഇവനെയൊക്കെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്. (പരിഹാസ സ്വരത്തിൽ)
ഇവനല്ലേ IIT ക്കു അഡ്മിഷൻ കിട്ടാൻ വേണ്ടി പഠിക്കുന്നത്. (ശപിക്കുന്ന മട്ടിൽ) ഇങ്ങനെയുള്ളവന് IIT പോയിട്ട് പോളിടെക്‌നിക് പോലും കിട്ടില്ല.
(വിനോദിന് മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നു)    
വിനോദ്: (രാഹുലിനോട്) നീ പുറത്തിറങ്ങി നിൽക്ക്.(രാഹുൽ പുറത്തിറങ്ങുന്നു. എന്നാൽ അവിടെ പറയുന്നത് അവനു കേൾക്കാം.) 
(പ്രിൻസിപ്പാളിനോട്) മാഡം അങ്ങനെ ശപിക്കാൻ വരട്ടെ,  നിങ്ങൾക്ക്  ഒരു പ്രിൻസിപ്പാളാകാൻ തക്ക പക്വതയുണ്ടോ? ഇങ്ങനെയാണോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. യഥാർത്ഥ പ്രതി നല്ലകുട്ടിയായി നില്കുന്നു. അത് വരച്ച കുട്ടിയെ കണ്ടെത്താൻ ടീച്ചേഴ്സിന് ഒരു പ്രയാസവും ഇല്ല. വരയുടെ ശൈലി എളുപ്പത്തിൽ മനസിലാക്കാൻ ബുദ്ധിയുള്ള ടീച്ചർമാർക്ക്  കഴിയും.. എന്താ എന്റെ മോൻ ചെയ്ത തെറ്റ്? ഒരു  കുട്ടി തന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്തു കാണിച്ചപ്പോൾ അത് നോക്കിയതാണോ? എങ്കിൽ നിങ്ങളുടെ സെക്യൂരിറ്റി പെണ്ണും അതല്ലേ ചെയ്തത്. ഇങ്ങനെ ഒരു പേപ്പർ കണ്ടാൽ ആൺ കുട്ടിയാണെങ്കിൽ അത് നോക്കും. നോക്കണം. അങ്ങനെ അവൻ  നോക്കിയില്ലായിരുന്നെങ്കിൽ എനിക്ക് അവനെ ഒരു ഡോക്ടറെ കാണിക്കേണ്ടി വരുമായിരുന്നു. എന്റെ മോൻ ചിത്രകാരനൊന്നുമല്ല. ഇത്തരത്തിലുള്ള ചിത്രകലാ അഭിരുചി  അവനു തീരെയില്ല . പിന്നെ അവനു IIT കിട്ടുന്ന കാര്യം. അവൻ പഠിക്കുന്നുണ്ടെങ്കിൽ അവൻ അത് നേടിയിരിക്കും. അവനു ജോലിയൊന്നും കിട്ടിയില്ലെങ്കിൽ ഞാൻ അവനൊരു പലചരക്കു കടയിട്ടുകൊടുക്കും. (ശക്തിയിൽ ഹാഫ്‌ടോർ തുറന്നു അയാൾ പുറത്തേക്കു ഇറങ്ങി പോകുന്നു. റൂമിലുണ്ടായിയുന്ന ടീച്ചർമാരും പ്രിൻസിപ്പാളും സ്റ്റാഫും ഞെട്ടിത്തരിച്ചു നില്കുന്നു).


No comments:

Post a Comment