Veera Komara Charitham

Saturday, 16 September 2017

പുലിക്കയം 
-ജി.ശ്രീകുമാര്‍

 

ഉള്‍ക്കാട്ടില്‍ ഒരു ദിവസമെങ്കിലും തങ്ങണമെന്ന് വളരെക്കാലമായുള്ള ആഗ്രഹമാണ്. കിളികളുടെ സംഗീതവും കാനന ചോലകളുടെ കളകളാരവവും പ്രകൃതിയുടെ സ്വച്ഛമായ സുഖശീതതളിമയും ഒക്കെ നുകര്‍ന്നു കൊണ്ട് ഉള്‍ക്കാട്ടിലെവിടെയെങ്കിലും ഒരു ദിവസം.  വന്യമൃഗങ്ങള്‍ക്കിടയില്‍ പരിമിത സൗകര്യങ്ങളുള്ള ഷെഡുകളിലും ടെന്റുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കാടുകാക്കുന്നതിനായി താമസിക്കേണ്ടി വരുന്ന വനപാലകരെക്കുറിച്ചറിയാം.  അവരുടെ അതേ സാഹചര്യങ്ങളില്‍ ഒരു ദിവസം കഴിയുക എന്നതാണ് ഉദ്ദേശ്യം. 
അച്ചന്‍കോവില്‍ റേഞ്ചിലെ എന്റെ സുഹൃത്തായ വനംവകുപ്പുദ്യോഗസ്ഥനോട് സംഗതി പറഞ്ഞു.  ''കാട്ടിനുളളില്‍ ഐ.ബിയും മറ്റ് താമസസൗകര്യങ്ങളും ഉണ്ട്. അവിടെ ബുക്ക് ചെയ്തുതരാം '' അയാള്‍ പറഞ്ഞു.  
'' അതെനിക്കറിയാം; അവിടെ താമസിക്കാന്‍ നിന്റെ ഔദാര്യമൊന്നും വേണ്ട.  അവിടെ കാശു കൊടുത്ത് ആര്‍ക്കും താമസിക്കാമല്ലൊ , ഉള്‍ക്കാട്ടില്‍ താമസിക്കുക എന്നതാണ് ഉദ്ദേശം. നിങ്ങള്‍ പെട്രോളിംഗിനൊക്കെ പോകുന്നില്ലേ. അവരോടൊപ്പം ഒരു ദിവസം'' 
'' നിന്റെ ആഗ്രഹമൊക്കെ കൊള്ളാം; പക്ഷേ അതത്ര സുഖകരമായിരിക്കില്ല.  അപകടവും ഉണ്ടാവാം'' 
'' നിനക്ക് പറ്റില്ലെങ്കില്‍ പറയ്.  ഞാന്‍ മറ്റാരോടെങ്കിലും പറയാം '' ഞാന്‍ വിട്ടില്ല. 
ഒടുവിലയാള്‍ സമ്മതിച്ചു.  '' അച്ചന്‍കോവില്‍ ഡിവിഷനില്‍ പുലിക്കയം എന്നൊരു സ്ഥലമുണ്ട്.  വളരെ ഉള്ളിലാണ്.  കുറെ നടക്കേണ്ടിവരും.  അവിടെ ഒരു ക്യാമ്പ് ഷെഡുണ്ട്.  അതിനു താഴെ കല്ലാര്‍പുഴയും അതില്‍ ചപ്പാത്തും ഒക്കെയുണ്ട്.  ഭംഗിയുള്ള ധാരാളം സ്ഥലമാണ്.  ആനയും കരടിയുമൊക്കെ ഉള്ള സ്ഥലമാണ്.  അപകട സാധ്യത കൂടിയസ്ഥലമാണ്. പറഞ്ഞില്ലെന്നു വേണ്ട '' അവന്‍ ഓര്‍മ്മിപ്പിച്ചു. 
പക്ഷേ അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.  
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ അമ്പലങ്ങള്‍ ഒറ്റദിവസം കൊണ്ട് തന്നെ അയ്യപ്പ ഭക്തന്മാര്‍ സന്ദര്‍ശിക്കുന്ന പുണ്യസ്ഥലങ്ങളാണ്.  ഇവയില്‍ കുളത്തൂപ്പുഴയും ആര്യങ്കാവും കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലേക്കിറങ്ങണം.  അവിടെ മലയിറങ്ങി ചൊങ്കോട്ടയെത്തി,  വീണ്ടും തിരിഞ്ഞ് കേരളത്തിലേക്ക് ; അതായത് അച്ചന്‍കോവിലിലേക്ക്. നേരിട്ട് അച്ചന്‍കോവിലെത്താന്‍ പുനലൂര്‍ വഴി പ്രിയ എസ്റ്റേറ്റിലൂടെ പോകാമെങ്കിലും കാനന പാത ആയതിനാല്‍ ദുര്‍ഘടമാണ്.  കാനന പാത മെച്ചപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്.  കേന്ദ്രാനുമതി ഉള്‍പ്പടെ പല കടമ്പകള്‍ കടക്കേണ്ടതുണ്ട്. 
അച്ചന്‍കോവില്‍ ഐ.ബിയിലെത്താനാണ് എന്നോട് പറഞ്ഞിരുന്നത്.  അവിടെ എത്തിയപ്പോള്‍ തന്നെ ഡ്യൂട്ടിക്കാര്‍ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍ സഹിതം  തയ്യാറായി നില്‍ക്കുകയായിരുന്നു. ദുര്‍ഘടമായ പാത.  ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പിന് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. വണ്ടിക്ക് പോകാവുന്ന അത്രയും ദൂരം ജീപ്പില്‍ കൊണ്ടുവിട്ടു.  അധികവും തേക്ക് തോട്ടങ്ങളായിരുന്നു. 
തേക്കിന്റെ തളിരിലയില്‍ മുട്ടയിട്ട് വിരിയുന്ന ഒരിനം മഞ്ഞ ശലഭങ്ങള്‍ തത്തിക്കളിച്ച് പാറി പറക്കുന്നത് ഒരു മനോഹരമായ കാഴ്ചയായിരുന്നു. ഒരു പ്രദേശം മുഴുവന്‍ പീതാംബരം ചുറ്റിയതു പോലെ മഞ്ഞ ശലഭങ്ങള്‍.  മറ്റു ശലഭങ്ങളെ കാണാന്‍ കൂടിയില്ല.  നിരനിരയായി പുഴക്കരയിലൂടെയും മറ്റും എന്തോ അത്യാവശ്യം ഉണ്ടെന്ന മട്ടില്‍ വരിവരിയായി നിരനിരയായി അങ്ങനെ പോകുന്നത് ഒരു കാഴ്ച തന്നെയാണ്.  ഈ ശലഭപാത എവിടെ വരെയുണ്ട് എന്ന് പറയാന്‍ കഴിയില്ല.  ഇടയ്ക്കിടെ മണല്‍പരപ്പിലും ആനപിണ്ഡത്തിന് മുകളിലും ഒക്കെയായി അവര്‍ ഒത്തു കൂടും.   നൂറ് കണക്കിന് ശലഭങ്ങളുടെ സമ്മേളനം കഴിഞ്ഞ് അവ വീണ്ടും എന്തോ ലക്ഷ്യമാക്കി എന്ന മട്ടില്‍ പറന്നു കൊണ്ടേയിരിക്കും.  
       മണലിലും ആനപിണ്ഡത്തിലുമൊക്കെ അവ ആവശ്യമായ ലവണങ്ങള്‍ സ്വീകരിക്കാനാണ് ഇങ്ങനെ സമ്മേളിച്ചിരിക്കുന്നത്.  ചിലത് മരത്തിന്റെ മുകളില്‍ നിന്ന് പഴുത്ത് വീഴുന്ന ഇലകണക്കേ താഴേക്ക് പതിക്കുന്നത് കാണാം.  നിലം തൊടാറാകുമ്പോള്‍ പറന്ന് മാറും.
       അങ്ങനെയുള്ള കാഴ്ചകള്‍ കണ്ട് നടന്ന് ഒടുവില്‍ പുലിക്കയം ക്യാമ്പ് ഷെഡിലെത്തി.  നല്ല വലിപ്പത്തിലും ആഴത്തിലും ആന കയറാതിരിക്കാനുള്ള കിടങ്ങൊക്കെയുണ്ട്.  ഷെഡിന് മുമ്പിലായി ഒരു കാട്ടുമാവ് നില്‍പ്പുണ്ട്.   ഇലകള്‍ കാണാന്‍ കഴിയാത്തത്ര നിറയെ ചെറു മാങ്ങകള്‍.  അതില്‍ മലയണ്ണാനും മറ്റും മാമുണ്ണുന്നുണ്ട്.




പുളിശ്ശേരി വയ്ക്കാന്‍ ഉഗ്രനാണെന്ന് പറഞ്ഞ് ഒപ്പം വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ വീണു കിടക്കുന്ന മാങ്ങകള്‍ പെറുക്കി കൂട്ടി.  ഞാനും ഒരു മാങ്ങയെടുത്ത് തിന്നു. നല്ല മധുരവും പുളിയും ചേര്‍ന്ന രുചി. 
 
         
 മറ്റൊരാള്‍ ക്യാമ്പ് ഷെഡിന്റെ വാതിലിലെ പൂട്ടൊക്കെ തുറന്ന് അകത്ത് കയറാന്‍ തുടങ്ങി.  ആസ്ബസ്റ്റോസ് ഷീറ്റ് പതിപ്പിച്ച ചുവരുകളും മേല്‍ക്കൂരയുമാണ്.  പക്ഷേ വാതില്‍ തുറന്ന് അകത്തു കടന്നതും ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി.  അവര്‍ കഴിഞ്ഞ ആഴ്ച വന്നപ്പോഴുള്ള അവസ്ഥയല്ലത്രേ.  വാതിലുള്ള ഭാഗം പൊളിച്ചിട്ടില്ലെന്നേ ഉള്ളൂ.  ബാക്കി ഒട്ടുമുക്കാലും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു.  
'' കാട്ടുമാങ്ങ തിന്നാന്‍ വരുന്ന കൊമ്പന്റെ പണിയാണ് '' 
ഒരാള്‍ വിശദീകരിച്ചു. 
'' അതിന് ട്രഞ്ചില്ലേ.  പിന്നെങ്ങനെ ഇത് സംഭവിച്ചു''  എനിക്ക് അതിശയമായി. 
ഒന്നും പറയാതെ അയാള്‍ ഷെഡിന്റെ പുറകിലേക്ക് പോയി.  ഞാനും കൂടെപ്പോയി.  അവിടെ ഒരു ഭാഗത്ത് ട്രഞ്ചിനുള്ളിലേക്ക് മണ്ണിടിച്ചിറക്കിയിരിക്കുന്നു.  
'' കൊമ്പന്റെ പണിയാണ്. അതു വഴിയാണ് ആന വന്നത് '' അയാള്‍ പറഞ്ഞു. 
അത്യാവശ്യം ഒരു ദിവസം മഴനനയാതെ സൗകര്യപ്രദമായി തങ്ങാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നതായി  കണ്ടാല്‍  മനസ്സിലാകും.  സോളാര്‍ ലൈറ്റിന്റെ ബാറ്ററി ഉള്‍പ്പെടെ തകര്‍ത്തിട്ടിരിക്കുന്നു.  പിന്‍വശത്ത് അടുക്കള ആവശ്യത്തിനായി തയ്യാറാക്കിയിരുന്ന  കോണ്‍ക്രീറ്റ് സ്ലാബും മറിച്ചിട്ടിരിക്കുന്നു.  ഏറ്റവും വലിയ വിഷമം തോന്നിയത് കക്കൂസിന്റെ അവസ്ഥ കണ്ടപ്പോഴാണ്.  എല്ലാം നശിപ്പിച്ചിരിക്കുന്നു. 
നല്ല മഴയും വരുന്നുണ്ട്.  ഈ പൊളിഞ്ഞ ഷെഡിനുള്ളില്‍ എങ്ങനെ രാത്രി തങ്ങും.  '' വിനാശകാലേ വിപരീത ബുദ്ധി '' ഞാന്‍ സ്വയം ശപിച്ചു.  ചാടിപ്പുറപ്പെടാന്‍ എന്തുല്‍സാഹമായിരുന്നു.  ഇനി വരുന്നത് അനുഭവിക്കുക തന്നെ എന്ന് തീരുമാനിച്ചു.  പക്ഷേ ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി.  കഴിഞ്ഞ ദിവസം ഷെഡ് ആക്രമിച്ച ആന ഇന്ന് ഇവിടെ തങ്ങുന്നവരെ ആക്രമിക്കില്ലേ.  നാളത്തെ പത്രവാര്‍ത്ത എന്താകും.  നേരം വൈകിപ്പോയി.  വന്ന വണ്ടിയും പോയി.  ഇനി എന്തുചെയ്യും.  ഫോണ്‍ ചെയ്യാന്‍ റെയ്ഞ്ചുമില്ല.  തണുപ്പ് കൂടിവരുന്നു.  
മഴ നനയാതെ നില്‍ക്കാന്‍ കഴിയുന്ന കുറച്ചു ഭാഗം ബക്കിയുണ്ട്.  എന്റെ ആശങ്കയൊന്നും ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായി തോന്നിയില്ല.  ഇതൊക്കെയെന്ത് എന്ന മട്ടില്‍ അവര്‍ പൊളിഞ്ഞ ഷീറ്റൊക്കെ ഉയര്‍ത്തി കൂടുതല്‍ ഭാഗം നനയാത്ത രൂപത്തിലാക്കി.  ഒടിഞ്ഞ കട്ടിലൊക്കെ ശരിയാക്കി അത്യാവശ്യം തലചായ്ക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി.  മറ്റൊരാള്‍ വിറകൊക്കെ സംഘടിപ്പിച്ച് അടുപ്പ് കൂട്ടാന്‍ തുടങ്ങി.  ഇന്നിവിടെ രാത്രി ആന വന്നാല്‍ എന്തു ചെയ്യും എന്നുള്ള ചോദ്യം മനസ്സില്‍ തികട്ടി വന്നു.  പക്ഷേ ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ ഞാന്‍ ഒരു പേടിത്തൊണ്ടനാണെന്ന കാര്യം അവര്‍ മനസ്സിലാക്കുമല്ലോ എന്ന് കരുതി മിണ്ടാതിരുന്നു.  '' എന്റെ ഐഡിയ ആയിപ്പോയി '' എന്ന മഹേഷിന്റെ പ്രതികാരത്തിലെ ഡയലോഗ് ഉരുവിട്ട് കൊണ്ട് ഞാന്‍ പതിയെ പുറത്തിറങ്ങി. 
തൊട്ടു താഴെ കണ്ണീരു പോലെ തെളിഞ്ഞൊഴുകുന്ന കല്ലാര്‍.  അതിലെ ചപ്പാത്തിലൂടെ അക്കരയ്ക്ക് പോകാം.  പുഴ കടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടം ഉള്‍പ്പെടെ നിരവധി കാഴ്ചകള്‍ ഉണ്ടത്രേ.  ഞാന്‍ പുഴക്കരയിലെത്തിയപ്പോള്‍ എന്റെ പുറകെ ഒരു ജീവനക്കാരന്‍ വന്നു.  '' പുഴയ്ക്കക്കരെ വേറൊരു മാവുണ്ട്.  അതിലെ മാങ്ങയ്ക്ക് ഇതിലും രുചിയാണ്.  ഞാന്‍ മാങ്ങപെറുക്കി കൊണ്ടുവരാം, വരുന്നോ '' 
ഒരാള്‍ കൂടെയുണ്ടാവുന്നത് വലിയ ധൈര്യമാണല്ലോ. ഞാനും ഒപ്പം വച്ചു പിടിച്ചു. ചപ്പാത്തിന് മുകളിലൂടെ മുട്ടളവില്‍ വെള്ളം ഒഴുകുന്നുണ്ട്.  പാന്റ്‌സ് നനയാതെ വളരെ ശ്രദ്ധയോടെ അക്കരെക്കടന്നു. അല്‍പ്പം ഇടത്തോട്ട് പുഴക്കരയിലൂടെ നടന്നതും ആ മാവ് കണ്ടു.  അതിലും നിറയെ മാങ്ങകള്‍.  പെട്ടെന്ന് അയാള്‍ സ്വിച്ച് ഓഫാക്കിയ പോലെ അവിടെ നിന്നു.  എന്നിട്ട് മാവിന്‍ ചുവട്ടിലേക്ക് ചൂണ്ടി.  അവിടെ ഒരു കരടി.  രണ്ടാമതൊന്ന് നോക്കാന്‍ കഴിഞ്ഞില്ല.  '' തോമസ്‌കുട്ടി വിട്ടോടാ '' എന്ന മട്ടില്‍ എന്തോ പറഞ്ഞു കൊണ്ട് അയാള്‍ ഓടിക്കഴിഞ്ഞിരുന്നു.  ഞാനും പുറകേ വച്ചു പിടിച്ചു.  നിമിഷനേരം കൊണ്ട് ഷെഡില്‍ തിരികെയെത്തി.  കാട്ടില്‍ ആനയെക്കാളും കടുവയെക്കാളും പേടിക്കേണ്ടത് കരടിയെ ആണ്.  കരടി മനുഷ്യനെ കണ്ടാല്‍ ആക്രമിച്ചിരിക്കും എന്നതാണ് കാട്ടിലെ തത്വം.  ഏതാണ്ട് മനുഷ്യന്റെ വലിപ്പമായതിനാല്‍ അതിന് ഒത്ത ശത്രുവായി മനുഷ്യനെ കാണുന്നതു കൊണ്ടാവാം. 
ഷെഡിലെത്തിയതോടെ വീണ്ടും ആനക്കാര്യം മനസ്സില്‍ പൊന്തി വന്നു.  മൂന്ന് വശവും തുറന്ന ചുവരുള്ള ഷെഡില്‍ എങ്ങനെ കിടന്നുറങ്ങും.  ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍                   '' തന്നോടാരെങ്കിലും ഇവിടെ വരാന്‍ പറഞ്ഞോ '' എന്നൊരു മറുചോദ്യം ഉണ്ടാകുമെന്ന് ഭയന്ന് ഞാന്‍ ഒന്നും ചോദിച്ചില്ല.  കൂടാതെ ഞാന്‍ കാരണമല്ലെ ഇവര്‍ക്കും ഇവിടെ ഇന്നിങ്ങനെ തങ്ങേണ്ടി വന്നത് എന്ന ചിന്തയും എന്നെ അലട്ടി.  കുറെക്കഴിഞ്ഞ് കട്ടന്‍ ചായ തിളപ്പിച്ചു തന്നെ മനുഷ്യനോട് '' രാത്രി ആന വന്നാലെന്തു ചെയ്യും '' ഒരു വിധത്തില്‍ ചോദിച്ചു. 
'' ആളുണ്ടെങ്കില്‍ ആന വരില്ല; നമുക്ക് ഫയര്‍ പ്ലെയ്‌സ് ഉണ്ടാക്കാം. പിന്നെ പേടിക്കാനില്ല ''എന്ന് നിസ്സാരമായി പറഞ്ഞു കൊണ്ട് രാത്രിയിലെ ആഹാരകാര്യങ്ങള്‍ നോക്കാനായി അയാള്‍ പോയി.  കുറച്ചു കഴിഞ്ഞപ്പോള്‍ പുഴയില്‍ വെള്ളമെടുക്കാന്‍ പോയ ആള്‍ ഓടിവന്ന് എന്നെ വിളിച്ചു.  പുഴക്കരയില്‍ ആനക്കൂട്ടം വന്നത് കാണിക്കാനാണ് വിളിച്ചത്. കുട്ടിയാന ഉള്‍പ്പെടെ ആനകളുടെ ഒരു കൂട്ടം.  കാട്ടില്‍ വന്നിട്ട് ആനയെ കണ്ടില്ല എന്ന് വിഷമിക്കാതിരിക്കാനാണ് പുള്ളിക്കാരന്‍ എന്നെ വിളിച്ചു കാണിച്ചു തന്നത്.  പുഴയുടെ മറുവശത്താണെങ്കിലും പുഴയ്ക്ക് ആഴം കുറവായതിനാല്‍ എന്റെ മുട്ട് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു.  അതില്‍ ഒരാന തുമ്പിക്കൈയുടെ അഗ്രം ഞങ്ങളുടെ ഭാഗത്തേക്ക് തിരിച്ച് മണം പിടിക്കുന്നത് കണ്ടു.  ഞങ്ങളുടെ മണം കിട്ടിയതിനാലാവണം പെട്ടെന്ന് എല്ലാം വേഗത്തില്‍ വെള്ളംതെറിപ്പിച്ചു കൊണ്ട് കാട്ടുചെടികളെ ചവിട്ടി മെതിച്ചു കൊണ്ട് പുഴക്കരയിലൂടെ എതിര്‍വശത്തേക്ക് പൊയ്ക്കളഞ്ഞു.  ചെറിയ പയ്യനെ ഞങ്ങളില്‍ നിന്ന് മറച്ച് പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  പക്ഷേ അല്‍പ്പനേരം അവിടെ നിന്നതേയുള്ളു.  കാലില്‍ അട്ടകള്‍ സംസ്ഥാന സമ്മേളനം തുടങ്ങി.   മുട്ടുവരെ പലയിടത്തായി കടിച്ച് പറ്റിയിരിക്കുന്നു.  വലിച്ചു പിഴുതു കളഞ്ഞാല്‍ രക്തം നില്‍ക്കാതെ പോകും.  ആദ്യമേ തന്നെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കുത്തിവച്ചിട്ടാണ് രുധിരപാനം തുടങ്ങുന്നത്.  ഒരുവിധം മടങ്ങി ഷെഡിലെത്തി. ഉപ്പ് പൊടി ഉപയോഗിച്ച് ഓരോന്നിനെയായി എടുത്തു കളഞ്ഞു.  അപ്പോഴേക്കും മിക്കതും കുടിച്ച് വീര്‍ത്ത് കഴിഞ്ഞിരുന്നു.  
'' സാറിന് ഹാര്‍ട്ട് അറ്റാക്ക് വരില്ല.  ഹെപ്പാരിന്‍ എന്നൊരു എന്‍സൈം അട്ടകള്‍ കുത്തിവയ്ക്കും.  അത് ഹാര്‍ട്ടില്‍ ബ്ലോക്ക് ഉണ്ടാകാനുള്ള സാദ്ധ്യത തടയും.  ഞങ്ങള്‍ പാടത്താളിയുടെ കിഴങ്ങ് ഒരുമാസം എണ്ണയില്‍ ഇട്ടുവച്ചിരിക്കും.  എന്നിട്ട് ആ എണ്ണ കാലില്‍ തേച്ച് നടന്നാല്‍ അട്ട അടുക്കുകയില്ല. '' ഒരാള്‍ വിശദീകരിച്ചു.    നേരം ഇരുട്ടിയതോടെ ഭയം ഇരട്ടിച്ചു.  വെളിച്ചമുള്ള രണ്ട് ടോര്‍ച്ചുകള്‍ അവരുടെ കൈവശമുള്ളത് മാത്രമാണ് ഏക ആശ്വാസം. ഞാന്‍ കൊള്ളാവുന്ന ഒരു കട്ടില്‍ പിടിച്ചിട്ട് അതില്‍ കയറിക്കിടന്നു.  തണുപ്പ് വല്ലാതെ കൂടി.  മഴ പുറത്ത് തകര്‍ത്തു പെയ്യുന്നുണ്ട്.  അകത്തും വെള്ളം കയറുന്നുണ്ട്.  അകത്തു , പുറത്തു എന്നൊക്കെ ആലങ്കാരികമായി പറഞ്ഞതാണ്. അങ്ങനെ പറയത്തക്ക വ്യത്യാസമൊന്നുമില്ല. കാറ്റും തണുപ്പും എല്ലാംകൂടി ഇന്ന് ശിവരാത്രി തന്നെയെന്ന് ഉറപ്പിച്ചു.  ആന വരാതിരിക്കാന്‍ തീകൂട്ടാമെന്ന് പറഞ്ഞിരുന്നെങ്കിലും മഴകാരണം അതും നടന്നില്ല.  പാപി ചെല്ലുന്നിടം പാതാളം. 
     കഞ്ഞിയും കാന്താരി മുളകരച്ച ചമ്മന്തിയും പയറും ഒക്കെയായി ഉള്ള സ്ഥലത്തിരുന്ന് രാത്രി ഭക്ഷണം കുശാലാക്കി.  വിശപ്പു മാറിയപ്പോഴേക്കും വീണ്ടും എന്റെ മനസ്സില്‍ വീണ്ടുംഒറ്റയാന്റെ ചിന്ത വന്ന് നിറഞ്ഞു.  കാട്ടില്‍ സ്വാഭാവികമായുള്ളതല്ലാതെ എന്തുകണ്ടാലും ആനയ്ക്ക് അത് തകര്‍ത്ത് കളയുന്ന ശീലമുണ്ട്.  കാട്ടുമൃഗങ്ങളുടെ കണക്കെടുപ്പിന് സഹായിക്കാനായി സെന്‍സറുള്ള ക്യാമറകള്‍ മരങ്ങളില്‍ പിടിപ്പിച്ചിട്ടുളളത് കണ്ടാല്‍ ആനകള്‍ അതിനെ വലിച്ച് താഴെയിട്ട് ചവിട്ടിപ്പൊട്ടിക്കും. മൃഗങ്ങളൊക്കെ വരുമ്പോഴാണെല്ലോ അതിലെ ഫ്ലാഷ് മിന്നുന്നത്. ഇപ്പോള്‍ ആനചവിട്ടിയാലും പൊട്ടാതിരിക്കാന്‍ ഉരുക്ക് കവചത്തിനുള്ളിലാണ് അത് വയ്ക്കുന്നത്.  വനാതിര്‍ത്തികളിലെ മലമുകളിലൊക്കെ ഇപ്പോള്‍ കുരിശു കൃഷി ആണല്ലോ.  കുരിശുകണ്ടാലും ആനകള്‍ പിഴുതു കളയും.  അത് തടയാന്‍ ചിലര്‍ ചെയ്യുന്നത് കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിയാണ്.  കുരിശിനോടൊപ്പം അര്‍ക്കവാള്‍ പിടിപ്പിച്ചിരിക്കും.  തുമ്പികൈ കൊണ്ട് കുരിശ് ചുറ്റിപ്പിടിക്കുമ്പോള്‍ തന്നെ തുമ്പികൈ മുറിഞ്ഞ് തെറിക്കും.  ഷെഡിന്റെ മുറ്റത്ത് നില്‍ക്കുന്ന മാവിലെ മാങ്ങ പെറുക്കാന്‍ വരുന്ന ആന ഇന്നും ഇവിടെ വരുമെന്നും ഷെഡില്‍ പൊളിച്ചു തീരാത്ത ബാക്കി ഭാഗത്തിന്റെ പണി ഇന്ന് പൂര്‍ത്തിയാക്കുമെന്നും വിചാരിച്ച് കിടന്നു.  പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി. 
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.  കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തെളിച്ച സെര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ ആ കാഴ്ച കണ്ടു.  ഷെഡിന്റെ തൊട്ടപ്പുറത്ത് മാവിന്റെ ചുവട്ടില്‍ ഒത്ത ഒരു കൊമ്പന്‍. മൂക്ക് ഷെഡിന് നേരെപ്പിടിച്ച് മണം പിടിക്കുകയും ശക്തമായി ചീറ്റുകയും ചെയ്യുന്നുണ്ട്.  അത് ട്രഞ്ച് പൊളിഞ്ഞിട്ടുള്ള ഭാഗത്ത് കൂടി ഏതുനിമിഷവും ഉള്ളിലേക്ക് വരുമെന്ന് ഞാന്‍ മനസ്സിലാക്കി.  ഞങ്ങളെ തുമ്പികൈയില്‍ തൂക്കി എറിയാന്‍ ഇനി അധിക സമയമില്ല.  നിരായുധരായി നിരാലംബരായി ജീവന്‍ കയ്യില്‍പ്പിടിച്ചു കൊണ്ട് ഞങ്ങള്‍ നാലുപേര്‍.  എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണം ഞാന്‍ ഒരുത്തന്റെ പിടിവാശിയാണല്ലൊ എന്നോര്‍ത്തപ്പോള്‍ സങ്കടവും ഭയവും എല്ലാം കൂടിയ ഒരവസ്ഥ.  കുറച്ച് നേരം മാവിന്റെ ചുവട്ടില്‍ മാങ്ങ പെറുക്കിത്തിന്ന ശേഷം ട്രഞ്ചിന് പുറത്തായി  അങ്ങോട്ടുമിങ്ങോട്ടും നടന്നു.  പിന്നെ അത് എങ്ങോട്ടോ പോയി.  മറ്റുള്ളവര്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയെങ്കിലും എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല.  ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നു. 
 

            ജീവനില്‍ ഭയമില്ലെന്നൊക്കെ വലിയവായില്‍ പറയാമെന്നല്ലാതെ ജീവന്‍ അപകടത്തിലാകാറാകുമ്പോള്‍ ഉണ്ടാകുന്ന ജീവഭയം എന്താണെന്ന് ഞാന്‍ മനസ്സിലാക്കി.  കാട്ടില്‍ കാട്ടുമൃഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും മനസ്സുകൊണ്ട് നമിച്ചത് അപ്പോഴാണ്. രാവിലെ കാട്ടിനുളളിലൂടെ മീന്‍മുട്ടി വെള്ളച്ചാട്ടം വരെ ഒരു ട്രക്കിംഗ് തുടങ്ങി നിരവധി കലാപരിപാടികള്‍  പ്ലാന്‍ ചെയ്തിരുന്നതാണ്.  അതെല്ലാം എന്റെ നിര്‍ബന്ധപ്രകാരം കാന്‍സല്‍ ചെയ്തു കൊണ്ട് രാവിലെ തന്നെ ഞങ്ങള്‍ പുലിക്കയം വിട്ടു.  ഇനി ഒരിക്കലും കാട്ടിനുളളില്‍ താമസിക്കണമെന്ന പൂതി ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഞാന്‍ മടങ്ങിയത്.  
                                                                      ...................
 

Posted by sreejikadavinmoola at 01:51 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 15 September 2017


പ്ലെച്ചര്‍ ചങ്കു 
ജി. ശ്രീകുമാര്‍

     ശങ്കരന്‍ എന്നായിരുന്നു അയാളുടെ പേര്.  മതംമാറിയാല്‍ ലഭിക്കുമെന്ന് കേട്ട ധാന്യങ്ങളുടെ കണക്കും ജാതിമേല്‍ക്കോയ്മകളും അയിത്തവും എല്ലാംകൂടി ശങ്കരനെ 'ഫ്‌ളെച്ചര്‍' എന്ന പുത്തന്‍ കൂറുകാരനാക്കി.  ക്ഷാമത്തിന്റെ പിടിമുറുക്കത്തില്‍ എല്ലാദിവസവും കഞ്ഞിവെള്ളമെങ്കിലും കുടിച്ചുകിടക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട കാലഘട്ടത്തില്‍ ഒരു പിടിവള്ളി എന്ന നിലയിലായിരുന്നു ശങ്കരന്റെ മതംമാറ്റം. 
നാട്ടുകാര്‍ 'ചങ്കു ' എന്ന് വിളിക്കുമായിരുന്ന അയാള്‍ അങ്ങനെ 'പ്ലെച്ചര്‍ ചങ്കു'വായി.  ജാതിവ്യത്യാസങ്ങളില്ലെന്ന് തെറ്റിദ്ധരിച്ചിരുന്ന മതത്തിലേക്ക് കീഴ്ജാതിക്കാരുടെ ഒരൊഴുക്കായിരുന്നു അക്കാലത്ത്.  തങ്കപ്പന്‍ ഔസേപ്പായും തങ്കമ്മ മറിയയായും രാമന്‍ ഈനോസായും നാമാന്തരം പ്രാപിച്ചു. 
പക്ഷേ അതുകൊണ്ടൊന്നും അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറിയില്ല.  ജാതിവിവേചനവും മാറിയില്ല.  കാര്യങ്ങള്‍ കൂടുതല്‍ വഷളായതേയുള്ളൂ.  വയലുകളില്‍ പണിയുള്ളപ്പോള്‍ അരപ്പട്ടിണിയും ബാക്കിയുള്ള കാലങ്ങളില്‍ മുഴുപ്പട്ടിണിയുമായി അവര്‍ ദുരിതം തിന്ന് ജീവിച്ചു. 
ഞായറാഴ്ചകളില്‍ വെള്ളവസ്ത്രം ധരിച്ച് പള്ളിയില്‍ പോകണമെന്നതു മാത്രമായി ഏകവ്യത്യാസം.  പക്ഷേ ശങ്കരന്റെ കാര്യത്തില്‍ മതംമാറ്റം വേഷത്തില്‍ പോലും ഒരുമാറ്റവും വരുത്തിയില്ല.
അയാള്‍ പള്ളിയില്‍ പോവാറില്ല.  ഞായറും തിങ്കളുമെല്ലാം ഒരു പോലെയായിരുന്നു.  വിശപ്പിന് ആഴ്ച വ്യത്യാസമില്ലല്ലോ.  ശങ്കരന്റെ ഭാര്യ റോസി മകന്‍ ജയിംസിനെയും കൂട്ടി എല്ലാ ഞായറാഴ്ചയും മലമുകളിലുള്ള പള്ളിയിലേക്ക് പോകുമായിരുന്നു. 
     ശങ്കരന്റെ അച്ഛന്‍ പണിയെടുത്തിരുന്ന ജന്മിയുടെ പറമ്പിന്റെ മൂലയ്ക്ക്, കായലിനും വയലുകള്‍ക്കും സമീപത്തായി ഒരു കുടില്‍ കെട്ടാന്‍ സമ്മതം കിട്ടിയിരുന്നതു കൊണ്ട് ശങ്കരനും കുടുംബത്തിനും മഴ നനയാതെ കിടക്കാന്‍ ഒരു കൂരയുണ്ടായിരുന്നു. 
     പശുവില്ലെങ്കിലും പൂച്ച എന്നും പാല്‍ കുടിക്കുമെന്നതു പോലെ തെങ്ങില്ലെങ്കിലും ശങ്കരന് എന്നും നാലഞ്ച് തേങ്ങ കിട്ടുമായിരുന്നു.  ഇപ്പോഴത്തെപ്പോലെ തേങ്ങ വെട്ടിക്കാന്‍ ആളെ കിട്ടാഞ്ഞിട്ട് പറമ്പില്‍ കൊഴിഞ്ഞ് വീണു കിടക്കുന്ന ഉണക്ക തേങ്ങയല്ല.  നല്ല ഒന്നാംതരം പച്ചതേങ്ങ.  
പകല്‍സമയത്ത് വഴിയെ നടക്കുമ്പോള്‍, രാഷ്ട്രീയ നേതാവ് ചാനലുകാരോട് സംസാരിക്കുമ്പോള്‍ ക്യാമറയില്‍ മുഖം പതിയാനായി അനുയായികള്‍ ചാഞ്ഞും ചരിഞ്ഞും ക്യാമറയിലേക്ക് നോക്കുമ്പോലെ ശങ്കരന്‍ ഓരോ തെങ്ങിന്റെ മുകളിലേക്കും നോട്ടമെറിയും.  ഒറ്റനോട്ടം മതി തേങ്ങയുടെ വലിപ്പം, മുറ്റിയതാണോ ഇളയതാണോ തുടങ്ങി അത് ചന്തയില്‍ കൊടുത്താല്‍ എത്ര പൈസ കിട്ടും എന്നതു വരെ ശങ്കരന്റെ മനസ്സില്‍ പതിയും.  മിടുക്കരായ തേങ്ങവെട്ടുകാര്‍ വരെ ഒരു കുലയില്‍ നിന്ന് ഒന്ന് വെട്ടി പരിശോധിച്ചിട്ട് മാത്രമേ പലപ്പോഴും കുല ഒന്നായി വെട്ടിയിടാറുള്ളൂ.
      അര്‍ദ്ധരാത്രി കഴിയുമ്പോഴേക്കും ശങ്കരന്‍ പണിക്ക് തയ്യാറാവും.  പകല്‍ നോക്കിവച്ചിരുന്ന തെങ്ങില്‍ കയറി ഓരോരോ തേങ്ങയായി അടര്‍ത്തിയിടും.  കൈ കൊണ്ട് പതിയെ തിരുകി കറക്കി അടര്‍ത്തിയിടുന്നതാണ് ശീലം.  ഒരു തേങ്ങ ഇട്ടുകഴിഞ്ഞാല്‍ അല്‍പ്പനേരം മിണ്ടാതെ ശ്രദ്ധിച്ചിരിക്കും.  ശബ്ദം കേട്ടുണര്‍ന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയശേഷം അടുത്തത്.  ഒന്നാതരം തേങ്ങ മാത്രമേ എടുക്കുകയുള്ളൂ. 
'തെങ്ങ് ആരുടേതായാലും തേങ്ങ നന്നായാല്‍ മതി ' എന്നതാണ് ശങ്കരന്റെ ഒരിത്.  അന്നന്നത്തെ ആവശ്യത്തിനല്ലാതെ കൂടുതലായി ഒരു തേങ്ങ പോലും അയാള്‍ എടുക്കില്ല.  ഒരു പറമ്പില്‍ നിന്ന് തേങ്ങ ഇട്ടുകഴിഞ്ഞാല്‍ പിന്നെ ഉടനെയൊന്നും വീണ്ടും അതേ പറമ്പില്‍ കയറുന്ന പതിവില്ല. 
മുണ്ട് മുറുക്കിയുടുത്ത് ശീലിച്ചതു കൊണ്ടാവാം റോസിയ്ക്ക് വയറും നട്ടെല്ലും തമ്മില്‍ തൊലിയുടെ ചെറിയ ഒരു വേര്‍തിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  വയലില്‍ പണി കിട്ടുന്ന കാലങ്ങളില്‍ ഞാറ് നടാനും കള പറിയ്ക്കാനും കൊയ്യാനുമൊക്കെ റോസി പോകും.  പക്ഷേ അത് ഏതാനും ചില ദിവസങ്ങളിലേ കിട്ടാറുള്ളൂ.  ശങ്കരന് പക്ഷേ അപ്പണികളിലൊന്നും ലവലേശം താല്‍പ്പര്യമില്ല.  സ്ഥിരവരുമാനം കിട്ടുന്ന ഒരു പണിയുള്ളത് കളയാതെ നോക്കണമെന്ന്  മാത്രമായിരുന്നു ശങ്കരന്റെ ചിന്ത. 
തലേദിവസം രാത്രി ഏത് ജന്മിയുടെ പറമ്പില്‍ നിന്ന് കട്ടതാണെങ്കിലും ആ ജന്മിയുടെ മുന്നിലൂടെ തന്നെ തേങ്ങകളും തോളില്‍ തൂക്കി നടന്നു പോകാന്‍ ശങ്കരന്‍ മടിക്കില്ലായിരുന്നു.  രണ്ട് തേങ്ങകള്‍ വീതം ചകിരി അല്‍പ്പം വീതം പിരിച്ച് പരസ്പരം കൂട്ടിക്കെട്ടി തോളിലിടും.  ഒന്നോ രണ്ടോ എണ്ണം കയ്യിലും കാണാം. 
അങ്ങനെ ചന്തയിലേക്ക് പോകുമ്പോള്‍ 
'' ചങ്കുവേ ആരുടെ പറമ്പീന്നാ നീയീ തേങ്ങ മോഷ്ടിച്ചത് '' 
എന്ന് ആരെങ്കിലും ചോദിച്ചാല്‍ 
''ഞാന്‍ തേങ്ങ മോട്ടിക്കുന്നത് ജന്മി കണ്ടോ'' 
എന്ന് മറുചോദ്യം ചോദിച്ചു കൊണ്ട് കൂസലില്ലാതെ അയാള്‍ നടക്കും. 
ഷാപ്പേതായാലും കളള് നന്നായാല്‍ മതിയെന്ന രീതി ശങ്കരനില്ല.  ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ശങ്കരന്‍ കള്ള് കുടിക്കാറില്ല.  തേങ്ങ വിറ്റ് കിട്ടുന്ന കാശ് കൃത്യമായും വീട്ടില്‍കൊടുക്കും. 
      ശങ്കരനെപ്പറ്റി പലകഥകളും പ്രചരിച്ചിരുന്നു.  'അയാള്‍ക്ക് രാത്രി കാഴ്ചയുണ്ട് ; വലിയ തോടുകള്‍ ചാടിക്കടക്കാന്‍ കഴിയും ; തെങ്ങില്‍ നിന്ന് തലകീഴായി ഇറങ്ങാന്‍ കഴിയും ; ഉയരമുള്ള കയ്യാലകള്‍ പോലും നിസ്സാരമായി ചാടിക്കടക്കും ; ഇരുട്ടില്‍ അദൃശ്യനായി സഞ്ചരിക്കാന്‍ കഴിയും ; അസാമാന്യ മെയ്‌വഴക്കമുള്ളതു കൊണ്ട് ഒടിയനെപ്പോലെ ഒഴിഞ്ഞു മാറാനും അടിതട അഭ്യാസം നടത്താനും കഴിയും' ; എന്നിങ്ങനെ പലതും. 
    രാത്രി മാത്രമേ ശങ്കരന്‍ തേങ്ങ മോഷ്ടിക്കാന്‍ ഇറങ്ങാറുള്ളൂ.  നാണം മറയ്ക്കാന്‍ മാത്രം മതിയാക്കുന്ന ചെറിയ ഒരു ക്ഷണം കറുത്ത വസ്ത്രം മാത്രമേ രാത്രി ധരിക്കുകയുള്ളൂ.  അതുമാത്രം ധരിച്ച് പുറത്തിറങ്ങിയാല്‍ അയാളെ ആര്‍ക്കും കണ്ടുപിടിക്കാനാവില്ല.  വേഷത്തിനും ശരീരത്തിനും ഒരേ നിറമാണല്ലോ. 
      ശങ്കരനെ തൊണ്ടി സഹിതം മോഷണസമയത്ത് തന്നെ പിടികൂടുക എന്നത് നാട്ടിലെ ജന്മിമാരുടെയൊക്കെ ഒരു നടക്കാത്ത സ്വപ്നമായിരുന്നു.  ഒരിക്കല്‍ ഒരു നിലാവുള്ള രാത്രി കുറെപേര്‍ ചേര്‍ന്ന് ശങ്കരനെ ഒരു വിധം പിടികൂടിയതായിരുന്നു.  പക്ഷേ വരാല്‍ പോലെ അയാള്‍ വഴുതിക്കളഞ്ഞു.  അടിവസ്ത്രത്തില്‍ പിടികിട്ടിയതാണ്.  എന്നാല്‍ നിഷ്‌കരുണം അതും അഴിച്ചു കളഞ്ഞു അയാള്‍ രക്ഷപ്പെട്ടു.  ദേഹമാസകലം എണ്ണ പുരട്ടിയിട്ടാണ് അയാള്‍ രാത്രി കക്കാനിറങ്ങുക എന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത് അന്നാണ്. 
     പക്ഷേ ജന്മിമാര്‍ വിട്ടില്ല.  പകല്‍സമയത്ത് ഒരുദിവസം ശങ്കരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാളെ കുടിലില്‍ നിന്ന് വിളിച്ചിറക്കി ഒരു ജന്മിയുടെ പറമ്പിലെ തെങ്ങില്‍ കെട്ടിയിട്ടു.  തൊണ്ടിമുതലായി കുറെ തേങ്ങകളും.  ആവശ്യത്തിന് ദൃക്‌സാക്ഷികളും വേറെ.  എല്ലാം കൂടിയായപ്പോള്‍ ശങ്കരന്‍ ജയിലിലുമായി. 
        ക്ഷാമകാലമാണ്.  ജയിലില്‍ നിന്നിറങ്ങിയ ശങ്കരന്‍ വീട്ടിലെത്തിയപ്പോള്‍ സ്ഥിതി ദയനീയമായിരുന്നു.  അയാള്‍ ജയിലില്‍ പോയ ശേഷം റോസിയും ജെയിംസും മുഴുപ്പട്ടിണിയിലായിരുന്നു.  അങ്ങനെ അയാള്‍ ആദ്യമായി പകല്‍ സമയത്തും മോഷ്ടിക്കാന്‍ തുടങ്ങി. 
   വീണ്ടും പലപ്പോഴും ശങ്കരന് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.  പലരുടെയും തല്ലും കിട്ടിയിട്ടുണ്ട്.  അങ്ങനെ അടികിട്ടുമ്പോഴൊക്കെ ശങ്കരന് ഒരു മറുമരുന്നുണ്ട്.  ചേരയെ തല്ലിക്കൊന്ന് നെല്ല് പുഴുങ്ങുന്ന കലത്തിലിട്ട് നെല്ലിനോടൊപ്പം പുഴുങ്ങും.  അതിനെ തിന്ന് കുറേ കള്ളും കുടിക്കും.  പഞ്ചകര്‍മ്മ ചികിത്സ കഴിഞ്ഞ മാതിരി ശങ്കരന്‍ ഉഷാറാകുയും ചെയ്യും. 
പകല്‍ മോഷണം തുടങ്ങിയ ശേഷം ശങ്കരനെ പലരും തെങ്ങിന്റെ മുകളിലിരിക്കുന്നത് കണ്ടിട്ടുണ്ട്. 
'' എന്താ ശങ്കരാ തെങ്ങിന്റെ മോളില് '' എന്നാരെങ്കിലും ചോദിച്ചാല്‍ 
'' അത് യശ്മാനനെ ഇത്തിരി പുല്ല് പറിക്കാനായിരുന്നു '' എന്ന് മറുപടി പറയും. 
'' പുല്ല് പറിക്കാനാരെങ്കിലും തെങ്ങില്‍ കയറുമോ '' എന്നാവും അടുത്ത ചോദ്യം 
'' അതിനല്ലേ ഇറങ്ങിവരുന്നത് '' എന്നു പറഞ്ഞു കൊണ്ട് അയാള്‍ ഇറങ്ങിപ്പോകും.  അതാണ് ശങ്കരന്‍. 
       വര്‍ഷങ്ങള്‍ കഴിഞ്ഞു.  റോസി അകാലത്തില്‍ മരിച്ചു.  ജയിംസ് വല്ലാണ്ട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും എങ്ങനെയോ ഗള്‍ഫില്‍ ഒരു ജോലി തരപ്പെടുത്തി.  അത്യാവശ്യം കാശുകാരനുമായി.  തന്റെ അപ്പന്‍ ഇനി മോഷ്ടിക്കരുത് എന്ന് അയാള്‍ ശട്ടം കെട്ടി.  ശങ്കരന്‍ അത് അനുസരിച്ചു. 
    കുടില്‍ നിന്നിടത്ത് ഓടിട്ട വീടായി.  വൈകുന്നേരമാകുമ്പോള്‍ വെള്ള മുണ്ടും ഉടുപ്പും സ്വര്‍ണ്ണമാലയും മോതിരവുമൊക്കെ ധരിച്ച് കടവരാന്തയിലും ചായക്കടയിലും ഒക്കെയായി ശങ്കരന്‍ അങ്ങനെ വിലസും.  മകന്റെ അന്തസ്സ് നിലനിര്‍ത്തണമല്ലോ.
പക്ഷേ പെട്ടൊന്നൊരു ദിവസം അങ്ങനെ കട വരാന്തയിലിരുന്ന് പയ്യാരം പറയുമ്പോള്‍ കുറെ പോലീസുകാര്‍ ശങ്കരനെ പിടിച്ച് ജീപ്പിലിട്ടുകൊണ്ടു പോയി.  ഇപ്പോള്‍ എന്തിനാണ് അയാളെ പിടികൂടിയതെന്ന് ആര്‍ക്കും മനസ്സിലായില്ല.  ജീവിതത്തിലൊരിക്കലും തേങ്ങയല്ലാതെ മറ്റൊന്നും മോഷിച്ചിട്ടില്ലാത്തയാളാണ് ശങ്കരന്‍.  ഇപ്പോള്‍ നാട്ടിലാര്‍ക്കും തേങ്ങ മോഷണമെന്ന പരാതിയുമില്ല. 
ക്ഷേത്ര കവര്‍ച്ചയ്ക്കാണ് ശങ്കരനെ അകത്താക്കിയതെന്ന് പിന്നീട് നാട്ടുകാരറിഞ്ഞു.  മോഷ്ടാവിന്റെ വസ്ത്രം ശങ്കരന്റെ വീടിന്റെ പുറകില്‍ നിന്ന് പോലീസ് നായ കണ്ടെത്തിയത്രേ.  കൂടാതെ അടുത്ത കാലത്ത് അയാളില്‍ കണ്ട സ്വര്‍ണ്ണാഭരണങ്ങളും പോലീസിന് സംശയത്തിനിട വരുത്തി. 
      തന്റെ മകന്‍ നല്‍കിയ സൗഭാഗ്യങ്ങള്‍  അയാള്‍ അനുഭവിച്ചു തുടങ്ങിയിരുന്നതേയുള്ളൂ.  മകന്‍ പറഞ്ഞതനുസരിച്ച് അന്തസ്സായ രീതിയില്‍ ജീവിച്ചു വരുകയുമായിരുന്നു.  കുറെ ദിവസം പോലീസുകാര്‍ അയാളെ തെളിവെടുപ്പിനായി പല സ്ഥലത്തും കൊണ്ടു പോയി.  റിമാന്‍ഡ് ചെയ്ത് സബ്ജയിലിലുമാക്കി.  എങ്കിലും മോഷണം നടത്തിയത് അയാളാണെന്ന് തെളിയിക്കാന്‍ പോലീസിനായില്ല.   ഒരു നാള്‍ അയാളെ അവര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു.  പക്ഷേ അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയും മോതിരങ്ങളുമൊന്നും തിരികെ വിട്ടപ്പോള്‍ ഇല്ലായിരുന്നു. 
വീട്ടിലെത്തിയ അയാള്‍ തന്റെ മകനയച്ച കത്തുകള്‍ വായിച്ചു.  അപ്പന്‍ വീണ്ടും കള്ളനായി എന്നാണ് തന്റെ മകനും കരുതിയിരിക്കുന്നത് എന്നത് അയാളെ വേദനിപ്പിച്ചു.  പരിഷ്‌കാരിയായ മരുമകളുടെ പ്രതികരണം അയാളുടെ മനസ്സില്‍ വലിയ മുറിവേല്‍പ്പിച്ചു.  താന്‍ ഇനി മോഷ്ടിക്കില്ലെന്ന് തീരുമാനിച്ചിട്ടും ചെയ്യാത്ത കളവിന് തന്നെ സമൂഹം വീണ്ടും കള്ളനായി കാണുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.  മകന്റെ അന്തസ്സ് നശിക്കുന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.  
      ഒന്നു രണ്ടു ദിവസം അയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.  പിന്നെ ഒരുദിവസം സന്ധ്യക്ക് അവിടെ പുതുതായി പണിതു കൊണ്ടിരുന്ന ആയുര്‍വേദ ആശുപത്രിയുടെ കിണറ്റിലെ കപ്പി കൊളുത്തിയിടാനുള്ള കമ്പിയിലെ കൊളുത്തില്‍ കയര്‍ കെട്ടി, മറ്റേ അറ്റം തന്റെ കഴുത്തിലും കുരുക്കി അയാള്‍ കിണറ്റിലേക്ക് ചാടി.  കള്ളന്മാരും പോലീസുകാരും ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി.
                                                          .........................................
Posted by sreejikadavinmoola at 06:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 11 September 2017

ചിതറാല്‍ - ജൈന സ്മൃതികള്‍ 
ജി. ശ്രീകുമാര്‍

           1960 കളില്‍ ചൈനയില്‍ നിന്നെത്തിയ ഒരു പ്രതിനിധിയോട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയില്‍ ഏതു സ്ഥലം സന്ദര്‍ശിക്കാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ചിതറാല്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞതായും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലനാമം കേട്ട് നെഹ്‌റു അതിശയിച്ചു പോയി എന്നുമുള്ള ഒരു ലേഖനം കണ്ടപ്പോഴാണ് ചിതറാല്‍ കാണണമെന്ന താല്‍പ്പര്യം എനിക്കുണ്ടായത്. എന്തായാലും ആ സംഭവത്തിന് ശേഷം ചിതറാല്‍ ദേശീയ പൈതൃകലിസ്റ്റില്‍ ഉള്‍പ്പെട്ടു.  
എന്നാല്‍ എനിക്കതിശയമുണ്ടായത് ഈ ചിതറാല്‍ തിരുവനന്തപുരത്തിന് വളരെ അടുത്താണ് എന്ന സംഗതിയാണ്.  ഇവിടുത്തുകാരനായിട്ടും ഇങ്ങനെയൊരു സ്ഥലം ഞാന്‍  കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല.  ചിതറാല്‍ ഒരു പുരാതന ജൈനക്ഷേത്രമാണ്.  കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്തിനടുത്തുള്ള തിരുചാറണത്തുമലയാണ് ചിതറാല്‍ ആയി ലോപിച്ചത്.  തമിഴര്‍ ഇതിനെ 'മലൈ കോവില്‍ ' എന്നാണ് വിളിക്കുന്നത്.  അവിടെ ഗുഹകളില്‍ കൊത്തി വച്ചിട്ടുള്ള പാര്‍ശ്വനാഥന്‍, മഹാവീരന്‍ തുടങ്ങിയ തീര്‍ത്ഥങ്കരന്മാരുടെ ജൈന ശൈലിയിലുള്ള ശില്‍പ്പങ്ങള്‍ ഇപ്പോഴും കേടുകൂടാതെ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത് ജൈനക്ഷേത്രമായി ഇന്നും അറിയപ്പെടുന്നത്. 
      സമീപ വാസികള്‍ക്ക് ഇത് ഭഗവതി അമ്മന്‍ കോവിലാണ്.  ഭാരതേശ്വരന്‍ എന്ന ദിഗംബര ജൈനന്റെ (ഇദ്ദേഹത്തിന്റെ പ്രതിമ ശ്രാവണ ബലഗോളയിലുള്ളത് പ്രസിദ്ധമാണ്)  പ്രതിഷ്ഠയുണ്ടായിരുന്ന കൂടല്‍മാണിക്യം പിന്നീട് ശ്രീരാമസോദരനായ ഭരതന്റെ അമ്പലമായി പരിണമിച്ചതു പോലുള്ള ഒരു മാറ്റമാണിതും.  പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും ഇതുള്‍പ്പെടുന്ന മലയുടെ ഭാഗങ്ങളും. 
          തിരുവനന്തപുരത്ത് നിന്ന് വെളുപ്പിന് തന്നെ തിരിച്ചതുകൊണ്ട് 7.30 ന് തന്നെ ചിതറാല്‍ മലയുടെ ചുവട്ടിലെത്തി.  മനോഹരമായി കല്ല് പാകിയിട്ടുള്ള നടവഴി. ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍, തളരുമ്പോള്‍ വിശ്രമിക്കാന്‍ ഇടയ്ക്കിടെ കല്‍ബഞ്ചുകള്‍.  വഴി കണ്ടാല്‍ തന്നെ ഒന്ന് മുകളില്‍ കയറി നോക്കാമെന്ന് തോന്നും. 
              പക്ഷേ ഗേറ്റ് അടിച്ചിരിക്കുന്നു.  8.30 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സമീപവാസിയായ ഒരമ്മൂമ്മ പറഞ്ഞു.  സമയം കഴിയുന്തോറും വെയിലിന്റെ ചൂട് കൂടുമെന്നതിനാലാണ് രാവിലെ തന്നെ മല കയറാല്‍ ഞങ്ങളെത്തിയത്.  ഗേറ്റ് അടച്ചിരുന്നാലും തൂണിന്റെ ഒരു വശത്തുകൂടി അകത്ത് കയറാമെന്ന് ആ അമ്മൂമ്മ തന്നെ വഴിയും പറഞ്ഞു തന്നു.  പിന്നെ മടിച്ചില്ല.  നേര്‍ത്ത മഞ്ഞ് പടലം നിറഞ്ഞ, കാട്ടിലെ പച്ചപ്പിനിടയില്‍ നില്‍ക്കുന്ന ഒറ്റയാനെ പോലെ തോന്നിക്കുന്ന പാറകള്‍ അനവധിയുള്ള ചിതറാല്‍ മലയിലേക്ക് ഞങ്ങള്‍ കയറാന്‍ തുടങ്ങി തണുത്ത പ്രഭാതത്തിന്റെ ഉന്മേഷം കൂട്ടിനുണ്ടായിരുന്നു.  മല കയറുക എന്നതു കൊണ്ട് അതികഠിനമായ മലകയറ്റം എന്ന് കരുതരുത്.  ഏറ്റവും ആയാസരഹിതമായി കയറാവുന്ന വിധത്തിലാണ് നടവഴി തയ്യാറാക്കിയിരിക്കുന്നത്.  ഞങ്ങള്‍ നാലുപേരൊഴികെ കുറെ നായ്ക്കല്‍ മാത്രമാണ് ആ പരിസരങ്ങളിലുണ്ടായിരുന്നത്.  തികഞ്ഞ നിശബ്ദത,  പക്ഷേ ഭയപ്പെടുന്ന ഏകാന്തത അല്ല. കൂടുതല്‍ നേരം  അവിടെ കഴിയാന്‍ ആരോ ക്ഷണിക്കുന്നതു പോലെ തോന്നും.  കുറച്ച് ഉയരത്തിലെത്തുമ്പോഴേക്കും ചുറ്റും മനോഹര ദൃശ്യങ്ങള്‍ കാണാനാകും.  ഒരു വശത്ത് താമ്രപര്‍ണി നദി, മറ്റൊരിടത്ത് പശ്ചിമഘട്ട മലനിരകളുടെ ഗംഭീര ദൃശ്യം. ശിവാലയ ഓട്ടത്തില്‍ രണ്ടാമത്തെ ശിവാലയമായ തിക്കുറിശ്ശി മഹാദേവക്ഷേത്രവും വളരെ അടുത്താണ്.  
          കന്യാകുമാരി ജില്ലയിലാണെന്ന് കരുതി ചിതറാല്‍ കന്യാകുമാരിയ്ക്കടുത്തല്ല.  തിരുവനന്തപുരമാണ് കൂടുതല്‍ അടുത്ത്. മാര്‍ത്താണ്ഡത്ത് നിന്ന് തിരുനെല്‍വേലി റൂട്ടില്‍ 4 കി.മീ സഞ്ചരിച്ച് ആറ്റൂരെത്തി 3 കി.മീ വീണ്ടും ഇടത്തോട്ട് സഞ്ചരിച്ചാല്‍ ചിതറാലില്‍ എത്താം.  നാട്ടുകാരോട് വഴി ചോദിക്കുന്നെങ്കില്‍ 'മലൈ കോവില്‍' എന്നു തന്നെ  വേണം.  മലയുടെ  താഴ്‌വാരം വരെ വാഹനമെത്തും.  വിശാലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്.  പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളും ഉണ്ട്.  എന്നാല്‍ അവ വേണ്ടത്ര ഉപയോഗയോഗ്യമല്ല എന്നൊരു വിഷമം ഉണ്ട്.  മല കയറാനുള്ള കല്ല് പാകിയ വഴി ഏതാണ്ട് 800 മീറ്റര്‍ വരും.  കുറച്ച് മുകളിലെത്തുമ്പോള്‍ വിശാലമായ പാറകളുടെ സമതലം. അങ്ങിങ്ങ് നീരുറവകള്‍, ചെറുജലാശയങ്ങള്‍. അതിലൊരു പാറയുടെ പേര് ഉറിഞ്ചിപ്പാറ എന്നാണ്.  അതിലെ സുഷിരത്തില്‍ വായ് വെച്ച് വലിച്ചാല്‍ ശുദ്ധജലം ലഭിക്കുമത്രേ. കല്ല് പാകിയ വഴി അവസാനിക്കുന്നത് ആല്‍മര ചുവട്ടിലാണ്.  അവിടുത്തെ കല്‍ബഞ്ചില്‍ അല്‍പ്പം വിശ്രമിച്ചാല്‍ മലകയറിയ ക്ഷീണമൊക്കെ താമ്രപര്‍ണി കടക്കും.  
 നിശബ്ദമായ ആ അന്തരീക്ഷം ധ്യാനത്തിന് തികച്ചും അനുയോജ്യമാണ്. അതുകൊണ്ടാവും ജൈവസന്യാസിമാര്‍ ഈ സ്ഥലം അവരുടെ വാസസ്ഥലമായി സ്വീകരിച്ചത്.  ദിംഗംബര ജൈനന്മാരായിരുന്നു പണ്ടിവിടെ വസിച്ചിരുന്നത്.  ജേതാവ് എന്നര്‍ത്ഥമുള്ള ജിനന്‍ എന്ന പദത്തില്‍ നിന്നാണ് ജൈനന്‍ എന്ന നാമം രൂപപ്പെട്ടത്.  മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.  ആദി തീര്‍ത്ഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധന മൂര്‍ത്തി.  പുണ്യസ്‌നാന ഘട്ടമാണ് തീര്‍ത്ഥം.  അത് കടത്തി മോക്ഷം നല്‍കുന്നവനാണ് തീര്‍ത്ഥങ്കരന്‍.

24-ാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനാണ് വര്‍ദ്ധമാനമഹാവീരന്‍.  അദ്ദേഹത്തിന്റെ ശിലാശില്‍പ്പം ചിതറാലില്‍ ഉണ്ട്. 
          ഉത്തര ബീഹാറില്‍ പാട്‌നയില്‍ നിന്ന് 27 മൈല്‍ അകലെയുള്ള വൈശാലി ജില്ലയിലെ കുണ്ടല ഗ്രാമത്തില്‍ സിദ്ധാര്‍ദ്ധ രാജാവിന്റെ മകനായി ബി.സി 599 ഏപ്രില്‍ 12 നാണ് മഹാവീരന്‍ ജനിച്ചത്.  കല്‍പസൂത്ര എന്ന ജൈനമത ഗ്രന്ഥത്തില്‍ വര്‍ദ്ധമാന മഹാവീരന്റെ വിവരങ്ങള്‍ ഉണ്ട്.  30-ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് 12 വര്‍ഷക്കാലത്തെ കഠിന തപസ്സിന് ശേഷം ഇന്ദ്രിയ നിഗ്രഹം നടത്തി ആ ക്ഷത്രിയ കുമാരന്‍ മഹാവീര ജൈനനായി മാറി.  23-ാം തീര്‍ത്ഥങ്കരനാണ് പാര്‍ശ്വനാഥന്‍.  അദ്ദേഹത്തിന്റെയും വിഗ്രഹം ചിതറാല്‍ ക്ഷേത്രത്തില്‍ ഉണ്ട്.  'അഹിംസാ പരമോധര്‍മ്മ' എന്നതാണ് ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം.  സത്യം, അഹിംസ, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം ഇവയാണ് ജൈനമതത്തിലെ പഞ്ചമഹാവൃതങ്ങള്‍.  പൊതുവെ ജൈനമതക്കാര്‍ രണ്ട് വിധത്തിലുണ്ട്.  ശ്വേതംബരന്മാര്‍ (വെള്ള വസ്ത്രം മാത്രം ധരിക്കുന്നവര്‍) ദിഗംബരന്മാര്‍ (ദിക്ക് വസ്ത്രമാക്കിയവര്‍ - അതായ് വസ്ത്രം ധരിക്കാത്തവര്‍) 
ചിതറാല്‍ കുന്നില്‍ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് ഒമ്പതാം നൂറ്റാണ്ടിലാണെന്ന് കരുതുന്നു.  ആദ്യം ഗുഹാക്ഷേത്രം മാത്രമായിരുന്നിരിക്കണം പിന്നീട് ക്ഷേത്ര ഗോപുരവും കല്ല് കൊണ്ടുള്ള നടപ്പന്തലും മറ്റും നിര്‍മ്മിച്ചിരിക്കാം.            വാസയോഗ്യമായ ധാരാളം ഗുഹകള്‍ ഇവിടെയുണ്ട്.  അമ്പലവും പരിസരവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു.  ജനങ്ങള്‍ സാധാരണ സന്ദര്‍ശിക്കാറുള്ള സ്ഥലങ്ങളിലെപ്പോലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളോ മറ്റ് വിസര്‍ജ്ജ്യങ്ങളോ ഒന്നും നമ്മെ അലോസരപ്പെടുത്തുകയില്ല.  ആല്‍മരത്തിന്റെ ചുവട്ടിലുള്ള പടികളിലൂടെ കയറിചെല്ലുമ്പോള്‍ വലതുവശത്ത് കരിങ്കല്‍ തൂണിലുള്ള ഒരു കമാനം കാണാം.  അതിനുള്ളിലൂടെ കടന്നാല്‍ വലിയ പാറകള്‍ക്കിടയിലൂടെയുള്ള ഒരു നേര്‍ത്ത വഴി.  അത് കഴിഞ്ഞ് താഴെ ഇറങ്ങിയാല്‍ അമ്പലമുറ്റമായി.  വലത്തേക്ക് തിരിയാതെ മുകളിലേക്ക് കയറിയാല്‍ അമ്പലം നിര്‍മ്മിച്ചിരിക്കുന്ന പാറയുടെ മുകളിലായി നിര്‍മ്മിച്ച ഗോപുരം കാണാം.  വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് നിര്‍മ്മിതി.  1908 ന് മുമ്പ് ഇവിടെ ഒരു കൂറ്റന്‍ ഗോപുരമാണ് ഉണ്ടായിരുന്നതെന്നും 1908 ലെ ഇടിമിന്നലില്‍ അത് തകര്‍ന്നതിന് ശേഷമാണ് ഇപ്പോഴത്തെ ഗോപുരം നിര്‍മ്മിച്ചതെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു.  ഗോപുരം ഹൈന്ദവ ക്ഷേത്ര മാതൃകയില്‍ നിന്ന് തികച്ചും വിഭിന്നമാണ്.  വേണമെങ്കില്‍ ഗോപുരത്തിന് മുകളിലും കയറാന്‍ സാധിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി.  ക്ഷേത്രഗോപുരമായതിനാല്‍ അതിന് മുകളില്‍ കയറാന്‍ മടിച്ചു. 
പാറകള്‍ക്കിടയിലുള്ള വഴിയിലൂടെ കല്‍പ്പടികള്‍ ഇറങ്ങുമ്പോള്‍ ഇടതുവശത്ത് അജന്താ ഗുഹകളെ ഓര്‍മ്മിപ്പിക്കുന്ന ശില്‍പ്പചാതുരിയുള്ള അനവധി ശില്‍പ്പങ്ങള്‍ കാണാം.  ഒരു മുറിയുടെ രൂപത്തില്‍ ഉള്ളിലേക്ക് തുരന്ന് അതിന്റെ അകം ചുവരിലാണ് ശില്‍പ്പങ്ങള്‍.  ഒട്ടനവധി ജൈന മുനികളുടെ തപസ്സു ചെയ്യുന്ന ശില്‍പ്പങ്ങളും പത്മാവതി ദേവിയുടെ  ശില്‍പ്പവും അവിടെ കാണാം.  വീണ്ടും പടികള്‍ ഇറങ്ങി  ക്ഷേത്ര മുറ്റത്തുള്ള  തണല്‍ വിരിച്ച് നില്‍ക്കുന്ന വേപ്പിന്‍ ചുവട്ടിലെത്താം.  അവിടുത്തെ കാറ്റിന് പോലും ഔഷധ ഗുണമുണ്ടെന്നു തോന്നും.  വല്ലാത്ത ഒരു ഉന്മേഷവും ഉത്സാഹവും തോന്നും.  അവാച്യമായ ഒരു നിര്‍വൃതി മനസ്സില്‍ നിറയും.  അവിടുത്തെ ശാന്തത വീണ്ടും നമ്മെ അവിടേയ്ക്ക് ആകര്‍ഷിക്കും.  
     ക്ഷേത്രത്തിന് മുമ്പിലായി ഒരിക്കലും വറ്റാത്ത തീര്‍ത്ഥം. കന്നിവെറിയിലും അവിടെ നിന്നും ജലം ഒഴുകിക്കൊണ്ടേയിരിക്കുന്നു.  ആ ക്ഷേത്ര കുളത്തിനെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്.  ഒരിക്കല്‍ ഒരു തദ്ദേശവാസി അവിടുന്ന് മീന്‍ പിടിച്ചതായും അതിനെ മുറിച്ചപ്പോള്‍ നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായതായും ഭയചകിതനായ അയാള്‍ ആ മത്സ്യത്തെ കുളത്തിലേക്ക് തന്നെ വിട്ടെന്നും  ഉടനെ മുറിച്ച തലയും ഉടലും ചേര്‍ന്ന് ഒന്നായി അത് നീന്തിപ്പോയി എന്നുമാണ് ഒരു ഐതിഹ്യം.  അമ്പലത്തില്‍ ഇപ്പോള്‍ ഭഗവതി അല്ല യക്ഷിയാണ് എന്ന് മറ്റൊരു ഐതിഹ്യം. 
പ്രധാന ക്ഷേത്രത്തിന് മൂന്ന് വാതിലുകള്‍ ഉണ്ട്.

ഉപക്ഷേത്രത്തില്‍ നാഗ ദൈവങ്ങള്‍. കൂടാതെ ക്ഷേത്രമണ്ഡപവും ബലിപീഠവും മടപ്പള്ളിയും ഒക്കെയുണ്ട്.  ക്ഷേത്രം പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്തതാണ്.    പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള കല്‍മണ്ഡപത്തില്‍ 16 കല്‍ത്തൂണുകള്‍ ഉണ്ട്.  അവയില്‍ മിക്കതും ശില്‍പാലംകൃതമാണ്.  ശില്‍പ്പങ്ങളുടെ പരിപൂര്‍ണ്ണത ശില്‍പ്പികളോട് ആദരവുണ്ടാക്കും.  ഉള്ളിലായി മൂന്ന് ഗുഹകള്‍ ഉണ്ട്.  അതില്‍ മധ്യഭാഗത്തുള്ള ഗുഹാക്ഷേത്രമാണ് ഭഗവതി മന്ദിരം എന്ന് അറിയപ്പെടുന്നത്.  മറ്റു രണ്ടിലും തീര്‍ത്ഥങ്കരന്മാരായ പാര്‍ശ്വനാഥനും മഹാവീരനുമാണ്.  ഒമ്പതാം നൂറ്റാണ്ടില്‍ ഈ ഗുഹയില്‍ പത്മാവതി ദേവിയെയാണ് പ്രതിഷ്ഠിച്ചതെന്നും എന്നാല്‍ 1913 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഈ പ്രതിഷ്ഠ മാറ്റി ഭഗവതിയെ പ്രതിഷ്ഠിച്ചതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.  എന്തായാലും പണ്ട് അവിടെമെല്ലാം നമ്മുടെ തിരുവിതാംകൂര്‍ ആയിരുന്നല്ലോ.  വേണാട്ടരചനായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ തലസ്ഥാനവും കൊട്ടാരവും ആയ ശ്രീപത്മനാഭപുരവും വളരെ അടുത്താണ്.  ശിവാലയ ഓട്ടം നടത്തുന്ന പല അമ്പലങ്ങളും സമീപസ്ഥലങ്ങളാണ്. 
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി കിഴക്ക് ദര്‍ശനമായി അനന്തശയനം നടത്തുമ്പോള്‍ അതിനഭിമുഖമായി പടിഞ്ഞാറ് ദര്‍ശനത്തില്‍ അനന്തശയനം നടത്തുന്ന ആദികേശവ പെരുമാള്‍ ക്ഷേത്രവും അടുത്തു തന്നെയാണ്. ഏതാണ്ട് 10 കി.മി ചുറ്റളവില്‍ തൃപ്പരപ്പ് വെള്ളച്ചാട്ട്, തൊട്ടിപ്പാലം എന്നറിയപ്പെടുന്ന അക്വഡക്ട് ( ഒരു മലയില്‍ നിന്ന് മറ്റൊരിടത്തേക്ക് പാലം കെട്ടി അതിലൂടെ വെള്ളം ഒഴുക്കി കൊണ്ടുപോകുന്ന സംവിധാനം ). അടിയില്‍ കൂടി പുഴ ഒഴുകുന്നു.  അതിന് മുകളില്‍ വളരെ ഉയരത്തിലാണ് ഈ തൊട്ടിപ്പാലം.  അതിന്റെ വശത്തു കൂടി നടന്നു പോകാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.   ഇങ്ങനെ ഒരു പകല്‍ മുഴുവന്‍ കണ്ടാസ്വദിക്കാനുള്ള കാഴ്ചകള്‍ ചിതറാലിനു സമീപത്തായി ഉണ്ട്. 
      തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ആദികേശവ പെരുമാള്‍ ക്ഷേത്രം.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ആദികേശവപെരുമാള്‍ ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ്. പത്മതീര്‍ത്ഥവും അതിനടുത്തുള്ള വലിയ 7 നിലകളുള്ള ക്ഷേത്ര ഗോപുരവും നിലവറകളും  അതിലെ കണക്കില്ലാത്ത സ്വത്തും  ഒഴികെ മറ്റെല്ലാം ആദികേവശവപെരുമാള്‍  ക്ഷേത്രം പോലെ തന്നെയാണ് ( സ്വത്തിന്റെ കാര്യത്തില്‍  ആദികേശവ പെരുമാള്‍ വളരെ പിന്നിലാണെന്ന് അമ്പലം സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാകും). മുമ്പൊക്കെ ശിവാലയ ഓട്ടം നടത്തുന്നവര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലും വരുമായിരുന്നു.  അവിടെ അനന്തന്റെ പുറത്ത് ശയിക്കുന്ന ഭഗവാന്റെ വലതുകരത്തിന് താഴെയായി ഒരു ശിവലിംഗം ഉണ്ട്.  അത് തൊഴാനായിട്ടാണ് ശിവഭക്തര്‍ അവിടെയത്തിയിരുന്നത്.  
ശിവനും വിഷ്ണുവും ഒന്നു തന്നെയെന്ന സത്യം അറിയുന്നതോടെയാണല്ലോ ശിവാലയ ഓട്ടം സമാപിക്കുന്നത്. 
      ചിതറാലില്‍ മുമ്പ് നിത്യപൂജ ഉണ്ടായിരുന്നു എന്നായിരുന്നു നാട്ടുകാര്‍ പറയുന്നത്.  2005 ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഇത് ഏറ്റെടുത്തതോടെ അവിടെ പൂജ നിന്നു പോയി . ക്ഷേത്രത്തിന് സമീപത്തായി ശിലാഫലകളങ്ങളില്‍ പലതും കൊത്തിവച്ചിട്ടുണ്ട്.  വട്ടെഴുത്ത് ലിപി ആയതിനാല്‍ ഒന്നും മനസ്സിലായില്ല.  അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടോ, തനതു സംസ്‌കാരത്തിന്റെ പ്രതിഫലനമോ എന്നറിയില്ല ചുറ്റുപാടുമുള്ള പാറകളിലും എന്തിന്, ആല്‍മരത്തിന്റെ ശാഖകളില്‍ പോലും സന്ദര്‍ശകര്‍ കോറിയിട്ട വികൃത ലിഖിതങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള കൃതികള്‍ അധികവും മലയാളികളുടേതാണെന്ന് തോന്നി.  എന്തായാലും ആരും കാവലിനില്ലെങ്കില്‍ പോലും ക്ഷേത്ര ശില്‍പ്പങ്ങള്‍ക്ക് കേടുവരുത്താനോ മീശ വയ്പ്പിക്കാനോ സന്ദര്‍ശകര്‍ ശ്രമിച്ചിട്ടില്ലെന്നത് ആശ്വാസമേകുന്നു. 
          ചരിത്രസ്മൃതികള്‍ അയവിറക്കാന്‍ താല്‍പ്പര്യമുള്ള, ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ തോന്നുന്ന, വാചാലമായ നിശബ്ദത നിറഞ്ഞ് നില്‍ക്കുന്ന ഒരു മനോഹര പ്രദേശമാണ് ചിതറാല്‍.  സമീപത്തുള്ള മറ്റ് ചരിത്ര സ്മാരകങ്ങള്‍ കൂടി സന്ദര്‍ശിച്ച് മടങ്ങാന്‍ ഒരു പകല്‍ മതിയാകും.  ഒരവധി ദിവസം ഒരിക്കലും മറക്കാനാവാത്തതാക്കി മാറ്റണമെങ്കില്‍ ഇവിടെ വരുക.  അത് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. 
                                                                     ..................




 ആദി കേശവ പെരുമാൾ ക്ഷേത്രം



 തൊട്ടിപ്പാലം(Aqueduct)

Posted by sreejikadavinmoola at 04:04 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Comments (Atom)

About Me

My photo
sreejikadavinmoola
View my complete profile

Blog Archive

  • ►  2021 (5)
    • ►  December (2)
    • ►  October (1)
    • ►  July (1)
    • ►  March (1)
  • ►  2020 (1)
    • ►  December (1)
  • ►  2019 (5)
    • ►  September (2)
    • ►  July (3)
  • ►  2018 (2)
    • ►  December (1)
    • ►  November (1)
  • ▼  2017 (12)
    • ▼  September (3)
      • പുലിക്കയം  -ജി.ശ്രീകുമാര്‍   ഉള്‍ക്ക...
      • പ്ലെച്ചര്‍ ചങ്കു  ജി. ശ്...
      • ചിതറാല്‍ - ജൈന സ്മൃതികള്‍  ജി. ശ്രീകുമാര്‍ ...
    • ►  August (1)
    • ►  July (8)
  • ►  2014 (2)
    • ►  March (2)
Simple theme. Powered by Blogger.